ഐതിഹ്യമാല/തെക്കേടത്തു കുടുംബക്കാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തെക്കേടത്തു കുടുംബക്കാർ


പ്പോൾ വൈക്കം താലൂക്കിൽ കടുത്തുരുത്തി ദേശത്ത് 'തെക്കേടത്ത്' എന്നു പ്രസിദ്ധമായിരിക്കുന്ന നായർ കുടുംബം പണ്ട് കോഴിക്കോട്ട് സാമൂതിരിക്കോവിലകത്തിന്റെ സമീപത്തായിരുന്നു. ആ കുടുംബക്കാർക്കു സാമൂതിരിപ്പാടുതമ്പുരാൻ "പണിക്കർ" എന്ന സ്ഥാനപ്പേരും കൽപ്പിച്ചു കൊടുത്തിരുന്നു. അതിനാൽ ആ കുടുംബക്കാരെ എല്ലാവരും തെക്കേടത്തു പണിക്കർ എന്നാണു പറഞ്ഞ്വന്നിരുന്നത്. അതു മാത്രമല്ല, സാമൂതിരിപ്പാടു തമ്പുരാൻ തന്റെ സേനാനായകസ്ഥാനവും മൂപ്പു മുറയ്ക്ക് ആ കുടുംബക്കാർക്കുതന്നെ കൊടുത്തിരുന്നു. അക്കാലത്ത് സാമൂതിരിപ്പാടും തിരുവിതാംകൂർ, കൊച്ചി മുതലായ രാജ്യങ്ങളിലെ രാജാക്കന്മാരും തമ്മിൽ കൂടെക്കൂടെ യുദ്ധങ്ങളുണ്ടാവുക സാധാരണമായിരുന്നുവല്ലോ. അങ്ങനെയുണ്ടാകുന്ന യുദ്ധങ്ങളിൽ സൈനികരുടെ കൈ,കാൽ മുതലായ അവയവങ്ങൾക്കും മർമ്മസ്ഥലങ്ങൾക്കുമ് നാഡികൾക്കും മറ്റും ചിലപ്പോൾ ചില കേടുപാടുകൾ പറ്റുകയും ശത്രുക്കളുടെ ആഭിചാര പ്രയോഗങ്ങൾ കൊണ്ടു ദേഹത്തിനു ആകപ്പാടെ അസ്വാസ്ഥ്യം സംഭവിക്കുകയും ചെയ്തിരുന്നു. അങ്ങനെയൊക്കെ ഉണ്ടാകുന്ന സമയങ്ങളിൽ തിരുമ്മിയും ചികിത്സകളും മന്ത്രവാദങ്ങളും മറ്റും ചെയ്തും ആ സൈനികന്മാരെ സ്വസ്ഥരാക്കിത്തീർക്കുന്നതിനുളള ചുമതലയും സേനാനായകനുണ്ടായിരുന്നു. അതിനാൽ തെക്കേടത്ത് കുടുംബക്കാർ തിരുമ്മും ശരീരശാസ്ത്രവും വൈദ്യവും മന്ത്രവാദവും മറ്റും യഥായോഗ്യം സമ്പാദിച്ചിരുന്നു. കോവിലകത്തു തമ്പുരാട്ടിമാർക്കും ചിലപ്പോൾ വല്ല സുഖക്കേടുകളും ഉണ്ടായേക്കാമല്ലോ. അങ്ങനെയുണ്ടാകുന്ന കാലങ്ങളിൽ നാഡികളും മറ്റും പരിശോധിച്ചു തിരുമ്മിയും ചികിത്സിച്ചും അവരെ സുഖപ്പെടുത്തുന്നതിനു പുരു‌ഷൻമാരായിരിക്കുന്നതിനേക്കാൾ നല്ലത് സ്ത്രീകളായിരിക്കുന്ന താണല്ലോ എന്നു വിചാരിച്ച് സാമൂതിരിപ്പാടു തമ്പുരാൻ പ്രത്യേകം കല്പിച്ചിട്ടാണ് തെക്കേടത്തു കുടുംബത്തിലെ സ്ത്രീജനങ്ങളും തിരുമ്മും ചികിത്സയും മറ്റും യഥായോഗ്യം വശമാക്കിയിരുന്നത്.‌

ഈ കുടുംബത്തിലെ പുരു‌ഷൻമാരെ സാമൂതിരിപ്പാടു തമ്പുരാൻ കൊച്ചുതമ്പുരാക്കൻമാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുന്നതിനും നിയമിച്ചിരുന്നു. അതിനാൽ കാലക്രമേണ അവർക്കു രാജഗുരു എന്നുള്ള സ്ഥാനവും സിദ്ധിച്ചു.

ഈ തെക്കേടത്തു കുടുംബത്തിന്റെ ഒരു ശാഖ പൊന്നാനിത്താലൂക്കിൽ ആഴുവാഞ്ചേരി മനയുടെ സമീപമുണ്ടായിരുന്നു. അവർ തമ്പ്രാക്കളുടെ ആശ്രിതന്മാരുടെ നിലയിലാണ് അവിടെ താമസിച്ചിരുന്നത്. അപ്രകാരം തന്നെ ഇവർ സാമൂതിരിപ്പാട്ടിലെ സേനാനായകന്റെ ഒരു ശാഖാകുടുംബക്കാരാണല്ലോ എന്നു വിചാരിച്ച് ഇവരെക്കുറിച്ചു തമ്പ്രാക്കൾക്കും വളരെ ആദരവും ബഹുമാനവുമൂണ്ടായിരുന്നു.‌

തമ്പ്രാക്കൾക്കു തിരുവിതാംകൂറിൽച്ചേർന്ന ചേർത്തലത്താലൂക്കിൽ "വേളോർവട്ടം" എന്ന ദേശത്ത് ഒരു ക്ഷേത്രമുണ്ടല്ലോ. ആ ക്ഷേത്രം വകയായി വളരെ വസ്തുവകകളുണ്ടായിരുന്നു. ആ ദേവസ്വം വക കാര്യങ്ങളന്വേ‌ഷിക്കുന്നതിനു കൊല്ലം നാനൂറാമാണ്ട് അഞ്ഞൂറാമാണ്ട് ആയിടയ്ക്ക് തമ്പ്രാക്കൾ ആ ദേശത്തു (വേളോർവട്ടത്ത്) പ്രസിദ്ധൻമാരും പ്രബലന്മാരുമായിരുന്ന തോണിക്കടവ്'മേനോന്മാരെ ഏൽപിച്ചിരുന്നു. അവർ കൌശലത്തിൽ ദേവസ്വം വക വസ്തുക്കളെല്ലാം അവരുടെ പേരിലാക്കിത്തീർത്തു. തമ്പ്രാക്കൾ ആ വിവരമറിഞ്ഞു തോണിക്കടവു മേനോന്മാരെ ദേവസ്വകാര്യവിചാരാധികാരത്തിൽ നിന്നു മാറ്റുകയും അവർക്കു പകരം തെക്കേടത്തെ ശാഖാകുടുംബത്തിലെ ഒരംഗമായ രാമപ്പണിക്കരെ നിയമിക്കുകയും ചെയ്തു. അക്കാലത്ത് ആ ശാഖാ കുടുംബത്തിൽ രാമപ്പണിക്കരും ഭാഗിനേയിനിയായ പാർവ്വതി എന്ന പെൺകുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ രണ്ടു പേരെയും തമ്പ്രാക്കൾ വേളോർവട്ടത്തു കൊണ്ടുപോയി അവിടെ ഒരു സ്ഥലം കൊടുത്തു താമസിപ്പിക്കുകയും ചെയ്തു. അവരുടെ താമസം അവിടെ ഉറപ്പിക്കണമെന്നു വിചാരിചാണ് തമ്പ്രാക്കൾ ഇപ്രകാരം ചെയ്തത്.‌

തമ്പ്രാക്കൾ ഇപ്രകാരമെല്ലാം ചെയ്തത് തോണിക്കടവു മേനോന്മാർക്കു ഒട്ടും രസിച്ചില്ലെന്നുള്ളതു പറയണമെന്നില്ലല്ലോ. എങ്കിലും അവർ ആ വിരോധം പുറത്തു കാണിക്കാതെ തമ്പ്രാക്കളുടെ അടുക്കൽ വളരെ ഭക്ത്യാദരങ്ങളോടു കൂടിയാണ് പെരുമാറിയത്. തമ്പ്രാക്കൾക്ക് തിരികെപ്പോകാറായപ്പോൾ തോണിക്കടവു മേനോന്മാർ തന്നെ തോണിയും തോണിക്കാരെയും ചട്ടം കെട്ടി കടവിൽ ഹാജരാക്കിക്കൊടുത്തു. ശുദ്ധാത്മാവായ തമ്പ്രാക്കൾ ദു ഷ്ടന്മാരായ ആ മേനോന്മാരുടെ ദുർവിചാരമൊന്നും അറിയാതെ പരിവാരസമേതം ആ തോണിയിൽത്തന്നെ കയറി യാത്രയായി. മേനോൻമാരും മറ്റൊരു തോണിയിൽ കയറി അനുയാത്രയായി പിന്നാലെ പോയി. തോണികൾ വേമ്പനാട്ടു കായലിന്റെ നടുവി ലെത്തിയപ്പോൾ നേരം ഏകദേശം പാതിരാവായി. അപ്പോൾ അന്ധകാരം കൊണ്ടു യാതൊന്നും കാണാൻ വയ്യാതെയുമിരുന്നു. ആ സമയത്തു തമ്പ്രാക്കളും മറ്റും കയറിയിരുന്ന തോണിയിലെ തോണിക്കാർ മേനോന്മാർ മുമ്പു ചട്ടം കെട്ടിയിരുന്ന പ്രകാരം തോണി അവിടെ ചവിട്ടി മുക്കി.അതിലുണ്ടായിരുന്നവരെയെല്ലാം വെള്ളത്തിലാക്കീട്ടു മേനോന്മാ രോടു കൂടി സസുഖം സ്വസ്ഥാനങ്ങളിൽ മടങ്ങിയെത്തി. തമ്പ്രാക്കളും മറ്റും കായലിലെ ഉപ്പുവെള്ളം കുടിച്ചു മരിച്ചിരിക്കുമെന്നായിരുന്നു മേനോന്മാരുടെയും മറ്റും വിശ്വാസം. എങ്കിലും സദ്വൃത്തനും ഈശ്വരഭക്തനുമാ യിരുന്ന തമ്പ്രാക്കൾക്കും കൂട്ടുകാർക്കും വലിയ ആപത്തൊന്നും സംഭവിച്ചില്ല. അവർ കയറിയിരുന്ന തോണി മുക്കിയ സ്ഥലത്ത് അധികം താഴ്ചയുണ്ടായിരുന്നില്ല, അവിടെ മണൽ വന്നുകൂടിയിരുന്നതിനാൽ അവർക്ക് അരയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. മേനോന്മാരും മറ്റും പൊയ്ക്കളഞ്ഞയുടനെ എവിടെയോ പോകുന്നതിനായി അതിലേ ഒരു തോണിക്കാർ വന്നു. ആ തോണിയിൽ വിളക്കുമുണ്ടായിരുന്നു. ആ വെളിച്ചം കണ്ടപ്പോൾ തമ്പ്രാക്കളുടെ ഭൃത്യൻമാർ "അയ്യോ! തോണിക്കാരേ! നിങ്ങൾ സദയം ഞങ്ങളെ രക്ഷിക്കണേ, നിങ്ങൾ രക്ഷിച്ചില്ലെങ്കിൽ ഞങ്ങൾ ഈ ഉപ്പുവെള്ളം കുടിച്ചു മരിച്ചു പോകും, ഞങ്ങളുടെ തോണി മുങ്ങിപ്പോയതിനാൽ ഞങ്ങൾ ഈ ആപത്തിലകപ്പെട്ടിരിക്കുകയാണേ" എന്നു വിളിച്ചു പറഞ്ഞു. അതു കേട്ട് ആ തോണിക്കാർക്കു മനസ്സലിയുകയാൽ അവർ അടുത്തു ചെന്നു തമ്പ്രാക്കളെയും മറ്റും ആ തോണിയിൽക്കയറ്റി കായലിന്റെ കിഴക്കേക്കരയിൽ ഇറക്കി വിട്ടു. ആ തോണിക്കാരപ്പോൾ തന്നെ അവർക്കു പോകാനുണ്ടായിരുന്ന സ്ഥലത്തേക്കു പോവുകയും ചെയ്തു. അപ്പോഴേക്കും നിലാവുതെളിഞ്ഞു തുടങ്ങുകയാൽ തമ്പ്രാക്കൾ പരിവാരങ്ങളോടു കൂടി വടക്കോട്ടു നടന്നു തുതങ്ങി. നേരം വെളുത്തപ്പോൾ വഴിയിൽ വെച്ചു തമ്പ്രാക്കളെ പരിചിതന്മാരായ ചിലർ കണ്ടെത്തുകയും അവർ അദ്ദേഹത്തെ പരിവാരസമേതം ക്ഷണിച്ചുകൊണ്ടു പോയി യഥായോഗ്യം സൽക്കരിക്കുകയും കുളിയും ഭക്ഷണവും മറ്റും കഴിപ്പിച്ചു വാഹനങ്ങളിലാക്കി സ്വദേശത്തെത്തിക്കുകയും ചെയ്തു.‌

