ഈസോപ്പ് കഥകൾ/ഇടയച്ചെറുക്കനും ആടും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ഇടയച്ചെറുക്കനും ആടും

കൂട്ടം തെറ്റി മേഞ്ഞ ഒരാടിനെ തിരികെ വിളിക്കാൻ ഇടയ ചെറുക്കൻ ഏറെ ശ്രമിച്ചു. ചൂളമടിച്ചും കുഴലൂതിയുമൊക്കെ നോക്കിയെങ്കിലും ആട് അതൊന്നു കാര്യമാക്കിയില്ല. ഒടുവിൽ അരിശം പൂണ്ട ചെറുക്കൻ ഒരു കല്ലെടുത്ത് ആടിനൊരേറു കൊടുത്തു. ആടിന്റെ കൊമ്പ് ഒടിഞ്ഞു. തന്റെ യജമാന്റെ ശാസന ഭയന്ന ഇടയച്ചെറുക്കൻ ആടിനോട് നടന്നതൊന്നും യജമാനനോട് മിണ്ടരുതെന്ന് കേണു. ആട് പ്രതിവചിച്ചു: "നീയെന്തൊരു വിഡ്ഢിയാണ്! ഞാൻ മിണ്ടാതിരുന്നാലും എന്റെ കൊമ്പ് എല്ലാം വിളിച്ചു പറയില്ലേ?"

ഗുണപാഠം: മിണ്ടാതിരുന്നാലും സത്യം പുറത്തുവരും