ചാണക്യസൂത്രം (കിളിപ്പാട്ട്)/ഒന്നാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചാണക്യസൂത്രം (കിളിപ്പാട്ട്)
ഒന്നാം പാദം

പാലൊത്തമൊഴി തൂകും ശാരികത്തരുണിനീ
ചാലേ തന്നീടും മധുസേവിച്ചാലസ്യംതീർത്തു 1
മാലെത്തും മനമതിൽ മോദത്തെ വളർത്തുവാൻ
കാലത്തെക്കളയാതെ ചൊല്ലുക വിശേഷങ്ങൾ 2
ദൂരത്തുനിന്നുപറന്നിങ്ങുപോരുന്നനേരം
ചാരത്തുകണ്ടവിശേഷങ്ങൾ നീ പറയേണം 3
മോദത്തോടതുനേരം നല്ല പൈങ്കിളിപ്പെണ്ണും
ഖേദത്തെക്കളഞ്ഞു ചൊല്ലീടിനാൾ തെളിവോടെ:- 4
ബുദ്ധിസാമർത്ഥ്യമില്ല ചൊല്ലുവാനിനിക്കേതും
ബുദ്ധിയുണ്ടെന്നാകിലേ വാക്കുകൾ ഫലിച്ചീടൂ 5
ശക്തിയാകുന്നതെല്ലാം ബുദ്ധിയെന്നറിഞ്ഞാലും
ബുദ്ധിതാനൊന്നുതന്നെ സർവ്വവും ജയിക്കുന്നു 6
ബുദ്ധിയുള്ളവർക്കു സാദ്ധ്യമല്ലാതെയൊന്നും
ഇത്രിലോകത്തിങ്കലില്ലെന്നു നിർണ്ണയമല്ലോ. 7
ഉത്തമനായുള്ളൊരു ചാണക്യമഹീസുരൻ
ബുദ്ധിയാകുന്നശക്തികൊണ്ടുചെയ്തവസ്ഥകൾ 8
ഓർത്തുകാണുമ്പോൾ ചണകാത്മജപ്രയോഗങ്ങൾ
എത്രയും ചിത്രമത്രേയെന്നതേ പറയാവൂ. 9
ഇങ്ങിനേ കിളിമകൾ ചൊന്നതുകേട്ടനേരം
തിങ്ങിനമോദത്തോടേ ചൊല്ലിനാരെല്ലാവരും 10
എങ്കിലോശുകകുലമാലികേ പറകെടോ!
മംഗലനായുള്ളൊരു ചാണക്യൻ തന്റെ കഥ. 11
എന്നതുകേട്ടു കിളിപ്പൈതലും കനിവോടേ
വന്ദിച്ചു ഗണനാഥൻ തന്നെയും വാണിയേയും 12
തന്നുടെ ഗുരുനാഥന്മാരെയും വന്ദിച്ചഥ
ധന്യശീലയാമവൾ മെല്ലവേ ചൊല്ലീടിനാൾ:- 13
ഇക്കഥ തന്നിലുള്ള നീതികൾ കേൾക്കുന്നേരം
ചൊൽക്കൊണ്ടനയജ്ഞന്മാരേറ്റവുമാനന്ദിക്കും 14
ആദരവോടുപറഞ്ഞീടുവനെങ്കിൽ കഥ
മോദമാർന്നെല്ലാരും കേട്ടുകൊൾകയും വേണം :- 15
എങ്കിലോ മന്ദാകിനി തന്നുടെ തീരത്തിങ്കൽ
തുംഗമായൊരുപുരം പാടലീപുത്രമെന്നു 16
ചൊൽ‌പ്പൊങ്ങും നൃപതികൾക്കിരിപ്പാനായുണ്ടായി
തൽ‌പുരം പുഷ്പപുരമെന്നു ചൊല്ലുന്നു ജനം 17
ചെങ്കതിരവനെന്നപോലെയപ്പുരത്തിങ്കൽ
തിങ്കൾ തൻ കുലജാതനാകിയ നന്ദനൃപൻ 18
സങ്കടഹീനമധി വസിച്ചു മഹീതലം
മംഗലകീർത്ത്യാപരിപാലിച്ചു വാണീടിനാൻ 19
സർവ്വാർത്ഥസിദ്ധിയെന്നുമുണ്ടവനൊരുനാമം
സർവ്വാർത്ഥസിദ്ധിപ്രദനെത്രയും മഹാവീരൻ 20
രാക്ഷസനെന്നു പേരായുണ്ടവനൊരുമന്ത്രി
രാക്ഷസനല്ലമുറ്റും രൂക്ഷത പെരുതല്ലോ 21
നന്ദനാം മഹീപതി തന്നുടെ പത്നികളാ‍യ്
സുന്ദരാംഗികളായി രണ്ടുപേരുണ്ടായ്‌വന്നു 22
പേരതിലൊരുത്തിക്കു ചൊല്ലെഴും സുനന്ദയെ-
ന്നാരോമൽ മറ്റേവൾക്കു പേരതുമുരയെന്നും 23
ഭദ്രയാം സുനന്ദതാൻ ക്ഷത്രിയപുത്രി തന്നെ
ശൂദ്രവംശത്തിലുള്ള സുന്ദരി മുരയല്ലൊ 24
നന്ദനന്മാരുണ്ടായീലെന്നതു നിരൂപിച്ചാ-
നന്ദമുണ്ടായീലേതും ഭൂപതി തനിക്കുള്ളിൽ 25
എന്തൊരു കഴിവുള്ളു സന്തതിയുണ്ടാവാനെ-
ന്നന്തരാവളർന്നീടും ചിന്തയോടിരിക്കുമ്പോൾ 26
എത്രയും തപോബലമുള്ളോരു മഹാമുനി
തത്രവന്നിതു നന്ദ ഭൂപതി തന്നെക്കാണ്മാൻ 27
അർക്കനുസമനായ വിപ്രനെക്കണ്ടുനൃപൻ
അർഘ്യപാദ്യാദികളെക്കൊണ്ടു പൂജിച്ചീടിനാൻ 28
മാമുനിപാദം കഴുകിച്ചനീർകോരിത്തന്റെ
ഭാമിനിമാരെത്തളിച്ചീടിനാൻ ഭക്തിയോടേ 29
അന്നേരമൊരുതുള്ളി വെള്ളം പോയ്ത്തെറിച്ചിതു
കന്നൽനേർമിഴിമുരതന്നുടെ ദേഹത്തിന്മേൽ 30
ഒമ്പതുതുള്ളി സുനന്ദാഖ്യതൻ‌മേലും വീണു
കമ്പിതശരീരയായ് വന്നിതന്നേരമവൾ 31
