പ്രാർത്ഥന ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രാർത്ഥന ഒന്ന്

രചന:കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

ഗദീശ! ഭവാന്റെ തത്ത്വമെല്ലാം
ഭഗവാൻ! ചൊൽവതു ശക്യമാകുമാരാൽ?
നിഗമാന്ത ശതങ്ങളാലുമാമോ
സുഗമം നിന്റെയമേയമാം പ്രഭാവം

ഭുവനങ്ങളെയൊക്കെയും ചമച്ചി -
ട്ടവനം ചെയ്തവയെ ക്രമേണ പിന്നെ
അവസാനമവയ്ക്കു ചെയ്‍വതോർക്കിൽ
ഭവദീയം കളിയീശ! ചിത്രമത്രേ.

കദനങ്ങളകറ്റിയൻപിനോടെൻ -
ഹൃദയത്തിൽ കുടികൊൾക നീ പരേശ!
മദമത്സരദോഷമൊക്കെ നീക്കി
സ്സദയം സദ്ഗതി നൽകുവാൻ തൊഴുന്നേൻ.

കരുണാകര! നീ കനി‍ഞ്ഞുവെന്നാ -
ലൊരുനാളും ഗതികെട്ടുപോയിടാ ഞാൻ;
വരുമെന്നുമെനിക്കു നന്മ മേന്മേൽ
വിരുതും വിദ്യയിലേറെ വിശ്വനാഥ!

അഴൽ പോക്കിയനുഗ്രഹിക്കണേ; നിൻ -
കഴലെന്യേ ഗതിയില്ലെനിക്കു നാഥ;
മഴപോൽ കരുണാമൃതം ചൊരിഞ്ഞെൻ -
പിഴയെല്ലാമകലെക്കളഞ്ഞുകൊൾക.

ദുരിതങ്ങളകറ്റിയെപ്പൊഴും സ-
ച്ചരിതത്തിൽ പ്രതിപത്തി നൽകിയെന്നെ
ശരിയായ വഴിക്കു താൻ നടത്തി -
പ്പരിപാലിച്ചരുളേണമേ പരമാത്മൻ!

"https://ml.wikisource.org/w/index.php?title=പ്രാർത്ഥന_ഒന്ന്&oldid=83187" എന്ന താളിൽനിന്ന് ശേഖരിച്ചത്