താൾ:Dharmaraja.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചന്ത്രക്കാറഭാസ്കരൻ ഭൂതചരിത്രസ്മൃതികൊണ്ട് ആ മഹമ്മദീയാഞ്ജനേയനാൽ ഭക്ഷിക്കപ്പെടുമെന്നു ഭയന്നപോലെ അരനിമിഷം അവിടെ താമസിക്കാതെ നടന്നുകളഞ്ഞു. പക്കീർസാ ചിരിച്ചുകൊണ്ട് ഉമ്മിണിപ്പിള്ളയുടെ പുറങ്കഴുത്തിൽ ഒരു വിരൽകൊണ്ട് ഒന്നു തലോടിവിട്ടു. അരനാഴിക കഴിഞ്ഞപ്പോൾ ആ സരസന്റെ നാസിക വാമകർണ്ണമുഖമായി വക്രിച്ചു പോയതായി കാണപ്പെട്ടു.


അദ്ധ്യായം പതിനാല്


“എല്ലാം വേണ്ടതുപോലെയാക്കി വരുവൻ
വേണ്ടാ വിഷാദോദയം.”


അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതിഅമ്മയോടു സംസാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാരം ദൗഹിത്രിയുടെ മൃണാളശീതളമായ അംഗുലികൾകൊണ്ടുള്ള പരാമർശനത്താലല്ല, മന്ത്രക്കൂടത്തു നാലുകെട്ടിന്റെ നടുമുറ്റത്തു പ്രചരിച്ച സൂര്യകിരണങ്ങളുടെ സ്പർശത്താലാണ് സുഖനിദ്രയിൽ നിന്നുണർത്തപ്പെട്ടത്. മീനാക്ഷിയുടെ ഭഗവൽസ്തോത്രകളഗീതത്തെ ശ്രവിച്ചുള്ള സുഖമാകട്ടെ, വാത്സല്യാതിരേകമായ ആലിംഗനമകട്ടെ തനിക്കു ലഭ്യമാകായ്കയാൽ, ആ ബാലിക ഉറക്കമുണർന്നിട്ടില്ലെന്നു വിചാരിച്ച്, വൃദ്ധ തന്റെ ദൗഹിത്രിയെ ഉണർത്തുന്നതിനായി മൃദുസ്വരത്തിൽ വിളിച്ചു. അതിനു പ്രതിശബ്ദമൊന്നും ഉണ്ടാകായ്കയാൽ അവർ എഴുന്നേറ്റ് നാലുകെട്ടിന്റെ പുറത്തിറങ്ങി തന്റെ കുമാരിയെ നോക്കിത്തുടങ്ങി. ആ പരിശോധനയും നിഷ്ഫലമായതു കൊണ്ട് സ്വല്പമൊരു പരിഭ്രമത്തോടുകൂടി കുപ്പശ്ശരെ വിളിച്ചു. തന്റെ നിരന്തരപരിചാരകനായ ആ ഭൃത്യനും വിളികേൾക്കുന്നില്ല. കിഴക്കോട്ടുള്ള പടിവാതൽ തുറന്നുകിടക്കുകയും ചെയ്യുന്നു. വൃദ്ധയുടെ നരച്ച കേശബന്ധം പിംഗളസടപോലെ ജൃംഭിച്ചു. ഉമ്മിണിപ്പിള്ളയ്ക്കു കാണപ്പെട്ടതുപോലെ അവരുടെ മുഖവിസ്തൃതി ഒന്നു വർദ്ധിച്ചു . വിശാലനേത്രങ്ങൾ യൗവനദശാവർത്തനത്താലെന്നപോലെ നീലിമകൊണ്ട് ഉജ്ജ്വലിച്ചു. ദ്രുതരക്തഗതികൊണ്ട് കണ്ഠദേശത്തിലെ രക്തനാളങ്ങൾ പീനങ്ങളായിത്തുടിച്ചു. വാമനേത്രത്തിന്റെ വലതുഭാഗത്തുള്ള ഒരു മറുക് തുടുതുടെ സ്ഫുരിച്ചു. വൃദ്ധയ്ക്കു ജീവധാരണത്തിലുണ്ടായിരുന്ന മോഹമാസകലം നഷ്ടമായി. ശൂലാഗ്രാരോഹണമായ ശിക്ഷയേയും അനശ്വരയശോമുദ്രയെന്നു ഗണിച്ച ആ നിസർഗ്ഗധൈര്യവതി അവമാനശങ്കാക്ഷോഭംകൊണ്ട് ദ്രാഹകർത്താവിന്റെ നേർക്ക് അതിരുഷ്ടയായി, സ്വജീവിതഹതിക്കും സന്നദ്ധയായി, തന്റെ പരദേവതയായ ചാമുണ്ഡിയെപ്പോലെ പ്രഭാവത്തോടുകൂടി, ശരീരത്തിന്റെക്ഷീണത്തേയും സൂര്യകിരണങ്ങളുടെ ഔഷ്ണ്യത്തേയും മറന്നു നിന്നു. തന്റെ കുടുംബപ്രതാപത്തെ ഉദ്ധാരണംചെയ്‌വാനുള്ള ബീജമായിക്കരുതിയിരുന്ന കന്യക ചന്ത്രക്കാറനാൽ അപഹരിക്കപ്പെട്ട് കുലഭ്രഷ്ടയായിത്തീർന്നിരിക്കുന്നു. ആ ദുർവൃത്തന്റെ ദുഷ്ടതയെ പ്രതിരോധിച്ച ഭക്തശിരോമണിയായ ഭൃത്യൻ വധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഉദിച്ച വിചാരങ്ങളോടൂടി, സർവ്വവീര്യവും സ്ഥൈര്യവും അസ്തമിച്ച് ആ മാന്യകുടുംബിനി വാതിലിനുനേർക്കുള്ള മുറ്റത്ത് മോഹാലസ്യപ്പെട്ടു വീണുപോയി.

