ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സമുദായങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കണം; സ്ത്രീകൾക്ക് സമുദായങ്ങൾക്കുള്ളിൽ നീതിയും സംരക്ഷണവും തുല്യതയും ലഭിക്കണം - ഇത്തരം മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമുദായപരിഷ്ക്കർത്താക്കളായ സ്ത്രീകൾ രംഗപ്രവേശം ചെയ്തത്. എന്നാൽ മതവിശ്വാസത്തിനുള്ളിൽ ഇത്തരമൊരു ലിംഗജനാധിപത്യത്തിനുവേണ്ടി വാദങ്ങളുണ്ടായി എന്നു പറയാനാവില്ല. സ്ത്രീകൾക്ക് തീരെ ആനുകൂല്യം ലഭ്യമല്ലായിരുന്ന ഈ രംഗത്ത് - അസാമാന്യമായ സാന്നിദ്ധ്യവും വമ്പിച്ച നേട്ടവും കൈവരിച്ച ഒന്നുരണ്ടു സ്ത്രീകൾ ഉണ്ടായിട്ടുണ്ടെന്നു തീർച്ച. അടുത്തിടെ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ഭരണങ്ങാനത്തെ അൽഫോൺസാമ്മ (1910-1946), വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മ (1876-1926) എന്നിവരുടെ പേരുകൾ എടുത്തുപറയേണ്ടവയാണ്. സാമൂഹ്യപരിഷ്ക്കരണത്തിന്റെ അന്തഃസത്തയെ ക്രിസ്തീയസന്ന്യാസിനിമാരുടെ ജീവിതചര്യയുടെ ഭാഗമാക്കിയ മറിയം ത്രേസ്യ തൃശൂരിലെ പുത്തൻചിറയിൽ ജനിച്ചു. തിരുകുടുംബ സന്യാസിനീസഭ (Congregation of the Holy Family) എന്ന സംഘം സ്ഥാപിക്കുന്നതിലൂടെ അവർ സേവനത്തെ സന്യാസജീവിതത്തിന്റെ ഭാഗമാക്കി. 20-ാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയിൽ സന്യാസിനിമാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു - 1960കൾക്കും 1970കൾക്കുമിടയിൽ സന്യാസിനികളായി ചേർന്നവരുടെ എണ്ണം വർഷത്തിൽ ഇരുപതു ശതമാനംവച്ചു വർദ്ധിച്ചുവെന്ന് Genevieve Lemercinier, F.Houtart എന്നിവരുടെ പഠനം വെളിപ്പെടുത്തുന്നു. (The Church and Development in Kerala, കൊച്ചി, 1974). എന്നാൽ ഇതനുസരിച്ച് സന്യാസിനിമാരുടെ അധികാരങ്ങളിൽ മാറ്റമുണ്ടായി എന്നു കരുതാനാവില്ല.
ആത്മീയപ്രവർത്തനങ്ങളിലെ സ്ത്രീപങ്കാളിത്തം ഇനിയുമേറെ പഠനങ്ങൾ നടക്കേണ്ട വിഷയമാണ്. കേരളത്തിലെ ഹിന്ദുമതവിശ്വാസത്തിന്റെ സമീപകാലചരിത്രത്തിൽ ഉന്നതജാതിക്കാരായ പുരുഷന്മാർക്കു സന്യാസദീക്ഷ നൽകുന്ന [കീഴ്ജാതിയിൽ പിറന്ന] ആത്മീയനേതാവായ സ്ത്രീ എന്ന നിലയിൽ മാതാ അമൃതാനന്ദമയി വളരെ പ്രധാനപ്പെട്ട ഒരു പ്രതിഭാസമാണ്. എന്നാൽ വിശ്വാസത്തിന്റെ രംഗത്ത് അവർക്ക് മുൻഗാമികളുണ്ടായിരുന്നു - അവരെക്കുറിച്ച് നമുക്കധികമൊന്നും അറിയില്ലെങ്കിലും.
80
'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?