രാമചന്ദ്രവിലാസം/പതിനാറാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിനാറാം സർഗം

ബലവാൻ രഘുനാഥദൂതനൊ-

ട്ടവിടം വിട്ടു നിനച്ചിതിങ്ങനെ

നിറവേറി മനോരഥം നമു-

ക്കധുനാ മിക്കതുമെന്നിരിക്കിലും. 1


ചെറുതായൊരു കാര്യമിന്നുമു-

ണ്ടിഹ മേ ചെയ്വതിനിദ്ദശാന്തരേ

അതിലേക്കൊരുപായമന്ത്യമാ-

ണിവിടിപ്പോളുതകുന്നുലകിൽ. 2

ക‍ഠിനാശയരോടു സാമവും

പണമുള്ളോർക്കമിതാർതദാനവും

ബലവാനൊടു ഭേദവാക്യവും

ഫലമില്ലെന്നുലകിൽ പ്രസിദ്ധമാം. 3


അതിനാലിഹ കൈക്കരുത്തു ഞാ-

നുപയോഗിപ്പതു യോഗ്യമായ് വരും

അതുകൊണ്ടൊരുവേള രാക്ഷസ-

ർക്കപമര്യാദകളൊട്ടടങ്ങിടും. 4


ഭരമേറെറാരു കാര്യപദ്ധതി

ക്കുപയോഗിച്ചു ബഹുപ്രവൃത്തികൾ

തരമൊക്കെയറിഞ്ഞു ചെയ്യുവോ-

നുലകിലൽകാര്യസമർഥനാം ദൃഢം. 5


വരവൊന്നറിയിച്ചു വച്ചുകൊ-

ണ്ടരിതൻ പ്രാഭവവും ധരിച്ചുടൻ

തിരിയെസ്സുഖമോടു പോകിലോ

ശരിയായുള്ളൊരു ദൂതനാണവൻ. 6


നിരുപിച്ചിതുപോലെ വാതജൻ

തരുവാടങ്ങൾ തകർത്തു നിർഭയം

ത്വരയോടതു കണ്ടരക്കരും

കരളിൽ പേടി മുഴുത്തു മണ്ടിനാർ. 7


ശകലിച്ചിഹ ശാഖയൊക്കെയും

സുമനഃസങ്ഘമപാകരിച്ചുടൻ

ദ്യുജസന്തതിയെത്തുരത്തിനാ-

നവനപ്പോൾ ദശകണ്ഠനെന്നപോൽ. 8


"വരണം ശരപാണി രാമനും

ബലവാൻ ലക്ഷ്മണനും ജയം സദാ

രഘുനായകനാൽ സുരക്ഷിതൻ

വിജയിപ്പൂകപിസാർവഭൗമനും 9


ചുണയുള്ളൊരു സൂര്യസന്തതി-

ക്കണിയാംരാമനു ദാസനേഷ ‍‍ഞാൻ

ഹനുമാൻ പവമാനനന്ദനൻ

പ്രതിപക്ഷപ്രകരത്തിനന്തകൻ 10


ദശകണ്ഠരൊരായിരംനമു-

ക്കെതിരാമോ പടവെട്ടിനിൽക്കുവാൻ

മലയുംമരമെന്നറിവറ്റകൊ-

ണ്ടഖിലം ഞാൻ പൊടി ഭസ്മമാക്കിടും. 11


