താൾ:ഭാസ്ക്കരമേനോൻ.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
71


ഈവക സൗകൎൎയ്യങ്ങൾ ആലോചിച്ചിട്ടായിരിക്കാമെങ്കിലും അവിശ്വാസംകൊണ്ടോ മറ്റോ ഒന്നാമന്റെ ഒച്ച പൊങ്ങുംതോറും രണ്ടാമന്റെ മുഖത്തു സ്ഫുരിച്ചിരുന്ന അസ്വാസ്ഥ്യം വർദ്ധിച്ചുവരികയും, അയാൾ ഇടയ്ക്കിടെ ഇരുവശത്തേക്കും പകച്ചു നോക്കുകയും, ഉടനെതന്നെ ഒന്നാമന്റെ നേരെ തിരിഞ്ഞു വിരലുകളെക്കൊണ്ടു പതുക്കെ പറയുവാൻ ആംഗ്യങ്ങൾ കാണിക്കയും ചെയ്തിരുന്നു. എന്നാൽ ഒന്നാമൻ ഇതൊന്നും വകവച്ചിരുന്നില്ല. ഒടുവിൽ രണ്ടാമൻ മടിക്കുത്തിന്മേൽ കൈവച്ചതോടുകൂടി വ്യസനപരവശനും കോപാന്ധനും ആയി പിന്നാക്കം മാറിയപ്പോൾ അയാൾ ഓൎക്കാതെ ചെന്നു കൈതയിന്മേൽ കേറുകയും, മുണ്ടു കീറി തുട വ്രണപ്പെടുകയും ചെയ്തു.

ഇവർ സംഭാഷണം നിറുത്തി പിരിഞ്ഞപ്പോൾ അടവി മുഴുവനും അന്ധകാരംകൊണ്ടു നിറഞ്ഞുകഴിഞ്ഞു. പരിചയഭേദംകൊണ്ടോ മറ്റോ രണ്ടാമനു അപകടമൊന്നുംകൂടാതെ വഴി തിരിഞ്ഞുനടക്കുവാൻ സാധിച്ചുവെങ്കിലും, വേരു തടഞ്ഞിട്ടും മരത്തിന്മേൽ അടിച്ചിട്ടും, മുള്ളു തറച്ചിട്ടും വീണിട്ടും പൊട്ടീട്ടും ഒന്നാമൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും സങ്കടങ്ങൾക്കും അവധിയില്ലായിരുന്നു.


"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/77&oldid=173990" എന്ന താളിൽനിന്ന് ശേഖരിച്ചത്