താൾ:Dharmaraja.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ദേഹം കൊടുത്തിട്ടുണ്ടായിരുന്നു. അവയെ ലംഘിച്ചുള്ള കുപ്പശ്ശാരുടെ പ്രവൃത്തിയെക്കുറിച്ച് അദ്ദേഹത്തിന് അറിവു കിട്ടിയപ്പോൾ ആ സംഘത്തെ ആ സ്ഥലത്തുനിന്ന് ആകപ്പാടെ തുരത്തിയേക്കുന്നുണ്ടെന്നു നിശ്ചയിച്ചു എങ്കിലും അതിയായ ഒരു ക്ഷീണവും ദയനീയതയും തന്റെ അനന്തരവൻ കാണിക്കുകയാൽ അദ്ദേഹത്തിന്റെ കോപം പകർന്ന്, പുച്ഛം, ഹാസ്യം, വിനോദം ഇങ്ങനെ ഓരോ പടികളിൽക്കൂടി കരുണയിൽ ചെന്നവസാനിച്ചു. അനന്തരവനുതന്നെ തന്റെ പ്രതിഷേധകല്പന കൊടുത്ത്, തനിക്ക് അനിഷ്ടമായി സംഭവിക്കാവുന്ന ബാന്ധവത്തെ തടഞ്ഞുകളയാമെന്നു നിശ്ചയിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ്, തളർന്നുവാടി നില്ക്കുന്ന അനന്തരവന്റെ സമീപത്തു ചെന്ന്, ആ യുവാവിന്റെ മുഖത്തു നോക്കിക്കൊണ്ട്, ഇങ്ങനെ ആജ്ഞാപിച്ചു: “ഇനി ഒരു ദിവസി നീ അതിനകത്തു കേറിപ്പോണെങ്കില്—ആഃ. ഇന്നുതന്നെ സാമി തിരുമുമ്പില് അവരെ പേയാട്ടം എന്തരു ചേലായിരുന്നു! ഛീ! ഛീ!—ഛവങ്ങള്! ആ പെണ്ണുങ്ങളാരെന്നു നിനക്കറിയാമോ?”

കേശവൻകുഞ്ഞ്: “അമ്മാവന്റെ ആദ്യത്തെ ഭാര്യയുടെ അമ്മയും മകളും–”

ഉടയാൻപിള്ളയുടെ നാസികഗോളദ്വാരങ്ങൾ വിടർന്ന്, നേത്രച്ഛായ പകർന്ന് ഇടയ്ക്കിടെ ഇമകൾ അടഞ്ഞ്, നെഞ്ച് അമർന്നു പൊങ്ങി— ഇങ്ങനെയുള്ള ചേഷ്ടാഭാവങ്ങൾകൊണ്ട് പൊട്ടാൻ തുടങ്ങിയ ചിരിയെ അദ്ദേഹം ബഹുസാഹസം ചെയ്ത് അമർത്തി തന്റെ അനന്തരവൻ ആ ഭവനത്തിൽ പ്രവേശിച്ചിരിക്കുന്നതും ന്യായത്തേയും മുറയേയും ആസ്പദമാക്കി ആണല്ലൊ എന്ന് ചന്ത്രക്കാറൻ ആശ്വസിച്ചു. വൃദ്ധയുടെ ജാമാതാവും യുവസുന്ദരിയുടെ ജനകനുമാകാൻ തനിക്ക് മഹിമയും സുഭഗതയുമുണ്ടെന്ന് അനന്തരവന് തോന്നീട്ടുള്ളതും തന്റെ വമ്പത്വത്തിന് സന്തുഷ്ടിപ്രദമായിത്തീർന്നു. “എന്റെ അമ്മാവീം മകളുമോ? ഏതു യ്യാഗരണത്തീന്ന് പിടിച്ചു അത്? അവർ നമുക്ക് ചേരാൻ കൊള്ളണവരല്ല! ഞാനിരിക്കെ നീ ഒന്നും അറിയണ്ട. പോട്ടിൽ പാടണത് പാമ്പ്. അവിടെക്കൊണ്ട് ചെവിവച്ചാൽ കൊത്തും! കൊത്തും! പോ! ഫോ! പോരായ്മ ഒന്നും വരുത്തരുത്—അല്ലെങ്കി നില്ല്.” ഇങ്ങനെ പറഞ്ഞുകൊണ്ട് അനന്തരവന്റെ കാതിൽ കിടന്ന ചെറിയ ചുവപ്പുവച്ച കടുക്കൻ അഴിച്ചുകൊണ്ട് പകരം തന്റെ കൈയിൽ ഇരുന്നിരുന്ന കനൽക്കട്ട കുണ്ഡലങ്ങളെ അയാളുടെ കർണ്ണങ്ങളിൽ സംഘടിപ്പിച്ചു. മുതുകിൽ തലോടിയോ എന്നു സംശയം തോന്നുമാറ് ഒന്നു സ്പർശിച്ചതിന്റെശേഷം, അനന്തരവനെ യാത്രയാക്കി. കേശവൻകുഞ്ഞ് കിഴക്കേവശത്തു പോയി കുറച്ച്നേരം പരുഷാലോചനയോടുകൂടിയിരുന്നു. അന്നു രാവിലെയും തന്നാൽ ദർശിക്കപ്പെട്ട മനോഹാരിതയുടേയും ആത്മശുദ്ധിയുടേയും ആവാസമായ ആ ബാലികയെ എങ്ങനെ കുലഭ്രഷ്ടയായി സങ്കൽപിക്കും? സാധുത്വവും പ്രൗഢിയും സൗന്ദര്യവും സൗശീല്യവും ഗാംഭീര്യവും സ്നേഹവും മഹത്വവും സംയോജിച്ച് അധിവസിക്കുന്ന ആ ക്ഷേത്രത്തെ എങ്ങനെ താൻ തിരസ്കരിക്കും? അമ്മാവന്റെ ഗുണദോഷം രണ്ടുമൂന്നു മാസങ്ങൾക്കു മുമ്പു ലഭിച്ചിരുന്നുവെങ്കിൽ തന്റെ പുരുഷത്വത്തിനും സത്യനിഷ്ഠയ്ക്കും ഭംഗംവരുത്താതെ താൻ നടന്നുകൊള്ളുമായിരുന്നു. ഇങ്ങനെ ആലോചിച്ച്, തൽക്കാലം കരണീയമെന്തെന്നു ചിന്ത തുടങ്ങി. ‘ഇനി’ ഒരു ദിവസം ആ ഭവനത്തിനകത്തു കേറിപ്പോകരുതെന്നാണല്ലോ കാരണവരുടെ ആജ്ഞ എന്നും, ആ സ്ഥിതിക്ക് അടുത്ത ദിവസം ഉദിക്കുന്നതുവരെ അവിടെ പ്രവേശിക്കുന്നതിനു പ്രതിബന്ധമില്ലല്ലോ എന്നും ആ താർക്കികൻ വാദിച്ചു. ക്ഷീണപ്രതിജ്ഞന്മാർ അകൃത്യാനുകരണത്തിന് കണ്ടുപിടിക്കുന്ന ഏതദ്വിധമായ യുക്തിവാദത്തോടുകൂടി കാരണവരുടെ ആജ്ഞയെ അനുസരിക്കുന്നതിന് ഉറച്ചിരുന്ന കേശവൻകുഞ്ഞ് തളത്തിൽനിന്നും തിണ്ണയിൽ ഇറങ്ങി ഒട്ടുലാത്തി. അവിടെ നിന്നും മുറ്റത്തും മുറ്റത്തുനിന്ന് പടി വാതുക്കലും എത്തി. അയാളുടെ അന്തഃക്ഷോഭത്തിനിടയിൽ, അനുമതികൂടാതെ പാദങ്ങൾ സ്വതന്ത്രചരണംചെയ്ത് അയാളെ മന്ത്രക്കൂടത്തുപടിക്കൽ എത്തിച്ചു; പടിവാതുക്കൽ അയാളുടെ കൈ മുട്ടിയതും അനുവാദാനുസാരമായല്ല. ആ സംഘട്ടനാർത്ഥത്തെ ഗ്രഹിച്ച് കുപ്പശ്ശാർ വാതിൽ തുറന്നത്, ‘ദിനമപി രജനീ സായംപ്രാതഃ’ എന്ന് കാലചക്രഭ്രമണത്തിൽ പ്രകൃതിനീത്യനുസരണമായി നടക്കുന്ന ഒരു സംഭവംപോലെ കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/63&oldid=158560" എന്ന താളിൽനിന്ന് ശേഖരിച്ചത്