നഗരം മുഴുവൻ തകർത്തു ഞാ-

നഭിവന്ദിച്ചിഹ രാമപത്നിയേ

നിറവേറ്റി മനോരഥങ്ങളെ-

സുഖമായ് പോവതു കാണ്മിനേവരും.” 12


ഇതുതാനുരുവിട്ടു നീളവെ

പൊടിപാറുന്നൊരു വാർത്തയൊക്കെയും

രജനീചരചക്രവർത്തികേ-

ട്ടരിശം മൂത്തു മനസ്സിലേറ്റവും. 13


ബലമുള്ളൊരു കിന്കരൗഖയും

തലയാളാകിയ ജംബുമാലിയും

പൊരുതീടുക മർക്കടത്തൊടെ-

ന്നരുളിച്ചെയ്തഥ യാത്രയാക്കിനാൻ. 14


ഹനുമാനവരെ ക്ഷണേന കൊ-

ന്നനുമോദിച്ചു കരേറി തോരണം

അതിനുള്ളൊരിരുമ്പതൂണെടു-

ത്തതിഗംഭീരതരയോടു മേവിനാൻ. 15


അവർ ചത്തതു കേട്ടു രാവണൻ

പവമാനാത്മജനെപ്പിടിക്കുവാൻ

പടനായകരൈവരെപ്പെരു-

മ്പടയും കൂട്ടിയയച്ചു പിന്നെയും 16

ക്ഷമങ്ങവരെക്കപീശ്വരൻ

കനമേറുന്നൊരിരുമ്പലക്കയാൽ

കൊലചെയ്തൊരു ചെയ്തികേൾക്കവേ

ഖലനാം രാവനനാത്തകോപനായ് 17


ഇളയോൻ ദശകണ്ഠപുത്രരിൽ

തെളിവാർന്നക്ഷകുമാരനക്ഷണം

അളവറ്റൊരു സേനയോടു കൂ-

ടിളകിച്ചെന്നിതു യുദ്ധഭൂമിയിൽ 18


അനുഗാമികൾനോക്കിനിൽക്കവേ

ഹനുമാനങ്ങനെപ്പിടിച്ചുടൻ

ഒരുകൈക്കുഴിയിന്കലോട്ടു ചേ-

ർത്തൊരു ഞെക്കാൽ കഥ തീർത്തു സത്വരം. 19


അതുകണ്ടവനോടടുത്തവൻ-

പടയുംകുടെയകന്പടിക്കുപോയ്;

ഇടരോടിതു കേട്ടമാത്രയിൽ

കുടിലൻ രാവനാർത്തനായ് തുലോം. 20



ശകുനപ്പിഴയെന്നു സംശയി-

ച്ചകതാരിൽ ഭയമാർന്ന രാവണൻ

മകനാകിയ മേഖനാദനോ

ടികലിന്നാജ്ഞ കൊടുത്തു ചൊല്ലിനാൻ. 21


അവികൽപ്പമടർക്ക്നിന്നൊടി-

ബ്ഭുവനം മുന്നിലുമാരെതിർത്തിടും

തവ പാടവമദ്ഭുതം തുലോ-

മിവിടെക്കാണണമൊന്നെനിക്കത്. 22


അനിലാത്മജനോടു ശണ് ഠചെയ-

യ്തനുജൻ ചത്തതു കേട്ടതില്ലയോ?