ഭക്തികൈക്കൊണ്ടു ധരിച്ചീടിനാൾ മുരതാനും
ഭക്തിയെന്നിയേ ധരിച്ചീടിനാൾ മറ്റവളും 32
ഭൂമിപാലകൻ തന്റെ ഭാര്യമാരുടെ ഭാവം
മാമുനി കണ്ടങ്ങറിഞ്ഞുള്ളത്തിലതുനേരം 33
ഭദ്രയാം മുര തന്നിലെത്രയും മോദം പൂണ്ടാൻ
ക്ഷുദ്രയാം മറ്റവളിൽ ക്രോധവും തേടീടിനാൻ 34
പിന്നെയത്തപോനിധി വന്ന കാര്യത്താലുടൻ
മന്നവൻ തന്നെക്കണ്ടു പറഞ്ഞുപോയീടിനാൻ 35
അക്കാലം തന്വംഗിയായുള്ളൊരു മുര തന്നിൽ
ഉൾക്കാമ്പിൽ തെളിവോടു ഗർഭവുമുണ്ടായ്‌വന്നു 36
പത്തുമാസവും തികഞ്ഞുത്തമാംഗിയാമവൾ
ഉത്തമനായുള്ളൊരു പുത്രനെപ്പെറ്റാളല്ലൊ 37
വീര്യവാനായുള്ളൊരു പുത്രനു മഹീപതി
മൌര്യനെന്നൊരു പേരുമിട്ടിതു സന്തോഷത്താൽ 38
പുത്രനുവേണ്ടും കർമ്മമൊക്കവെ കഴിച്ചവൻ
അസ്ത്രശസ്ത്രാദികളുമഭ്യസിപ്പിച്ചീടിനാൻ 39
വീര്യവും വിനയവും നയവുമേറിവന്നു
വീരനാമവനനുദിനമെന്നറിഞ്ഞാലും 40
ശൂരതയേറുന്നൊരു മൌര്യനെക്കണ്ടു നൃപൻ
ഏറിനമോദം പൂണ്ടങ്ങിരിക്കും കാലത്തിങ്കൽ 41
നാരിമാർ കുലരത്നമാകിയ സുനന്ദയ്ക്കും
ഏറിന മോദത്തോടേ ഗർഭവുമുണ്ടായല്ലൊ 42
പ്രേമമുൾക്കൊണ്ടു ചില രക്ഷകൾ ചെയ്തീടിനാൻ
മേദിനീപതിയുടെ പത്നിക്കു നിരന്തരം 43
മാസവും പത്തു തികഞ്ഞീടിനോരന്തരം
മാംസപിണ്ഡത്തെ പ്രസവിച്ചിതുസുനന്ദയും 44
മന്നവനതുകണ്ടു ദുഃഖമുണ്ടായനേരം
തിണ്ണമൊരശരീരി വാക്കതു കേൾക്കായ്‌വന്നു 45
“ഭൂപതി കുലമണി ദീപമേ! മനക്കാമ്പിൽ
താപമുണ്ടായീടരുതൊമ്പതു സുതരുണ്ടാം” 46
വാക്കതുകേട്ട നേരത്തിങ്കലും നൃപനുള്ളിൽ
ദുഃഖമുണ്ടായതേതും പോയതുമില്ലതാനും 47
രൂക്ഷമാനസനായ രാക്ഷസനതുനേരം
കാൽക്ഷണം നിരൂപിച്ചിട്ടിങ്ങനെ തോന്നി ബലാൽ 48
ഒമ്പതു ഖണ്ഡിച്ചുടൻ മാംസപിണ്ഡത്തേതൈല-
കുംഭങ്ങളുടെയകത്താക്കി രക്ഷിച്ചീടിനാൻ 49
കാലവും കുറഞ്ഞോന്നു ചെന്നപ്പോളൊരിക്കലേ
തൈലകുംഭങ്ങളുടഞ്ഞുണ്ടായി കുമാരന്മാർ 50
ജാതകർമ്മാദികളും ചെയ്തിതുനരപതി
ജാതകൌതുകം വളർന്നീടിനാരവർകളും 51
അസ്ത്രശസ്ത്രാദികളും ശിക്ഷിച്ചുപഠിച്ചവർ
ശത്രുസംഹാരത്തിനുശക്തരായ് വന്നീടിനാർ 52
യൌവനം വന്നു പരിപൂർണ്ണമായ് ചമഞ്ഞതി-
ഗർവ്വിതന്മാരായുള്ള പുത്രരെക്കണ്ടു നൃപൻ 53
മന്ത്രികളേയും നിജപുത്രന്മാരെയും വിളി-
ച്ചന്തികേ വരുത്തിക്കൊണ്ടീവണ്ണമുരചെയ്താൻ 54
“ഒമ്പതു തനയന്മാരുണ്ടല്ലോ പുനരിനി-
ക്കൊമ്പതിലൊരുവനെ ഭൂപതിയാക്കിവെച്ചു 55
കാനനം പുക്കു തപം ചെയ്തുകൊണ്ടനുദിനം
ഊനമെന്നിയേ ഗതി വരുത്തീടുക വേണം 56
ഒമ്പതു പേരിലാരേവേണ്ടുവെന്നുള്ളതിനി
കമ്പമെന്നിയേ നിരൂപിച്ചു ചൊല്ലേണം നിങ്ങൾ 57
മൌര്യനെസ്സേനാപതിയാക്കിവെക്കണം താനും
ശൌര്യമുണ്ടവനതു ഭരിപ്പാൻ പാത്രമല്ലൊ” 58
നന്ദഭൂപതിതന്റെ വാക്കതുകേട്ടനേരം
അന്തരാനിരൂപിച്ചു മൌര്യനും പലത്രം 59
എന്തൊരു കഷ്ടം താതൻ ദാസ്യകർമ്മത്തിന്നൊരു
ചിന്ത ചെയ്യാതെ കല്പിച്ചീടുവാൻ മൂലമെന്നെ 60
സ്നേഹമില്ലായ്ക തന്നെ കേവലം നിരൂപിച്ചാൽ
മോഹമിന്നധികമായില്ലെനിക്കൊന്നുകൊണ്ടും 61
ശ്രേഷ്ഠത്വമിനിക്കില്ലെന്നാകിലും നിരൂപിച്ചാൽ
ജ്യേഷ്ഠനായുള്ള പുത്രൻ ഞാനെന്നുവരുമല്ലൊ 62
ദാസ്യമായുള്ള കർമ്മമോർത്തുകാണുന്നനേരം
ഹാസ്യമായ്‌വരുമതിനില്ല സംശയമേതും 63
രാജത്വം കിട്ടീടുവാനാഗ്രഹമിനിക്കില്ല