തമ്പ്രാക്കളെയും മറ്റും വെള്ളത്തിൽച്ചാടിച്ചിട്ട് സ്വദേശത്തെത്തി താമസിച്ചിരുന്ന് തോണിക്കടവുമേനോന്മാർ സ്വൽപദിവസം കഴിഞ്ഞപ്പോൾ തെക്കേടത്തു രാമപ്പണിക്കരെയും അദ്ദേഹത്തിന്റെ അനന്തിരവളായ പെൺകുട്ടിയേയും ഓരോ വിധത്തിൽ കുറേശ്ശെ ഉപദ്രവിച്ചുതുടങ്ങി. ആ ഉപദ്രവം ക്രമേണ ദുസ്സഹമായിത്തീർന്നപ്പോൾ രാമപ്പണിക്കർ, "ഇത് അന്യദേശമാണ്, ഇവിടെ താനും ഈ പെൺകുട്ടിയും മാത്രമേയുള്ളൂ. തനിക്കു ബന്ധുക്കളായി ഇവിടെ ആരുമില്ല. ഈ മേനോൻമാർ പ്രബലന്മാരുമാണ്. ഈ സ്ഥിതിയിൽ ഇവരോടു കയർക്കാൻ പുറപ്പെട്ടാൽ അബദ്ധമായിത്തീരും. വല്ലവിധവും ഇവിടെനിന്നും പോവുകതന്നെയാണ് നല്ലത്” എന്നു മനസ്സുകൊണ്ട് ആലോച്ചിച്ചു തീർച്ചപ്പെടുത്തീട്ട് അദ്ദേഹം വാസസ്ഥലത്തുനിന്ന് ഇറങ്ങിപ്പോയി ഒരു തോണിക്കാരനെ വിളിച്ചു തനിക്ക് അന്ന് അസ്തമിചു പത്തുപന്ത്രണ്ട് നാഴിക വെളുപ്പാനുള്ളപ്പോൾ കായലിന്റെ കിഴക്കേക്കര വരെ പോകണമെന്നും അതിനു ആ സമയത്ത് ഒരു തോണി കടവിൽ കൊണ്ടുവരണമെന്നും സ്വകാര്യമായി പറഞ്ഞ് ചട്ടം കെട്ടുകയും അതിന് അവൻ പറഞ്ഞ കൂലി കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ആ തോണിക്കാരൻ അവനോടു പറഞ്ഞിരുന്ന സമയത്തു തോണി കടവിൽ കൊണ്ടു വന്നു. ഉടനെ രാമപ്പണികർ തന്റെ ഭാഗിനേയിയോടുകൂടി ഗൂടന്മമായിപ്പോയി ആ തോണിയിൽക്കയറി കായലിന്റെ കിഴക്കേക്കരയിൽ ഇറങ്ങുകയും തോണിക്കാരനു പറഞ്ഞിരുന്ന കൂലി കൊടുത്ത് അവനെ അയയ്ക്കുകയും ചെയ്തതിന്റെ ശേ‌ഷം അവിടെനിന്നു മാറി ഒരു സ്ഥലത്തു സ്വല്പസമയമിരുന്നു.‌

അപ്പോഴേക്കും നേരം വെളുത്തു തുടങ്ങുകയാൽ രാമപ്പണിക്കർ തന്റെ അനന്തരവളോടുകൂടി പോയി, അക്കാലത്തു നാടുവാഴ്ചയുണ്ടായിരുന്ന വടക്കുംകൂർ രാജാവിനെക്കണ്ടു താനാരാണെന്നും അവിടെ ചെന്നു ചേർന്നതിന്റെ കാരണമെന്തെന്നും അവിടെ അറിയിച്ചു. തന്നെ ശരണം പ്രാപിച്ചിരിക്കുന്നത് സാമൂതിരി രാജാവിന്റെ സേനാനായകത്വവും ഗുരുസ്ഥാനവുമുള്ള തെക്കേടത്തു പണിക്കരാണെന്നരിഞ്ഞപ്പോൾ വടക്കുംകൂർ രാജാവ് വളരെ സന്തോ‌ഷിക്കുകയും അവരെ അവിടെ സാദരം സ്വീകരിക്കുകയും സുഖമാകും വണ്ണം ഒരു സ്ഥലത്തു താമസിപ്പിക്കുകയും ചെയ്തു.‌

തമ്പ്രാക്കളാൽ നിയുക്തനായിരുന്ന രാമപ്പണിക്കർ ഭാഗിനേയിയോടുകൂടി ആ ദിക്കു വിട്ടുപോയി എന്നറിഞ്ഞപ്പോൾ തോണിക്കടവു മേനോന്മാർക്കു വളരെ സന്തോ‌ഷമായി. എങ്കിലും അധികം താമസിയാതെ അവരുടെ കുടുംബത്തിൽ ബാലമരണങ്ങൾ, ദുർമ്മരണങ്ങൾ, മഹാരോഗപീഡകൾ മുതലായ ഓരോ ആപത്തുകൾ കണ്ടുതുടങ്ങി. അപ്പോൾ അവർ അതിന്റെ കരണമറിയുന്നതിനായി പ്രശ്നം വെയ്പിച്ചു നോക്കിക്കുയും ഇവയ്ക്കെല്ലാം കാരണം ഒരു മഹാബ്രാഹ്മണന്റെ ശാപമാണെന്നു പ്രശ്ന ക്കാരൻ വിധിക്കുകയും ചെയ്തു.‌

മഹാബ്രാഹ്മണന്റെ ശാപമെന്നു കേട്ടപ്പോൾത്തന്നെ ആ മഹാബ്രാഹ്മണൻ തമ്പ്രാക്കൾ തന്നെയാണെന്നു മനസ്സുകൊണ്ടു തീർച്ചപ്പെടുത്തീട്ട് മേനോൻമാർ തമ്പ്രാക്കളെ സന്തോ‌ഷിപ്പിക്കുന്നതിനായി അമൂല്യങ്ങളായ അനേകം കാഴ്ചദ്രവ്യങ്ങളും കൊണ്ട് ആഴുവാഞ്ചേരി മനയ്ക്കലെത്തി അവിടെയുണ്ടായിരുന്ന ഒരു നമ്പൂരിയോടു പറഞ്ഞ് തോണിക്കടവ് മേനോൻമാർ കാണാൻ വന്നിരിക്കുന്നു എന്നു തമ്പ്രാക്കളുടെ അടുക്കൽ അറിയിച്ചു. അതു കേട്ടിട്ട് തമ്പ്രാക്കൾ "തോണിക്കടവുമേനോന്മാർ ഇനിയുമുണ്ടോ? അവരുടെയൊക്കെ കഥ കഴിഞ്ഞിരിക്കുമെന്നാണല്ലോ ഞാൻ വിചാരിചിരുന്നത്" എന്നു പറഞ്ഞതലാതെ അവർക്ക് കാണാൻ സകൗര്യം കൊടുക്കുകയോ അവരുടെ കാഴ്ചദ്രവ്യങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ല. അതിനാൽ മേനോന്മാർ ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോവുകയും പിന്നെ അധികം താമസിയാതെതന്നെ അവരുടെ കുടുംബം നാമാവശേ‌ഷമായിത്തീരുകയും ചെയ്തു.

തെക്കേടത്തു രാമപ്പണിക്കരും ഭാഗിനേയിയും വടക്കുംകൂർ രാജാവു കൊടുത്ത സ്ഥലത്ത് ഏതാനും ദിവസങ്ങൾ താമസിച്ചതിന്റെ ശേ‌ഷം രാജാവു തന്റെ സേനാനായകനായ മങ്ങാട്ടുപണിക്കരുടെ കീഴിൽ രാമപ്പണിക്കരെ ഉപസേനാനായകനാക്കി നിയമിക്കുകയും അവർക്കു താമസിക്കുന്നതിനു വടക്കുംകൂറിലുൾപ്പെട്ട കടുത്തുരുത്തി ദേശത്തു അവരുടെ പേരിൽത്തന്നെ ഒരു ഗൃഹമുണ്ടാക്കിച്ച് അതും അവർക്ക് നിത്യവൃത്തി സുഖമായി കഴിയാൻ തക്കവണ്ണം വസ്തുവകകളും കൊടുത്തു. കോഴിക്കോട്ടുള്ള തെക്കേടത്തു കുടുംബത്തിന്റെ ഒരു ശാഖ കടുത്തുരുത്തിയിലുണ്ടായിത്തീർന്നർന്നത് ഇങ്ങനെയാണ്. അതു കടുത്തുരുത്തിയിലായിട്ടും അതിന്റെ 'തെക്കേടത്തെന്നുള്ള നാമധേയം അവർ മാറ്റിയില്ല. കടുത്തുരുത്തിയി സ്ഥിരതാമസമാക്കിയതിന്റെ ശേ‌ഷം രാമപ്പണിക്കരുടെ ഭാഗിനേയിയായിരുന്ന 'പാർവ്വതി എന്ന ആ പെൺകുട്ടിക്കു യോഗ്യനായ ഒരു പുരു‌ഷൻ ഭർത്താവായിത്തീരുകയും ആ ദമ്പതിമാർക്ക് സ്ത്രീകളായിട്ടും പുരു‌ഷൻമാരായിട്ടും ധാരാളം സന്താനങ്ങളുണ്ടാവുകയും ചെയ്തു.‌

അനന്തരം ഏതാനും ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ സാമൂതിരിപ്പാട്ടിലെ രാജ്യാധികാരം ബ്രിട്ടീ‌ഷുകരും വടക്കുംകൂർ രാജാവിന്റെ രാജ്യാധികാരം തിരുവിതാംകൂർ രാജാവും പിടിച്ചെടുക്കുകയാൽ ആ രണ്ടു രാജാക്കൻമാർക്കും രാജ്യാധികാരം ഇല്ലാതെയായി. അപ്പോൾ തെക്കേടത്തു കുടുംബക്കാർക്ക് ഉദ്യോഗസംബന്ധമായും മറ്റുമുണ്ടായിരുന്ന സ്ഥാനമാനങ്ങളും പോയി. എങ്കിലും അവർ കുലവിദ്യകളായി കരുതിയിരുന്ന നാഡിപരിശോധന, തിരുമ്മ്, ചികിത്സ, മന്ത്രവാദം മുതലായ വിദ്യകൾ സ്ത്രീകളും പുരു‌ഷൻമാരും യഥാക്രമം പിന്നെയും അഭ്യസിച്ചുകൊണ്ടു തന്നെയിരുന്നു. അതിനാൽ ആ കുടുംബത്തിൽ പല കാലങ്ങളായി അഭ്യസ്തവിദ്യന്മാരും അതിപ്രസിദ്ധന്മാരുമായി അനേകം സ്ത്രീപുരു‌ഷ ന്മാർ ജീവിച്ചിരുന്നു. അവരെ എല്ലാവരെയും കുറിച്ചു പ്രത്യേകം പ്രത്യേകം വിവരിക്കുന്ന കാര്യം ദു‌ഷ്കരമാകയാൽ അതിനായി ഉദ്യമിക്കുന്നില്ല. കൊല്ലം ആയിരാമാണ്ടിനിപ്പുറം ജീവിച്ചിരുന്ന "കേശവൻനായർ" എന്ന മഹാനെക്കുറിച്ചു മാത്രം ചുരുക്കത്തിൽ ചിലതെല്ലാം പ്രസ്താവിച്ചു കൊള്ളുന്നു.‌