അവനെപ്പിടികൂടി വേഗമോ-

ടിവിടെക്കൊണ്ടു വരേണമിന്നു നീ 23


ഇതുപോലുരചെയ്തയച്ചുതേ-

കൃതിയാം രാവണനിന്ദജിത്തിനേ

പൃതനാന്നിതനായവൻ ജവാ-

ലെതിരിട്ടാനഥ രാമദുതനേ. 24


കൊടുതായൊരു പീഡ രാവണ-

ന്നുളനാകാനുമരക്കൊരൊക്കയും

മുടിയേണ്ടതിനു നിശചരീ-

നിവഹത്തിൻ പരിദേവനത്തിനും. 25


രവിശീതകരപ്രഭയ്ക്കു ന-

ല്ലവകാശം ലഭിക്കാത്ത ലന്കയെ

ശുചിയാൽ ശുചിയാക്കുവാനുമ

ന്നുളവായ് തോരണയുദ്ധമദ്ഭുതം (യുഗ്മകം) 26

ശരമാരിചൊരിഞ്ഞിടും മഹാ-

രണമാം ദുർദ്ദിവസത്തിൽ മാരുതി

പടുവായൊരു മേഘനാദമോ-

ർത്തനുമോദിച്ചു മയൂരമെന്നപോൽ. 27


പടനായകനെക്കപീശ്വരൻ

പൊടിയാക്കുന്പൊഴുതാത്തകോപനായ്

പലബാണമയച്ചതൊക്കെ നി-

ഷ്ഫലമായ് കണ്ടു മഹേന്ദവൈരിയും 28


ഇകലിൽ ജ്ജയമാർന്ന വായുവിൽ

മകനെപ്പത്മജസായകത്തിനാൽ

കെട്ടുടനിട്ടു നല്ചണ-

ച്ചരടാൽ പിന്നെ മുറുക്കി വിക്രമി. 29


പിശിതാശികൾ രാമദതനേ-

നിയമിച്ചീടിന പാശബന്ധനം

സുരസുന്ദരികൾക്കു മോചനം

വരുവാനന്നു നിദാനമായി പോൽ. 30



കയറിട്ടു വരിഞ്ഞമൂലമി

ന്നൊഴിവാകും ദ്രുഹിണാസ്തബന്ധനം

അകതാരിലിതോർത്തു ശക്രജി-

ത്തവനെത്തൽക്ഷണമങ്ങുപോയ്. 31


ജനകൻ മരുവുന്നെടുത്തുതാൻ

തിരുമുൽകാഴ്ചയതാക്കി വെയ്ക്കവേ

ശരമേറ്റ തളർച്ച കൈവെടി-

ഞ്ഞുടനമ്മാരുതിയും പ്രസന്നനായ്. 32


നയനങ്ങൾ മിഴിച്ചു നോക്കിനാൻ

ഭയമുൾത്താരിലുദിച്ചിടാതവനൻ

സ്മയമാർന്ന ദശാസ്യനക്ഷണം

ജയഭാവത്തെ നടിച്ചു നല്ലപോൽ. 33


യമരാജവിരോധിയെപ്പൊഴും

വിളയാടുന്നൊരു വെള്ളിമാമല

കരതാരിലെടുത്തു തൻ ബലം

പരിശോധിച്ചൊരു ശൂരനാമവൻ. 34


സുരനാരികൾ ചാമരം ധരി-

ച്ചരികത്തങ്ങനെ നിന്നു വീശവേ

ഇളകിച്ചുരുളുന്ന സോമനാൽ

പരിശോഭിച്ചു നിശാചരേശ്വരൻ (യുഗ്മകം) 35


ശശിതൻകല സന്ധ്യയിങ്കലെ-

ച്ചെമലക്കൊണ്ടൽ ചുഴന്നെടുക്കവേ

വലുതായൊരു നീലപർവത-

ച്ചുമലിൽ ചേർന്നു വിളങ്ങിടുന്നപോൽ. 36


വളവേറിയ തേററ രണ്ടു ചെ-

ഞ്ചൊടിയിൽക്കൂടെ വളർന്നു നിലയ്ക്കയിൽ

പ്രഭനീലവപുസ്സിലേൾക്കയാൽ

പലവർണങ്ങൾ വഹിച്ചിരുന്നവൻ. (യുഗ്മകം) 37


കലഹക്കളികൊണ്ടു ദിഗ്ഗജ-

ത്തലവന്മാരുടെ കൊമ്പു തൈക്കയാൽ

അലയാഴിയിലിന്ദുവെന്നപോൽ

പലചിഹ്നങ്ങളുരസ്സിലുള്ളവൻ. 38


ഉലകങ്ങളിലൊക്കെയുള്ളൊര-

ദ്ദുരിതത്തിൻ ഫലമേകമൂർത്തിയായ്

