താൾ:Dharmaraja.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാരാജാവ് ആ രാത്രിയിലെപ്പോലെ പരമാനന്ദം അതിനുമുമ്പ് അനുഭവിച്ചിട്ടില്ലായിരുന്നു. കഥാരംഭംമുതൽ അവസാനം വരെ അരക്ഷണംപോലും വിശ്രമത്തിനോ ദാഹശാന്തിക്കോ നില്ക്കാതെയും, ശബ്ദത്തിനുക്ഷീണവും സ്വരവ്യക്തിക്കു ഭംഗവും കൂടാതെയും ശരീരത്തിൽ വിയർപ്പിന്റെ ലവലേശമില്ലാതെയും പ്രസംഗം ചെയ്‌വാൻ സാധിച്ച യോഗസിദ്ധിയുടെ മഹത്വത്തെ അവിടന്ന് അത്യന്തം പ്രശംസിച്ചു. തനിക്കുണ്ടായ ലഘുവായ വിഭ്രാന്തി ആ സിദ്ധന്റെ മുഖഗളിതമായുള്ള ഹരികഥാലാപനശ്രവണത്തിൽ ലയിച്ചുണ്ടായ ബ്രഹ്മാനന്ദഫലമെന്നു സ്വകാര്യമായി വിധിച്ച്, മഹാരാജാവ് ഹരിപഞ്ചാനനയോഗീശ്വരനെ തന്റെ സമീപത്തു വരുത്തി, ഒരു സ്വർണ്ണത്തളികയിൽ വിലയേറിയതായ ജോടിസാൽവയും സ്വർണപ്പഞ്ചപാത്രാദികളും വച്ച്, സംഭാവനയായി ദാനം ചെയ്തു. തന്റെ കരങ്ങളാൽ ലൗകികകൃത്യങ്ങൾക്ക് പ്രതിഫലസ്വീകാരം വർജ്ജിക്കപ്പെട്ടിരിക്കുന്നതാണെങ്കിലും, ശ്രീപത്മനാഭദാസന്റെ കരപദങ്ങളാൽ സമ്മാനിക്കപ്പെടുന്നതിനെ താൻ ആരാധിക്കുന്ന അംബികയ്ക്കു സമർപ്പിക്കപ്പെടുന്ന ഉപഹാരമായി സ്വീകരിക്കയേ നിവൃത്തിയുള്ളു എന്നു പ്രസംഗിച്ചും, തിരുമനസ്സിലേക്കു ദീർഘായുസ്സിനെ പ്രാർത്ഥിക്കാതെ, ആത്മസുഖത്തെ ആശംസിച്ചും, അദ്ദേഹം ആ സംഭാവനത്തെ സ്വീകരിച്ചു. ഈ സമ്മാനസ്വീകരണത്തിനിടയിൽ, മഹാരാജാവിന്റേയും യോഗീശ്വരന്റേയും കരങ്ങൾ പരസ്പരം സ്പർശിച്ചു. അപ്പോൾ ഹരിപഞ്ചാനനന്റെ നേത്രങ്ങൾ ഒരു വിശേഷകാർഷ്ണ്യത്തോടുകൂടി ഉജ്ജ്വലിക്കയും, “ആഹ! ഇച്ഛാനുസാരമായ എന്തു നല്ല അവസരം!” എന്ന് അദ്ദേഹം മനസ്സുകൊണ്ടു ചിന്തിക്കയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ കാപട്യകലുഷമായ നേത്രാന്തം ആയുധപാണികളായി നിൽക്കുന്ന അനവധി പരിചാരകന്മാരേയും, വിശേഷിച്ചും ശിലാബിംബംപോലെ നില്ക്കുന്ന വ്യാളിനേത്രനായ ജനറൽ കുമാരൻതമ്പിയേയും, മല്ലന്മാരായ ഭടജനങ്ങളേയും ദർശനംചെയ്കയാൽ സ്വാന്തർഗതത്തെ അന്തഃകോശങ്ങളിൽ നിഗുഹനംചെയ്യേണ്ടിവന്നു. യോഗീശ്വരനിൽ കാണപ്പെട്ട സ്തോഭങ്ങൾ സ്വസാന്നിദ്ധ്യം കൊണ്ടുണ്ടായതെന്നു മഹാരാജാവ് വ്യഖ്യാനിച്ചു. അദ്ദേഹത്തോടു മനസാ സ്നേഹപ്രതിജ്ഞചെയ്‌വാനും അവിടന്നു സന്നദ്ധനായി.