കേശവൻനായരുടെ ജനനം കൊലം 1009-ആമാണ്ടു കർക്കിടകമാസത്തിൽ അശ്വതി നക്ഷത്രത്തിലായിരുന്നു. അദ്ദേഹത്തിന്റെ അമ്മ "നങ്ങുഅമ്മ"' എന്നു പ്രസിദ്ധയായിരുന്ന വിദു‌ഷിയും അച്ഛൻ "കുന്നപ്പള്ളിൽ പൂവത്തുകുന്നേൽ" എന്നു പ്രസിദ്ധമായിരുന്ന കുടുംബത്തിലെ ഒരംഗമായിരുന്ന ഇടിച്ചേന്നൻ നായരുമായിരുന്നു. കേശവൻനായർക്കു കുഞ്ചുനായർ എന്നു പറയപ്പെട്ടിരുന്ന രാമൻനായർ എന്നൊരു ജ്യേഷ്ഠനും കൊച്ചുപിള്ള എന്നു പറയപ്പെട്ടിരുന്ന നാരായണൻനായർ എന്നൊരനുജനും എല്ലാവരിലും ഇളയതായിട്ട് പാർവ്വതിയമ്മ എന്നൊരു സഹോദരിയുമുണ്ടായിരുന്നു. ആ സഹോദരി ഉണ്ടായി ഏകദേശം ഒമ്പതു മാസമായപ്പോൾ അവരുടെ മാതാവ് കാലധർമ്മത്തെ പ്രാപിച്ചു. അനന്തരം ആ കുട്ടികളുടെ സംരക്ഷണവും പരിചരണവും ബാല്യവിദ്യാഭ്യാസവുമെല്ലാം നടത്തി വന്നത് അവരുടെ മാതാമഹിയായിരുന്ന പാർവ്വതിയമ്മയായിരുന്നു. പാർവ്വതിയമ്മയ്ക്ക് ഇവയെല്ലാം കൂടി നിർവ്വഹിക്കുന്ന കാര്യം ദു‌ഷ്കരമായി ത്തീരുകയാൽ അവർ ഈ കുട്ടികളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനായി "ചൂരക്കാട്ടു ഗോവിന്ദൻ നായർ" എന്നൊരാളെക്കൂടി നിയമിച്ചു. എങ്കിലും കുലവിദ്യകളായ നാഡിപരിശോധന, മർമ്മ ചികിത്സ, തിരുമ്മ് മുതലായവയെല്ലാം ആ കുട്ടികളെ ശീലിപ്പിച്ചുകൊണ്ടിരുന്നത് പാർവ്വതിയമ്മ തന്നെയായിരുന്നു.‌

അക്കാലത്തു കുടുംബകാര്യങ്ങളന്വേ‌ഷിക്കുന്നതിന് അവിടെ പ്രായം തികഞ്ഞവരും ശേ‌ഷിയുമുള്ളവരുമായി വേറെ ആരുമില്ലായിരുന്നു. അതിനാൽ അതും പാർവ്വതിയമ്മ തന്നെ വഹിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറചുകാലം കഴിഞ്ഞപ്പോൾ പാർവ്വതിയമ്മയെ പ്രായധിക്യം നിമിത്തമുള്ള ക്ഷീണം ബാധിച്ചു തുടങ്ങി. അപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കൂടി വഹിക്കുന്നതിന് അവരാൽ സാധ്യമല്ലാതായി. അതിനാലനന്തരവർ തന്റെ ദൌഹിത്രന്മാരെ തിരുമ്മു മുതലായവ അഭ്യസിപ്പിക്കുന്നതിനു തലയോല പ്പറമ്പിൽ തിരുമഠത്തിൽ കുപ്പനണ്ണാവി എന്നു പ്രസിദ്ധനായിരുന്ന പരദേശ ബ്രാഹ്മണനെക്കൂടി നിയമിച്ചു. അദ്ദേഹം നാഡിപരിശോധനയിലും തിരുമ്മിലും മറ്റും അതിസമർത്ഥനായിരുന്നു. എങ്കിലും തന്റെ തറവാട്ടു പാരമ്പര്യക്രമം തെറ്റിപ്പോകരുതലോ എന്നു വിചാരിച്ച് പാർവതിയമ്മ ശരിയായി മേൽനോട്ടവും നടത്തിയിരുന്നു. പാർവ്വതിയമ്മ തന്റെ ദൌഹിത്രന്മാരുടെ പഠനകാര്യത്തിൽ മാത്രമല്ല മനസ്സുവെച്ചിരുന്നത്. അവരുടെ സഹോദരിയായിരുന്ന പെൺകുട്ടിയുടെ അഭ്യാസകാര്യത്തിലും ശരിയായി ശ്രദ്ധിച്ചിരുന്നു. അതിനാൽ ആ പെൺകുട്ടിയും തിരുമ്മ്, നാഡിപരിശോധന, മർമ്മ ചികിത്സ മുതലായവയിൽ അതിസമർത്ഥയായിത്തീർന്നു. എങ്കിലും ആ ബാലികയുടെ മൂത്ത സഹോദരനായിരുന്ന രാമൻ (കുഞ്ചു) നായർ തറവാട്ടുവക കൃ‌ഷിക്കാര്യങ്ങളിലും മറ്റും ഏർപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിനും മൂന്നാമനായ നാരായണൻനായർ (കൊച്ചുപിള്ള) മൂത്ത ജ്യേഷ്ഠനെ സഹായിച്ചുകൊണ്ടിരുന്നതിനാൽ അദ്ദേഹത്തിനും കുടുംബ പാരമ്പര്യപ്രകാരമുള്ള തിരുമ്മ്, മർമ്മചികിത്സ മുതലായവയിൽ പരിപൂർണ്ണ ജ്ഞാനം സമ്പാദിക്കാൻ കഴിഞ്ഞില്ല. എന്നാൽ കേശവൻനായർക്കു ജ്യേഷ്ഠന്റെയും അനുജന്റെയും സഹായമുണ്ടായിരുന്നതിനാൽ ഇതരകൃത്യ ങ്ങളിലൊന്നും ഏർപ്പെടേണ്ടതായി വന്നില്ല. അതിനാൽ അദ്ദേഹം കുടുംബപാരമ്പര്യപ്രകാരമുള്ള നാഡിശാസ്ത്രം, മർമ്മ ചികിത്സ, തിരുമ്മു മുതലായവയെല്ലാം യഥാക്രമം സശ്രദ്ധം പഠിച്ചുകൊണ്ടിരിക്കുകയും കാലക്രമേണ അവയിലെല്ലാം അതിസമത്ഥനായിത്തീരുകയും ചെയ്തു.‌

അങ്ങനെയിരുന്ന കാലത്ത് ഒരു ദിവസം കുപ്പനണ്ണാവി തന്റെ ഭാര്യാപുത്രാദികളുടെ കുശലമന്വേ‌ഷിക്കുന്നതിനായി തലയോലപ്പറമ്പിലുള്ള മഠത്തിലേയ്ക്കു പോയിരുന്നു. അദ്ദേഹം മഠത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പുത്രൻമാരെല്ലാവരും ബോധരഹിതരായി അവിടെക്കിടക്കുന്നതു കണ്ടിട്ട് അതിന്റെ കാരണമെന്താണെന്നു ചോദിച്ചു. അപ്പോൾ മഠത്തിലുണ്ടായിരുന്ന സ്ത്രീകൾ, "അവർ കാരണവശാൽ തമ്മിൽ ശണ്ഠകൂടുകയും പരസ്പരം അടിക്കുകയും എലാവരും ബോധം കെട്ടു വീഴുകയും ചെയ്തു എന്നല്ലാതെ ഒന്നും അറിഞ്ഞുകൂടാ" എന്നു പറഞ്ഞു. ഉടനെ കുപ്പനണ്ണാവി ആ പുത്രന്മാരുടെ അടുക്കൽച്ചെന്നു തന്റെ പുറംകാൽ കൊണ്ട് എല്ലാവർക്കും ഓരോ തട്ടുവച്ചു കൊടുത്തു. തൽക്ഷണം അവർക്കെല്ലാവ!ക്കും ബോധം വീഴുകയും എല്ലാവരും എഴുന്നേറ്റു നിൽക്കുകയും ചെയ്തു. അപ്പോൾ കുപ്പനണ്ണാവി "നിങ്ങൾ ഇത്ര ബുദ്ധിയില്ലാത്തവരായിപ്പോയല്ലോ. ശത്രുക്കൾ വന്നു നേരിട്ടാൽ അപ്പോൾ പ്രയോഗിക്കേണ്ടുന്നതിനായി ഞാൻനിങ്ങളെ പഠിപ്പിച്ച വിദ്യ നിങ്ങൾ തമ്മിൽ ത്തന്നെയാണല്ലോ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നത്. ഇതു മഹാ കഷ്ടംതന്നെ. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്." എന്നും മറ്റും ഉപദേശിച്ചിട്ടു സ്വന്തമായി അവിടെയുണ്ടായിരുന്ന അമൂല്യങ്ങളായ ഗ്രന്ഥങ്ങളെല്ലാം കെട്ടിയെടുത്തു കൊണ്ട് അപ്പോൾത്തന്നെ കടുത്തുരുത്തിക്കു മടങ്ങിപ്പോയി. അതിൽപ്പിന്നെ ഒരിക്കലും അദ്ദേഹം തലയോലപ്പറമ്പിലേക്കു പോയിട്ടില്ല. സ്ഥിരവാസം കടുത്തുരുത്തിയിൽത്തന്നെയാക്കി.‌

അങ്ങനെ ഏതാനും കാലം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം കുപ്പനണ്ണാവി തന്റെ ഗ്രന്ഥങ്ങളെല്ലമെടുത്തുകൊണ്ട് അവിടെയുള്ള ഗണപതിക്ഷേത്രത്തിന്റെ നടയിൽച്ചെന്നു നിന്നു കൊണ്ട് തന്റെ ശി‌ഷ്യരായി തെക്കേടത്തുണ്ടായിരുന്നവരെയെല്ലാം അവിടെ വിളിച്ചു വരുത്തീട്ട്, "ഈ ഗണപതിയെ പരദേവതയായി വിചാരിച്ചു കൊള്ളണം" എന്നു പറയുകയും എല്ലാവരെയും ശിരസ്സിൽ കൈ വച്ച് പ്രത്യേകം പ്രത്യേകം അനുഗ്രഹിക്കുകയും തന്റെ ഗ്രന്ഥങ്ങളെല്ലാം കേശവൻ നായരുടെ കൈയിൽ കൊടുക്കുകയും ചെയ്തിട്ട് അദ്ദേഹം അവിടെ നിന്ന് ഇറങ്ങിപ്പോയി. പിന്നെ അദ്ദേഹത്തെ കാണാനെന്നല്ല അദ്ദേഹത്തിന്റെ കഥയെന്തെങ്കിലും കേൾക്കാൻ പോലും ആർക്കും സാധിച്ചിട്ടില്ല.‌

അനന്തരം അധികം കാലം കഴിയുന്നതിനു മുമ്പുതന്നെ തെക്കേടത്തു കുടുംബത്തിലെ നായികയും സൌഭാഗ്യവതിയും വിദു‌ഷിയുമായിരുന്ന പാർവ്വതിയമ്മ ചരമഗതിയെ പ്രാപിച്ചു. പിന്നെ അവരുടെ ദൌഹിത്രന്മാരായ മൂന്നു പുരു‌ഷൻമാരും അവരുടെ സഹോദരിയായ ഒരു സ്ത്രീയും മാത്രമേ ആ കുടുംബത്തിലുണ്ടായിരുന്നുള്ളൂ. ആ സ്ത്രീയുടെ പേരും പാർവ്വതിയമ്മയെന്നു തന്നെയായിരുന്നു. ഗൃഹകൃത്യങ്ങളെല്ലാം നിർവ്വഹിക്കുന്നതിന് ആ ഒരു സ്ത്രീയെക്കൊണ്ടു മതിയാകാതെ വരികയാൽ പുരു‌ഷന്മാരിൽ മൂത്തയാളായ രാമൻനായർ ജതിമര്യാദപ്രകാരം ഒരു സ്ത്രീയെ വിവാഹം ചെയ്തു. ആ സ്ത്രീയേയും തന്റെ ഗൃഹത്തിൽ കൊണ്ടുവന്നു താമസിപ്പിക്കാമെന്നു വിചാരിച്ചാണ് അദ്ദേഹമങ്ങനെ ചെയ്തത്. എങ്കിലും ആ വിചാരം ഫലിച്ചില്ല. ആ സ്ത്രീക്കു സ്വഗൃഹം വിട്ടു ഭർത്തൃഗൃഹത്തിൽപ്പോയി താമസിക്കാൻ സൌകര്യമില്ലായിരുന്നു. അതിനാൽ പിന്നെ രണ്ടാമനായിരുന്ന കേശവൻനായരും ഒരു വിചാഹം ചെയ്തു. അതിനായി തെരഞ്ഞെടുക്കപ്പെട്ട യുവതി മുളക്കുളത്തു വെങ്ങോലി വടക്കേവീട്ടിൽ ലക്ഷ്മിയമ്മയായിരുന്നു. വിവാഹാനന്തരം ആ സ്ത്രീ മിക്കപ്പോഴും ഭർതൃഗൃഹത്തിൽത്തന്നെയാണ് താമസിച്ചിരുന്നത്. ചിലപ്പോൾ മാത്രമേ സ്വഗൃഹത്തിൽച്ചെന്നു താമസിച്ചിരുന്നുള്ളൂ.‌