അപവർഗമഹാപഥത്തിനെ-

ത്തടയാൻ വന്നതുപോലിരുന്നുതേ. 39


കതിരോനണി തിങ്കളഗ്നിയെ-

ന്നിവരേ വെന്നു തപോബലത്തിനാൽ

ഉടലാണ്ടുലകത്തിലക്രമം

തുടരും കൂരിരുളെന്നപോലെയും. 40


വിരുതേറിയ രാവണൻ കപീ-

ശ്വരനെപ്പാർത്തതി സംശയത്തോ

ഹരശൈലമിളക്കിയന്നു ക-

ണ്ടൊരു നന്ദീശ്വരനെന്നു കൂറിനാൻ. 41

അഥ‍വാ ധനദ‍‍‍‍‍‍‍‍‍‍‍ൻടെ ദൂതനെ-

ക്കൊലചെയ്തന്നു ജനിച്ച പാതകം

തരമോർത്തൊരു ദൂതവേഷമായ്-

കുറതീർച്ചയ്ക്കിഹ വന്നതല്ലയോ. 42


പലമട്ടിതുപോലെ സംശയി-

ച്ചലസാദ്മാ രജനീപരേശ്വരൻ

അരികത്തമരും പ്രഹസ്തനോ-

ടനുയോഗിപ്പതിനാജ്ഞ നൾകിനാൻ. 43

പ്ലവശേശ്വരനപ്രഹസ്തനാ-

ലനുയുക്തൻ പരമാർഥമാകവേ

രജനീചരധൂമകേതുവോ

ടറിയാംവണ്ണമുരച്ചു നിർഭയം. 44


ദിനനായകവംശരത്നമാ-

യയാർഥിക്കൊരുരത്ത വൈരിയായ്

പിത്യകൽപ്പനയാലെ കാടു പു-

ക്കവനാം രാമനു ദൂതനേഷ ഞാൻ. 45


മലർബാണവികാരമേറി വ-

ന്നൊരു നിൻ സോദരിതന്നെയിന്നി മേൽ

അനുനാസികമുച്ചരിക്കുവാൻ

കഴി‍യാതാക്കിയതോർമയില്ലയോ? 46


ചിനമോടെതിരിട്ടൊരക്ഖരൻ

മുതലായുള്ള ഖലർക്കു കാലനായ്

പുകൾ പെറ്റൊരു രാമനേ നിന-

ക്കറിയാൻ സംഗതിയോണ്ടു മുന്നമേ. 47


പിത്യഭക്തിയുമേകവല്ലഭാ-

വ്രതവും നീ മുതലായ ദുഷ്ടരിൽ

മുതിരും വിപരീതഭാവവും

മതിമാൻ രാമനിലുള്ള സൽഗുണം 48


കളവുള്ള മ്യഗത്തിനെ വധി-

ച്ചളവേ വിന്ദമുഹൂർത്തവേളയിൽ

ചതിയാൽ ശം! നീ കവർന്നൊര-

സ്സതിയെത്തേടി നടന്നു രാഘവൻ. 49


കതിരോൻ മകനാം കപീന്ദ്രനോ-

ടെതിരേ സഖ്യവുമാചരിച്ചുടൻ

തവ ഗർവമൊഴിച്ച ബാലിയേ

നിഹനിച്ചെന്നതു കേട്ടതില്ലയോ? 50


ക്യതവീര്യതനൂജനെ നിന-

ക്കറിവില്ലേ? പുനരായവൻ കുലം

മുഴുവൻ മുടിചെയ്ത താപസൻ

ജമദഗ്നിക്കുളവായ നന്ദനൻ. 51


അവനുള്ള മദം കുറച്ചൊര-

ന്നൃവരൻ പ്രേയസിയെത്തിരക്കുവാൻ

പലടത്തുമയച്ചു വാനര-

പ്പടയെക്കീശവരൻ മുഖാന്തരം. 52


അതിലേകനഹം സമുദ്രവും

വ്യതിലംഘിച്ചു കടന്നു ലങ്കയിൽ

പ്രണമിച്ചിഹ രാമപത്നിയെ-

ത്തിരിയെപ്പോവതിനായ് തുടങ്ങിനേൻ. 53


ശരിയല്ലിഹ വന്ന വാർത്തയൊ-

ന്നറിയിക്കാതെയൊളിച്ചു പോവതും

കരുതീട്ടിതു മാനസത്തിൽ ഞാൻ

ബഹളം കൂട്ടിയവണ്ണമൊക്കെയും 54


അതിയോഗ്യതയുള്ള നിന്നേയൊ-

ന്നവലോകിപ്പതിനാഗ്രഹിക്കയാൽ

അടിപെട്ടു ചിലന്തിനൂലുകൊ-

