ചാണക്യസൂത്രം (കിളിപ്പാട്ട്)/മൂന്നാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • പാലൊത്ത മൊഴിയാളേ! ശാരികേ! മനോഹരേ!
  • മാലോകർക്കിതമുള്ള നിന്നുടെ വചനങ്ങൾ 1
  • ഓരോരോതരമതിവിചിത്രമായ്കേൾക്കുന്തോറും
  • പാരാതെ വളരുന്നു കൌതുകമിനിക്കുള്ളിൽ 2
  • ദാഹവും തളർച്ചയും തീർത്തുടൻ തെളിഞ്ഞുനീ
  • മോഹനമായ കഥാശേഷവും പറകെടോ 3
  • വീരനായോരുമന്ത്രിരാക്ഷസനതുകാലം
  • ധീരതയോടു ചെയ്തതെന്തെന്നുപറകനീ 4
  • എന്നതുകേട്ടുകിളിപ്പൈതലും ചൊല്ലീടിനാൾ
  • ഇന്നതുപറവതിനെത്രയും പണിയത്രേ 5
  • വൈഷ‌മ്യം കഥക്കിതിന്മേലേടമുണ്ടാകയാൽ
  • വൈഷ‌മ്യം പറഞ്ഞുകൊൾ‌വാനുമുണ്ടറിഞ്ഞാലും 6
  • ഒട്ടുമേതിരികയില്ലെന്നതുവരുമെന്നാൽ
  • ഒട്ടുഞാനറിഞ്ഞേടം പറയാം കനിവോടെ 7
  • നീരസന്മാർക്കു തിരിഞ്ഞീടുവാൻ പണി തുലോം
  • പാരതിൽ സരസന്മാർക്കറിയാമല്ലോ താനും 8
  • വാക്കിനു സാമർത്ത്യമില്ലെന്നു വന്നാലും പിന്നെ
  • കേൾക്കയിൽ ചിലർക്കിപ്പോളാഗ്രഹമുണ്ടെന്നാകിൽ 9
  • ചൊല്ലുവാനിളയ്ക്കരുതല്ലോ ഞാനറിഞ്ഞേടം
  • ചൊല്ലുവൻ ചുരുക്കമായെങ്കിലോ കേട്ടുകൊൾവിൻ 10
  • ബുദ്ധിമാനായീടുന്ന രാക്ഷസനതുകാലം
  • വൃദ്ധനായ് വനം വാഴും നന്ദരാജനെക്കണ്ടു 11
  • വർദ്ധിപ്പിച്ചീടുന്നുണ്ടിക്കുലമിനിയും ഞാൻ
  • ഇത്തരം നിരൂപിച്ചു മിത്രങ്ങളോടും കൂടി 12
  • ഉത്തമമായ മന്ത്രമണ്ഡപമകം പൂകീ-
  • ട്ടിത്തരമോരോതരം ചിന്തിച്ചു തുടങ്ങിനാർ13
  • ശക്തിയേറീടും നൃപവീരന്മാർ മരിക്കയാൽ
  • യുദ്ധത്തിന്നവർകളോടാവതില്ലിനിയേതും 14
  • വഞ്ചിച്ചും ചന്ദ്രഗുപ്തൻ തന്നെ നാമിതുകാലം
  • പഞ്ചത്വം വരുത്തുവാൻ യത്നവും ചെയ്തീടേണം 15
  • സർവ്വരുമായിച്ചിന്തിച്ചിങ്ങിനെ കല്പിച്ചവൻ
  • സർവ്വാർത്ഥസിദ്ധിയാകും വൃദ്ധനെ വനത്തിങ്കൽ16
  • ആരുമേയറിയാതെ രക്ഷിച്ചു മന്ത്രിമുഖ്യൻ
  • ധൈര്യമുൾക്കൊണ്ടു ചന്ദ്രഗുപ്തനെച്ചെന്നുകണ്ടാൻ 17
  • മാനശോകാദികളുമൊക്കവേ മറച്ചവൻ
  • ദീനനായ് മൌര്യൻതന്നോടിങ്ങിനേ ചൊല്ലീടിനാൻ 18
  • “നന്ദനാം മഹീപതി തനിക്കും പുത്രന്മാർക്കും
  • മന്ത്രിയായിത്രനാളും വാണു ഞാനറികനീ 19
  • ഇക്കാലം ഭവാൻ തന്റെ മന്ത്രിയായിരിപ്പതി-
  • ന്നുൾക്കാമ്പിൽ കല്പിച്ചു വന്നീടിനേൻ കൃപാനിധേ! 20
  • അന്നന്നു രാജ്യം പരിപാലനം ചെയ്തീടുന്ന
  • മന്നവന്മാരെസ്സേവിച്ചീടുകെന്നതേയുള്ളു 21
  • നന്ദവംശത്തിലല്ലോ നിന്നുടെ ജനനവും
  • എന്നതുനിരൂപിച്ചാൽ സംശയമില്ലേതുമേ 22
  • അന്യവംശത്തിലുള്ള പർവ്വതരാജാവിനെ
  • ചെന്നുസേവിക്കെന്നതുമെത്രയും മടിയത്രേ 23
  • സ്നേഹമോ നമ്മിലുള്ളതിന്നുണ്ടായതുമല്ല
  • മോഹംകൊണ്ടോരോന്നേവം വന്നുപോകത്രേനൂനം 24
  • എന്നെയിന്നുപേക്ഷിക്കെന്നുള്ളതും ഭവാനിപ്പോൾ
  • ഒന്നുമേ നിരൂപിച്ചാൽ ചെയ്കയുമരുതല്ലോ” 25
  • രാക്ഷസാമാത്യനേവം കിഴിഞ്ഞുപറഞ്ഞപ്പോൾ
  • സാക്ഷാലിന്നിതുനേരല്ലെന്നു കല്പിച്ചു മൌര്യൻ 26
  • ചെന്നുടൻ ചാണക്യനോടിക്കഥ പറഞ്ഞപ്പോൾ
  • മന്നിട സുരവരനിങ്ങിനെ ചൊല്ലീടിനാൻ 27
  • വ്യാജത്താലെന്നാകിലുമാശ്രയിച്ചവർ‌കളെ
  • രാജാക്കന്മാർക്കു പരിപാലിച്ചേ മതിയാവൂ 28
  • എന്തതിൻ പ്രയോഗമെന്നുള്ളതുമറിഞ്ഞീടാം
  • ചന്തമായ് പറഞ്ഞനുസരിച്ചുവെക്കേണം നാം 29
  • ഇങ്ങിനേ ചാണക്യനും മൌര്യനും പലതരം
  • തങ്ങളിൽ നിരൂപിച്ചു കൈക്കൊണ്ടാരവനേയും 30
  • കേവലം ചതിപ്പാനായ് രാക്ഷസനതുകാലം
  • ഈവണ്ണം മൌര്യൻ തന്റെ മന്ത്രിയായ് വാണീടിനാൻ 31
  • കാനനത്തിങ്കൽ മരുവീടിന നൃപൻ തന്റെ
  • മാനസത്തോടുകൂടി മൌര്യനെയൊടുക്കുവാൻ 32
