ഐതിഹ്യമാല/കടമറ്റത്ത് കത്തനാർ
←ശ്രീകൃഷ്ണകർണാമൃതം | ഐതിഹ്യമാല രചന: കടമറ്റത്ത് കത്തനാർ |
പുരുഹരിണപുരേശമാഹാത്മ്യം→ |
പ്രസിദ്ധ മാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളവാസികളിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമാറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്. മാതാപിതാക്കന്മാർ മരിച്ചുപോവുകയും സഹോദരന്മാരും മറ്റും ഇല്ലാതെയിരിക്കുകയും ചെയ്യുകയാൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ആ കുടുംബത്തിൽ ഏകാകിയായിത്തീർന്നു. ഏറ്റവും ചെറുതായ ഒരു ചെറ്റപ്പൂരയില്ലാണ് ആ കുടുംബക്കാർ താമസിച്ചിരുന്നത്. നിത്യവൃത്തിക്കു യാതൊരു മാർഗ്ഗവുമില്ലാതെ ഏകാകിയായി ആ ചെറ്റപ്പുരയിൽ താമസ്സിക്കയെന്നുള്ളത് കൊച്ചുപൗലൂസിന് ഏറ്റവും ദുഷ്കരവും ദുസ്സഹവുമായിത്തീർന്നു. അതിനാലവൻ ഒരു ദിവസം ആ വാസസ്ഥലത്തുനിന്നിറങ്ങി. സ്വദേശത്തുള്ള പള്ളിയിൽച്ചെന്നു തന്റെ കഷ്ടതയ്ക്കു എന്തെങ്കിലും നിവൃത്തിമാർഗ്ഗമുണ്ടാക്കിത്തരേണമെന്നു ഭക്തിപൂർവ്വം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. ആ സമയം ആ പളളിയിലെ പ്രധാന വികാരിയായ കത്തനാർ ദൈവപ്രേരിതനായിട്ടോ എന്നു തോന്നുമാറ് അവിടെ വരികയും കൊച്ചു പൗലൂസിനെ കണ്ടിട്ട് 'ഏറ്റവും സുമുഖനും കോമളനുമായ ഈ ബാലകൻ ദുസ്സഹദുഃഖപാരവശ്യത്തോടു കൂടി ഇവിടെ വന്നു മുട്ടുകുത്തി ഇപ്രകാരം പ്രാർത്ഥിക്കുന്നതിന്റെ കാരണമെന്തായിരിക്കും'എന്നു വിചാരിച്ച് അവനെ അടുക്കൽ വിളിച്ചു വിവരമെല്ലാം ചോദിക്കുകയും കൊച്ചു പൗലൂസ് തന്റെ കഷ്ടതകളെല്ലാം അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ കത്തനാർ,"നീ ഒട്ടും വ്യസനിക്കേണ്ടാ. ഇവിടെ വന്ന് എന്നോടുകൂടി താമസിച്ചുകൊള്ളുക. നിന്നെ ഞാനെന്റെ പുത്രനെപ്പോലെ വിചാരിച്ചു യാതൊരു ബുദ്ധിമുട്ടിനുമിടയാക്കാതെ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു. വലിയ സമ്പന്നനായ ആ കത്തനാരുടെ വീട്ടിൽ അന്നവസ്ത്രാദികൾക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ ബാലൻ സുഖമായി താമസിച്ചു.
കുറച്ചുദിവസത്തെ സഹവാസംകൊണ്ടു കൊച്ചുപൗലൂസ് ഏറ്റവും സുശീലനും നല്ല ബുദ്ധിമാനുമാണെന്നു മനസ്സിലാവുകയാൽ കത്തനാർ അവനെ ഒരു ഗുരുനാഥന്റെ അടുക്കലാക്കി യഥായോഗ്യം വിദ്യാഭ്യാസം ചെയ്യിക്കുകയും സുറിയാനിയും ഒരു കത്തനാരാകുന്നതിനു വേണ്ടുന്നവയുമെല്ലാം സ്വയമേവ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോഴേക്കും കൊച്ചുപൗലൂസ് മലയാളം, സുറിയാനി എന്നീ ഭാഷകളിലും ഒരു പട്ടക്കാരൻ ഗ്രഹിച്ചിരിക്കേണ്ടുന്ന വിഷയങ്ങളിലും അതിനിപുണനായിത്തീരുന്നു. അനന്തരം കൊച്ചുപൗലൂസിന് ശെമ്മാശുപട്ടം കൊടുത്തു. അന്നുമുതൽ ആ യുവാവിനെ എല്ലാവരും "പൗലൂസുശെമ്മാശൻ" എന്നു വിളിച്ചുതുടങ്ങുകയും ചെയ്തു.
അക്കാലത്ത് ആ കത്തനാർക്ക് അനവധി പശുക്കളും അവയെ മേയ്ക്കുന്നതിന് ഒരു ഭൃത്യനുമുണ്ടായിരുന്നു. ആ ഭൃത്യൻ രാവിലെ വല്ലതും ആഹാരം കഴിച്ചിട്ട് ഉച്ചയ്ക്കുണ്ണാൻ പൊതിച്ചോറും കെട്ടിയെടുത്തു പശുക്കളെയെല്ലാമഴിച്ചുവിട്ട് അടുക്കലുള്ള മലകളിൽക്കൊണ്ടുപോയി തീറ്റി, നേരം വൈക്കുമ്പോൾ പശുക്കളെയും കൊണ്ടു മടങ്ങിവരിക പതിവായിരുന്നു. ഒരു ദിവസം അവൻ പശുക്കളെയെല്ലാം തീറ്റി, നേരം വൈകിയപ്പോൾ എല്ലാറ്റിനെയും തിരിയെ അടിച്ചുകൊണ്ടുപോകുന്ന സമയം മദ്ധ്യേമാർഗ്ഗംനിന്ന് ഒരു വ്യാഘ്രം ചാടിവന്ന് ഒരു പശുവിനെ അടിച്ചുവീഴ്ത്തുകയും അതു കണ്ടശേഷം പശുക്കൾ വിരണ്ടു നാലുപുറത്തേക്കുമോടുകയും വ്യാഘ്രം അടിച്ചു വീഴ്ത്തിയ പശുവിനെ എടുത്തുകൊണ്ടു കാട്ടിലേക്കു പായുകയും ചെയ്തു. ഇതെല്ലാം കണ്ടു ഭയപരിതാപപരവശനായിത്തീർന്ന പശുപാലകഭൃത്യൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു വിവരം കത്തനാരെ ധരിപ്പിച്ചു. പ്രാണാധിക സ്നേഹത്തോടുകൂടി രക്ഷിച്ചുകൊണ്ടിരിക്കുന്ന പശുക്കൾക്ക് ഇപ്രകാരം ആപത്തു നേരിട്ടിരിക്കുന്നതായിക്കേട്ടു കത്തനാർ അത്യന്തം വിഷണ്ണനായിത്തീർന്നു. ഉടനെ അദ്ദേഹം ആയുധപാണികളായ ചില അനുചരന്മാരോടു പൗലൂസുശെമ്മാശനോടും കൂടി പശുക്കളെ അന്വേഷിച്ചു പുറപ്പെട്ടു. അവർ കാട്ടിൽക്കയറിയതിന്റെശേഷം ഓരോരുത്തരും പല വഴികളിലായിപ്പിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സ്വല്പ സമയം കഴിഞ്ഞപ്പോഴേക്കും നേരമിരുട്ടുകയും അന്ധകാരംകൊണ്ട് ഒന്നും കാൺമാൻവയ്യാതെയായിത്തീരുകയും ചെയ്യുകയാൽ "ഇന്നിനി അന്വേഷിച്ചതുകൊണ്ടു ഫലമൊന്നുമുണ്ടാവുകയില്ല" എന്നു പറഞ്ഞുകൊണ്ടു കത്തനാരും കൂട്ടരും മടങ്ങിപ്പോന്നു. കത്തനാരു വീട്ടിലെത്തിയപ്പേഴേക്കും വ്യഘ്രം പിടിച്ച ഒരു പശുവൊഴികെ ശേഷമെല്ലാം അവയുടെ ശാലകളിൽ വന്നെത്തിയിരുന്നു. "ഒരു പശു പോയെങ്കിലും ശേഷമുള്ളവ ആപത്തൊന്നും കൂടാതെ ഇങ്ങു വന്നെത്തിയല്ലോ" എന്നു വിചാരിച്ചു കത്തനാരൊരുവിധം സമാധാനപ്പെട്ടു. അപ്പോഴാണ് പൗലൂസുശെമ്മാശന്റെ കാര്യം അദ്ദേഹമോർത്തത്. രാത്രി നേരം വളരെ അധികമായിട്ടും ശെമ്മാശൻ മടങ്ങി വരായ്കയാൽ കത്തനാർ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു. പോയത് ഒരുമിച്ചാണെങ്കിലും കാട്ടിൽ ചെന്നതിന്റെ ശേഷം കത്തനാരാകട്ടെ വേറെ കൂടെയുണ്ടായിരുന്നവരാകട്ടെ ആരും ശെമ്മാശനെ കാണുകയുണ്ടായില്ല. സമയമതിക്രമിക്കുംതോറും കത്തനാർക്കു വ്യസനം വർദ്ധിച്ചുകൊണ്ടിരുന്നു.വാസ്തവത്തിൽ അദ്ദേഹത്തിനു ശെമ്മാശനെക്കുറിച്ചു പുത്രനിർവ്വിശേഷമായ വാൽസല്യമുണ്ടായിരുന്നു. കത്തനാരും ശെമ്മാശനും ഒരുമിച്ചാണ് ഭക്ഷണംകഴിക്കുക പതിവ്. അതിനാൽ ശെമ്മാശൻ കൂടി വന്നിട്ട് അത്താഴമുണ്ണാമെന്നു വിചാരിച്ച് കത്തനാർ അർദ്ധാരാത്രിവരെ കാത്തിരുന്നു. എന്നിട്ടും ശെമ്മാശൻ വന്നില്ല. അതിനാൽ കത്തനാർ അത്തഴമുണ്ടു എന്നു വരുത്തി, ഉറങ്ങനായി പോയിക്കിടന്നു. എങ്കിലും മനോവിചാരം മൂലം അദ്ദേഹത്തിന് അല്പം പോലും ഉറക്കം വന്നില്ല. അദ്ദേഹം ഇരുന്നും കിടന്നും ശയനമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നും ഒരുവിധത്തിൽ നേരം വെളിച്ചമാക്കി. കത്തനാർ വെളുപ്പാൻ കാലത്തേ എണീറ്റു ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ടു പത്തുപതിനഞ്ചു കൂട്ടുകാരോടുകൂടി കാട്ടിലേക്കു പോയി. അവിടെ അടുത്തുള്ള കാടും മലയുമെല്ലാം തിരഞ്ഞു പരിശോധിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. നാലഞ്ചു ദിവസം കഴിഞ്ഞിട്ടും വന്നു കാണയ്കയാൽ ശെമ്മാശനെയും കടുവാ പിടിച്ചു തിന്നതാണെന്നുതന്നെ എല്ലാവരും തീർച്ചപ്പെടുത്തി. എങ്കിലും കത്തനാർ അങ്ങനെ തീർച്ചയാക്കിയില്ല. അത്യന്തം സൂശീലനും ദൈവഭക്തനുമായ ആ മനുഷ്യന് അങ്ങനെയുള്ള ദുർമരണത്തിന് ദൈവം ഇടവരുത്തുകയില്ലെന്നായിരിന്നു കത്തനാരുടെ വിചാരം. അതിനാൽ അദ്ദേഹം ശെമ്മാശന്റെ രക്ഷയ്ക്കായി സദാ ദൈവത്തോടപേക്ഷിച്ചുകൊണ്ടിരുന്നു.
