ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിനാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം പതിനാല്

1088 മകരമാസത്തിൽ സ്വാമി ആലുവായിലും അടുത്ത പ്രദേശങ്ങളിലും സഞ്ചരിച്ചിരുന്നു. മകരം 9-ാ൦ തീയതി കൊച്ചി സംസ്ഥാനത്തു മുനമ്പിനുസമീപം ചെറായി എന്ന സ്ഥലത്ത് സ്വജനങ്ങളുടെ വകയായി ആരംഭിച്ച ക്ഷേത്രത്തിന്റെ പണികൾ കാൺമാനും മറ്റുമായി അവിടെ പോവുകയും സ്ഥലം "വിദ്യാപോഷിണിസഭ" വകയായി ഒരു മംഗളപത്രം സ്വീകരിക്കയും മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം മുതലായ സകലമാർഗ്ഗങ്ങളിലും സ്വജനങ്ങൾ അഭിവൃദ്ധി സമ്പാദിക്കേണ്ട ആവിശ്യകതയെസൂചിപ്പിച്ച് ഒരു സാരമായ മറുപടി നൽകുകയും ചെയ്തു മടങ്ങി. ക്ഷണമനുസരിച്ചു താമസിയാതെ തന്നെ ടി സ്ഥലത്തേക്കു വീണ്ടും സ്വാമി പോവുകയും മേൽപറഞ്ഞ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തുകയും "ഗൗരീശ്വരി" എന്നു നാമകരണം ചെയ്കയും ചെയ്തു. ഈ കാലങ്ങളിൽ സ്വാമി ആലുവായിൽ കൂടെക്കൂടെ താമസിക്കുകയും അവിടെ സ്ഥിരമായി എന്തെങ്കിലും ഒരു സ്ഥാപനം ഉണ്ടാക്കാനുള്ള അഭിലാഷത്തെ ഒരു വിധം തന്റെ പ്രവർത്തികളിൽ സൂചിപ്പിക്കയും ചെയ്തു. ഏകദേശം പത്തുകൊല്ലങ്ങൾക്ക് മുൻപ് അരുവിപ്പുറത്തുനിന്നും സ്വാമി വർക്കലെ സഞ്ചരിച്ചിരുന്നതുപോലെ ഈകാലത്ത് ശിവഗിരിയിൽനിന്നും ആലുവായിൽ പൊയ്ക്കൊണ്ടിരുന്നു എന്നു പറഞ്ഞാൽ ഏതാണ്ട് ശരിയായിരിക്കും. ആലുവായിൽനിന്നും സ്വാമി മംഗലപുരത്തേക്ക് ക്ഷണം അനുസരിച്ചു പോകയും കുംഭം 10-ാ൦ തിയതി അവിടത്തെ തീയരുടെ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം നടത്തുകയും ആ ക്ഷേത്രത്തിന് "തൃപ്പതീശ്വരം" എന്ന് പേരിടുകയും ചെയ്തു. മംഗലപുരത്തെ തീയർ തൃപ്പതി വിഷ്ണുക്ഷേത്രത്തിൽ ആണ്ടുതോറും വലിയ തീർത്ഥയാത്ര ചെയ്യുകയും അനവധി പണം അവിടെകൊണ്ടുപോയി കാണിക്ക ഇടുകയും ചെയ്യുക പതിവായിരുന്നു. ആ കാണിക്കകൾ തങ്ങളുടെ ക്ഷേത്രത്തിൽ സമർപ്പിച്ചാൽ മതിയെന്നും ദേവന്റെ സാന്നിദ്ധ്യം തൃപ്പതിയിലെപ്പോലെതന്നെ ഇന്ന് ഇവിടെയും ഉണ്ടെന്നും സ്വാമി അവരോടുപദേശിച്ചിരുന്നു. "തൃപ്പതീശ്വരം" എന്നു ക്ഷേത്രത്തിനു നാമകരണം ചെയ്തതുതന്നെ ആ ഉദ്ദേശത്തിലായിരിക്കണം. തലശ്ശേരി ക്ഷേത്രത്തിനു സ്വാമി ജഗന്നാഥം എന്നുപേർ വിളിച്ചതും ഇതുപോലെ വേറൊരുദ്ദേശത്തോടുകൂടി ആയിരുന്നു. ഇന്ത്യയിലെ പ്രധാന ഹിന്ദുക്ഷേത്രങ്ങളിൽവച്ച് ഒറിസ്സയിലെ പുരി എന്ന സ്ഥലത്തെ ജഗന്നാഥ ക്ഷേത്രം ഏറ്റവും പുരാതനവും മുഖ്യവുമായ ഒന്നാണ്. അവിടെ ജാതിവിചാരം അശേഷം ഇല്ലെന്നുള്ള ഒരു വിശേഷം കൂടിയുണ്ട്. തന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ എല്ലാം അങ്ങിനെയായാൽകൊള്ളാമെന്ന ആഗ്രഹം സ്വാമിക്കുണ്ട്. അതിനെ സ്വാമി പല അവസരങ്ങളിലും പ്രവർത്തിമൂലം പ്രദർശിപ്പിച്ചിട്ടുമുണ്ട്. തലശ്ശേരി ക്ഷേത്രത്തിൽ ചില വർഗ്ഗക്കാർക്ക് പ്രവേശം അനുവദിക്കുന്നതിന് തീയരിൽ പൂർവാചാര പ്രിയരായ ചിലർക്കു വിരോധം ഉള്ളതായി സ്വാമി അറിഞ്ഞിട്ടുണ്ടായിരുന്നു. ക്ഷേത്രത്തിനു ജഗന്നാഥം എന്നു പേർ കൊടുത്തിട്ടുള്ള വിഷയത്തിൽ തനിക്കുള്ള വിശാലമായ അഭിപ്രായം സ്വാമി ജനങ്ങളെ അറിയിച്ചതാവുന്നു.