  • ഗാഢമാത്സരമുള്ളിൽ വെച്ചുകൊണ്ടമാത്യനും
  • ഗൂഢമായ് ചിലരെയും കല്പിച്ചാനതുകാലം 33
  • ഹസ്തിപൻ ശില്പി വൈദ്യനെന്നിവർ മറ്റും ചില-
  • ശസ്ത്രദന്മാരും വിഷം കൊടുക്കുന്നവർകളും 34
  • രാക്ഷസപ്രയുക്തന്മാരാമിവർക്കൊരുത്തർക്കും
  • തൽക്ഷണം ചന്ദ്രഗുപ്തനെക്കുല ചെയ്തീടുവാൻ 35
  • ഒന്നുമേയൊരുപഴുതുണ്ടായീലതുകൊണ്ടു
  • ധന്യരിൽ മുമ്പൻ ചന്ദ്രഗുപ്തനെന്നറിഞ്ഞാലും 36
  • വൃദ്ധനായിരിക്കുന്ന സർവ്വാർത്ഥസിദ്ധിയപ്പോൾ
  • എത്രയും വിശ്വാസമേറീടുന്ന ചാരന്മാരെ 37
  • താപസവേഷം ധരിപ്പിച്ചവരുടെ കയ്യിൽ
  • പാപമാനസനൊരു ബദരീഫലം നന്നായ് 38
  • ഘോരമായുള്ള വിഷനീരതിലിട്ടുമുക്കി
  • മൌര്യനുകൊടുക്കെന്നു ചൊല്ലിയങ്ങയച്ചിതു 39
  • ചാണക്യൻ തന്റെ ചാരന്മാരതു ധരിച്ചുടൻ
  • ഊനമെന്നിയേ വഴിയീന്നവരുറങ്ങുമ്പോൾ 40
  • മറ്റൊരു ലന്തപ്പഴമവിടെവെച്ചു തങ്ങൾ
  • തെറ്റന്നു വിഷമയമായതുമെടുത്തുടൻ 41
  • മന്ദമെന്നിയേ നന്ദഭൂപനെച്ചെന്നുകണ്ടു
  • വന്ദിച്ചുലന്തപ്പഴം കാശ്ചയും വെച്ചു ചൊന്നാർ 42
  • “നിന്തിരുവടിക്കിതു ഭക്ഷിപ്പാൻ ലന്തപ്പഴം
  • ചന്തമോടമാത്യൻ താൻ തന്നുവിട്ടിരിക്കുന്നു”43
  • എന്നതുകേട്ടു നന്ദൻ പ്രീതിപൂണ്ടെടുത്തുടൻ
  • തിന്നതുനേരം ചത്തുവീണിതു നന്ദഭൂപൻ 44
  • താപസദത്തമായ ബദരീഫലം തിന്നു
  • താപമുണ്ടായീലേതും മൌര്യനുമതുകാലം 45
  • സർവ്വാർത്ഥസിദ്ധി “സിദ്ധി” പെട്ടുപോയെന്ന വാർത്ത
  • സർവ്വരും പറഞ്ഞുകേട്ടിടിനാനമാത്യനും46
  • ബന്ധശൈഥില്യശങ്കകൊണ്ടുതാനപ്പോഴതി-
  • നെന്തുകാരണമെന്നു മിണ്ടാതെ വാണീടിനാൻ47
  • സർവ്വാർത്ഥസിദ്ധിമരിച്ചീടിനോരനന്തരം
  • സർവ്വകാംക്ഷിതങ്ങളും നിഷ്ഫലമായെങ്കിലും 48
  • രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനെക്കൊന്നീ‍ടുവാൻ
  • രൂക്ഷനായ് പ്രയത്നങ്ങൾ പിന്നെയും ചെയ്തീടിനാൻ; 49
  • മൌര്യനെസ്സേവിച്ചിരുന്നീടിന കാലമവൻ
  • ആരുമേയറിയാതെ പർവ്വതരാജനേയും 50
  • സേവിച്ചുതുടങ്ങിനാനക്കാലം പർവ്വതേശൻ
  • ഭാവത്തെയറിഞ്ഞു മൌര്യാത്മജൻ തന്നെക്കൊൽ‌വാൻ 51
  • സന്തതമുപായവും ചിന്തിച്ചുചിന്തിച്ചകം
  • വെന്തുവെന്തിരുന്നിതുമന്ത്രിയുമതുകാലം 52
  • ചിത്രമെത്രയും പാർത്താൽ പൂർവ്വവൈരത്തിനുള്ള
  • ശക്തിയെന്നുള്ളതാർക്കും പോകയുമില്ല നൂനം 53
  • ശത്രുവാം പർവ്വതകൻ രാക്ഷസാമാത്യനപ്പോൾ
  • എത്രയും പ്രിയനായി വന്നിതെന്നറിഞ്ഞാലും 54
  • “വല്ലതും ചെയ്തു ചന്ദ്രഗുപ്തനെ വധിച്ചു ഞാൻ
  • വല്ലഭമോടുരാജ്യം നിങ്ങൾക്കു തന്നീടുവൻ” 55
  • എന്നുപർവ്വതനോടും തൽ‌പുത്രനോടും പുന-
  • രുന്നതനായുള്ള തൻ ഭ്രാതാവിനോടും നന്നായ്” 56
  • രാക്ഷസൻ പറഞ്ഞു ബോധിപ്പിച്ചിട്ടൊരുദിനം
  • അക്ഷപണകനോടു ഗൂഢമായുരചെയ്താൻ; 57
  • “നമ്മുടെ സ്വാമിവധത്തിന്നുകാരണമായ
  • നിർമ്മരിയാദിയാകും മൌര്യനെക്കൊന്നീടുവാൻ 58
  • എന്തൊരുപായമെനു ചിന്തചെയ്യേണം സഖേ!
  • ഹന്തനാമിരിക്കുമ്പോളാവതുചെയ്തീടേണം” 59
  • എന്നതു കേട്ടു പറഞ്ഞീടിനാൻ ക്ഷപണകൻ
  • “ധന്യനായുള്ള ഭവാൻ ഖേദിച്ചീടരുതേതും 60
  • വല്ലതുമൊരുകഴിവുണ്ടാക്കീടുവ”നെന്നു
  • ചൊല്ലിയേക്കാര്യം പിന്നെ ചാണക്യനോടും ചൊല്ലി 61
  • ഘോരമായുള്ളോരാഭിചാരകർമ്മവുമവൻ
  • ആരംഭിച്ചിതുകാട്ടിലിരുന്നുനിഗൂഢമായ് 62
  • അഗ്നിയെ ജ്വലിപ്പിച്ചു മാന്ത്രികശ്രേഷ്ഠനവൻ
  • നഗ്നനായിരുന്നൊരു ഹോമവും തുടങ്ങിനാൻ 63
  • ഹോമകുണ്ഡത്തിൽ നിന്നങ്ങുണ്ടായിയതുനേരം
  • കാമരൂപിണിയായോരായതവിലോചന 64
  • ജാനകീദേവിപണ്ടു വഹ്നിയിൽ വീണനേരം