ണ്ടിവർ കെട്ടീടിന കെട്ടിലിങ്ങനേ. 55


ഭൂവനങ്ങളിലൊക്കെ നല്ലപേർ

നിലനിർത്തീ നിജ സൽപ്രവൃത്തിയാൽ

വിലസുന്നൊരു ദേവിയെച്ചതി-

ച്ചിവിടെക്കൊണ്ടു തടുത്തുവച്ചു നീ. 56


യജനസ്ഥലയിൽ ജനിച്ച ന-

ല്ലെരിതി മുണ്ടുകൾകൊണ്ടു മൂടുവാൻ

തുനിയുന്നതുപോലെ നീതി വി-

ട്ടൊരു നീയിത്തൊഴിൽ ചെയ്തെങ്ങിനെ? 57

തവ മെയ്യിതു ലക്ഷ്മണാസ്ത്രമേ-

റ്റവനിത്തട്ടിൽ മറി‍ഞ്ഞുവീഴ്കയിൽ

കഴുകൻ മുതലാം വയോഗണം

ചുഴലാൻ നീയിടയാക്കിവയ്ക്കൊലാ. 58


സ്വകുലം മുഴുവൻ മുടിഞ്ഞിടും

സമയം നിന്നുടെ ധർമപത്നിമാർ

ചൊരിയുന്നരു നേത്രവാരി നീ-

യൊടുവിൽ തർപ്പണതീർഥമാക്കൊലാ. 59


പരനാരികളെപ്പിടിക്ക നിൻ-

പതിവെന്നാലുമയോഗ്യമാണിടം

ഉരഗം പവനാശിയെങ്കിലും

ഗരുഡശ്വാസമതി,ന്നജീർണമാം. 60


പകതീർന്നരികത്തിരിക്കിലും നകുലപ്പെണ്ണിനെ നമ്പുമോ‌‌‌‌‌‍ ഫണീ

മകരധ്വജഖിന്നയാകിലും

നകുലസ്ത്രീയഹിയോടുചേരുമോ. 61


ഗുണമില്ലിനിമേൽ നിനക്കു വ-

ന്നണയുന്നോരു വിപത്തു നീങ്ങുവാൻ

ജനകാത്മജ തന്നെ രാമനായ്

കനിവോടേകി നമസ്കരിക്ക നീ. 62


അരിശം പെരുകുന്ന രാക്ഷസ-

പ്പെരുമാൾ മാരുതിഗീതു കേൾക്കവേ

അഭയമം തെറിവാക്കുരയ്ക്കുമി-

ക്കപിയെക്കൊല്ലുവിനെന്നു ചൊല്ലിനാൻ. 63


ഉരചെയ്തുടനേകപീശ്വരൻ

വെറുതെ ദേഹമിളക്കിടൊല്ല നീ

ഇതുപോലൊരു ലക്ഷമിങ്ങു വ-

ന്നെതിരിട്ടാലുമിവൻ കുലുങ്ങിടാ. 64


ഉടനെ സഹിയാത്തകോപമാ-

ർന്നുടവാൾ കൈയിലെടുത്തു രാവണൻ,

അരുതഗ്രജ ദൂതഹിംസയി-

ന്നൊരുനീതിക്കുമടുത്തതല്ലഹോ 65


വിധിയുണ്ടു വിരൂപരാക്കുവാൻ

ക്ഷിതിപന്മാർക്കു നികൃഷ്ടദൂതരേ

ഹിതകാരി വിഭീഷണൻ കനി-

ഞ്ഞിതുപോലോതിയതോർത്തു രാവണൻ. 66


ഉരചെയ്തിതു ശൗര്യമെന്നതി-

പ്പരിഷയ്ക്കുള്ളതു വാലിലാണുപോൽ,

ഇവനുള്ളൊരു വാലു ചുട്ടെരി-

ച്ചവമാനിച്ചു തിരിച്ചയയ്ക്കുവിൻ. 67


വളരെത്തുണിചുറ്റി നല്ലപോൽ

തെളിവാനെണ്ണയിൽ മുക്കി വാലിനെ

തിരിയൊന്നു കൊളുത്തിനാർ തല-

യ്ക്കുരമാ രാക്ഷസരാജകിങ്കരർ. 68


കഴകൊണ്ടു ചമച്ച തണ്ടില-

ന്നെഴുന്നെള്ളിച്ചിഹ രാമദൂതനേ

കുഴലും തകിലും മുഴക്കിനാർ,

ചുഴലും രാക്ഷസരാർത്തു കൂവിനാർ. 69

ദശകണ്ഠനെനു മുൻപിറപ്പിലേ-

വശിയാം രാമനരാതിയെങ്കിലും

കപിയെച്ചുമലിൽച്ചുമക്കുവാൻ

വിധികൽപിച്ചതു വിഷ്ണുഭക്തി താൻ. 70


