താൾ:Dharmaraja.djvu/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊട്ടിച്ചതിനെ, രാജകീയാസ്ഥാനഭിത്തികൾ പ്രഭുമതമറിഞ്ഞ്, സംഗ്രഹണംചെയ്തു. “അങ്ങനെയെങ്കിലും രണ്ടക്ഷരപ്പട്ടം” വീണ്ടും ലബ്ധമായ ഭാഗ്യത്തിൽ മാമൻ ആശ്വസിച്ചടങ്ങി, മഹാരാജാവിന്റെ ഭക്താഗ്രഗണ്യനായും ബന്ധുലോകത്തിനു സ്നേഹമധുരിമാപ്രവർഷകനായും ജീവിതശേഷത്തെ അതി ലഘുഭാരമായി വഹിച്ചു.

വൃദ്ധയുടെ മരണാനന്തരം തൊണ്ണൂറാംദിവസവും കഴിഞ്ഞ്, മീനാക്ഷിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. ഈ ക്രിയയ്ക്കു കൽപനാനുവാദം വാങ്ങുവാൻ പടത്തലവരും ഉണ്ണിത്താനും ഒന്നുചേർന്നു മുഖം കാണിച്ച് വസ്തുത തിരുമനസ്സറിയിച്ചു. മഹാരാജാവിന്റെ അന്തരംഗത്തിൽ ഉദിച്ച വിചാരങ്ങൾ നേത്രപക്ഷങ്ങളെ ഇളക്കി, അവിടത്തെ കൃപാസ്തോമനിദാനമായുള്ള വദനത്തെ ദന്തുരതരംഗങ്ങൾകൊണ്ടു പ്രചലിതമാക്കി. ഉണ്ണിത്താൻ മഹാരാജാവിന്റെ അന്തർഗതത്തെ മിഥ്യാധാരണംചെയ്തു. “ചിലർക്കുവേണ്ടി ̧ക്ഷമാപ്രാർത്ഥന ചെയ്‌വാൻ അടിയൻ വിടകൊള്ളുമെന്ന് മുമ്പ് അറിയിച്ചിട്ടുണ്ട്. മീനാക്ഷിയുടെ കുടുംബാപരാധത്തെ കൽപിച്ചു തിരുവുള്ളമലിഞ്ഞ്, ക്ഷമിച്ചരുളണം.”

മഹാരാജാവ്: “ഹേ! അതൊന്നുമല്ല വിചാരിച്ചത്. അക്കാര്യത്തിൽ, അപരാധിനിയല്ലെന്നും നമ്മുടെ അനുകൂലയാണെന്നും ജനനം മറ്റെങ്ങാണ്ടോ ആകയാൽ നമ്മുടെ പ്രജയുമല്ലെന്നും, കേശവൻ വാദിച്ചുകഴിഞ്ഞു. പോരേ! വാദക്കാരന്റെ കാര്യത്തിലാണ് ഇവിടെ വിഷമം. ഉണ്ണിത്താൻ തന്നെ പറയൂ. ഇപ്പോൾ, കാര്യം മനസ്സിലായി എന്നു മുഖം പറയുന്നു.”

ഉണ്ണിത്താൻ: “അതിൽ എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അടിയങ്ങൾ ഇക്കാര്യത്തിൽ കൽപന വാങ്ങാൻ വിടകൊള്ളുകയില്ലായിരുന്നു. അവർ രണ്ടുപേരുംതന്നെ ആ കാര്യങ്ങൾ സംസാരിച്ചൊതുക്കി. ആ ഭഗവതി എന്ന സ്ത്രീയെക്കൂടി മകൻ കിടാത്തനു വേണമെന്നു ശാഠ്യംപിടിച്ചപ്പോൾ ‘അതു പാടില്ല, എല്ലാം യഥാസ്ഥിതിയിലിരിക്കട്ടെ. മീനാക്ഷി നന്തിയത്തേക്കും അക്കൻ പൂർവസ്ഥിതിയിലും പോരട്ടേ’ എന്ന് കേശവപിള്ള ഭംഗംചെയ്തു വിധിച്ചു.”

