തിരഞ്ഞെടുത്ത ഹദീസുകൾ/വിവാഹമോചനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഇബ്നുഉമർ(റ) നിവേദനം: നബി(സ)യുടെ കാലത്ത് തന്റെ ഭാര്യയെ ആർത്തവഘട്ടത്തിൽ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേർപെടുത്തി. ഉമർ (റ) ഇതിനെക്കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോൾ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആർത്തവം കഴിഞ്ഞ് അവൾ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആർത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കിൽ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കിൽ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തിൽ അവൻ അവളെ സ്പർശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുർആൻ കൽപ്പിച്ചത് നടപ്പിൽ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി. 7. 63. 178)

2) ഇബ്നുഉമർ (റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആർത്തവകാരിയായിരിക്കുമ്പോൾ ത്വലാഖ് പിരിച്ചു. ഉമർ (റ) ഈ വിവരം നബിയോട് പറഞ്ഞപ്പോൾ അവൻ അവളെ തിരിച്ചു കൊണ്ടുവരട്ടെ എന്ന് നബി(സ) കൽപ്പിച്ചു. ഞാൻ ചോദിച്ചു: (ഇബ്നുസീറിൻ) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തിൽ പറയുന്നു. അവൻ അശക്തനാവുകയും വിഡ്ഢിത്തം പ്രവർത്തിക്കുകയും ചെയ്താലോ?. (ബുഖാരി. 7. 63. 179)

3) ആയിശ(റ) പറയുന്നു: ജൗനിന്റെ പുത്രിയെ വിവാഹം കഴിച്ചശേഷം വീട്ടിൽ കൂടാൻ നബി(സ)യുടെ മുറിയിലേക്ക് അയക്കുകയും നബി(സ) അവളെ സമീപിപ്പിക്കുകയും ചെയ്തപ്പോൾ താങ്കളിൽ നിന്ന് എന്നെ രക്ഷിക്കുവാനായി അല്ലാഹുവിൽ ഞാൻ അഭയം തേടുന്നുവെന്ന് അവൾ പറഞ്ഞു: നബി(സ) പറഞ്ഞു: വളരെ വലിയവനെയാണ് നീ അഭയം പ്രാപിച്ചത്. നീ സ്വകുടുംബത്തിലേക്ക് പോകുക. (ബുഖാരി. 7. 63. 181)

4) അബൂഉസൈദ്(റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൗത്വ് എന്ന ഒരു തോട്ടത്തിൽ ഞങ്ങൾ എത്തിച്ചേർന്ന് രണ്ടു തോട്ട മതിലുകൾക്കിടയിൽ എത്തിയപ്പോൾ ഇവിടെ നമുക്ക് ഇരിക്കാമെന്ന് നബി(സ) പറഞ്ഞു: അപ്പോൾ ജൗനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച് വളർത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക് സമർപ്പിച്ചുകൊളളുകയെന്ന് നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയിൽ ചുറ്റിത്തിരിയുന്നവർക്ക് സമർപ്പിക്കുമോ? അവൾ ചോദിച്ചു. അവൾ ശാന്തത പ്രാപിക്കുവാൻ നബി(സ) തന്റെ കൈ അവളുടെ ശരീരത്തിൽ വെക്കാൻ നീട്ടിയപ്പോൾ താങ്കളിൽ നിന്ന് രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാൻ അഭയം തേടുന്നുവെന്ന് അവൾ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ് നീ അഭയം പ്രാപിച്ചത് എന്ന് നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന് ഇപ്രകാരം അരുളി: അബൂഉസൈദ്! അവൾക്ക് ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക് എത്തിക്കുക. (ബുഖാരി. 7. 63. 182)

5) ആയിശ(റ) നിവേദനം: ഒരാൾ തന്റെ ഭാര്യയെ മൂന്ന് പ്രാവശ്യം ത്വലാഖ് പിരിച്ചു. അവൾ മറ്റൊരുപുരുഷനെ വിവാഹം ചെയ്തു മോചിതയായി. അവൾ ആദ്യം ഭർത്താവിന് അനുവദനീയമാകുമോ എന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: പാടില്ല. അവൻ അവളുടെ മധു നുകരുന്നതുവരെ. ആദ്യഭർത്താവ് നുകർന്നതു പോലെ. (ബുഖാരി. 7. 63. 187)

