താൾ:Dharmaraja.djvu/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാക്കി) “അതുകളെ വാണീദേവി എന്റെ ഹൃദയത്തിൽ ഉദിപ്പിച്ചു. അന്തസ്സത്യത്തെ ജിഹ്വാഗ്രം ഉച്ചരിച്ചു.”

ഹരിപഞ്ചാനനൻ: “പുത്രാ! സന്ന്യാസമാകുന്ന അറിശുദ്ധികൊണ്ടുള്ള ഈ പവിത്രശരീരം നിന്റെ യുവനേത്രങ്ങൾക്ക് പക്ഷേ, പ്രാപഞ്ചികന്റേതെന്നു തോന്നിയേക്കാം. എങ്കിലും സകല ദൈവാനുഗ്രഹങ്ങളും സാധിച്ച്, മത്സരശീലം വെടിഞ്ഞിരിക്കണ്ടേ നിനക്ക് ക്ഷാത്രത്തെയുണ്ടാക്കാൻ നാം എന്തപരാധം ചെയ്തു?”

കേശവൻകുഞ്ഞ്: “സ്വാമിൻ! പരമാർത്ഥമല്ലേ പറയേണ്ടത്? എന്റെ ഹൃദയത്തിൽ അവിടത്തെ നേർക്ക് ഈശ്വരാർപ്പിതമായി, വാദംകൊണ്ട് അനവച്ഛേദ്യമായി, ഒരു പ്രബലസംശയം വേരൂന്നിപ്പോയിരിക്കുന്നു.”

