Jump to content

എന്റെ അമ്മ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
എന്റെ അമ്മ

രചന:പി. പദ്മനാഭപിള്ള

രിങ്ങു പാൽതന്നു വളർത്തിയെന്നെ -
ത്താരാട്ടി കൈത്താരിലണച്ചു മോദാൽ?
മാധുര്യമേറീടിന ചുംബനങ്ങ -
ളാരേകിനാളെന്റെ കവിൾത്തടത്തിൽ
                                           -എന്റെ അമ്മ

ഉറക്കമെൻ കണ്ണുകളെ ത്യജിച്ചു
ഗമിച്ചിടുന്നേരമെടുത്തു കൈയിൽ ;
ആരുറ്റ മാധുര്യമിയന്ന പാട്ടാൽ
ത്താരാട്ടിയെന്നെക്കരയാതിരിപ്പാൻ?
                                          -എന്റെ അമ്മ

ഞാൻ വീണിടുമ്പോളതിസംഭ്രമം പൂ-
ണ്ടാരോടിവന്നെന്നെയെടുത്തു വേഗാൽ
സാരസ്യമേറും കഥ ചൊല്ലിയുമ്മ
വെച്ചീടിനാൾ വേദന പോക്കുവാനായ്?
                                          -എന്റെ അമ്മ

എന്നോടിവണ്ണം ദയ കാട്ടിയോരു
നിന്നോടെനിക്കൊറ്റ വിനാഴികയ്ക്കും
കുന്നിച്ചിടും സ്നേഹദയാദിയെല്ലാം
കുന്നിക്കുപാലും കുറയുന്നതാണേ?

വയ്യേ സഹിക്കുന്നതിനാവിചാരം;
ആയുസ്സെനിക്കീശ്വരനേകുമെങ്കിൽ
നീയെന്നെ രക്ഷിച്ചതിനായി ഞാനു-
മായോണമേകാമുചിതോപകാരം

ക്ഷീണിച്ചു നീ വൃദ്ധതയാർന്നിടുമ്പോൾ
പ്രീണിച്ചു ഞാനെൻ ബലമുള്ള കൈയാൽ
പാലിച്ചിടും നിന്നെ നിനക്കുദിക്കും
ദീനങ്ങളെ ദൂരെയുടൻ തുരത്തും.

കിടപ്പിലായാലരികത്തിരുന്നു
പടുത്വമോടെ പരിചര്യ ചെയ്‍വൻ
കടുത്തിടും സ്നേഹഗുണത്തിനാൽ ഞാൻ
തുടുത്ത കണ്ണീർ തുടരെപ്പൊഴിക്കും.

"https://ml.wikisource.org/w/index.php?title=എന്റെ_അമ്മ&oldid=83190" എന്ന താളിൽനിന്ന് ശേഖരിച്ചത്