പരിശുദ്ധ ഖുർആൻ/ഫുസ്സിലത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഹാമീം.

2 പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവൻറെ പക്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌.

3 വചനങ്ങൾ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി അറബിഭാഷയിൽ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.)

4 സന്തോഷവാർത്ത അറിയിക്കുന്നതും താക്കീത്‌ നൽകുന്നതുമായിട്ടുള്ള ( ഗ്രന്ഥം ) എന്നാൽ അവരിൽ അധികപേരും തിരിഞ്ഞുകളഞ്ഞു. അവർ കേട്ട്‌ മനസ്സിലാക്കുന്നില്ല.

5 അവർ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക്‌ വിളിക്കുന്നുവോ അത്‌ മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങൾ മൂടികൾക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകൾക്ക്‌ ബധിരതയുമാകുന്നു. ഞങ്ങൾക്കും നിനക്കുമിടയിൽ ഒരു മറയുണ്ട്‌. അതിനാൽ നീ പ്രവർത്തിച്ച്‌ കൊള്ളുക. തീർച്ചയായും ഞങ്ങളും പ്രവർത്തിക്കുന്നവരാകുന്നു.

6 നീ പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന്‌ എനിക്ക്‌ ബോധനം നൽകപ്പെടുന്നു. ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുകയും അവനോട്‌ നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ. ബഹുദൈവാരാധകർക്കാകുന്നു നാശം.

7 സകാത്ത്‌ നൽകാത്തവരും പരലോകത്തിൽ വിശ്വാസമില്ലാത്തവരുമായ.

8 തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കാണ്‌ മുറിഞ്ഞ്‌ പോവാത്ത പ്രതിഫലമുള്ളത്‌.

9 നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങൾ സമൻമാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

10 അതിൽ (ഭൂമിയിൽ) - അതിൻറെ ഉപരിഭാഗത്ത്‌ - ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവർക്ക്‌ വേണ്ടി ശരിയായ അനുപാതത്തിൽ

11 അതിനു പുറമെ അവൻ ആകാശത്തിൻറെ നേർക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: നിങ്ങൾ അനുസരണപൂർവ്വമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

12 അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവൻ ഏഴുആകാശങ്ങളാക്കിത്തീർത്തു. ഓരോ ആകാശത്തിലും അതാതിൻറെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏർപെടുത്തുകയും ചെയ്തു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.

13 എന്നിട്ട്‌ അവർ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ്‌ എന്നീ സമുദായങ്ങൾക്ക്‌ നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങൾക്ക്‌ താക്കീത്‌ നൽകുന്നു.

14 അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അവരുടെ അടുത്ത്‌ ദൈവദൂതൻമാർ ചെന്ന സമയത്ത്‌ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാൽ നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതിൽ തീർച്ചയായും ഞങ്ങൾ വിശ്വാസമില്ലാത്തവരാകുന്നു.

15 എന്നാൽ ആദ്‌ സമുദായം ന്യായം കൂടാതെ ഭൂമിയിൽ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാൾ ശക്തിയിൽ മികച്ചവർ ആരുണ്ട്‌ എന്ന്‌ പറയുകയുമാണ്‌ ചെയ്തത്‌. അവർക്ക്‌ കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ്‌ അവരെക്കാൾ ശക്തിയിൽ മികച്ചവനെന്ന്‌? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ച്‌ കളയുകയായിരുന്നു.

16 അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളിൽ അവരുടെ നേർക്ക്‌ ഉഗ്രമായ ഒരു ശീതക്കാറ്റ്‌ നാം അയച്ചു. ഐഹികജീവിതത്തിൽ അവർക്ക്‌ അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാൻ വേണ്ടിയത്രെ അത്‌. എന്നാൽ പരലോകത്തിലെ ശിക്ഷയാണ്‌ കൂടുതൽ അപമാനകരം. അവർക്ക്‌ സഹായമൊന്നും നൽകപ്പെടുകയുമില്ല.

