Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഴുതിയ പല അന്തർജനങ്ങളും ഇതു പരോക്ഷമായി സൂചിപ്പിച്ചു. സ്ത്രീകളെ പരിഷ്ക്കരിക്കൽ പുരുഷന്മാർ സ്ത്രീകളോടു കാണിക്കുന്ന ഔദാര്യമല്ലെന്നും സ്ത്രീകൾ അഭ്യസ്തവിദ്യകളായിത്തീർന്നില്ലെങ്കിൽ അതുകൊണ്ടുള്ള ദോഷം അവരെമാത്രമല്ല പുരുഷന്മാരെയും ബാധിക്കുമെന്നും ഇവർ പലപ്പോഴും ഓർമ്മിപ്പിച്ചു.

ഈ സഹായഹസ്തം വലിയൊരു അധികാരബന്ധംതന്നെയായിരുന്നുവെന്ന് നമ്പൂതിരിപരിഷ്ക്കർത്താക്കളിൽ അഗ്രഗണ്യനായിരുന്ന വി.ടി ഭട്ടതിരിപ്പാടിന്റെ ചില രചനകളിൽനിന്നു വ്യക്തമാകുന്നുണ്ട്. അന്തർജനങ്ങളുടെ നരകജീവിതത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുള്ള ഒരാളാണ് അദ്ദേഹം. എഴുത്തും വായനയും പഠിച്ച് യുക്തിചിന്തയിലേക്കുയർന്ന് ഇല്ലങ്ങളിലെ ഇടുങ്ങിയ അന്തരീക്ഷത്തിൽനിന്ന് സ്വന്തം മനസ്സിനെ വിമോചിപ്പിക്കാൻ അന്തർജനങ്ങൾ സ്വയം തയ്യാറാവണമെന്ന് ശക്തമായി വാദിച്ചയാൾ. > കാണുക പുറം 216 < എന്നാൽ പരിഷ്ക്കർത്താവായ പുരുഷൻ നീട്ടിയ സഹായഹസ്തത്തെ ഏതെങ്കിലും അന്തർജനം സ്വീകരിക്കാതിരുന്നാൽ, അവൾ ഇല്ലത്തിനുപുറത്തേക്ക് സ്വന്തം വഴി തേടിയാൽ, ക്ഷമിക്കാൻ പറ്റാത്ത അപരാധമായി അതെണ്ണപ്പെടുമെന്ന് വി.ടിയുടെ കർമ്മവിപാകം എന്ന ആത്മകഥാപരമായ ലേഖനസമാഹാരത്തിലുൾപ്പെടുത്തിയിട്ടുള്ള ഒരു ലേഖനം വെളിവാക്കുന്നുണ്ട്. ഉമാദേവി നരിപ്പറ്റ എന്ന സ്ത്രീയെക്കുറിച്ച് വി.ടിയുടെ ഓർമ്മക്കുറിപ്പാണത് - വലിയൊരു കുറ്റപത്രംതന്നെ വി.ടി. അവർക്കെതിരെ സമർപ്പിക്കുന്നുണ്ട്. അനുസരണയും ധർമ്മബോധവുമില്ലാത്ത, അമിതലാളനകൊണ്ട് വെറും വഷളായ, ഒരു സ്ത്രീയാണവർ, വി.ടിയുടെ വീക്ഷണത്തിൽ. പക്ഷേ, വി.ടിയടക്കമുള്ള സമുദായ വിപ്ലവകാരികൾ എതിർത്തുതോൽപ്പിച്ച യാഥാസ്ഥിതിക കുടുംബസാഹചര്യത്തിൽനിന്നാണ് അവർ ഇറങ്ങിപ്പോയതെന്ന് സുവ്യക്തമാണ് - ഭർത്തൃപിതാവ് അവരുടെ ഭർത്താവിനെക്കൊണ്ട് രണ്ടാമത് വേളികഴിപ്പിച്ചത്രെ. സപത്നിയായിവന്ന സ്ത്രീക്ക് ആദ്യഭാര്യയായ ഉമയിൽനിന്ന് ഭർത്താവിന്റെ പങ്ക് നേടിയെടുക്കാനായില്ലത്രേ. കൗതുകവസ്തുക്കൾ മോഷ്ടിക്കുന്ന സ്വഭാവം ഉമയ്ക്കുണ്ടായിരുന്നെന്നും അതിനു പ്രായശ്ചിത്തം ചെയ്യാൻ ഭർത്തൃപിതാവ് നിർബന്ധിച്ചപ്പോൾ അനുസരിക്കാതെ കുട്ടികളെയെടുത്തുകൊണ്ട് അവർ വീടുവിട്ടിറങ്ങിയെന്നും വി.ടി പറയുന്നു. ഇവിടെ വി.ടി ക്ക് യാതൊരു സംശയവുമില്ല - യാഥാസ്ഥിതികനായ നമ്പൂതിരികാരണവരുടെ ആരോപണത്തെക്കുറിച്ച്, കളവെന്ന ദുഃസ്വഭാവത്തെ പരിഹരിക്കാൻ അയാൾ നിർദ്ദേശിച്ച മാർഗ്ഗത്തെക്കുറിച്ച്. ഒറ്റയ്ക്ക് ഇറങ്ങിപ്പോയി എന്നതുതന്നെയാണ് ഉമ തെറ്റുചെയ്തുവെന്നതിന്റെ തെളിവ്. ഇല്ലത്തുനിന്നിറങ്ങിയശേഷം ഉമയ്ക്ക് നിരവധി കാമുകന്മാരുണ്ടായെന്ന്, അന്യജാതിക്കാരായ പുരുഷന്മാരുടെകൂടെ അവർ പുതിയജീവിതം ആരംഭിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന വി.ടിയുടെ ദൃഷ്ടിയിൽ ക്ഷമയർഹിക്കാത്ത കുറ്റമാണ് ആ ഇറങ്ങിപ്പോക്ക്. പരിഷ്ക്കർത്താവായ പുരുഷന്റെ മേൽനോട്ടത്തിലല്ല അവർ ഈ നീക്കങ്ങൾ നടത്തിയതെന്നതാണ് യഥാർത്ഥപ്രശ്നം - വി.ടിയുടെ സഹോദരിയെ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും താൽപ്പര്യത്തിലും ഒരു നായർ വിവാഹം കഴിച്ചതിനെക്കുറിച്ചും അദ്ദേഹമെഴുതിയിട്ടുണ്ട്. അഭിജാതമായ ഇല്ലത്തുനിന്ന് ദരിദ്രമായ ഒരു മാപ്പിളഗൃഹത്തിലേക്ക് ഇറങ്ങിപ്പോയ അന്തർജനത്തെ എത്ര ശകാരിച്ചിട്ടും വി.ടി.ക്കു മതിവരുന്നില്ല. അതിന്റെ കുറ്റമത്രയും 'സ്ത്രീസ്വാതന്ത്ര്യത്തിന്റെ തലയിൽ കെട്ടിവയ്ക്കാനും അദ്ദേഹം മറക്കുന്നില്ല - സ്ത്രീകളെ വിമോചിപ്പിക്കാൻ നടന്നവർ 'സ്ത്രീസ്വാതന്ത്ര്യ'ത്തെ ഭയപ്പെടുന്നതിലെ വിരോധാഭാസം ചില്ലറയല്ല! സ്വസമുദായത്തിനുള്ളിൽ, പുരുഷന്മാരായ പരിഷ്ക്കർത്താക്കൾ വരച്ചവരയ്ക്കകത്ത്, അവർ തീർത്ത നിയമങ്ങളനുസരിച്ചുമാത്രമേ 'സ്ത്രീസ്വാതന്ത്ര്യം' പാടുള്ളൂ എന്നർത്ഥം.

