രാമചന്ദ്രവിലാസം/നാലാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
നാലാം സർഗം

നന്തരം കൗശികതാപസോത്തമൻ
ദിനേശ "വംശസ്ഥ"രൊടും പൊടുന്നനേ
വിദേഹഭൂപന്റെ മഖം നടത്തുവാൻ
തദീയരാജ്യത്തിലണഞ്ഞു കൗതുകീ. 1

നരേന്ദ്രസൂനുക്കളുമായി വന്നൊര-
ത്തപസ്വിയെച്ചെന്നെതിരേറ്റു സാദരം
വിനീതനാമജ്ജനകക്ഷിതീശ്വരൻ
സഭാജനം ചെയ്തു പുരോഹിതാന്വിതൻ. 2

ഉടൻ ശതാനന്ദനവന്റെ ദേശികൻ
നടേ രഘുശ്രേ‍ഷ്ഠനൊടേവമോതിനാൻ
പിടിപ്പെഴും ഗാഥിതനുജനെബ്ഭവാ-
    
നടുത്തു കീഴ്പ്പെട്ടതു നല്ലതെത്രയും. 3

കുലത്തിനോതിക്കവനാം വസിഷ്ഠരെ-
പ്പുലർത്തിടാതേവമുരയ്ക്കകാരണം
ബലേന രാമന്റെ മനസ്സിലൽപ്പവും
മലയ്പു വാരായ്വതിനോതി പിന്നെയും. 4

ഇവൻ പുരാ ഭൂമിയടക്കി മന്നനാ-
യവൻ പടക്കോപ്പുകളോടുമേകദാ
തപസ്സു കൈക്കൊണ്ടു വസിഷ്ഠർ വാഴുമ-
ത്തപോവനം പൂക്കവനേ വണങ്ങിനാൻ. 5


മുനീന്ദ്രനും പാർഥിവനെ സർവശക്തി പോൽ
മനം തെളിഞ്ഞന്നു വിരുന്നുമൂട്ടിനാൻ
ധനം പെറും ധേനുവിനുള്ള വൈഭവം
നിനച്ചതിൽ ഗ്ഗഥിജനാശ വച്ചഹോ! 6

കഥിച്ചു നേരേ മുനിയോട് തന്മനോ-
രഥത്തെയെന്നിട്ടതു ധിക്കരിക്കയാൽ
മറുത്തുടൻ ഭൂപതി കാമധേനുവെ-
ത്തിറത്തൊടും കൊള്ളയിടാൻ തുടങ്ങിനാൻ. 7

സമസ്തവസ്തുക്കളെയും ചുരത്തുവാൻ
സമർഥയായുള്ള നിലിമ്പനൈചീകി
അമേയസൈന്യത്തെ രചിച്ചു സേനയേ
സ്വമേധയാ വെന്നു തുരത്തി ഭൂപനേ. 8

പഠിച്ചിവൻ വീണ്ടുമരുന്ധതീശനേ
മടക്കുവാനായുധവിദ്യ വേണ്ട പോൽ
പടയ്ക്കു കോപ്പിട്ടു തദാശ്രമം ചുഴ-
ന്നടുത്തുപോയ് മാർഗണമാരി തൂകിനാൻ. 9

വസിഷ്ഠരീ വേലകൾ കണ്ടു ഭൂപനേ-
യസൽക്കരിച്ചിട്ടഥ യോഗദണ്ഡിനാൽ
മടക്കിനാൻ ബാണഗണത്തെ നിർഭയം
നടക്കുമോ നല്ലവരോടു ദുർന്നയം? 10

നരേന്ദ്രനും നാണമുദിച്ചിരുന്നു തൊ-
ട്ടരോചകം ക്ഷത്രബലത്തിലും തഥാ;
പരിത്യജിച്ചാത്മവിഭൂത്വമാകവേ
പരം തപസ്സിനു തുനിഞ്ഞിറങ്ങിനാൻ 11