നീചത്വം മമജാതിക്കുണ്ടെന്നു സിദ്ധമല്ലോ 64
ദാസത്വമനുഭവിച്ചീടുവാനൊരുനാളും
ഭോഷത്വമില്ല നൃപബീജത്വമുണ്ടാകയാൽ 65
നാട്ടിലെങ്ങാനുമൊരു ദേശമെങ്കിലും മമ
പാട്ടിലാക്കേണമെന്നു താതനു തോന്നീലല്ലോ 66
ഇന്നിതു നിരൂപിച്ചാലൊന്നു തോന്നുന്നതാനും
മന്നവൻ തനിക്കിതു തോന്നിയതല്ല നൂനം 67
പുത്രരോ മന്ത്രികളോ ചെന്നിതു ചൊല്ലീടിനാർ
ധാത്രീപാലകൻ തന്നോടില്ല സംശയമേതും 68
ഇക്കുസൃതിക്കു പുനരൊന്നു ഞാൻ ചെയ്തീടുവൻ
ഇക്കുമാരന്മാർ തമ്മിൽ പിണക്കമുണ്ടാക്കുവൻ 69
ഈവണ്ണം നിരൂപിച്ചു കല്പിച്ചിട്ടവൻ താനും
ഭൂപതിവീരൻ തന്നോടിങ്ങിനേ ചൊല്ലീടിനാൻ 70
“എന്തിനു പലതരം ചിന്തചെയ്യുന്നു താതൻ
അന്തരം കൂടാതെ കണ്ടൊമ്പതിലൊരുവനെ 71
ചന്തമോടരചനായ്‌വാഴിച്ചു മറ്റുള്ളോരെ
സന്തതമവനുടെ ഭൃത്യരായ് വെച്ചീടണം” 72
മന്നവനതുകേട്ടു ചൊല്ലിനാനവനോടു
“ചൊന്നതുനന്നല്ല നീ വൈഷ‌മ്യമുണ്ടായ്‌വരും” 73
നക്രനാസാഖ്യനാകും മന്ത്രിതാനതുനേരം
ശക്രനുതുല്യനവൻ മന്നവനോടു ചൊന്നാൻ 74
“നന്ദരാജ്യത്തെ പകുത്തൊമ്പതായ് വിഭാഗിച്ചു
നന്ദനന്മാർക്കു കൊടുത്തീടുക മഹീപതേ!“ 75
അപ്പൊഴുതുര ചെയ്താൻ മൌര്യനു “മെന്നാലിപ്പോൾ
ഇപ്പുരം സ്വർഗ്ഗതുല്യം പുത്രരിലാർക്കു വേണ്ടൂ?” 76
ഇത്തരം മുരാസുതൻ വാക്കുകൾ കേട്ടനേരം
ചിത്തതാരിങ്കലിത്ഥം ചിന്തിച്ചുരാക്ഷസനും 77
എന്തൊരു കഷ്ടം വൃഷലീസുതനാകുമിവൻ
അന്തരമിതുകൊണ്ടുരാജപുത്രന്മാർ തമ്മിൽ 78
ദ്വേഷമുണ്ടാക്കുമതിനില്ല സംശയമേതും
ദോഷമോ സാപത്ന്യത്തെപ്പോലെ മറ്റൊന്നുമില്ല 79
ഞാനിഹജീവിച്ചിരുന്നീടിനകാലത്തിങ്കൽ
നൂനമിദ്ദാസീപുത്രനായീടുമിവനുടെ 80
ശാഠ്യങ്ങൾ ഫലിക്കയില്ലെന്നു കല്പിച്ചിട്ടതി
രുഷ്ടനായക്കുമാരന്മാരോടു ചൊന്നാനേവം:- 81
“നല്ലതു ചൊല്ലീടുവൻ നിങ്ങളോടിനിഞാനും
വല്ലതുമച്ഛൻ പറഞ്ഞാലതു കേട്ടീടണം 82
ചൊല്ലെഴും പുഷ്പപുരമാകുമിപ്പുരത്തിനു
തുല്യമായെട്ടുപുരം തീർപ്പിച്ചുതരുവൻ ഞാൻ 83
മറ്റുള്ള പദാർത്ഥങ്ങളൊക്കവേ വിഭാഗിച്ചു
കുറ്റമെന്നിയേതരും ഭൂപതി നിങ്ങൾക്കെല്ലാം 84
ഓരോരോവ്യവസ്ഥകൾ വരുത്തേണ്ടതിന്നിനി
പാരാതെ പരീക്ഷകൾ ചെയ്തുകൊള്ളുകയുമാം 85
ഈശ്വരപരീക്ഷകൾ ചെയ്തതിൽ വരും വണ്ണം
ഈശ്വര ഭാവമനുഭവിക്കെന്നതേയുള്ളു.” 86
ഇത്തരം മന്ത്രീന്ദ്രനാം രാക്ഷസൻ പറഞ്ഞപ്പോൾ
ഉത്തരം മന്ദസ്മിതം ചെയ്തുചൊല്ലിനാൻ മൌര്യൻ 87
“ഇപ്പുരം പോലെ ചമച്ചീടുവാനൊരുത്തർക്കും
ചിത്തത്തിൽ നിരൂപിച്ചാലാവതുമില്ലയല്ലൊ 88
പാകശാസനൻ തന്റെ രാജധാനിയുമിതി-
ന്നേകദേശവുമില്ല പാർത്തുകാണുന്നനേരം 89
ഇന്നിതുപോലെ ചമച്ചീടുവാൻ തോന്നുന്നതി-
നൊന്നുമേ പറയാവതല്ലല്ലോ നിരൂപിച്ചാൽ.” 90
അപ്പൊഴുതതു കേട്ടു ചൊല്ലിനാർ കുമാരന്മാർ
“ഇപ്പുരമിനിക്കില്ലെന്നാകിൽ ഞാൻ വനം പുക്കു 91
കെല്പോടുതപം ചെയ്തു കാനനത്തീന്നുതന്നെ
ശില്പമായ് ഗതിവരുത്തീടുവനെന്നാരവർ” 92
“എങ്കിലോ രാജ്യത്തിങ്കൽ പുത്രന്മാരെല്ലാരെയും
സങ്കടം വരാതെ വാഴിക്കെന്നാൻ മുരാസുതൻ” 93
അന്നേരമുരചെയ്തു നന്ദഭൂപതിതാനും
“അന്യോന്യമുപേക്ഷയുണ്ടായ്‌വരുമതു ചെയ്താൽ 94
മന്നിടമിതു ബഹുനായകമാകുന്നേരം
എന്നുമിപ്രജകൾക്കു സൌഖ്യവുമുണ്ടായ്‌വരാ 95
ഓരോരോ സംവത്സരമോരോരോ തനയന്മാർ
