ബാഷ്പാഞ്ജലി/ചരിതാർത്ഥതന്നെ ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സുഷമ:-
നിശിതമാകുമീ വജ്രായുധത്തിനാൽ
നിഹത ഞാൻ,വിഭോ, നാശമടയുകിൽ,
ഒരുനിഴൽകൂടി മാഞ്ഞുപോ,മല്ലാതെ
വരുവാനില്ലിപ്രപഞ്ചത്തിനൊന്നുമേ!
കതിർപൊഴിച്ചു പ്രഭാതപ്രഭാകരൻ
പതിവുപോൽക്കിഴക്കെത്തിടും പിന്നെയും;
അതുലഹേമന്തയാമിനി മുന്നെപ്പോൽ
പുതുനിലാവിൽ കളിച്ചുല്ലസിച്ചിടും;
കിളികൾ പാടിടും, വല്ലികളാടിടും,
കുളിരിളംതെന്നൽ പിന്നെയും വീശിടും;
കമനീയാകൃതേ, ഹാ, ഭവാനെക്കാൺകെ-
ക്കമനിമാർ വീണ്ടും കൺകോണെറിഞ്ഞിടും,
വിരളസൗഭഗ ഞാൻ വിരമിക്കിലും
വിരസതയ്ക്കില്ല മാർഗ്ഗമൊരിക്കലും!
ഭരിതവേദനം, നിസ്സാരമാമൊരു
ചെറിയ നീർപ്പോള പൊട്ടിത്തകരുകിൽ,
നിയമിതോത്സുകം മുന്നോട്ടു പായുമീ
നിയതിനിംനഗയെന്തിനു നിൽക്കണം?
പരിഭവപ്പാഴ്പുകയാലൊരിക്കലും
കരിപിടിക്കുകില്ലെന്മനോദർപ്പണം.
അഴലടക്കുവാനാകാതെയോതുമെൻ-
മൊഴിയിതെല്ലാം ഭവാൻ പൊറുക്കേണമേ!
സരളമേഘകദംബപ്രചുംബിത-
തരളമാമൊരു വാര്മഴവില്ലിനെ,
അടവിയിൽപ്പൂത്ത നിർഗ്ഗന്ധപുഷ്പമൊ-
ന്നഭിലഷിച്ചുപോയ് മാറോടുചേർക്കുവാൻ!
സുരഭിലസ്വപ്നമോരോന്നു കണ്ടുക-
ണ്ടരനിമിഷം മയങ്ങിയ കാരണം,
നിരുപമാംഗ, നിരാശാഭരിതയായ്
നിരസിതയായ് മടങ്ങുമാറായി മേ!
പുതുമ പൂണുമെന്നാത്മവിപഞ്ചിയിൽ-
പ്പരിലസിച്ചോരദൃശ്യമാം തന്ത്രികൾ,
പ്രണയഗീതങ്ങൾ പിന്നെയും പിന്നെയും
പ്രണവനിർത്ധരിപോലെ വർഷിക്കവെ;
തവ ലിഖിതമെന്മാറോടു ചേർത്തുകൊ-
ണ്ടവനതാസ്യയായ് ഞാനിരുന്നീടവെ;
മധുരലോലവികാരവിജൃംഭിത-
വിധുരമാമെൻഹൃദന്തത്തുടിപ്പുകൾ,
ചെവിയിലേറ്റേറ്റു വിസ്മയസ്തബ്ധരായ്
ദിവി തിളങ്ങുന്ന വാടാവിളക്കുകൾ!!-
അവരുമാത്രമാണെൻ ചിത്തമുഗ്ദ്ധത-
യ്ക്കവനിയിങ്കലെനിക്കുള്ള സാക്ഷികൾ!!
കരയുവാനിടയാകരുതെങ്കിലോ
വിരിയരുതൊരു പൂമൊട്ടു പുഷ്പമായ്;
വികൃതഭൃംഗകസ്പർശമേൽക്കാതതു
സുകൃതിയായ്ത്തന്നെ ഞെട്ടറ്റുവീഴണം!!
കരുണയിത്രമേൽ ദുർല്ലഭവസ്തുവായ്
കരുതിയില്ല ഞാനിന്നോളമേതുമേ.
കുരരിയെപ്പോൽക്കരഞ്ഞു കരഞ്ഞിനി-
ദ്ധരയിൽ വാഴുവാനാശിപ്പതില്ല ഞാൻ.
കൊടിയ വിസ്മൃതിയിങ്ക,ലെൻരാഗവും
ഝടിതി വീണടിഞ്ഞേയ്ക്കാം, മഹാമതേ!
മുകുളിതകരം യാത്രചോദിക്കുമീ-
സ്സുഷമയെത്തെല്ലനുഗഹിക്കേണമേ!

ഹൃദയനാഥ, മലീമസം മജ്ജഢം
ചിതയിൽവീണു ദഹിക്കുമ്പൊളെങ്കിലും,
കരുണയാർന്നു, നിങ്കണ്ണുനീർത്തുള്ളിയൊ-
ന്നുതിരുമങ്കിൽ, ചരിതാർത്ഥതന്നെ ഞാൻ! 10-4-1108