നിലിമ്പലോകത്തുടലോടു പോകുവാൻ
തുലോം ത്രിശംകുക്ഷിതിപൻ കൊതിക്കവേ
ഫലിക്കയില്ലഗ്രഹമെന്നു മന്നനേ
വിലക്കിനാനന്നു വസിഷ്ഠദേശികൻ. 12

കലമ്പിയമ്മാമുനിയോടു മന്നവൻ
പുലമ്പിനാൻ തൽസുതരോടു വാഞ്ഛിതം
അലഭ്യമെന്നോർത്തുവരും ചെറുത്ത പോ-
തലക്ഷ്യമോടക്രമമായടുത്തവൻ. 13

പെരുത്തു കോപിച്ചവർനീചനാകയെ-
ന്നുരയ്ക്കയാലന്നൃപനൊട്ടടങ്ങിനാൻ;
പുലർത്തുവാനുള്ളവർ ധിക്കരിക്കലീ
വലിപ്പമില്ലാത്തവനെന്തഹോ!ഗതി" 14

വസിഷ്ഠ്നേറ്റം പ്രതികൂലകക്ഷ‌യെ-
ന്നറിഞ്ഞവൻഗാഥിതനൂജസന്നിധൗ
അടത്തുകുമ്പിട്ടു കഥിച്ചുകാംകകകക്ഷിതം.,
“തുടങ്ങി‌‌യാൽ പിന്നെയടങ്ങുമോ? മഹാൻ 15

അപേക്ഷകൈക്കൊണ്ടഥ ഗാഥിനന്ദനൻ
നൃപേന്ദ്രനെദ്ദേവകൾ നാട്ടിലാക്കുവാൻ
ഉപാ‌യമുൾത്താരിൽനിനച്ചു കണ്ടു താ-
നുപക്രമിച്ചാനൊരു നൂതനാധ്വരം. 16

കുലീനരാം വേദിയർ ഗഥിജന്റെൽ
നിലീനചേതസ്സോടു ചെന്നിതദ്ധ്വരേ
മലീമസന്മരുടെ യാഗമെന്നുവ-
ച്ചലക്ഷൃമുൾക്കൊണ്ടു മഹോദയാദികൾ. 17

തദീയസദ്ധാന്തമറിഞ്ഞു കൗശികൻ
വിധേയരല്ലാത്ത വസിഷ്ഠപുത്രരേ
അദിക്കുവിൻനായ്ക്കളെയെന്നുകോപമോ
ടുദിരണം ചെയ്തു വിവാദശീലവാൻ. 18

അവദ്യഭാവത്തൊടമർത്ത്യസഞ്ചയം
ഹവിസ്സു കൈക്കൊൾവതിനന്നറയ്ക്കവേ
വിവർണനാം മന്നനെയംബരാന്തരേ
സ്വവാഭവം കൊണ്ടു കരേറ്റി കൗശികൻ 19

പുരന്ദരൻ കോപമോടത്രിശങ്കുവേ-
തിരിച്ചു കീഴ്പ്പെട്ടു പിടിച്ചുതള്ളിനാൻ;
നിലച്ചിതമേമാമുനിതന്റെ ശാസനാ-
ബലത്തിനാൽ താണുവരാതിടയ്ക്കവൻ 20

അമർത്യലോകത്തിനെ വേറെയൊന്നിവൻ
ചമയ്ക്കവേ വിണ്ണവർ വന്നിരക്കയാൽ
ശമിച്ച രോഷത്തൊടുമസ്തദിങ്മുഖം
ഗമിച്ചു വീണ്ടും നിവസിച്ചു നിഷ്ഠയിൽ 21

ബലിക്കൊടയ്ക്കായ് പിടിപെട്ടൊരുണ്ണിയെ-
പ്പുലർത്തിയിക്കൗശികനാത്മശക്തിയാൽ:
“ശരീരിജാലത്തെയഭേദമായനു-
സ്മരിച്ചിടും നല്ല ജനങ്ങളെന്നുമേ” 22

