കുരിശിന്റെ വഴി
പ്രാരംഭഗാനം
[തിരുത്തുക](കുരിശു ചുമന്നവനേ)
കുരിശിൽ മരിച്ചവനേ, കുരിശാലെ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേവരുന്നു ഞങ്ങൾ
ലോകൈകനാഥാ, നിൻ
ശിഷ്യനായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിൻ
കാല്പാടു പിഞ്ചെല്ലാൻ
കല്പിച്ച നായകാ.
നിൻ ദിവ്യരക്തത്താ-
ലെൻ പാപമാലിന്യം
കഴുകേനമേ, ലോകനാഥാ.
പ്രാരംഭപ്രാർത്ഥന
[തിരുത്തുക]നിത്യനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യർക്കുവേണ്ടി ജീവൻ ബലി കഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു.[1] സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അങ്ങ അരുളിച്ചെയ്തിട്ടുണ്ടല്ലോ.[2] പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയിൽക്കൂടി; വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീർത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതിൽ ഇടുങ്ങിയതുമാണെന്ന്[3] ഞങ്ങളെ അറിയിച്ച കർത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
ഒന്നാം സ്ഥലം
[തിരുത്തുക](ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
മരണത്തിനായ് വിധിച്ചു, കറയറ്റ
ദൈവത്തിൻ കുഞ്ഞാടിനെ
അപരാധിയആയി വിധിച്ചു കൽമഷം
കലരാത്ത കർത്താവിനെ
അറിയാത്ത കുറ്റങ്ങൾ
നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നിൽ
കൈവലധാതആ,നിൻ
കാരുണ്യം കൈക്കൊണ്ടോർ
കദനത്തിലാഴ്ത്തി നിന്നെ [1]
അവസാനവിധിയിൽ നീ
യലിവാർന്നു ഞങ്ങൾക്കാ
യരുളേണമേ നാകഭാഗ്യം
ഈശൊമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു
[തിരുത്തുക]ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
മനുഷ്യകുലത്തിന്റെ പാപപ്പരിഹാരത്തിനുള്ള ബലി ആരംഭിച്ചു കഴിഞ്ഞു......
ഈശൊ പീലാത്തൊസ്സിന്റെ മുൻപിൽ നിൽക്കുന്നു...അവിടുത്തെ ഒന്നു നോക്കുക...ചമ്മട്ടിയടിയേറ്റ ശരീരം...രക്തത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങൾ..തലയിൽ മുൾമുടി...ഉറക്കമൊഴിഞ്ഞ കണ്ണുകൾ...ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ...ദാഹിച്ചു വരണ്ട നാവ്...ഉണങ്ങിയ ചുണ്ടുകൾ.
പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു.... [2] കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു....എങ്കിലും, അവിടുന്ന് എല്ലാം നിശ്ശബ്ദനായി സഹിക്കുന്നു.
എന്റെ ദൈവമായ കർത്താവെ,അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലൊ...എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴും, നിർദ്ദയമായി വിമർശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
രണ്ടാം സ്ഥലം
[തിരുത്തുക]( രണ്ടാം സ്ഥലത്തേക്ക് പോകുമ്പോൾ)
കുരിശു ചുമന്നിടുന്നു ലോകത്തിൻ
വിനകൾ ചുമന്നിടുന്നു [1]
നീങ്ങുന്നു ദിവ്യനാഥൻ നിന്ദനം
നിറയും നിരത്തിലൂടെ.
" എൻ ജനമേ, ചൊൽക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാൻ
പൂന്തേൻ തുളുമ്പുന്ന
നാട്ടിൽ ഞാൻ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി? "
ഈശോമിശിഹാ കുരിശുചുമക്കുന്നു
[തിരുത്തുക]ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ട് നീങ്ങുന്നു...ഈശൊയുടെ ചുറ്റും നോക്കുക...സ്നേഹിതന്മാര് ആരുമില്ല..യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...പത്രോസ് അവിടുത്തെ പരിത്യജിച്ചു...മറ്റു ശിഷ്യന്മാര് ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവർത്തികൾ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോൾ എവിടെ?....ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു....ഈശോയെ സഹായിക്കുവാനോ ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല....
എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവർ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. [2] എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശുചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാൽപ്പാടുകൾ പിൻ തുടരുന്നു.വലയുന്നവരേയും ഭാരം ചുമക്കുന്നവരേയും ആശ്വസിപ്പിക്കുന്ന കർത്താവേ [3] എന്റെ ക്ലേശങ്ങൾ എല്ലാം പരാതികൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമെ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
മൂന്നാം സ്ഥലം
[തിരുത്തുക]( മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ )
കുരിശിൻ കനത്ത ഭാരം താങ്ങുവാൻ
കഴിയാതെ ലോകനാഥൻ
പാദങ്ങൾ പതറിവീണു കല്ലുകൽ
നിറയും പെരുവഴിയിൽ.
തൃപ്പാദം കല്ലിന്മേൽ
തട്ടി മുറിഞ്ഞു,
ചെന്നിണം വാർന്നൊഴുകി
മാനവരില്ലാ
വാനവരില്ലാ
താങ്ങിത്തുണച്ചീടുവാൻ
അനുതാപമൂറുന്ന
ചുടുകണ്ണുനീർ തൂകി-
യണയുന്നു മുന്നിൽ ഞങ്ങൾ
ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
[തിരുത്തുക]ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
കല്ലുകൾ നിറഞ്ഞ വഴി....ഭാരമുളള കുരിശ്..ക്ഷീണിച്ച ശരീരം...വിറയ്ക്കുന്ന കാലുകൾ...അവിടുന്നു മുഖംകുത്തി നിലത്തുവീഴുന്നു...മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു...യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു.....പട്ടാളക്കാർ അടിക്കുന്നു...ജനക്കൂട്ടം ആർപ്പുവിളിക്കുന്നു.....അവിടുന്നു മിണ്ടുന്നില്ല....
“ | ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൽ വെച്ചു.ഞാൻ വലത്തേയ്ക്കു തിരിഞ്ഞന്നോക്കി,എന്നെ അറിയുന്നവർ ആരുമില്ല.ഓടിയൊളിക്കുവാൻ ഇടമില്ല,എന്നെ രക്ഷിക്കുവാൻ ആളുമില്ല. | ” |
“ | അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു:നമുക്കുവേണ്ടി അവിടുന്നു സഹിച്ചു. | ” |
കർത്താവേ ,ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു.മറ്റുള്ളവർ അതുകണ്ടു പരിഹസിക്കയും എന്റെ വേദന വർദ്ധിപ്പിക്കയും ചെയ്യാറുണ്ട്.കർത്താവേ എനിക്കു വീഴ്ചകളുണ്ടാകുമ്പോൾ എന്നെത്തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമെ,കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമെ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
നാലാം സ്ഥലം
[തിരുത്തുക]( നാലാം സ്ഥലത്തേയ്ക്കു പോകുമ്പോൾ )
വഴിയിൽക്കരഞ്ഞു വന്നോരമ്മയെ
തനയൻ തിരിഞ്ഞുനോക്കി
സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ
കൂരമ്പു താണിറങ്ങി
"ആരോടു നിന്നെ ഞാൻ
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"
ആരറിഞ്ഞാഴത്തി-
ലലതല്ലി നിൽക്കുന്ന
നിൻ മനോവേദന?
നിൻക്കണ്ണുനീരാൽ
കഴുകേണമെന്നിൽ
പതിയുന്ന മാലിന്യമെല്ലാം.
ഈശൊ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു
[തിരുത്തുക]ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു...ഇടയ്ക്കു സങ്കടകരമായ കൂടിക്കാഴ്ച...അവിടുത്തെ മാതാവു ഓടിയെത്തുന്നു...അവർ പരസ്പരം നോക്കി....കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ...വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ...അമ്മയും മകനും സംസാരിക്കുന്നില്ല...മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു....അമ്മയുടെ വേദന മകന്റെ ദുഃഖം വർദ്ധിപ്പിക്കുന്നു.....
നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ചവെച്ച സംഭവം മാതാവിന്റെ ഓർമ്മയിൽ വന്നു."നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും"എന്നു പരിശുദ്ധനായ ശിമയോൻ അന്നു പ്രവചിച്ചു.
“ | കണ്ണുനീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു".ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങൾ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു. | ” |
ദുഃഖസമുദ്രത്തിൽ മുഴുകിയ ദിവ്യരക്ഷിതാവേ,സഹനത്തിന്റെ ഏകാന്തനിമിഷങ്ങളിൽ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങളാണെന്നു ഞങ്ങൾ അറിയുന്നു.അവയെല്ലാം പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമെ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
അഞ്ചാം സ്ഥലം
[തിരുത്തുക]( അഞ്ചാം സ്ഥലത്തേയ്ക്കു പോകുമ്പോൾ )
കുരിശുചുമന്നു നീങ്ങും നാഥനെ
ശിമയോൻ തുണച്ചിടുന്നു
നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന
ഭാഗ്യമേ ,ഭാഗ്യം.
നിൻ കുരിശെത്രയോ
ലോലം,നിൻ നുക-
മാനന്ദദായകം
അഴലിൽ വീണുഴലുന്നോർ-
ക്കവലംബമേകുന്ന
കുരിശേ നമിച്ചിടുന്നു.
സുരലോകനാഥാ,നിൻ
കുരിശൊന്നു താങ്ങുവാൻ
തരണേ വരങ്ങൾ നിരന്തം
ശിമയോൻ- ഈശോയെ സഹായിക്കുന്നു
[തിരുത്തുക]ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
ഈശോ വളരെയധികം തളർന്നു കഴിഞ്ഞു....ഇനി കുരിശോടുകൂടെ മുന്നോട്ടുനീങ്ങുവാൻ ശക്തനല്ല.....അവിടുന്നു വഴിയിൽ വച്ചുതന്നെ മരിച്ചുപോയേക്കുമെന്നു യൂദന്മാർ ഭയന്നു...അപ്പോൾ ശിമയോൻ എന്നൊരാൾ വയലിൽ നിന്നു വരുന്നത് അവർ കണ്ടു...കെവുറീൻകാരനായ ആ മനുഷ്യൻ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു...അവിടുത്തെ കുരിശു ചുമക്കുവാൻ അവർ അയാളെ നിർബന്ധിച്ചു.അവർക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല,ജീവനോടെ അവിടുത്തെ കുരിശിൽ തറക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു.
കരുണാനിധിയായ കർത്താവേ ,ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെത്തന്നെ വിസ്മരിച്ചു ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു.എന്നാൽ "എന്റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത് എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ".അതിനാൽ ചുറ്റുമുളളവരിൽ അങ്ങയെ കണ്ടുകൊണ്ട് കഴിവുളള വിധത്തിലെല്ലാം അവരെ സഹായിക്കാൻ എന്നെ അനുഗ്രഹിക്കണമെ.അപ്പോൾ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും,അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
ആറാം സ്ഥലം
[തിരുത്തുക](ആറാം സ്ഥലത്തേക്കു പോകുമ്പോൾ)
വാടിത്തളർന്നു മുഖം-നാഥന്റെ
കണ്ണുകൾ താണുമങ്ങി
വേറോനിക്കാ മിഴിന്നീര് തൂകിയാ
ദിവ്യാനനം തുടച്ചു.
മാലാഖമാർക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെപ്പൂനിലാവേ,
താബോർ മാമല
മേലേ നിന്മുഖം
സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി ദുഃഖത്തിൽ മുങ്ങി.
വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
[തിരുത്തുക]ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
ഭക്തയായ വേറോനിക്കാ മിശിഹായെ കാണുന്നു....അവളുടെ ഹൃദയം സഹതാപത്താൽ നിറഞ്ഞു....അവൾക്ക് അവിടുത്തെ ആശ്വസിപ്പിക്കണം.പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവൾ ഈശോയെ സമീപിക്കുന്നു...ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