Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജോലി ചെയ്യുന്നുവെങ്കിൽ അദ്ധ്യാപനം, ഓഫീസ്ജോലി മുതലായ 'മാന്യമായ തൊഴിലി'നുമാത്രമേ പോകാവൂ; ഭർത്താവ് എത്ര വലിയ മൂർഖനാണെങ്കിലും കഴിവതും സഹിച്ചും ക്ഷമിച്ചും വിവാഹിത എന്ന പേർ നിലനിർത്തിക്കൊള്ളണം; ഭർത്താവിനും മക്കൾക്കും അസൗകര്യമാണെങ്കിൽ ബുദ്ധിമുട്ടിനേടിയ ഉദ്യോഗം ഉപേക്ഷിച്ചുകൊള്ളണം; ബസ്സിൽ എത്രഭയങ്കര തിരക്കാണെങ്കിലും പുരുഷന്റെയടുത്ത് ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ ഇരുന്ന് 'ചാരിത്ര്യം' നഷ്ടമാക്കരുത്; നേരം ഇരുട്ടും മുമ്പ് വീട്ടിലെത്തണം; 'അനാശാസ്യങ്ങൾ'ക്കായി വീട്ടിനു പുറത്തിറങ്ങരുത്; സിനിമയ്ക്കോ പാർക്കിൽ നടക്കാനോ ഒറ്റയ്ക്കു പോകരുത്; 'മാന്യ'മായി വേഷം ധരിച്ചുകൊള്ളണം; വിയർത്തൊലിക്കുന്ന കാലാവസ്ഥയാണെങ്കിലും സർവ്വതും മൂടി നടന്നുകൊള്ളണം; പുരുഷന്മാരുമായി സൗഹൃദമരുത് - കൂട്ടുകാരികളോടുള്ള സമ്പർക്കംപോലും കണക്കിലധികം വേണ്ട; ശബ്ദമുയർത്തി സംസാരിക്കരുത്; പരസ്യമായി ഉറക്കെ ചിരിക്കരുത്; മുതിർന്നവരുടെയും മേലുദ്യോഗസ്ഥരുടെയും മുന്നിൽ അധികം ആത്മവിശ്വാസമരുത്; വീട്ടുജോലി ചെയ്യാൻ ഇഷ്ടമല്ലെങ്കിലും അതു പുറത്തു പറയരുത്; കുട്ടികളോട് വാത്സല്യമില്ലെങ്കിലും വിവാഹംകഴിഞ്ഞ് രണ്ടു വർഷത്തിനകം പ്രസവിച്ചിരിക്കണം... 'മാന്യത'യ്ക്കുവേണ്ടി മലയാളിസ്ത്രീ അനുസരിച്ചുവരുന്ന അസംഖ്യം നിയന്ത്രണങ്ങളിൽ ചിലതുമാത്രമേ ഇവിടെ പറഞ്ഞുള്ളു. 'ആത്മാഭിമാന'വും 'മാന്യത'യും രണ്ടാണെന്ന ബോധം എന്നുണ്ടാകുന്നോ അന്നേ ഈ കോട്ട തകരൂ. അതുവരെ 'സ്ത്രീത്വം' എന്ന ആദർശം ഈ കോട്ടയുടെ ആണിക്കല്ലായി തുടരും.

float
float


കൂടുതൽ ആലോചനയ്ക്ക്

സ്ത്രീപുരുഷവ്യത്യാസം പ്രകൃതിനിർണ്ണിതവും അചഞ്ചലവുമാണെന്ന വിശ്വാസത്തെ സ്ത്രീപക്ഷചരിത്രരചന എക്കാലവും ചോദ്യം ചെയ്തിട്ടുണ്ട്. മാറിവരുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ 'സ്ത്രീത്വം', 'പുരുഷത്വം' മുതലായ ആശയങ്ങളും അവയോടു ചേർന്നു നിൽക്കുന്ന പ്രയോഗങ്ങളും മാറിവരുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്ന വിമർശനാത്മക 'ലിംഗചരിത്രരചന'യുടെ ഉൾക്കാഴ്ചകളാണ് ഈ അദ്ധ്യായത്തിൽ പ്രയോഗിച്ചിട്ടുള്ളത് - സ്ത്രീത്വത്തിന് കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നുവെന്നു മാത്രം (പുരുഷത്വത്തെക്കുറിച്ചുള്ള ചർച്ചകളുടെ ചരിത്രം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു). എങ്കിലും 'പുരുഷനായ പരിഷ്ക്കർത്താവി'നെക്കുറിച്ചു പറഞ്ഞിടത്ത് പുതിയ പുരുഷാദർശങ്ങളെക്കുറിച്ച് ഒരു സൂചനയുണ്ട്. സാമൂഹ്യപരിഷ്ക്കരണം ഒരു 'ലിംഗവൽകൃതപ്രക്രിയ'യാണെന്ന സൂചനയാണ് പൊതുവെ ഈ വിശകലനത്തിൽനിന്നു ലഭിക്കുന്നത്. വാസ്തവത്തിൽ 'പുരുഷനായ പരിഷ്ക്കർത്താവ്' ഒരു അനിവാര്യതയായിരുന്നോ? സ്ത്രീകളെ (ആധുവിക ജീവിതരീതികളിൽനിന്ന് അകലെയായിരുന്ന മറ്റു ജനങ്ങളെയും) പൂർണ്ണ പൗരത്വത്തിലെത്തിക്കാൻ മറ്റു വഴികളുണ്ടായിരുന്നില്ലേ? പരിഷ്ക്കർത്താവ്-പരിഷ്ക്കരണവസ്തു എന്ന അസമബന്ധമല്ലാതെ മറ്റു മാർഗ്ഗങ്ങൾ നമുക്ക് വിഭാവനംചെയ്യാൻ കഴിയുമോ?

92

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/92&oldid=162971" എന്ന താളിൽനിന്ന് ശേഖരിച്ചത്