Jump to content
Reading Problems? Click here



ഇന്ദുലേഖ/ഒന്നാം അച്ചടിപ്പിന്റെ അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
ഒന്നാം അച്ചടിപ്പിന്റെ അവതാരിക

അവതാരിക

[തിരുത്തുക]

ഒന്നാം അച്ചടിപ്പിന്റെ അവതാരിക

[തിരുത്തുക]

1886 ഒടുവിൽ കോഴിക്കോടു വിട്ടമുതൽ ഞാൻ ഇംക്ലീഷു് നോവൽപുസ്തകങ്ങൾ അധികമായി വായിപ്പാൻ തുടങ്ങി. ഗവർമ്മെണ്ട് ഉദ്യോഗമൂലമായ പ്രവൃത്തി ഇല്ലാതെ വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്ന എല്ലാ സമയത്തും നോവൽവായനകൊണ്ടു തന്നെ കാലക്ഷേപമായി. ഇതു നിമിത്തം സാധാരണ ഞാനുമായി സംസാരിച്ചു വിനോദിച്ചു സമയം കഴിക്കുന്ന എന്റെ ചില പ്രിയപ്പെട്ട ആളുകൾക്കു കുറെ കുണ്ഠിതം ഉണ്ടായതായി കാണപ്പെട്ടു. അതുകൊണ്ടു ഞാൻ നോവൽവായനയെ ഒട്ടും ചുരുക്കിയില്ലെങ്കിലും ഇവരുടെ പരിഭവം വേറെ വല്ലവിധത്തിലും തീർക്കാൻ കഴിയുമോ എന്നു ശ്രമിച്ചു. ആ ശ്രമങ്ങളിൽ ഒന്നു് ചില നോവൽബുക്കു വായിച്ചു കഥയുടെ സാരം ഇവരെ മലയാളത്തിൽ തർജ്ജമചെയ്തു ഗ്രഹിപ്പിക്കുന്നതായിരുന്നു. രണ്ടുമൂന്നു നോവൽബുക്കുകൾ അവിടവിടെ ഇങ്ങിനെ തർജ്ജമചെയ്തു പറഞ്ഞുകേട്ടതിൽ ഇവർ അത്ര രസിച്ചതായി കാണപ്പെട്ടില്ല. ഒടുവിൽ ദൈവഗത്യാ ലോർഡു് ബീൻസു് ഫീൽഡു് ഉണ്ടാക്കിയ ‘ഹെൻറിയിട്ട് ടെംപൾ’ എന്ന നോവൽ ഇവരിൽ ഒരാൾക്കു രസിച്ചു. അതുമുതൽ ആ ആൾക്കു നോവൽ വായിച്ചു കേൾക്കാൻ ബഹുതാൽപര്യം തുടങ്ങി. ക്രമേണ കലശലായിത്തീർന്നു. തർജ്ജമ പറഞ്ഞുകേൾക്കേണമെന്നുള്ള തിരക്കിനാൽ എനിക്കു സ്വൈരമായി ഒരു ബുക്കും വായിപ്പാൻ പലപ്പോഴും നിവൃത്തിയില്ലാതെ ആയിവന്നു. ചിലപ്പോൾ വല്ല ‘ലോബുക്കും’ താനെ ഇരുന്നു വായിക്കുമ്പോൾക്കൂടി അതു “നോവൽ ആണു്, തർജ്ജമ പറയണം,” എന്നു പറഞ്ഞു ശാഠ്യം തുടങ്ങി. ഏതെങ്കിലും, മുമ്പുണ്ടായിരുന്ന പരിഭവം തീർക്കാൻ ശ്രമിച്ചതു വലിയ തരക്കേടായിത്തീർന്നു