  • മാനമോടതിങ്കൽനിന്നുത്ഥിതയായപോലെ65
  • ധന്യശീലയായതി സുന്ദരാംഗിയാം വിഷ-
  • കന്യകതന്നെക്ഷപണേശ്വരനതുനേരം 66
  • മന്ത്രിവീരന്റെ കയ്യിലെത്രയും നിഗൂഢമായ്
  • മാന്ത്രികവരൻ കൊടുത്തിങ്ങിനേ ചൊല്ലീടിനാൻ 67
  • “മാനിനീമണിയായോരിവളെച്ചുംബിക്കുമ്പോൾ
  • ഊനമെന്നിയേ മരണത്തേയും ലഭിച്ചീടും 68
  • ഏകനെയാലിങനം ചെയ്തുകൊന്നീടുമിവൾ
  • പോകയും ചെയ്യും പിന്നെ കാൺകയുമില്ലതാനും”69
  • രാക്ഷസനതുകേട്ടു കന്യകാരത്നത്തേയും
  • സൂക്ഷിച്ചുവെച്ചുകൊണ്ടാനെത്രയും സന്തോഷത്താൽ 70
  • മ്ലേച്ഛരാജനെക്കൂടെ മറച്ചാനവനിതു
  • നിശ്ചയമതിയല്ലെന്നുറച്ചു ശങ്കിക്കയാൽ 71
  • കാലവും കുറഞ്ഞോന്നു പോയോരു ശേഷത്തിങ്കൽ
  • മാലിയന്നിരിക്കുന്ന രാക്ഷസനൊരുദിനം72
  • മോദമുൾക്കൊണ്ടുവിനയത്തെയും പ്രകാശിപ്പി-
  • ച്ചാദരവോടു പണകാത്മജനോടു ചൊന്നാൻ 73
  • “ചന്ദ്രഗുപ്തനു കൊടുത്തീടുവാനായുണ്ടൊരു
  • ചന്ദ്രാഭിരാമമുഖിയായൊരുവിലാസിനീ 74
  • എന്നുടെ ഗൃഹത്തിങ്കലുണ്ടവൾ മരുവുന്നു
  • മന്നവർക്കുചിതയായുള്ളവളറിഞ്ഞാലും 75
  • സർവ്വമോഹനരൂപയാമവളെക്കൊണ്ടിപ്പോൾ
  • യൌവ്വനം സഫലമാക്കീടുക മൌര്യൻ തനെ 76
  • ചാണക്യനേതുമറിഞ്ഞീല താനെന്നു ഭാവി-
  • “ച്ചേണാക്ഷിതന്നെവരുത്തീടുകെ”ന്നുരചെയ്താൻ 77
  • രാക്ഷസനതുകേട്ടു തന്നുടെ ഗൃഹം പുക്കു
  • തൽക്ഷണേ വിഷനാരിതന്നെയും കൊണ്ടുവന്നാൻ 78
  • കണ്ടിവാർകുഴലിയെകൊണ്ടുവന്നതുകണ്ടു
  • തണ്ടലർ ബാണമേറ്റു കുണ്ഠരായെല്ലാവരും79
  • സസ്മിതമായമുഖപത്മവും നോക്കി നോക്കി
  • വിസ്മയം പൂണ്ടു നിന്നാരെന്നതേ പറയാവൂ 80
  • അന്നേരം ശയനമദിരത്തിൽ പ്രവേശിപ്പാൻ
  • വന്നിതുസമയവും ചാണക്യനതുനേരം 81
  • മന്ദമെന്നിയേയൊരു സംഭ്രമം നടിച്ചുള്ളിൽ
  • മന്ദഹാസവും ചെയ്തു പലരും നിൽക്കുന്നേരം 82
  • നീതിമാനായകുലമന്ത്രിരാക്ഷസനോടു
  • ആദരവോടേ വിളിച്ചിങ്ങിനെ ചൊല്ലീടിനാൻ 83
  • “പർവ്വതരാജനിന്നു പാർത്തുകാണുന്നനേരം
  • സർവ്വദാനമുക്കൊരുബന്ധുവെന്നറിഞ്ഞാലും 84
  • സ്ത്രീരത്നമിതുതന്നെ പർവ്വതരാജാവിനു
  • പാരാതെകൊടുക്കേണമില്ല സംശയമേതും 85
  • ഇന്നിതുമൌര്യൻ തനിക്കെന്നു കല്പിക്കുന്നേരം
  • നിർണ്ണയമിവനൊരു വൈരവുമുണ്ടായീടും 86
  • താന്താനൊട്ടൊഴിഞ്ഞിട്ടും ബന്ധുവാം ജനങ്ങളെ
  • സന്തോഷിപ്പിക്കയല്ലോ കാര്യമാകുന്നതെടോ” 87
  • നീതിമാനായ ചണകാത്മജനിതുവഴി
  • നീതിയിൽ സമക്ഷത്തുനിന്നുരചെയ്തനേരം 88
  • ഉത്തരമതിനൊന്നും കാണാഞ്ഞുമന്ത്രികുല
  • സത്തമനതുമെങ്കിലങ്ങിനേയെന്നുചൊന്നാൻ 89
  • ഇക്കഥ പർവ്വതകൻ തന്നോടു പറവാനും
  • തക്കമില്ലാതെവന്നു രാക്ഷസനതുനേരം 90
  • എന്തഹോ ചാണക്യന്റെ ദുർന്നയമോരോന്നെന്നു
  • ചിന്തിച്ചു മന്ത്രിവരൻ ദൂരത്തുവാങ്ങിനിന്നാൻ 91
  • പഞ്ചബാണാർത്തിപൂണ്ടുപർവ്വതരാജൻ താനും
  • ചഞ്ചലമിഴിയോടും കൂടവേ ശയാഗൃഹം 92
  • പ്രാപിച്ചുമൌര്യൻ തന്നെക്കൊല്ലുവാനിരുന്നവൻ
  • ആപത്തു തനിക്കുവന്നടുത്തതറിയാതെ 93
  • രാത്രിയിലവളെച്ചെന്നാശ്ലേഷം ചെയ്തനേരം
  • ധാത്രിയിൽ വീണു മരിച്ചീടിനാൻ വിധിവശാൽ 94
  • പർവ്വതകനെക്കൊന്നുരാക്ഷസനെന്നുനാളെ
  • സർവ്വരും പറഞ്ഞീടുമെന്നുള്ള ഭയത്തിനാൽ 95
  • രാത്രിയിൽ തന്നെ പുറപ്പെട്ടു രാക്ഷസൻ തന്റെ
  • മിത്രമായ് പ്രാണസ്നേഹമായ്മരുവീടുന്നൊരു 96
  • വന്ദനദാസനായചെട്ടിവർത്തകൻ തന്റെ
  • മന്ദിരത്തിങ്കൽ കൊണ്ടു വെച്ചുടൻ കളത്രത്തെ 97
  • ചന്ദ്രഗുപ്തനെ വധിച്ചീടുവാനായിക്കൊണ്ടു
  • ചന്തമായ്പ്പറഞ്ഞു താനാക്കിയ വൈദ്യാദിയെ 98
  • സന്തതം പരിപാലിച്ചീടുവാനായിക്കൊണ്ടു
