Jump to content

ഈസോപ്പ് കഥകൾ/വവ്വാലും കീരികളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
വവ്വാലും കീരികളും

മരത്തിൽ നിന്നും താഴെ വീണ ഒരു വവ്വാൽ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ്. തന്നെ കൊല്ലരുതെന്ന് അവൻ കിരീയോട് കേണപേക്ഷിച്ചു. അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു "എല്ലാ പക്ഷികളും എന്റെ ജന്മ ശത്രുക്കളാണ്"

അയ്യോ ഞാൻ പക്ഷിയല്ല ഞാനൊരെലിയാണ് " എന്ന് വവ്വാൽ പറഞ്ഞപ്പോൾ അത് ശരിയാണെന്നു തോന്നിയ കീരി അവനെ വെറുതെ വിട്ടു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ വവ്വാൽ മറ്റൊരു കീരിയുടെ കൈയ്യിലകപ്പെട്ടു. വീണ്ടും ജീവനു വേണ്ടി കേണപ്പോൾ ആ കീരി പറഞ്ഞു "എലികൾ പണ്ടേ എന്റെ ജന്മ ശത്രുക്കളാണ്"

"അയ്യോ ഞാൻ എലിയല്ല ഞാൻ കിളിയാണ് "എന്നു പറഞ്ഞ വവ്വാൽ രണ്ടാമതും രക്ഷപ്പെട്ടു.

ഗുണപാഠം: പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിലാണ് യഥാർത്ഥ സാമർത്ഥ്യം