അതേ വരെച്ചെയ്ത തപസ്സൊടുങ്ങിയെ-
ന്നതീപ്രയത്നങ്ങൾ തുടങ്ങി പിന്നെയും
തദന്തരേ മേനക തന്റെ സങ്ഗമം
സതേ തടസങ്ങൾ വരുത്തി നിഷിഠയിൽ. 23

മനസ്സിൽ വല്ലായ്മയൊടാശു പിന്നെയും
നിനച്ചു താൻ മഞ്ഞുമലയ്ക്കടുത്തുപോയ്
ഇരുന്നുറച്ചുള്ള തപസ്സിളക്കുവാൻ
പുരന്ദരൻ ചൊല്ലിയയച്ചു രംഭയേ. 24

കടുത്തൊരാക്രോശനമിട്ടു പാറയായ്
കിടക്കുവാനായവളേയയച്ചുടൻ
അടക്കി നിശ്വാസഗണത്തെ, യുമ്പർകോ-
നടക്കിവഴും ദിശി പോയ് തപസ്സിനായ്. 25

കടുപ്പമേറുന്ന തപോമയാഗ്നിയാൽ
പിടച്ചു നീ‍‌‌‌റിപ്പുനരംബുജാസനൻ
അടുത്തുചെന്നുൽക്ക‍ടമാം വ്രതത്തെ നീ
യടക്കി വാഴ്കെന്നു വചിച്ചു കൗതുകാൽ 26

പൊടുന്നനെ ബ്രഹ്മമഹർഷിയെന്നു താ-
നെടുത്തു ചൊല്ലിച്ചു സരോജസംഭവൻ
വസിഷ്ഠനെക്കൊ,ണ്ടിവനന്നുതൊട്ടു തെ-
ല്ലസക്തനായി നിഷ്ഠയിൽ നിന്നു നീങ്ങിനാൻ. 27

ഇതൊക്കയും ഗൗതമപുത്രനോടു കേ-
ട്ടതിക്രമിപ്പിച്ചിരവാശു രാഘവൻ
പ്രഭാതകൃത്യങ്ങൾ കഴിച്ച ചൊല്ലെഴും
സഭാതലം പുക്കു സകൗശികാനുജൻ 28

കുലീനനായ് കോമളനാം കുമാരാനേ
വിലോകനം ചെയ്തു വിദേഹഭൂപതി
അലം വിഷാദിച്ചിതു സീതയെക്കുറി-
ച്ചലങ്ഘ്യമാം വില്പണയത്തെയോർക്കയാൽ. 29

“തഴച്ച വില്ലാളികളായ ഭൂപരി-
ങ്ങുഴറ്റൊടും വന്നു ധനുസ്സു കാൺകയാൽ
ഒഴിച്ചു നാണത്തോടു, ഹന്ത! ദൈവമേ!
പഴിച്ചു താന്താങ്ങടെ കൈക്കരുത്തിനെ. 30

പുളയ്ക്കുമാനത്തലവർക്കുമോർക്കിലൊ-
ട്ടെളുപ്പമല്ലാത്ത വിചേഷ്ടിതങ്ങളേ
കളിപ്പുകൂടും കളഭം നടത്തുവാൻ
ചുളുങ്ങുമെന്നുള്ളതു ലോകസമ്മതം.” 31

പറഞ്ഞിത്തപ്പോൾ മുനിപുങ്ഗവൻ"ഭവാൻ
ധരിക്കണം വിക്രമിയെന്നു രാമനേ
ഉറച്ച കുന്നിൽ ശതകോടിയെന്നപോൽ
കരം ഫലിക്കുന്നതു കാൺക കാർമുകേ. 32

പ്രതാപമിത്തീപ്പൊരിയിങ്കലെന്നപോൽ
കുമരാനാം രാമനിലുള്ളതായ് നൃപൻ
ഉറച്ചിതമ്മാമുനിതന്റെ വാക്കിനാൽ;
വയസ്സുകൊണ്ടൂക്കറികില്ലൊരുത്തരും. 33