സ്ത്രീസ്വാതന്ത്യ്രം പൂവിടുന്ന വസന്തം പിറന്നതിന്റെ നറുമണം ഉമാ അന്തർജനത്തെ ലഹരിപിടിപ്പിച്ചു. സദാചാരത്തിന്റെ വഴിയിൽ അവൾക്കു കാലിടറാൻ തുടങ്ങി. കാമുകജനത്തിനു ബഹുരസം. ചിലർ കൈമുട്ടി പ്രോത്സാഹിപ്പിച്ചു. ഇന്നവിടെ, നാളെ മറ്റൊരിടത്ത് - അങ്ങനെ അവർ ഒളിച്ചുകളിച്ചു. ഈ അപഥസഞ്ചാരത്തിൽനിന്നു വ്യതിചലിപ്പിക്കുവാൻ സാദ്ധ്യമല്ലെന്നായപ്പോൾ അവളുടെ ഭർത്തൃഗൃഹക്കാരും പിതൃഗൃഹക്കാരും ബാദ്ധ്യത ഒഴിവാക്കാൻ മുന്നോട്ടുവന്നു. രജിസ്ട്രാഫീസിൽ ജനം കൂടി. ഭർത്തൃഗൃഹത്തിന്റെ പ്രതിനിധിയായി മദ്ധ്യസ്ഥന്മാരുടെ മുമ്പിൽ ഹാജരായ ഒരു ഇരിക്കണമ്മയുടെ [നമ്പൂതിരി ഇല്ലത്തെ നായർ പരിചാരിക] വശം ഉമാ അന്തർജനം മുലകുടിച്ചു തോളിൽ ചാഞ്ഞുറങ്ങുന്ന ആൺകുഞ്ഞിനെ കൈമാറിയപ്പോൾ നോക്കിനിന്നവരുടെ കണ്ണുകൾ നനഞ്ഞുപോയി.

(വി.ടി.യുടെ സമ്പൂർണ്ണ കൃതികൾ, കോട്ടയം, 2006, പുറം 323-24)


ഉമയുടെ മകളെ ഭർത്തൃവീട്ടുകാർ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന ചോദ്യം വി.ടി. ചോദിക്കുന്നില്ല; ഒന്നിലധികം വേളികഴിച്ച ഉമയുടെ ഭർത്താവ് കുറ്റക്കാരനല്ലാത്തപ്പോൾ ഒരു ഭർത്താവിനെ വേണ്ടെന്നുവച്ചശേഷംമാത്രം മറ്റൊരാളെ വരിച്ച ഉമ കുറ്റക്കാരിയാവുന്നതെങ്ങനെ എന്നും ചോദിക്കുന്നില്ല. 'തറവാട്ടിൽ പിറന്നവൾ' 'ചന്തപ്പെ

88

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/88&oldid=162966" എന്ന താളിൽനിന്ന് ശേഖരിച്ചത്