പാരാതെ രാജ്യം രക്ഷിച്ചീടുക നല്ലൂ നൂനം 96
അല്ലായ്കിൽ കലഹമുണ്ടായ്‌വരും തമ്മിൽ‌പ്പിന്നെ
വല്ലതും ചൊല്ലി മൂഢരെന്നതോദൃഢമല്ലൊ” 97
മാനവവീരൻ തന്റെ വാക്കതുകേട്ടനേരം
മനസം തെളിഞ്ഞിതു മന്ത്രികൾക്കെല്ലാവർക്കും 98
“മുമ്പിനാൽ നാടുരക്ഷിച്ചീടുവാൻ തുടങ്ങുന്ന-
തൊമ്പതു പേരിലാരുവേണ്ടതെ”ന്നപ്പോൾ മൌര്യൻ 99
രാജപുത്രന്മാരപ്പോൾ ചൊല്ലിനാരൊരുപോലെ
“രാജത്വം മുമ്പിലിനിക്കല്ലെങ്കിൽ പോയീടുവൻ” 100
ഇങ്ങിനേ മൌര്യൻ തന്റെ വാക്കുകേട്ടവർകളും
തിങ്ങിനലോഭംകൊണ്ടു പേപറയുന്നനേരം 101
എത്രയും കഷ്ടമിതെന്നോർത്തതിനയത്തോടേ
ശക്തനാം രാക്ഷസനുമവരോടുരചെയ്താൻ 102
“അന്ധനാമിവൻ പറയുന്നതുകേട്ടുനിങ്ങൾ
അന്ധകാരങ്ങളോരോന്നും ചിന്തചെയ്യാതെകണ്ടു 103
ബന്ധുവായുള്ള ജനം ചൊന്നതുകേട്ടുതന്നെ
സന്തതം പരിപാലിച്ചീടുക രാജ്യമിപ്പോൾ 104
അച്ഛനെന്തഭിമതമായതെന്നറിഞ്ഞുകൊ-
ണ്ടിച്ഛയോടതുതന്നെ ചെയ്കിലേ മതിവരൂ” 105
രാക്ഷസനായ മന്ത്രിസത്തമൻ പലതരം
ശിക്ഷിച്ചീവണ്ണം പറഞ്ഞീടിനോരനന്തരം 106
മന്ദമാനസന്മാരായ്മേവീടുന്നൊരുനവ-
നന്ദനന്മാരുമനുവദിച്ചാർപണിപെട്ടു 107
നന്ദഭൂപതിതാനും പ്രീതിപൂണ്ടനന്തരം
നന്ദനന്മാരെയഭിഷേകവും ചെയ്യിപ്പിച്ചു 108
ഭൂചക്രമെല്ലാം നവനായകമാക്കിവെച്ചു
രാജത്വം തനയമ്മാർക്കാക്കിനാൻ കനിവോടേ 109
ചേണാർന്നപട ഭരിച്ചീടുവാനായിക്കൊണ്ടു
സേനാധിപതിയാക്കിവെച്ചിതുമൌര്യൻ തന്നെ 110
നന്ദനന്മാരേതമ്മിൽ ഭേദിപ്പിച്ചീടുമെന്നു
നന്ദഭൂപതിമുരാപുത്രനെശ്ശങ്കിക്കയാൽ 111
മന്ത്രികളായീടുന്ന രാക്ഷസാദികളെയും
മന്ത്രനിശ്ചയത്തിങ്കലാക്കിനാൻ വഴിപോലെ 112
രാജ്യഭാരത്തെ പുത്രന്മാരിലങ്ങാക്കിക്കൊണ്ടു
പ്രാജ്യകീർത്തിയാം നൃപൻ കാനനത്തിന്നു പോവാൻ 113
കല്പിച്ചുപുറപ്പെട്ട നേരത്തു പൌരജനം
അർത്ഥിച്ചമൂലമിരുന്നീടിനാൻ പുരത്തിങ്കൽ 114
നാടതുപാർത്താൽ ബഹുനായകമെന്നാകിലും
കേടതിനുണ്ടായില്ല മന്ത്രികൾ വൈഭവത്താൽ 115
മൌര്യനുമതുകാലം പുത്രന്മാരൊരുപോലെ
വീര്യവാന്മാരായൊരു നൂറുപേരുണ്ടായ്‌വന്നു116
പുത്രന്മാരെല്ലാവർക്കും പ്രീതിപൂണ്ടവൻ താനും
അസ്ത്രശസ്ത്രാദികളും ശിക്ഷിച്ചുപഠിപ്പിച്ചാൻ 117
ചൊല്ലേറും മുരാസുതൻ തന്നുടെ പുത്രന്മാരിൽ
ഉള്ളതിലനുജനു ചന്ദ്രഗുപ്തനെന്നല്ലൊ 118
നാമമാകുന്നു ഗുണോൽക്കർഷമോർക്കുന്നനേരം
തൂമയോടെല്ലാവർക്കും ജ്യേഷ്ഠനായ്‌വരുമല്ലൊ 119
നാട്ടിലുള്ളവർകളോടേറ്റവും ചേർന്നുകൊണ്ടു
പാട്ടിലാക്കിനാനവൻ ഭൂമിയേയനുദിനം 120
ഓരോരോ സംവത്സരം കഴിയും നേരത്തിങ്കൽ
പാരാതെ രാജത്വത്തിന്നന്തരം വരികയാൽ 121
ഭൂമിയെ രക്ഷിപ്പതിനൊട്ടുമേനിരൂപിച്ചാൽ
ഭൂമിപാലകന്മാർക്കു ശക്തിയുമില്ലാതെയായ് 122
സേനാധിപത്യത്തിന്നു നിത്യത്വമുണ്ടാകയാൽ
മാനാദിഗുണമുള്ള പുത്രസമ്പത്തികൊണ്ടും 123
കൌശലം നീതികളിലേറെയുള്ളതുകൊണ്ടും
ആശയത്തിനു നല്ല ശുദ്ധിയുണ്ടാകകൊണ്ടും 124
ഒക്കവേനന്ദരാജ്യമോർത്തുകാണുന്നനേരം
മിക്കതും മൌര്യൻ തന്റെ വശത്തായ് ചമഞ്ഞുതേ 125
അക്കാലം നൃപന്മാർക്കും രാക്ഷസാദികൾക്കുമ-
ങ്ങുൾക്കാമ്പിലതുകണ്ടു സഹിയാഞ്ഞതുമൂലം 126
ഗാഢമത്സരം കൊണ്ടു മോഹിതന്മാരാമവർ
ഗൂഢമായ്ത്തമ്മിൽ നിരൂപിച്ചിതുപലതരം 127