എല്ലാവരും വിചാരിച്ചതുപോലെ ശെമ്മാശനു ജീവഹാനി സംഭവിച്ചില്ല. എന്നാൽ സ്വല്പം ചില കുഴപ്പങ്ങൾ പറ്റാതെയിരുന്നുമില്ല അദ്ദേഹം കാട്ടിൽക്കയറി വളരെ നേരം പശുക്കളെ അന്വേഷിച്ച് അലഞ്ഞു നടന്നു. പശുക്കളിൽ ഒന്നിനെപ്പോലും അവിടെയെങ്ങും കാണയ്കയാൽ ഒടുക്കം വലിയ മനസ്താപത്തോടുകൂടി വാസസ്ഥലത്തേക്കുതന്നെ മടങ്ങി. ചില സ്ഥലങ്ങളിൽ ചിലപ്പോൾ നടന്നാൽ പിശാചുക്കൾ കണ്ണുകെട്ടി വഴിയറിയാൻ വയ്യാതെയാക്കുമെന്നും മറ്റും ചിലർ പറയുന്നുണ്ടല്ലോ. അങ്ങനെ വല്ലതും സംഭവിച്ചിട്ടോ എന്തോ കുറെ നടക്കുമ്പോൾ ശെമ്മാശനു വഴി തെറ്റിയെങ്കിലും അദ്ദേഹമതു തൽക്കാലമറിഞ്ഞില്ല. വികാരിയുടെ വീട്ടിലേക്കെന്നു വിചാരിച്ചു കൊണ്ടാണ് അദ്ദേഹം നടന്നത്. വളരെ നടന്നിട്ടും വിചാരിച്ച സ്ഥലത്തെത്തായ്കയാൽ അദ്ദേഹത്തിനു ഭയം തോന്നിത്തുടങ്ങി. "ഞാൻനടന്നു തുടങ്ങീട്ടു വളരെ നേരമായി. ഇതുവരെ വീട്ടിലെത്തിയില്ലല്ലോ. ഇതെന്താണ്? എനിക്കു വഴിതെറ്റിപ്പോയിരിക്കുമോ? ഞാൻനടന്നു തുടങ്ങിയ സ്ഥലത്തുനിന്നു വീട്ടിലേക്കു കൂടിയാൽ രണ്ടുനാഴികയാവട്ടെ; അതിലധികം വഴിയില്ല. ഞാൻനടന്നുതുടങ്ങീട്ട് ഇപ്പോൾ ഏകദേശം ഒരു പന്ത്രണ്ടു നാഴികയായിരിക്കണ. ഇതെന്തൊരത്ഭുതമാണ്? ഇനിയെങ്ങോട്ടാണ് പോകേണ്ടത്? ഇരുട്ടിന്റെ കാഠിന്യംകൊണ്ട് ഇങ്ങോട്ടുവന്ന വഴിതന്നെ കാൺമാൻ വയ്യാതെയായിരിക്കുന്നു. വല്ലവരോടും വഴി ചോദിക്കാമെന്നുവച്ചാൽ ഇവിടെയെങ്ങും ആരെയും കാണുന്നില്ലെന്നല്ല, മനുഷ്യരുടെ ശബ്ദം കേൾക്കുകപോലും ചെയ്യുന്നില്ല" ഇങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടു സാധുശീലനായ ആ ശെമ്മാശൻ ഒരു സ്ഥലത്തുനിന്നു. അതൊരു വലിയ ഗുഹയുടെ വാതിൽക്കലായിരുന്നു.
ശെമ്മാശൻ വിചാരമഗ്നനായി ഇങ്ങനെ നിന്ന് സമയം അതിഭയങ്കരമൂർത്തിയായ ഒരാൾ പിന്നിൽക്കൂടിച്ചെന്ന് അദ്ദേഹത്തെ പിടിച്ചെടുത്തുകൊണ്ട് ആ ഗുഹയിലേക്ക് ഇറങ്ങിപ്പോയി. ആ ഗുഹാന്തർഭാഗം ആദ്യം ഘോരാന്ധകാരമായമായും വിജനമായിട്ടുമാണ് കാണപ്പെട്ടത്. സ്ഥല്പം ദൂരം ചെന്നപ്പോൾ അവിടെ നിറച്ചു വിളക്കുകളും പകൽപ്പോലെ വെളിച്ചവും കണ്ടുതുടങ്ങി. ശെമ്മാശനെ എടുത്തിരുന്നയാൾ അദ്ദേഹത്തെ അവിടെ അതിവിശാലമായ ഒരു സ്ഥലത്തു കൊണ്ടുചെന്നു നിർത്തിയിട്ട് അവിടെ ആസനസ്ഥനായിരുന്ന ഗംഭീരപുരുഷന്റെ അടുക്കൽച്ചെന്നു സവിനയം എന്തോ സ്വകാര്യമായി പറഞ്ഞു. ആസനസ്ഥനായിരുന്നു ആ ആളുടെ അടുക്കൽ പഞ്ചപുച്ഛമടക്കി വന്ദിച്ചുകൊണ്ടു ചിലർ നിൽക്കുന്നുമുണ്ടായിരുന്നു. അവരെല്ലാവരും നഗ്നന്മാരും ഒരുപോലെ ഭയങ്കരാകൃതികളുമായിരുന്നു. എങ്കിലും ഒരാളുടെ ഇരിപ്പും മറ്റുള്ളവരുടെ നില്പ്പും കൊണ്ട് അവരുടെ സേവ്യസേവകഭാവം സ്പഷ്ടീഭവിച്ചിരിന്നു. അവരെ ആകെപ്പാടെ കണ്ടപ്പോൾ, മുമ്പേതന്നെ ഒരു ഭയങ്കര മൂർത്തിയാൽ ആക്രാന്തനാകയാൽ അർദ്ധഗതപ്രാണനായീത്തീർന്നിരുന്ന ശെമ്മാശന്റെ പ്രാണൻ മുഴുവനും പോയി എന്നുതന്നെ പറയാം. അദ്ദേഹം ഒരു ജീവച്ഛവം പോലെ അവിടെ നിന്നുവെന്നേയുള്ളു. അദ്ദേഹം മനസ്സുകൊണ്ടു ദൈവത്തെ മുറുകെ പിടിച്ചിരുന്നതിനാലായിരിക്കാം നിലത്തുവീഴാതെ ഒരുവിധം നിന്നത്. അദ്ദേഹം കണ്ഠഗതപ്രാണനായി അങ്ങനെ നിൽക്കവെ ചില ബീഭൽസാകൃതികൾ അവിടെ വന്ന് ആ കൂട്ടത്തിൽ തലവനായി ഇരുന്നിരുന്ന ആളോട്, "ഇപ്പോൾ കൊണ്ടുവരപ്പെട്ട ഈ മനുഷ്യനെ ഞങ്ങൾ മുറിച്ചു പങ്കുവച്ചു തിന്നുകൊള്ളട്ടെയോ?" എന്നു ചോദിച്ചു. ഇതുകേട്ടപ്പോൾ ശെമ്മാശന്റെ മനഃസ്ഥിതി ഏതുപ്രകാരമായിത്തീർന്നിരിക്കുമെന്നുള്ളതു വായനക്കാർതന്നെ ഊഹിച്ചുകൊള്ളൂകയല്ലാതെ പറഞ്ഞറിയിക്കാൻ 'ഞാൻശക്തനല്ല. എങ്കിലും ആ പ്രധാനപുരുഷൻ മറ്റുള്ളവരോടു പറഞ്ഞത് "നിങ്ങൾ സ്വല്പം ക്ഷമിക്കുവിൻ. ഇവൻ ഒരു മര്യാദക്കാരനാണെന്നാണ് കണ്ടിട്ട് തോന്നുന്നത്. ഞാൻ പരീക്ഷിച്ചു നോക്കട്ടെ. ഇവൻ നമ്മോടുകൂടിത്താമസിക്കാൻ യോഗ്യനല്ലെന്നു കണ്ടാൽ നിങ്ങൾക്കുവിട്ടുതന്നേക്കാം. ഇപ്പോൾ ഇവിടെ നിൽക്കേണ്ടാ പൊയ്ക്കൊൾവിൻ. ഞാൻവിളിക്കുമ്പോൾ വന്നാൽ മതി" എന്നാണ്. ഇതുകേട്ട് ആ വികൃതാകൃതികൾ വിഷാദത്തോടുകൂടി പിന്മാറിപ്പോയി. ഉടനെ കാട്ടുമുട്ടനായ ആ പ്രമാണി ശെമ്മാശനെ അടുക്കൽ വിളിച്ച് ഏറ്റവും വാൽസല്യഭാവത്തോടുകൂടി, "അല്ലയോ സാധുവായ യുവാവേ, നീ ആരാണ്? എങ്ങനെയാണ് ഇവിടെ വന്നുചേർന്നത്? എന്റെ നിയമങ്ങളനുസരിച്ച് ഇവിടെ താമസിക്കാൻ നിനക്കു സമ്മതമുണ്ടെങ്കിൽ ഇവിടെ സുഖമായി താമസിക്കാം. ഉണ്ണാനും ഉറങ്ങാനും കുളിക്കാനും മറ്റും ഇവിടെ ധാരാളം സകൗര്യമുണ്ട്. യാതൊന്നിനും ഈ ഗുഹയിൽനിന്നും പുറത്തു പോകേണ്ടാ. ഇനി ഇവിടെനിന്നു പുറത്തുപോകാൻ എങ്ങനെയായാലും നിനക്ക് ഒരിക്കലും സാധിക്കയില്ല. ഇവിടെ വന്നുചേരുന്നവരെ വിട്ടയയ്ക്കുക പതിവില്ല. നമ്മുടെ ആജ്ഞ അനുസരിക്കുന്നവരെ ഇവിടെ സുഖമായി താമസിപ്പിക്കും. അല്ലാത്തവരെ ഇവിടെയുള്ള മനുഷ്യഭോജികൾ ഭക്ഷിക്കും. അങ്ങനെയാണ് ഇവിടുത്തെ പതിവ്" എന്നു പറഞ്ഞു.