നിയോജ്യവർഗത്തെയസംഖ്യമാദരാ- ‌
ലയച്ചവൻ വില്തതു കൊണണ്ടുപോരുവാൻ
പയോദവൃ‍‍ന്ദത്തെ മയൂഖകാർമുക-
പ്രയോജന വാനവർനാഥനെന്നപോൽ. 34

പുരാന്തകൻദക്ഷമഖം മുടക്കുവാൻ
ശരം പ്രയോഗിച്ചൊരു വില്ലു, രാഘവൻ
ദരാവഹം പന്നഗരാജതുലൃമായ്
നിരീക്ഷണം ചെയ്തു കരത്തിലേന്തിനാൻ 35

മയക്കി മാലോകരയത്ഭുതത്തിനാൽ
പ്രയാസമില്ലാതെ കനത്ത വില്ലിനേ
നിയന്ത്രണം ചെയ്തു ഗുണത്തിനോടവൻ
നയത്തോടും മന്മഥനിക്ഷുവില്ലു പോൽ. 36

എടുത്തു രാമൻ മുറുകെക്കുലയ്ക്കയാ-
ലൊടി‍‍ഞ്ഞു മേഘധ്വനിയോടു കാർമുകം
സ്ഫുടിച്ച രാജന്യബലത്തെ, വൈരിയായ്
നടക്കുമബ് ഭാർഗവനോടുരച്ചപോൽ. 37

ഹരന്റെ വില്ക്കോലിലുറച്ച പന്തയം
വഹിച്ച നേരത്ത് മുദാ നരേശ്വരൻ
ഹരിപ്രിയാരൂപിണിയായ സീതയെ-
ക്കൊടുത്തു വാക്കാൽ നൃപപുത്രനാദ്യമായ്. 38

സുസത്യവാൻ ഭൂപനയോനിജാതയായ്
വളർത്ത ചെല്ലച്ചെറുകുഞ്ഞി ദ്രുതം
ലസിച്ചിടും കൗശികനുറ്റസാക്ഷിയാ-
യിരിക്കവേ നൾകുകയാൽ കൃതാർഥനായ് 39

പരിഗ്രഹിച്ചെൻ‍‍ മകളെക്കുലത്തൊടും
ഭരിക്കയെന്നാദരവോടു കൂടവേ
ഗുരുക്കളെപ്പങ് ക്തിരതക്ഷിതീശനോ-
ടുരയാക്കുവാൻ ചൊല്ലിയയച്ചു മൈഥിലൻ. 40

സുതന്റെ വേളിക്കു കൊതിച്ചിരിക്കുമ-
ന്നൃപന്റെ ഗേഹത്തിണഞ്ഞു വിപ്രനും;
ഗുണിക്കു സങ്കൽ‍പ്പമഭീഷ്ട്സിദ്ധിയെ-
ക്കൊടുത്തിടും കല്പകവൃക്ഷമെന്ന പോൽ 41

യഥക്രമം സൽകൃതനാം ദ്വിജേന്ദ്രനാ-
ലുദീരിതം കേട്ടു ചരിത്രമൊക്കയും
ക്ഷിതീശ്വരൻ തന്റെ പരിച്ശജത്തൊടും
മുദാ പുറപ്പെട്ടു പുരോഹിതാന്ന്വിതൻ. 42

ഇളക്കിയമ്മൈഥിലരാജധാനിയേ
ചുഴന്ന സൈനൃത്തോടു ചെന്നുകേറിനാൻ
സഹിച്ചിതപ്പട്ടമീയുപദ്രവം
മഹാതപം പത്മതടാകമെന്ന പോൽ. 43

                                                      
പടുക്കളായ് പാശിമഹേന്ദ്രതുലൃരാ-
യടുത്തൊരമ്മന്നവരോർത്തുങ്ങളിൽ
നടത്തി മക്കൾക്കഥ പാണിപിഢന-
ച്ചടങ്ങിനെത്തങ്ങടെ വൈഭവോചിതം. 44