“എന്തൊരു കഷ്ടം നിരൂപിച്ചു കാണുന്നനേരം
സന്തതം നമുക്കനുഭവിപ്പാനുള്ള ഭൂമി 128
ജാരനുവശയാകും വാരനാരിയെപ്പോലെ
മൌര്യനുവശയായതെത്രയും ലജ്ജാകരം 129
പാർത്ഥിവരായും ചിലർ മന്ത്രികളായും ചിലർ
പൃത്ഥിയേപ്പരിപാലിച്ചിരിക്കും കാലത്തിങ്കൽ 130
ഭൃത്യനു വശമായി വന്നിതു രാജ്യമെന്ന-
തെത്രയും നാണക്കേടാമെന്നതേ പറയാവൂ 131
പണ്ടിവൻ വിദ്വേഷത്തെസ്സൂചിപ്പിച്ചതുനേരം
കണ്ഠന്മാരായനമുക്കേതുമേ തിരിഞ്ഞീല 132
ശത്രുവായ്‌വരുമിവൻ നമുക്കു നിരൂപിച്ചാൽ
പുത്രപൌത്രാദികളും വർദ്ധിച്ചിതവനിപ്പോൾ 133
ഇന്നിവൻതന്നെക്കുലചെയ്തീലെന്നാകിൽ‌പ്പിന്നെ
നിർണ്ണയം നമ്മെക്കുല ചെയ്യുമെന്നറിഞ്ഞാലും 134
ലോകരഞ്ജനവന്നമൌര്യനോടേൽക്കുന്നേരം
ആകവേ നശിക്കും നാമില്ല സംശയമേതും 135
രണ്ടുമൂന്നമാത്യരും ഭൂമിപാലകന്മാരും
ഉണ്ടൊരു പുറം പടക്കെന്നു വന്നീടുമല്ലോ 136
എന്നതുകൊണ്ടു ചതി ചെയ്തുകൊല്ലുകേയുള്ളു
തിണ്ണമായ്‌വേണമതു വൈകരുതിനിയേതും” 137
എന്നുകൽ‌പ്പിച്ചു രാക്ഷസാദികൾ ചെന്നുഭൂമി
തന്നിലങ്ങൊരു മന്ത്രമണ്ഡപമതും തീർത്താർ 138
ദീർഘമായ്കുടുതായി പാതാളം‌പ്പോലേയതിൻ
മാർഗ്ഗമാകുന്നിതകം വിസ്താരം പെരുതല്ലോ 139
ഭൂമിയിൽ കുഴിച്ചുള്ളിൽ പടുത്തുകെട്ടിനന്നായ്
തൂമയിൽ പണിതീർത്താരെന്നതേ പറയേണ്ടൂ 140
മന്ത്രമണ്ഡപമതിൽ മന്ത്രികളോടും കൂടി
മന്ത്രവും തുടങ്ങിനാർ സന്തതമവർകളും. 141
മൌര്യനും പുത്രന്മാരും മന്ത്രികൾ നൃപന്മാരും
കാര്യങ്ങൾ നിരൂപിച്ചു പോരുന്ന കാലത്തിങ്കൽ 142
ഏകദാമൌര്യൻ തന്റെ മന്ദിരമകം പൂകീ-
ട്ടേകനായൊരുപുമാനവനോടുരചെയ്താൻ 143
“മന്തമണ്ഡപത്തിങ്കൽ മന്നവരെല്ലാവരും
മന്ത്രികളോടും കൂടി കാര്യത്തെ വിചാരിപ്പാൻ 144
നിന്നുടെ വരവും പാർത്തിരിക്കുന്നവർകളും
തിണ്ണം നീ സുതരോടും പോരിക വൈകിടാതെ” 145
എന്നതുകേട്ടു മൌര്യൻ സംഭ്രമത്തോടും കൂടി
തന്നുടെ തനയരുമായുടൻ പുറപ്പെട്ടാൻ 146
ചെന്നവർ നിത്യമതിലിറങ്ങുന്നതുപോലെ
മന്നവരുണ്ടെന്നോർത്തിട്ടിറങ്ങീടിനാരല്ലോ 147
കഷ്ടമന്നേരം ഗുഹാപൃഷ്ഠമങ്ങടച്ചിതു
നിഷ്ഠുരന്മാരാമവർ പാഷാണങ്ങളെക്കൊണ്ടു 148
പോക്കാമോവരുവാനുള്ളാപത്തുനിരൂപിച്ചാൽ
നീക്കാമോവിധിയുടെ കല്പിതം ശിവശിവ! 149
ഇങ്ങിനേ ഗുഹാമാർഗ്ഗമടച്ചുകണ്ടനേരം
തിങ്ങിനതാപത്തോടേ മൌര്യനും പുത്രന്മാരും 150
ചെന്നുടൻ ഗുഹോദരം പുക്കതുനേരമതിൽ
മന്നവരാരുമില്ല മന്ത്രികളാരുമില്ല 151
അത്രയുമല്ല ചില വദ്ധ്യചിഹ്നങ്ങളുണ്ടു
തത്രവെച്ചിരിക്കുന്നു എന്തതെന്നുരചെയ്യാം 152
ഭോജനംകൊണ്ടു പരിപൂർണ്ണമായിരിക്കുന്ന
ഭാജനം നൂറുണ്ടതിൽ കാണ്മാനെന്നറിഞ്ഞാലും 153
പ്രത്യേകമോരോ വിളക്കുണ്ടതിൽ കൊളുത്തിവെ-
ച്ചത്യന്തമെരിഞ്ഞുകത്തീടുന്നുദീപങ്ങളും 154
ചൊല്ലുവാനരുതേതും പിന്നെയുള്ളവസ്ഥകൾ
കൊല്ലുവാനുള്ളാചാരമിങ്ങിനെയാകുന്നുപോൽ 155
ഇങ്ങിനെ കണ്ടനേരമുള്ള സങ്കടമവ-
ർക്കെങ്ങിനേ പറയുന്നു കണ്ണുനീർതൂകിത്തൂകി 156
തങ്ങളിലോരോതരം ചിന്തിച്ചു പറകയും
തിങ്ങിനശോകത്തോടേ തങ്ങളിൽ തഴുകയും 157
“ദുഷ്ടരാമമാത്യരും ഭൂമിപാലകന്മാരും
കഷ്ടമാം വണ്ണം നമ്മെച്ചതിച്ചാരയ്യോ പാപം 158
ഏതുമേ അവകാശമില്ലിതു ചെയ്തീടുവാൻ
ഏതുമൊന്നവരോടു ചെയ്തതുമില്ലല്ലോ നാം 159