ഇതുകേട്ട് ശെമ്മാശൻ, "ഈ ദുഷ്ടന്റെ വരുതി അനുസരിക്കാത്ത പക്ഷം ഉടനെ മരിക്കേണ്ടതായിവരും. ഇവന്റെ ഇഷ്ടമനുസരിച്ചു താമസിച്ചാൽ ദൈവകൃപകൊണ്ട് ഒരു കാലത്ത് ഇവിടെനിന്നുപോയി രക്ഷപ്പെടാൻ തരംകിട്ടിയെന്നും വരാമല്ലോ"'എന്നു വിചാരിച്ച് "ഇവിടുത്തെ കല്പന അനുസരിച്ചു താമസിക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമാണ്. എന്നെ ആരും ഭക്ഷിക്കാതെ അവിടുന്നു രക്ഷിക്കണം"എന്നു പറഞ്ഞിട്ടു പിന്നെ താനാരാണെന്നും ആ ഗുഹയിൽ ചെന്നുചേർന്നത് ഇപ്രകരമാണെന്നും മറ്റും വിവരിച്ച് അവനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ശെമ്മാശന്റെ ആകൃതിയും വാക്കും വിനയഭാവവുമെല്ലാം ആ സംഘപ്രമാണിക്കു വളരെ ബോധിച്ചു. അതിനാൽ സന്തോഷസമേതം അവൻ വീണ്ടും പറഞ്ഞു:
"നിന്നെ ആരുമുപദ്രവിക്കാതെ ഞാൻ രക്ഷിച്ചുകൊള്ളാം. നീയൊരു നല്ലവനാണെന്നും നമ്മുടെ കൂടെ താമസിക്കാൻ യോഗ്യനാണെന്നും നമുക്ക് ബോധപ്പെട്ടിരിക്കുന്നു. അതിനാൽ നാം നിന്നെ നമ്മുടെ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. നമുക്കു മന്ത്രവാദവും ഇന്ദ്രജാലം മുതലായ വിദ്യകളും നല്ലപോലെ അറിയാം. അവയെല്ലാം നിന്നെയും നാം പഠിപ്പിക്കാം. നാം ഒരു മലയരയനാണ്. മലയരയന്മാർക്കു പാരമ്പര്യമായിതന്നെ മന്ത്രവാദമുണ്ട്. നാം അതു വിശേഷിച്ചും കൂടുതലായി പഠിച്ചിട്ടുണ്ട്. ഇവിടെയുള്ളവരിൽ മിക്കവരും എന്റെ ജാതിക്കാരാണ്. നിന്നെപ്പോലെ ഇവിടെ വന്നുചേർന്ന അന്യജാതിക്കാരും ചിലരുണ്ട്. എല്ലാവരും നമ്മുടെ ഭൃത്യന്മാർതന്നെ. നമ്മുടെ സ്ഥിരവാസം ഈ ഗുഹയിൽത്തന്നെയാണെങ്കിലും നാം നാട്ടുമ്പുറങ്ങളിൽ സഞ്ചരിക്കുകയും പല സ്ഥലങ്ങളിൽ പല അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുകയും പലരിൽ നിന്നുമായി പല സമ്മാനങ്ങളും മറ്റും ലഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാമാരാണെന്നും നമ്മുടെ വാസമെവിടെയാണെന്നും മറ്റൂം നാമാരെയും അറിയിച്ചിട്ടില്ല. അതൊന്നും ആരുമറിയരുതെന്നാണ് നമ്മുടെ വിചാരം. അതുകൊണ്ടാണ് ഇവിടെ വരുന്നവരെ ആരെയും വിട്ടയയ്ക്കാത്തത്. നമ്മുടെ ഭൃത്യന്മാരിൽ മനുഷ്യഭോജികളായിട്ടും ചിലരുണ്ട്. ആരും നമ്മുടെ അനുവാദം കൂടാതെ യാതൊന്നും പ്രവർത്തിക്കുകയില്ല. നീ ഇവിടെ നമ്മുടെ ശിഷ്യനായിത്താമസിക്കാമെന്നു തന്നെ തീർച്ചപ്പെടുത്തിയെങ്കിൽ നിന്റെ വസ്ത്രങ്ങളെല്ലാമഴിച്ചുകളയുക. നഗ്നന്മാരായിട്ടാല്ലതെ ഇവിടെ ആരും താമസിക്കാൻ പാടില്ലെന്നാണ് ഏർപ്പാട്.
നഗ്നനായിത്താമസിക്കുന്ന കാര്യം ശെമ്മാശന് ഒട്ടും സമ്മതമല്ലായിരുന്നു. എങ്കിലും ഗത്യന്തരമില്ലാതെയിരുന്നതിനാൽ ആ ക്രൂരൻ പറഞ്ഞതെല്ലാം സമ്മതിക്കുകയും അവിടെത്താമസിച്ച് ഇന്ദ്രജാലം, മഹേന്ദ്രജാലം, മന്ത്രവാദം മുതലായവ പഠിച്ചു തുടങ്ങുകയും ചെയ്തു. വൃത്തിഹീനന്മാരും, ക്രൂരന്മാരും ഭയങ്കരമൂർത്തികളുമായ ആ ദുഷ്ടന്മാരുടെ സഹവാസം സുശീലനായ ശെമ്മാശന് ഒട്ടും സന്തോഷാവഹമല്ലായിരുന്നു. എങ്കിലും ഉണ്ണാനുമുറങ്ങാനും കുളിക്കാനും മറ്റും അദ്ദേഹത്തിന് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
ഇങ്ങനെ പലോസ് ശെമ്മാശൻ ഒരു വ്യാഴവട്ടം (പന്ത്രണ്ടു സംവൽസരം) തികച്ചും ആ ഗുഹയിൽ താമസിച്ചു. അത്രയും കാലം കൊണ്ട് ആ മലയരയൻ പഠിച്ചിരുന്ന വിദ്യകൾ മുഴുവനും ശെമ്മാശനെ പഠിപ്പിക്കുകയും ബുദ്ധിമാനായ ശെമ്മാശൻ അവയെല്ലാം അക്ഷരംപ്രതി ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോഴേക്കും ശെമ്മാശന് ആ ഗുരുവിനെക്കുറിച്ചു വളരെ ഭക്തിയും അളവില്ലാതെ ബഹുമാനവും ഉണ്ടായിത്തീർന്നു. അപ്രകാരംതന്നെ ആ ഗുരുവിന് ശിഷ്യനെക്കുറിച്ച് ഏറ്റവും സ്നേഹവും പുത്രനിർവ്വിശേഷമായ വാൽസല്യവുമുണ്ടായി. എങ്കിലും "ഇനി ഇവിടെനിന്നു വല്ലപ്രകാരവും വെളിക്കു ചാടണം" എന്നുള്ള വിചാരം ശെമ്മാശനും "ഇനിയവൻ നമ്മെപറ്റിച്ചു ചാടിപ്പോയേക്കാം" എന്നുള്ള വിചാരം ആ മലയരയനുമുണ്ടാകാതെയിരുന്നില്ല. അതിനാൽ മലയരയൻ ശെമ്മാശനെ സദാ സൂക്ഷിച്ചു കൊള്ളുന്നതിനു കാവൽക്കാരെ പ്രത്യേകം ചട്ടംകെട്ടി. അവർ രാത്രിയും പകലും ഒരു പോലെ ഗുഹാദ്വാരത്തിങ്കൽ കാവലായി. എന്നു മാത്രമല്ല, രാത്രികാലങ്ങളിൽ അവർ ഓരോരുത്തർ മാറിമാറി ഉറക്കമിളച്ചിരുന്നു. കൂടെക്കൂടെ ശെമ്മാശനെ വിളിക്കണമെന്നും വിളിക്കുമ്പോഴെല്ലാം ശെമ്മാശൻ മൂളണമെന്നും ഏർപ്പാടു വയ്ക്കുകയും ചെയ്തു.അതിനാൽ മനോരാജ്യം സാധിക്കാതെ ശെമ്മാശൻ വല്ലാതെ കുഴങ്ങിവശായി. എന്തെല്ലാമേർപ്പാടു കളുണ്ടായിരുന്നാലും കാവൽക്കാരെയെല്ലാം മയക്കി വെളിയിൽച്ചാടുന്നതിനുള്ള വിദ്യ ശെമ്മാശനറിയാമായിരുന്നു. എങ്കിലും തന്റെ ഗുരുനാഥനെ വഞ്ചിക്കുന്നതിനു അദ്ദേഹത്തിനു മനസ്സുവന്നില്ല. അതിനാലാണ് അദ്ദേഹം കുഴങ്ങിയത്. ഏതു വിധവും പോകണമെന്നുള്ള വിചാരം മൂത്തുവരികയും അതിനു നിവൃത്തിയില്ലാതെയായിത്തീരുകയും ചെയ്യുകയാൽ ശെമ്മാശൻ ഏറ്റവും വിഷണ്ണനായി ഭവിച്ചു. വിഷാദം നിമിത്തം അദ്ദേഹത്തിന് ഉണ്ണാനുമുറങ്ങാനും ആസ്ഥ കുറയുകയും സദാ ഒരു മൗനം അദ്ദേഹത്തെ ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹത്തെ പതിവുപോലെയല്ലാതെ വിഷണ്ണനായിക്കാണുകയാൽ അദ്ദേഹത്തിന്റെ ഗുരുവായ മലയരയൻ അദ്ദേഹത്തെ അടുക്കൽ വിളിച്ച്, "നിനക്കെന്താണ് ഈയിടെ വലിയ വിഷാദമുള്ളതുപോലെ ഇരിക്കുന്നത്? സത്യം പറയണം. നിനക്ക് ഇവിടെനിന്ന് പോകണമെന്നുണ്ടോ" എന്നു സ്വകാര്യമായി ചോദിച്ചു.
ശെമ്മാശൻ: എനിക്കങ്ങനെ ആഗ്രഹമുണ്ടെങ്കിലും അവിടുന്ന് അതിനനുവദിക്കുകയില്ലല്ലോ. അവിടുന്ന് അനുവദിക്കാതെയിരിക്കുന്നിടത്തോളം കാലം അതു സാദ്ധ്യവുമല്ല. അവിടുത്തെ വിട്ടുപിരിയുന്ന കാര്യത്തിലും എനിക്കു വളരെ സങ്കടമുണ്ട്. എങ്കിലും അനാഥനായ എന്നെ ബാല്യകാലം മുതൽ ഇങ്ങോട്ടു പോരുന്നതു വരെ വാൽസല്യപൂർവ്വം രക്ഷിച്ചിരുന്ന ദയാലുവായ വികാരിയദ്ദേഹത്തെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുള്ള ആഗ്രഹവും സാമാന്യത്തിലധികം എനിക്കുണ്ട്. ഈ രണ്ടു വിചാരവും കൂടി എന്നെ അത്യധികം വിഷണ്ണനാക്കിത്തീർത്തിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് പരമാർത്ഥം. ഇനി ഇവിടുത്തെ കല്പനപോലെ.
മലയരയൻ: നീ സത്യം പറഞ്ഞതിനെക്കുറിച്ചു നാം അത്യന്തം സന്തോഷിക്കുന്നു. നിന്നെ വിട്ടുപിരിയുന്ന കാര്യം നമുക്കൂം വളരെ സങ്കടമായിട്ടുള്ളതാണ്. നിന്നെ ദുഃഖിപ്പിക്കുന്ന കാര്യവും അങ്ങനെതന്നെ. ഇവിടെ വരുന്നവരെ വിട്ടയയ്ക്കുന്നതു നമ്മുടെ പതിവിനു വിരോധവുമാണ്. നാം മനസ്സാലെ നിന്നെ വിട്ടയച്ചാൽ നാമൊരസ്ഥിരചിത്തനാണെന്ന് ഇവിടെയുള്ളവർ വിചാരിക്കും. അതിനാൽ നാം അപ്രകാരം ചെയ്യുകയില്ല. എങ്കിലും നിന്റെ മനസ്സുപോലെ ചെയ്യുന്നതിനു നാമനുവദിച്ചിരിക്കുന്നു. നാമൊന്നും അറിഞ്ഞില്ലെന്നുള്ള ഭാവത്തിലിരുന്നേക്കാം. നമ്മുടെ കാവൽക്കാരറിയാതെ പോവാൻ നിനക്കു സാമർത്ഥ്യമുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക. നിനക്കു നിന്റെ ആദ്യരക്ഷിതാവിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരിക്കുന്ന സ്ഥിതിക്ക് നീ നമ്മെയും കാലാന്തരത്തിൽ മറന്നുകളയുകയില്ലെന്നു നാം വിശ്വസിക്കുന്നു.