ലഭിച്ച രാമന്നു മഹീതനൂജയെ
പ്പരിഗ്രഹിച്ചുർമിള തന്നെ ലക്ഷ്മണൻ
പ്രശസ്തരായ് വേട്ടിതു മറ്റു രണ്ടു പേർ
കുശധ്വജൻ തന്നുടെ രണ്ടു മക്കളേ. 45

ക്ഷിതീശ്വരൻ തന്നുടെ നാലുപായമ-
ന്നധീനസാഫലൃമിയന്നു നിന്നപോൽ
വധൂജനത്തോടിടപ്പെട്ട പുത്രരാ-
ലതന്ദ്രമോദത്തെയടഞ്ഞു മേൽക്കുമേൽ. 46

പരസ്പരം പത്നികളാൽ കുമാരരും
കൃതാർഥരായ്തീർന്നവരാൽ വധുക്കളും
തരത്തിലിച്ചേർച്ച നിനച്ചുകാണുകിൽ
പ്രകൃതൃനുപ്രതൃയോഗസന്നിഭം. 47

നരോത്തമൻ നാലു സൂതർക്കുമേവമാ-
ചരിച്ചു കല്യാണമഹോത്സവത്തിനേ
തിരിച്ചു താൻ; മൈഥിലനോടു യാത്രയും
പറഞ്ഞു സാകേതപുരിക്കു സത്വരം. 48

അവസ്ഥപോലുള്ളൊരു കന്യകാധനം
കൊടുത്തച്ചിട്ടു വിദേഹരാജനും
കുറച്ചു പിന്നാലെ നടന്നു യാത്രയും
മുറക്കു ചൊല്ലീട്ടു മടങ്ങിനാൻ മുദാ. 49

അനന്തരം ഭാനുകുലപ്രദീപനാം
നരേന്ദ്രനും കുട്ടരുമാത്തകൗതുകം
സ്വരാജധാനിക്കു തിരിച്ചുപോകവേ
നിമിത്തമോരോന്നും പിഴച്ചുണ്ടുതേ. 50

പ്രതീപനായ് വന്നു വഴിക്കു കേതനം
വിദാരണംചെയ്തു വലച്ചു സേനയെ
പ്രതാപമേറുന്നൊരു ചണ്ഢമാരുതൻ
പ്രതീരദേശങ്ങളെ നിർത്ധരങ്ങൾപോൽ. 51

അതിന്റെശേഷം പരിവേഷരുദ്ധനായ്
നിരീക്ഷണംചെയ്തു ദിനാധിനാഥനേ
സുപർണസന്തർജിതനായ പാമ്പിനാ-
ലുപാവൃതം പന്നഗരത്നമെന്നപോൽ. 52

മുടിക്കുവാൻ തക്കൊരു ചണ്ഡവാരയു വ-
ന്നടിച്ചിളക്കും പൊടിമാരിയോടുടൻ .
വഹിച്ചു സന്ധൃഘനരക്തമംബരേ
രജസ്വലാവസ്ഥയണഞ്ഞിതാശകൾ 53

കൊഴുത്ത രാജന്നൃനിണത്തിനാൽപരം
പിതൃക്രിയാതൽപരനായ രാമനേ
ഉഷസ്സിലർക്കാശ്രിതദിക്കിൽ മേവുമ-
ക്കുറുക്കനും കൂകിവിളിച്ചു ഘോരമായ്. 54
    
നിമിത്തമൊട്ടുക്കു പിഴച്ചു കാൺകയാൽ
സമർഥനാം മന്നനരുന്ധതീശനേ
നമിച്ചിതിന്നുള്ളൊരൊഴിച്ചിലോർക്കവേ
നമുക്കൊടുക്കം സുഖ"മെന്നുചൊല്ലിനാൻ 55