17 എന്നാൽ ഥമൂദ്‌ ഗോത്രമോ, അവർക്ക്‌ നാം നേർവഴി കാണിച്ചുകൊടുത്തു. അപ്പോൾ സൻമാർഗത്തേക്കാളുപരി അന്ധതയെ അവർ പ്രിയങ്കരമായി കരുതുകയാണ്‌ ചെയ്തത്‌. അങ്ങനെ അവർ ചെയ്തുകൊണ്ടിരുന്നതിൻറെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി.

18 വിശ്വസിക്കുകയും ധർമ്മനിഷ്ഠ പുലർത്തിക്കൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

19 അല്ലാഹുവിൻറെ ശത്രുക്കളെ നരകത്തിലേക്ക്‌ പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. )

20 അങ്ങനെ അവർ അവിടെ ( നരകത്തിൽ ) ചെന്നാൽ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവർക്ക്‌ എതിരായി അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്‌.

21 തങ്ങളുടെ തൊലികളോട്‌ അവർ പറയും: നിങ്ങളെന്തിനാണ്‌ ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ ( തൊലികൾ ) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത്‌ അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.

22 നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങൾക്ക്‌ എതിരിൽ സാക്ഷ്യം വഹിക്കുമെന്ന്‌ കരുതി നിങ്ങൾ ( അവയിൽ നിന്നും ) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാൽ നിങ്ങൾ വിചാരിച്ചത്‌ നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അല്ലാഹു അറിയില്ലെന്നാണ്‌.

23 അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങൾ ധരിച്ചുവെച്ച ധാരണ: അത്‌ നിങ്ങൾക്ക്‌ നാശം വരുത്തി. അങ്ങനെ നിങ്ങൾ നഷ്ടക്കാരിൽപ്പെട്ടവരായിത്തീർന്നു.

24 ഇനി അവർ സഹിച്ചു കഴിയുകയാണെങ്കിൽ ആ നരകം തന്നെയാകുന്നു അവർക്കുള്ള പാർപ്പിടം. അവർ വിട്ടുവീഴ്ച തേടുകയാണെങ്കിലോ വിട്ടുവീഴ്ച നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ അവർ പെടുകയുമില്ല.

25 അവർക്ക്‌ നാം ചില കൂട്ടുകാരെ ഏർപെടുത്തി കൊടുത്തു. എന്നിട്ട്‌ ആ കൂട്ടാളികൾ അവർക്ക്‌ തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവർക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ ഇവരുടെ മേലും ( ശിക്ഷയെപറ്റിയുള്ള ) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീർച്ചയായും അവർ നഷ്ടം പറ്റിയവരായിരുന്നു.

26 സത്യനിഷേധികൾ പറഞ്ഞു: നിങ്ങൾ ഈ ഖുർആൻ ശ്രദ്ധിച്ചു കേൾക്കരുത്‌. അത്‌ പാരായണം ചെയ്യുമ്പോൾ നിങ്ങൾ ബഹളമുണ്ടാക്കുക. നിങ്ങൾക്ക്‌ അതിനെ അതിജയിക്കാൻ കഴിഞ്ഞേക്കാം.

27 എന്നാൽ ആ സത്യനിഷേധികൾക്ക്‌ നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെചെയ്യും. അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിൽ അതിനീചമായതിന്നുള്ള പ്രതിഫലം നാം അവർക്ക്‌ നൽകുക തന്നെചെയ്യും.

28 അതത്രെ അല്ലാഹുവിൻറെ ശത്രുക്കൾക്കുള്ള പ്രതിഫലമായ നരകം. അവർക്ക്‌ അവിടെയാണ്‌ സ്ഥിരവാസത്തിന്നുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ച്‌ കളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.

29 സത്യനിഷേധികൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങൾക്ക്‌ കാണിച്ചുതരേണമേ. അവർ അധമൻമാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങൾ അവരെ ഞങ്ങളുടെ പാദങ്ങൾക്ക്‌ ചുവട്ടിലിട്ട്‌ ചവിട്ടട്ടെ.

30 ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണെന്ന്‌ പറയുകയും, പിന്നീട്‌ നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട്‌ ഇപ്രകാരം പറയുന്നതാണ്‌: നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങൾക്ക്‌ വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞ്‌ കൊള്ളുക.

31 ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങൾക്കവിടെ ( പരലോകത്ത്‌ ) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും.