വല്ലതും പ്രവർത്തിച്ചു ദിവസം കഴിപ്പാനാ-
യുള്ളതിനല്ലാതെകണ്ടൊന്നിനും പോയീലല്ലോ 160
മണ്ഡപമവനിയിൽ കുഴിച്ചു സൃഷ്ടിച്ചതും
ചണ്ഡരാമവരുടെ മന്ത്രയോഗവും പിന്നെ 161
വന്നുനമ്മോടു പറഞ്ഞീടിന പുരുഷനും
ദുർന്നയമിതൊക്കവേയെന്നറിഞ്ഞില്ലല്ലോനാം 162
ഇഷ്ടമല്ലാഞ്ഞാലിത്ഥം ചതിച്ചുകൊല്ലേണമോ
സ്രഷ്ട്യകല്പിതം തടുക്കാവതുമല്ലപാർത്താൽ 163
എന്തിനിവേണ്ടതെന്നു ധൈര്യമാലംബിച്ചുനാം
ചിന്തചെയ്യേണ” മെന്നു ചൊല്ലിനാൻ മുരാസുതൻ 164
പിന്നെയും ക്ഷണമാത്രം മാനസേനിരൂപിച്ചി-
ട്ടൊന്നുരചെയ്താനവൻ നന്ദനന്മാരെനോക്കി 165
“ഒന്നുമേ നിരൂപിച്ചാലാവതല്ലാതെയുള്ള
ദുർന്നയമേറുമവർ ചെയ്തസങ്കടത്തിങ്കൽ 166
ഈശ്വരമതമെന്തെന്നറിഞ്ഞുകൂടായ്കയാൽ
വിശ്വസിച്ചെല്ലാവരും കേൾക്കേണമെന്റെ വാക്യം 167
ഭോജനമിതുതന്നെ കൂട്ടിയങ്ങൊരുമിച്ചു
ഭാജനമൊന്നിലാക്കിസ്സൂക്ഷിച്ചു വഴിപോലെ 168
ദീപവുമൊന്നു കഴിച്ചൊക്കവേ കെടുത്തിതിൽ
ജീവിതം ധരിച്ചിരുന്നീടേണമൊരുവൻ താൻ 169
നൂറുപേർക്കുണ്മാനായി വിളമ്പിക്കിടക്കുന്ന
ചോറൊടുങ്ങീടും മുമ്പേ ദൈവത്തിൻ നിയോഗത്താൽ 170
നിർഗ്ഗമിപ്പതിന്നൊരു കഴിവുണ്ടാകിൽശ്ശത്രു-
വർഗ്ഗത്തെയൊടുക്കുവാൻ യത്നവും ചെയ്തീടേണം” 171
ഇങ്ങിനെ താതൻ ചൊന്ന വാക്കുകേട്ടവർകളും
ഇങ്ങിനെ മറ്റുള്ളവർ മരിക്കുന്നതും കണ്ടു 172
വന്നസങ്കടമൊക്കെസ്സഹിച്ചങ്ങിരിപ്പാനും
പിന്നേയപ്രതിക്രിയ ചെയ്‌വാനുമശക്തരായ് 173
ഒന്നുമേ മിണ്ടാതെ കണ്ടിരുന്നാരവർകളും
അന്നേരമെല്ലാവർക്കും തമ്പിയായ്മേവീടിന 174
ചന്ദ്രനുസമനാകും ചദ്രഗുപ്തനായുള്ള
നന്ദനൻ തന്നെത്താതൻ നോക്കിനാൻ ദുഃഖത്തോടേ 175
ബാലനാമവനപ്പോൾ ധീരനായുരചെയ്താൻ
“മാലകതാരിൽ താതനേതുമുണ്ടാകവേണ്ടാ 176
താതനിന്നുരചെയ്തവണ്ണം ഞാൻ ചെയ്തീടുവൻ
ഏതുമില്ലതിനൊരു സംശയമറിഞ്ഞാലും 177
ജീവിതം ധരിച്ചതിലിരിക്കുന്നതുമുണ്ടു
പോവതിനൊരുകഴിവുണ്ടാകിൽ പ്രതിക്രിയ 178
ധീരതയോടു ചെയ്തീടുന്നതുമുണ്ടുപിന്നെ
പാരിതുപരിപാലിച്ചിരിക്കുന്നതുമുണ്ടു” 179
ധൃഷ്ടനാം ചന്ദ്രഗുപ്തനിത്തരം പറഞ്ഞപ്പോൾ
തുഷ്ടരായ് ജ്യേഷ്ഠന്മാരുമച്ഛനുമൊരുപോലെ 180
ബാലനെയെല്ലാവരും ഗാഢമായ്ത്തഴുകിക്കൊ-
ണ്ടോലുന്ന നേത്രജലം കൊണ്ടവരവൻ തന്റെ 181
മൌലിയിലഭിഷേകം ചെയ്തുടനെല്ലാവരും
മേളമോടവൻ തനിക്കാശിയും ചൊല്ലീടിനാർ 182
“ബാല! നീ ചിരകാലം ജീവിക്കരിപുക്കളേ
തോലാതെ ജയിക്കായി വരികവിശേഷിച്ചും 183
ആരുമേ സഹായമുണ്ടായീലെന്നിരിക്കിലും
വൈരിവർഗ്ഗത്തെയൊടുക്കീടും നീ മഹാമതേ” 184
ധീരതകൈക്കൊണ്ടൊരു ചന്ദ്രഗുപ്തനും പിന്നെ
ചോറുണ്ടങ്ങതിലിരുന്നീടിനോരന്തരം 185
മറ്റേവർ ചില ദിവസങ്ങൾ പോയോരു ശേഷം
തെറ്റെന്നു മരിച്ചിതു ഭക്ഷണമില്ലായ്കയാൽ 186
മൌര്യനെസ്സുതരോടും കൂടവേ ചതിച്ചുടൻ
ഘോരമാം വണ്ണം കൊലചെയ്ത വൃത്താന്തം കേട്ടു 187
നാട്ടിലുള്ളവരെല്ലാം രാജഭീതിയാലുഴ-
ന്നൊട്ടൊട്ടു കരഞ്ഞിതു സങ്കടമുണ്ടാകയാൽ 188
നന്ദഭൂപാലന്മാരെയൊഴിച്ചുള്ളവർക്കൊരാ-
നന്ദമുണ്ടായീലല്ലോ മൌര്യനാശത്താലഹോ 189
അങ്ങിനെ മൂന്നുമാസം കഴിഞ്ഞോരനന്തരം
വംഗദേശാധിപതിയാകിയ നരാധിപൻ 190
ഘോരനായൊരു സിംഹവീരനെ കൂട്ടിലിട്ടി-
ട്ടാരൂഢഗർവ്വം ചിലരെക്കൊണ്ടങ്ങെടുപ്പിച്ചു 191
പാടലിപുത്രപുരത്തിങ്കലേക്കയച്ചിതു
പാടവമേറേയുള്ള വംഗദേശാധിപതി 192
“കൂടതുപൊളിയ്ക്കാതെ സിംഹത്തെ പുറത്തിങ്ങു
പേടി കൂടാതെ കളഞ്ഞീടേണ”മെന്നുണ്ടൊരു 193
സന്ദേശമതുകൊണ്ടു രാജദൂതന്മാർ ചെന്നു
നന്ദഭൂപന്മാർ മുമ്പിൽ‌വെച്ചു വന്ദിച്ചു ചൊന്നാർ 194
“വംഗ ഭൂപതി നിങ്ങൾക്കായിതു കാഴ്ചവെപ്പാൻ
മംഗലകീർത്ത്യാകൊടുത്തയച്ചു വിട്ടീടിനാൻ 195
പഞ്ജരം ഭഞ്ജിയാതെ സിംഹത്തെ ദ്രവിപ്പിപ്പാൻ
അഞ്ജസാനിരൂപിച്ചു കൊൾകയും വേണമല്ലോ” 196
എന്നതുകേട്ടുനവനന്ദനഭൂപന്മാരും
ചെന്നുടൻ മന്ത്രിവരന്മാരുമായ് നിരൂപിച്ചു 197
കൂടതിൽ പഞ്ചാസ്യനെക്കണ്ടതു നേരമവർ
പേടിയോടോടി വാങ്ങിപ്പോന്നു ചിന്തിച്ചീടിനാർ 198
കണ്ടതില്ലുപായങ്ങൾ ഒന്നിനാലുമേയെന്നു
കുണ്ഠരായുഴന്നു നിന്നീടിനോരനന്തരം 199
ചൊല്ലിയന്നൊരു മൌര്യൻ തന്നുടെ ബന്ധുവായ
നല്ലനാം മന്ത്രി വിശിഖാഖ്യനും ചൊന്നാനപ്പോൾ 200
“നല്ലനാം നമുക്കുള്ള ചന്ദ്രഗുപ്തനുണ്ടെങ്കിൽ
വല്ലതുമിതിനൊരുപായമുണ്ടാക്കുമവൻ 201
ശില്പശാസ്ത്രത്തിന്നവനോർത്തു കാണുന്നനേരം
കല്പകവൃക്ഷം തന്നെ മൌര്യനന്ദനൻ ബാലൻ 202
എന്തൊരു ഫലമതു ചിന്തിച്ചാലിനിയിതി-
നെന്തൊരു കഴിവെന്നു കണ്ടതുമില്ല താനും” 203
എങ്കിലോ ചന്ദ്രഗുപ്തനിരിക്കുന്നല്ലീയെന്നു
ശങ്കകൊണ്ടതുനേരം നന്ദ ഭൂപാലന്മാരും 204
ചെന്നുടൻ ഗുഹാമുഖം കുഴിച്ചു തുടങ്ങിനാർ
പന്നഗാരികൾ ചെന്നുകുഴിക്കുന്നതുപോലെ 205
ദുഷ്ടരാമരചന്മാർ ചന്ദ്രഗുപ്തനേയതിൽ
ശിഷ്ടനായ്മെലിഞ്ഞിരിക്കുന്നതുകണ്ടിട്ടവർ 206
ഹൃഷ്ടരായതിലിഴിഞ്ഞോടിച്ചെന്നവർകളും
പുഷ്ടകൌതുകം മുരാപൌത്രനോടുര ചെയ്താർ 207
“വത്സ! നീ പുറത്തിങ്ങുപോരിക വൈകീടാതേ
മത്സരാദികൾ നിന്നോടില്ല ഞങ്ങൾക്കേതുമേ” 208
നിർബ്ബന്ധമതുകേട്ടു ചന്ദ്രഗുപ്തനുമപ്പോൾ
നിർഗ്ഗമിപ്പതിനേറ്റമാശയുണ്ടെന്നാകിലും 209
കണ്ണുനീർ വാർത്തു മുറയിട്ടു വീണുരുണ്ടവൻ
മന്നവന്മാരോടേവം ചൊല്ലിനാൻ കോപത്തോടേ210
“ഇച്ഛയില്ലെനിക്കേതും പോരികെന്നുള്ളതിനി-
യച്ഛനും ജ്യേഷ്ഠന്മാരും കൂടാതെ പോന്നീടുവാൻ 211
മുന്നം ഞാനവരോടു കൂടിയല്ലയോ പോന്നു
പിന്നെയെങ്ങിനെ പിരിഞ്ഞങ്ങു ഞാൻ പോന്നീടുന്നു? 212
ജ്യേഷ്ഠന്മാർ ജനകനും പട്ടിണി കിടന്നിതിൽ
കഷ്ടമായ് മരിച്ചുപോകുന്നതും കണ്ടു കണ്ട് 213
പ്രാണനും പോകാതെ കണ്ടിരിക്കുമെന്നെ നിങ്ങൾ
നാണയത്തിന്നു വെട്ടിക്കൊല്ലുകേയിനിവേണ്ടൂ” 214
ഇങ്ങിനേ പലതരം പറഞ്ഞുകരയുന്ന
മംഗലശീലനായ ചന്ദ്രഗുപ്തനോടവർ 215
പിന്നെയും നാണമകലെക്കളഞ്ഞുര ചെയ്താർ
“നിന്നുടെ താതാദികൾ ഞങ്ങളെന്നറിക നീ 216
എന്തുനീകരഞ്ഞഴൽ തേടുവാനവകാശം
ചിന്തകൊണ്ടെന്തുഫലം പോരിക കുമാര! നീ 217
പണ്ടുമുണ്ടല്ലോ നിന്നിൽ സ്നേഹമീ ഞങ്ങൾക്കെല്ലാം
കണ്ടുകൊൾകതിൻ ഫലമിനിയെന്നറിഞ്ഞാലും” 218
ഇപ്രകാരങ്ങളനുസരിച്ചു പറഞ്ഞിട്ടും
വിപ്രിയം നൃപന്മാർക്കു വന്നുപോവതിനവൻ 219
നിർഗ്ഗമിച്ചീല പുനരെന്നതു കണ്ടിട്ടവർ
ചിക്കനെ മൌര്യൻ തനിക്കുള്ള ഭണ്ഡാരമെല്ലാം 220
ചന്ദ്രഗുപ്തന്റെ മുമ്പിൽ കൊണ്ടുപോയ്‌വെച്ചീടിനാർ
മന്ദമായപ്പോളവൻ പുറത്തുപുറപ്പെട്ടാൻ 221
മന്നവശ്രേഷ്ഠന്മാരും മൌര്യനന്ദനൻ തന്നെ
മാനിച്ചു മനം തെളിയിച്ചുടൻ വഴിപോലെ 222
പഞ്ജരത്തിൽ കിടന്നോടുന്ന സിംഹത്തേയും
മഞ്ജുളമാകും ശ്ലോകാർദ്ധത്തെയും കാട്ടീടിനാർ 223
ചന്ദ്രഗുപ്തനുമതുകണ്ടു വിസ്മയം പൂണ്ടു
മന്ദഹാസവും കലർന്നിങ്ങിനേ നിരൂപിച്ചാൻ 224
പഞ്ചാസ്യമിതുമഹാവിഗ്രഹമെന്നാലിപ്പോൾ
പഞ്ജരത്തിന്റെ കഴലിടകളൂടെയെന്നും 225
മോചിപ്പാനെളുതല്ലയെന്നതുകൊണ്ടുതന്നെ
വ്യാജത്താൽ കൃതമിദമില്ല സംശയമേതും 226
സന്തതം സിംഹത്തിന്റെ ചേഷ്ടകൾ സൂക്ഷിക്കുമ്പോൾ
യന്ത്രമുണ്ടിതിനുള്ളിലെന്നുതോന്നുന്നുതാനും 227
വർണരോമാദികളും പാർത്തുകാണുന്നനേരം
നിർണ്ണയം ശില്പികളാൽ കല്പിതം മനോഹരം 228
“ദ്രാവ്യതാം” എന്നുണ്ടൊരുവാക്യമെന്നതുകൊണ്ടു
ധാവനം വരേണമെന്നുള്ളതുമില്ലയല്ലോ 229
ദ്രാവണത്തിനു യോഗ്യമായ് വരുമെന്നാലിതു
കേവലം മെഴുകുകൊണ്ടെന്നതേവരൂനൂനം 230
നിശ്ചയിച്ചറിഞ്ഞുള്ളിലിങ്ങിനെ കല്പിച്ചവൻ
ആശ്ചര്യം ജനങ്ങൾക്കു കാട്ടുവാനായിക്കൊണ്ടു 231
പഞ്ജരം ഉയരത്തു വെപ്പിച്ചിട്ടിരിമ്പുകോ-
ലഞ്ജസാചുട്ടുപഴുപ്പിച്ചു സിംഹത്തിൻ മെയ്മേൽ 232
വെച്ചതുനേരമൊലിച്ചൊക്കവേ പുറത്തുപോ-
യുച്ചത്തിൽ ചിരിച്ചിതു ഭൂമിരാജാക്കന്മാരും 233
മന്ത്രികൾ ജനങ്ങളും കണ്ടുവിസ്മയം പൂണ്ടു
ചന്ദ്രഗുപ്തനെബ്ബഹുമാനിച്ചു നിന്നീടിനാർ 234
രാജപൂജിതന്മാരായ്പോയിതുപിന്നെവംഗ-
രാജദൂതന്മാരൊക്കെച്ചെന്നിതങ്ങറിയിച്ചാർ 235
രാക്ഷസനതുകാലമുൾക്കാമ്പിൽ നിരൂപിച്ചാൻ
“രൂക്ഷമാനസനായ മൌര്യനന്ദനനിവൻ” 236
എന്തിവൻ ചെയ്യുന്നതെന്നിങ്ങനേ നിരൂപിച്ചു
സന്തതം ശങ്ക മുഴുത്തിരുന്നാനവന്താനും 237
നന്ദനന്മാർക്കും മൌര്യൻ തനിക്കും ശേഷക്രിയ
ചന്ദ്രഗുപ്തനെക്കൊണ്ടു ചെയ്യിച്ചാർ നൃപന്മാരു 238
ഈവണ്ണമുള്ളവസ്തു സാധിക്കേണ്ടുകിലിനി
കേവലം ചന്ദ്രഗുപ്തൻ നമുക്കുണ്ടതുകൊണ്ടു 239
ശത്രുത്വമുള്ളോർകളിൽ ശേഷിച്ചോനെന്നാകിലും
പുത്രനെപ്പോലെ പരിപാലിച്ചീടുകവേണം 240
അശ്വാദികളിലാധിപത്യമുണ്ടാക്കീ‍ടിനാൽ
വിശ്വാസം വരായല്ലോ ശത്രുത്വമുണ്ടാകയാൽ 241
ഒന്നിനും ആക്കീലെന്നു വന്നുപോയാലുമിവൻ
ഒന്നിനും പിന്നെയൊരു പാത്രമല്ലാതെവരും 242
രണ്ടെന്നു ഭാവിച്ചിരുന്നീടിലുമതുമൊരു
ദണ്ഡമായ്‌വരുമതിനില്ല സംശയമേതും 243
അഗ്രഭോജനത്തിനു വിപ്രന്മാർ വരുന്നേരം
യോഗ്യരെക്ഷണിപ്പതിന്നാക്കുകനല്ലുനൂനം 244
ഈ വണ്ണം കൽ‌പ്പിച്ചവരാക്കിനാരവനെയും
ദൈവത്തിന്മതമാർക്കും തടുത്തുകൂടായല്ലോ 245
താതസോദരരുടെ നാശവുമനുദിനം
ചേതസാനിനച്ചുള്ള ഖേദവും മറച്ചവൻ 246
നെഞ്ചകം വെന്തുവെന്തു കോപവും ജ്വലിച്ചുള്ളിൽ
ചഞ്ചലം കൂടാതെ കണ്ടഗ്രഭോജനത്തിങ്കൽ 247
വിപ്രരെ കല്പിക്കയെന്നുള്ളതിങ്കലേക്കതി-
തല്പരനായിട്ടിരുന്നീടിനാനതുകാലം 248
നല്ലൊരു സഹായമാരുള്ളതെന്നനുദിനം
വല്ലഭമുള്ള മൌര്യനന്ദനൻ ചിന്തിച്ചുള്ളിൽ 249
തള്ളിവന്നീടും പടുബുദ്ധിവൈഭവംകൊണ്ടു
വല്ലതെങ്കിലും തടുക്കായ്‌വരുമതുനൂനം 250
ബുദ്ധിശക്തിയും മഹാസൈന്യശക്തിയും തമ്മിൽ
ബുദ്ധിശക്തിക്കു തുല്യമൊന്നുമില്ലെന്നിട്ടവൻ 251
ബുദ്ധിയും നയവുമേറീടുന്നവിപ്രന്മാരേ
നിത്യവുമന്വേഷിച്ചുകൊണ്ടവനിരുന്നാനെ- 252
ന്നുള്ളാസത്തോടു പലരോടുമായുരചെയ്തു
നല്ല പൈങ്കിളി മകൾ താനുമന്നടങ്ങിനാൾ 253


ഇതി മുദ്രാരാക്ഷസേ നവനന്ദാഭിഷേകനാമ ഗാനവിശേഷം സമാപ്തം.