എഴുന്ന തേജോഗണമാപതിച്ചിത-
അകമ്പടിക്കാരുടെ മന്നിലക്ഷണം;
ക്രമേണ നേത്രങ്ങൾ തുടച്ചുപാർക്കവേ
തെരിഞ്ഞു സേനയ്ക്കതു മർത്യരൂപമായ്. 56

ധരിച്ചു താതാംശകമായ പൂണുനൂൽ
കരേ സവിത്രികുലധർമമസ്ത്രവും
ലസിച്ചിവൻ മിത്രനൊടിന്ദു ചേർന്ന പോൽ
സസർപ്പമാം ചന്ദനദാരു പോലെയും. 57

ഉരത്ത രോഷത്തൊടു മാർഗലങ്ഘിയെ-
ന്നിരിക്കലും താതനിലുറ്റ ഭക്തിയാൽ
സ്വമാതൃകണ്ഠത്തെയറുത്തിവൻ പുരാ-
ജയിച്ചു ചിന്താസമമിപ്രപഞ്ചവും. 58

ഉരുക്കഴിച്ചോരു നരേന്ദ്രനിഗ്രഹം
മറന്നുപോകായ്വതിനെന്നപോലീവൻ
ഇടത്തുകർണ്ണത്തിലൊരക്ഷമാലയെ-
ത്തൊടുത്തിരുന്നാനെഴുമൂന്നുസംഖ്യയാൽ. 59

വിരോധമോടാത്മപിതുർവധത്തിനാൽ
നരേന്ദ്രവംശത്തെ മുടിക്കുമാര്യനേ
നിനച്ചു തന്നുണ്ണികൾതമ്മെയും തദാ
പരുങ്ങിനാൻ പങ്ക്തിരഥക്ഷിതീശ്വരൻ 60

ജ്വലിച്ച ഹാരോരഗരത്നജാതി പോൽ
സ്വപുത്രനും ശത്രുവിനും സമാനമായ്
ഇരിക്കുമാപ്പേരിനെയോർത്തു മേൽക്കു മേ-
ലെരിഞ്ഞിതന്തഃകരണം നൃപന്നഹോ. 61

ഇതാ ഭവാനർഘ്യയ മിദം പദേ പദേ
വദിച്ച രാജാവിലൊരിമ്പമെന്നിയേ
ഉദഗ്രകോപാഗ്നികണം തളുമ്പുമ-
സ്വദൃക്കിനാൽ രാമനെ നോക്കിനാനവൻ. 62

ഉരത്ത ചാപത്തെയിടത്തുകൈയിലും
വിരൽക്കിട‍യ്ക്കന്ന്യകരതത്തിലസ്‌ത്രവും
ധരിച്ചവൻ നേർക്കമരുന്ന രാമനോ-
ടുരച്ചു ശണ്ഠയ്ക്കു തുനിഞ്ഞ മട്ടൊടും. 63

കടുത്ത കൈയെന്നൊടെടുത്ത ഭൂപരേ-
യൊടുക്കിയന്നന്നുപശാന്തനായ ഞാൻ
ഉണർന്നു വീണ്ടും തവ പേരു കേൾക്കയാ-
ലമർഷിതൻ നൊമ്പലമേറ്റ പാമ്പുപോൽ. 64

എടുത്തു മറ്റുള്ള മഹീശരാരുമി-
ങ്ങൊടിച്ചിടാതുള്ള ശിവന്റെ വില്ലു നീ
മുറിച്ചതായ് കേട്ടു, മദീയപൗരു‍‍‍ഷം
മുടിച്ചതായ് തോന്നുമിതോർക്കിലേവനും. 65

ഒരിക്കലീ രാമപദം പരക്കെയും
ച്ചരിപ്പതിന്നാസ്പദമായിരുന്നു ഞാൻ
മുതിർന്നു നീ വന്നതുമൂലമിപ്പൊഴ-
പ്പടം പരാധീനതയാർന്നതപ്രിയം. 66

