Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതരാഘവസംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


അന്നേരമാശുഭരതനും രാമനെ-
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാൻ:
‘രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമകവാക്യം ചെവിതന്നു കേൾക്കണം.
ഉണ്ടടിയനഭിഷേകസംഭാ‍രങ്ങൾ
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
ചെയ്കവേണമഭിഷേകവും പാലനം
ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം.
ജേഷ്ഠനല്ലൊ ഭവാൻ ക്ഷത്രിയാണാമതി
ശ്രേഷ്ഠമാം ധർമ്മം പ്രജാപരിപാലനം.
അശ്വമേധാദിയും ചെയ്തു കീർത്ത്യാ ചിരം
വിശ്വമെല്ലാം പരത്തിക്കുലതന്തവേ
പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ
പുത്രങ്കലാക്കി വനത്തിനുപോകണം.
ഇപ്പോളനുചിതമത്രേ വനവാസ-
മത്ഭുതവിക്രമ!നാഥ!പ്രസീദ മേ.
മാതാവു തന്നുടെ ദുഷ്കൃതം താവക-
ചേതസി ചിന്തിക്കരുതു ദയാനിധേ!
ഭ്രാതാവു തന്നുടേ പാദാംബുജം ശിര-
സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്തു
ദണ്ഡനമസ്കാരവും ചെയ്തു നിന്നിതു
പണ്ഡിതനായ ഭരതകുമാരനും
ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ
ചിത്തമോദേന പുണർന്നു ചൊല്ലീടിനാൻ:
‘മദ്വാക്യമത്ര കേട്ടാലും കുമാര! നീ
യത്ത്വയോക്തം മയാ തത്തഥൈവശ്രുതം.
താതന്നെപ്പതിന്നാലു സംവത്സരം
പ്രീതനായ് കാനനം വാഴെന്നു ചൊല്ലിനാൻ.
പ്രിത നിനക്കു രാജ്യം മാതൃസമ്മതം
ദത്തമായീ പുനരെന്നതു കാരണം
ചേതസാപാർക്കിൽ നമുക്കിരുവാർക്കുമി-
ത്താതനിയോഗമനുഷ്ഠിക്കയും വേണം.
യാതൊരുത്തൻ പിതൃവാക്യത്തെ ലംഘിച്ചു
നീതിഹീനം വസിക്കുന്നിതു ഭുതലേ
ജീവന്മൃതനവൻ പിന്നെ നരകത്തിൽ
മേവും മരിച്ചാലുമില്ലൊരു സംശയം.
ആകയാൽ നീ പരിപാലിക്ക രാജ്യവും
പോക,ഞാൻ ദണ്ഡകം തന്നിൽ വാണീടുവൻ.’
രാമവാക്യം കേട്ടു ചൊന്നാൻ ഭരതനും:
‘കാമുകനായ താതൻ മൂഢമാനസൻ
സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ
രാജഭാവം കൊണ്ടുരാജസമാനസൻ
ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ!
മന്നവനായ് ഭവാൻ വാഴ്ക മടിയാതെ.’
എന്നു ഭരതവാക്യം കേട്ടു രാഘവൻ
പിന്നെയും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ:
‘ഭൂമിഭർത്താ പിതാ നാരീജിതനല്ല
കാമിയുമല്ല മൂഢാത്മാവുമല്ല കേൾ.
താതനസത്യഭയം കൊണ്ടു ചെയ്തതി-
നേതുമേ ദോഷം പറയരുതോർക്ക നീ.
സാധുജനങ്ങൾ നരകത്തിലുമതി-
ഭീതി പൂണ്ടീടുമസത്യത്തിൽ മാനസേ.’
‘എങ്കിൽ ഞാൻ വാഴ്വൻ വനേ നിന്തിരുവടി
സങ്കടമെന്നിയേ രാജ്യവും വാഴുക.’
സോദരനിത്ഥം പറഞ്ഞതു കേട്ടതി-
സാദരം രാഘവൻ പിന്നെയും ചൊല്ലിനാൻ:
‘രാജ്യം നിനക്കുമെനിക്കു വിപിനവും
പൂജ്യനാം താതൻ വിധിച്ചതു മുന്നമേ.