ശെമ്മാശൻ: എന്റെ ജീവനുള്ള കാലത്തു ഞാൻഅവിടുത്തെ വിസ്മരിക്കുകയോ അവിടുത്തെക്കുറിച്ച് എനിക്കുള്ള ഭക്തിബഹുമാനാദരങ്ങൾക്കു കുറവു വരികയോ ചെയ്യുന്നതല്ല.
മലയരയൻ: എന്നാൽ നീ ഇവിടെനിന്നു പുറത്തുപോയാൽ എന്നെക്കുറിച്ചും ഈ സ്ഥലത്തെക്കുറിച്ചും ആരോടും യാതൊന്നും പറയുകയില്ലെന്നു സത്യം ചെയ്യണം.
ശെമ്മാശൻ ഇതു കേട്ട ഉടനെ സസന്തോഷം സത്യം ചെയ്യുകയും ആ ഗുരുവിനെ വന്ദിച്ച് അനുഗ്രഹം വാങ്ങുകയും അന്നു രാത്രിയിൽതന്നെ ചില വിദ്യകൾ പ്രയോഗിച്ചു കാവൽക്കാരെയും മറ്റും ബോധംകെടുത്തിക്കിടത്തീട്ടു യഥേഷ്ടം ഗുഹയിൽനിന്നു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹം അവിടെച്ചെന്ന ദിവസം അഴിച്ചു സൂക്ഷിച്ചുവച്ചിരുന്ന ഉടുപ്പുകളും തൊപ്പിയുമെല്ലാം എടുത്തുകൊണ്ടാണ് ഗുഹയിൽ നിന്നു പുറത്തിറങ്ങിയത്. അതിനാൽ പുറത്തിറങ്ങിയ ഉടനെ അവയെല്ലാം ധരിച്ചു ശെമ്മാശന്റെ വേഷത്തിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അന്നു നിലാവുള്ള കാലമായിരുന്നതിനാൽ കുറെ നടന്നപ്പോൾ ആ പെരുങ്കാട്ടിനിടയിൽ ചില ചെറുവഴികൾ അദ്ദേഹം കണ്ടു. എങ്കിലും അവ എങ്ങോട്ടെല്ലാമുള്ളവയാണെന്നു തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. 'എവിടെയെങ്കിലും ചെല്ലട്ടെ; മനുഷ്യരുള്ള ദിക്കിലെത്തിയാൽപ്പിന്നെ ചോദിച്ചറിഞ്ഞു സ്വദേശത്തേക്കു പോകാമല്ലോ' എന്നു വിചാരിച്ച് അവയിൽ ഒരു വഴിയേ അദ്ദേഹം നടന്നുതുടങ്ങി. അദ്ദേഹം ഗുഹയിലെ കാവൽക്കാരെയും മറ്റും ബോധംകെടുത്തിയിരുന്നതു മൂന്നേമുക്കാൽ നാഴിക നേരെത്തേക്കു മാത്രമായിരുന്നതിനാൽ അവർ ബോധം വീണു നോക്കുമ്പോൾ തന്നെ കാണാഞ്ഞിട്ടു പിന്നാലെ ഓടിയെത്തിയേക്കുമോ എന്നുളള ഭയമുണ്ടായിരുന്നതിനാൽ അദ്ദേഹം വളരെ വേഗത്തിലാണ് നടന്നത്. അങ്ങനെ പോയിപ്പോയി നേരം വെളുത്തപ്പോഴേക്കും അദ്ദേഹം മനുഷ്യസഞ്ചാരമുള്ള ഒരു ദിക്കിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ സ്വല്പം സമാധാനമായി. എങ്കിലും ഭയം മുഴുവനും വിട്ടുമാറിയില്ല. അതിനാൽ പിന്നെയും വേഗത്തിൽത്തന്നെ നടന്നു. അഞ്ചെട്ടു നാഴിക പുലർന്നപ്പോഴേക്കും അദ്ദേഹത്തിനു വിശപ്പൂം ദാഹവും ക്ഷീണവും കലശലാവുകയാൽ നടക്കാൻ വഹിയാതെയായി. അതിനാൽ വഴിയരികിൽ കണ്ടതായ ഒരു ചെറിയ വീട്ടിൽ കയറി. അവിടെ ഒരു വൃദ്ധ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരോടു ശെമ്മാശൻ, "വലിയമ്മേ,എനിക്കു വിശപ്പും ദാഹവും കലശലായിരിക്കുന്നു. കുറച്ചു കഞ്ഞി തരുമോ?" എന്നു ചോദിച്ചു.
വൃദ്ധ: എന്റെ മകനേ, അരിയില്ലാഞ്ഞിട്ട് ഇന്നലെത്തന്നെ ഇവിടെ കഞ്ഞിവച്ചില്ല. പിന്നെ ഞാൻ എങ്ങനെയാണ് കഞ്ഞി തരുന്നത്? ഇനി വല്ലയിടത്തും പോയി അരി മേടിച്ചു കൊണ്ട് വന്നിട്ടു വേണം കഞ്ഞിവയ്ക്കാൻ. അതുവരെ ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളതിൽ പങ്കുതരാം.
ശെമ്മാശൻ: ഒരരിയുടെ തരിയെങ്കിലും ഇവിടെക്കാണാതിരിക്കുമോ?
വൃദ്ധ: ഒന്നോ ഒരു മുറിയോ അരി എന്റെ വട്ടി തട്ടിക്കുടഞ്ഞാൽ കാണുമായിരിക്കും. അതുകൊണ്ടെന്തു കാണിക്കാനാണ്?
ശെമ്മാശൻ: ഒരരിയെങ്കിലും എടുത്തുകൊണ്ടുവരണം. നമുക്കതുകൊണ്ടു വല്ലതും കൗശലമുണ്ടാക്കാം.
വൃദ്ധ: എന്റെ മകനേ, നിനക്കു പിച്ചുണ്ടോ? ആട്ടെ, ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് ആ വൃദ്ധ ചെന്ന് അവരുടെ അരിവട്ടി തട്ടിക്കുടഞ്ഞിട്ട് ഒരു പൊടിയരി കിട്ടിയതു ശെമ്മാശന്റെ കയ്യിൽ കൊണ്ടുചെന്നുകൊടുത്തു. ഉടനെ ശെമ്മാശൻ "ഇനി വല്യമ്മ വെള്ളം കോരി അടുപ്പത്തു വച്ചു തിളപ്പിക്കണം" എന്നു പറഞ്ഞു. ഇതു വെറും കമ്പമാണെന്നു വൃദ്ധയ്ക്കു തോന്നി. എങ്കിലും ഇയാൾ എന്തു ചെയ്യുന്നു എന്നു കാണാമല്ലോ എന്നു വിചാരിച്ചു വൃദ്ധ ഒരു പാത്രത്തിൽ വെള്ളം കോരി അടുപ്പത്തു വച്ചു തീകത്തിച്ചു വെള്ളം തിളപ്പിച്ചു. അപ്പോൾ ശെമ്മാശൻ ആ പൊടിയരികൊണ്ടു ചെന്നു വെള്ളത്തിലിട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പാത്രം നിറച്ചു കഞ്ഞിയുണ്ടായി. അതു കണ്ടു വൃദ്ധ വിസ്മയിച്ചു. ഉടനെ അവർ ഉപായത്തിലൊരു പുഴുക്കമുണ്ടായി. ശെമ്മാശനു കഞ്ഞി വിളമ്പിക്കൊടുത്തു. രണ്ടുപേരും വയറു നിറച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞിട്ടും പിന്നെയും പാത്രത്തിലരയിടം കഞ്ഞി ശേഷിച്ചു. ശെമ്മാശൻ മലയരയന്റെ അടുക്കൽനിന്നു വിദ്യകളഭ്യസിച്ചിട്ട് ആദ്യമായി പ്രയോഗിച്ച വിദ്യ കാവൽക്കാരെ ബോധംകെടുത്തിയതും രണ്ടാമത്തെ വിദ്യ ഇതുമായിരുന്നു. കഞ്ഞികുടി കഴിഞ്ഞതിന്റെ ശേഷം ശെമ്മാശൻ വൃദ്ധയോട്, "ഇവിടെ നിന്നു കടമറ്റത്തു പള്ളിയിലേക്ക് എന്തുദൂരമുണ്ട്" എന്നു ചോദിച്ചു. "ഒരു നാലു നാഴിക കാണും" എന്നു വൃദ്ധ പറഞ്ഞു. "എന്നാൽ പരിഭ്രമിക്കാനൊന്നുമില്ല" എന്നു വിചാരിച്ചു ശെമ്മാശൻ അവിടെത്തന്നെ കിടന്ന് ഒന്നുറങ്ങി. ഉണർന്നെണീറ്റ് അദ്ദേഹം പതുക്കെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു കണ്ടവരോടൊക്കെ വഴി ചോദിച്ചുചോദിച്ച് സന്ധ്യയ്ക്കു മുമ്പായി പഴയ വാസസ്ഥലത്തെത്തി. കത്തനാരെ കണ്ടു വന്ദിച്ചു. ശെമ്മാശനെ കണ്ടിട്ടു കത്തനാർ ആളറിഞ്ഞില്ല. അതിനാൽ ശെമ്മാശൻ "അച്ഛൻ എന്നെ അറിയില്ലയോ? ഞാൻ ഇവിടുത്തെ ദാസനും ശിഷ്യനുമായ പൗലൂസാണ്" എന്നു പറഞ്ഞു. അതു കേട്ടു കത്തനാർ, "അയ്യോ, എന്റെ കുഞ്ഞേ, നീ മരിച്ചുപോയിയെന്നാണല്ലോ ഞാൻവിചാരിച്ചിരുന്നത്" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ മുറുകെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുപൊഴിച്ചു. അപ്പോൾ ശെമ്മാശനും സന്തോഷ പാരവശ്യത്താൽ പൊട്ടിക്കരഞ്ഞുപോയി. പിന്നെ കുറച്ചുനേരത്തേക്കു സന്തോഷാധിക്യത്താൽ രണ്ടുപേർക്കും സംസാരിക്കാൻ ശബ്ദം പുറപ്പെടാതെയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ കത്തനാർ ഒരുവിധം മനസ്സിനെ സമാധനപ്പെടുത്തിക്കൊണ്ട് "നീ ഇത്രയും കാലം എവിടെ യായിരുന്നു" എന്നു ചോദിച്ചു.
ശെമ്മാശൻ: ഞാൻഅന്നു പശുക്കളെ അന്വേഷിച്ചു കാട്ടിൽ നടന്നപ്പോൾ വഴിതെറ്റി നടന്നു നടന്നു ഒടുക്കം പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നു ചേർന്നു. അവിടെ വച്ചു ചില ദുഷ്ടന്മാർ എന്നെ പിടിച്ചു കാരാഗൃഹത്തിലാക്കി. അവിടെനിന്നു പോരാൻ ഇപ്പോൾ മാത്രമേ എനിക്കു തരംകിട്ടിയുള്ളു. ഉടനെ ഞാൻപോരികയും ചെയ്തു.
