താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർഗ്ഗമില്ല. അതാതു സമയങ്ങളിൽ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കു വിഷയമായിത്തീർന്നിരിക്കുന്ന സംഗതികളെക്കുറിച്ചു മുഖപ്രസംഗങ്ങൾ ചെയ്യുന്നതാണു യുക്തമായുള്ളത്. ഇവയിൽ ജനസമൂഹത്തിന്റെ അഭിപ്രായഗതികൾ വിചാരങ്ങൾ, ശങ്കകൾ, നിന്ദനങ്ങൾ, മുതലായവയൊക്കെ പ്രതിഫലിപ്പിച്ചിരിക്കണം. ഭാഷയ്ക്കു എത്രമേൽ സൗഷ്ഠവം ആകാമോ അത്രയും വരുത്തണം. വായനക്കാരനെ താൻ അറിയാതെ ബഹുദൂരം ആകർഷിച്ചുകൊണ്ടു പോകത്തക്ക രചനാസാമർത്ഥ്യം മുഖപ്രസംഗത്തിൽ പ്രയോഗിച്ചിരിക്കണം. മുഖപ്രസംഗമെഴുതുകയെന്നതു ഒരു കലാവിദ്യയാണെന്നു ധരിച്ചുവേണം എഴുതുവാൻ. പ്രസംഗം വായിച്ചുകഴിയുമ്പോൾ, വായനക്കാരന്റെ ഉള്ളിൽ പ്രസംഗവിഷയം നല്ലവണ്ണം പതിഞ്ഞിരിക്കത്തക്ക വാചകങ്ങളേ ഉപയോഗിക്കാവൂ. അവന്റെ ഗ്രഹണശക്തിയെ ശിഥിലമാക്കുന്ന പ്രകാരത്തിൽ അർത്ഥത്തെ കവിഞ്ഞ് വാക്കുകൾ ഉപയോഗപ്പെടുത്തരുത്. ഇതിലേക്കൊക്കെ, മുഖപ്രസംഗമെഴുത്തുകാരന്നു അവശ്യം വേണ്ടതായ ഗുണം, പൊതുജനങ്ങളുടെ ഉള്ളിനെ അറിയുക എന്നുള്ളതാണ്. മുഖപ്രസംഗം എഴുതുന്ന ആൾ മനസ്സങ്കല്പത്താൽ ബഹുജനങ്ങളുടെ ഉള്ളിൽ കടന്നുചെന്നു, അവിടെ ആ വിഷയത്തെപ്പറ്റിയുണ്ടാകുന്ന വിചാരങ്ങളേയും വേദനങ്ങളേയും കണ്ടറിഞ്ഞ് തന്റെ ഉള്ളിൽ പകർത്തണം. ഈ നിലയിലുരുന്നുകൊണ്ടും എഴുതുമ്പോൾ മാത്രമെ, മുഖപ്രസംഗം പത്രവായനക്കാരുടെ ചിത്തങ്ങളെ ആകർഷിച്ചു ഇളക്കിമറിയ്ക്കു. ഇങ്ങനെ എഴുതുന്നവന്നു അവശ്യത്തിലധികമായ വാക്കുകൾ തൂവൽതുമ്പത്തു വന്നുചേരുകയില്ല. നേരെമറിച്ചു ഏതാനും പദങ്ങൾ ഉരുവിട്ടുവെച്ചുങ്കൊണ്ടു, അവയെ മുഖപ്രസംഗങ്ങളിൽ ഉപയോഗിപ്പാൻ നിശ്ചയിച്ച് വിഷയം തേടിപ്പിടിച്ചിട്ട്, ആ വിഷയത്തിന്റെ ഓരോ ഭാഗങ്ങൾ ഓരോരോ പദാവലിക്കരുവിൽ വാർത്തൊഴിച്ചുകൊണ്ടിരുന്നാൽ പത്രവായക്കാർക്കു മനസ്സുമടുപ്പുണ്ടാകും.

മുഖപ്രസംഗമെഴുതേണ്ട സമ്പ്രദായമെന്താണ്? വിശേഷാൽ ഒരു സമ്പ്രദായവും ചട്ടമാക്കീട്ടില്ല എന്നു ഉത്തരം പറയാം. സാധാരണമായി ഒരു വിഷയത്തെപ്പറ്റി ഒരു