പഥികനായുള്ള ഒരാൾ ഇങ്ങനെ ഒരു ശരീരം കിടക്കുന്നതു കണ്ട് അനാഥപ്രേതമെന്നു ശങ്കിച്ച്, ഓടിപ്പോയി താൻ കണ്ട സംഗതിയെ ചിലമ്പിനേത്തു ധരിപ്പിച്ചു. ആ സംഗതിയിൽ നിരപരാധിയായ ചന്ത്രക്കാറൻ അപ്പോൾ അവിടെ ഇല്ലായിരുന്നു എങ്കിലും, കഴക്കൂട്ടത്തു കുടുംബാവശിഷ്ടങ്ങളുടെ ഭാഗ്യംകൊണ്ട് അത്യുത്തമനായ ഒരു പ്രമാണി അവിടെ എത്തീട്ടുണ്ടായിരുന്നു. കേശവൻകുഞ്ഞിന്റെ ആപൽക്കഥയെ അറിഞ്ഞ് തന്റെ പുത്രന്റെ സഹായത്തിനായി, പാചകന്മാരായ മലയാളബ്രാഹ്മണരും, കാര്യസ്ഥന്മാരായ നായന്മാരും അനേകം ഭൃത്യരും ഒരുമിച്ചു പുറപ്പെട്ട രാഘവരുണ്ണിത്താൻ ചന്ത്രക്കാറനെക്കണ്ട് ആദ്യമായി വേണ്ട ആലോചനകൾ ചെയ്യുവാൻ ചിലമ്പിനേത്ത് ഇറങ്ങിയിരുന്നു. അദ്ദേഹത്തിന് ചിലമ്പിനേത്തുള്ള മഠത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/113&oldid=158376" എന്ന താളിൽനിന്ന് ശേഖരിച്ചത്