താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുതിയ വ്യാപാര സമുഹവും ബുദ്ധമതത്തിന്റെ വ്യാപനത്തിനു പ്രധാനകാരണമായിരുന്നു. തൊഴിലെടുക്കാതെ പരാദ ജീവികളായി കഴിയുന്ന പുരോഹിതർക്ക് സമൂഹത്തിലുണ്ടായിരുന്ന അമിതമായ സ്വാധീനം, മൃഗബലികളും മറ്റും സൃഷ്ടിക്കുന്ന നഷ്ടം,സമൂഹത്തിൽ സമ്പത്ത് സൃഷ്ടിക്കുന്ന വ്യാപാരികളും കൈത്തൊഴിൽക്കാരും അവഗണിക്കപ്പെടുന്ന അവസ്ഥ ഇതെല്ലാം വലിയ അസംതൃപ്തി സൃഷ്ടിക്കുകയായിരുന്നു. ഇതിനെതിരെയാണ് ജൈനനും ബുദ്ധനും ശബ്ദമുയർത്തിയത്. ജൈനൻ അഹിംസയ്ക്ക് അമിതമായ ഊന്നൽ നല്കിയപ്പോൾ ബുദ്ധൻ ബലികളെ എതിർക്കുകയും പക്ഷേ, മാംസം ഭക്ഷിക്കുന്നതിനെ നിരോധിക്കാതിരിക്കുകയും ചെയ്തു. ഇതും വ്യാപാരി സമൂഹത്തോടുള്ള സൗഹൃദ സമീപനവും കൊണ്ടാകാം, ബുദ്ധമതത്തിന് സമൂഹത്തിൽ ജൈനമതത്തേക്കാൾ കൂടുതൽ സ്വീകാര്യത കൈവന്നത്.

ജ്യോത്സ്യം പോലുള്ള പഴഞ്ചൻ വിശ്വാസങ്ങളും ചൂഷണരീതികളും വളർന്നു വരുന്ന ഈ സമൂഹത്തിന് ഒട്ടും ആകർഷകമായിരുന്നില്ല. സ്വാഭാവികമായും ബുദ്ധൻ അതിനെ തള്ളിപ്പറയാൻ തയ്യാറായി.

ക്രിസ്തുവിനുശേഷം രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ‘ശാർദൂല കർണാവദാനം’ എന്ന ഗ്രന്ഥത്തിൽ അധഃകൃതജാതിയിൽ പെട്ട ഒരാൾ ഗണിത ജ്യോതിശാസ്ത്രത്തിലും നക്ഷത്രസ്ഥാനങ്ങൾ വെച്ച് മുഹൂർത്തം ഗണിക്കുന്നതിലും പ്രാവീണ്യം കാട്ടിയതായി പറയുന്നുണ്ട്. അധഃകൃതർ ബ്രാഹ്മണരേക്കാൾ ബുദ്ധിശക്തിയിൽ ഒട്ടും മോശമല്ല എന്നു തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം. ചന്ദ്രൻ ഓരോ നക്ഷത്രത്തിലും നിൽക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവവും പ്രത്യേകതകളും ഓരോ നക്ഷത്രത്തിലും ചന്ദ്രഗ്രഹണം നടന്നാലുണ്ടാകുന്ന ഫലവുമൊക്കെ അതിൽ ചർച്ച ചെയ്യുന്നുണ്ട്. സൗരരാശികളെക്കുറിച്ച് അതിൽ പ്രതിപാദിക്കുന്നില്ല. ഈ കൃതിയും ക്രി.വ. 250ൽ ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.

5.5 സിദ്ധാന്ത കാലഘട്ടം

‘വേദാംഗ ജ്യോതിഷ’ത്തിനു ശേഷം ഭാരതീയ ജ്യോതിഷത്തിന് ഊർജസ്വലത കൈവരുന്നത് ഗ്രീക്ക്-റോമൻ ജ്യോതിശാസ്ത്രങ്ങളുടെ ആഗമനത്തോടെയാണ്. ക്രിസ്തു വർഷാരംഭത്തോടെ (ഒരു പക്ഷേ ഒരു നൂറ്റാണ്ടു മുമ്പും ആകാം) ആയിരുന്നു ഇത്. അതോടെ ചാന്ദ്രരാശികൾക്കൊപ്പമോ അതിൽ കൂടുതലോ പ്രാധാന്യം സൗരരാശികൾ നേടിയെടുത്തു. കലണ്ടർ നിർമാണം കൂടുതൽ യുക്തിസഹമായി. ആകാശത്തിൽ കൃത്യമായ അങ്കനവ്യവസ്ഥ (റൈറ്റ് അസൻഷൻ, ഡെക്ലിനേഷൻ മുതലായവ) നിലവിൽ വന്നു. ഗ്രഹ സ്ഥാനങ്ങളുടെ നിർണയത്തിൽ ഗ്രീക്കു രീതിയിലുള്ള ഉൽകേന്ദ്രവൃത്തപഥങ്ങളും (Eccentric circles) അധിചക്രങ്ങളും (Epicycles) ഉപയോഗിക്കപ്പെട്ടു. ഒപ്പം നക്ഷത്ര വ്യവസ്ഥയെ ആസ്പദമാക്കിയുള്ള ഇന്ത്യൻ ജ്യോതിശാസ്ത്രത്തെ സൗരരാശികളെ ആസ്പദമാക്കിയുള്ള പാശ്ചാത്യ ജ്യോതിശാസ്ത്രവുമായി സംയോജിപ്പിക്കാനുള്ള ശ്രമവും നടന്നു. സിദ്ധാന്ത ജ്യോതിശാസ്ത്രത്തിന്റെ ഉദയം ഇവിടെ നിന്നാണ് തുടങ്ങുന്നത്.

സിദ്ധാന്തങ്ങൾ എന്നാൽ അന്തിമ നിഗമനങ്ങൾ എന്നാണർഥം. ഗ്രീക്കു ജ്യോതിശാസ്ത്രജ്ഞരെപ്പോലെ എങ്ങനെ നിഗമനങ്ങളിലെത്തി എന്നൊന്നും സിദ്ധാന്തക്കാരൻ പറയില്ല; നിഗമനങ്ങൾ മാത്രം അവതരിപ്പിക്കും. വഴികൾ ശിഷ്യന്മാർക്ക് മാത്രമേ കിട്ടൂ. അക്ഷര സംഖ്യകളുടെ സഹായത്തോടെ, ഏറ്റവും ചുരുക്കം വരികളിൽ , ശ്ലോകങ്ങളായാണ് അവതരണം. വിശദാംശങ്ങൾ വേണമെങ്കിൽ വ്യാഖ്യാതാക്കളുടെ ‘വ്യാഖ്യാനങ്ങൾ ’ നോക്കിക്കൊള്ളണം.

പുതിയ സാങ്കേതിക പദങ്ങളും അക്ഷരസംഖ്യാശ്ലോകങ്ങളും ഉൾപ്പെട്ട ബൃഹത്തായ ഒരു ശാസ്ത്രസാഹിത്യ ശാഖ തന്നെ