വ്യത്യയമായനുഷ്ഠിച്ചാൽ നമുക്കതു
സത്യവിരോധം വരുമെന്നു നിർണ്ണയം.’
എങ്കിൽ ഞാനും നിന്തിരുവടി പിന്നാലെ
കിങ്കരനായ് സുമിത്രാത്മജനെപ്പോലെ
പോരുവൻ കാനനത്തിന്നരുതെങ്കിൽ
ചേവൻ ചെന്നു പരലോകമാശു ഞാൻ
നിത്യോപവാസേന ദേഹമുപേക്ഷിപ്പ’-
നിത്യേനമാത്മനി നിശ്ചയിച്ചന്തികേ
ദർഭ വിരിച്ചു കിഴക്കു തിരിഞ്ഞു നി-
ന്നപ്പോൾ വെയിലത്തുപുക്കു ഭരതനും.
നിർബന്ധബുദ്ധി കണ്ടപ്പോൾ രഘുവരൻ
തൽബോധനാർത്ഥം നയനാന്തസംജ്ഞയാ
ചൊന്നാൻ ഗുരുവിനോടപ്പൊൾ വസിഷ്ഠനും
ചെന്നു കൈകേയീസുതനോടു ചൊല്ലിനാൻ:
‘മൂഢനായീടൊലാ കേൾക്ക നീയെങ്കിലോ
ഗൂഢമായൊരുവൃത്താന്തം നൃപാത്മജാ!
രാമനാകുന്നതു നാരായണൻ പരൻ
താമരസോത്ഭവനർത്ഥിക്കകാരണം
ഭൂമിയിൽ സൂര്യകുലത്തിലയൊദ്ധ്യയിൽ
ഭൂമിപാലാത്മജനായിപ്പിറന്നിതു.
രാവണനെക്കൊന്നുധർമ്മത്തെ രക്ഷിച്ചു
ദേവകളേപ്പരിപാലിച്ചു കൊള്ളുവാൻ.
യോഗമായാദേവിയായതു ജാനകി
ഭോഗിപ്രവരനാകുന്നതു ലക്ഷ്മണൻ.
ലോകമാതാവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ
രാവണനെക്കൊൽ വതിന്നു വനത്തിനു
ദേവകാര്യാർത്ഥം പുറപ്പെട്ടു രാഘവൻ.
മന്ഥരാവാക്യവും കൈകേയി ചിത്തനിർ-
ബ്ബന്ധവും ദേവകൃതമെന്നറിക നീ
ശ്രീരാമദേവനിവർത്തനത്തിങ്കലു-
ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക,
കാരണപൂരുഷാനുജ്ഞയാ സത്വരം
നീ രാജധാനിക്കു പോക മടിയാതെ.
മന്ത്രികളോടും ജനനീജനത്തോടു-
മന്തമില്ലാത പടയോടുമിപ്പോഴേ
ചെന്നയൊദ്ധ്യാപുരിപുക്കു വസിക്ക നീ.
വന്നീടുമഗ്രജൻ താനു മനുജനും
ദേവിയുമീരേഴുസംവത്സരാവധൌ
രാവണൻ തന്നെ വധിച്ചു സപുത്രകം.’
ഇത്ഥം ഗുരുക്തികൾ കേട്ടു ഭരതനും
ചിത്തേ വളർന്നൊരു വിസ്മയം കൈക്കൊണ്ടു
ഭക്ത്യാ രഘുത്തമസന്നിധൌ സാദരം
ഗത്വാ മുഹൂർന്നമസ്കൃത്വാ സസോദരം:
‘പാദുകാം ദേഹി!രാജേന്ദ്ര! രാജ്യായതേ
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാൻ.
യാവത്തവാഗമന്ം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവൻ.’
ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമൻ
പൊൽത്താരടികളിൽ ചേർത്ത മെതിയടി
ഭക്തിമാനായ ഭരതനു നൽകിനാൻ;
നത്വാപരിഗ്രഹിച്ചീടിനാൻ തമ്പിയും.