എന്നു് എനിക്കുതന്നെ തോന്നി. ഒടുവിൽ ഞാൻ മേൽപറഞ്ഞ ബീ ൻസു് ഫീൽഡിന്റെ നോവൽ ഒന്നു തർജ്ജമ ചെയ്തു് എഴുതിക്കൊടുക്കണമെന്നു് ആവശ്യപ്പെട്ടു. ഇതിനു് ഞാൻ ആദ്യത്തിൽ സമ്മതിച്ചു. പിന്നെ കുറെ തർജ്ജമചെയ്തുനോക്കിയപ്പോൾ അങ്ങനെ തർജ്ജമചെയ്യുന്നതു കേവലം നിഷ്പ്രയോജനമാണെന്നു് എനിക്കു തോന്നി. ഇംക്ലീഷു് അറിഞ്ഞുകൂടാത്ത, എന്റെ ഇഷ്ടജനങ്ങളെ ഒരു ഇംക്ലീഷു് നോവൽ വായിച്ചു തർജ്ജമയാക്കി പറഞ്ഞു് ഒരുവിധം ശരിയായി മനസ്സിലാക്കാൻ അത്ര പ്രയാസമുണ്ടെന്നു് എനിക്കു തോന്നുന്നില്ല. എന്നാൽ തർജ്ജമയായി എഴുതി കഥയെ ശരിയായി ഇവരെ മനസ്സിലാക്കാൻ കേവലം അസാദ്ധ്യമാണെന്നു് എന്നു ഞാൻ വിചാരിക്കുന്നു. തർജ്ജമയായി എഴുതിയതു വായിക്കുമ്പോൾ ആ എഴുതിയതു മാത്രമേ മനസ്സിലാകയുള്ളു. അതു കൊണ്ടു മതിയാകയില്ല. ഇംക്ലീഷിന്റെ ശരിയായ അർത്ഥം അപ്പപ്പോൾ തർജ്ജമയായി പറഞ്ഞു മനസ്സിലാക്കുന്നതാണെങ്കിൽ ഓരോ സംഗതി തർജ്ജമചെയ്തു പറയുന്നതോടുകൂടി അതിന്റെ വിവരണങ്ങൾ പലേ ഉപസംഗതികളെക്കൊണ്ടു് ഉദാഹരിച്ചും വാക്കുകളുടെ ഉച്ചാരണഭേദങ്ങൾകൊണ്ടും ഭാവംകൊണ്ടും മറ്റും കഥയുടെ സാരം ഒരുവിധം ശരിയായി അറിയിപ്പാൻ സാധിക്കുന്നതാണു്. അങ്ങിനെയുള്ള വിവരണങ്ങളും പരിഭാഷകളും ഉപസംഗതികളും മറ്റും നേർതർജ്ജമയായി എഴുതുന്നതിൽ ചേർത്താൽ ആകപ്പാടെ തർജ്ജമ വഷളായി വരുമെന്നുള്ളതിനു സംശയമില്ലാത്തതാകുന്നു. പിന്നെ ഇംക്ലീഷു് നോവൽ പുസ്തകങ്ങളിൽ ശൃംഗാരസപ്രധാനമായ ഘട്ടങ്ങൾ മലയാള ഭാഷയിൽ നേർ തർജ്ജമയാക്കി എഴുതിയാൽ വളരെ ഭംഗിയുണ്ടാകയില്ല. ഈ സംഗതികളെ എല്ലാംകൂടി ആലോചിച്ചു് ഒരു നോവൽബുക്കു് ഏകദേശം ഇംക്ലീഷു് നോവൽബുക്കുകളുടെ മാതിരിയിൽ മലയാളത്തിൽ എഴുതാമെന്നു് ഞാൻ നിശ്ചയിച്ചു് എന്നെ ബുദ്ധിമുട്ടിച്ചാളോടു വാമത്തം ചെയ്തു. ഈ കരാർ ഉണ്ടായതു് കഴിഞ്ഞ ജനുവരിയിലാണു്. ഓരോ സംഗതി പറഞ്ഞു് ജൂൺമാസം വരെ താമസിച്ചു. പിന്നെ ബുദ്ധിമുട്ടു