താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുധ


സംഭവം നടന്നിട്ട് ഇപ്പോൾ വസന്തം പത്തു കഴിഞ്ഞു. പ്രകൃതി പത്തു തവണ ചിരിച്ചു. പത്തു തവണ കരഞ്ഞു. എങ്കിലും അന്നു സുധയുടെ ഹൃദയത്തിൽ ഉണ്ടായ ഒരു മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അന്ന് ഉറങ്ങുവാൻ തുടങ്ങിയ അവളുടെ ഹൃദയം ഇന്നും ഉണർന്നിട്ടില്ല.


സുധയ്ക്ക് ഒരു കളിത്തോഴൻ ഉണ്ടായിരുന്നു അന്ന്: കിഴക്കേതിലെ മുരളി. അവന് അവളേക്കാൾ രണ്ടു വയസ്സിനു പ്രായം കൂടും; അത്രയേ ഉള്ളൂ. എങ്കിലും അവരുടെ പിറന്നാൾ രണ്ടും ഒരു ദിവസം തന്നെയാണ്: മകരമാസത്തിലെ 'മകം'.


വളരെ ദുർലഭമായിട്ടേ സുധയും മുരളിയും പരസ്പരം പിരിയാറുള്ളൂ. രാത്രിമാത്രം പിരിയാതെ നിവൃത്തിയില്ലാത്ത ആ ഇണപ്രാവുകൾ എങ്ങനെയാണാവോ നേരം വെളുപ്പിച്ചിരുന്നത്! പ്രഭാതമാകേണ്ട താമസം, സുധ എഴുന്നേറ്റ് ഒരൊറ്റ ഓട്ടം, മുരളിയുടെ വീട്ടിലേക്ക്. മുരളി അപ്പോഴും ഉറക്കമായിരിക്കും. സുധ വിളി തുടങ്ങും: 'മുരളി! മുരളീ!. അതേ; അവളായിരുന്നു മുരളിയുടെ പുലരി!


മുരളിയേയും കൂട്ടിക്കൊണ്ടു സുധ അവളുടെ ഗൃഹത്തിന്റെ തെക്കേപ്പുറത്തുള്ള ഇലഞ്ഞിച്ചുവട്ടിൽ എത്തും. അവിടെ അവൾക്കൊരു ഉണ്ണികൃഷ്ണന്റെ അമ്പലം ഉണ്ട്. മുരളിയാണ് ശാന്തിക്കാരൻ. സുധ അവളുടെ ചേച്ചിയുടെ പൂന്തോട്ടത്തിൽനിന്നു പൂക്കൾ പറിച്ചു മാലകെട്ടി അമ്പലത്തിൽ കൊടുക്കും. പൂജയും ശീവേലിയും മറ്റും തെറ്റാതെ ഉണ്ട്. മരംകൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരാനക്കുട്ടി. അതിന്റെ പുറത്തു ചിന്നിച്ചിതറിയിരിക്കുന്ന ചില്ലോടുകൂട്ടിയ ഉണ്ണികൃഷ്ണന്റെ ഒരു പടം, താമരപ്പൂവ് ഈർക്കിലിയിൽ കോർത്ത് ഉണ്ടാക്കിയ ഒരാനക്കുട, രണ്ട് 'അപ്പൂപ്പൻ താടി' വെഞ്ചാമരം. നാവുകൊണ്ടുതന്നെയുള്ള ചെണ്ടമേളം - എന്നിങ്ങനെയുള്ള അലങ്കാരങ്ങളോറ്റുകൂടിയ ആ ശീവേലി സുധയുടെ ഭാഷയിൽ എന്നും 'അസ്സ'ലും