നമുക്കു വാസം മലയോരമെങ്കിലും
ശമിച്ചതില്ലെന്റെ ശരത്തുനൂർജിതം
മമ പ്രതാപത്തെ ഹരിച്ച നീയുമി-
ന്നമിത്രമായ് ഹേഹഭൂപനെന്നപോ‍ൽ. 67

കഠോരനാം നിന്നെ വധിച്ചിടായ്കിലി-
ക്കുഠാരമെന്തിന്നു മുടിച്ചു ഭൂപരെ?
സമുദ്രമധ്യത്തിലെരിഞ്ഞിടാത്ത തീ
സമിൽക്കുശാദ്യങ്ങളശിപ്പതെന്തിനായ്? 68

മുരാന്തകൻ മുൻപു ഞെരിച്ചു ചെത്ത വി-
ല്ലൊടിക്കയാലിന്നു മദിക്കവേണ്ട നീ
ഒഴിക്കിനാൽ ചോടു പറിഞ്ഞ വന്മരം
പുഴക്കിമന്ദാര‌നിലനും മറിച്ചിടും. 69


മദീയമീവില്ലു കുലച്ച സായകം
മദിച്ച നീ ഞാണൊടു ചേർത്തു കാട്ടിയാൽ
കയർത്തു കൽപ്പിച്ചൊരു പോരൊഴിച്ചു ഞാൻ
ജയം തരാമെന്നൊടു തുല്യനാകയാൽ 70

വിളങ്ങുമീ വെണ്മഴു കണ്ടു പേടിയോ-
ടിളിച്ചു നീയെന്നുടെമുന്നിൽ നിൽക്കിലോ
വഴങ്ങണും വില്ലു പിടിക്കയാൽ തഴ-
മ്പെഴുന്ന കൈകോർത്തഭയം ലഭിക്കുവാൻ. 71

പഴിച്ചിദം ഭാർഗവനുച്ചരിക്കവേ
പൊഴിച്ചു മന്ദസ്മിതമാ രഘുത്തമൻ
ശരാസനം ശങ്കയൊഴിഞ്ഞു വാങ്ങിനാൻ
മുനീന്ദ്രനോടായതു തന്നെയുത്തരം. 72

കഴിഞ്ഞ ജന്മത്തിലെ വില്ലെടുക്കയാ-
ലിയന്നു ചൈതന്യഭരത്തെ രാഘവൻ
ഒഴുക്കമോലും നവനീരദം
നിഴൽദ്ധനുസ്സേശുകിലെത്ര? ചന്തമാം. 73

ബലിഷ്ഠനാം രാഘവനദ്ധനുസ്സിനേ
നിലത്തു കൊള്ളിച്ചു കുലച്ചിടും വിധൗ
പുകഞ്ഞടങ്ങുന്നൊരു ദീപമെന്ന പോൽ
സ്വകീയതേജസ്സു വെടിഞ്ഞു ഭാർഗവൻ 74

പ്രകാമ, മേറീട്ടുമടങ്ങിയും വരും
പ്രകാശമോടങ്ങനെ നിന്ന വീരരേ
ദിനാത്യയേ പൂർണിമയിങ്കലിന്ദുവും
ദിനേശനും പോലെ നിനച്ചു കണികൾ. 75

കനിഞ്ഞു രാമൻ ജമദഗ്നിപുത്രനാം
മുനിക്കെഴും മങ്ങിയ മട്ടുകണ്ടുടൻ
അനർഗളം തന്നുടെ സായകത്തിനേ
നിനച്ചു വേലായുധതുല്യനോതിനാൻ. 76

ഭവാനെനിക്കിന്നോർത്തു വധിക്കയില്ലഞാൻ
സുവിപ്രനെന്നോർത്തു വധിക്കയില്ലഞാൻ
അവശ്യമീയമ്പ് നിനക്കു സൽഗതി-
ക്കവേക്ഷിതം പുണ്യമൊടുക്കിടട്ടയോ? 77


ഉര,ച്ചവൻ രാമനെ നോക്കി "നിന്നെ ഞാൻ
പരൻപുമാനെന്നറിയായ്കയല്ല കേൾ
നരത്വമാർന്നുള്ള ഭവാന്റെ വൈഭവം
ധരിപ്പതിന്നായ് കലഹിച്ചതീവിധം. 78