നിവൃത്തിയില്ലാതെ ആയി. ജൂൺ 11–ാം തീയതി മുതൽ ഈ ബുക്കു ഞാൻ എഴുതിത്തുടങ്ങി: ആഗസ്റ്റു് 17–ാം തീയതി അവസാനിപ്പിച്ചു. ഇങ്ങിനെയാണു് ഈ പുസ്തകത്തിന്റെ ഉത്ഭവത്തിനുള്ള കാരണം. ഈമാതിരി ഒരു ബുക്കിനെപ്പറ്റി എന്റെ നാട്ടുകാർക്കു് എന്തു് അഭിപ്രായമുണ്ടാവുമോ എന്നു ഞാൻ അറിയുന്നില്ല. ഇംക്ലീഷു് അറിവില്ലാത്തവർ ഈ മാതിരിയിലുള്ള കഥകൾ വായിച്ചിക്കാൻ എടയില്ല. ഈവക കഥകളെ ആദ്യമായി വായിക്കുമ്പോൾ അതുകളിൽ അഭിരുചി ഉണ്ടാവുമോ എന്നു സംശയമാണു് .

ഈ പുസ്തകം ഞാൻ എഴുതുന്നകാലം ഇംക്ലീഷു് പരിജ്ഞാനമില്ലാത്ത എന്റെ ചില സ്നേഹിതന്മാർ എന്നോടു്, എന്തു സംഗതിയെപ്പറ്റിയാണു് പുസ്തകം എഴുതുന്നതെന്നു ചോദിച്ചിട്ടുണ്ടായിരുന്നു. ഇതിൽ ഒന്നുരണ്ടാളോടു ഞാൻ സൂക്ഷ്മസ്ഥിതി പറഞ്ഞതിൽ അവർക്കു് എന്റെ ഈ ശ്രമം വളരെ രസിച്ചതായി എനിക്കു തോന്നീട്ടില്ല — “ഇതെന്തു സാരം—ഇതിന്നാണു് ഇത്ര ബുദ്ധിമുട്ടുന്നത്—യഥാർത്ഥത്തിൽ ഉണ്ടാവാത്ത ഒരു കഥ എഴുതുന്നതുകൊണ്ടു് എന്തു പ്രയോജനം?” എന്നു് ഇതിൽ ഒരാൾ പറഞ്ഞതായി ഞാൻ അറിയും. എന്നാൽ ഇതിന്നു സമാധാനമായി എനിക്കു പറവാനുള്ളതു് ഒരു സംഗതി മാത്രമാണു്. ലോകത്തിൽ ഉള്ള പുസ്തകങ്ങളിൽ അധികവും കഥകളെ എഴുതീട്ടുള്ള പുസ്തകങ്ങളാണു്. ഇതുകളിൽ ചിലതിൽ ചരിത്രങ്ങൾ എന്നു പറയപ്പെടുന്നതും യഥാർത്ഥത്തിൽ ഉണ്ടായതെന്നു വിശ്വസിപ്പെടുന്നതും ആയ കഥകൾ അടങ്ങിയിരിക്കുന്നു. ഇതു കഴിച്ചു മറ്റുള്ള ബുക്കുകളിൽ കാണപ്പെടുന്ന കഥകൾ എല്ലാം യഥാർത്ഥത്തിൽ നടന്നതാണെന്നു വിശ്വസിക്കപ്പെടാത്തതോ സംശയിക്കപ്പെടുന്നതോ ആയ കഥകളാകുന്നു. എന്നാൽ സാധാരണയായി കഥകൾ വാസ്തവത്തിൽ നടന്നതായാലും, അല്ലെങ്കിലും, കഥകൾ പറഞ്ഞിട്ടുള്ളതിന്റെ ചാതുര്യംപോലെ മനുഷ്യർക്കു് രസിക്കുന്നതായിട്ടാണു് കാണപ്പെടുന്നതു്. അല്ലെങ്കിൽ ഇത്ര അധികം പുസ്തകങ്ങൾ ഈവിധം കഥകളെക്കൊണ്ടു ചമയ്ക്കപ്പെടുവാൻ സംഗതി ഉണ്ടാവുന്നതല്ല. കഥ വാസ്തവത്തിൽ നടന്നതോ അല്ലയോ എന്നുള്ള സൂക്ഷ്മവിചാരം, അറിവുള്ളവർ ഈവക ബുക്കുകളെ വായിക്കുമ്പോൾ ചെയ്യുന്നതേ ഇല്ല . കവനത്തിന്റെ ചാതുര്യം, കഥയുടെ ഭംഗി ഇതുകൾ മനുഷ്യരുടെ മനസ്സിനെ ലയിപ്പിക്കുന്നു. നല്ല ഭംഗിയായി എഴുതീട്ടുള്ള ഒരു കഥയെ ബുദ്ധിക്കു രസികത്വമുള്ള ഒരുവൻ വായിക്കുമ്പോൾ ആ കഥ വാസ്തവത്തിൽ ഉണ്ടാവാത്ത ഒരു കഥയാണെന്നുള്ള പൂർണ്ണബോദ്ധ്യം അവന്റെ മനസ്സിന്നു് എല്ലായ്പ്പോഴും ഉണ്ടെങ്കിലും, ആ കഥയിൽ കാണിച്ച സംഗതികൾ, അവകൾ വാസ്തവത്തിൽ ഉണ്ടായതായി അറിയുമ്പോൾ അവന്റെ മനസ്സിന്നു് എന്തെല്ലാം സ്തോഭങ്ങളെ ഉണ്ടാക്കുമോ ആ സ്തോഭങ്ങളെത്തന്നെ നിശ്ചയമായി ഉണ്ടാക്കുമെന്നുള്ളതിനു സംശയമില്ല. എത്ര ഗംഭീരബുദ്ധികളായ വിദ്വാന്മാർ തങ്ങൾ വായിക്കുന്ന കഥ വാസ്തവത്തിൽ ഉണ്ടായതല്ലെന്നുള്ള ബോദ്ധ്യത്തോടുകൂടിത്തന്നെ ആ കഥകളിൽ ഓരോ ഘട്ടങ്ങൾ വായിക്കുമ്പോൾ ആ ഗ്രന്ഥകർത്താവിന്റെ പ്രയോഗസാമർത്ഥ്യത്തിന്നനുസരിച്ചു രസിക്കുന്നു. ഈവക പുസ്തകങ്ങളിൽ ചില ദുഃഖരസപ്രധാനമായ ഘട്ടങ്ങൾ വായിക്കുമ്പോൾ എത്ര യോഗ്യരായ മനുഷ്യർക്കു മനസ്സു വ്യസനിച്ചു കണ്ണിൽനിന്നു ജലം താനെ ഒഴുകിപ്പോവുന്നു. ഹാസ്യരസപ്രധാനമായ ഘട്ടങ്ങൾ വായിച്ചു് എത്ര മനുഷ്യർ ഒറക്കെ ചിരിച്ചുപോവുന്നു. ഇതെല്ലാം സാധാരണ അറിവുള്ളാളുകളുടെ ഇടയിൽ ദിവസംപ്രതി ഉണ്ടായിക്കാണുന്ന കാര്യങ്ങളാണു്. ഈവക കഥകൾ ഭംഗിയായി എഴുതിയാൽ സാധാരണ മനുഷ്യന്റെ മനസ്സിനെ വിനോദിപ്പിക്കുവാനും മനുഷ്യർക്കു് അറിവുണ്ടാക്കുവാനും വളരെ ഉപയോഗമുള്ളതാണെന്നു് ഞാൻ വിചാരിക്കുന്നു. അതുകൊണ്ടു കഥ വാസ്തവത്തിൽ നടക്കാത്തതാകയാൽ പ്രയോജനമില്ലാത്തതാണെന്നു പറയുന്നതു ശരിയല്ലെന്നാണു് എനിക്കു തോന്നുന്നു. ആ കഥ എഴുതിയമാതിരി ഭംഗിയായിട്ടുണ്ടോ എന്നു മാത്രമാണു് ആലോചിച്ചു നോക്കേണ്ടതു്. എന്റെ മറ്റൊരു സ്നേഹിതൻ ഇയ്യിടെ ഒരു ദിവസം ഞാൻ ഈ പുസ്തകത്തിന്റെ അച്ചടി പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഈ ബുക്കു് എന്തു സംഗതിയെപ്പറ്റിയാണു് എന്നു് എന്നോടു ചോദിച്ചു. പുസ്തകം അടിച്ചുതീർന്നാൽ ഒരു പകർപ്പു് അദ്ദേഹത്തിന്നു് അയച്ചുകൊടുക്കാമെന്നും അപ്പോൾ സംഗതി മനസ്സിലാവുമെന്നും മാത്രം ഞാൻ മറുവടി പറഞ്ഞു. അതിനു് അദ്ദേഹം എന്നോടു മറുവടി പറഞ്ഞ വാക്കുകൾ ഇവിടെ ചേർക്കുന്നു. “സയൻസു് എന്നു പറയപ്പെടുന്ന ഇംക്ലീഷ്ശാസ്ത്രവിദ്യകളെക്കുറിച്ചാണു് ഈ പുസ്തകം എഴുതുന്നതു് എങ്കിൽ കൊള്ളാം. അല്ലാതെ മറ്റൊരു സംഗതിയെപ്പറ്റിയും മലയാളത്തിൽ ഇപ്പോൾ പുസ്തകങ്ങൾ ആവശ്യമില്ല.” ഞാൻ ഈ വാക്കുകൾ കേട്ടു് ആശ്ചര്യപ്പെട്ടു.

സാധാരണ ഈ കാലങ്ങളിൽ നടക്കുന്നമാതിരിയുള്ള സംഗതികളെ മാത്രം കാണിച്ചും ആശ്ചര്യകരമായ യാതൊരു അവസ്ഥകളേയും കാണിക്കാതെയും ഒരു കഥ എഴുതിയാൽ അതു് എങ്ങിനെ ആളുകൾക്കു രസിക്കും എന്നു് ഈ പുസ്തകം എഴുതുന്ന കാലത്തു മറ്റുചിലർ എന്നോടു ചോദിച്ചിട്ടുണ്ടു്. അതിനു് ഞാൻ അവരോടു മറുവടി പറഞ്ഞതു് —എണ്ണച്ചായ ചിത്രങ്ങൾ യൂറോപ്പിൽ എഴുതുന്നമാതിരി ഈ ദിക്കിൽ കണ്ടു രസിച്ചു തുടങ്ങിയതിനുമുമ്പു്, ഉണ്ടാവാൻ പാടില്ലാത്തവിധമുള്ള ആകൃതിയിൽ എഴുതീട്ടുള്ള നരസിംഹമൂർത്തിയുടെ ചിത്രം, വേട്ടയ്ക്കൊരുമകന്റെ ചിത്രം, ചില വ്യാളമുഖചിത്രം, ശ്രീകൃഷ്ണൻ സാധാരണ രണ്ടുകാൽ ഉള്ളവർക്കു നിൽക്കാൻ ഒരുവിധവും പാടില്ലാത്തവിധം കാൽ പിണച്ചുവെച്ചു് ഓടക്കുഴൽ ഊതുന്ന മാതിരി കാണിക്കുന്ന ചിത്രം, വലിയ ഫണമുള്ള അനന്തന്റെ ചിത്രം, വലിയ രാക്ഷസന്മാരുടെ ചിത്രം ഇതുകളെ നിഴലും വെളിച്ചവും നിംനോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയിൽ രൂക്ഷങ്ങളായ ചായങ്ങൾകൊണ്ടു് എഴുതിയതു കണ്ടു രസിച്ചു് ആവക എഴുത്തുകാർക്കു് പലവിധ സമ്മാനങ്ങൾ കൊടുത്തു വന്നിരുന്ന പലർക്കും ഇപ്പോൾ അതുകളിൽ വിരക്തിവന്നു് മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങൾ കാണിക്കുന്ന എണ്ണച്ചായചിത്രം, വെള്ളച്ചായചിത്രം ഇതുകളെക്കുറിച്ചു കൌതുകപ്പെട്ടു് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങൾക്കു് ചിത്രങ്ങൾ ഒത്തുവരുന്നുവോ അത്രണ്ടു് ആ ചിത്രകർത്താക്കന്മാരെ ബഹുമാനിച്ചു വരുന്നതു കാണുന്നില്ലയോ, അതുപ്രകാരംതന്നെ കഥകൾ സ്വാഭാവികമായി ഉണ്ടാവാൻ പാടുള്ള വൃത്താന്തങ്ങളെക്കൊണ്ടുതന്നെ ഭംഗിയായി ചമച്ചാൽ കാലക്രമേണ ആവക കഥകളെ അസംഭവ്യസംഗതികളെക്കൊണ്ടു ചമയ്ക്കപ്പെട്ട പഴയ കഥകളെക്കാൾ രുചിക്കുമെന്നാകുന്നു. എന്നാൽ ഞാൻ എഴുതിയ ഈ കഥ ഭംഗിയായിട്ടുണ്ടെന്നു ലേശംപോലും എനിക്കു വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാസം എനിക്കു വന്നിട്ടുണ്ടെന്നു മേൽപറഞ്ഞ സംഗതികളാൽ എന്റെ വായനക്കാർക്കു തോന്നുന്നുണ്ടെങ്കിൽ അതു് എനിക്കു പരമസങ്കടമാണു്. ഈമാതിരി കഥകൾ ഭംഗിയായി എഴുതുവാൻ യോഗ്യതയുള്ളവർ ശ്രദ്ധവെച്ചു് എഴുതിയാൽ വായിപ്പാൻ ആളുകൾക്കു രുചി ഉണ്ടാവുമെന്നാണു് ഞാൻ പറയുന്നതിന്റെ സാരം. ഈ പുസ്തകം എഴുതീട്ടുള്ളതു് ഞാൻ വീട്ടിൽ സാധാരണ സംസാരിക്കുന്ന മലയാളഭാഷയിൽ ആകുന്നു. അൽപം സംസ്കൃത പരിജ്ഞാനം എനിക്കു് ഉണ്ടെങ്കിലും പലേ സംസ്കൃതവാക്കുകളും മലയാളഭാഷയിൽ നോം മലയാളികൾ സംസാരിച്ചുവരുമ്പോൾ ഉപയോഗിക്കുന്ന മാതിരിയിലാണു് ഈ പുസ്തകത്തിൽ സാധാരണയായി ഞാൻ ഉപയോഗിച്ചിട്ടുള്ളതു്. ദൃഷ്ടാന്തം, ‘വ്യുൽപത്തി’ എന്നു ശരിയായി സംസ്കൃതത്തിൽ ഉച്ചരിക്കേണ്ട പദത്തെ ‘വിൽപത്തി’ എന്നാണു് സാധാരണ നോം പറയാറു്. അതു് ആ സാധാരണ മാതിരിയിൽത്തന്നെയാണു് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു്. ഇതുപോലെ പലേ വാക്കുകളെയും കാണാം. ‘പടു’, ‘ധൃതഗതി’, ‘ധൃതഗതീക്കാരൻ’, ‘യോഗ്യമായ സഭ’ ഈവക പലേ പദങ്ങളും സമാസങ്ങളും സംസ്കൃതസിദ്ധമായ മാതിരിയിൽ അല്ല, മലയാളത്തോടു ചേർത്തുപറയുമ്പോൾ ഉച്ചരിക്കുന്നതും അർത്ഥം ഗ്രഹിക്കുന്നതും. അതുകൊണ്ടു സാധാരണ മലയാളഭാഷ സംസാരിക്കുമ്പോൾ ഈവക വാക്കുകളെ ഉച്ചരിക്കുന്നപ്രകാരം തന്നെയാകുന്നു ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതു് എന്നു മുൻകൂട്ടി എന്റെ വായനക്കാരെ ഗ്രഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുകൂടാതെ കർത്തൃകർമ്മക്രിയകളെയും അകർമ്മസകർമ്മക്രിയാപദങ്ങളെയും സാധാരണ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നമാതിരിൽത്തന്നെയാണു് ഈ പുസ്തകത്തിൽ പലേടങ്ങളിലും ഉപയോഗിച്ചുവന്നിരിക്കുന്നതു് എന്നും കൂടി ഞാൻ ഇവിടെ പ്രസ്താവിക്കുന്നു. മലയാള വാചകങ്ങൾ മലയാളികൾ സംസാരിക്കുന്ന മാതിരി വിട്ടു്, സംസ്കൃതഗദ്യങ്ങളുടെ സ്വഭാവത്തിൽ പരിശുദ്ധമാക്കി എഴുതുവാൻ ഞാൻ ശ്രമിച്ചിട്ടില്ല.

ഇംക്ലീഷു് അറിയുന്ന എന്റെ വായനക്കാർ ഈ പുസ്തകം വായിക്കുന്നതിനുമുമ്പു് ഇതിനെപ്പറ്റി ഞാൻ ഡബ്ളിയു. ഡ്യൂമർഗ്ഗ് സായ്‍വവർകൾക്കു് ഇംക്ലീഷിൽ എഴുതീട്ടുള്ള ഒരു ചെറിയ കത്തു് ഇതൊന്നിച്ചു് അച്ചടിച്ചിട്ടുള്ളതുകൂടി വായിപ്പാൻ അപേക്ഷ . ഈ പുസ്തകത്തിൽ അടങ്ങിയ ചില സംഗതികളെപ്പറ്റി ഉണ്ടായിവരാമെന്നു് എനിക്കു് ഊഹിപ്പാൻ കഴിഞ്ഞേടത്തോളമുള്ള ആക്ഷേപങ്ങളെക്കുറിച്ചു സമാധാനമായി എനിക്കു പറവാനുള്ളതു് ഞാൻ ആ കത്തിൽ കാണിച്ചിട്ടുണ്ടു്. ഈ പുസ്തകം അച്ചടിക്കുന്നതിൽ സ്പെക്ടെറ്റർ അച്ചുകൂടം സൂപ്രഡെണ്ടു് മിസ്റ്റർ കൊച്ചുകുഞ്ഞനാൽ എനിക്കു വളരെ ഉപകാരം ഉണ്ടായിട്ടുണ്ടു് . എഴുത്തിൽ ബദ്ധപ്പാടുനിമിത്തം വന്നുപോയിട്ടുള്ള തെറ്റുകളെ ഈ പുസ്തകം അച്ചടിക്കുമ്പോൾ അതാതു സമയം ഈ സാമർത്ഥ്യമുള്ള ചെറുപ്പക്കാരൻ എന്റെ അറിവിൽ കൊണ്ടുവന്നിട്ടുണ്ടെന്നു് നന്ദിപൂർവ്വം ഞാൻ ഇവിടെ പ്രസ്താവിക്കുന്നു.

പരപ്പനങ്ങാടി

1889 ഡിസംബർ 9–ാനു

ഒ . ചന്തുമേനോൻ