താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എപ്പോഴും, ബുദ്ധിസ്ഥൈര്യത്തോടുകൂടിയിരിക്കുകയാകുന്നു. ഇതിന്റെ അർത്ഥം, ബുദ്ധിക്ക് വിപ്ലവം ഉണ്ടാക്കുന്നതായ യാതൊന്നും സേവിക്കരുതെന്നാണ്. പത്രക്കാരന്റെ പണി വളരെ ക്ലേശകരമാണെന്നിരിക്കയാൽ, ക്ലേശങ്ങൾ അറിയാതെയിരിക്കുന്നതിനുവേണ്ടി, ലഹരിപേയങ്ങൾ സേവിക്കുന്നത് നല്ലതാണെന്നു ചിലർ കരുതുമാറുണ്ട്. മദ്യസേവകൊണ്ടു, ബുദ്ധിശക്തിക്കു ക്ഷയം തട്ടുന്നതും, ഗുണാഗുണനിർണ്ണയം ചെയ്യാൻ സാധ്യമല്ലാതെയാകുന്നതുമാണ്. പത്രക്കാരൻ ഏകാഗ്രചിത്തനായിരുന്നു തന്റെ പ്രവൃത്തിയെ ഒരു ന്യായാധിപന്നൊപ്പം നടത്തേണ്ടവനാകയാൽ, ന്യായാന്യായ വിചാരണശക്തിയെ ശിഥിലമാക്കുന്ന ദുശ്ശീലങ്ങൾക്കു വഴിപ്പെട്ടുകൂടാത്തതാകുന്നു. ഇവയ്ക്കെല്ലാറ്റിനും മീതെ നിൽക്കുന്ന ഒരു സദാചാരകാര്യമാണ് കൈക്കൂലിയെ സംബന്ധിച്ചുള്ളത്. തന്റെ ദൂഷ്യങ്ങളെ മറയ്ക്കുവാനോ എതിരാളിയെ മറിയ്ക്കുവാനോ തനിക്കില്ലാത്തതായ ഗുണങ്ങളെ ഉള്ളതാക്കി സ്തുതിപ്പാനോ, അന്യന്റെ മേൽ ദോഷം ആരോപിപ്പാനോ, പത്രക്കാരന്ന് കൈക്കൂലി കൊടുത്താൽ സാധ്യമാകും എന്ന് വിചാരിക്കുന്നവർ ഉണ്ട്. ഇങ്ങനെ വിചാരിക്കുവാൻ പത്രക്കാരർ ചിലർ സംഗതിയുണ്ടാക്കാറുമുണ്ട്. കൈക്കൂലി പല തരത്തിലാവാം. ഒരു സർക്കാരുദ്യോഗസ്ഥന്റെയോ പ്രഭാവശാലിയായ മറ്റൊരുവന്റെയോ സംഗതിയിൽ, പത്രക്കാരന്ന് പണം കൊടുക്കുന്നതായ് വരാം; അവന്റെ സ്വന്തം കാര്യങ്ങൾ ഫലപ്പെടുത്തിക്കൊടുക്കുന്നതായ് വരാം; അവന് ആദായമുണ്ടാക്കത്തക്ക പണികൾ ഏൽപിച്ചുകൊടുക്കുന്നതായ് വരാം; കൂലികിട്ടുന്നതായുള്ള സർക്കാർവക പരസ്യങ്ങൾ അവന്റെ പത്രത്തിലെക്കയച്ചുകൊടുക്കുന്നതായ് വരാം; ചിലപ്പോൾ പത്രക്കാരന്ന് സാപ്പാടും 'കൈമടക്കു'കളും കൊടുക്കുന്നതായ് വരാം; ചിലപ്പോൾ അവന് വീരശൃംഖലയോ, മോതിരമോ, വളയോ സമ്മാനമായിട്ട് കൊടുപ്പിക്കുന്നതായ് വരാം; ചിലപ്പോൾ, അവനെ സർക്കാരുദ്യോഗസ്ഥന്റെ ഒപ്പം കൊണ്ടുനടക്കുന്നതായ് വരാം. ഇപ്രകാരമുള്ള കൈക്കൂലികൊണ്ട് പത്രക്കാരെ പാട്ടിലാക്കി, പൊതുജനകാര്യങ്ങൾ, ജനതയുടെ ഹിതത്തിനു വിപരീതമായി, പ്രവർത്തിപ്പിക്കുന്നവരും, അതിന്നായി ആഗ്രഹിക്കുന്നവരും മലയാള രാജ്യങ്ങളിൽ സാധാരണമാണെന്നു പറയുന്നത് നിശ്ശേഷം അവാസ്തവമല്ലാ. ജനങ്ങൾ