കത്തന്നാർ: ദൈവകൃപകൊണ്ട് ഇപ്പോളെങ്കിലും തിരിയെപ്പോരാൻ സാധിച്ചുവല്ലോ. അതുതന്നെ ഭാഗ്യം. എന്റെ ഒരു മകൻ മരിച്ചുപോയിട്ടു വീണ്ടും ജനിച്ചുവന്നതുപോലെയുള്ള സന്തോഷം എനിക്കിപ്പോൾ തോന്നുന്നുണ്ട്.
അവർ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നപ്പോൾ പള്ളിയിലെ കപ്പിയാർ ഓടി വിയർത്തു കിടുകിടാ വിറച്ചുകൊണ്ട് അവിടെയെത്തി, "അയ്യോ, നമ്മുടെ പള്ളിയിൽ പിശാചുക്കൾ നിറഞ്ഞു. ഓരോന്നിന്റെ സ്വരൂപം എങ്ങനെയിരിക്കുന്നു! അവരെക്കണ്ടാൽ പേടിച്ചു ചത്തുപോകും. നേരം സന്ധ്യയായല്ലോ. പള്ളിയിൽ കേറി മണിയടിക്കാൻ നിവൃത്തിയില്ല. അങ്ങോട്ടുചെന്നാൽ അവർ പിടിച്ചു ജീവനോടെ വിഴുങ്ങും, സംശയമില്ല. ഓരോന്നിന്റെ പൊക്കം ഓരോ കൊന്നത്തെങ്ങോളമുണ്ട്. പിടിച്ചാൽ പിടിമുറ്റാത്ത വണ്ണം. കരിങ്കല്ലുകൊണ്ടു വാർത്തതുപോലെ എല്ലാം കറുകറെയിരിക്കുന്നു. ഇനി എന്താ നിവൃത്തി? ഇന്നു പള്ളിയിൽ മണിയടിയും നമസ്കാരവുമൊന്നും വേണ്ടയോ? അത് അച്ഛൻ നിശ്ചയിക്കണം. ഇന്നവിടെ മനുഷ്യരായിട്ടുള്ളവരാരും വരികയില്ല; അതു തീർച്ചതന്നെ" എന്നു പറഞ്ഞു. അപ്പോൾ ശെമ്മാശൻ, "ഞാനങ്ങോട്ടു വരാം. കപ്പിയാരും വരണം. ഞാൻആ പിശാചുക്കളെയൊക്കെ അവിടെനിന്നു മാറ്റിത്തരാം" എന്നു പറഞ്ഞു.
കത്തനാർ: അയ്യോ, നീ പോകണ്ടാ.ഇനിയും വല്ലതും ആപത്തുപറ്റിയേക്കും. ഞാനങ്ങോട്ടു ചെല്ലാം. എനിക്കു വല്ലതും പറ്റിയാലും തരക്കേടില്ല. വയസ്സ് എൺപത്തെട്ടായല്ലോ. ഇനി ഞാൻ ജീവിച്ചിരുന്നാൽ എത്ര നാളിരിക്കും? എന്റെ കുഞ്ഞിനു ചെറുപ്പമല്ലേ? നീ ഇനിയും വളരെക്കാലം ജീവിച്ചിരിക്കേണ്ടുന്ന ആളാണല്ലോ.
ശെമ്മാശൻ: ദൈവത്തിന്റെ കൃപകൊണ്ട് ആർക്കും ആപത്തൊന്നും സംഭവിക്കയില്ല. ഞാനിപ്പിശാചുക്കളെ അവിടെനിന്ന് ഓടിക്കാം. അച്ഛൻ കൂടെ വരുന്നുണ്ടെങ്കിൽ വരണം, നമുക്കു പോകാം. അച്ചനെ അയച്ചിട്ടു ഞാനിവിടെ ഇരിക്കയില്ല. തീർച്ചതന്നെ.
ഇങ്ങനെപ്പറഞ്ഞ് കത്തനാരും ശെമ്മാശനും കപ്പിയാരുംകൂടി പള്ളിയിലേക്കു ചെന്നു. കപ്പിയാരുടെ വാക്കു കേട്ടപ്പോൾത്തന്നെ പള്ളിയിൽ വന്നിരിക്കുന്നതു തന്നെ അന്വേഷിച്ചു കണ്ടുപിടിക്കാനായി ഗുഹയിൽ നിന്നു പുറപ്പെട്ടിരിക്കുന്നവരായിരിക്കും എന്നു ശെമ്മാശൻ ഊഹിചു. അവിടെച്ചെന്നു കണ്ടപ്പോൾ അങ്ങനെതന്നെ എന്നു തീർച്ചയാവുകയും ചെയ്തു. ശെമ്മാശൻ അവരുടെ അടുക്കലേക്കു ചെല്ലുന്നതു കണ്ടുപേടിചുവിറചുകൊണ്ട് കത്തനാർ, "എന്റെ മകനേ, അടുത്തു പോകരുതേ" എന്നു പറഞ്ഞു. ശെമ്മാശൻ ഒരു കൂസലും കൂടാതെ അടുത്തുചെന്ന് അവരോട് "നിങ്ങൾ ഇവിടെ എന്തിനു വന്നു? ഇതു ദേവാലയമാണ്. നിങ്ങൾക്കു കളിക്കാനും പാർക്കാനുമുള്ള സ്ഥലമല്ല. നിങ്ങൾക്കു ജീവനോടുകൂടി തിരിയെപ്പോകണമെന്നുണ്ടെങ്കിൽ ക്ഷണത്തിൽ ഇവിടെ നിന്നറങ്ങി, വന്നവഴിയേ പൊയ്ക്കൊൾവിൻ. അല്ലെങ്കിൽ നിങ്ങളുടെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ "ഞങ്ങൾ നിന്നെക്കൊണ്ടുപോകാനായിട്ടാണ് വന്നത്. നിന്നെയുംകൊണ്ടല്ലാതെ ഞങ്ങൾ പോവുകയില്ല" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ പിടിക്കാനായി എല്ലാവരും അടുത്തുകൂടി. ശെമ്മാശൻ ഒരു വിദ്യ പ്രയോഗിക്കുകയും ആ ദുഷ്ടന്മാർ ബോധംകെട്ടു വെട്ടിയിട്ട മരങ്ങൾപോലെ തൽക്ഷണം നിലംപതിക്കുകയും ചെയ്തു. ഇതു കണ്ടു കത്തനാരും കപ്പിയാരും അത്ഭുതപരവശരായിത്തീർന്നു. ഉടനെ കപ്പിയാർ മണിയടിക്കുകയും പള്ളിയിൽ പതിവിലധികം ആളുകൾ വന്നുകൂടുകയും ചെയ്തു. വൈകുന്നേരം പതിവുള്ള കർമ്മാനുഷ്ഠാനുങ്ങളെലാം കഴിഞ്ഞതിന്റെ ശേഷം ജനങ്ങളെല്ലാവരും ആ കാട്ടാളന്മാരുടെ ഭയങ്കര ആകൃതി കണ്ടും ശെമ്മാശന്റെ വിദ്യയെക്കുറിച്ചു കേട്ടും വിസ്മയിച്ചു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "ഇവർ മരിച്ചുപോയിരിക്കുമോ?" എന്നു ചോദിച്ചു.
ശെമ്മാശൻ: മരിച്ചിട്ടില്ല. വേണമെങ്കിൽ മരിപ്പിക്കാം.
കത്തനാർ: ഏതുവിധവും ഇവരെ ഇവിടെനിന്നു കളയണമല്ലോ. ഇവർ ഇവിടെ കിടന്നാലും നടന്നാലും ഉപദ്രവം തന്നെ.
ശെമ്മാശൻ: ഇപ്പോൾ കളഞ്ഞേക്കാം.
അദ്ദേഹം പിന്നെയും എന്തോ വിദ്യ പ്രയോഗിച്ചു. ഉടനെ ആ ഉറക്കത്തിൽനിന്നെന്നപ്പോലെ ഉണർന്നേണീറ്റു. ഭയങ്കരാകൃതികൾ അപ്പോൾ ശെമ്മാശൻ, "എന്താ ഇനിപ്പൊയ്ക്കൊള്ളാമോ? വേണമെങ്കിൽ കുറച്ചുകൂടി വല്ലതുമാവാം" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ
"അയ്യോ, ഇനി ഒന്നും വേണ്ടാ. ഞങ്ങൾ പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു ശെമ്മാശനെ വന്ദിച്ചിട്ട് അപ്പോൾത്തന്നെ അവിടെനിന്നു പോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെലാം അത്ഭുതപ്പെടുകയും ശെമ്മാശനെ വളരെ പുകഴ്ത്തുകയും ചെയ്തു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "എന്റെ മകനേ, നീ ഈ ദിവ്യശക്തി എവിടെനിന്നു കിട്ടി?" എന്നു ചോദിച്ചു. "ഇതൊന്നും എന്റെ ശക്തിയില്ല എല്ലാം ദൈവത്തിന്റെ ശക്തിയാണ്. ദൈവം സർവ്വശക്തനാണല്ലോ" എന്നു ശെമ്മാശൻ മറുപടി പറയുകയും ചെയ്തു.
അനന്തരം അധികം താമസിയാതെ മേൽപട്ടക്കാരെല്ലാവരുംകൂടി ശെമ്മാശനു കത്തനാർപട്ടം കൊടുത്തു. അന്നു മുതൽ അദ്ദേഹത്തെ ജനങ്ങൾ "കടമറ്റത്തു കത്തനാർ" എന്നും "കടമറ്റത്തച്ചൻ" എന്നും അവരുടെ സ്ഥിതി അനുസരിച്ചു പറഞ്ഞുതുടങ്ങി. അക്കാലത്ത് അദ്ദേഹം സ്വദേശത്തു ചിലർക്കുണ്ടായ ബാധോപദ്രവങ്ങളും ചാത്തന്റെ ഉപദ്രവങ്ങളും മറ്റും മാറ്റുകയാൽ അദ്ദേഹം വലിയ മന്ത്രവാദിയാണെന്ന് ഒരു പ്രസിദ്ധി ഉണ്ടായിത്തീരുകയും തന്നിമിത്തം ദൂരസ്ഥലങ്ങളിൽനിന്നുകൂടി ആളുകൾ വന്നു മന്ത്രവാദത്തിനായി അദ്ദേഹത്തെ കൊണ്ടുപോയിത്തുടങ്ങുകയും ആ മാർഗ്ഗത്തിൽ അദ്ദേഹത്തിനു ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും അദ്ദേഹത്തിന്റെ രക്ഷിതാവായിരുന്ന വികാരിക്കത്തനാർ ചരമഗതിയെ പ്രാപിക്കുകയും ചെയ്യുകയാൽ അദ്ദേഹം സ്വന്തമായി ഒരു ഗൃഹം പണികഴിപ്പിച്ചു താമസം അങ്ങോട്ടു മാറ്റി. അതിനാൽ അദ്ദേഹം പാചകന്മാരായും പരിചാരകന്മാരായും മറ്റും നാലഞ്ചുപേരെ തന്നോടുകൂടി താമസ്സിപ്പിച്ചു തുടങ്ങുകയും ചെയ്തു.
