അഭിപ്രായഭിന്നതയുണ്ടായില്ല; ആധുനികപരിഷ്ക്കാരം സിദ്ധിച്ച പുരുഷന് ഈ പ്രക്രിയയിൽ മേൽക്കൈ നൽകണമെന്ന തീരുമാനത്തെസ്സംബന്ധിച്ചും നല്ല അഭിപ്രായൈക്യം നിലവിലുണ്ടായിരുന്നു!
സ്വാഭാവികമായും, 'സമുദായപരിഷ്ക്കർത്താവ്' എന്ന അധികാരസ്ഥാനത്തിലേറിയ മലയാളി പുരുഷൻ സ്ത്രീകളെ ആധുനികജീവിതം കെട്ടിപ്പടുക്കുക എന്ന ബൃഹദ്പദ്ധതിയിൽ തന്നോടു തുല്യനിലയുള്ള കൂട്ടാളികളായല്ല കണ്ടത്. മറിച്ച്, പരമ്പരാഗതജീവിതത്തിൽ ആണ്ടുമുങ്ങിക്കിടക്കുന്ന നിസ്സഹായകളാണ് പരമ്പരാഗതസമൂഹത്തിലെ സ്ത്രീകളെന്ന് അയാൾ വിധിച്ചു. ചുരുക്കിപ്പറഞ്ഞാൽ, 'ഗതിയില്ലാത്ത' കുറേ പാവങ്ങളെ രക്ഷപ്പെടുത്താൻ തയ്യാറാകുന്ന ത്യാഗസന്നദ്ധരായിട്ടാണ് സമുദായപരിഷ്ക്കർത്താക്കൾ സ്വയം തിരിച്ചറിഞ്ഞത്. പരിഷ്ക്കരണവസ്തുവായ സ്ത്രീയുടെ നില നിഷ്ക്രിയവും പരിഷ്ക്കർത്താവായ പുരുഷന്റേത് സക്രിയവുമായി സങ്കൽപ്പിക്കപ്പെട്ടു. സ്ത്രീ പുരുഷനു കീഴ്വഴങ്ങി നിൽക്കേണ്ടവൾതന്നെയെന്ന പഴയ പല്ലവിയെ മറ്റൊരുവിധത്തിൽ - കൂടുതൽ സൂക്ഷ്മതയോടെ - പാടുകയായിരുന്നു, സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങൾ.
എന്നാൽ പരമ്പരാഗതകുടുംബങ്ങളിലെ പിതാവ്, അല്ലെങ്കിൽ കാരണവർ, കുടുംബാംഗങ്ങളുടെമേൽ ചെലുത്തിയിരുന്ന അധികാരത്തിൽനിന്ന് തുലോം വ്യത്യസ്തമായ അധികാരമായിരുന്നു പരിഷ്ക്കർത്താവായ പുരുഷന്റേത്. സ്ത്രീയെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന പഴയ രീതിയെ ഉപേക്ഷിച്ചുകൊണ്ടായിരുന്നു ഈ പുതിയ പിതൃമേധാവിയുടെ രംഗപ്രവേശം. സ്ത്രീകളെ അവരുടെ 'യഥാർത്ഥസത്ത' - അതായത്, മേൽവിവരിച്ച 'സ്ത്രീഗുണങ്ങൾ' - വീണ്ടെടുക്കാൻ സഹായിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം നിർവ്വഹിക്കുവാൻവേണ്ടി ത്യാഗമനുഭവിക്കാൻ തയ്യാറായ പുരുഷന്മാരാണ് പുതിയ പിതൃമേധാവിത്വത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായിത്തീർന്നത്. ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്, മനഃപരിഷ്ക്കരണത്തിലൂടെവേണം സ്ത്രീകളെ ഉത്തമ വീട്ടമ്മമാരാക്കിമാറ്റാനെന്ന നിർദ്ദേശം പുതിയ പിതൃമേധാവികൾ പരക്കെ അംഗീകരിച്ചിരുന്നു. പരമ്പരാഗത കുടുംബത്തിൽനിന്നും ആധുനിക കുടുംബത്തിലേക്ക് സ്ത്രീയെ കൈപിടിച്ചുയർത്തുന്ന ക്ലേശകരമായ ഉത്തരവാദിത്വം ഏൽക്കുന്നതുകൊണ്ട് പുരുഷനു ചില ഗുണങ്ങളുണ്ടായിരുന്നു: തന്റെ പരിഷ്ക്കരണവസ്തുക്കളായ സ്ത്രീകളുടെമേൽ ഒടുങ്ങാത്ത ധാർമ്മികാധികാരം അയാൾക്കു കൈവന്നു. നവപിതൃമേധാവിത്വത്തിന്റെ വക്താക്കളായിരുന്ന പല പുരുഷപരിഷ്ക്കർത്താക്കന്മാർക്കും 'സ്ത്രീവിമോചക'രെന്ന ബിരുദം കൈവന്നത് അങ്ങനെയാണ്.
