താൾ:Kulastreeyum Chanthapennum Undayathengane.djvu/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്തരമൊരു ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു - യോഗക്ഷേമസഭ എന്ന നമ്പൂതിരിസംഘടനയും നമ്പൂതിരിയുവജനസംഘം എന്ന പുരോഗമനവാദികളുടെ സംഘവും തമ്മിൽ. നമ്പൂതിരിമാരുടെ ഗൃഹജീവിതത്തിനിണങ്ങിയ വിദ്യാഭ്യാസം ഗൃഹത്തിൽവച്ച് പെൺകുട്ടികൾക്ക് നൽകിയാൽ മതിയെന്നു യാഥാസ്ഥിതികരും ലോകകാര്യങ്ങളിലേക്ക് മനസ്സിനെ തുറന്നിടുന്ന വിദ്യാഭ്യാസമാണ് അവർക്കുവേണ്ടതെന്ന് പുരോഗമനപക്ഷവും വാദിച്ചു. പെൺകുട്ടികൾ ഏതുവിധവും എഴുത്ത് പരിശീലിച്ച്, പത്രംവായിച്ച്, സ്വന്തം അഭിപ്രായം കുറിച്ചുവച്ച്, ഇടുങ്ങിയ ജീവിതത്തിനു പുറത്തേക്ക് ഇറങ്ങിവരണമെന്ന് പുരോഗമനപക്ഷക്കാരുടെ അനിഷേദ്ധ്യനേതാവായ വി.ടി. ഭട്ടതിരിപ്പാട് > കാണുക പുറം 216 < തന്റെ പ്രശസ്തമായ ഒരു കത്തിൽ ആഹ്വാനംചെയ്തു. പക്ഷേ, 1927-ൽ യോഗക്ഷേമസഭ നിയമിച്ച സ്ത്രീവിദ്യഭ്യാസ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ സ്ത്രീകൾക്ക് ആധുനികവിദ്യാഭ്യാസം വേണമെന്നും എന്നാലത് ഗൃഹജീവിതത്തിന് ഉതകുന്നതായിരിക്കണമെന്നുള്ള മദ്ധ്യമാർഗ്ഗനിർദ്ദേശമാണ് മുന്നോട്ടുവച്ചത്. ഇതിനെ പുരോഗമനപക്ഷത്തിന്റെ പ്രസിദ്ധീകരണമായ ഉണ്ണിനമ്പൂതിരി കാര്യമായി വിമർശിച്ചു.

ഹെസ്റ്റർ സ്മിത്ത്, 1976

ഈ തർക്കത്തിന് കൃത്യമായ പരിഹാരം കണ്ടില്ലെന്നതാണ് വാസ്തവം. പുരോഗമനപക്ഷക്കാർ ആഗ്രഹിച്ച വിമർശനപരമായ വിദ്യാഭ്യാസം നിലവിൽവന്നില്ല. തന്നെയുമല്ല 1930കൾ വലിയ സാമ്പത്തികകുഴപ്പത്തിന്റെ കാലമായിരുന്നു. > കാണുക പുറം 105 < സർക്കാർജോലിയുടെ സ്ഥിരതയിലായിരുന്നു എല്ലാവരുടേയും നോട്ടം. എന്തായാലും 'സ്ത്രീവിദ്യാഭ്യാസം' പരാജയപ്പെട്ടതായി സർക്കാർതന്നെ സമ്മതിച്ചു. 1933ൽ തിരുവിതാംകൂർ സർക്കാർ നിയമിച്ച വിദ്യാഭ്യാസപരിഷ്കരണകമ്മിറ്റിയുടെ റിപ്പോർട്ട് (1935) ഇത് എടുത്തുപറഞ്ഞു. ഗൃഹശാസ്ത്രം, രോഗീപരിചരണം, പ്രഥമശുശ്രൂഷ മുതലായ വിഷയങ്ങളിൽ വിദ്യാർത്ഥിനികളോ അവരുടെ മാതാപിതാക്കന്മാരോ താൽപര്യംകാട്ടുന്നില്ലെന്നും പുരുഷന്മാർക്കൊപ്പം മത്സരിക്കാനുതകുന്ന ജോലിസാദ്ധ്യതയുള്ള പഠനത്തിലാണ് അവരുടെ കണ്ണെന്നും റിപ്പോർട്ടിൽ ലേഖകർ നിരീക്ഷിച്ചു. അതായത്, ജോലി നേടിയെടുക്കുകയെന്ന ഏകലക്ഷ്യത്തോടുകൂടി പഠിക്കാൻ വരുന്നവരുടെ എണ്ണം വളരെ വർദ്ധിക്കുകയുണ്ടായി. ചുറ്റുമുള്ള ലോകത്തെ വിമർശനദൃഷ്ട്യാ വീക്ഷിക്കാനുതകുന്ന വിദ്യാഭ്യാസരീതിയോട് ആഭിമുഖ്യംകാട്ടിയവരധികവും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ സമുദായസംഘടനകളോടോ ആഭിമുഖ്യം പുലർത്തിയവരായിരുന്നു. ഇതിനുള്ള സൗകര്യവും സ്വാതന്ത്ര്യവും കൂടുതൽ പുരുഷന്മാർക്കാണുണ്ടായിരുന്നത്. ജോലിമാത്രം തേടുന്ന, ബാക്കി കാര്യങ്ങളിൽ മുഴുവൻ നിഷ്ക്രിയത പുലർത്തുന്ന, കുറേപ്പേരാണ് വിദ്യാർത്ഥിനികൾ എന്ന കുറ്റപ്പെടുത്തലിൽ തീരെ കാമ്പില്ലായിരുന്നു എന്നു പറയാൻ വയ്യ!

ദുഃഖകരമായ മറ്റൊരു കാര്യംകൂടി ഇവിടെ പറയേണ്ടതാണ്. വിജ്ഞാനനിർമ്മാണത്തിൽ ഏർപ്പെടുന്ന മലയാളിസ്ത്രീകൾ വളരെ കുറവാണെന്നതാണത്. ഉള്ളവർ അദൃശ്യർകൂടിയാണ്. ഈ തമസ്കരണത്തിന് നല്ലൊരു ഉദാഹരണം ചെറായി രാമദാസ്

162

വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/162&oldid=162797" എന്ന താളിൽനിന്ന് ശേഖരിച്ചത്