അപ്പോഴേക്കും "കടമറ്റത്തു കത്തനാർ" എന്നുള്ള കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചു. കടമറ്റത്തു കത്തനാർ വിചാരിച്ചാൽ സാധിക്കാത്ത കാര്യം ലോകത്തിൽ യാതൊന്നുമില്ലെന്നുള്ള വിശ്വാസം സകല ജനങ്ങളുടെയിടയിലും ദൃഢമായിത്തീർന്നു. അതിനാൽ ഓരോരോ കാര്യങ്ങൾക്കായി അദ്ദേഹത്തെ കൊണ്ടു പോകുവാൻ ജനങ്ങൾ സദാ വന്നുകൊണ്ടിരുന്നു. ആരാവശ്യപ്പെട്ടാലും എവിടെയായാലും അദ്ദേഹം പൊയ്ക്കൊണ്ടിരിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം സ്വഗൃഹത്തിൽ താമസിച്ചിരുന്ന ദിവസം ചുരുക്കമായിരുന്നു. അദ്ദേഹം ഒരു കാര്യത്തിനായി പോയിട്ട്, അതു സാധിക്കാതെ വരിക ഒരിക്കലുമുണ്ടായില്ല. ആർക്കായാലും ഏതു കാര്യമായാലും സാധിച്ചുകൊടുത്താൽ ഇന്നതു കിട്ടണമെന്നുള്ള നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം വിചാരിക്കുന്നതിൽ കൂടുതലായിട്ടാല്ലാതെ അദ്ദേഹത്തിനാരും കൊടുക്കാറുമില്ല. അതിനാലദ്ദേഹം കാലക്രമേണ വലിയ കുബേരനായിത്തീർന്നു. കടമറ്റത്തു കത്തനാരുടെ മന്ത്രവാദമെന്നുള്ള പ്രസിദ്ധി ലോകത്തിലെല്ലാം നിറഞ്ഞു കവിയുകയാൽ അനേകം ദിക്കുകളിൽനിന്നും പലരും മന്ത്രവാദം പഠിക്കാനായി അദ്ദേഹത്തിന്റെ അടുക്കൽ വന്നു ചേരുകയും എല്ലാവരെയും അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തിനു ശിഷ്യ സമ്പത്തും ധാരാളമുണ്ടായി. "കടമറ്റത്തു സമ്പ്രദായം" എന്നുള്ളത് ഇന്നും പ്രസിദ്ധമാണല്ലോ. ആ സമ്പ്രദായക്കാരായ മന്ത്രവാദികൾ ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. ഇപ്രകാരമെല്ലാമാണ് കടമറ്റത്തു കത്തനാരുടെ ജീവിതകഥാ സംക്ഷേപം മരിക്കുന്നതുവരെ താൻ മന്ത്രവാദം മുതലായവ പഠിച്ചത് ആരോടാണെന്നും മറ്റുമുള്ള വിവരം അദ്ദേഹം ആരോടും പറഞ്ഞില്ല. ഗുരുവിന്റെ അടുക്കൽവച്ചു ചെയ്ത സത്യം അദ്ദേഹം ശരിയായിട്ടുതന്നെ നിർവ്വഹിച്ചു. എങ്കിലും അദ്ദേഹം സ്വന്തം ജീവചരിത്രം ഒരു താളിയോലഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ആ ഗ്രന്ഥം മൂലമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധമായിത്തീർന്നത്.
കടമറ്റത്തു കത്തനാരുടെ കുടുംബം അദ്ദേഹത്തോടുകൂടിത്തന്നെ അവസാനിച്ചു. അദ്ദേഹം താമസിച്ചിരുന്ന ഗൃഹംപോലും ഇപ്പോൾ അവിടെ കാൺമാനില്ല. എങ്കിലും ചില മന്ത്രവാദികളും മറ്റും ഇപ്പോഴും ആ സ്ഥലത്തു ചെന്ന് അദ്ദേഹത്തെ ധ്യാനിച്ചു വന്ദിക്കുകയും ചില കാര്യസിദ്ധിക്കായി പ്രാർത്ഥിക്കുകയും ചില വഴിപാടുകൾ കഴിക്കുകയും മറ്റും ചെയ്തുവരുന്നുണ്ട്. അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുന്ന മഹാന്മാരെക്കുറിച്ചുള്ള ഭക്തി ജനങ്ങളുടെ ഹൃദയത്തിൽനിന്ന് എളുപ്പത്തിൽ വിട്ടുപോവുകയില്ല. പുളിയാമ്പള്ളി നമ്പൂരിക്കും മറ്റും ഇപ്പോഴും ചിലർ വെള്ളംകൂടി നടത്തിവരുന്നുണ്ടല്ലോ. ഇനി കത്തനാരുടെ അത്ഭുതകർമ്മങ്ങളിൽ ചിലതുകൂടിപ്പറയാം.
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനുഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. ആ യക്ഷി പകൽസമയത്തും സർവ്വാംഗസുന്ദരിയും യുവതിയുമായ ഒരു വേശ്യസ്ത്രീയുടെ വേഷം ധരിച്ച് ആ വഴിയിൽച്ചെന്നു നിൽക്കും. അ വഴിയേ പോക്കുന്നവരോട് ആദ്യംതന്നെ "ഒരിക്കൽ മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു സസ്മിതം ചോദിക്കും. ചുണ്ണാമ്പു കൊടുത്തു കഴിയുമ്പോൾ നർമ്മസല്ലാപം തുടരും. അവളുടെ വാക്കു കേട്ടാൽ മയങ്ങിപ്പോകാത്തവരില്ലായിരുന്നു. അതിനാൽ അവൾ പറഞ്ഞു മയക്കി ഓരോരുത്തരെയും കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. കാട്ടിൽചെന്നാലുടനെ പിടിച്ചു കടിച്ചുകീറി ചോര കുടിക്കുകയും നഖവും ശിഖയുമല്ലാത്തതെല്ലാം ഭക്ഷിക്കുകയും ചെയ്യു. ഇതായിരുന്നു അവളുടെ പതിവ്. ഇങ്ങനെ അവൾ അനേകമാളുകളെ ഭക്ഷിച്ചു. ഇതറിഞ്ഞു ജനങ്ങൾ അതിലേ നടക്കാതായി. അപ്പോൾ ആ യക്ഷി രാത്രികാലങ്ങളിൽ കുടിയിടയിൽ കടന്നും മനുഷ്യരെ പിടിച്ചു ഭക്ഷിച്ചുതുടങ്ങി. അതിനാൽ ജനങ്ങൾ ഏതുവിധവും ഈ യക്ഷിയെ ഇവിടെനിന്ന് ഒഴിച്ചുവിടണമെന്നു വിചാരിച്ച് അനേകം മന്ത്രവാദികളെ വരുത്തി പല വിദ്യകൾ ചെയ്യിച്ചു. അതൊന്നുകൊണ്ടും യതൊരു ഫലവുമുണ്ടായില്ല. ഒടുക്കം ചിലർ കടമറ്റത്തു ചെന്നു കത്തനാരെ കണ്ടു വിവരം പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.
കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു. അതുകേട്ടു കത്തനാർ സന്തോഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു. അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു.
ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.
ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു. അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന്നതിനാൽ അദ്ദേഹം അവിടെ കയറി. യക്ഷിയും കൂടെത്തന്നെ ഉണ്ടായിരുന്നു. ആ വീട് കത്തനാരുടെ മാതുലന്റേതായിരുന്നുവത്ര. അവിടെ അക്കാലത്തു കത്തനാരുടെ മാതുലിയും വയോവൃദ്ധയും വിധവയുമായ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിധവ യക്ഷിയെ കണ്ടിട്ട് "ഇവളേതാണ്" എന്നു ചോദിച്ചു.
കത്തനാർ: ഇവളെ ഇപ്പോൾ ഞാനെന്റെ ദാസിയാക്കിയിരിക്കുകയാണ്, എന്താ ചോദിച്ചത്?
വൃദ്ധ: എനിക്കു സഹായത്തിന് ഇവിടെ ഒരു പെണ്ണുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഇവിടെ ഞാൻമാത്രമല്ലേയുള്ളൂ? അതാണ് ചോദിച്ചത്.
കത്തനാർ: ഓഹോ, വിരോധമില്ല. വേണമെങ്കിൽ ഇവളെ ഇവിടെ താമസിപ്പിച്ചേക്കാം.
ഇതുകേട്ടു വൃദ്ധയ്ക്കു വളരെ സന്തോഷമായി. അവർ ആ യക്ഷിയെ തന്റെ പുത്രിയെപ്പോലെ വാൽസല്യപൂർവം സ്വീകരിച്ചു. ഉടനെ കത്തനാർ കുളിക്കാൻ പോയി. യക്ഷിയും വൃദ്ധയും കുടി ഭക്ഷണത്തിനെല്ലാം കാലമാക്കി. കത്തനാർ കുളിയും ഊണും കഴിഞ്ഞു സ്വല്പമൊന്നു കിടന്നു. വൃദ്ധയും യക്ഷിയും ഊണു കഴിഞ്ഞ് ഓരോ വർത്തമാനങ്ങളും പറഞ്ഞ് അവിടെ വേറൊരു മുറിയിലിരുന്നു. ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു. ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു. വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു. തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു. കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു. രണ്ടുപേരും മാന്നാറിൽ വന്നു ചേർന്നു. കത്തനാർ ആറ്റുകടവിലെത്തിയപ്പോഴേക്കും കടത്തുകാരൻ യക്ഷിയെ ഒരു തോണിയിൽ കയറ്റി "പനയന്നാർകാവിൽ" ക്കടവിലിറക്കിക്കഴിഞ്ഞു. കത്തനാർക്കു പിന്നാലെ എത്തുന്നതിനു തൽക്കാലമവിടെ വേറെ വള്ളമില്ലായിരുന്നു. വള്ളം കിട്ടീട്ട് അതിൽക്കയറി അക്കരെച്ചെലുമ്പോഴേക്കും യക്ഷി അവിടെനിന്നു പൊയ്ക്കളഞ്ഞെങ്കിലോ എന്നു വിചാരിച്ച് കത്തനാർ അവിടെനിന്നുകൊണ്ട് യക്ഷിക്ക് അവിടെനിന്നു പോകാൻ പാടില്ലാത്ത വിധത്തിൽ ഒരു വിദ്യ പ്രയോഗിച്ചു. പിന്നെ അദ്ദേഹം ഒരു വാഴയിൽനിന്നുഒരു തൂശനില മുറിച്ചെടുത്തു വെള്ളത്തിലിട്ട് അതിൽക്കയറി തുഴഞ്ഞ് അക്കരെയിറങ്ങി യക്ഷിയുടെ അടുക്കൽചെന്ന്, "നീ എവിടെപ്പോകുന്നു" നിന്നെ ഞാൻവിട്ടയയ്ക്കുകയില്ല. ജനങ്ങൾക്കു യാതൊരു ഉപദ്രവവും ചെയ്യാതെ ഇവിടെ ഇരുന്നുകൊള്ളമെങ്കിൽ ഞാനങ്ങനെ അനുവദിക്കാം.അല്ലാത്തപക്ഷം നിന്നെ ഞാൻഅറുത്തു ഹോമിക്കും. ഏതാണ് നിനക്കു സമ്മതമെന്നു പറയുക" എന്നു പറഞ്ഞു. അതുകേട്ട് യക്ഷി, " ഞാൻ ആരെയും ഉപദ്രവിക്കാതെ ഇനിയെന്നും ഇവിടെ ഇരുന്നുകൊള്ളാം. എന്നെ സംഹരിക്കരുതെന്നു ഞാനപേക്ഷിക്കുന്നു" എന്നു പറഞ്ഞു. "ഇവിടെ ഇരുന്നുകൊള്ളാമെങ്കിൽ അങ്ങനെ സത്യം ചെയ്യുക" എന്നു കത്തനാർ പറയുകയും യക്ഷി അപ്രകാരം സത്യം ചെയുകയും ചെയ്തു. അന്നുമുതൽ ആ യക്ഷി അവിടെത്തന്നെ താമസമായി. യക്ഷി അദൃശ്യയായിട്ടാണ് അവിടെ താമസിക്കുന്നത്. എങ്കിലും കറുത്തവാവ്, വെള്ളിയാഴച ഇങ്ങനെയുള്ള ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും ചിലർ ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും കത്തുന്ന തീയായിട്ടും മറ്റും ഇപ്പോഴും ചില കാലങ്ങളിൽ കാണാറുണ്ടെന്നാണ് കേൾവി. അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ "പനയന്നാർക്കാവിലെ യക്ഷി"യെന്നും ദേശപ്പേരിനെ അടിസ്ഥാനപ്പെടുത്തിപ്പറയുമ്പോൾ "പരുമലയക്ഷി" എന്നും പറഞ്ഞുവരുന്നു. ആ യക്ഷി അവിടെ വന്നതിൽപിന്നെ ആരെയും ഒരുവിധത്തിലും ഉപദ്രവിച്ചതായി കേട്ടുകേൾവി പോലുമില്ല.