കേശവൻനായർ സഭാര്യനായിത്തീർന്നതിന്റെ ശേ‌ഷവും കുടുംബപാരമ്പര്യപ്രകാരമുള്ള വിദ്യകളിൽ ദാർഢ്യവും വൈദഗ്ദ്ധ്യവും വർദ്ധിപ്പിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടുതന്നെയിരുന്നു. ഗുരുനാഥനായിരുന്ന കുപ്പനണ്ണാവി സദയം കൊടുത്ത ഗ്രന്ഥങ്ങളുടെ സഹായം കൊണ്ട് അദ്ദേഹം കാലക്രമേണ ആയുർവ്വേദ ചികിത്സ, മന്ത്രവാദം മുതലായവയിലും അതിസമർഥനായിത്തീന്നു.‌

അങ്ങനെയിരുന്നപ്പോൾ ഒരു ദിവസം രാത്രിയിൽ കേശവൻനായർ അത്താഴമൂണും കഴിച്ചു ഭാര്യാഗൃഹത്തിലേക്കു പുറപ്പെട്ടത്. അക്കാലത്തു കേശവൻനായർക്ക് ഇരുപത്തിരണ്ടുവയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഗൃഹത്തിൽ നിന്നു ഭാര്യയുടെ ഗൃഹത്തിലേക്ക് അഞ്ചാറു നാഴിക ദൂരമുണ്ടായിരുന്നു. എങ്കിലും ചോരത്തിളപ്പിന്റെ ശക്തികൊണ്ടാണ് അദ്ദേഹം തനിച്ചു പുറപ്പെട്ടത്. അദ്ദേഹത്തിനു സഹായത്തിന് അദ്ദേഹത്തിന്റെ കൈയിൽ ഒരു മുച്ചാൺ (മൂന്നു ചാൺ നീളമുള്ള) ചൂരൽ വടി മാത്രമേ ഉണ്ടായിരുന്നുള്ളു. കടുത്തുരുത്തിക്കും മുളക്കുളത്തിനും‌ മദ്ധ്യേ കൊച്ചാലുംമൂട് എന്നൊരു സ്ഥലമുണ്ടല്ലോ. അവിടം അക്കാലത്തു വലിയ വനപ്രദേശമായിരുന്നു. കേശവൻനായർ ആ സ്ഥലത്തെത്തിയപ്പോൾ പുലയരായിട്ടും പറയരായിട്ടും ഏകദേശം അറുപതോളം ആളുകൾ വന്നു അദ്ദേഹത്തെ വളഞ്ഞു. അപ്പോൾ അവരുടെ ഉദ്ദേശം ദേഹോപദ്രവവും അപഹരണവുമാണെന്ന് മനസ്സിലാവുകയാൽ കേശവൻനായർ ഒരു കൂസലൂം കൂടാതെ തന്റെ കയിലിണ്ടായിരുന്ന ചൂരൽവടിയും കൊണ്ട് അവരോടു നേരിട്ടു. അവർ തമ്മിലുള്ള ആ പോരാട്ടം ഏകദേശം കാൽ നാഴിക മാത്രമേ ഉണ്ടായുള്ളൂ. അപ്പോഴേക്കും ആ അക്രമികളെല്ലാം നിലം പതിച്ചു. എന്നിട്ടും കേശവൻനായർ സ്വല്പം ക്ഷീണിക്കുകയോ വിയർക്കുകയോ ചെയ്തില്ല. അദ്ദേഹമുടനെ ഭാര്യാഗൃഹത്തിലേക്കു പോയി. കേശവൻ നായരുടെ ഗുരു മുഖേനയുള്ള അഭ്യസനം കഴിഞ്ഞിട്ടു് ഇതു് ആദ്യത്തെ പ്രയോഗമായിരുന്നു. അതിനാൽ ഇതു് അരങ്ങേറ്റമായിരുന്നു എന്നു തന്നെ പറയാം. പിറ്റേ ദിവസം കാലത്തു കേശവൻ നായർ മടങ്ങിവന്നപ്പോഴും ആ അക്രമികളെല്ലാം ആ സ്ഥലത്തുതന്നെ കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവരെയെല്ലാം പിടിച്ചെഴുന്നേല്പിച്ചു തലോടി സ്വസ്ഥരാക്കിയതിന്റെ ശേഷം അവരോടു താൻ ഇന്നാളെന്നും തന്റെ സ്ഥിതി ഇന്ന പ്രകാരമാണെന്നും മേലാൽ ആരെയും ഉപദ്രവിക്കരുതെന്നും തന്റെ വാക്കിനെ വകവയ്ക്കാതെ ഇനിയും അക്രമം പ്രവർത്തിക്കുന്നതായാൽ അന്ന് അവരുടെയെല്ലാം കഥ താൻ കഴിക്കുമെന്നും മറ്റും പറഞ്ഞു് അവരെ അയയ്ക്കുകയും അദ്ദേഹം സ്വഗൃഹത്തിലേക്കു പോവുകയും ചെയ്തു. അതിൽപ്പിന്നെ ആ സ്ഥലത്തു് അക്രമികളുടെ ഉപദ്രവം ഒരിക്കലുമുണ്ടായിട്ടില്ല. ഇപ്പോഴും ആ സ്ഥലത്തുകൂടി കടന്നുപോകുന്ന പാന്ഥന്മാർ കേശവൻ നായരുടെ കഥ പറഞ്ഞു് അദ്ദേഹത്തെ സ്തുതിക്കുക പതിവാണു്.‌

കടുത്തുരുത്തി മുതലായ സ്ഥലങ്ങളിലുള്ള സാധുക്കൾ പറമ്പുകളിലും മലകളിലും നട്ടുണ്ടാക്കുന്ന സാധനങ്ങൾ തലയോലപ്പറമ്പു ചന്തയിൽ കൊണ്ടുപോയി വിറ്റു വിലവാങ്ങി ഉപജീവനം കഴിക്കുക ഇപ്പോഴത്തെപ്പോലെ അക്കാലത്തും പതിവായിരുന്നു. എന്നാൽ അക്കാലത്തു് ആ ചന്തസ്ഥലത്തുണ്ടായിരുന്ന അക്രമികളായ മുഹമ്മദീയരുടെ ഉപദ്രവം കൊണ്ടു് സാധുക്കൾക്കു് അതു് ഏറ്റവും ദുഷ്ക്കരമായിരുന്നു. ഇതിനെക്കുറിച്ചു പലരും കേശവൻനായരുടെ അടുക്കൽച്ചെന്നു പറയുകയാൽ ഇതിന്റെ പരമാർത്ഥമറിയുന്നതിനായി ഒരു ചന്തദിവസം കേശവൻനായർ തെക്കേടത്തുനിന്നുതന്നെ ചില സാധനങ്ങൾ ചുമടുകെട്ടി ചിലരുടെ കൈയിൽക്കൊടുത്തു ചന്തയ്ക്കു് അയയ്ക്കുകയും പിന്നാലെ കേശവൻനായരും പോവുകയും ചെയ്തു. ചുമട്ടുകാർ ചന്തസ്ഥലത്തിന്റെ കിഴക്കേ അറ്റത്തായപ്പോൾ പതിവുപോലെ അക്രമികളായ മുഹമ്മദീയർ അടുത്തുകൂടി ചുമടുകൾ താഴ്ത്തിവെയ്ക്കാൻ പറഞ്ഞു. പിൻബലമുണ്ടായിരുന്നതുകൊണ്ടു് ആ ചുമട്ടുകാർ ആ മുഹമ്മദീയരുടെ വാക്കിനെ ഒട്ടും വകവച്ചില്ല.അപ്പോൾ ആ അക്രമികൾ ചുമടുകൾക്കു് കടന്നുപിടിച്ചു. അത്രയുമായപ്പോൾ കേശവൻനായർ അടുത്തു ചെന്നു് അവരുടെ ഇടയിൽക്കൂടിക്കടന്നു പടിഞ്ഞാട്ടു പോയി.അപ്പോൾ അദ്ദേഹം എന്താണു് പ്രവർത്തിച്ചതെന്നു് ആർക്കും അറിഞ്ഞുകൂടാ. മുഹമ്മദീയരെല്ലാം സ്തംഭിച്ച് ഇളകാൻ പോലും വയ്യാതെ കൽത്തൂണുകൾ പോലെ നിലയായി. ചുമട്ടുകാർ സാമാനങ്ങൾ ചന്തയിൽ കൊണ്ടുപോയി വിറ്റു വില വാങ്ങിത്തുടങ്ങുകയും ചെയ്തു.അപ്പോൾ ഈ അക്രമികളുടെ സഹോദരന്മാരും ബന്ധുക്കളുമായ ചിലർ ഇവരിങ്ങനെ നിൽക്കുന്നതു കണ്ടിട്ടു് കാരണമറിയുന്നതിനായി അവരുടെ അടുക്കൽച്ചെന്നു "നിങ്ങൾ ഇങ്ങനെ നില്ക്കുന്നതെന്താണു്?" എന്നു ചോദിച്ചു. സ്തംഭിച്ചു നിന്നിരുന്ന അവർക്കു മിണ്ടാൻപോലും വയ്യാതെയിരുന്നതിനാൽ അവർ ഒന്നും മിണ്ടിയില്ല. അത്രയുംകൂടിയായപ്പോൾ മറ്റവർക്കു ഭീതിയും പരിഭ്രമവും കലശലായി. അപ്പോൾ ചിലർ "തെക്കേടത്തു കേശവൻ നായർ ഇതിലെ കടന്നു ചന്തയിലേക്കു പോയി. അദ്ദേഹം വല്ലതും ചെയ്തിട്ടായിരിക്കണം ഇവരിങ്ങനെയായതു്. ഇവർ അദ്ദേഹത്തിന്റെ കൂലിക്കാരുടെ ചുമടുകൾക്കു് കടന്നുപിടിച്ചു. ആ സമയത്താണു് അദ്ദേഹം ഇതിലേ കടന്നുപോയത്" എന്നു പറഞ്ഞു. അതുകേട്ടു് ആ അന്വേഷിക്കാൻ വന്ന മുഹമ്മദീയർ ചന്തയിൽക്കടന്നു് അന്വേഷിച്ചു കേശവൻനായരെ കണ്ടുപിടിച്ചു. "ആ കഥയില്ലാത്ത വിഡ്ഢികൾ ആളുമവസ്ഥയുമറിയാതെ ചെയ്തുപോയ തെറ്റിനെ ക്ഷമിച്ച് അവരെ സുഖപ്പെടുത്തി വിട്ടയയ്ക്കണം" എന്നപേക്ഷിച്ചു. ഉടനെ കേശവൻനായർ സ്തംഭിച്ചുനിന്നിരുന്ന ആ മുഹമ്മദീയരുടെ അടുക്കൽച്ചെന്നു തന്റെ കണ്ണിവിരൽകൊണ്ടു് അവരുടെ എല്ലാവരുടെയും മാറത്തൊന്നു തൊട്ടു.ഉടനെ അവർ സ്തബ്ധത വിട്ടു സ്വസ്ഥരായിത്തീർന്നു. പിന്നെ കേശവൻനായർ അവരെക്കൊണ്ടു് "മേലാൽ കടുത്തുരുത്തി മുതലായ സ്ഥലങ്ങളിൽനിന്നു വരുന്നവരെ ഒരിക്കലും ഉപദ്രവിക്കയില്ല" എന്നു സത്യം ചെയ്യിച്ച് അവരെ വിട്ടയച്ചു.‌

