താൾ:Vayichalum vayichalum theeratha pusthakam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അതെ, ഇടത്തെ കണ്ണിന് കാഴ്ച ഇല്ലെന്ന് ഞാൻ അങ്ങനെ മനസ്സിലാക്കി."

കച്ചവടക്കാരന്റെ കഥ കേട്ടു നിന്ന സാക്ഷികളെല്ലാം അത്ഭുതപ്പെട്ടുപോയി. അമ്പട വീരാ! ഇയാൾ ആളു മോശമില്ലല്ലോ എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ കഴുതക്കാരന് സഹിച്ചില്ല. അയാൾ പൊട്ടിത്തെറിച്ചു. "തിരുമേനി, കൊത്തും കോളും ഒപ്പിച്ച് ഇയാൾ ഒരു കഥ മെനഞ്ഞുണ്ടാക്കുന്നുണ്ട്. പക്ഷേ എന്റെ കഴുതയുടെ വായിലെ പല്ലിന്റെ കാര്യം നിലത്ത് നോക്കി ആർക്കും പറയാൻ പറ്റില്ലല്ലോ!"

കച്ചവടക്കാരൻ അതുകേട്ട് ഊറിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു:

"അത് നിലത്ത് നോക്കിയല്ല സുഹൃത്തേ ഞാൻ മനസ്സിലാക്കിയത്."

രാജാവ് ഇടപെട്ടു. കഴുതക്കാരനെ നോക്കി രാജാവ് പറഞ്ഞു:

"താൻ ഇടയ്ക്ക് കയറി കഥയുടെ രസം കളയാതെ വെറുതെ നിൽക്ക്. അയാൾ കഥ പറഞ്ഞു തീർക്കട്ടെ."

കച്ചവടക്കാരൻ കഥ തുടർന്നു.

"തിരുമേനീ, ഇത്രയുമെല്ലാം കണ്ടു പിടിച്ചപ്പോൾ എനിക്ക് കൂടുതലറിയാനുള്ള ആവേശമായി. ഞാൻ വലതു വശത്തെ ചെടികളെല്ലാം നോക്കി. കഴുത ചില ഇലകൾ മുഴുവൻ തിന്നിരുന്നു. അവ കഴുതക്കിഷ്ടപ്പെട്ട ഇലകളായിരിക്കണം. ചില ഇലകൾ കടിച്ചു നോക്കിയിട്ടും പാതി ചവച്ചിട്ടും വിട്ടു കളഞ്ഞിരിക്കുന്നു. അത്തരം ഇലകൾ നോക്കിയപ്പോഴാണ് ഞാൻ അത്ഭുതകരമായ ആ രഹസ്യം കണ്ടുപിടിച്ചത്. ഒരു വശത്തെ പല്ലുകളേ ഇലകളിൽ പതിഞ്ഞിട്ടുള്ളൂ! അപ്പോൾ മറുവശത്തെ പല്ലുകൾ നഷ്ടപ്പെട്ടിരിക്കാം എന്ന് ഞാൻ ഊഹിച്ചു."

"അഭിനന്ദനങ്ങൾ, സുഹൃത്തേ! താങ്കൾക്ക് അസാധാരണമായ നിരീക്ഷണശക്തിയുണ്ട്, നിഗമനത്തിനുള്ള കഴിവുണ്ട്. നല്ല ബുദ്ധിയും!" രാജാവ് കച്ചവടക്കാരനെ അഭിനന്ദിച്ചു.

"തിരുമേനീ, സത്രത്തിന് നാലു നാഴിക പുറകിൽ എത്തിയപ്പോൾ കഴുതക്കുളമ്പടികൾ കാണാതായി. അതുകൊണ്ട് ആ ഭാഗത്ത് എത്തിയപ്പോൾ കൃഷിക്കാർ ആരെങ്കിലും കഴുതയെ പിടിച്ച് കെട്ടിയിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു. എനിക്ക് കച്ചവടക്കാര്യത്തിനായി ധൃതിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/17&oldid=172175" എന്ന താളിൽനിന്ന് ശേഖരിച്ചത്