രിപുക്കളേ വൻപൊടു ചാമ്പലാക്കി ഞാൻ

സുഖത്തിനായ് കാശ്യപന്നൂഴി നൽകിനേൻ
പ്രഭാവമങ്ങുന്നു കുറയ്ക്കിലായതി-
ങ്ങപത്രപയ്ക്കാസ്പദമല്ല നന്മയാം. 79

മഹാമതേ! പാലയ തീർഥയാത്രയേ
നിഹിംസനം ചെയ്യരുതേ ശരത്തിനാൽ
തടുക്കിലസ്സ്വർഗ്ഗസുഖാനുഭോഗ,മി
ന്നുടക്കു തീർന്നേഷ മിടുക്കനായ് വരും". 80

അതിൻപ്രകാരം വിശിഖത്തെ രാഘവൻ
മുദാ കിഴക്കോട്ടു വലിച്ചു വിട്ടുപോൽ
അതിന്ദ്രലോകത്തു മുനിക്കു പോകുവാൻ
തുറന്ന മാർഗത്തെയടച്ചു ഗാഢമായ്. 81

പിഴച്ചതൻപോടു പൊറുക്കയെന്നു തൽ-
ക്കഴൽക്കു കൈവച്ചു വണങ്ങി രാഘവൻ
"പകച്ചു തോൽക്കും പരിപന്ഥിയെപ്പരൻ
മികച്ചു മാനിപ്പതു കീർത്തിഹേതുവാം.” 82

“ത്യജിച്ചു മാത്രംശകമായ രാജസം
ഭജിക്കവേ പിത്ര്യമതാം ശമത്തെ ഞാൻ
നിഷിദ്ധമല്ലിങ്ങനെ പുണ്യനിഗ്രഹം
ഭവാനനുഷ്ഠിച്ചതെനിക്കനുഗ്രഹം. 83

ഗമിച്ചിടുന്നേൻ സുരകാര്യസിദ്ധിയിൽ
ശ്രമിക്കുമങ്ങേക്കൊരു കുണ്ഠിതം വരാ;”
പറഞ്ഞു സീതാപതിയോടിടം മുദാ
മറഞ്ഞു മെല്ലെന്നു മഹാതപോധനൻ. 84

തദനുമനുജവീരൻ രാമനെപ്പുൽകിനന്നായ്
നിജതനയനു രണ്ടാം ജന്മമുണ്ടായപോലെ;
എരിപൊരിയൊടു വാടും കാനനേ വൃഷ്ടിപോല-
പ്പെരുകിനൊരഴൽ തേടും മന്നനാനന്ദമുണ്ടായ്. 85

പിന്നെപ്പങ്ക്തിരഥൻ വഴിക്കു പലടത്തോരോദിനം താവളം
സന്നാഹങ്ങളൊടും കഴിച്ചപജയം കുടാതെ;ഗാഢദരം
ഉന്നിദ്രാശ കലർന്നു രൂപവതിയാം വൈദേഹിയെക്കാണുവാൻ
കന്നൽക്കണ്ണികൾ മേടതോറുമമരും തൻ പത്തരം പൂകിനാൻ. 86
      
 
മന്ദാക്ഷംകൊണ്ടു മട്ടാർശരനെ മറവിൽനിർതീട്ടു ദാമ്പത്യകൃത്യം
നന്നായ് സൂക്ഷിക്കുമാത്മപ്രിയകളൊ ടിടച്ചേർന്നുള്ള രാമാദികൾക്കും
ഒന്നാമത്തേ രസം ചെന്നഭിമതമനുകൂലിച്ചു കാലക്രമത്താ-
ലെന്നാലും നാലുപേരും നിജനിയമവിധാനങ്ങൾ പാലിച്ചു വാണാർ 87

നാലാം സർഗം സമാപ്തം