താൾ:Dharmaraja.djvu/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യോഗിവാടത്തിലെ അങ്കണങ്ങളിൽക്കൂടി ഓരോ ധൂമസ്ഥൂണങ്ങൾ ഉയർന്ന് ആ മന്ദിരത്തിന്റെ പരിസരാകാശത്തിൽ മേഘസമുച്ചയങ്ങളായി പരന്നു. ‘കിരുകിര’ ശബ്ദത്തോടുകൂടി ബഹുദ്രവ്യങ്ങൾ എരിഞ്ഞ് ആ വാടത്തേയും അതിനകത്തു കുടുങ്ങിയ ഭടജനങ്ങളേയും ലേഹനംചെയ്ത്, പഞ്ചാസ്യകുലജാതന്മാരുടെ മനോരാജ്യരാജസപ്രഭാവത്തിനും ഉചിതമായുള്ള ആതപത്രങ്ങൾപോലെ രക്തച്ഛവിയോടുയർന്നു. ഈ അപ്രതീക്ഷിതസംഭവത്തിന്റെ ദർശനത്തിൽ കുമാരൻതമ്പിയാൽ സജ്ജീകൃതമായിരുന്ന വ്യൂഹം ഭിന്നിച്ച്, വീഥികളിലും മറ്റു തുറന്ന സ്ഥലങ്ങളിലും തങ്ങൾക്കുണ്ടാകേണ്ടുന്ന അനന്തരാജ്ഞകളെ ദീക്ഷിച്ച് സന്നദ്ധന്മാരായി ആപൽപ്രദേശത്തിൽനിന്ന് ഒട്ടകന്നു പ്രചരണംചെയ്തു. ഹരിപഞ്ചാനനഭക്തസംഘം യോഗിവാടത്തിന്റെ രക്ഷയ്ക്കു മുതിർന്നു. അഗ്നിഭയസംഭവത്താൽ സമീപത്തുള്ള അഗ്രഹാരങ്ങളിലേയും പാർപ്പുകാർ ഇളകി, വാടപ്രാന്തത്തിലേക്ക് ഓടിത്തുടങ്ങി. ഇങ്ങനെ ജനബഹളം പെരുകി, അഗ്നിശിഖാവിജൃംഭണങ്ങളെ കണ്ട് ‘ഹാ ഹാ’ ശബ്ദം മുഴക്കുന്നതിനിടയിൽ, ബ്രഹ്മാണ്ഡകടാഹഭേദകമായുള്ള ഒരു മഹാരവം വിശ്വകർമ്മനിർമ്മിതമായുള്ള ‘മഹാഭൂകമ്പിനി’ പീരങ്കിപ്രയോഗത്താലെന്നപോലെ ആ സങ്കേതത്തെ, എന്നല്ലാ ഭൂമിയെത്തന്നെയും, പാതാളമേഖലവരെയ്ക്കും ഇളക്കിക്കുലുക്കി. ഹരിപഞ്ചാനനമന്ദിരമദ്ധ്യത്തിൽനിന്ന് സഹസ്രസുദർശനങ്ങൾ യോജിച്ചെന്നപോലെ ഒരു അഗ്നിഗോപുരം, ബഹുഗജരവത്തോടു മേൽപോട്ടുയർന്നു. സപ്തസമുദ്രങ്ങളും അഷ്ടഗിരികളും കല്പാഗ്നിരൂപമവലംബിച്ചെന്നവണ്ണം, ഘോരഘോരവപടലികളോട് വിഷ്ണുപദസങ്കർഷകകൂടങ്ങളായിത്തിരിഞ്ഞ് സമുദ്രഗിരികാനനപ്രാന്തങ്ങളേയും പ്രജ്ജ്വലിപ്പിച്ച്, സഹസ്രകോടി അഗ്നേയശാലകളുടെ പ്രളയവർഷംകൊണ്ടു നക്ഷത്രപഥത്തേയും ഒട്ടുനേരം ക്ഷതംചെയ്തു. ഭൂഗർഭത്തിൽനിന്ന് ഏകമുഹൂർത്തജാതങ്ങളായ നിരവധി ധൂമകേതുക്കൾപോലെ ആ അഗ്നിനിര അന്തരീക്ഷത്തിൽ വിടുർന്നെരിഞ്ഞ്, തങ്ങൾ വഹിച്ചിരുന്ന പാതകഭാരത്തൽ ക്ഷീണങ്ങളായി, അമർന്നും വീണ്ടും ഉജ്ജ്വലിച്ചും, പതിച്ചും കിളർന്നും ക്രമേണ പ്രഥമജ്ജ്വാലയുടെ നിരപ്പിൽ അമർന്നു.

ആഘര്യാരവം, ദീനാരവം, മരണാരവം, സജ്ജനശാപാരവം, ദുർജ്ജനഭത്സനാരവം, പ്രാണഭീതിയാൽ മണ്ടുന്ന പാദാരവം, അഗ്നിസംശമനത്തിന് അടുക്കുന്ന ധീരജനങ്ങളുടെ സാഹസാരവം, കാണികളായി ഓടിയടുക്കുന്ന വിവിധജനങ്ങളുടെ കൗതുകാരവം, പൊട്ടിയും തകർന്നും ഞെരിഞ്ഞ് പൊടിഞ്ഞും പടർന്നെരിയുന്ന അഗ്നികലാപാരവം—ഇതുകൾക്കിടയിൽ അതാ, കുമാരൻതമ്പിയുടെ സേനാകാഹളം ഹരിപഞ്ചാനനവാടത്തിന്റെ ദാഹശംഖധ്വനികളായി അഷ്ടദിഗന്തരങ്ങളിലും അപനയാപജയബോധത്തെ ഉൽഘോഷണം ചെയ്തു. ഹരിപഞ്ചാനനയുഗളത്തിന്റെ മഹാത്യാഗവൈരാഗ്യയുതമായുള്ള വീര്യധാമങ്ങൾ ജനനത്തിലെന്നപോലെ മൃതിയിലും ഗാഢാലിംഗനംകൊണ്ട് ഏകശരീരത്തെ അവലംബിച്ച്, ആ കൽപാന്താഗ്നിസ്യന്ദനത്താൽ ആരൂഢന്മാരായി, ചതുരാശ്രമങ്ങളിലും അനിവാര്യമായുള്ള അവസാനസംസ്കൃതിശാന്തിയെ, കുലധർമ്മാനുസൃതമായ ‘മഹാബലി’ഷ്ഠതയോടു പ്രാപിച്ച്, ജീവിതസത്രത്തെയും സമാപിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/232&oldid=158508" എന്ന താളിൽനിന്ന് ശേഖരിച്ചത്