6) ആയിശ(റ) നിവേദനം: നബി(സ) ഞങ്ങൾക്ക് വിവാഹ മോചനം തിരഞ്ഞെടുക്കുവാൻ സ്വാതന്ത്യ്രം നൽകി. . അപ്പോൾ ഞങ്ങൾ അല്ലാഹുവിനെയും ദൂതനെയും തിരഞ്ഞെടുത്തു. അതു ത്വലാഖായി പരിഗണിക്കപ്പെടുകയുണ്ടായില്ല. (ബുഖാരി. 7. 63. 188)

7) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ഒരാൾ തന്റെ ഭാര്യയെ നിഷിദ്ധമാക്കിയാൽ അതു ത്വലാഖായി യാതൊന്നും സംഭവിക്കുകയില്ല. നിങ്ങൾക്ക് നബി(സ) യിൽ മാതൃകയുണ്ട്. (ബുഖാരി. 7. 63. 191)

8) ഇബ്നു അബ്ബാസ്(റ) പറയുന്നു: സാബിത്തൂബ്നു ഖൈസിന്റെ ഭാര്യ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: സാബിഅ്ബ്നു ഖൈസിന്റെ സ്വഭാവത്തേയോ നടപടിയേയോ ഞാനാക്ഷേപിക്കുന്നില്ല. പക്ഷേ, ഇസ്ലാമിൽ ജീവിക്കുമ്പോൾ സത്യനിഷേധം വെച്ച് കൊണ്ടിരിക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല. നബി(സ) ചോദിച്ചു: അദ്ദേഹം നിനക്ക് തന്ന തോട്ടം തിരിച്ചുകൊടുക്കാമോ? അതെയെന്നവൾ പറഞ്ഞു: അപ്പോൾ തോട്ടം തിരിച്ചുവാങ്ങി അവൾക്ക് ത്വലാഖ് നൽകുകയെന്ന് നബി(സ) നിർദ്ദേശിച്ചു. (ബുഖാരി. 7. 63. 197)

9) സഹ്ല്(റ) പറയുന്നു: നബി(സ) തന്റെ ചൂണ്ടാണി വിരലും നടുവിരലും അല്പമൊന്നകറ്റിപ്പിടിച്ചിട്ട് അനാഥകുട്ടിയെ പരിപാലിക്കുന്നവനും ഞാനും സ്വർഗ്ഗത്തിൽ ഇങ്ങിനെയാണ് ജീവിക്കുക എന്ന് അരുളി. (ബുഖാരി. 7. 63. 224)

10) അബൂഹുറൈറ(റ) നിവേദനം: ഒരാൾ നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: പ്രവാചകരേ! എനിക്ക് ഒരു കറുത്ത കുട്ടി ജനിച്ചിരിക്കുന്നു. (അവൻ എന്റെതല്ല) നബി(സ) ചോദിച്ചു: നിനക്ക് ഒട്ടകങ്ങളുണ്ടോ? അയാൾ പറഞ്ഞു: അതെ. നബി(സ) ചോദിച്ചു. അവയുടെ നിറമെന്ത്? അയാൾ പറഞ്ഞു: ചുവപ്പ്. നബി(സ): കറുപ്പ് കലർന്ന വെളളനിറത്തിലുളള ഒട്ടകങ്ങളുണ്ടോ അക്കൂട്ടത്തിൽ? അയാൾ പറഞ്ഞു: അതെ. നബി(സ) അതെങ്ങിനെയെന്ന് ചോദിച്ചു. അയാൾ പറഞ്ഞു: വല്ല ഞരമ്പും ആ വർണ്ണത്തെ പിടിച്ചെടുത്തതായിരിക്കും. നബി(സ) അരുളി; എങ്കിൽ നിന്റെ പുത്രന്റെ സ്ഥിതിയും അങ്ങനെയാവാമല്ലോ. (ബുഖാരി. 7. 63. 225)