എങ്കിലും ആ മുഹമ്മദീയരുടെ മനസ്സിലെ വൈരം വിട്ടുപോയില്ല. അവർ ഇതിന്റെ പകരം വീട്ടണമെന്നു നിശ്ചയിച്ചു വടക്കേ മലബാറിൽ കണ്ണൂർ, തലശ്ശേരി മുതലായ സ്ഥലങ്ങളിൽ എഴുതിയയച്ചു വലിയ അഭ്യാസികളായ ഏതാനും മുഹമ്മദീയരെ വരുത്തി തലയോലപ്പറമ്പിൽ താമസിപ്പിക്കുകയും കടുത്തുരുത്തി മുതലായ സ്ഥലങ്ങളിൽനിന്നു വരുന്നവരെ നല്ല പാഠം പഠിപ്പിച്ചയയ്ക്കണമെന്നു പറഞ്ഞു ചട്ടം കെട്ടുകയും ചെയ്തു. ഈ വിവരം എങ്ങനെയോ കേശവൻനായരറിയുകയും ഒരു ചന്തദിവസം കടുത്തുരുത്തിയിൽനിന്നു ചന്തയ്ക്കുപോയവരുടെ പിന്നാലെ അദ്ദേഹം തന്റെ മുച്ചാൺവടിയുമെടുത്തുകൊണ്ടു പോകുകയും ചെയ്തു. മുമ്പു പോയ ചുമട്ടുകാർ ചന്തയുടെ അറ്റത്തായപ്പോൾ വടക്കർ മുഹമ്മദീയർ അവിടെയെത്തി അവരെ തടുത്തു നിർത്തി ചുമടുകൾ പിടിച്ചുപറിക്കാൻ ശ്രമം തുടങ്ങി. അപ്പോഴേക്കും കേശവൻനായർ അവിടെയെത്തി മുഹമ്മദീയരോടു നേരിട്ടു.പിന്നെ ആ വടക്കരും കേശവൻനായരും തമ്മിൽ മുറയ്ക്കു പോരാട്ടം തുടങ്ങി. അതൊരു കാൽ നാഴിക നേരമുണ്ടായി. അപ്പോഴേയ്ക്കും ആ മുഹമ്മദീയർ തോറ്റു സുന്നം പാടി. അവർ കേശവൻ നായരുടെ കാൽക്കൽ വീണു് "ഞങ്ങളുടെ സമസ്താപരാധങ്ങളും ക്ഷമിച്ചു ഞങ്ങളെ രക്ഷിക്കണേ. ഞങ്ങളെ കൊല്ലാതെ വിട്ടയയ്ക്കണേ" എന്നപേക്ഷിച്ചു. കരുണാനിധിയായിരുന്ന കേശവൻനായർ ഇതുകേട്ടു മനസ്സലിയുകയാൽ ഉടനെ പോരാട്ടം മതിയാക്കി. പിന്നെ ആ മുഹമ്മദീയർ അദ്ദേഹത്തെ വന്ദിച്ചുകൊണ്ടു് "ഈ അഭ്യാസമുറകൾ തങ്ങളെക്കൂടി പ്ഠിപ്പിക്കണ"മെന്നു് അപേക്ഷിക്കുകയും കേശവനായർ സദയം അതും സമ്മതിക്കുകയും അവരെക്കൂടി കടുത്തുരുത്തിയിൽ കൊണ്ടുപോയിത്താമസിപ്പിച്ചു ചിലതൊക്കെ പഠിപ്പിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു. ഇതുകൂടി കഴിഞ്ഞപ്പോൾ കേശവൻനായരുടെ കീർത്തി ഉത്തരമലബാറിന്റെ അങ്ങേയറ്റം വരെ വ്യാപിച്ചു.

ഒരിക്കൽ ഒരു കുംഭമാസത്തിൽ തിരുവാതിരനാൾ കേശവൻ നായർ പകലേ ഊണും കഴിച്ചു ചില കൂട്ടുകാരോടുകൂടി ഏറ്റുമാനൂരാറാട്ടാഘോഷം കാണാൻ പുറപ്പെട്ടു. അഞ്ചാറു നാഴിക ഇരുട്ടായപ്പോൾ അവർ കോതനല്ലൂർ എന്ന സ്ഥലത്തെത്തി. അപ്പോൾ മുൻഭാഗത്തായി ചില സ്ത്രീകളുടെ നിലവിളി കേൾക്കുകയാൽ അതിന്റെ കാരണമറിയുന്നതിനായി അവർ ക്ഷണത്തിൽ നടന്നു് ആ സ്ഥലത്തെത്തി. അപ്പോൾ ആറാട്ടു കാണാനായിത്തന്നെ പോകുന്ന ചില സ്ത്രീകളെ തടഞ്ഞുനിർത്തി ചില തസ്ക്കരന്മാർ അവരുടെ ആഭരണങ്ങൾ അപഹരിക്കുന്നതായിട്ടാണു് കണ്ടതു്. തസ്ക്കരന്മാരുടെ സംഖ്യ തങ്ങളേക്കാധികമുണ്ടായിരുന്നതിനാൽ കൂട്ടുകാരെല്ലാവരും ഭയപ്പെട്ടു പിന്മാറി. എങ്കിലും ധൈര്യശാലിയായ കേശവൻനായർ തന്റെ വടിയുംകൊണ്ടു് തസ്കരന്മാരോടു നേരിട്ടു. ക്ഷണനേരം കൊണ്ടു് അദ്ദേഹം ആ അക്രമികളെയെല്ലാം അടിച്ചു നിലംപതിപ്പിച്ചു. കള്ളന്മാരെല്ലാം വീണതായിക്കണ്ടു കൂട്ടുകാരും അടുത്തു വന്നു. അവരെല്ലാം കൂടി ആ തസ്കരന്മാരുടെ ദേഹപരിശോധന കഴിച്ചപ്പോൾ അവരുടെ മടിയിലും കുപ്പായക്കീശയിലും മറ്റുമായി അനേകം ആഭരണങ്ങൾ കണ്ടുകിട്ടി. അവർ അവയെല്ലാം എടുക്കുകയും അവിടെ അടുത്തുതന്നെ കരഞ്ഞുകൊണ്ടു നിന്നിരുന്ന സ്ത്രീകളുടെ ആഭരണങ്ങളെല്ലാം അവർക്കു കൊടുക്കുകയും ശേഷമുണ്ടായിരുന്നവ ഏറ്റുമാനൂർക്കു കൊണ്ടുപോയി പോലീസധികാരികളെ ഏല്പിച്ചു വിവരം പറയുകയും ചെയ്തു. അവയെല്ലാം പിന്നീടു പോലീസ്സുകാരുടെ പരസ്യമനുസരിച്ചു് ഉടമസ്ഥർ ഹാജരായി തെളിവു സഹിതം അപേക്ഷകൊടുത്തു വാങ്ങിക്കൊണ്ടുപോയി.

കേശവൻനായരും കൂട്ടരും ആറാട്ടാഘോഷങ്ങളെല്ലാം കഴിഞ്ഞതിന്റെ ശേഷം പിറ്റേദിവസം കാലത്തു മടങ്ങിച്ചെന്നപ്പോഴും ആ തസ്ക്കരന്മാർ വീണ സ്ഥലത്തുതന്നെ ബോധരഹിതരായിക്കിടക്കുന്നുണ്ടായിരുന്നു. കേശവനായർ അവരെയെല്ലാവരേയും പിടിച്ചെഴുന്നേല്പിച്ചു സ്വസ്ഥരാക്കിയതിന്റെ ശേഷം "മേലാൽ സ്ത്രീജനങ്ങളെയും സാധുക്കളെയും ഉപദ്രവിക്കരുതെ"ന്നും മറ്റും ഗുണദോഷിച്ച് അവരുടെ വാസസ്ഥലങ്ങളിലേയ്ക്കു പറഞ്ഞയച്ചു. ഈ സംഗതി നടന്നതു് ഏറ്റുമാനൂരാറാട്ടുനാൾ അതിനടുത്ത സ്ഥലത്തുവെച്ചു് ആകയാലും ആറാട്ടിനു പല സ്ഥലങ്ങളിൽ നിന്നുമായി അവിടെ അസംഖ്യം ജനങ്ങൾ കൂടിയിരുന്നതുകൊണ്ടും ഇതു തിരുവിതാംകൂറിൽ മാത്രമല്ല മറ്റനേകം അയൽരാജ്യങ്ങളിലും പ്രസിദ്ധമായിത്തീർന്നു.

ഒരിക്കൽ പള്ളീപ്പാട്ടുള്ള കോയിക്കലേത്തു വീട്ടിൽ ഏതാനും പണത്തിനു് ആവശ്യമാവുകയാൽ ചില വസ്തുക്കൾ തെക്കേടത്തേക്കു പനയമെഴുതിക്കൊടുത്തു് അതു വാങ്ങിയിരുന്നു. ആ ഏർപ്പാടു നിമിത്തം അക്കാലം മുതൽ ആ രണ്ടു വീട്ടുകാരും തമ്മിൽ ഏറ്റവും മൈത്രിയോടുകൂടിയാണു് വർത്തിച്ചിരുന്നതു്. അക്കാലത്തു കോയിക്കലേത്തുണ്ടായിരുന്ന രണ്ടാനകളെ ആർക്കെങ്കിലും പണിക്കേർപ്പെടുത്തിക്കൊടുത്തു കൂലി വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞു തെക്കേടത്ത് ഏല്പിച്ചിരുന്നു. ആ ആനക്കൂലിവക ആയിരത്തിൽച്ചില്വാനം രൂപ തെക്കേടത്ത് വന്നുചേർന്നപ്പോൾ അതൊരു സഞ്ചിയിലിട്ടു കെട്ടി ഒരു ഭൃത്യനെക്കൊണ്ട് എടുപ്പിച്ചു കൊണ്ടു കേശവൻനായർ പള്ളിപ്പാട്ടേക്കു പുറപ്പെട്ടു. ഏറ്റുമാനൂരെത്തിയപ്പോൾ അവിടെനിന്ന് ഒരു വഞ്ചി പള്ളിപ്പാട്ടേയ്ക്കു പോകുന്നുണ്ടെന്നും കോയിക്കലേത്തുകാരുടെ ആവശ്യപ്രകാരം ചില തടിയുരിപ്പടികൾ കയറ്റി വല്യടത്തു മൂത്തതാന് അതു അയയ്ക്കുന്നതെന്നും അറിയിക്കുകയാൽ കേശവൻനായർ മൂത്തതിന്റെ അനുവാദം വാങ്ങിക്കൊണ്ടു ഭൃത്യനോടുകൂടി പണവുംകൊണ്ട് ആ വഞ്ചിയിൽക്കയറി യാത്ര തുടർന്നു. വഞ്ചി സാവധാനത്തിൽ വിട്ടു 'കരിമ്പാവളവ്' എന്ന സ്ഥലത്തെത്തിയപ്പോൾ തണ്ടുവെച്ച രണ്ടു തോണികൾ അതിവേഗത്തിൽ വിട്ടു വന്ന് ഈ വഞ്ചിയുടെ രണ്ടുവശത്തും ചേർന്നു. ആ തോണികളിൽനിന്നു ചിലർ ഈ വഞ്ചിയിൽ കയറി കേശവൻനായരുടെ അടുക്കൽച്ചെന്നു കൈവശമുള്ളതെല്ലാം അങ്ങോട്ട് കൊടുക്കണമെന്നു പറഞ്ഞു. തന്റെ കൈവശമൊന്നുമില്ലെന്നായിരുന്നു കേശവൻനായരുടെ മറുപടി. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ ആ പണസഞ്ചി ഇരിക്കുന്നതു കണ്ടിട്ട് "ഇതെന്താണ്?" എന്ന് അവർ ചോദിച്ചു. "ഇത് കുറച്ച് അരിയാണ്" എന്നു കേശവൻനായർ പറഞ്ഞു. അപ്പോൾ കേശവൻനായരുടെ കാതിൽ മിന്നിത്തിളങ്ങുന്ന വൈരക്കല്ലു കടുക്കൻ കിടക്കുന്നതു കണ്ടിട്ട് "എന്നാൽ ആ കടുക്കനഴിച്ചു തരണം" എന്ന് ആ അക്രമികൾ പറഞ്ഞു. അതിനുത്തരമായിട്ട് കേശവൻനായർ പറഞ്ഞത് "ഈ കടുക്കൻ അഴിച്ചെടുക്കാവുന്ന വിധത്തിലല്ല ഇട്ടുറപ്പിച്ചിരിക്കുന്നത്" എന്നായിരുന്നു. അപ്പോൾ ആ അക്രമികൾ "എന്നാൽ കാതറുത്ത് എടുത്തുകൊള്ളാം" എന്നു പറഞ്നുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കലേയ്ക്കടുത്തു. ഉടനെ കേശവൻനായർ 'ഇനി അമാന്തിച്ചിരിക്കാൻ പാടില്ല' എന്നു വിചാരിച്ചുകൊണ്ട് അവിടെ നിന്നെഴുന്നേറ്റു തന്റെ കൈയിലുണ്ടായിരുന്ന വടികൊണ്ട് ആ രണ്ടു തോണിയിലുണ്ടായിരുന്നവർക്കെല്ലാം ഓരോ വീക്കു വെച്ചുകൊടുത്തു, അവരെല്ലാം ബോധംകെട്ടു വെള്ളത്തിൽ വീണു. ഉടനെ കേശവൻനായരും അദ്ദേഹത്തിന്റെ ഭൃത്യനും വഞ്ചിക്കാരും കൂടി അവരെ എല്ലാവരേയും പിടിച്ചെടുത്ത് അവരുടെ തോണികളിലാക്കി. അപ്പോൾ ഒരു തോണിയിൽ ഒരു മടിശ്ശീല ഇരിക്കുന്നതുകണ്ട് അതെടുത്തു കേശവൻനായർ തന്റെ ഭൃത്യനു സമ്മാനിച്ചു. അതിൽ ഏകദേശം ഒരിടങ്ങഴിയോളം വെള്ളിച്ചക്രമുണ്ടായിരുന്നു എന്ന് പിന്നീട് ആ ഭൃത്യൻ പറഞ്ഞുവത്രേ. അക്കാലത്തു തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന പ്രധാന നാണയം വെള്ളിച്ചക്രമായിരുന്നുവല്ലോ. അക്രമികളുടെ തോണികളും തടിയുരുപ്പടികൽ കയറ്റിയിരുന്ന വഞ്ചിയോടു ചേർത്തു കെട്ടിക്കൊണ്ട് അവിടെ നിന്നും പുറപ്പെട്ട് അടുത്തുണ്ടായിരുന്ന കാവൽസ്ഥലത്തുചെന്ന് ആ അക്രമികളെയെല്ലാം സ്വസ്ഥരാക്കി അവിടെയേല്പിച്ചു. അവരുടെ ഒരു തോണിയും അവിടെ കൊടുത്തു. പിന്നെ വഞ്ചി നേരെ പള്ളിപ്പാട്ടേക്കു വിട്ടു കോയിക്കലേത്തു കടവിലടുത്തു. മൂത്തതിന്റെ വഞ്ചിക്കർ തടിയുരുപ്പടികളും കേശവൻനായർ രൂപയും കോയിക്കലത്തെ കാരണവരെ ഏല്പിച്ചു കൊടുത്തതിന്റെ ശേഷം കുളിയുമൂണും കഴിച്ച് അന്നുതന്നെ മടങ്ങിപ്പോരികയും ചെയ്തു. ആ ആക്രമികളൂടെ തോണികളിലൊന്നു കാവൽ സ്ഥലത്തു കൊടുത്തതിന്റെ ശേഷം ഒന്നുണ്ടായിരുന്നതു മൂത്തതിന്റെ വഞ്ചിക്കാരിൽ ഒരാൾ കൊണ്ടുപോയി. അയാൾ കണ്ടങ്കരിക്കാരനായിരുന്നു. അയാളുടെ വീട്ടുകാർ ഇപ്പോഴും ആ തോണി ഉപയോഗിക്കുന്നുണ്ടത്രേ. മേൽപറഞ്ഞ സംഗതി നടന്നത് കേശവൻനായരുടെ മദ്ധ്യപ്രായത്തിലായിരുന്നു.