മംഗലപുരത്തെ ക്ഷേത്രപ്രതിഷ്ഠയോടുകൂടി സ്വാമിയുടെ ക്ഷേത്രസ്ഥാപനയത്നം കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ എത്തി വേരൂന്നിക്കഴിഞ്ഞു. അതിനുശേഷം അതിന്റെ യഥാക്രമമായ വളർച്ചയേയും നിലനിൽപിനേയും പറ്റിയാണ് സ്വാമിക്ക് ചിന്തിക്കേണ്ടിയുള്ളത്. മുമ്പേതന്നെ തന്റെ മതസംബന്ധമായ സ്ഥാപനങ്ങളുടെ തലസ്ഥാനമാക്കാനുദ്ദേശിച്ചിരിക്കുന്ന ശിവഗിരിയിലെ പ്രതിഷ്ഠയും അതുസംബന്ധിച്ച ഏർപ്പാടുകളും എല്ലാം അതിന്റെ ഗൗരവത്തിനു തക്കവണ്ണം കേമമാക്കണമെന്ന് സാമി സങ്കൽപിക്കുകയും പ്രതിഷ്ഠാക്കമ്മറ്റിക്കാർ അതിനെ അപ്രകാരം തന്നെ മനസ്സിലാക്കുകയും ചെയ്തു. പ്രതിഷ്ഠാക്കമ്മറ്റിയിലെ പ്രസിഡന്റ് ഡോക്ടർ പൽപ്പു മുതലായ യോഗ്യന്മാർ തന്നെ സ്വാമിയെ പ്രതിഷ്ഠ സംബന്ധിച്ച കാര്യങ്ങൾക്കായി മംഗലപുരംവരെ പോയി കൂട്ടിക്കൊണ്ടുവരികയും പ്രധാനമായ സകല ഏർപ്പാടുകളും ഒരുക്കങ്ങളും സ്വാമിയുടെ ഹിതവും കൽപനയും അനുസരിച്ച് ചെയ്കയും ചെയ്തു. പ്രതിഷ്ഠാ അവസരത്തിൽ ശിവഗിരിയിൽ സംഭാവനകളോടുകൂടി ഹാജരാകുന്നതിനും സ്വാമി പ്രതിഷ്ഠ നടത്തിയിട്ടുള്ള ചെറുതും വലുതും പൊതുവകയും പ്രത്യേകമാളുകളുടെ വകയുമായ 50-ഓളം ക്ഷേത്രങ്ങളിലേക്കു വിജ്ഞാപനങ്ങൾ അയക്കുകയും ചെയ്തപ്രകാരം പല ദൂരദേശത്തുള്ള ക്ഷേത്രങ്ങളിൽ നിന്നു വിഗ്രഹങ്ങളെ ആനപ്പുറത്ത് ഏഴുന്നള്ളിച്ച് ശിവഗിരിയിൽ എത്തുകയും ചെയ്തിരുന്നു. സ്വാമിതന്നെ നിശ്ചയിച്ച പ്രകാരം 1088 മേടം 18-ാ൦ തിയതി രാത്രി 3 മണിക്ക് ശിവഗിരിയിൽ മഹാദേവ പ്രതിഷ്ഠയും 5 മണിക്ക് മദ്ധ്യേ ശാരദാ പ്രതിഷ്ഠയും സ്വാമി തന്റെ പാവനമായ കയ്യാൽതന്നെ നിർവഹിച്ചുകഴിഞ്ഞു. സംഗതികൾ എല്ലാം വിചാരിച്ചതിലും തുലോം അധികം ഭംഗിയായും കേമമായും മംഗളമായും കഴിഞ്ഞുകൂടി എന്ന് എങ്ങും ഒരുപോലെ ഉണ്ടായ ശ്രുതി സ്വാമിക്കും കമ്മറ്റിക്കും സമുദായത്തിനു മുഴുവനും ചാരിതാർത്ഥ്യജനകമായിരുന്നു. പ്രാധാന്യംകൊണ്ടും പ്രൗഡികൊണ്ടും ഇത്ര കേമമായ ഒരു മഹോത്സവം കേരളത്തിൽ തീയർ ഇതിനുമുൻപ് ഒരിക്കലും കൊണ്ടാടിയിട്ടില്ലെന്നുള്ളത് നിശ്ചയം തന്നെ.