ഉത്തമരത്നവിഭൂഷിതപാദുകാ-
മുത്തമാംഗേ ചേർത്തു രാമനരേന്ദ്രനെ
ഭക്ത്യാ പ്രദക്ഷിണം കൃത്വാ നമസ്കരി-
ച്ചുത്ഥായ വന്ദിച്ചു ചൊന്നാൻ സഗദ്ഗദം:
‘മന്വബ്ദ്വപൂർണ്ണേ പ്രഥമദിനേഭവാൻ
വന്നതില്ലെന്നുവന്നീടുകിൽ പിന്നെ ഞാൻ
അന്യദിവസമുഷസി ജ്വലിപ്പിച്ചു
വഹ്നിയിൽ ചാടി മരിക്കുന്നതുണ്ടല്ലൊ.’
എന്നതു കേട്ടു രഘുപതിയും നിജ
കണ്ണുനീരും തുടച്ചൻപോടു ചൊല്ലിനാൻ:
‘അങ്ങനെതന്നെയൊരന്തരമില്ലതി-
നങ്ങു ഞാനന്നു തന്നെ വരും നിർണ്ണയം.’
എന്നരുൾ ചെയ്തു വിടയും കൊടുത്തിതു
ധന്യൻ ഭരതൻ നമസ്കരിച്ചീടിനാൻ
പിന്നെ പ്രദക്ഷിണവും ചെയ്തു വന്ദിച്ചു
മന്ദേതരം പുറപ്പെട്ടു ഭരതനും
മാതൃജനങ്ങളും മന്ത്രിവരന്മാരും
ഭ്രാതാവുമാചാര്യനും മഹാസേനയും
ശ്രീരാമദേവനെ ചേതസി ചേർത്തുകൊ-
ണ്ടാരൂഢമോദേന കൊണ്ടുപോയീടിനാർ.
ശൃംഗിവേരാധിപനായ ഗുഹനേയും
മംഗലവാചാ പറഞ്ഞയച്ചീടിനാൻ.
മുമ്പിൽ നടന്നു ഗുഹൻ വഴികാട്ടുവാൻ
പിമ്പേ പെരുമ്പടയും നടകൊണ്ടിതു.
കൈകേയി താനും സുതാനുവാദം കൊണ്ടു
ശോകമകന്നു നടന്നു മകനുമായ്
ഗംഗകടന്നു ഗുഹാനുവാദേന നാ-
ലംഗപ്പടയോടു കുമാരാന്മാർ
ചെന്നയോദ്ധ്യാപുരിപുക്കു രഘുവരൻ-
തന്നെയും ചിന്തിച്കു ചിന്തിച്ചനുദിനം
ഭക്ത്യാ വിശുദ്ധബുദ്ധ്യാപുരവാസികൾ
നിത്യസുഖേന വസിച്ചിതെല്ലാവരും
താപസവേഷം ധരിച്ചു ഭരതനും
താപേന ശത്രുഘ്നനും വ്രതത്തോടുടൻ
ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികൾക്കെല്ലാം.
പാദുകാം വച്ചു സിംഹാസനേ രാഘവ-
പാദങ്ങളെന്നു സങ്കൽപ്പിച്ചു സാദരം.
ഗന്ധപുഷ്റ്റ്പാദ്യങ്ങൾ കൊണ്ടു പൂജിച്ചുകൊ-
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും.
നാനാമുനിജനസേവിതനായൊരു
മാനവവീരൻ മനോഹരൻ രാഘവൻ
ജാനകിയോടുമനുജനോടും മുദാ
മാനസാനന്ദം കലർന്നു ചില ദിനം
ചിത്രകൂടാചലേ വാണോരനന്തരം
ചിത്തേ നിരൂപിച്ചു കണ്ടു രഘുവരൻ.
‘മിത്രവർഗ്ഗങ്ങളയോദ്ധ്യയിൽ നിന്നു വ-
ന്നെത്തുമിവിടെയിരുന്നാലിനിയുടൻ;
സത്വരം ദണ്ഡകാരുണ്യത്തിനായ്ക്കൊണ്ടു
ബദ്ധമോദം ഗമിച്ചീടുക വേണ്ടതും’
ഇത്ഥം വിചാര്യ ധരിത്രീ സുതയുമ-
ത്യുത്തമനായ സൌമിത്രിയുമായ്ത്തദാ
തത്യാജചിത്രകൂടാചലം രാഘവൻ
സത്യസന്ധൻ നടകൊണ്ടേൻ വനാന്തരെ.