ഒരിക്കൽ കോഴിക്കോട്ടുകാരനും വലിയ ധനവാനുമായിരുന്ന ഒരു മുഹമ്മദീയ യുവാവ് ക്ഷയരോഗബാധിതനായിത്തീരുകയാൽ അനേകം വൈദ്ധ്യന്മാരെകണ്ടു രോഗവിവരങ്ങളെല്ലാം പറയുകയും അവർ പറഞ്ഞ ചികിത്സകളെല്ലാം ചെയ്യുകയും ചെയ്തിട്ടും ഒരു ഫലവും ഉണ്ടാകായ്കയാൽ ഭഗ്നാശയനായി പാർത്തിരുന്ന കാലത്ത് തെക്കേടത്ത് കേശവൻനായരുടെ യോഗ്യതകൾ ചിലർ പറഞ്ഞ് അറിയാനിടയായി. അതിനാൽ ആ മുഹമ്മദീയ യുവാവ് ചില ഭൃത്യന്മാരോട്കൂടി തെക്കേടത്തെത്തി കേശവൻനായരെകണ്ടു രോഗവിവരങ്ങളെല്ലാം ഗ്രഹിപ്പിച്ചു. കേശവൻനായർ ഉടനെ ആ യുവാവിന്റെ നാഡികൾ പരിശോധിച്ചശേഷം രോഗനിദാനം അമിതഭോഗമാണെന്നു വിധിച്ചു. അത് ആ യുവാവ് സമ്മതിച്ചില്ല. പിന്നെ കേശവൻനായർ ആ യുവാവിന്റെ കൂടെവന്നിരുന്ന ഭൃത്യന്മാരെയെല്ലാം ദൂരെ മാറ്റി നിർത്തീട്ട് യുവാവിനോടു "നിങ്ങൾ വിവാഹം കഴിച്ചിട്ടുണ്ടോ? ” എന്നു ചോദിച്ചു. ഇല്ല എന്ന് യുവാവു പറഞ്ഞതിന്റെ ശേഷം കേശവൻനായർ ആ യുവാവിന് അമിതഭോഗത്തിൽ അത്യാസ്തി ജനിച്ച കാലത്തെയും അത് അധികമായി ഉപയോഗിച്ച സമയത്തേയും മറ്റും കുറിച്ചു കണ്ടറിഞ്ഞതുപോലെ സൂക്ഷ്മമായി പറഞ്ഞു. അപ്പോൾ ആ യുവാവു ലജ്ജാവനതമുഖനായി സർവ്വവും സമ്മതിച്ചു. പിന്നെ കേശവൻനായർ നിശ്ചയിച്ച ചികിത്സകൾ ചെയ്തുകൊണ്ട് ആ മുഹമ്മദീയൻ കടുത്തുരുത്തിയിൽതത്തന്നെ താമസിക്കുകയും അചിരേണ സ്വസ്ഥശരീരനായി തിരിച്ചുപോവുകയും ചെയ്തു. തെക്കേടത്തു കുടുംബകാർക്ക് സർവ്വോപരി സാമർഥ്യവും ജ്ഞാനവും നിശ്ചയവുമുള്ളത് നാഡിപരിശോധനയിലാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. അതിന് ഇപ്പോഴും വ്യത്യാസം വന്നിട്ടില്ല.‌

ഒരു ദിസവം കേശവൻ നായർ ചില കൃഷിപ്പണികൾ നടത്താനായിട്ടു പാടത്തു പോയിട്ടു വീട്ടിലേക്കു മടങ്ങിവന്നപ്പോൾ വഴിയിൽവെച്ചു ചിലരെ കാണുകയാൽ അവർ ഏതു ദിക്കുകാരാണെന്നും എവിടെപ്പോവുകയാണെന്നും മറ്റും ചോദിച്ചു. അപ്പോൾ അവരിലൊരാൾ കൂട്ടുകാരിലൊരാളെ ചൂണ്ടികാണിച്ചുകൊണ്ട് "ഈ മനിഷ്യൻ അയാളുടെ വീട്ടിലെ മുകളിലത്തെ ഉത്തരത്തിന്മേൽനിന്ന് ഒരു സാധനമെടുക്കുന്നതിനായി ഒരു കൈ പൊക്കി. അപോൾ അയാൾക്ക് ഒരു കോട്ടുവായുമുണ്ടായി. അതോടുകൂടി അയാൾക്ക് പൊക്കിയ കൈ താഴ്ത്താനും തുറന്ന വായ അടയ്ക്കാനും വയ്യാതെയായി. അതിനാൽ ഈ മനുഷ്യനെ തെക്കേടത്തു കൊണ്ടുപോയി കേശവൻനായരെ കാണിച്ചു വല്ലതും ചെയ്യിക്കണമെന്നു വിചാരിച്ചു പോവുകയാണ്. ഞങ്ങൾ വടക്കേ മലബാറിലുള്ളവരാണ്. തെക്കേടത്തു കേശവൻ നായരെക്കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തെ ഞങ്ങൾ കണ്ടിട്ടില്ല” എന്നു പറഞ്ഞു. ഉടനെ കേശവൻ നായർ ആ കൈ പൊക്കിയും വായ് പൊളിച്ചും നിന്നിരുന്ന മനുഷ്യന്റെ പിന്നിൽചെന്നു തന്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് പുറത്തു ഒരു വീക്കുവെച്ചുകൊടുത്തു. അടി കൊണ്ടു മനുഷ്യൻ 'അയ്യോ!' എന്നു നിലവിളിച്ചുകൊണ്ട് ഒന്നു പുളഞ്ഞു. അതോടുകൂടി അയാളൂടെ കയ്യും വായും പൂർവ്വസ്ഥിതിയിലാവുകയും അയാൽ സ്വസ്ഥനായിത്തീരുകയും ചെയ്തു.‌

ഇതു കഴിഞ്ഞപ്പോൾ "ഇദ്ദേഹം തന്നെയായിരിക്കും കേശവൻനായർ” എന്നു വടക്കർക്കു തോന്നി. കേശവൻനായർ പാടത്തുനിന്നു വരുന്ന വരവായിരുന്നതിനാൽ ഒരു തോർത്തുമുണ്ടുമാത്രം ഉടുത്തും മേലൊക്കെ ചേറണിഞ്ഞുമിരുന്നതുകൊണ്ട് ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ അവർക്ക് ആ സംശയമുണ്ടായില്ല. അദ്ദേഹത്തിന്റെ ഈ അത്ഭുതപ്രവൃത്തി കണ്ടപ്പോൾ അവർക്ക് സംശയം തോന്നുകയാൽ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരോടു സ്വകാര്യമായി ചോദിച്ചു സംശയം തീർത്തതിന്റെ ശേഷം അവർ കേശവൻ നായരെ സാദരം വന്ദിച്ചു യാത്ര പറഞ്ഞു കൊണ്ട് പിരിഞ്ഞുപോയി. ഉടനെ കേശവൻനായർ കുളിക്കാനുംപോയി.‌

പിന്നെയൊരിക്കൽ ഒരു ധനുമാസത്തിൽ തിരുവാതിരനാൾ കുടമാളൂർ തെക്കേടത്തു മനയ്ക്കൽ തിരുവാതിര(കൈകൊട്ടിക്കളി) കളിച്ചുകൊണ്ടിരുന്ന ഒരന്തർജ്ജനം എങ്ങനയോ മറിഞ്ഞുവീഴുകയാൽ ഒരു കൈയൊടിഞ്ഞുപോയി. ഉടനെ തിരുമ്മുകാരനായ ഒരു നമ്പൂതിരിയെ വരുത്തി ആ കൈ വെച്ചുകെട്ടി. അപ്പോൾ അന്തർജ്ജനം ബോധരഹിതയായിത്തീർന്നു. പിന്നെ ആ നമ്പൂതിരി പല വിദ്യകൾ പ്രയോഗിച്ചുനോക്കിയിട്ടും അന്തർജ്ജനത്തിനു ബോധം വീണില്ല. അതിനാൽ ഭട്ടതിരിപ്പാടു വയസ്ക്കര ആചാര്യൻ നാരായണമൂസ്സവർകളെ കൊണ്ടുവരുന്നതിന് ഒരാളെ അയച്ചു. ആ ആൾ വയസ്ക്കരെചെന്നു വിവരമെല്ലാമറിയിച്ചപ്പോൾ മൂസ്സവർകൾ പറഞ്ഞത് "കൈയും കാലും മറ്റുമൊടിഞ്ഞാൽ വെച്ചുകെട്ടി ചികിത്സിച്ചു ഭേദമാക്കാൻ പഠിപ്പും പരിചയവും പഴക്കവും തെക്കേടത്തു കേശവൻനായരെപ്പോലെയുണ്ടായിട്ടും ഇപ്പോൾ മറ്റാരുമുണ്ടെന്നു തോന്നുന്നില്ല. അതിനാൽ ആ മനുഷ്യനെ വരുത്തി ഉടനെ എന്തെങ്കിലും ചെയ്യിക്കുകയാണ് വേണ്ടത്" എന്നാണ്. അതുകേട്ടു ഭട്ടതിരിപ്പാട്ടിലെ ആൾമടങ്ങിചെന്ന് ആ വിവരം അവിടെ അറിയിച്ചു. ഉടനെ ഭട്ടതിരിപ്പാട് കടുത്തുരുത്തിക്ക് ആളെ അയച്ചു കേശവൻനായരെ കുടമാളൂർ വരുത്തി. കേശവൻ നായർ ആദ്യം നമ്പൂരി വെച്ചുകെട്ടിയ കെട്ടഴിച്ച് അന്തർജ്ജനത്തിന്റെ കൈ വേണ്ടതുപോലെ വെച്ചുകെട്ടി. അപ്പോൾ അന്തർജ്ജനത്തിനു ബോധം വീണു. പിന്നെ കേശവൻ നായർ ഏതാനും ദിവസം അവിടെ താമസിച്ചു വേണ്ടുന്ന ചികിത്സയും തിരുമ്മും മറ്റും കഴിക്കുകയും അന്തർജ്ജനം സ്വസ്ഥതയെ പ്രാപിക്കുകയും ഭട്ടതിരിപ്പാടു കേശവൻ നായർക്കു പല സമ്മാനങ്ങളും കൊടുത്ത് അദ്ദേഹത്തെ സന്തോഷിപ്പിച്ചയയ്ക്കുകയും ചെയ്തു.‌