  • ബന്ധുവാം ശകടദാസാഖ്യനാം കാര്യസ്ഥനെ 99
  • അറ്റമില്ലാതെയുള്ളോരർത്ഥവും കൊടുത്താക്കി
  • മറ്റുള്ള ഭൃത്യരേയുമോരോരോകാര്യങ്ങളിൽ 100
  • എത്രയും നിഗൂഢമായ്ക്കല്പിച്ചപുനരവൻ
  • രാത്രിയിൽ തന്നെ പുറപ്പെട്ടു വേഗേന പോയാൻ 101
  • ചാണക്യനതുകാലമുൾക്കാമ്പിൽ നിരൂപിച്ചാൻ
  • ഹാനിക്കായ്‌വരുമിഹരാക്ഷസനുള്ളിൽ പുക്കാൽ 102
  • ലോകരഞ്ജനം വരുത്തീടുവാൻ പണിപുന-
  • രാകവെ തമ്മിൽ ഭേദിപ്പിക്കയും ചെയ്യുമിവൻ 103
  • എന്നതുകൊണ്ടു നിരൂപിച്ചു കാണുന്നനേരം
  • നന്നിവൻ പുറപ്പെട്ടു പോയതുമിതുകാലം 104
  • രാവുപോയ് പുലർന്നപ്പോളുറങ്ങുമറതന്നിൽ
  • ജീവനം വേറിറ്റഥ പർവ്വതരാജാവിനെ 105
  • പാരതിൽ കുണപമായ്ക്കിടക്കുന്നതുകണ്ടു
  • വാരിജമിഴിയാളെക്കണ്ടതുമില്ലയെങ്ങും 106
  • അന്നേരം മ്ലേച്ഛജനമൊക്കവെമുറയിട്ടു
  • വന്നവേദനയോടേ പൌരന്മാരോടും കൂടി 107
  • ചാണക്യനോടു ചെന്നു ചൊല്ലിനാരയ്യോ പാപം
  • “ഏണാക്ഷി കൊന്നാളല്ലോ പർവ്വതരാജാവിനെ” 108
  • ചാണക്യനതുകേട്ടു ശോകരോഷാദികളെ
  • മാനമുൾക്കൊണ്ടുഭാവിച്ചവരോടുരചെയ്താൻ 109
  • “രാജനിഗ്രഹം ചെയ്യിപ്പിച്ചോരു മന്ത്രികുല-
  • നീചനെത്തിരഞ്ഞുകൊന്നീടുവിൻ വൈകീടാതെ” 110
  • എന്നതുകേട്ടുഭടന്മാരഥരാക്ഷന്റെ
  • മന്ദിരത്തിങ്കൽച്ചെന്നുതിരഞ്ഞോരനന്തരം 111
  • കണ്ടതില്ലെങ്ങും ഗൃഹം ശൂന്യമായ്ക്കണ്ടാരവർ
  • മണ്ടി വന്നെ”ങ്ങും ഞങ്ങൾ കണതില്ലെ”ന്നു ചൊന്നാർ 112
  • “പർവ്വതരാജാവിനെ രാക്ഷസൻ കൊന്നാ”നെന്നു
  • സർവ്വരും പറഞ്ഞൊരു ഘോഷവും കൊണ്ടുനാട്ടിൽ 113
  • അക്കാലം നയഗുണമേറിയ വിഷ്ണുഗുപ്തൻ
  • ഉൾക്കാമ്പിൽ നിരൂപിച്ചാനെന്തിനി വേണ്ടതിപ്പോൾ 114
  • ഇച്ചതിചെയ്തമാത്യരാക്ഷസനോടും കൂടി
  • മ്ലേച്ഛനായകൻ തന്റെ പുത്രനുമനുജനും 115
  • വൈരമുൾക്കൊണ്ടു ചന്ദ്രഗുപ്തനെക്കൊന്നീടുവാൻ
  • പാരമായുദ്യോഗിച്ചാർ പണ്ടിവരിരുവരും 116
  • എന്നതുനിരൂപിച്ചാലിന്നവർ രണ്ടിനേയും
  • കൊന്നാനക്കാര്യമെന്നു തോന്നുന്നിതിനിയ്ക്കുള്ളിൽ 117
  • രണ്ടുപേരേയും കൂടെക്കൊന്നുവെന്നെങ്കിലതി-
  • നുണ്ടൊരുദോഷമതു ചെയ്തുവെന്നാകിൽ പിന്നെ 118
  • പർവ്വതരാജാവിനെക്കൊല്ലിപ്പിച്ചതുമപ്പോൾ
  • സർവ്വതശ്ചാണക്യനെന്നെല്ലാരും പറഞ്ഞീടും 119
  • ഏകനെപ്പറഞ്ഞുടൻ ഭേദിപ്പിച്ചയയ്ക്കയും
  • ഏകനെ വധം തന്നെ ചെയ്കയും വേണമല്ലോ 120
  • വൈരമേറീടും വൈരോധകനെ വധിക്കെണം
  • പാരാതെ മറ്റേവനെപ്പറഞ്ഞങ്ങയക്കണം 121
  • ഭാഗധേയമുള്ളവനിങ്ങിനെ കല്പിച്ചഥ
  • ഭാഗുരായണനായ തന്നുടെ സചിവനെ 122
  • ആദരവോടുവിളിച്ചാരുമെയറിയാതെ
  • മേദനീദേവൻ താനുമവനോടുരചെയ്താൻ 123
  • “നിശ്ശേഷഗുണനിധേ! നിന്നോടിങ്ങിതുകാലം
  • വിശ്വാസമേറുകയാൽ ഞാനൊന്നു പറയുന്നു 124
  • ചന്ദ്രഗുപ്തനെ സ്നേഹം പണ്ടുമുണ്ടല്ലോ ഭവാ-
  • നിന്നിതു രണ്ടിങ്കലുമുണ്ടെന്നുവരുമല്ലോ 125
  • പർവ്വതാത്മജനായ മലയകേതു തന്നെ
  • സർവ്വദാ ചെന്നുകണ്ടു ബന്ധുവായ്‌വന്നുനീ 126
  • ശങ്ക കൂടാതെ പുനരവനോടിതുകാലം
  • എങ്കലുള്ളോരു ഭയം പറഞ്ഞു ഭേദിപ്പിച്ചു 127
  • വേഗമോടിവിടുന്നു പറഞ്ഞങ്ങയക്കേണം
  • പാകത്തിൽ നിന്നുതന്നെ വേണമെന്നറിഞ്ഞാലും 128
  • ഇഷ്ടമായതുതന്നെ പറഞ്ഞുകൊണ്ടാലവൻ
  • ഇഷ്ടനായ് വരും ഭവാനില്ല സംശയമേതും” 129
  • ഇത്തരം കൌടില്യന്റെ വാക്കുകേട്ടവൻ താനും
  • സത്വരം പർവ്വതകപുത്രനെച്ചെന്നുകണ്ടു 130
  • ഇഷ്ടനായാരും ചെവികേളാതെയൊരുദിനം
  • ധൃഷ്ടനാം മ്ലേച്ഛനൃപപുത്രനോടുരചെയ്താൻ 131
  • “രാജനന്ദന! ഗുണവാരിധേ! മഹാമതേ!
  • വ്യാജമോരോന്നെ ഭവാനറിഞ്ഞില്ലല്ലോ കഷ്ടം 132
  • രാക്ഷസനല്ല കുലചെയ്തതു പിതാവിനെ
  • രൂക്ഷരോഷകനായ ചാണക്യനറികെടോ 133
  • രോഷം കൊണ്ടതുമൂലം നീയിനിപ്പലരോടും
  • ഘോഷം കൊണ്ടീടുന്നാകിൽ നിന്നെയും കൊല്ലുമവൻ 134
  • താതന്റെ കർമ്മമതെന്നുള്ളിൽനീ കല്പിച്ചുകൊ-
  • ണ്ടേതുമെ വൈകാതിനിപ്പൊയ്ക്കൊൾക ഗുണമെടോ 135
  • നിർമ്മരിയാദിചണകാത്മജനെന്നുള്ളതു
  • സമ്മതമെല്ലാവർക്കുമെന്നുനീ ധരിച്ചാലും 136
  • കണ്ടിട്ടും കേട്ടിട്ടുമില്ലാതൊരുദിക്കിൽ വന്നാൽ
  • കുണ്ഠത്വം പിണയാതെ പോവാനും പണിയത്രെ 137
  • ആർക്കാനും വേണ്ടിവന്നു ചാടിയാലുള്ളാപത്തു
  • പോക്കാവതല്ല താന്താൻ കണ്ടുനിൽക്കേണമെടോ 138
  • അന്ധകാരങ്ങൾ ചിന്തചെയ്യാതെ പുരം പൂകീ-
  • ട്ടെന്തിനി വേണ്ടതെന്നു ചിന്തിച്ചീടുക ഭവാൻ” 139
  • ഭാഗുരായണനേവം പറഞ്ഞ വാക്കുകേട്ടു
  • വേഗമുൾക്കൊണ്ടുഭയപ്പെട്ടുടൻ മ്ലേച്ഛസുതൻ 140
  • പ്രേതകൃത്യങ്ങളൊന്നും ചെയ്യാതെ ഭയത്തോടെ
  • പാതിരാനേരം പുറപ്പെട്ടുടൻ പോയീടിനാൻ 141
  • നീതിമാനായ ചണകാത്മജനതുകാലം
  • ചാതുര്യമോടു പറഞ്ഞീടിനാനെല്ലാരോടും 142
  • “ഇന്നു പർവ്വതപുത്രനങ്ങുപോയ്‌വരുവതി-
  • നെന്നുടെ മതംകൊണ്ടുപോയതെ”ന്നുരചെയ്താൻ 143
  • അക്കാലം പർവ്വതകനെക്കുലചെയ്യിപ്പിച്ച-
  • തുൾക്കാമ്പിൽ ചാണക്യനെന്നുള്ളതുശങ്കിച്ചവർ 144
  • എന്തൊരു കഷ്ടം മ്ലേച്ഛരാജനെക്കൊല്ലിപ്പിച്ച-
  • തന്തണർവരനായചാണക്യനെന്നല്ലോനാം 145
  • ശങ്കിച്ചതല്ലെന്നുള്ളതിന്നു നിർണ്ണയം വന്നു
  • എങ്കിൽ താൻ പർവ്വതകപുത്രനെയയയ്ക്കുമോ? 146
  • ശത്രുശേഷത്തെവെച്ചുകൊള്ളുമോ ചാണക്യനി-
  • ന്നത്ര ഭോഷത്വമുള്ളോനല്ലെന്നു ദൃഢമല്ലോ 147
  • ദോഷത്തെ ഗ്രഹിച്ചപ്പോൾ ഭോഷത്വം നമുക്കത്രെ
  • ഘോഷിക്കാത്തതു ഭാഗ്യമെന്നതേ പറയേണ്ടൂ 148
  • സംശയമേതുമില്ല രാക്ഷസൻ തന്നെയതെ-
  • ന്നാശയങ്കത്തിലുറച്ചീടിനാരെല്ലാവരും 149
  • ഉത്തമനായ മന്ത്രിരാക്ഷസനതുകാലം
  • ഉത്തമമായ പുഷ്പപത്തനത്തിങ്കൽനിന്നു150
  • നൂറുയോജനവഴിവടക്കുദിക്കിൽ പോയി-
  • ട്ടാരുമങ്ങറിയാതെ മൌര്യനെക്കൊന്നീടുവാൻ 151
  • എന്തൊരുപായമെന്നു ചിന്തിച്ചു ചിന്തിച്ചുള്ളിൽ
  • സന്തതമിരുന്നിതു മറ്റൊന്നും നിനയാതെ 152
  • അക്കാലം പർവ്വതകപുത്രന്റെ ഗമനത്തെ
  • ചൊൽക്കൊണ്ടോരമാത്യരാക്ഷസനും കേട്ടീടിനാൻ 153
  • നല്ലൊരു പഴുതെന്നു കണ്ടവൻ പുറപ്പെട്ടു
  • നല്ലനാം മലയകേതുവിനെച്ചെന്നുകണ്ടു 154
  • വല്ലഭമോടു സേവിച്ചവനോടതുകാലം
  • ചൊല്ലിനാനിത്ഥമുള്ള വാക്കുകൾ മന്ത്രീന്ദ്രനും 155
  • “മൌര്യനാം പശുവിനെ നിഗ്രഹം ചെയ്തുരാജ്യം
  • വീര്യവാനായ ഭവാനാശുഞാന്തന്നീടുവൻ 156
  • വാട്ടമെന്നിയേരിപുക്കൂട്ടത്തെയൊടുക്കുവാൻ
  • കൂട്ടുകവേണം പടക്കോപ്പുകളറിഞ്ഞാലും” 157
  • പർവ്വതപുത്രനിത്ഥം രാക്ഷസൻ പറഞ്ഞപ്പോൾ
  • ഗർവ്വമോടമാത്യനാക്കിടിനാനവനേയും 158
  • രാക്ഷസനമാത്യസ്ഥാനത്തെയും കൊടുത്തവൻ
  • രൂക്ഷനായ് പ്രതിജ്ഞയുമിങ്ങിനേ ചൊല്ലീടിനാൻ 159
  • അച്ഛനെക്കൊല്ലിപ്പിച്ച വിപ്രനെക്കൊല്ലാതെ ഞാൻ
  • നിശ്ചയം ശേഷക്രിയ ചെയ്തീടുന്നതുമില്ല 160
  • ഈവണ്ണം പ്രതിജ്ഞയും ചെയ്തവൻ മ്ലേച്ഛന്മാരെ
  • ദ്വീപങ്ങളിലേക്കയച്ചൊക്കവേ വരുത്തിനാൻ 161
  • രാക്ഷസൻ ശത്രുഭേദം ചെയ്‌വതിനായിക്കൊണ്ടു
  • സൂക്ഷ്മബുദ്ധികളായതന്നുടെ ചാരന്മാരെ 162
  • ചൊക്കൊണ്ടപുഷ്പപുരത്തിങ്കലേക്കയച്ചുടൻ
  • ഉൾക്കരുത്തോടുരഞ്ജിപ്പിച്ചവൻ മ്ലേച്ഛന്മാരെ 163
  • യുദ്ധത്തിന്നവസരം പാർത്തുപാർത്തൊരുമ്പെട്ടു
  • ബദ്ധമോദത്തോടിരുന്നീടിനാനതുകാലം 164
  • നിശ്ചലഹൃദയനാം ചാണക്യമഹീസുരൻ
  • മ്ലേച്ഛനന്ദനന്റെയും രാക്ഷസാമാത്യന്റെയും 165
  • കൂടിക്കാഴ്ചയും യുദ്ധോദ്യോഗവും പ്രതിജ്ഞയും
  • പാടവമുള്ള ചാരന്മാർ പറഞ്ഞൊക്കെക്കേട്ടാൻ 166
  • പിന്നേയും പരിഭ്രമം കൂടാതെ വിഷ്ണുഗുപ്തൻ
  • തന്നുടെ പക്ഷത്തിലും ശത്രുപക്ഷത്തിങ്കലും 167
  • ഉള്ളവൃത്താന്തമറിഞ്ഞീടുവാനായിക്കൊണ്ടു
