താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രന്ഥശോധകന്റെ കൃത്യം മുഖ്യമായും, കലാകുശലന്റെ ചിട്ടകളെ പ്രസംഗിപ്പാനോ, ബഹുജനങ്ങളെ വിനോദിപ്പിക്കാനോ, അല്ലാ-ഭാഷ്യകാരനായിരുന്ന് വ്യാഖ്യാനിപ്പാനാണ്, എന്നു ഓർമ്മവെയ്ക്കണം. അതാതു വിഷയങ്ങളിൽ പരിജ്ഞാനവും, തന്റെ അഭിപ്രായങ്ങളെ എഴുതി ഫലിപ്പിക്കാനുള്ള നൈപുണ്യവും മാത്രം ഉണ്ടായിരുന്നാൽ പോരാ; ഗ്രന്ഥവിഷയത്തെ അഴിച്ചുപിരിച്ച്, വകയും തുകയും തിരിച്ച് മനോദൃഷ്ടിക്കു മുമ്പിൽ നിരത്തിവെപ്പാൻ തക്ക മനോധർമ്മവും, അതിലേക്കുവേണ്ട അക്ഷീണമായ കരുണസ്വഭാവവും ഉണ്ടായിരിക്കണം. ഗ്രന്ഥകർത്താവിന്റെ അഥവാ ഒരു ചിത്രകാരന്റെ തന്നെയാകട്ടെ ഉദ്ദേശ്യം എന്താണെന്നു കണ്ടുപിടിപ്പാൻ പരിശേധകന്നു ഈ അക്ഷീണമായ കരുണ സ്വഭാവം മുഖ്യാവശ്യമാണ്; ഇതില്ലാഞ്ഞാൽ, പരിശോധകൻ എത്ര വളരെ മിടുക്കു ഗ്രന്ഥവിഷയാപഗ്രഥനകാര്യത്തിൽ പ്രകടിപ്പിച്ചാലും, നിരൂപണം ഒന്നാന്തരമാകയില്ല. 'കുറവും കുറ്റവും നോക്കിപ്പറവാൻ' പ്രയാസമൊട്ടുമില്ല; അത് ഏതു ഭോഷനും കഴിയും; ബുദ്ധിമാനായിരുന്നാൽ അതു രസകരമായും ഉത്തേജകമായുമുള്ള വിധത്തിൽ പറയുവാൻ സാധിക്കും. പിന്നെ ആശാരിയുടെ അളവുകോലിന് അളന്നുനോക്കി നീളം കുറഞ്ഞുവെന്നോ, ഏറിപ്പോയി എന്നോ, ആക്ഷേപം പറവാനും, രാസശോധകന്റെ ശോധനക്കുഴലിൽ ആക്കി ഓരോരോ ദ്രാവകങ്ങളുടെ പ്രയോഗംകൊണ്ട് ഇന്നയിന്ന തത്വപദാർത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ഇന്നതിന്നതില്ലെന്നും നിർണ്ണയിച്ചു വിധിപ്പാനും ഇക്കാലത്തെ പുസ്തക പരിശോധകൻ ബുദ്ധി ചുഴിയുകയും വേണ്ടാ. ഗുണദോഷ നിരൂപണം കൊണ്ട് ഒരുവനെ ഹനിക്കുന്നതിനല്ലാ, അവനെ നന്നാക്കുവാനാണ് ഉദ്ദേശിക്കേണ്ടത്. ഇതിന്ന് അവന്റെ നിലയെന്തെന്നറിയുക അത്യാവശ്യമാകുന്നു. ഒരുവൻ ഒരു ജനസംഘമധ്യേ പ്രസംഗിക്കുന്നു എന്നും, അവന്റെ പ്രസംഗത്തെപ്പറ്റി ഗുണാഗുണനിരൂപണം ചെയ്യേണ്ടിയിരിക്കുന്നു എന്നും വിചാരിക്കുക. പ്രസംഗത്തിലെ വാചകങ്ങൾ വ്യാകരണ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നോ, അതിൽ യുക്തിയില്ലാ എന്നോ, മറ്റോ നിഷേധം ചെയ്യുന്നതുകൊണ്ടു കാര്യമാകയില്ല; അവന്റെ പ്രസംഗത്തിന് ജനങ്ങളെ ആകർഷിപ്പാൻ ശക്തിയുണ്ടായിരുന്നുവോ, ഇല്ലായിരുന്നുവോ? അതിനു കാരണമെന്ത്? ഇതാണ് നിരൂപണം