താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മസോത്ത് - പെസാ തിരുനാൾ

ജൂതരുടെ വർഷഗണന ചാന്ദ്രമാസത്തെ ആസ്പദമാക്കിയായതിനാൽ തിരുനാളും വിളവെടുപ്പും തമ്മിൽ ചേരാതെ വരും. ഈ പ്രശ്നം അവർ പരിഹരിച്ചത് രസകരമായ ഒരു രീതിയിലാണ്. തലേവർഷത്തിന്റെ അവസാനമാസം പുരോഹിതർ വിളവിന്റെ അവസ്ഥ പരിശോധിക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം വിളവെടുക്കാൻ കഴിയുമെങ്കിൽ അതിനുമുമ്പുവരുന്ന അമാവാസി പുതുവർഷാരംഭമായി പ്രഖ്യാപിക്കും; പൗർണമിയിൽ പെസ്സായും. വിളവെടുക്കാൻ താമസമുണ്ടെങ്കിൽ ഒരു മാസം കൂടി കഴിഞ്ഞേ പുതുവർഷം തുടങ്ങൂ. അപ്പോൾ തലേവർഷത്തിനു 13 മാസമുണ്ടാകുമെന്നർഥം.

കുറെ കാലത്തിനുശേഷം ജൂതർ ഈ രീതി ഉപേക്ഷിച്ച് 19 വർഷത്തിന്റെ ഒരു സ്ഥിരചക്രം കണ്ടെത്തി. 12 ചന്ദ്രമാസങ്ങളുള്ള 12 വർഷങ്ങളും 13 ചന്ദ്രമാസങ്ങളുള്ള 7 വർഷവും ചേർന്നതായിരുന്നു ആ ചക്രം. സോളമൻ രാജാവ് (ക്രി.മു. 1015 – 980) വർഷാരംഭം മാറ്റി 'അബീ ബ്' ആക്കി. നമ്മുടെ ചിങ്ങമാസമാണ് അവരുടെ അബീബ്. (അതുതന്നെയാണ് ബാബിലോണിയരുടെ 'അബ്ബ'വും സിറിയക്കാരുടെ 'ആബ്'ഉം.)

2.3 പഞ്ചാംഗം

കാലഗണനയിൽ പ്രധാനപ്പെട്ട ഒരിനമാണ് പഞ്ചാംഗം. ഭാരതീയരുടെ ജീവിതക്രമവും ആരാധനാക്രമവും എല്ലാം അതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

എന്താണ് പഞ്ചാംഗം എന്നു പറഞ്ഞാൽ? നക്ഷത്ര-വാര-തിഥി-കരണ-യോഗങ്ങൾ ചേർന്നതാണ് പഞ്ചാംഗം എന്നു പറയാം. എല്ലാം കാലത്തിന്റെ മാത്രകൾ തന്നെ.

വാരം: ഹോരശാസ്ത്രപ്രകാരം രാഹുവും കേതുവും തമോഗ്രഹങ്ങൾ. ബാക്കിയുള്ള 7 ഗ്രഹങ്ങൾ ആഴ്ചകളുടെ ദിവസങ്ങളായി വരുന്നു. ഞായർ, തിങ്കൾ... എന്ന ക്രമം എങ്ങനെ വന്നു? ഭൂമിയിൽ നിന്നു നോക്കുമ്പോൾ രാശിചക്രത്തിലൂടെ ഗ്രഹങ്ങൾ സഞ്ചരിക്കുന്നതായി നാം കാണുന്ന വേഗതയ്ക്കനുസരിച്ച് അവയെ ആരോഹണക്രമത്തിൽ ശനി, വ്യാഴം, ചൊവ്വ, സൂര്യൻ, ശുക്രൻ, ബുധൻ, ചന്ദ്രൻ എന്നിങ്ങനെ എഴുതുന്നു. ശനി (മന്ദൻ) ഏറ്റവും മന്ദഗതിയിലും ചന്ദ്രൻ ഏറ്റവും വേഗത്തിലും രാശികളിലൂടെ ചരിക്കുന്നു. അതേ ക്രമത്തിൽ ഗ്രഹങ്ങളെ ദിവസത്തിന്റെ 24 ഹോരകൾക്ക് (ഹോര=മണിക്കൂർ) നാഥന്മാരായി കൽപിക്കുന്നു. ദിവസത്തിന്റെ ആദ്യഹോരയ്ക്ക് നാഥനായി വരുന്ന ഗ്രഹത്തിന്റെ പേരായിരിക്കും ആ ദിവസത്തിന്. ഉദാഹരണത്തിന്, ഒരു ദിവസം ആദ്യഹോരയ്ക്ക് നാഥനായി സൂര്യനെ കൽപിക്കുന്നു എന്നിരിക്കട്ടെ, അന്നു ഞായറാഴ്ച. അന്നു തന്നെ രണ്ടാംഹോരയ്ക്ക് ശുക്രനും മൂന്നിന് ബുധനും നാലിന് ചന്ദ്രനും അഞ്ചിന് ശനിയും ആറിന് വ്യാഴവും ഏഴിനു ചൊവ്വയും നാഥനാകും. എട്ടാം ഹോരയ്ക്കു വീണ്ടും സൂര്യൻ. ഈ ക്രമം ആവർത്തിച്ചാൽ 15നും 22നും സൂര്യൻ തന്നെ നാഥൻ. 23ന് ശുക്രനും 24ന് ബുധനും; ദിവസം തീർന്നു. സ്വാഭാവികമായും പിറ്റേ ദിവസം ആദ്യഹോരയ്ക്ക് ചന്ദ്രനാണ് നാഥൻ. അതുകൊണ്ട് അന്ന് തിങ്കളാഴ്ച. ഈ വിധത്തിൽ ഒരു ദിവസത്തെ ആദ്യഹോരയ്ക്ക് എല്ലായ്പോഴും തലേദിവസത്തെ ദിനനാഥനിൽ നിന്ന് നാലാമത്തെ ഗ്രഹം നാഥനായി വരുമെന്നുകാണാം. (ബാബിലോണിയരുടെ ഒരു തമാശ എന്നതിലപ്പുറം ഈ ക്രമത്തിന് ജ്യോതിശാസ്ത്രപരമായ പ്രാധാന്യമൊന്നുമില്ല. അവരുടെ ലിഖിതങ്ങളിലാണ് ഈ രീതി ആദ്യം പ്രത്യക്ഷപ്പെടുന്നത്).

നക്ഷത്രം: 27 നക്ഷത്രങ്ങളെ നാം പരിചയപ്പെട്ടു. ആകാശത്ത് 13 ഡിഗ്രി 20 മിനിട്ട് (അഥവാ 13 ഭാഗ 20 കല=800 കല) വരുന്ന ആകാശ ഭാഗമാണ് ഒരു നക്ഷത്രം അഥവാ നാൾ. ഏതു ദിവസത്തെ നക്ഷത്രവും അറിയാൻ അന്നത്തെ ചന്ദ്രസ്ഫുടം അറിഞ്ഞാൽ മതി. സൂര്യോദയസമയത്തെ ചന്ദ്രസ്ഫുടം പഞ്ചാംഗത്തിൽ കൊടുത്തിരിക്കും. ഉദാഹരണത്തിന് ഒരു ദിവസത്തെ ചന്ദ്ര