32 ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കൽ നിന്നുള്ള സൽക്കാരമത്രെ അത്‌.

33 അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?

34 നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ ( തിൻമയെ ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ ( നിൻറെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.

35 ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല.

36 പിശാചിൽ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട്‌ നീ ശരണം തേടിക്കൊള്ളുക. തീർച്ചയായും അവൻ തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും അറിയുന്നവനും.

37 അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങൾ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങൾ പ്രണാമം ചെയ്യുക; നിങ്ങൾ അവനെയാണ്‌ ആരാധിക്കുന്നതെങ്കിൽ.

38 ഇനി അവർ അഹംഭാവം നടിക്കുകയാണെങ്കിൽ നിൻറെ രക്ഷിതാവിൻറെ അടുക്കലുള്ളവർ ( മലക്കുകൾ ) രാവും പകലും അവനെ പ്രകീർത്തിക്കുന്നുണ്ട്‌. അവർക്ക്‌ മടുപ്പ്‌ തോന്നുകയില്ല.

39 നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട്‌ അതിൽ നാം വെള്ളം വർഷിച്ചാൽ അതിന്‌ ചലനമുണ്ടാവുകയും അത്‌ വളരുകയും ചെയ്യുന്നു. ഇതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അതിന്‌ ജീവൻ നൽകിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു. തീർച്ചയായും അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.

40 നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവർ നമ്മുടെ ദൃഷ്ടിയിൽ നിന്ന്‌ മറഞ്ഞു പോകുകയില്ല; തീർച്ച. അപ്പോൾ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമൻ അതല്ല ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിർഭയനായിട്ട്‌ വരുന്നവനോ? നിങ്ങൾ ഉദ്ദേശിച്ചത്‌ നിങ്ങൾ ചെയ്തുകൊള്ളുക. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

41 തീർച്ചയായും ഈ ഉൽബോധനം തങ്ങൾക്കു വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ ( നഷ്ടം പറ്റിയവർ തന്നെ ) തീർച്ചയായും അത്‌ പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു.

42 അതിൻറെ മുന്നിലൂടെയോ, പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവൻറെ പക്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

43 ( നബിയേ, ) നിനക്ക്‌ മുമ്പുണ്ടായിരുന്ന ദൂതൻമാരോട്‌ പറയപ്പെട്ടതല്ലാത്ത ഒന്നും നിന്നോട്‌ പറയപ്പെടുന്നില്ല. തീർച്ചയായും നിൻറെ രക്ഷിതാവ്‌ പാപമോചനം നൽകുന്നവനും വേദനയേറിയ ശിക്ഷ നൽകുന്നവനുമാകുന്നു.

44 നാം ഇതിനെ ഒരു അനറബി ഖുർആൻ ആക്കിയിരുന്നെങ്കിൽ അവർ പറഞ്ഞേക്കും: എന്തുകൊണ്ട്‌ ഇതിലെ വചനങ്ങൾ വിശദമാക്കപ്പെട്ടവയായില്ല. ( ഗ്രന്ഥം ) അനറബിയും ( പ്രവാചകൻ ) അറബിയും ആവുകയോ? നീ പറയുക: അത്‌ ( ഖുർആൻ ) സത്യവിശ്വാസികൾക്ക്‌ മാർഗദർശനവും ശമനൗഷധവുമാകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ അവരുടെ കാതുകളിൽ ഒരു തരം ബധിരതയുണ്ട്‌. അത്‌ ( ഖുർആൻ ) അവരുടെ മേൽ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടർ വിദൂരമായ ഏതോ സ്ഥലത്ത്‌ നിന്ന്‌ വിളിക്കപ്പെടുന്നു ( എന്ന പോലെയാകുന്നു അവരുടെ പ്രതികരണം ).

