താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകട്ടെ, ജനങ്ങളുടെ പ്രതിനിധികളാണ് കാര്യാലോചന നടത്തുന്നത്. ഒരു നാട്ടിലെ ജനങ്ങൾക്ക് പൊതുവിൽ ദോഷകരമായ വല്ല വ്യവസ്ഥകളും ആ നാട്ടിലെ സർക്കാർ ഏർപ്പെടുത്തുന്നു എന്നിരിക്കട്ടെ, അല്ലെങ്കിൽ, ഒരു താലൂക്കുകാർ കൃഷിപ്പിഴ നിമിത്തം കരം കൊടുപ്പാൻ എന്നല്ല, ഉപജീവനം കഴിപ്പാൻകൂടി, കഷ്ടപ്പെടുന്നു എന്നിരിക്കട്ടെ; ഇത്തരം സംഗതികളിൽ, പൊതുജനങ്ങളുടെ സങ്കടങ്ങളെപ്പറ്റി പറവാനും സർക്കാരിനോടു സൗജന്യം അപേക്ഷിപ്പാനുമായി അവർ തന്നെ യോഗം കൂടുന്നു. ഈ മഹാജനയോഗങ്ങൾ അവ്യവസ്ഥയിൽ കൂടുന്നതാകകൊണ്ട്, നഗരപരിപാലനസഭ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ യോഗനടപടികളെപ്പറ്റി റിപ്പോർട്ടു ചെയ്യാൻ ഉണ്ടാകാറുള്ള സൗകര്യം ഇവയിൽ ഉണ്ടാകാറില്ല. അതിനാൽ, യോഗം കൂടുന്നതിന്നും കുറേ നേരം മുമ്പു യോഗസ്ഥലത്ത് എത്തിയിരിപ്പാൻ ആണ് റിപ്പോട്ടർ ഒന്നാമതായി ഉത്സാഹിക്കേണ്ടത്. കാലേക്കൂട്ടി എത്തിയാൽ യോഗോദ്ദേശങ്ങൾ എന്താണെന്നും, യോഗത്തിൽ ആരൊക്കെ പ്രസംഗിപ്പാൻ നിശ്ചയിച്ചിട്ടുണ്ടെന്നും, എന്തെല്ലാം പ്രമേയങ്ങളെപ്പറ്റി നിശ്ചയങ്ങൾ ചെയ്‌വാൻ ആലോചിച്ചിട്ടുണ്ടെന്നും മുൻകൂട്ടി അറിവാൻ കഴിയും. പ്രസംഗകർത്താക്കന്മാരുടെ പേരുകൾ, അവർ പ്രസംഗിപ്പാൻ നിശ്ചയിച്ചിരിക്കുന്ന പ്രമേയങ്ങൾ, യോഗസമക്ഷം വായിപ്പാൻ വെച്ചിട്ടുള്ള രേഖകൾ എന്നിതുകളൊക്കെ പകർത്തെഴുതി വെയ്ക്കാം. വൈകി എത്തിയാൽ ഇതിന്നു സാധിക്കയില്ല; പക്ഷേ, സംഗതികൾ കുറിച്ചെടുക്കുന്നതിനു സൗകര്യപ്പെട്ട സ്ഥാനം ലഭിച്ചില്ലെന്നും വരും.

മഹാജനയോഗങ്ങളിൽ ഹാജറായി നടപടികൾ കുറിച്ചെടുക്കുന്നത് ഏറെക്കുറെ ശ്രമാവഹമായ പണിയാണ്. യോഗങ്ങളിൽ ചേരുവാൻ ഇത്രയെണ്ണം ആളുകളെ ഉണ്ടാവൂ എന്നു വ്യവസ്ഥയില്ല; ആയരമോ, അയ്യായിരമോ, പതിനായിരമോ ആൾ ചേരുന്നുണ്ടായിരിക്കാം. ഇവരെയൊക്കെ കൊള്ളുവാൻ തക്ക പ്രസംഗശാലകൾ ഉണ്ടായിരുന്നില്ലെങ്കിൽ, മൈതാനങ്ങളിലോ, മറ്റു വെളിപ്പുറങ്ങളിലോ യോഗം ചേർന്നു എന്നു വരാം. സമുദ്രത്തിൽ അലയടിച്ചുകയറും പോലെ, ജനസമൂഹം തിക്കിത്തിരക്കിക്കയറുന്നുണ്ടായിരിക്കാം. ഇവരുടെ ഇടയിൽ കടന്ന് എങ്ങനെയാണ് നടപടി