താൾ:Ente naadu kadathal.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവിതാംകൂറിലെ അഴിമതികൾ

'മാതൃകാരാജ്യം', 'ധർമ്മരാജ്യം' എന്നും മറ്റുമുള്ള വിശേഷണങ്ങൾകൊണ്ട് ഒരുകാലത്തു പ്രഖ്യാപിതമായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിന് 'അഴിമതിനാട്' എന്നുള്ള പര്യായത്തെ നല്കത്തക്കവിധത്തിൽ, ഈ നാട്ടിലുള്ള രാജസേവകന്മാരും ചില ഉദ്യോഗസ്ഥന്മാരും സ്വേച്ഛപോലെ പലേ അഴിമതികൾ നടത്തിവരുന്നു എന്നു നാടെങ്ങും പ്രസിദ്ധമായിത്തീർന്നിട്ടുണ്ടല്ലോ. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഈ കളങ്കത്തെ നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യുന്നതിനു ജനസമുദായത്തിന്റമ മുറവിളി നിരന്തരം ഇളക്കിക്കൊണ്ടിരുന്നിട്ടും, രാജ്യഭരണകർത്താക്കന്മാർ ഈ വിഷയത്തിൽ അശ്രദ്ധന്മാരായിരിക്കുന്നതല്ലാതെ, ഗവണ്മെന്റിന്റെ സൽകീർത്തിയെ പരിപാലിക്കുന്നതിനുവേണ്ട നിവൃത്തി മാർഗ്ഗങ്ങൾ അന്വേഷിക്കുന്നതായി കാണപ്പെടുന്നില്ല. രാജസേവകന്മാരുടെ പ്രഭാവത്തിൽ അടിമപ്പെടാതെയും, സ്വന്തം മനസ്സിനെ വഞ്ചിക്കാതെയും രാജ്യനിവാസികളുടെ ഏകകണ്ഠമായ അഭിപ്രായങ്ങളെ അനുകൂലിച്ചു പ്രവർത്തിക്കുന്നതിനു മനോധൈര്യമുള്ള ഒരു മന്ത്രിയെ നാട്ടിലേക്കു കിട്ടിയാൽ, മേൽപറഞ്ഞ വർധമാനമായ അഴിമതിക്കളങ്കം ഉടനടി അല്ലെങ്കിലും, ക്രമേണ മാഞ്ഞുപോകുമെന്നുള്ള പൊതുജനങ്ങളുടെ വിചാരത്തിന്, ദിവാൻ മി. രാജഗോപാലാചാരിയുടെ ഭരണകാലത്തിൽ അവകാശമില്ലെന്നാണ് ഇതേവരെ കഴിഞ്ഞ കഥകൾകൊണ്ട് ഊഹിക്കേണ്ടിവരുന്നത്.

തിരുവിതാംകൂറിലെ അഴിമതികളിൽ മുഖ്യമായി നിൽക്കുന്നതു കൈക്കൂലിയാണെന്നു തെരുവുകളിൽ തെണ്ടിനടക്കുന്ന 'പിച്ച'ക്കാർക്കുകൂടെയും നല്ല ബോദ്ധ്യമായിട്ടുണ്ട്. ഉയർന്ന സർക്കാരുദ്യോഗം തുടങ്ങി പിച്ചതെണ്ടലിനുകൂടെയും, മഹാരാജവുതിരുമനസ്സിലെ കൊട്ടാരത്തിന്റെ കീർത്തിചന്ദ്രികയെ ഗ്രസിച്ചുകളയുന്ന സേവകരാഹുകേതുക്കളുടെ അനുവാദം സമ്പാദിക്കുകയും, അതിലേക്ക് അവർക്കു കൈക്കൂലി കൊടുക്കുകയും ചെയ്യേണ്ടതാണെന്നു ബഹുജനങ്ങൾ ഗ്രഹിച്ചു വച്ചിരിക്കുന്നു. മഹാരാജാവു തിരുമനസ്സിലെ ഇരുപതിലധികം സംവത്സരക്കാലത്തെ രാജ്യഭരണത്തിന്റെ കീർത്തിയെ മലിനപ്പെടുത്തുമാറ് ഈ സേവകന്മാർ ചെയ്തിട്ടുള്ള അക്രമങ്ങളെയും അഴിമതികളെയും ഇത്രമേൽ സ്വച്ഛന്ദവിഹാരത്തിന് അനുവദിച്ചുപോന്ന ഗവണ്മെന്റിന്റെ നടപടിയെ ചിന്തിക്കുമ്പോൾ, തിരുവിതാംകൂറിന്റെ പേരിൽ മേൽക്കോയ്മയായ ബ്രിട്ടീഷ് ഗവണ്മെന്റിനു കരുണയില്ലേ എന്നു കൂടി ജനങ്ങൾ ശങ്കിച്ചുപോ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/7&oldid=159040" എന്ന താളിൽനിന്ന് ശേഖരിച്ചത്