ഹരിപഞ്ചാനനഭിക്ഷു തന്റെ മന്ദഹാസസഞ്ചികയിൽനിന്നു വശ്യശക്തിയിൽ മോഹനതമമായുള്ളതിനെ എടുത്തു തന്റെ മുഖത്തുചാർത്തിക്കൊണ്ട്, ശയ്യയിൽനിന്നെഴുന്നേറ്റ്, യുവാവിന്റെ സമീപത്തേക്കു മൃദുപാദനായി തരണംചെയ്ത്, ആയാളുടെ സ്കന്ധങ്ങളിൽ കുസുമതുല്യ മൃദുലതയോടുകൂടിയ തന്റെ ഹസ്തതലങ്ങളെ ഗുരുതരമായ വാത്സല്യത്തോടുകൂടി സ്ഥാപനംചെയ്തു. യുവാവിന്റെ നഖശിഖാന്തമുള്ള സ്നായുവല്ലകികൾക്കു വിദ്യുച്ഛക്തികൊണ്ടെന്നപോലെ ഒന്നായൊരു പ്രേംഖണമുണ്ടായി. ആ കരസ്പർശത്തെ അതിനുമുമ്പിൽ താൻ അനുഭവിച്ചിട്ടുണ്ടെന്ന് ആ യുവാവിൽ ഒരു സംസ്മൃതിയുണർത്തി. സ്ഥലവും സന്ദർഭവും ഏതെന്നു പരിസ്ഫുടമായില്ല. യോഗീശ്വരന്റെ പ്രതിഭ, രൂപം, ചേഷ്ടാപ്രഭാവം, സ്വരം എന്നുവേണ്ട, നിശ്വാസഗന്ധംപോലും— ആ യുവാവെക്കൊണ്ടും ഒരു ത്രാടകവിദ്യാനുകരണം സാധിപ്പിച്ചു. ഗുരുശാസനീയമായ ഒരു സങ്കൽപംകൂടാതെ അനുഷ്ഠിക്കപ്പെട്ട ആ മഹത്തായ വിദ്യയുടെ ഫലം ഭിന്നകാലങ്ങളിലും ഭിന്നലിംഗങ്ങളിലും വിശേഷിച്ചും ഭിന്നപ്രകൃതിയിലും രണ്ടു സൃഷ്ടികൾ പരസ്പരബന്ധം കൂടാതെയും ഏകമാതൃകയിൽത്തന്നെ ഉണ്ടാകുന്നതു സംഭാവ്യമാണെന്നുള്ള ഒരു ആശ്ചര്യബോധമായിരുന്നു. തനിക്കു ബോദ്ധ്യമായ രൂപസാമ്യം അയാളുടെ മനസ്സിൽ അഭൂതപൂർവ്വമായുള്ള ആശ്ചര്യത്തെ ഉണ്ടാക്കി. എങ്കിലും, മീനാക്ഷിപ്രേമത്തിനും ശാശ്വതവിശ്വാസത്തിനും പാത്രമായ പരമസാധ്വിയും, തന്റെ മുമ്പിൽ നില്ക്കുന്ന പ്രതിച്ഛായ—പക്ഷ, അകാരണവും അവിഹിതവും ആയിരിക്കാം—വിദ്വേഷപാത്രമായുള്ള കൃത്രിമാസ്പദനും ആണെന്ന് ആ യുവാവു വ്യവച്ഛേദിച്ചു. യുവാവിന്റെ ഈർഷ്യാസ്തോഭത്തെക്കണ്ട്, താൻ മീനാക്ഷിയുടെ പ്രാർത്ഥനാനുസാരമായി അയാളെ കേശവപിള്ളയുടെ വക്രശൃംഖലകളിൽനിന്നു മോചനം ചെയ്‌വാൻ പോന്നിരിക്കയാണെന്നു യോഗീശ്വരൻ കരുണാമൃതവർഷത്തോടുകൂടി പ്രസ്താവിച്ചു. ഭൂവദനം തുറന്നു തന്നെ ഭക്ഷിച്ചുകളകയോ, അല്ലെങ്കിൽ ആകാശം തകർന്നുവീണു തന്നെ പരമാണുക്കളായി ധൂളീകരിക്കയോ ചെയ്താലും അങ്ങനെയുള്ള വിധിപ്രപാതത്തിന്റെ കർത്താവിനെ അവസാനശ്വാസത്തിലും അയാൾ ആരാധിക്കുമായിരുന്നു. എന്നാൽ, ആ യോഗിഖലന്റെ നാവിൽ ഉച്ചാരണകാലമാത്രമെങ്കിലും തന്റെ പരിശുദ്ധപ്രേമക്ഷേത്രമായ ‘മീനാക്ഷി’ എന്ന നാമധേയം ആവസിച്ചത്—ദുസ്സഹം!—പരമദുസ്സഹം!—ജന്മജന്മാന്തരങ്ങളിലും ക്ഷന്തവ്യമല്ലായിരുന്നു. യോഗീശ്വരനിൽ പണ്ഡിതഖലന്റെ ആഭിചാരചതുരനേയും തന്റെ പ്രണയവിഷയത്തിൽ ഒരു മത്സരിയേയും ആ യുവാവു ദർശനംചെയ്കയാൽ പുറംതിരിഞ്ഞു നിലകൊണ്ടു. യോഗീശ്വരൻ ആ ക്രിയയുടെ ദർശനമാത്രംകൊണ്ട് തന്റെ ശ്രമത്തിന്റെ ദുസ്സാമ്യതയെ സൂക്ഷ്മമാനംചെയ്തു.

ഹരിപഞ്ചാനനൻ: “വത്സാ! ശ്രീപത്മനാഭസങ്കേതത്തെ ഉപേക്ഷിച്ച്, നിന്നിലുള്ള വാത്സല്യംകൊണ്ട്, നിന്നോടു സംഗതനായിരിക്കുന്നക്ഷണകാലത്തെ സപ്രയോജനമാക്കാതെ വൃഥാസംഭാഷണംകൊണ്ടു വ്യർത്ഥമാക്കുന്നോ? ഇവിടെ വസിക്കുന്നു എങ്കിൽ നിന്റെ അവസാനം അടുത്തിരിക്കുന്നു. എന്നോടുകൂടി വ്യോമതരണം ചെയ്യുന്നതിനു സന്നദ്ധനാവുക. എന്നാൽ നിന്റെ പ്രിയതമയ്ക്കുവേണ്ടി നീ രക്ഷിക്കപ്പെടും. നമ്മുടെ ഗുണദോഷങ്ങളെ അംഗീകരിക്ക. നീ മഹാരാജാവെന്നു ഗണിക്കുന്ന പുരുഷൻ ചന്ത്രക്കാറനായ നമ്മുടെ ശിഷ്യപ്രഭുവിന്റെ ജീവനസമ്പത്തുക്കളേയും, അവിടത്തെ സേവകൻ നമ്മുടെ മീനാക്ഷി—അല്ലാ—

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/183&oldid=158453" എന്ന താളിൽനിന്ന് ശേഖരിച്ചത്