പരമ്പരാഗതപിതൃമേധാവിത്വത്തിന്റെ കരാളഹസ്തങ്ങളിലകപ്പെട്ടുപോയ സ്ത്രീയെ രക്ഷപ്പെടുത്തി പരിഷ്ക്കരിച്ച് 'ആധുനികസ്ത്രീ'യാക്കാൻ പണിപ്പെട്ട പുരുഷനായ പരിഷ്ക്കർത്താവിന്റെ ഉത്തരവാദിത്വത്തെ ആസ്പദമാക്കി രചിക്കപ്പെട്ട അതിപ്രശസ്തമായ നാടകമായിരുന്നു വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് (1930). നമ്പൂതിരിസമുദായപരിഷ്ക്കരണപ്രസ്ഥാനത്തിലെ സുപ്രധാനസംഭവങ്ങളിലൊന്നായിരുന്നു ഈ നാടകത്തിന്റെ അവതരണം. പരമ്പരാഗതസമുദായത്തിന്റെ പോഴത്തങ്ങളെ കണക്കിനു പരിഹസിച്ച ഈ നാടകം സമുദായത്തിനുള്ളിലും പുറത്തും വലിയ ഒച്ചപ്പാടുണ്ടാക്കി. പരമ്പരാഗതപിതൃമേധാവിത്വത്തിന്റെ പിടിയിൽ ഞെരിഞ്ഞമർന്നു നശിച്ചുപോകുമായിരുന്ന ഒരു യുവതിയെ പരിഷ്കൃതനായ ഒരു നമ്പൂതിരിയുവാവ് രക്ഷപ്പെടുത്തി ഒരു പുതിയ ജീവിതത്തിലെത്തിക്കുന്ന കഥയിൽ പരിഷ്ക്കർത്താവിനാണ് സജീവമായ പങ്ക്. പരിഷ്കൃതനായ പുരുഷന്റെ സഹായമില്ലെങ്കിൽ സ്ത്രീ മരിക്കുകയോ ഭ്രാന്തിയാവുകയോ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന പല 'നമ്പൂതിരി സമുദായപരിഷ്ക്കരണ'കഥകളും ഇക്കാലത്തുണ്ടായിട്ടുണ്ട്. സ്ത്രീവിമോചകരായ പുരുഷപരിഷ്ക്കർത്താക്കളുടെ കടമയെ ചുറ്റിപ്പറ്റിയുള്ള പ്രമേയങ്ങൾ മറ്റു സമുദായങ്ങളുടെ പശ്ചാത്തലത്തിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് - പലപ്പോഴും വ്യതിയാനങ്ങളോടെ. ഉദാഹരണത്തിന് വി.ടി.യുടെ പ്രശസ്ത കൃതിയുടെ പേര് അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്നാണെങ്കിലും അതിലെ നായികയുടെ യാത്ര അടുക്കളയിൽനിന്ന് വീട്ടിന്റെ പൂമുഖത്തേക്കാണ്. എന്നാൽ മലബാറിൽ ഏറെ പ്രശസ്തിനേടിയ ഇതു ഭൂമിയാണ് എന്ന നാടകത്തിലെ നായിക അടുക്കളയിൽനിന്ന് നാടകത്തിന്റെ അരങ്ങത്തേക്കുതന്നെയാണ് സഞ്ചരിക്കുന്നത്. രണ്ടിലും രക്ഷകസ്ഥാനത്ത് പരിഷ്ക്കർത്താവായ പുരുഷൻതന്നെ.
ഒറ്റനോട്ടത്തിൽ ഇത് അനിവാര്യമായിരുന്ന ഒരു അധികാരബന്ധമായിരുന്നുവെന്ന് തോന്നിയേക്കാം. പഠിപ്പും ലോകപരിചയവും കുറഞ്ഞവർക്ക് പൊതുരംഗത്തേക്കു കടക്കാൻ ഇതുരണ്ടും സമ്പാദിച്ചുകഴിഞ്ഞവരുടെ സഹായം വേണ്ടിവരുമെന്ന് പ്രതീക്ഷിക്കേണ്ടതല്ലേ? ഒരളവുവരെ ഇതു ശരിയാണെന്ന് സമ്മതിക്കാം. എന്നാൽ ആ സഹായഹസ്തം അധികാരബന്ധമായിത്തീരാനിടയുണ്ടെന്ന് അക്കാലത്തെ അന്തർജനങ്ങൾതന്നെ മുൻകൂട്ടിക്കണ്ടിരുന്നു. നമ്പൂതിരിസമുദായപ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമായ യോഗക്ഷേമത്തിലും മറ്റും സ്ത്രീകളെക്കുറിച്ചെഴു
86