  • നല്ല സാമർത്ഥ്യമുള്ള ചാരന്മാരെയും വിട്ടാൻ 168
  • ചാണക്യമഹീസുരൻ പിന്നെയങ്ങൊരുദിനം
  • മാനവകുലശ്രേഷ്ഠനാകിയ മൌര്യൻ തന്റെ 169
  • പുഷ്പമന്ദിരപ്രവേശത്തെയും കല്പിച്ചവൻ
  • ശില്പികളെയും വിളിച്ചിങ്ങിനേ ചൊല്ലീടിനാൻ 170
  • “ചന്ദ്രഗുപ്തനുനാളെയർദ്ധരാത്രിക്കുനന്ദ
  • മന്ദിരപ്രവേശത്തിനുണ്ടുപോൽ മുഹൂർത്ഥവും 171
  • ചൊൽക്കൊണ്ടപുഷ്പപുരം നിങ്ങളുമതിനിപ്പോൾ
  • ഒക്കവേയലങ്കരിച്ചീടുകവേണമല്ലോ 172
  • തോരണം നാട്ടിക്കൊടിക്കൂറകൾ തൂക്കീടേണം
  • ചാരുവാം വണ്ണം ചിത്രമെഴുതുകയും വേണം 173
  • ഗോപുരങ്ങളും കേടുതീർത്തലകരിക്കേണം
  • വാപികൾ കൂപങ്ങളും നിർമ്മലമാക്കീടേണം” 174
  • സൂത്രകാരന്മാരതുകേട്ടവനോടുചൊന്നാൻ
  • “ധാത്രീപാലകനായ മൌര്യനന്ദനൻ തന്റെ 175
  • നന്ദമന്ദിരപ്രവേശമിതുകാലമുണ്ടാം
  • എന്നുകല്പിച്ചു ദാരുവർമ്മാവാം ശില്പിവരൻ 176
  • കാഞ്ചനതോരണവും തീർത്തുവെച്ചിരിക്കുന്നു
  • ചഞ്ചലമില്ല ഞങ്ങൾ കണ്ടുവെന്നറിഞ്ഞാലും 177
  • വിശ്വൈകമനോഹരം തോരണമതുപാർത്താൽ
  • വിശ്വകർമ്മാവിനൊക്കും ദാരുവർമ്മാവുമിപ്പോൾ 178
  • രാജസമായുള്ളൊരു തോരണമെടുപ്പിച്ചു
  • രാജമന്ദിരദ്വാരേ കൊണ്ടുവന്നവനിപ്പോൾ 179
  • ശില്പമായലങ്കരിച്ചീടുമെന്നറിഞ്ഞാലും
  • ശില്പശാസ്ത്രത്തിന്നവനൊത്തവരാരുമില്ല 180
  • തെറ്റന്നുഭവാനരുൾചെയ്തീടും വണ്ണം തന്നെ
  • മറ്റുള്ള പണികളും ഞങ്ങൾ തീർത്തീടമല്ലോ” 181
  • സൂത്രകാരന്മാരിത്ഥം ചൊന്നതുകേട്ടനേരം
  • ഉത്തമനായ വിഷ്ണുഗുപ്തനും നിരൂപിച്ചാൻ 182
  • ദാരുവർമ്മാവാകുന്ന സൂത്രകാരനോടു
  • തോരണമുണ്ടാക്കേണമെന്നു ഞാൻ പറയാതെ 183
  • തോരണം മുമ്പെയവൻ തീർത്തതു മൌര്യൻ തന്റെ
  • മാരണത്തിനു തന്നെയില്ല സംശയമേതും 184
  • ദുഷ്ടതയേറുന്നോരു രാക്ഷസാമാത്യൻ തനി-
  • ക്കിഷ്ടനായുള്ളോനിവനെന്നുനിശ്ചയം വന്നു 185
  • വേണ്ടതില്ലതുകൊണ്ടുതന്നെഞാൻ മറ്റേപ്പുറം
  • കണ്ടിട്ടുണ്ടുപായമെന്നിങ്ങിനേ നിരൂപിച്ചാൻ 186
  • ദാരുവർമ്മാവിനേയുമേറ്റവും പ്രശംസിച്ചു
  • ധീരനാം കൌടില്യനും ശില്പികളോടുചൊന്നാൻ 187
  • “തോരണം മുമ്പെ പണിതീർത്തതുകൊണ്ടുതന്നെ
  • ദാരുവർമ്മാവുമുചിതജ്ഞനെന്നറിഞ്ഞാലും 188
  • സ്വാമിയെസ്നേഹമവനേറയുണ്ടെന്നുവന്നു
  • തൂമയോടവനനുഭവിക്കുമതിൻ ഫലം 189
  • ചെന്നിനിനിങ്ങളോരോ പണികൾ തീർത്തീടുവിൻ
  • വന്നിതുമുഹൂർത്തവും കാലവുമിടപോരാ” 190
  • എന്നതുകേട്ടു സൂത്രകാരന്മാരുഴറ്റോടെ
  • ചെന്നോരോ പണികളും വേഗേന തുടങ്ങിനാർ 191
  • തോരണം കൊണ്ടന്നഥ ഗോപുരദ്വാരത്തിങ്കൽ
  • ദാരുവർമ്മാവും നിവർത്തീടിനാൻ തെളിവോടെ 192
  • അർദ്ധരാത്രിക്കു മുഹൂർത്തം വന്നിങ്ങടുത്തപ്പോൾ
  • ഉത്തമവിപ്രകുലശ്രേഷ്ഠനാം വിഷ്ണുഗുപ്തൻ 193
  • ശില്പികളേയും പൌരന്മാരെയുമതുനേരം
  • ശില്പമായ് സമ്മാനിച്ചു മാനസം തെളിയിച്ചു 194
  • മുമ്പിൽ താൻ പറഞ്ഞതിനന്തരംവരായ്‌വാനായ്
  • വമ്പർക്കു മുമ്പനായ പർവ്വതേശ്വരൻ തന്റെ 195
  • വീര്യമുള്ളനുജനാം വൈരോധകനെയവൻ
  • മൌര്യനോടൊപ്പമൊരു പീഠത്തിന്മേലെവെച്ചു 196
  • നന്ദരാജ്യത്തെനേരെനന്നായിവിഭാഗിച്ചു
  • ചന്ദ്രഗുപ്തനെക്കൊണ്ടു ചാണക്യനർദ്ധരാജ്യം 197
  • വൈരോധകനു കൊടുപ്പിച്ചിതുകനിവോടെ
  • വൈരവും കളഞ്ഞവൻ തെളിഞ്ഞു വാണീടിനാൻ 198
  • രണ്ടുരാജ്യത്തിങ്കലേക്കുമവനതുനേരം
  • രണ്ടുപേരെയുമഭിഷേകവും ചെയ്യിപ്പിച്ചാൻ 199
  • പുഷ്പമന്ദിരപ്രവേശത്തിനുപിന്നെയവൻ
  • ശില്പമായ് മൌര്യൻ തന്നെപ്പറഞ്ഞുപിമ്പേ നിർത്തി 200
  • പർവ്വതഭ്രാതാവിനെ പട്ടവും കെട്ടിപ്പിച്ചു
  • സർവ്വാംഗമലങ്കരിപ്പിച്ചിതുവഴിപോലെ 201
  • പൊന്മയമായിട്ടൊരു ചട്ടയുമിട്ടുകെട്ടി
  • വെണ്മയിൽമിന്നും മണി മുകുടമണിയിച്ചു 202
  • കാതില വളകളും മാലകൾ കാഞ്ചികളും
  • ചാതുര്യമോടങ്ങലങ്കരിച്ചോരനന്തരം 203
  • മൌര്യന്റെ ഗജവരൻ തന്നുടെ പുറത്തുടൻ
  • വീരനാം വൈരോധകൻ തന്നെയും കരയേറ്റി 204
  • പൌരന്മാരോടു വിഷ്ണുഗുപ്തനുമതുനേരം
  • “പാരാതെയകമ്പടിനടന്നീടുവിനെന്നാൻ 205
