താൾ:സുധാംഗദ.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്ജ്വലിക്കുന്നു ഹിമാലയസാനുവി—
ലുൽക്കടഗ്രീഷ്മാന്തമദ്ധ്യാഹ്നദീപ്തികൾ
ചില്ലകൾ വിണ്ണിലുരുമ്മിപ്പലപല
വല്ലികൾ ചുറ്റിയ മാമരച്ചാർത്തുകൾ
ചാ,ഞ്ഞിലപ്പച്ചപ്പടർപ്പാൽ തടുക്കിലും
ചോർന്നുവീഴുന്നുണ്ടരുണ മരീചികൾ;
ഈടാർന്ന വെള്ളവിരിച്ചപോൽ ചുറ്റിലും
മൂടിക്കിടക്കും ഹിമതളിമങ്ങളിൽ!
മഞ്ഞുരുകീടവേ വെയ്‌ലി,ലങ്ങൊക്കെയും
മിന്നുന്നിതായിരം വർണ്ണപ്പകിട്ടുകൾ!
ചേലി,ലുയരെ, മരങ്ങൾ മരതക—
മേലാപ്പൊരുക്കിയിട്ടുള്ളതിന്മീതെയായ്
ഒന്നിൻമുകളിൽ മറ്റൊന്നായൊഴിയാതെ
വന്നേറിനിൽക്കുന്നു വെണ്മേഘപാളികൾ.


ഏതുനേരത്തും തണലൊഴിയാത്തൊര—
ശ്ശീതളശ്യാമളകാനനഭൂമിയിൽ
സദ്രസംചെയ്‌വതുണ്ടെപ്പോഴുമേകാന്ത—
നൃത്തമൊരേതോ മഹിതപ്രശാന്തത.
പ്രാണഹർഷത്താൽ തളർന്നലക്കൈകളാൽ
വീണവായിച്ചു രസിച്ചുകൊണ്ടങ്ങനെ
മന്ദാകിനിതൻ വിശാലവക്ഷസ്സിലായ്
ചെന്നു തലചാച്ചിടുന്നു പൂഞ്ചോലകൾ.
പൂത്തും തളിർത്തും കുളിർക്കാറ്റിൽ മർമ്മരം
വാർത്തുമിളകിക്കുണുങ്ങും മരങ്ങളിൽ
പാടിപ്പറന്നു കുയിലുകൾ കൂടുമ്പോ—
ളാടുന്നു പീലിവിടുർത്തി മയിലുകൾ.
ദൂരെയും ചാരെയും കൂകിപ്പലമട്ടു
പാറിപ്പറന്നു കളിക്കുന്നു പക്ഷികൾ!
ആലോലവായുവൊന്നെത്തുമ്പോഴേയ്‌ക്കുമൊ—
രായിരം പൂക്കളടർന്നുതിർന്നീടവേ;
പാവാട ചുറ്റും വിരി,ച്ചതിൽ രത്നങ്ങൾ
പാകിയപോലുല്ലസിക്കുന്നിതസ്ഥലം!

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/38&oldid=174570" എന്ന താളിൽനിന്ന് ശേഖരിച്ചത്