തദനന്തരം ഇടപ്പള്ളി സ്വരൂപത്തിലെ ഒരു തമ്പുരാനും 1055-ആമാണ്ടു നാടുനീങ്ങിപ്പോയ ആയില്ല്യം തിരുനാൾ മഹാരാജാവു തിരുമനസ്സിലെ അമ്മച്ചിക്കും സഹിക്കവയ്യാതെകണ്ടു ഒരു വയറുവേദനയുണ്ടാവുകയും കോഴിക്കോട് അന്നത്തെ ഏറാൾപ്പാടു തമ്പുരാനവർകൾക്കും പുലിക്കോട്ടു എം.ഡി. മെത്രാപ്പോലീത്ത അവർകൾക്കും എന്തോ അബദ്ധം പറ്റുകയാൽ കൈകൾ ഒടിയുകയും കൊച്ചിരാജകുടുംബത്തിൽ ചില തമ്പുരാക്കന്മാർക്കും തമ്പുരാട്ടിമാർക്കും ചില ശീലായ്മകളുണ്ടാവുകയും അതതു സ്ഥലങ്ങളിലുള്ള വൈദ്യന്മാരെക്കൊണ്ടും മറ്റും പലതും ചെയ്യിച്ചിട്ടും ഫലമൊന്നുമുണ്ടാകാതെയിരിക്കുകയും ചെയ്യുകയാൽ ആ സ്ഥലങ്ങളിൽനിന്നെല്ലാം കേശവൻ നായർക്ക് ആളുകൾ വരികയും ചെയ്യുകയാൽ അദ്ദേഹം ആ സ്ഥലങ്ങളിലെല്ലാം ചെന്നു യഥാക്രമം തിരുമ്മും വെച്ചുകെട്ടും ചികിത്സകളും നടത്തുകയാൽ അവർക്കും അചിരേണ പൂർണ്ണസുഖം സിദ്ധിച്ചു. അതിനാൽ ഓരോ രാജസ്ഥാനങ്ങളിൽനിന്നും മറ്റുമായി കേശവൻ നായർക്കു വീരശൃംഖലകൾ മുതലായ അനേകം സമ്മാനങ്ങൾ കിട്ടുകയും ചെയ്തു. തിരുവിതാംകൂർ, കൊച്ചി , ബ്രിട്ടീഷ് മലബാർ എന്നീ മൂന്നു സംസ്ഥാനങ്ങളിൽനിന്നുമായി ഇത്ര വളരെ രാജസമ്മാനങ്ങളും മറ്റും ലഭിച്ചിട്ടുള്ള ഒരു സമ്മാനങ്ങളും ഒരു വിദ്വാൻ ഈ കേശവൻ നായരല്ലാതെ കേരളത്തിൽ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല.

കേശവൻ നായർക്കു ബാലിവഴി, ഭീമൻ വഴി എന്നീ രണ്ടുതരത്തിലുള്ള അഭ്യാസമുറകളും ആനച്ചടക്കം, പന്നിച്ചടക്കം എന്നീ രണ്ടുതരം ചടക്കങ്ങളും പന്ത്രണ്ടുതരത്തിലുള്ള തിരുമ്മുകളും ആരു വിധമുള്ള മുഷ്ടികളും കൂടാതെ മറ്റനേകം വിധത്തിള്ള വിദ്യകളും വശമായിരുന്നു. അദ്ദേഹം ആര്യവൈദ്യശാസ്ത്രത്തിൽ മാത്രമല്ല, ചിന്താമണി, അറബി മുതലായ വൈദ്യശാത്രങ്ങളിലും അതിനിപുണനായിരുന്നു. അദ്ദേഹത്തിന് ഇവയ്ക്കും പുറമെ ചില മന്ത്രൌഷധപ്രയോഗങ്ങളുമുണ്ടായിരുന്നു.

കേശവൻ നായർ ഒരിക്കൽ ഗംഗാസ്നാനം, വിശ്വനാഥദർശനം, ഗയാശ്രാദ്ധം മുതലായ പുണ്യകർമ്മങ്ങൾ നടത്തണമെന്നു നിശ്ചയിച്ചു വടക്കോട്ടു പുറപ്പെട്ടു. തീവണ്ടിയിൽ അദ്ദേഹം കയരിയിരുന്ന മുറിയിൽതന്നെ ഒരു മഹാരാഷ്ട്ര ബ്രാഹ്മണനും അദ്ദേഹതിന്റെ ഭാര്യയുമുണ്ടായിരുന്നു. അവർക്ക് എന്തോ വലിയ മനോവിചാരമുള്ളതുപോലെ മുഖം മ്ലാനമായിരുന്നു. അതു കണ്ടിട്ട് കേശവൻ നായർ അതിന്റെ കാരണമെന്താണെന്ന് ബ്രാഹ്മണനോട് അവരുടെ ഭാഷയിൽ ചോദിച്ചു. അപ്പോൾ ആ ബ്രാഹ്മണൻ അവരുടെ ഭാഷയിൽത്തന്നെ, താനീ സ്തീയെ വിവാഹം ചെയ്തു തന്റെ മാതാപിതാക്കന്മാരുടേയും മറ്റും സമ്മതം കൂടാതെയാണെന്നും വിവാഹം കഴിഞ്ഞിട്ട് ഭാര്യയെ ആദ്യമായാണ് സ്വഗൃഹത്തിലേകു കൊണ്ടുപോകുന്നതെന്നും അവിടെ ചെന്നാൽ തങ്ങളെ സ്വീകരിക്കുമോ ആട്ടിപ്പുറത്താക്കുമോഎന്നുള്ള വിചാരം കൊണ്ടാണ് മനസ്സിന് സ്വസ്ഥതയില്ലാതെയിരിക്കുന്നതെന്നും മറ്റും പറഞ്ഞു. അതു കേട്ടയുടനെ കേശവൻ നായർ തന്റെ പെട്ടി തുറന്ന് ഒരു ഗുളികയെടുത്തു കൊടുത്തിട്ട് ആ ബ്രാഹ്മണനോട് "നിങ്ങൾ രണ്ടുപേരും ഈ ഗുളിക അരച്ചു തിലകം ധരിച്ചു കൊണ്ടുവേണം ഗൃഹത്തിൽച്ചെല്ലുവാൻ. എന്നാൽ അവിടെ ആരും നിങ്ങളെ ധിക്കരിക്കുകയില്ല. എന്നു മാത്രമല്ല, എല്ലാവരും നിങ്ങളെ അവിടെ സാദരം സ്വീകരിക്കുകയും ചെയ്യും" എന്നുപറഞ്ഞു. ആ ബ്രാഹ്മണൻ അതു കേട്ടു വളരെ സന്തോഷിക്കുകയും സാദരം ആ ഗുളിക വാങ്ങി തന്റെ പെട്ടിയിൽ വെയ്ക്കുകയും ചെയ്തു. അപ്പോഴേയ്ക്കും വണ്ടി അദ്ദേഹത്തിന് ഇറങ്ങാനുള്ള സ്റ്റേഷനെത്തി. ഉടനെ ആ ബ്രാഹ്മണൻ കേശവൻ നായരോട് "എന്നാലിനി പിന്നെക്കണ്ടുകൊള്ളാം" എന്നു യാത്രയും പറഞ്ഞു ഭാര്യയോടുകൂടി വണ്ടിയിൽനിന്നിറങ്ങിപ്പോയി.

അവരുടെ ഗൃഹത്തിലേക്കു തീവണ്ടി സ്റ്റേഷനിൽനിന്ന് അധികം ദൂരമില്ലായിരുന്നതിനാൽ അവർ വണ്ടിയിൽനിന്ന് ഇരങ്ങി ഉടൻതന്നെ ഗുലികയെടുത്തരച്ചു തിലകം ധരിച്ചുകൊണ്ടാണ് ഗൃഹത്തിലേക്കു ചെന്നത്. അവർ അവിടെ ചെന്നിട്ട് അവിടെയുണ്ടായിരുന്നവരെല്ലാവരും സസന്തോഷം അവരെ അവിടെ സ്വീകരിക്കുകയും കുശലപ്രശ്നം ചെയ്യുകയും വളരെ സ്നേഹത്തോടുകൂടി വർത്തിക്കുകയും ചെയ്തു. ഈ സ്ഥിതി കണ്ടപ്പോൾ ആ ബ്രാഹ്മണന് കേശവൻ നായരെക്കുറിച്ച് അളവറ്റ ബഹുമാനം തോന്നുകയും കേശവൻ നായർ മടങ്ങി വരുമ്പോൾ അദ്ദേഹത്തെ യഥായോഗ്യം സൽക്കരിച്ചയയ്ക്കണമെന്ന് അദ്ദേഹം തീർച്ചപ്പെടുത്തുകയും ചെയ്തു. പിന്നെ ആ ബ്രാഹ്മണൻ കേശവൻ നായർ ഗംഗാസ്നാനാദികളെല്ലാം കഴിഞ്ഞു മടങ്ങിവരാനുള്ള കാലം ഏകദേശം അടുത്തപ്പോൾ ദിവസംതോരും വടക്കുനിന്നു വണ്ടി വരുന്ന സമയത്ത് തീവണ്ടിസ്റ്റേഷനിൽചെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേശവൻ നായർ അവിടെ വന്നു ചേർന്നു. വണ്ടി നിന്നയുടനെ ആ ബ്രാഹ്മണൻ കേശവൻ നായർ ഇരുന്നിരുന്ന മുറിയിൽ കയറിച്ചെന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു പണക്കിഴി കേശവൻ നായരുടെ മുമ്പിൽ വെച്ചിട്ടു "നിങ്ങളുടെ ഗുളികാപ്രയോഗം ഞങ്ങൾക്കു വേണ്ടതുപോലെ ഫലിച്ചു. അതിനാൽ എന്റെ ഈ ചെറിയ പാരിതോഷികം നിങ്ങൾ സദയം സ്വീകരിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു." എന്നു പറഞ്ഞു. അതിനു മറുപടിയായിട്ടു കേശവൻ നായർ പറഞ്ഞത് "ഞാൻ പഠിച്ചിട്ടുള്ള വിദ്യകൾ കൊണ്ടു കഴിവുള്ള സഹായങ്ങൾ എല്ലാവർക്കും ചെയ്യും. അതിനു ഞാൻ യാതൊരു പ്രതിഫലവും ആരോടും വാങ്ങാറില്ല. വല്ല മഹാരാജാക്കന്മാരോ വലിയ പ്രഭുക്കന്മാരോ സമ്മാനമായി വല്ലതും തന്നാൽ വേണ്ടെന്നു പറയാറില്ല എന്നേയുള്ളു." എന്നാണ്. അതു കേട്ടിട്ട് ആ ബ്രാഹ്മണൻ, "എന്നാലെന്റെ ഗൃഹത്തിൽ വന്ന് ഒരു നേരം ഭക്ഷണം കഴിച്ചു കാപ്പിയും കഴിച്ചിട്ടു പോരുകയെങ്കിലും വേണം." എന്നു പറഞ്ഞു. അതിനു മറുപടിയായിട്ടു കേശവൻ നായർ പറഞ്ഞത് അതിനുമിപ്പോൾ സൗകര്യമില്ല" എന്നാണ്. അപ്പോൾ ബ്രാഹ്മണൻ "എന്നാൽ ഞാൻ ഈ അടുക്കലുള്ള കാപ്പിക്കടയിൽപ്പോയി കുറച്ചു കാപ്പിയും പലഹാരവും വാങ്ങിക്കൊണ്ടുവരാം. വണ്ടി വിടാൻ ഇനിയും ഏകദേശം അരമണിക്കൂറോളം ഉണ്ട്. അതികൊണ്ട് അതെങ്കിലും സ്വീകരിക്കണം" എന്നു നിർബ്ബന്ധപൂർവ്വം അപേക്ഷിച്ചു. അതു കേശവൻ നായർ അനുവദിക്കുകയും ബ്രാഹ്മണൻ പോയി കാപ്പിയും പലഹാരങ്ങളും വാങ്ങിക്കൊണ്ടുവരികയും അതിനിന്നു സ്വല്പമെടുത്തു കേശവൻ നായർ കഴിക്കുകയും ശേഷമുണ്ടായിരുന്നത് അവിടെ കൂടിയിരുന്ന യാത്രക്കാർക്ക് വീതിച്ചുകൊടുക്കുകയും ചെയ്തു. അപ്പോളേക്കും വണ്ടി വിടാറായതിനാൽ ബ്രാഹ്മണൻ പണക്കിഴി എടുത്തുകൊണ്ട് യാത്ര പറഞ്ഞുപോയി. വണ്ടിയിത്തന്നെ കേശവൻ നായരും പോന്നു. കേശവൻ നായർ ആ യാത്രയിൽത്തന്നെ രാമേശ്വരത്തും പോയി സേതുസ്നാനവും കഴിച്ചിട്ടാണ് സ്വദേശത്തേക്കു വന്നത്. അദ്ദേഹം രാമേശ്വരത്തു നിന്നു മടങ്ങിപ്പോയതു തിരുവനന്തപുരത്തുകൂടിയായിരുന്നു. അപ്പോഴുമദ്ദേഹം വലിയ കൊട്ടാരത്തിൽ പോയി മുഖം കാണിക്കുകയും മഹാരാജാവു തിരുമനസ്സുകൊണ്ട് അദ്ദേഹത്തിനു ചില സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുകയുമുണ്ടായി. അപ്പോൾത്തന്നെ യാത്രയറിയിച്ചുകൊണ്ട് അദ്ദേഹം അവിടെനിന്നു പോരികയും യഥാകാലം സ്വഗൃഹത്തിൽ വന്നുചേരുകയും ചെയ്തു.