11) സഈദ്(റ) പറയുന്നു: സ്വപത്നിയെക്കുറിച്ച് വ്യഭിചാരം ആരോപിക്കുന്നവനെ സംബന്ധിച്ച് ഞാൻ ഇബ്നുഉമർ(റ)യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബനൂഅജ്ലാൻകാരിൽപെട്ട രണ്ടു സഹോദരന്മാരുടെ ഇടയിൽ നബി(സ) വേർപെടുത്തിക്കൊണ്ട് പറഞ്ഞു: നിങ്ങളിൽ ഒരാൾ കളളവാദിയാണെന്ന് അല്ലാഹുവിനറിയാം. നിങ്ങളിൽ ആരെങ്കിലും തൗബ ചെയ്യുവാൻ തയ്യാറുണ്ടോ? അപ്പോൾ രണ്ടുപേരും വിസമ്മതിച്ചു. മൂന്ന് പ്രാവശ്യവും നബി(സ) ഇതു ആവർത്തിച്ചപ്പോൾ അവർ ഇരുപേരും വിസമ്മതിച്ചു. അങ്ങിനെ നബി(സ) അവരെ വേർപെടുത്തി. പുരുഷൻ പറഞ്ഞു; എനിക്കെന്റെ ധനം തിരിച്ചുകിട്ടേണ്ടിയിരിക്കുന്നു. നബി(സ) അരുളി; നിനക്കിനി ആ ധനം തിരിച്ചുകിട്ടുകയില്ല. അവളെക്കുറിച്ച് നീ പറഞ്ഞത് സത്യമാണെങ്കിൽ അവളിൽ നിന്ന് നീയനുഭവിച്ച സുഖത്തിന് പ്രതിഫലമാണ് നീ കൊടുത്ത ധനം. നീ കളളം പറഞ്ഞതാണെങ്കിലോ ആ ധനം തിരിച്ചുകിട്ടാൻ പ്രത്യേകിച്ചു നിനക്കവകാശമില്ല. കുടൂതൽ വിദൂരമാണ്. (ബുഖാരി. 7. 63. 231)

12) ഇബ്നുഉമർ(റ) നിവേദനം: ഞാനവളെ മൂന്ന് ഘട്ടമായി ത്വലാഖ് ചൊല്ലിയിരുന്നുവെങ്കിൽ എനിക്കവൾ നിഷിദ്ധമാകുമായിരുന്നു. മറ്റൊരാൾ വിവാഹം ചെയ്യുന്നത് വരെ എന്ന് ഇബ്നുഉമർ ( റ) പറയാറുണ്ട്. ഒരുപ്രാവശ്യമോ രണ്ടുപ്രാവശ്യമോ ആണെങ്കിൽ കുഴപ്പമില്ല. ഇതാണ് അല്ലാഹു എന്നോട് കൽപ്പിച്ചത്. (ബുഖാരി. 7. 63. 249)

13) ഉമ്മുസലമ(റ) നിവേദനം: ഒരു സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു. അപ്പോൾ ആ സ്ത്രീയുടെ ഇരുകണ്ണിനും രോഗം ബാധിച്ചു. കുടുംബത്തിനു ഭയമായി. അവർ നബി(സ)യുടെ അടുക്കൽ വന്നു. കണ്ണിൽ സുറുമയിടാൻ അനുമതി ചോദിച്ചു. നബി(സ) അരുളി: അവൾ സുറുമയിടരുത്. മുമ്പ് അജ്ഞാനകാലത്ത് ഭർത്താവ് മരിച്ചാൽ താഴ്ന്ന വസ്ത്രം ധരിച്ചുകൊണ്ട് വളരെ മോശമായ നിലക്കുളള വീട്ടിലാണ് സ്ത്രീ ജീവിക്കുക. അങ്ങനെ ഒരുകൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്താൽ നാൽക്കാലികളുടെ കാഷ്ഠത്തിന്റെ ഒരുതുണ്ടെടുത്ത് അവൾ എറിയും. ശരി ഇവൾക്ക് നാലുമാസവും പത്തുദിവസവും കഴിയുംവരെ സുറുമ ഉപയോഗിക്കുവാൻ പാടില്ല. (ബുഖാരി. 7. 63. 252)

