Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവിടത്തെ കൃഷിയെയും കച്ചവടത്തെയും കാര്യമായി ബാധിച്ചു; കൃഷിക്കാർ ബുദ്ധിമുട്ടിലായി. > കാണുക പുറം 105 < മരുമക്കത്തായ കൂട്ടുകുടുംബങ്ങൾ ഭാഗംവച്ചു പിരിയാൻ തുടങ്ങിയതോടുകൂടി രൂപപ്പെട്ട ചെറുകുടുംബങ്ങളിൽ പലതും വലിയ സാമ്പത്തിക വിഷമത്തിലകപ്പെട്ടു. ഈയവസരത്തിൽ ഗൃഹനായികയുടെ ജോലിയിൽ വീട്ടുഭരണവും ബാലപരിചരണവും മാത്രമല്ല, കുടുംബത്തിന്റെ സാമ്പത്തികഭാരം കുറയ്ക്കാനുള്ള പ്രവർത്തനവും ഉൾപ്പെടുമെന്ന വാദം ഉയർന്നുതുടങ്ങി. പരമ്പരാഗതകുടുംബങ്ങളിൽ സ്ത്രീകൾ നിർവ്വഹിച്ചിരുന്ന അതികഠിനമായ ഗാർഹിക ഉത്തരവാദിത്വങ്ങളെപ്പറ്റി കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞല്ലൊ. ഈ ഭാരത്തിൽ ലേശവും കുറവുവരുത്തുന്ന യാതൊരു നടപടിയുമുണ്ടാവരുതെന്ന് പരിഷ്ക്കർത്താക്കൾക്ക് - അഭ്യസ്തവിദ്യകളായ സ്ത്രീകളുൾപ്പെടെയുള്ളവർക്ക് - നിർബന്ധമായിരുന്നു! അൽപ്പം സാമ്പത്തികസ്ഥിതി ആർജ്ജിച്ച കുടുംബങ്ങളിലെ സ്ത്രീകൾ വേലക്കാരെ നിയമിക്കുന്നുവെന്നുംമറ്റും ഇവർ ആരോപിച്ചു - തറവാട്ടുഭാഗം കഴിഞ്ഞുണ്ടായ അണുകുടുംബങ്ങളിൽ നേരിട്ടു വീട്ടുവേലയെടുക്കണമെന്നും, അതിനുപുറമെ ധനസമ്പാദനത്തിനുതകുന്ന തൊഴിലുകൾ വീട്ടിലിരുന്നു ചെയ്യണമെന്നും സ്ത്രീകളോടിവർ ആഹ്വാനം ചെയ്തു. കോന്നിയൂർ മീനാക്ഷിയമ്മ വാദിച്ചു:

പുതിയ നായർ ബില്ലിന്റെ ആഗമനത്തോടുകൂടി ഓരോ വ്യക്തിക്കും സമുദായത്തിനു പൊതുവെയും ഉണ്ടായിട്ടുള്ള മുറിവിനെ കുടുംബഭരണപാടവംകൊണ്ടു സുഖപ്പെടുത്തേണ്ടത് നായർസ്ത്രീകളുടെ ഒഴിച്ചുകൂടാത്ത ധർമ്മമാകുന്നു...

ഭാഗപ്രകാരം കിട്ടുന്ന സ്വത്തിനെ അന്യാധീനപ്പെടുത്താതേയും നശിപ്പിക്കാതേയും സൂക്ഷിക്കേണ്ട വലുതായ ഭാരം സ്ത്രീകൾ വഹിക്കേണ്ടിയിരിക്കുന്നു... വീട്ടുവേലകൾ ചെയ്തശേഷമുള്ള സമയം വെറുതെ വെടിപറഞ്ഞുകളയാതെ മുറയ്ക്കു ധനസമ്പാദനത്തിനുതകുന്ന തൊഴിലുകൾ ചെയ്യുവാൻ വിനിയോഗിക്കണം.

(കോന്നിയൂർ മീനാക്ഷിയമ്മ, 'നായർസ്ത്രീയും ഗൃഹവും' മഹിള 6(4), 1924)


ചുരുക്കിപ്പറഞ്ഞാൽ, പുതിയ കുടുംബത്തിന്റെ അധിപ, 'ഗൃഹചക്രവർത്തിനി' എന്നുംമറ്റുമുള്ള വിശേഷണങ്ങൾ ആധുനികസ്ത്രീക്കു കൈവന്നെങ്കിലും രാപ്പകൽ വേലയെടുത്തില്ലെങ്കിൽ ആ പട്ടം നഷ്ടമായിപ്പോകുമെന്ന സ്ഥിതിയായിരുന്നു. എത്ര ദയനീയം! 'മാന്യസ്ത്രീകൾ' പക്ഷേ, വീട്ടിനകത്തിരുന്നേ ധനസമ്പാദനത്തിനു ശ്രമിക്കാവൂ എന്ന് ഇവരിൽ പലരും അനുശാസിക്കുന്നുണ്ട് (ഉദ്യോഗത്തിനിറങ്ങണമെന്നു വാദിച്ചവരുമുണ്ടായിരുന്നു - അത് മറ്റൊരദ്ധ്യായത്തിൽ). കൈവേലകൾ, തയ്യൽ, അടുക്കളത്തോട്ടം, കൃഷി, ഭക്ഷണവസ്തുക്കൾ തയ്യാറാക്കൽ - ഇത്തരം കുടിൽവ്യവസായങ്ങളാണ് സ്ത്രീകൾക്ക് ഉചിതമായി വിധിക്കപ്പെട്ടവ. പശുവളർത്തൽ മുതലായ ഗൃഹവ്യവസായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്ക് സഹകരണസംഘംവഴി സഹായമെത്തിക്കണമെന്ന ആവശ്യം തിരുവിതാംകൂറിലെ നിയമനിർമ്മാണസഭയായിരുന്ന ശ്രീമൂലം പ്രജാസഭയിൽ സ്ത്രീകളെ പ്രതിനിധീകരിച്ച അംഗം പലതവണ ആവശ്യപ്പെട്ടു. സർക്കാർ സഹായത്തോടെ സഹകരണസംഘം രൂപീകരിക്കു

82

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/82&oldid=162960" എന്ന താളിൽനിന്ന് ശേഖരിച്ചത്