വഴിപോൽ രഘുനാഥദൂതനേ-

യെഴുന്നള്ളിച്ച ജനത്തിനേഷണം

ഒഴിവാൻ കഴിവന്നു, രാമനെ

ത്തൊഴുകിൽ പുണ്യമതെത്രമാത്രമാം? 71


ഒരു കള്ളനിതെന്നുരച്ചുകൊ-

ണ്ടൊരുമിച്ചങ്ങനെയാതുസഞ്ചയം

തെരുവൂടെ നടന്ന കാഴ്ചക-

ണ്ടരികെച്ചെന്നു ജനങ്ങൾ കൂടിനാർ. 72


ഹനുമാനുടെ നീണ്ട വാലില-

ന്നൊരു കൊന്നക്കുടമുല്ലസിച്ചപ്പോൾ

മരുവീടിന തീ പടർന്നെരി

ഞ്ഞമരന്മാരുടെ പുണ്യപൂർതതിയാൽ. 73

കഥയൊക്കയുമങ്ങറിഞ്ഞുടൻ‌

മിഥിലാധീശ്വരപുത്രിയേറ്റവും

വ്യഥയുള്ളിലുദിച്ചു വഹ്നിയേ

വിധിപോലിങ്ങനെ നേർന്നു കൂപ്പിനാൾ. 74


പരമാർഥികളിൽ പ്രമുഖ്യനായ്

മരുവും മാരുതി തന്റെ മേനിയിൽ

അതിശീതളനായിരിക്കയെൻ

പതിയാം രാഘവനാണ പാവക. 75


മലർമങ്ക പതിവ്രതാഗ്നിയിൽ

ശലഭിപ്പിച്ചീടുമെന്ന ശങ്കയാൽ

ഹനുമാനുടെ വാലിലഗ്നിയ-

ന്നൊരുമാണിക്യവിളക്കുപോലെയായ്. 76


പുരിയൊക്കെ നടന്നു കാണുവാൻ

തരമായില്ല നമുക്കു രാത്രിയിൽ

ഇനനും ശുചിയും സഹായമു-

ണ്ടിനി നല്ലോണമിതെന്നു നോക്കിടാം. 77


മടിയായിതുപോലുറച്ചുകൊ-

ണ്ടുടനബന്ധമയച്ചു മാരുതി

കനമുള്ളൊരിരുമ്പുതൂണിനാൽ


തനിയേ തച്ചുതകർത്തക്കരേ. 78


എരിയുന്ന കയറ്റുബാണെ-

ന്നതുപോൽമാരുതി പാഞ്ഞുപാഞ്ഞുപോയ്

ദശകന്ധരരാജധാനിയാ-

ലനലപ്രീതിവരുത്തി വിക്രമീ. 79


ശുഭശീലമെഴും വിഭീഷണൻ

മരുവും മേടവുമൂഴിമാനിനി

അമരുന്നിടവും ധനജ്ഞയ-

ന്നിരയാക്കാതെ കഴിച്ചു ബുദ്ധിമാൻ. 80


പ്രിയപുത്രനുമഗ്നിദേവനും

പ്രിയമേകുന്നതിനുള്ള കൗതുകാൽ

തനിയേ കപിവീരനെത്തുട-

ർന്നനലോദ്ദീപനകാരി മാരുതൻ. 81


അരവിന്ദശരാരി മുൻപു മു-

പ്പുരമെല്ലാം മിഴികൊണ്ടെരിച്ചപോൽ

ബരവീരമെഴും കപീന്ദ്രന-

പ്പുരി തൻ ബാലധികൊണ്ടെരിച്ചബോ. 82


മകളേ മകനേ സഹോദരാ

ജനനീ താത കുമാര വല്ലഭ

തുണചെയ്യണമീ വിപത്തിൽനി-

ന്നെരിതീയിൽ കരിയാതെ തേറുവാൻ. 83


പുരവാസികളൊക്കെയീവിധം

പരിദേവിപ്പൊരു ദീനശബ്ദവും

പവനാത്മജനങ്ങിടയ്ക്കിട-

യ്ക്കലറും നാടവുമേറി ലങ്കയിൽ. 84


പ്രസരിച്ചുയരുന്നൊരഗ്നിതാൻ

പ്രതിബിംബിച്ചിതു വാരിരാശിയിൽ

പെരുകുന്നൊരുതൃഷ്ണമൂലമ-

ജ്ജലപാനത്തിനിറങ്ങി വന്നപോൽ. 85


ധനദാനുജബാഹുവീര്യമ-

ക്കനലിൽ പെട്ടു കരിഞ്ഞുയർന്നപോൽ

മഷിവർണമിയന്ന ധൂമ്യ പോ-

യ്ഋഷിലോകത്തു മണഞ്ഞു സത്വരം. 86