ഹരിപഞ്ചാനനന്റെ അനുഗാമികൾക്കും വിലയേറിയ സമ്മാനങ്ങൾ കൊടുത്ത് അദ്ദേഹത്തിനെ മഹാരാജാവു യാത്രയാക്കി എങ്കിലും, ഉടനെ നിദ്രാവിശ്രമത്തെ ആരംഭിക്കുന്നതിന് അവിടത്തേക്കു സൗകര്യം ലഭിച്ചില്ല. വിളറിയ മുഖത്തോടുകൂടി സർവ്വാധികാര്യക്കാർ അവിടത്തെ മുമ്പിൽ എത്തി വിറകൊണ്ടു നില്ക്കുന്നു. അസംഖ്യം കീഴ്ജീവനക്കാരും സംഭ്രമാധീനന്മരായി രാജമതത്തെ പ്രതീക്ഷിച്ച് അവിടവിടെ നിലകൊള്ളുന്നു. ഹൈദരാലിമഹാരാജാവിന്റെ സൈന്യം തിരുവിതാംകൂറിനെ ആക്രമിച്ചു എന്നുള്ള വർത്തമാനത്തെ ധരിപ്പിപ്പാൻ സർവ്വാധികാര്യക്കാർ എത്തിയിരിക്കുന്നു എന്ന് മഹാരാജാവു സംശയിച്ച്, തൊണ്ടയടച്ചും വിറച്ചും നിൽക്കുന്ന സർവ്വാധികാര്യക്കാരോടു വിശേഷമെന്തെന്നു ചോദ്യം ചെയ്തു.

സർവ്വാധികാര്യക്കാർ: “കല്പിച്ച്, ക്ഷമിച്ചു രക്ഷിക്കണം, ഇദ്ദേഹം. . . ഇദ്ദേഹം. . .”

മഹാരാജാവ്: “ഇദ്ദേഹം—എദ്ദേഹം? എന്തു ചെയ്തു? പറയൂ!”

സർവ്വാധികാര്യക്കാർ: “അയാളെ കാൺമാനില്ല—കൊണ്ടുപൊയ്ക്കളഞ്ഞു, പൊന്നുതമ്പുരാനേ, കൊണ്ടുപൊയ്ക്കളഞ്ഞു. അടിയങ്ങളുടെ വായിൽ മണ്ണുമടിച്ചു!”

മഹാരാജാവ്: “അനർത്ഥമായി! ഒരദ്ദേഹത്തിന്റെ കഥയെന്ത്? കാൺമാനില്ലാത്തതാരെ? പേരുകൾ പറഞ്ഞ് കഥ ഒതുക്കൂ. ഈ ബ്രഹ്മപ്രളയഭയപ്പാട് ഇവിടെക്കഴിഞ്ഞ രംഗത്തിനു ദൃഷ്ടിദോഷം തീരാനോ?”

സർവ്വാധികാര്യക്കാർ: “കേശവൻകുഞ്ഞെന്നു പറഞ്ഞ കൊലപാതകക്കാരനെ ഈ സ്വാമിയാരു കൊണ്ടു പൊയ്ക്കളഞ്ഞു പൊന്നുതമ്പുരാനെ! അതാണ് വായിൽ മണ്ണടിച്ചു എന്നറിയിച്ചത്!”

മഹാരാജാവ്: (ക്ഷമ അസ്തമിച്ച്) “എന്ത് കേശവൻകുഞ്ഞിനെ ഈ സ്വാമിയാരു കൊണ്ടുപോയോ? ഇതാരു സ്വപ്നം കണ്ടു?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/127&oldid=158391" എന്ന താളിൽനിന്ന് ശേഖരിച്ചത്