45 മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകുകയുണ്ടായി. എന്നിട്ട്‌ അതിൻറെ കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടായി. ഒരു വചനം മുമ്പ്‌ തന്നെ നിൻറെ രക്ഷിതാവിൻറെ പക്കൽ നിന്ന്‌ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ (ഇപ്പോൾ തന്നെ) തീർപ്പുകൽപിക്കപ്പെടുമായിരുന്നു. തീർച്ചയായും അവർ ഇതിനെ (ഖുർആനിനെ) പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

46 വല്ലവനും നല്ലത്‌ പ്രവർത്തിച്ചാൽ അതിൻറെ ഗുണം അവന്‌ തന്നെയാകുന്നു. വല്ലവനും തിൻമചെയ്താൽ അതിൻറെ ദോഷവും അവന്‌ തന്നെ. നിൻറെ രക്ഷിതാവ്‌ ( തൻറെ ) അടിമകളോട്‌ അനീതി കാണിക്കുന്നവനേ അല്ല.

47 ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌ അവങ്കലേക്കാണ്‌ മടക്കപ്പെടുന്നത്‌. പഴങ്ങളൊന്നും അവയുടെ പോളകളിൽ നിന്ന്‌ പുറത്ത്‌ വരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നുമില്ല; അവൻറെ അറിവോട്‌ കൂടിയല്ലാതെ. എൻറെ പങ്കാളികളെവിടെ എന്ന്‌ അവൻ അവരോട്‌ വിളിച്ചുചോദിക്കുന്ന ദിവസം അവർ പറയും: ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിൽ ( അതിന്ന്‌ ) സാക്ഷികളായി ആരുമില്ല

48 മുമ്പ്‌ അവർ വിളിച്ച്‌ പ്രാർത്ഥിച്ചിരുന്നതെല്ലാം അവരെ വിട്ട്‌ മറഞ്ഞു പോകുകയും തങ്ങൾക്ക്‌ യാതൊരു രക്ഷാസങ്കേതവുമില്ല എന്ന്‌ അവർക്ക്‌ ബോധ്യം വരികയും ചെയ്യും.

49 നൻമയ്ക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നതിൽ മനുഷ്യന്‌ മടുപ്പ്‌ തോന്നുന്നില്ല. തിൻമ അവനെ ബാധിച്ചാലോ അവൻ മനം മടുത്തവനും നിരാശനുമായിത്തീരുന്നു.

50 അവന്ന്‌ കഷ്ടത ബാധിച്ചതിനു ശേഷം നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നാം അവന്ന്‌ അനുഭവിപ്പിച്ചാൽ തീർച്ചയായും അവൻ പറയും: ഇത്‌ എനിക്ക്‌ അവകാശപ്പെട്ടതാകുന്നു. അന്ത്യസമയം നിലവിൽ വരുമെന്ന്‌ ഞാൻ വിചാരിക്കുന്നില്ല. ഇനി എൻറെ രക്ഷിതാവിങ്കലേക്ക്‌ ഞാൻ തിരിച്ചയക്കപ്പെടുകയാണെങ്കിലോ എനിക്ക്‌ അവൻറെ അടുക്കൽ തീർച്ചയായും ഏറ്റവും മെച്ചപ്പെട്ട നില തന്നെയാണുണ്ടായിരിക്കുക. എന്നാൽ സത്യനിഷേധികൾക്ക്‌ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം വിവരം നൽകുകയും കഠിനമായ ശിക്ഷയിൽ നിന്ന്‌ നാം അവർക്ക്‌ അനുഭവിപ്പിക്കുകയും ചെയ്യും.

51 നാം മനുഷ്യന്‌ അനുഗ്രഹം ചെയ്താൽ അവനതാ പിന്തിരിഞ്ഞ്‌ കളയുകയും, അവൻറെ പാട്ടിന്‌ മാറിക്കളയുകയും ചെയ്യുന്നു. അവന്ന്‌ തിൻമ ബാധിച്ചാലോ അവനതാ നീണ്ട പ്രാർത്ഥനക്കാരനായിത്തീരുന്നു.

52 നീ പറയുക: നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത്‌ (ഖുർആൻ) അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും എന്നിട്ട്‌ നിങ്ങളതിൽ അവിശ്വസിച്ചിരിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാളും കൂടുതൽ പിഴച്ച്‌ പോയവൻ ആരുണ്ട്‌.?

53 ഇത്‌ ( ഖുർആൻ ) സത്യമാണെന്ന്‌ അവർക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിൻറെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ?

54 ഓർക്കുക, തീർച്ചയായും അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓർക്കുക, തീർച്ചയായും അവൻ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>