ജനകാത്മജയായ ലക്ഷമിയേ

രഘുവീരക്ഷിതികാന്തനേകുവാൻ

അലറീട്ടിലളകുന്ന സേനയാ-

മലയേറുന്നൊരു ലഗ്കയാം കടൽ.87

കയറാകിയ സർപ്പപുങ്ഗവൻ

ചുഴലും മാരുതിയെന്ന മത്തിനാൽ

വഴിപോൽ മഥനം കഴിച്ചിത-

ന്നരവിന്ദോത്ഭവനായ നാന്മുഖൻ.88


പുരമാസകലം കരിച്ചുടൻ

തരസാ മാരുതി വാരിരാശിയിൽ

വിരവോടെ കുളിച്ചു സീതതൻ

ചരണം കൂപ്പി വിനീതാവേഷനായ് 89


വിടവാങ്ങിയരിഷ്ടമേദിനീ-

ധരകുടം കരയേറി വീര്യവാൻ

കടൽ താണ്ടിയെളുപ്പമെങ്ങുമേ

തടവില്ലാതെ മഹേന്ദ്രമേറിനാൻ. 90


ക്ലേശം കൂടാതെ പോയ് വന്നവളൊരു കര കാണാത്ത വാരാശിലങ്ഘി

ച്ചെന്നാലും വായുപുത്രൻ മുഴുകി കപികുലം കാൺകെ മോദാബ്ധിതന്നിൽ

ചൂഡാരത്നം വിലോകിച്ചതുലിതഹ്യദയാനന്ദമുൾക്കൊണ്ടു രാമൻ

ചോദിച്ചപ്പോൾ വിശേഷം മുഴുവനുമറിയിച്ചീടിനാൻ ഭക്തിപൂർവം.96


ലഗ്കാരാജ്യത്തശോകക്ഷിതിജതതനി ചുഴന്നുള്ളൊരുദ്യാനമധ്യ-

ത്തിങ്കൽ ക്രവ്യാദസീമന്തിനികളുടെ മഹാശല്ല്യമെല്ലാംസഹച്ച്,

നിങ്കൽ ചേതസ്സു റപ്പിച്ചുരഗതരുണതാൻതാർക്ഷ്യോകത്തലെന്തോ

പങ്കത്താൽപെട്ടുകേഴുമ്പടിയമരുമൊരുദ്ദേവിയെച്ചെന്നു കണ്ടേൻ.97


തീർത്തേനത്യാർത്തിയെല്ലാ മടിയനുരപെറുന്നങ്ഗുലീയത്തിനാലും

പേർത്തും നിൻ വാൻത്തകോണ്ടും,പുനരിവനനുയോഗിച്ചു സന്ദേശവാക്യം

ഓർത്തിട്ടപ്പോൾ,ജയന്തൻ കരടവടിവൊടുത്തോരു വ്യത്താന്തമെല്ലാം

വീർത്തോതിക്കൊണ്ടു ചൂഡാമണിയുമിഹസമർപ്പിക്കവാൻ തന്നയച്ചാൾ.98


പ്രാണപ്രിയൻടെ തിരുമേനിയിലാശയാല-

പ്രാണങ്ങൾ പോവതിനുറച്ചു വസിച്ചിടുമ്പോൾ

മാണിക്യമുദ്രയടിയൻ വിടകൊണ്ടു കാട്ടി-

പ്രാണപ്രതിഷ്ഠയവിടെസ്സ ഖമായ് കഴിച്ചേൻ.99


നിയമനെറികൾകൊണ്ടുമധ്യഭാഗം

വളരെമെലിഞ്ഞലർബാണവില്ലുപോലെ

മധുരിമ കലരുന്ന മേനി കോലും

ഭഗവതി നിന്തിരുമേനിയോർത്തിരിപ്പൂ.100


ലഹള വളരെച്ചാപല്യത്താൽ നടത്തി ദശാനന-

ന്നിളയ മകനാമക്ഷൻതന്നെ ക്ഷണേന വദിച്ചു ഞാൻ

ദശമുഖനെയും കണ്ടിക്കാര്യം പറഞ്ഞുപദേശമായ്

ഖലമതിയവൻ തീ കത്തിച്ചാൻ കരിപ്പതിനെന്റെ വാൽ.101


അവിടതു ഭവൽക്കാരുണ്യത്താലിവന്നുപകരമാ-

യവനുടെ പുരം മുച്ചൂടും ചുട്ടെരിച്ചു പൊടിക്കുവാൻ,

തവ കനിവു ചെറ്റുണ്ടെന്നാലിജ്ജഗത്തിലസാധ്യമാ-

യൊരുവകയുമില്ലാർക്കും പോറ്റീ! ഭവാൻ ശുഭമേകണം.102

ലങ്കാമർദ്ദനമെന്ന പതിനാറാം സർഗം സമാപ്തം