കടമറ്റത്തു കത്തനാരും അക്കാലത്തുണ്ടായിരുന്ന കുഞ്ചമൺമഠത്തിൽ മൂത്തപോറ്റിയും തമ്മിൽ പരിചയമെന്നല്ല, വലിയ സ്നേഹമായിരുന്നു. കുഞ്ചമൺ പോറ്റിമാർ പണ്ടേതന്നെ വലിയ മന്ത്രവാദികളും ചാത്തന്മാരെ സേവിച്ചു വശംവദന്മാരാക്കീട്ടുള്ളവരുമാണെന്നു പ്രസിദ്ധമാണല്ലോ. കത്തനാരും വലിയ മന്ത്രവാദിയായി സഞ്ചരിക്കുമ്പോൾ വഴിയിൽ വച്ചും മറ്റും കത്തനാരും പോറ്റിയും തമ്മിൽ കാണുകയും അപ്പോഴെല്ലാം പോറ്റി കത്തനാരെ മഠത്തിലേക്കു ചെല്ലാനായി ക്ഷണിക്കുകയും പതിവായിരുന്നു.
ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരിക്കൽ കുഞ്ചമൺമഠത്തിലൊന്നു പോകണമെന്നു കത്തനാർ നിശ്ചയിച്ചു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നുവെങ്കിലും സ്വൽപം ഉൾത്തിടുക്കമുണ്ടായിരുന്നു. താൻ ചാത്തന്മാരെ തന്റെ ഭൃത്യന്മാരെപ്പോലെ ആക്കീട്ടുണ്ടല്ലോ എന്നും അതു കത്തനാർക്കു സാധിച്ചിട്ടില്ലല്ലോ എന്നുമായിരുന്നു പോറ്റിയുടെ വിചാരം. ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ വിദ്യകളിൽ പോറ്റിക്കുതന്നോളം നൈപുണ്യമില്ലല്ലോ എന്നൊരു വിചാരം കത്തനാർക്കുമുണ്ടായിരുന്നു. അതിനാൽ കത്തനാർ ഒരു കൗശലം പ്രയോഗിച്ചു. കുഞ്ചമൺപോറ്റി എവിടെയെങ്കിലും വള്ളത്തിലോ ബോട്ടിലോ കയറിപ്പോകുമ്പോൾ ഊന്നാനും തണ്ടുവലിക്കാനും മറ്റും അന്യന്മാർക്കു അദൃശ്യന്മാരായ ചാത്ത ന്മാരാണ് പതിവ്. അതുപോലെ തനിക്കും പോകണമെന്നു നിശ്ചയിച്ച് കത്തനാർ ഒരു വള്ളത്തിൽ കയറി ഊന്നുകാരാരുമില്ലതെ പുറപ്പെട്ടു കുഞ്ചമൺ പോറ്റിയുടെ കടവിൽച്ചെന്നടുത്തു. ആരും ഊന്നുകയും തഴയുകയും മറ്റും ചെയ്യാതെ ഒരു വള്ളം വന്നടുക്കുന്നതു കണ്ടു പോറ്റി കടവിലേക്കു ചെന്നു. അപ്പോൾ കത്തനാർ വള്ളത്തിൽനിന്നു കരയ്ക്കിറങ്ങി. അപ്പോൾ "ഹേ, ഇതെന്താണ് വള്ളക്കാരാരുമില്ലതെ പുറപ്പെട്ടത്?' എന്നു ചോദിച്ചു.അതിനുത്തരമായി കത്തനാർ,"തൽക്കാലം വള്ളക്കാരെ അന്വേഷിച്ചിട്ടു കിട്ടിയില്ല. ഇങ്ങോട്ടു യാത്ര നിശ്ചയിക്കുകയും ചെയ്തു. അതിനാൽ എന്നെ ഇവിടെക്കൊണ്ടിറക്കണെമെന്നു തോണിയോടുതന്നെ പറഞ്ഞിട്ടു ഞാൻ തോണിയിൽ കയറി. തോണി അന്യസഹായംകിട്ടാതെ ഇവിടെ വന്നടുക്കുകയും ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ തോണി തനിയെ നടന്നതു കത്തനാരുടെ ഇന്ദ്രജാലവിദ്യകൊണ്ടാണെന്നും ഇതു തന്നെ ആക്ഷേപിക്കാനായി പ്രയോഗിച്ചതാണെന്നും പോറ്റിക്കു മനസ്സിലായി. എങ്കിലും പിന്നെയൊന്നും അദ്ദേഹം പറഞ്ഞില്ല.
ഉടനെ പോറ്റി കത്തനാർക്കു കുളിക്കാനും ഉണ്ണാനും വേണ്ടതെല്ലാം ചട്ടംകെട്ടിക്കൊടുത്തു. ഭക്ഷണാനന്തരം സ്വൈരസല്ലാപം ചെയ്തുകൊണ്ടു രണ്ടുപേരുംകൂടി നേരം നാലഞ്ചുനാഴിക പകലാവുന്നതുവരെ അവിടെയി രുന്നു. അതിന്റെ ശേഷം കത്തനാർ, "നേരം വൈകിത്തുടങ്ങിയല്ലോ, എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അതിനനുവാദം തരണം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "ഞാൻ പലപ്രാവശ്യമപേക്ഷിചിട്ടാണ് കത്തനാരിവിടെ വന്നത്. ഒരു നാലു ദിവസമെങ്കിലും താമസിക്കാതെ ഇന്നുതന്നെ പോകുന്നതു വലിയ സങ്കടമാണ്. എനിക്കു കത്തനാരോടു ചോദിച്ചു ചില സംഗതികൾ അറിയാനുണ്ട്. അതിനാൽ നിവൃത്തിയുണ്ടെങ്കിൽ രണ്ടു ദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടു പോയാൽക്കൊള്ളാം. അതിനു സൗകര്യയമില്ലെങ്കിൽ ഞാനൊന്നും പറയുന്നില്ല. ഇഷ്ടംപോലെ ചെയ്യുക. അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു വളരെ നിർബന്ധിച്ചു. എങ്കിലും "ഇന്നു പോകാതിയിരിക്കാൻ നിവൃത്തിയില്ല. ചങ്ങനാശ്ശേരിയിൽ ഒരു സ്ഥലത്ത് ഇന്ന് എത്തിക്കൊള്ളമെന്നു ഞാൻ തീർച്ചയായി പറഞ്ഞിട്ടുണ്ട്. അങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്. താമസിയാതെ ഞാൻഇനിയും ഇവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞ് കത്തനാർ യാത്രയായി. കടവുവരെ അനുയാത്രയായി പോറ്റിയും വന്നു. അപ്പോൾ കത്തനാരുടെ വള്ളം അവിടെ ഇല്ലായിരുന്നു. "ഓ, നമ്മുടെ വള്ളമിവിടെ കാണുന്നില്ലല്ലോ" എന്നു പറഞ്ഞു കത്തനാർ നാലു പുറത്തേക്കും മേൽപ്പോട്ടും നോക്കി. അപ്പോൾ വള്ളം കടവിനടുത്തു നിന്നിരുന്ന ഒരു വലിയ മാവിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് 'ഇത് പോറ്റി തന്നെ അവമാനിക്കാനായി തന്റെ ചാത്തന്മാരെക്കൊണ്ടു ചെയ്യിച്ച വിദ്യയാണ്' എന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് കത്തന്നാർ, "ഇതാ എന്റെ തോണി ഈ മാവിന്റെ മുകളിലിരിക്കുന്നു. ഇവിടുത്തെക്കടവിലാണ് ഞാൻ തോണിയിട്ടിരുന്നത്. അതിനാൽ അതു താഴെ ഇറക്കിച്ചു തരാനുള്ള ചുമതല ഇവിടേക്കാണ്" എന്നു പോറ്റിയോടു പറഞ്ഞു.
പോറ്റി: മാവിന്റെ മുകളിലിരിക്കുന്ന വള്ളം താഴെ ഇറക്കിച്ചുതരാൻ ഞാൻ വിചാരിച്ചാൽ സാധിക്കയില്ല. അതു കത്തനാർതന്നെ എങ്ങനെയെങ്കിലും ഇറക്കിച്ചുക്കൊണ്ടുപൊയ്ക്കൊള്ളണം.
കത്തനാർ: ഉപായമൊന്നും പറയേണ്ട. സംഗതിയൊക്കെ എനിക്കറിയാം. തോണി താഴെ ഇറക്കിച്ചു തരാത്തപക്ഷം അന്തർജ്ജനങ്ങൾ വസ്ത്രമുടുക്കാതെ വെളിയിലിറങ്ങി വന്ന്, മാവിന്മേൽക്കയറി, തോണിയെടുത്തു താഴെ കൊണ്ടുവരാനുള്ള വിദ്യ ഞാൻ പ്രയോഗിക്കും. അതു കൂടാതെ കഴിക്കുകയല്ലേ നല്ലത്?
പോറ്റി: കത്തനാർ വിചാരിച്ചാൽ അതു സാധിക്കുമോ?
കത്തനാർ: പരീക്ഷിച്ചു നോക്കാം.
കത്തനാരും പോറ്റിയും തമ്മിൽ ഇത്രയും സംഭാഷണം കഴിഞ്ഞപ്പോഴേക്കും അവിടെയുണ്ടായിരുന്ന അന്തർജ്ജങ്ങൾ വിവസ്ത്രകളായി പുറത്തേക്കു വന്നു തുടങ്ങി. അതു കണ്ടു പോറ്റി, "അയ്യോ, എന്റെ കത്തനാരെ, എന്നെ അവമാനിക്കരുതേ, ഞാനിപ്പോൾ വള്ളമിറക്കിച്ചു തരാം" എന്നു പറയുകയും ചാത്തന്മാരെകൊണ്ടു വള്ളമിറക്കിച്ച് അതു കിടന്നിരുന്ന സ്ഥലത്താക്കിച്ചു കൊടുക്കുകയും ഉടനെ അന്തർജ്ജനങ്ങ ളെല്ലാം അകത്തേക്കുതന്നെ പോവുകയും ചെയ്തു. അപ്പോൾത്തന്നെ കത്തനാരും പോറ്റിയും ഇനി ഒരിക്കലും തമ്മിൽതമ്മിൽ മൽസരിക്കില്ലെന്നും യോജിപ്പോടും സ്നേഹത്തോടുംകൂടിയിരുന്നുകൊള്ളാമെന്നും പരസ്പരം കൈ പിടിച്ചു സത്യം ചെയ്തു. രണ്ടുപേരും ആജീവനാന്തം അങ്ങനെതന്നെ ഇരിക്കുകയും ചെയ്തു.