  • അന്നേരം സമസ്തരും പർവ്വതഭ്രാതാവിനെ
  • മന്നനാം ചന്ദ്രഗുപ്തനെന്നു കല്പിച്ചീടിനാർ 206
  • എത്രയും പരിചയമുള്ളവർകളും കൂടി
  • രാത്രിയിലാകകൊണ്ടു മ്ലേച്ഛനെന്നറിഞ്ഞീല 207
  • വെൺകൊറ്റക്കുടതഴവെഞ്ചമരികളോടും
  • ശംഖമദ്ദളഭേദീമൃദംഗവാദ്യങ്ങളും 208
  • പായുന്ന കുതിരകൾ പൊന്നണിഞ്ഞാനകളും
  • ആയുധപാണികളുമായഥപുഷ്പപുരം 209
  • മുന്നിട്ടു പുറപ്പെട്ടു ഗോപുരദ്വാരത്തിങ്കൽ
  • വന്നടുക്കുന്ന നേരം ദാരുവർമ്മാവാമവൻ 210
  • യന്ത്രപ്പാവകൾ തിരിഞ്ഞീടുവാനെന്നും ചൊല്ലി
  • യന്ത്രതോരണച്ചരടയപ്പാൻ നോക്കിനിന്നാൻ 211
  • അന്നേരം ചന്ദ്രഗുപ്തൻ തന്നുടെ പുരുഷാരം
  • നിന്നിതു പുറത്തെല്ലാം ചാണക്യൻ പറകയാൽ 212
  • ചന്ദ്രലേഖയാകുന്ന ഹസ്തിനീമുതുകേറി
  • യന്ത്രതോരണത്തിങ്കലടുത്തുവൈരോധകൻ 213
  • അന്നേരമമാത്യരാക്ഷസന്റെ ബന്ധുവായ
  • ചന്ദ്രലേഖാംബഷ്ഠനാംബ‌ർബ്ബാകാഖ്യൻ താനും 214
  • രാക്ഷസാജ്ഞയെചെയ്‌വാൻ മൌര്യനെന്നോർത്തിട്ടവൻ
  • തൽക്ഷണേ വധിപ്പാനായ്‌വാളുറയൂരീടിനാൻ 215
  • വാളുറയൂരിക്കണ്ട നേരത്തുകരിണിയും
  • ചീളെന്നുനടന്നിതുഭീതിപൂണ്ടതുനേരം 216
  • ദാരുവർമ്മാവും ഗതിവേഗത്തെയറിയാതെ
  • പാരാതെവിട്ടീടിനാൻ യന്ത്രതോരണമപ്പോൾ 217
  • പ്രഭ്രഷ്ടലക്ഷ്യമായിത്തോരണമതുനേരം
  • അംബഷ്ഠൻ തന്റെ മൂർദ്ധാവിങ്കൽ വീണവൻ ചത്താൻ 218
  • തന്നുടെ യത്നമതു നിഷ്ഫലമാകകൊണ്ടും
  • നിർണ്ണയമാത്മവിനാശത്തിനുണ്ടാകകൊണ്ടും 219
  • ഗോപുരത്തിന്റെ മുകളേറിയങ്ങിരിക്കുന്ന
  • പാപചേതനനായ ദാരുവർമ്മാവുമപ്പോൾ 220
  • ഗോപുരമുകളിൽ നിന്നാനമേൽ ചാടിവീണു
  • കോപിതനായി പർവ്വതേശ്വബ്ഭ്രാതാവിനെ 221
  • മൌര്യനെന്നോർത്തു മഴുകൊണ്ടവൻ മൂർദ്ധാവിങ്കൽ
  • ധൈര്യമുൾക്കൊണ്ടുവെട്ടിക്കൊന്നാനെന്നതേവേണ്ടൂ 222
  • മ്ലേച്ഛരും പൌരന്മാരുമന്നേരം കോപത്തോടെ
  • തച്ചുകൊന്നിതുപിന്നെദ്ദാരുവർമ്മാവിനേയും 223
  • ചന്ദ്രഗുപ്തന്റെ പുരപ്രാപ്തിയും വിഷ്ണുഗുപ്തൻ
  • മന്ദമെന്നിയെപിന്നെ ഘോഷിച്ചുകഴിപ്പിച്ചാൻ 224
  • അക്കാലമഭയദത്താഖ്യനെന്നൊരുവൈദ്യൻ
  • ചൊൽക്കൊണ്ടോരമാത്യരാക്ഷസന്റെ നിയോഗത്താൽ 225
  • ചന്ദ്രഗുപ്തനു കൊടുത്തീടുവാനായിട്ടൊരു
  • സിന്ദൂരപ്പൊടിവിഷമിശ്രമായ്ക്കൊണ്ടുവന്നാൻ 226
  • മൌര്യനെക്കണ്ടുപറഞ്ഞീടിനാനഥവൈദ്യൻ
  • “വീര്യമേറീടുന്നോരു ചൂർണ്ണമുണ്ടെന്റെ കയ്യിൽ 227
  • ഔഷധമിതുഭവാൻ സേവിച്ചീടുന്നാകിലോ
  • ദോഷങ്ങൾ ദേഹത്തിലുണ്ടാകയില്ലൊരുനാളും” 228
  • ചന്ദ്രഗുപ്തനുമപ്പോൾ ചെന്നുടനതുഭൂമി-
  • വൃന്ദാരകേന്ദ്രനായ ചാണക്യനോടുചൊന്നാൻ 229
  • അന്നേരം ചാണക്യൻ ചിന്തിച്ചങ്ങറിഞ്ഞുള്ളിൽ
  • ചെന്നവനോടുവിഷചൂർണ്ണം വാങ്ങിക്കൊണ്ടു 230
  • പൊന്നും കിണ്ണത്തിലിട്ടുതിരുമ്മിനോക്കുന്നേരം
  • വർണ്ണംകൊണ്ടതുവിഷചൂർണ്ണമെന്നുറച്ചവൻ 231
  • ചൊല്ലിനാൻ ചന്ദ്രഗുപ്തനോടി”തുകൊണ്ടന്നവൻ
  • കള്ളനായുള്ള വൈദ്യനില്ല സംശയമേതും 232
  • ചൂർണ്ണത്തിൽ വിഷമുണ്ടെന്നുള്ളതു ധരിക്കനീ
  • വർണ്ണം കൊണ്ടറിഞ്ഞു ഞാൻ സേവിച്ചീടരുതല്ലോ 233
  • നിന്നെക്കൊല്ലുവാൻ തന്നേരാക്ഷസനയച്ചിട്ടു
  • വന്നവനിവ”നെന്നു മൌര്യനോടുരചെയ്താൻ 234
  • വൈദ്യനോടവൻ ചൊന്നാൻ “മുമ്പിലിച്ചൂർണ്ണമിഹ
  • വിദ്വാനാം ഭവാൻ കുറഞ്ഞോന്നു സേവിച്ചീടേണം 235
  • രാജാക്കന്മാർക്കുമുമ്പിലൊന്നുമേ ഭക്ഷിക്കുന്ന-
  • താചാരമല്ലെന്നതു കേട്ടിട്ടില്ലയോ ഭവാൻ? 236
  • വിശ്വാസമില്ലായ്കകൊണ്ടെന്നതുശങ്കിക്കേണ്ടാ
  • വിശ്വൈകവൈദ്യൻ ഭവാനെന്നറിഞ്ഞിരിക്കുന്നു” 237
  • എന്നതുകേട്ടുവൈദ്യൻ ചൂർണ്ണത്തെ കുറഞ്ഞോന്നു
  • തിന്നതുനേരം തൊണ്ട വറ്റിവീണുടൻ ചത്താൻ 238
  • പിന്നെയും പ്രമോദകനെന്നുപേരായിട്ടേകൻ
  • മന്നവൻ മൌര്യൻ തന്റെ ശയനാധികാരിയായ് 239
  • രാക്ഷസപ്രയുക്തനായ് ചന്ദ്രഗുപ്തനെക്കൊൽ‌വാൻ
  • അക്ഷയധനവാനായപ്പുരേവാണീടിനാൻ 240
  • രാക്ഷസൻ കൊടുത്തുള്ളോരർത്ഥംകൊണ്ടുവന്നപ്പോൾ
  • നിക്ഷേപം വാങ്ങിക്കടം കൊടുത്തു തുടങ്ങിനാൻ 241