കേശവൻ നായരുടെ അത്ഭുതകർമ്മങ്ങൾ ഇനിയുമിങ്ങനെ വളരെ പറയാനുണ്ട്. എങ്കിലും ലേഖനം ക്രമത്തിലധികം ദീർഘിച്ചുപോകുമെന്നുള്ളതുകൊണ്ട് ഇനി ഇപ്പോൾ അതിനായി തുനിയുന്നില്ല. ഇപ്രകാരമെല്ലാം അമാനുഷപ്രഭാവനും അതിവിദ്വാനും ലോകപ്രസിദ്ധനുമായിരുന്ന അ മഹാനും അവസാനകാലത്തു രോഗാതുരനായി എതാനും ദിവസം കിടന്നു കഷ്ടപ്പെടേണ്ടതായി വന്നു.

കേശവൻ നായരെ അവസാനകാലത്തു ബാധിച്ച രോഗം വിദ്രധിയായിരുന്നു. അതിനു വേണ്ടുന്ന ചികിത്സകൾ നിശ്ചയിച്ചത് അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹം നിശ്ചയിച്ച മരുന്നുകളെല്ലാം അദ്ദേഹത്തിന്റെ ഭാഗിനേയന്മാർതന്നെ പാകത്തിനുണ്ടാക്കിക്കൊടുത്തു സേവിപ്പിച്ചു. അങ്ങനെ ഏതാനും ദിവസങ്ങൾ ചെയ്തിട്ടും രോഗത്തിന് ഒരു കുറവുമുണ്ടായില്ല. അതിനാൽ ആ ഭാഗിനേയന്മാർ അദ്ദേഹത്തോട് "ഈ ചികിത്സകളെല്ലാം ചെയ്തിട്ടും ദീനത്തിന് ഒരു കുറവും കാണുന്നില്ലല്ലോ. അതിനാൽ വയസ്ക്കരെച്ചെന്നു രോഗവിവരമെല്ലാം അറിയിച്ച് ഇനി അവിടുന്നു നിശ്ചയിക്കുന്ന ചികിത്സകൾ ചെയ്തെങ്കിലോ എന്നു ഞങ്ങൾ സംശയിക്കുന്നു." എന്നു പറഞ്ഞു. അതു കേട്ടിട്ടു കേശവൻ നായർ "ഈ ദീനത്തിന് ഇനി വിശേഷിച്ചൊന്നും ചെയ്യണമെന്നു തോന്നുന്നില്ല. എങ്കിലും നിങ്ങളുടെ ഇഷ്ടംപോലെയാവട്ടെ. ഞാൻ വിരോധമൊന്നും പറയുന്നില്ല" എന്നാണ് മറുപടി പറഞ്ഞത്.

ഇപ്രകാരം കേശവൻ നായരുടെ അർദ്ധാനുവാദം വാങ്ങിക്കൊണ്ട് ആ ഭാഗിനേയന്മാരിലൊരാൾ വയസ്കരെച്ചെന്നു രോഗവിവരമെല്ലാം അവിടെ അറിയിച്ചു. അപ്പോൾ മൂസ്സവർകൾ "ഇതുവരെ ചികിത്സകളെന്തെല്ലാമാണു ചെയ്തത്?" എന്നു ചോദിക്കുകയും, ആ ചെന്നയാൾ അതെല്ലാം വിവരമായി അവിടെ അറിയിക്കുകയും ചെയ്തു. പിന്നെ മൂസ്സവർക്കൾ പറഞ്ഞത് "ഈ ദീനത്തിന് ഇതിലധികമായി ഒന്നും ചെയ്യേണ്ടതില്ല. എങ്കിലും അവിടെ വന്നു പറഞ്ഞിട്ടു ഞാൻ ഒന്നും പറയാതെയിരിക്കുന്നതു ശരിയല്ലല്ലോ. ഇപ്പോൾ കൊടുത്തു വരുന്ന കഷായത്തിനു നല്പാമരത്തൊലികൂടി അടിയങ്ങൾക്കപേക്ഷയുണ്ട്." എന്നറിയിച്ചു. അതിനു മറുപടിയായിട്ടു മൂസ്സവർകൾ "അതിനു വിരോധമില്ല. എന്നാലെനിക്കു മറ്റന്നാൾ ഒരു ചാത്തമൂട്ടാനുണ്ട്. അതു കഴിഞ്ഞിട്ടുവേണം എന്നേയുള്ളു. ചാത്തം നേരത്തെ പത്തു നാഴിക പുലരുമ്പോഴേയ്ക്കും കഴിക്കാം. അപ്പോഴേയ്ക്കും ഒരാൾ ഇങ്ങോട്ട് വന്നാൽ ആ ആളോടുകൂടിത്തന്നെ പോന്നേക്കാം." എന്നു പറഞ്ഞു. ആ വന്നിരുന്നയാൾ അതു കേട്ടു കൊണ്ടു മടങ്ങിപ്പോയി. അയാൾ സ്വഗൃഹത്തിലെത്തിയപ്പോൾ കേശവൻ നായർ "വയസ്ക്കരെ ചെന്നിട്ടു തിരുമനസ്സുകൊണ്ട് എന്തെല്ലാം കല്പിച്ചു?" എന്നു ചോദിച്ചു. അതിനു മറുപടിയായിട്ട് ആ പോയിരുന്ന ആൾ, "വിശേഷിച്ച് അധികമൊന്നും കല്പിച്ചില്ല. അപ്പോൾ സേവിക്കുന്ന കഷായത്തിനു നാല്പാമരത്തൊലികൂടി കൂട്ടിയാൽക്കൊള്ളാമെന്നു മാത്രമേ കല്പിച്ചുള്ളൂ. പിന്നെ ഇങ്ങോട്ടെഴുന്നള്ളി രോഗിയെ തൃക്കൺപാർത്താൽ കൊള്ളാമെന്നു ഞാനറിയിച്ചിട്ട് "അങ്ങനെയാകാം. മറ്റന്നാളൊരു ചാത്തമൂട്ടാനുണ്ട്. അതു കഴിഞ്ഞിട്ടല്ലാതെ നിവൃത്തിയില്ല. ചാത്തം നേരത്തെ പത്തു നാഴിക പുലരണമെന്നില്ല" എന്നുപറഞ്ഞു. അതു നല്ല ശരിയായി. വയസ്ക്കരെ നിന്നു നിശ്ചയിച്ചതും തെറ്റിയില്ല. ആ ദിവസം അഞ്ചു നാഴിക പുലർന്നപ്പോൾ നമ്മുടെ കഥാനായകൻ കഥാവശേഷനായി. അതു കൊല്ലം 1069-ആമാണ്ടു മേടമാസത്തുലായിരുന്നു. ഉത്തരായണത്തിൽ പകൽ സമയത്തു ഭൂലോകം വിട്ടു പോയ ആ പുണ്യ സ്വർഗ്ഗതി തന്നെ ലഭിച്ചിരിക്കുമെന്നു നിശ്ചയമാണല്ലോ.

കേശവൻ നായർ കൂടി പൊയ്ക്കഴിഞ്ഞപ്പോൾ പിന്നെ ആ തെക്കേടത്തു കുടുംബത്തിൽ ശേഷിച്ചത് അദ്ദേഹത്തിന്റെ സഹോദരിയായിരുന്ന പാർവ്വതിയമ്മയും, അവരുടെ മൂന്നു പുത്രന്മാരും മാത്രമായിരുന്നു. ആ പുത്രന്മാരിൽ മൂത്തയാളായിരുന്ന ശങ്കുപ്പിള്ള ഒരു പൊതുകാര്യപ്രസക്തനായ നാട്ടുകാര്യസ്ഥനും മൂന്നാമനായിടുന്ന രാമൻപിള്ള ചെറുപ്പം മുതൽക്കുതന്നെ രോഗിയുമായിരുന്നതിനാൽ അവർക്കു രണ്ടുപേർക്കും കുടുംബപാരമ്പര്യപ്രകാരമുള്ള വിദ്യകൾ അഭ്യസിക്കുന്നതിനും പരിചയിക്കുന്നതിനും സൗകര്യമുണ്ടായില്ല. പിന്നെ അവരിൽ രണ്ടാമനായ നാരായണപിള്ള മാത്രം കുടുംബപാരമ്പര്യം കളയാതെ നാഡിപരിശോധന, മർമ്മചികിത്സ, തിരുമ്മ് മുതലായവയെല്ലാം യഥാക്രമം അഭ്യസിക്കുകയും പരിചയിക്കുകയും ചെയ്ത് അവയിലെല്ലാം ഏകദേശം കേശവൻ നായരെപ്പോലെതന്നെ സമർഥനായിത്തീരുകയും ചെയ്തു.

കാലക്രമേണ പാർവ്വതിയമ്മയും ശങ്കുപ്പിള്ളയും രാമൻപിള്ളയും കാലധർമ്മത്തെപ്രാപിച്ചുപോവുകയാൽ നാരായണപിള്ള മാത്രമേ ഇനി ആ കുടുംബത്തിലുള്ളൂ. അദ്ദേഹത്തിന്റെ അടുക്കലും യഥാപൂർവ്വം അനേകം രോഗികൾ ഇപ്പോഴും വരുന്നുണ്ട്. അദ്ദേഹവും രോഗികളുടെ നാഡികൾ പരിശോധിച്ചും തിരുമ്മിയും ചികിത്സിച്ചും പലരേയും സ്വസ്ഥരായി അയയ്ക്കുന്നുമുണ്ട്. എന്നാൽ അദ്ദേഹവും തന്റെ പൂർവ്വികന്മാരെപ്പോലെതന്നെ യാതൊന്നിനും യാതൊരുത്തരോടും യാതൊരു പ്രതിഫലവും വാങ്ങാറില്ല. ഇപ്രകാരം പരോപകാരിയായിരികുന്ന അദ്ദേഹം ഇനിയും അരോഗദൃഢഗാത്രനായി വളരെക്കാലം ജീവിച്ചിരിക്കുവാൻ സർവ്വേശ്വരൻ സഹായിക്കട്ടെ.