മീനാക്ഷിയുടെ വിവാഹത്തിന് തിരുമനസ്സിലെ സന്തോഷസാക്ഷ്യങ്ങളായി വേണ്ട പുരകളും വിഭവങ്ങളും കൽപിച്ച് അനുവദിച്ചു എങ്കിലും, അവിടത്തെ നയനങ്ങൾക്ക് പടത്തലവന്റെയും ഉണ്ണിത്താന്റെയും കണ്ണുകളെക്കാൾ ദർശസൂക്ഷ്മം കൂടിയിരുന്നു. തന്നാൽ അവമാനിതനായ ഘട്ടങ്ങളിലും സുസ്ഥിരഭക്തിയെ ദൃഢധർമ്മനിഷ്ഠയോട് അനുഷ്ഠിച്ച ആ ഭൃത്യൻ തന്റെ ശ്രേയസ്സഞ്ചരണത്തിനുള്ള അയാളുടെ പ്രവൃത്തികൾക്കിടയിൽ മീനാക്ഷിയോടു സംഘടിച്ചതുനിമിത്തം, ആജീവനാന്തം നിലനിൽക്കുന്നതായ ഒരു മേഘാവരണം ആ യുവാവിന്റെ മനോമണ്ഡലത്തെ ബാധിച്ചിരിക്കുന്നു എന്ന് അവിടത്തെ ജീവധർമ്മപ്രബുദ്ധത ദർശനംചെയ്തു. കേശവപിള്ളയുടെ മനസ്സ് മീനാക്ഷിയുടെ സൗന്ദര്യപ്രഭാവത്താൽ ആകർഷിക്കപ്പെട്ടു എന്നും, എന്നാൽ, അയാളുടെ സ്വേച്ഛാവർജ്ജനപൗരുഷംകൊണ്ട് അതിനെ പ്രകാശിപ്പിക്കുന്നില്ലെന്നും അവിടത്തേക്കു ബോധ്യമായി. തന്റെ ഭൃത്യന്റെ ദമശക്തിവൈശിഷ്ട്യത്തെ അത്യാശ്ചര്യപൂർവ്വം അഭിനന്ദിച്ചു.

മഹാരാജാവിന്റെ ദർശനവൈശദ്യം വേറൊരുസംഗതിയിലും സ്ഫുടീകരിക്കപ്പെട്ടു. മീനാക്ഷിയുടെ പരിണയദിവസത്തിലും കേശവപിള്ള മഹാരാജസന്നിധാനത്തിൽ തന്റെ ഉദ്യോഗസംബന്ധമായി മുഖംകാണിച്ചു വിടവാങ്ങാൻ ഭാവിച്ചപ്പോൾ, മഹാരാജാവ് ഇങ്ങനെ ചോദ്യം ചെയ്തു. "ഇന്നല്ലേ ചെമ്പകശ്ശേരിയിലെ മുണ്ടുകൊട? നീ ശ്രമക്കാരനായി അവിടെ നിൽക്കേണ്ടതായിരുന്നില്ലേ?”

കേശവപിള്ള: “വേലുത്തമ്പിഅമ്മാവനുണ്ട് ഒരു ലക്ഷംപേർക്ക് ഉത്തരം പറവാൻ. വലിയമ്മാവൻ എപ്പോഴും വലിയ ക്ഷീണത്തിൽ കിടക്കുന്നു. അതു കാണാൻ അടിയന്റെ പഴമനസ്സിന്—”

മഹാരാജാവ് പുഞ്ചിരിയോടുകൂടി “അത്രയുള്ളോ” എന്നു ചോദിച്ചുകൊണ്ട്, ഒരു സഹതാപാവേശത്തോടുകൂടി കേശവപിള്ളയുടെ മുഖത്തു നോക്കി, രാജസമക്ഷത്തിൽ അനു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/236&oldid=158512" എന്ന താളിൽനിന്ന് ശേഖരിച്ചത്