  • അന്നേരം ചാണക്യനും മാനസേ നിരൂപിച്ചാൽ
  • ഇന്നിവനർത്ഥം കനത്തീടുവാനെന്തുമൂലം 242
  • ഇങ്ങിനേ നിരൂപിച്ചു ചാണക്യമഹീസുരൻ
  • മംഗലശീലൻ വിളിച്ചവനോടുരചെയ്താൻ 243
  • “നിന്നുടെ ധനാഗമമെങ്ങിനേപറകനീ
  • മന്നവൻ ചന്ദ്രഗുപ്തൻ നിനക്കു തരികയൊ?” 244
  • എന്നതുകേട്ടുഭയപ്പെട്ടവനോരോതരം
  • ഒന്നിനൊന്നായിപ്പറഞ്ഞീടിനാനതുനേരം 245
  • വാക്കിനു നേരമില്ലായ്കകൊണ്ടു ചാണക്യനർത്ഥ-
  • മൊക്കയും പഠിച്ചവൻ തന്നെയും കൊല്ലിപ്പിച്ചാൻ 246
  • പിന്നേയുമൊരുദിനം രാക്ഷസനയിച്ചിട്ടു
  • മന്നവൻ ചന്ദ്രഗുപ്തനുറങ്ങുന്നേരത്ത്ങ്കൽ 247
  • ആരുമേയറിയാതെയൊടുക്കിക്കളവാനായ്
  • ഘോരരായുള്ള ബീഭത്സാദികളെന്നകൂട്ടം 248
  • ധാത്രിയിൽ പോടെതുരന്നായുധങ്ങളുമായി
  • രാത്രിയിൽ മൌര്യൻ കിടന്നുറങ്ങുമറയുടെ 249
  • താഴത്തു സുരംഗം തീർത്തതിലിരുന്നിതോ
  • രൂഴത്തിൽ പുറപ്പെട്ടു കൊല്ലാമെന്നുറച്ചവർ 250
  • ധൈര്യമേറീടുന്നോരു ചാണക്യനൊരുദിനം
  • മൌര്യന്റെ മണിയറതന്നിൽച്ചെന്നിരിക്കുമ്പോൾ 251
  • ഭിത്തിക്കുതാഴെ നിലത്തന്നേരം ചാണക്യനും
  • എത്രയും ചെറുതായ സുഷിരങ്ങളിൽ കൂടി 252
  • കണ്ടഭക്ഷ്യങ്ങളെടുത്തിറുമ്പും ചാർത്തുനീളേ
  • കണ്ടിതുപുറത്തുസഞ്ചരിക്കുന്നതുമവൻ 253
  • മണ്ണിന്നുകീഴേ തുരന്നിരിക്കുന്നുണ്ടുചിലർ
  • എന്നൊരുശങ്കകൊണ്ടു ബുദ്ധിമാൻ വിഷ്ണുഗുപ്തൻ 254
  • അന്നിലം കിളപ്പിച്ചു നോക്കിയനേരത്തിങ്കൽ
  • മണ്ണിൻ കീഴെ തകൂട്ടമിരിക്കുന്നതുകണ്ടാൻ 255
  • ചോറ്റുരുളയുമവിൽ നാളികേരങ്ങളിവ
  • മുറ്റുമോരോരോ മാംസഖണ്ഡങ്ങളിവയെല്ലാം 256
  • ഭാണ്ഡമായ് കെട്ടിക്കൊണ്ടു വന്നവരശനാർത്ഥം
  • ദണ്ഡമെന്നിയെ സുരാംഗാന്തരെ വാണീടുന്നു 257
  • ബീഭത്സാദികളോടുമാഗൃഹത്തോടും കൂടി
  • ക്ഷോഭമുൾക്കൊണ്ടു ദഹിപ്പിതു ചാണക്യനും 258
  • തീപിടിപെട്ടനേരം ബീഭത്സാദികളൊക്കെ
  • പേപെട്ടുധൂമംകൊണ്ടു മാർഗ്ഗവും തിരിയാതെ259
  • അറ്റമില്ലാതോരഗ്നിജ്വാലകൾ പിടിപെട്ടു
  • പാറ്റകൾ പോലെ പൊരിഞ്ഞൊക്കവേ ചത്താരവർ 260
  • ഈവണ്ണം സദാകാലം മൌര്യനെക്കാത്തുകൊണ്ടു
  • സാവധാനത്തോടിരുന്നീടിനാൻ വിഷ്ണുഗുപ്തൻ 261
  • അഞ്ജസാനദരാജ്യമൊക്കവേക്രമത്താലെ
  • രഞ്ജിപ്പിച്ചിതു തന്റെ നീതികൊണ്ടനുദിനം 262
  • എത്രയും പ്രധാനപൂരുഷന്മാരായീടുന്ന
  • ഭദ്രഭടാദികൾക്കു നീതിമാൻ ചാണക്യനും 263
  • മൌര്യപുത്രനെക്കൊണ്ടു കൈതവമാർജ്ജിച്ചവൻ
  • കാര്യങ്ങൾ ചെയ്യിപ്പിച്ചു ബന്ധുത്വം വർദ്ധിപ്പിച്ചാൻ 264
  • രാക്ഷസാമാത്യൻ തന്റെ പക്ഷപാതികൾ ചിലർ
  • തൽക്ഷണേ നയമേറും മന്ത്രിവീരന്മാരെയും 265
  • ഭദ്രശീലന്മാരായി വിക്രമന്മാരാകിയ
  • ഭദ്രഭടാദി പ്രധാനന്മാരാമവരെയും 266
  • ചന്ദ്രഗുപ്തനോടയർത്തകറ്റിക്കളവാനായ്
  • ചന്തമായ് പ്രയത്നം ചെയ്തീടിനാരതുകാലം 267
  • സർവ്വവുമതുധരിച്ചക്കാലം കൌടില്യനും
  • പർവ്വതപുത്രനേയും രാക്ഷസാമാത്യനേയും 268
  • തങ്ങളിൽ വിശ്വാസക്കേടുണ്ടാക്കിച്ചമപ്പാനായ്
  • മംഗലശീലനായ ഭാഗുരായണൻ തന്നെ 269
  • ഗൂഢമായ്‌വിളിച്ചു ചെയ്യേണ്ടതുമുപദേശി-
  • ച്ചൂഢകൌതുകമായച്ചീടിനാങ്കനിവോടേ 270
  • മറ്റുള്ള ഭദ്രഭടാദി പ്രധാനന്മാരപ്പോൾ
  • തെറ്റെന്നു വിഷ്ണുഗുപ്തൻ തന്നുടെ നിയോഗത്താൽ 271
  • കാര്യങ്ങൾ ചെയ്യേണ്ടുന്നതൊക്കവേ ധരിച്ചുടൻ
  • മൌര്യനോടൊരു വൈരം വ്യാജേന ഭാവിച്ചവർ 272
  • “ഒട്ടുമേയാകാമൌര്യ” നെന്നുരചെയ്തുകൊണ്ടു
  • നാട്ടീന്നുപുറപ്പെട്ടു വേഗേന പോയീടിനാർ 273
  • എങ്ങിനെ രാക്ഷസനും മലയകേതുതാനും
  • തങ്ങളിൽ പിണക്കുന്നുവെന്നതുനിരൂപിച്ചു274
  • മൌര്യനെനന്നായ്പരിപാലിച്ചുകൊണ്ടുതന്നെ
  • ധൈര്യമുൾക്കൊണ്ടു മരുവീടിനാൻ ചാണക്യനും 275
  • ഇത്തരമുരചെയ്തുതഥയുമതുനേരം
  • ഉത്തമശീലം തെളിഞ്ഞക്കഥാശേഷമിനി 276
  • അത്തൽ തീർന്നുരചെയ്യാം നാളെയുമെന്നുപറ-
  • ഞ്ഞെത്രയും സുഖിച്ചു വാണീടിനാളതുകാലം 277
  • ഇതി മുദ്രാരാക്ഷസേ രാക്ഷസപ്രയോഗേ രാക്ഷസമലയകേതു
  • സംവാദം നാമഗാനവിശേഷം സമാപ്തം.