ഒരിക്കൽ യെറുശലേമിൽനിന്നോ മറ്റോ ഒരു ബാവ മലയാളരാജ്യം സന്ദർശിക്കുന്നതിനായി വന്നിരുന്നു. അദ്ദേഹം പല സ്ഥലങ്ങളിൽ സഞ്ചരിച്ച കൂട്ടത്തിൽ ഒരു ദിവസം കടമറ്റത്തു പള്ളിയിൽ വന്നുചേർന്നു. അപ്പോൾ കത്തനാർ ചില സാധനങ്ങൾ കാഴ്ചവച്ച് ബാവായെ വന്ദിച്ചു. കാഴ്ചവച്ച സാധനങ്ങൾ യൂറോപ്പുരാജ്യങ്ങളിലല്ലാതെ മലയാളത്തിൽ കിട്ടാത്തവയായിരുന്നു. അതിനാൽ അവ കണ്ട് ബാവാ ഏറ്റവും സന്തോഷിക്കുകയും വിസ്മയിക്കുകയും "ഈ കൂട്ടത്തിൽ പച്ചമുന്തിരിങ്ങക്കുലകൂടി ആകാമായിരുന്നു. അത് ഈ ദിക്കിൽ സുലഭമായിരിക്കുമല്ലോ" എന്നു പറയുകയും ചെയ്തു.
അപ്പോൾ കത്തനാർ, "ഇവിടെ സുലഭമല്ലാതെ ഒന്നുമില്ല, പച്ചമുന്തിരിങ്ങാക്കുല എത്രവേണമെങ്കിലും ഉണ്ടാകും. ഒരു മുന്തിരിങ്ങാപ്പഴം കുഴിച്ചിട്ടാൽ ഒരു മാത്ര കഴിയുന്നതിനു മുമ്പ് പച്ചമുന്തിരിങ്ങാക്കുല പറിക്കാം" എന്നു പറഞ്ഞു. ഇതു കേട്ടു ബാവാ, "എന്നാൽ അതൊന്നു കണ്ടാൽക്കൊള്ളാം" എന്നു പറയുകയും ഉടനെ കത്തനാർ ഒരു മുന്തിരിങ്ങാപ്പഴം പള്ളിമുറ്റത്തു കുഴിച്ചിടുകയും മാത്രയ്ക്കു മുമ്പ് അത് മുളച്ചു പടർന്ന് അസംഖ്യം മുന്തിരിങ്ങാക്കുലകളുണ്ടാവുകയും ചെയ്തു. ബാവാ അതു കണ്ടു പൂർവാധികം വിസ്മയിച്ച് ഒരു പച്ച മുന്തിരിങ്ങാക്കുല പറിച്ചെടുത്തു പരീക്ഷിച്ചു നോക്കിയതിൽ കാഴ്ചയിലും സ്വാദിലും യാതൊരു വ്യത്യാസുവുമുണ്ടായിരുന്നില്ല.
ബാവാ പള്ളിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ ആരോ ഒരാൾ, കത്തനാർ വലിയ മാന്ത്രികനും ഇന്ദ്രജാലക്കാരനുമാണെന്നും അദ്ദേഹം പച്ചമുന്തിരിങ്ങായുണ്ടാക്കിയത് ഇന്ദ്രജാലംകൊണ്ടാണെന്നും കത്തനാരുടെ വാസസ്ഥലത്ത് അനേകം മന്ത്രവാദഗ്രന്ഥങ്ങളുണ്ടെന്നും മറ്റും ബാവായെ ഗ്രഹിപ്പിച്ചു. ഉടനെ ബാവാ കത്തനാരുടെ വാസസ്ഥലത്തു ചെന്ന് അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാമെടുപ്പിച്ചു തീയിലിട്ടു ചുടുവിച്ചു. അപ്പോൾ ആ ഗ്രന്ഥങ്ങളെലാം പക്ഷികളെപ്പോലെ പറന്ന് ആകാശമാർഗ്ഗത്തിങ്കൽപ്പോയി നിന്നു. ബാവായും കൂട്ടരും വളരെ ശ്രമിച്ചിട്ടും അതിലൊരു ഗ്രന്ഥം പോലും നശിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുക്കം ബാവാ കത്തനാരെ അടുക്കൽ വിളിച്ച്, "എന്റെ മക്കളെ, ഈവക വിദ്യകളൊന്നും ക്രിസ്ത്യാനികൾക്കു ചേർന്നതല്ല. അതിനാൽ നീ ഇനി മേലാൽ മന്ത്രവാദവും മറ്റും ചെയ്യരുത്" എന്നു പറഞ്ഞു. അപ്പോൾ കത്തനാർ, " ഞാൻ ദൈവത്തെ മറന്നും ജനങ്ങൾക്കു ഉപദ്രവമായും യാതൊന്നും ചെയ്യാറില്ല. മേലാൽ ചെയ്യുകയുമില്ല. പഠിച്ച വിദ്യ ജനോപകാരാർത്ഥമായി ചെയ്യരുതെന്നു കൽപ്പിക്കുന്നതു സങ്കടമാണ്. ജനങ്ങൾക്കു ഉപദ്രവകരമല്ലാ ത്തതെല്ലാം ചെയ്തുകൊള്ളുന്നതിനു കൽപ്പിച്ചനുവദിക്കണം" എന്നാണ് മറുപടി പറഞ്ഞത്. വളരെ വാദപ്രതിവാദങ്ങൾ കഴിഞ്ഞതിന്റെ ശേഷം യഥേഷ്ടം എന്തുംചെയ്തുകൊള്ളുന്നതിന് അനുവദിച്ചു കത്തനാരെ അനുഗ്രഹിച്ചിട്ട് ബാവാ അവിടെ നിന്നു പോവുകയും ചെയ്തു.
ഒരിക്കൽ ലന്തക്കാരുടെ ഉപദ്രവം ദുസ്സഹമായിത്തിരുകയാൽ അന്നു നാടുവാണിരുന്ന കൊച്ചിത്തമ്പുരാൻ കടമറ്റത്തു കത്തനാർക്ക് ആളയച്ചു കോവിലകത്തു വരുത്തി വിവരം കൽപ്പിച്ചപ്പോൾ കത്തനാർ ഒരമ്പു ജപിച്ചു കൊടുത്തിട്ട് "ഈ അമ്പ് എയ്തു ലന്തക്കാരുടെ പാളയത്തിൽ വീഴിച്ചാൽ ഇവിടേക്കുള്ള ഉപദ്രവമൊഴിയും" എന്നു പറയുകയും തമ്പുരാൻ ആ അമ്പ് ഒരു ഭടനെക്കൊണ്ടെയ്യിച്ചു ലന്തക്കാരുടെ പാളയത്തിൽ വീഴിക്കയും അപ്പോൾമുതൽ ലന്തപ്പടയാളികൾക്കു ബുദ്ധിഭ്രമമാരംഭിക്കുകയും അവർ പരസ്പരം വെട്ടിയും കുത്തിയും എല്ലാവരും മരിക്കുകയും അങ്ങനെ കൊച്ചിത്തമ്പുരാനു നേരിട്ടിരുന്ന ഉപദ്രവം ശമിക്കുകയും ചെയ്തു.
ചില ക്ഷേത്രസന്നിധിയിലും മറ്റും വഴിപാടായിട്ടോ വിനോദത്തിനായിട്ടൊ "പടേണി" എന്നൊരു കളി ഇപ്പോഴും നടപ്പുണ്ടലോ. അതിൽ സംഘ ക്കളിയിലും മറ്റുമുള്ളതുപോലെ പല വേഷങ്ങൾ കെട്ടിവരിക പതിവാണ്. അക്കൂട്ടത്തിൽ മുൻകാലങ്ങളിൽ ഒരു കത്തനാരുടെ വേഷംകൂടി പതിവുണ്ടായിരുന്നു. ഒരിക്കൽ കടമറ്റത്തു കത്തനാർ എവിടെയോ പോയി വരുന്ന സമയം ഒരു പടേണി കാണുന്നതിനിടയായി. ഒരാൾ ഒരു കത്തനാരുടെവേഷം ധരിച്ച അരങ്ങത്തു വന്നു ചില ഗോഷ്ടികൾ കാണിക്കുകയും ചില അസഭ്യങ്ങൾ പറയുകയും മറ്റും ചെയുന്നതാണ് അദ്ദേഹം കണ്ടത്. ഉടനെ അദ്ദേഹം എന്തോ ഒരു വിദ്യ പ്രയോഗിക്കുകയാൽ കത്തനാരുടെ വേഷം ധരിച്ചിരുന്നയാൾ ബോധരഹിതനായി മുഷ്ടി ചുരുട്ടി തന്നത്താൻ മാറ ത്തടിച്ചു തുടങ്ങി. പടേണിക്കാർ വിചാരിച്ചിട്ട് ഭേദപ്പെടുത്താൻ കഴിഞ്ഞില്ല കത്തനാരുടെ വേഷം ധരിച്ചയാൾ തന്നത്താനടിച്ചു മരിക്കുമെന്നുള്ള ദിക്കായി. അപ്പോൾ കടമറ്റത്തു കത്തനാർ അവിടെ അടുത്തൊരു സ്ഥലത്തു വന്നിരിക്കുന്നുണ്ടെന്നും, അദ്ദേഹം എന്തോ ചെയ്തിട്ടാണ് ഈ വേഷക്കാരൻ ഇപ്രകാരം ചെയ്യുന്നതെന്നും പടേണിക്കാർക്കു മനസ്സിലായി. അവരെല്ലാം കൂടി കത്തനാരുടെ അടുക്കൽ ചെന്നു കാൽക്കൽ വീണു നമസ്കരിച്ചിട്ടു ക്ഷമായാചന ചെയ്തു. മേലാൽ പടേണികളിൽ കത്തനാരുടെ വേഷം കെട്ടുകയില്ലെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിച്ചിട്ട് കത്തനാർ എന്തോ ചെയ്ത് ആ വേഷക്കാരനെ സ്വസ്ഥനാക്കിത്തീർത്തു. അന്നുമുതൽ പടേണിക്കാർ കത്തനാരുടെ വേഷം ധരിക്കാതെയുമായി.
ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ കടമറ്റത്തു കത്തനാരുടെ അത്ഭുതകർമ്മങ്ങൾ അസംഖ്യമുണ്ട്. അവയെല്ലാം പറഞ്ഞുതീർക്കാൻ ആരാലും സാധിക്കുന്നതല്ല. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ കത്തനാർ അസാമാന്യനായ ഒരു മാന്ത്രികനായിരുന്നെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.
പുരാതനന്മാരായ മഹർഷിമാർ, മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലയി അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ടല്ലോ. അതുപോലെ കടമറ്റത്തു കത്തനാരും അസംഖ്യം മന്ത്രവാദഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയെല്ലാം ഒരുമാതിരി ഭാഷയിലാണെന്നേയുള്ളു.