അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതാനയനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


ദു:ഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ർ.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങൾ
തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്ത:പുരമകം പുക്കരുളിച്ചെയ്തു:
‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-
പാലകൻതന്നുടൽ കേടുവന്നീടായ്‌വാൻ.’
എന്നരുൾചയ്തു ദൂതന്മാരേയും വിളി-
‘ച്ചിന്നുതന്നെ നിങ്ങൾ വേഗേന പോകണം.
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകം പുക്കു ചൊല്ലുക.
മാതുലനായ യുധാജിത്തിനോടിനി
ഏതുമേ കാലം കളയാതയക്കണം,
ശത്രുഘ്നനോടും ഭരതനെയെന്നതി
വിദ്രുതം ചെന്നു ചൊൽകെ’ന്നയച്ചീടിനാ‍ൻ.
സത്വരം കേകയരാജ്യമകം പുക്കു
നത്വാ യുധാജിത്തിനോടു ചൊല്ലീടിനാർ:
‘കേൾക്ക നൃപേന്ദ്ര! വസിഷ്ഠനരുൾ ചെയ്ത
വാക്കുകൾ,ശത്രുഘ്നനോടും ഭരതനെ
ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്ക്കെ’ന്നു
ദൂതവാക്യം കേട്ടനേരം നരാധിപൻ
ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ
കാലേ പുറപ്പെട്ടിതു കുമാരന്മാരും.
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു
താതെനെന്നാകിലും ഭ്രാതാവിനാകിലും.
എന്തകപ്പെട്ടിതെന്നുള്ളിൽ പലതരം
ചിന്തിച്ചു ചിന്തിച്ചു മാർഗ്ഗേ ഭരതനും
സന്താപമോടയൊദ്ധ്യാപുരി പുക്കു
സന്തോഷവർജ്ജിതം ശബ്ദഹീനം തഥാ
ഭ്രഷ്ടലക്ഷ്മീകം ജനോൽബാധവർജ്ജിതം
ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം
തേജോവിഹീനമകം പുക്കിതു, ചെന്നു
രാജഗേഹം രാമലക്ഷ്മണവർജ്ജിതം
തത്രകൈകേയിയെക്കണ്ടു കുമാരനന്മാർ
ഭക്ത്യാ നമസ്കരിച്ചീടിനാ‍രന്തികേ,
പുത്രനെക്കണ്ടു സന്തോഷേണ മാതാവു-
മുത്ഥായ ഗാഢമാലിംഗ്യ മടിയിൽ വ-
ച്ചുത്തമാംഗേ മുകർന്നാശു ചോദിച്ചിതു:
‘ഭദ്രമല്ലീ തൽ കുലത്തിങ്കലൊക്കവേ?
മാതാവിനും പിതൃഭ്രാതൃജനങ്ങൾക്കു-
മേതുമേ ദു:ഖമില്ലല്ലീ പറക നീ?’
ഇത്തരം കൈകേയി ചൊന്നനേരത്തതി-
നുത്തരമാശു ഭരതനും ചൊല്ലിനാൻ:
“ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളിൽ
താതനെവിടെ വസിക്കുന്നു മാതാവെ?
മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ
താതനെപ്പണ്ടു കണ്ടീലൊരുനാളുമേ.
ഇപ്പോൾ ഭവതി താനെ വസിക്കുന്നതെ-
ന്തുൾപ്പൂവിലുണ്ടു മേ താപവും ഭീതിയും.
മൽപിതാവെങ്ങു?പറകെ’ന്നതു കേട്ടു
തൽപ്രിയമാശു കൈകേയിയും ചൊല്ലിനാൾ
‘എന്മകനെന്തു ദു:ഖിപ്പാനവകാശം?
നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാൻ.
അശ്വമേധാദി യാഗങ്ങളെല്ലാം ചെയ്തു
വിശ്വമെല്ലാടവും കീർത്തിപരത്തിയ
സല്പുരുഷന്മാർഗതി ലഭിച്ചീടിനാൻ
ത്വൽപിതാവെന്നു കേട്ടോരു ഭരതനും
ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ്
വീണുവിലാപം തുടങ്ങിനാനെത്രയും.