താൾ:Geography textbook 4th std tranvancore 1936.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തിരുവിതാംകൂർ


ഭൂമിശാസ്ത്രം.


രണ്ടാം ഭാഗം.

അദ്ധ്യായം ൧.

സാധാരണസ്ഥിതി.

ഈ സംസ്ഥാനം ഇൻഡ്യയുടെ സ്വർഗ്ഗസ്ഥാനമാണെന്നു് ദേശസഞ്ചാരിയായ ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. പല രാജ്യങ്ങളിലും ചുറ്റിസ്സഞ്ചരിച്ച്, അവിടങ്ങളിലെ സ്ഥിതികളെ നല്ലവണ്ണം പര്യാലോചന ചെയ്തിട്ടുള്ള ഒരാളാണ് ഇദ്ദേഹം. കിടപ്പും, ശീതോഷ്ണാവസ്ഥയും, വിളവുകളും ജനങ്ങളുടെ സ്ഥിതിയും മറ്റും ഓർത്താൽ ഇൻഡ്യയെ കേവലം ഒരു രാജ്യമെന്നു പറഞ്ഞാൽ പോരാ; ഒരു പ്രത്യേക ഭൂഖണ്ഡമെന്ന പേരിനു ഇതിനു് അർഹതയുള്ളതാണു്. ഇങ്ങനെയിരിക്കുന്ന ഇൻഡ്യയുടെ സ്വർഗ്ഗസ്ഥാനമാണു്, തിരുവിതാംകൂർ എന്നു പറയണമെങ്കിൽ എത്രമാത്രം പ്രകൃതിമാഹാത്മ്യം തിരുവിതാംകൂറിനു് ഉണ്ടായിരിക്കണം. ഈ സംസ്ഥാനം സമുദ്രത്തിന്റേയും മലയുടേയും ഇടയ്ക്കു കിടക്കുന്നു. അതിനാൽ ഇവിടെ കുന്ന്, കുഴി, മൈതാനം മുതലായ പലവിധ പ്രദേശങ്ങൾ ഉണ്ടു്. ആകെ സ്വഭാവം നോക്കിയാൽ ഈ സംസ്ഥാനത്തെ മുഴുവൻ രണ്ടു ഭാഗങ്ങളായി ഗണിക്കാം.

൧. മിക്കവാറും പരന്ന പടിഞ്ഞാറൻ തീരദേശം.
൨. കുന്നും കുഴിയും ഇടകലർന്ന കിഴക്കൻ മലനാടു്.

കടൽക്കരയിൽ നിന്നും ഉള്ളിലോട്ടു് ഏകദേശം പത്തു മൈൽ വീതിയിൽ ഒരു അതിരു പിടിച്ചാൽ ഈ രണ്ടു ഭാഗങ്ങളേയും മിക്കവാറും വേറുതിരിക്കാവുന്നതാണ്. മലനാട്ടിന്നു തീരദേശത്തേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ടു്. തീരദേശത്തിന്റെ കിഴക്കേ ഭാഗവും മലനാട്ടിന്റെ പടിഞ്ഞാറേഭാഗവും കൂട്ടിച്ചേർത്ത് ഇടനാടു് എന്നു് ഒരു പ്രത്യേകഭാഗവും സങ്കല്പിക്കാവുന്നതാണ്.


"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/5&oldid=154686" എന്ന താളിൽനിന്ന് ശേഖരിച്ചത്