14) ഉമ്മു അത്വിയ്യ(റ) പറയുന്നു: ഭർത്താവിന് ഒഴികെ മറ്റുളള വ്യക്തികളുടെ മേൽ മൂന്ന് ദിവസത്തിലധികം ഇദ്ദ ഇരിക്കുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 7. 63. 253)

15) ഇബ്നു ഉമർ (റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്)

16) സൗബാൻ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു. യാതൊരുകുറ്റവും കൂടാതെ ഏതൊരു സ്ത്രീ തന്റെ ഭർത്താവിൽ നിന്നു വിവാഹ മോചനത്തിനാവശ്യപ്പെടുന്നുവോ, അവൾക്ക് സ്വർഗ്ഗത്തിലെ സൗരഭ്യം നിഷേധിക്കപ്പെടുന്നതാണ്. (അഹ്മദ്)

17) ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂത(സ) ന്റെയും അബൂബക്കറുടേയും കാലത്തും ഉമർ ഇബ്നു അൽ ഖത്താബിന്റെ ഖിലാഫത്തു കാലത്തു രണ്ടു കൊല്ലവും വിവാഹമോചനത്തിന്റെ നടപടി, (ഒരുതവണ) മൂന്ന് പ്രാവശ്യം ചൊല്ലപ്പെടുന്ന തലാഖ്, ഒരു തലാഖായി പരിഗണിക്കപ്പട്ടിരുന്നു. പിന്നീട്, ഉമർ പറഞ്ഞു: ജനങ്ങൾ, തങ്ങൾക്കു മിതത്വമുണ്ടായിരുന്ന ഒരുകാര്യത്തിൽ തിടുക്കം കൂട്ടി: അതിനാൽ അവരെ സംബന്ധിച്ചു ബാധകമാക്കത്തക്ക വണ്ണം നാം അതിനെ ആക്കുന്നു: അതിനാൽ നാം അവരെ സംബന്ധിച്ചിടത്തോളം അതു നടപ്പിൽ വരുത്തി . (അഹ്മദ്)

18) റുകാന ഇബ്നു അബ്ദിയസീദ്(റ) നിവേദനം ചെയ്തു: അദ്ദേഹം തന്റെ ഭാര്യയായ സുഹൈമയെ തലാഖു ചൊല്ലുകയും അതിനെക്കുറിച്ച് പ്രവാചക(സ) നെ അറിയിക്കുകയും പറയുകയും ചെയ്തു: ഞാൻ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാൻ ഒറ്റ (തലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു. നിങ്ങൾ ഒറ്റ (തലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? അദ്ദേഹം പറഞ്ഞു. ഉവ്വ.് ഞാൻ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാൻ ഒറ്റ (തലാഖു) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ അല്ലാഹുവിന്റെ ദൂതൻ(സ) അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു; അദ്ദേഹമാവട്ടെ ഉമറിന്റെ കാലത്തു അവളെ രണ്ടാമതു തലാഖുചൊല്ലുകയും ഉസ്മാനിന്റെ കാലത്തു മൂന്നാമതും (ചൊല്ലുകയും) ചെയ്തു. (അബൂദാവൂദ്)

19) മുനർറിഫ്(റ) നിവേദനം ചെയ്തു: ഭാര്യയെ തലാഖുചൊല്ലുകയും പിന്നീട് അവളുമായി സംയോഗമുണ്ടാകയും തലാഖുചൊല്ലിയ അവസരത്തിലോ അവളെ തിരികെ സ്വീകരിച്ചപ്പോഴോ ആരെയും സാക്ഷിനിർത്താതിരിക്കയും ചെയ്ത ഒരാളെക്കുറിച്ചു ഇംറാൻ ചോദിക്കപ്പെട്ടു. ഇംറാൻ പറഞ്ഞു: നിങ്ങൾ സുന്നയ്ക്ക് എതിരായി തലാഖുചൊല്ലി, സുന്നയ്ക്ക് എതിരായി തിരികെ സ്വീകരിക്കയും ചെയ്തു; തലാഖു ചൊല്ലുമ്പോഴും അവളെ വീണ്ടും സ്വീകരിക്കുമ്പോഴും സാക്ഷികൾ ഉണ്ടായിരിക്കട്ടെ. (ഇബ്നുമാജാ)