താൾ:Dharmaraja.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഥപോലും ആ ഭവനത്തിൽ കേൾപ്പാനില്ലാതെചമഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ തന്റെ വക ഒരു തീട്ടൂരത്തെ വാചകഗാംഭീര്യത്തോടുകൂടി ചാർത്താൻ നേരിട്ട കഷ്ടത്തിനിടയിൽ “വല്ലതുമൊന്നു ചുഴിപ്പാൻ ഒരു പൊടിയനുണ്ടായിരുന്നതും പോയിപ്പോക്കൊഴിഞ്ഞു” എന്ന് തമ്പി പരിഭവപ്പെട്ടപ്പോൾ, അടുത്തുണ്ടായിരുന്ന ആഭരണക്കൂട്ടത്തിന്റെ കിലുകിലാരവം കൊണ്ട്, പ്രേമവതിയായ സ്വഭാര്യയുടെ സാമീപ്യത്തിന് അദ്ദേഹം ജാഗരൂകനായി ക്ലേശോച്ചാരണങ്ങളെ ഉപസംഹരിച്ച് തല ചൊറിഞ്ഞുകൊണ്ട് തുടങ്ങി. ‘പാതിയും പുരുഷനു ഭാര്യ’ എന്നുള്ള പ്രമാണം ഒട്ടിടംകൊണ്ട് ഒരു കാര്യത്തേയും ചെയ്തുകൂടെന്നുള്ള പ്രമാണവാദിയായ കുഞ്ചുത്തമ്പിയുടെ സംഗതിയിൽ, ഇരട്ടി എന്നല്ല, അതിലധികവും വ്യാപ്തിയോടുകൂടി അദ്ദേഹത്തിന്റെ ദിനചര്യയിൽ അനുകരിക്കപ്പെട്ടിരുന്നു. എങ്കിലും, ഭർത്രധികാരത്തെ അദ്ദേഹത്തോളം കണിശമായി ചെലുത്തുന്ന പുമാൻ ഇസ്ലാംകാരുടെ ഇടയിലും ഇല്ലെന്ന് അദ്ദേഹം അഹങ്കരിക്കാറുണ്ടായുരുന്നതിനെ അല്ലേ നാം വിശ്വസനീയസാക്ഷ്യമായി ഗണിക്കേണ്ടത്? വിശേഷിച്ചും കുഞ്ചുത്തമ്പിക്ക ഒരു കാര്യത്തിൽ അരത്തമപ്പിള്ളത്തങ്കച്ചിയെ അപേക്ഷിച്ച് താഴ്ചയുണ്ടായിരുന്ന സംഗതിയും, അദ്ദേഹത്തിന്റെ മര്യാദ അപമര്യാദ എന്നുതന്നെ കണക്കാക്കപ്പെട്ടാലും അതിന്റെ ഗൗരവത്തെ ലഘൂകരിക്കുമല്ലോ. കുഞ്ചുത്തമ്പിക്ക് തന്റെ കുടുംബത്താൽ സ്വയം സ്വീകൃതമായുള്ള പദവികളല്ലാതെ 'കണക്കു തമ്പി ചെൺപകരാമൻ’ എന്ന സ്ഥാനം അദ്ദേഹത്തിന്റെ കുടുംബപുരാണതയ്ക്കും പ്രഭാവത്തിനും അനുരൂപമായി കിട്ടീട്ടില്ലായിരുന്നു. തങ്കച്ചിയുടെ തറവാട്ടിലേക്ക്, അതിലെ അംഗങ്ങളിൽനിന്ന് രാജസ്ഥാനത്തിലേക്കുണ്ടായ സഹായങ്ങൾക്കു പ്രതിഫലമായി ഇരട്ടിത്തിരുമുഖവും ചെൺപകരാമപ്പട്ടവും തമ്പിസ്ഥാനവും മാർത്താണ്ഡവർമ്മ മഹാരാജാവിനാൽത്തന്നെ നല്കപ്പെട്ടിരുന്നു. മറ്റൊരു സംഗതിയും തങ്കച്ചിയുടെ മേൽകോയ്മയെ ഉറപ്പിച്ചു. തമ്പിയുടെ മുൻപറഞ്ഞ ഉദ്യമങ്ങളും അനുഷ്ഠാനങ്ങളും ആപൽക്കരവും ധനനാശകവും എന്നു തോന്നിയതിനാൽ, ഈ ദമ്പതിമാരുടെ ബന്ധം വേർപെടുത്താൻകൂടി ഭാര്യാഗൃഹക്കാർ ഇടക്കാലങ്ങളിൽ ആലോചിച്ചു . എന്നാൽ അരത്തമപ്പിള്ള സതീനിഷ്ഠവീര്യത്തോടെ ഭർത്തൃപക്ഷത്തിൽനിന്നുകൊണ്ട് ഈ ശ്രമത്തെ ഭഞ്ജിച്ചു. പത്തുപതിനാറു 'ഏരു' കാളയും അത്രത്തോളം കരിമ്പറ്റവും, കറവയ്ക്കം ചാണകത്തിനും വേണ്ടതിലധികം പശുക്കളും, മൂന്നുനാല് ആട്ടിൻപറ്റവും, എട്ടുപത്ത് വന്മലപ്രമാണമുള്ള വയ്ക്കോൽത്തുറുക്കളും, നിസ്തുല്യമായ വലിപ്പത്തോടുകൂടിയ കളങ്ങളും കളിയലും, പത്തു മുന്നൂറുകോട്ട നിലവും അളവില്ലാത്തോട്ടങ്ങളും കാടുതരിശുകളും, അറയ്ക്കുള്ളിൽ കിടപ്പുള്ള സ്വർണ്ണച്ചേന, പൊൻകദളിക്കുല മുതലായ നിക്ഷേപങ്ങളും തന്റെവക എന്നു പറവാൻ അവകാശമുള്ളവനായ തമ്പിയെ, വിശേഷിച്ചും ആറേഴു സന്താനങ്ങളുടെ അമ്മയായതിന്റെ ശേഷം, ഉപേക്ഷിച്ച് വേർപിരിയാൻ സന്നദ്ധയാകത്തത് സതീത്വത്തെ സാക്ഷീകരിക്കുന്നില്ലെന്നു ചിലർ വാദിച്ചേക്കാം. കഥ നടക്കട്ടേ. തങ്കച്ചിയുടെ ആത്മമഹിമയെ ഗ്രഹിപ്പാൻ നികഷോപലമായ ഒരു സന്ദർഭമുണ്ടാവും. തങ്കച്ചിയുടെ സ്ഥിരമനസ്കതയെ ഉദ്ധൂതമാക്കാൻ അവരുടെ സഹോദരാദികൾക്കു സാധിക്കാഞ്ഞതിനാൽ അവർ അടങ്ങിപ്പാർത്തു. അതിനാലും, ആരിലും നിന്ന് ഒരു ബാധയുംകൂടാതെ കുഞ്ചുത്തമ്പി ദക്ഷിണദിക്കിനേയും അരത്തമപ്പിള്ളത്തങ്കച്ചി കുഞ്ചുത്തമ്പിയേയും യഥേഷ്ടം ഭരിക്കാനുണ്ടായ വിധിമതത്തിന് ലംഘനമുണ്ടായില്ല.

ഹരിപഞ്ചാനനയോഗീശ്വരന്റെ എഴുന്നള്ളത്ത് കഴക്കൂട്ടത്തടുക്കാറായപ്പോൾ, കളപ്രാക്കോട്ടിലെ കാരണവർ പാലാഴിമഥനത്തിലെ മന്ഥധ്വനിയോടുകൂടി കൂർക്കംവലിച്ച് സ്വപ്നസുഖത്തേയും അനുഭവിച്ച് ആനന്ദിക്കുകയായിരുന്നു. ഏഴരനാഴിക പുലരാനുള്ളപ്പോൾ തമ്പിയുടെ നിദ്രാവിഘാതംചെയ്‌വാൻ പൂമുഖപ്പടിവാതിൽ തുറക്കുന്നതിന് ചില വിളികളുണ്ടായി. അവയ്ക്കു പ്രതിശ്രുതികളായി, അപ്പോൾ ഉണർന്നെഴുന്നേറ്റ കന്നുകാലികളുടെ കണ്ഠമണികൾ നാഴികമണിയുടെ ഉറുക്കമുണർത്തിയന്ത്രം പോലെ കുറച്ചുനേരത്തേക്കു മുഴങ്ങി. അവിടെ കിടന്നിരുന്ന പരിചാരകന്മാർ ഉണർന്നു എങ്കിലും, ഒട്ടേറനേരത്തേക്ക് അവർ അർദ്ധനിദ്രാവശന്മാരായി മന്ദബുദ്ധികളായി കിടന്നും ഇരുന്നും കഴിച്ചുകൂട്ടി. ഉറക്കസദ്യയ്ക്കുശേഷം ഉറക്കംതൂങ്ങലായ ഒരു ലഘു സുഖാനുഭവക്കഞ്ഞിയെക്കുടി ഭൃത്യർ കൈക്കൊണ്ടത്

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/50&oldid=158546" എന്ന താളിൽനിന്ന് ശേഖരിച്ചത്