ഉള്ളടക്കത്തിലേക്ക് പോവുക

ഹംസസന്ദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസത്തികവിൽ മികവുണ്ടാക്കുവാൻ മദ്രദേശേ
ഹൃദ്യാവേശാൽ മരുവുമൊരുവൻ പാർക്കു പാക്കുന്ന നേരം
സദ്യാനശ്രീതിരളുമരയന്നത്തിനെക്കണ്ടു വീണ്ടും
ഹൃദ്യാത്മസ്ത്രീസ്‌മൃതിയൊടവനോടോതിനാൻ ദൂതിനായി. 1

അല്ലേ ഹംസപ്രവര, വിധിയെക്കേവലം താൻ പുറത്താ-
ക്കില്ലേ നിത്യം സുഗതികൾ ഭവാനുള്ള വംശത്തിലുള്ളോർ?
ചൊല്ലേറും നീ പിടയൊടിടയാതെപ്പൊഴും സൗഖ്യമായി-
ട്ടല്ലേ വാഴുന്നതു? സുദനിമായിന്നു നിൻകാഴ്ചയാൽ മേ. 2

ഓരോ മോഹം പലതുമകമേ മൂത്തു കാന്താവിയോഗ-
ക്രൂരോത്താപം തടവുമൊരു ഞാനിന്നുണർത്തുന്ന കാര്യം
മാരോന്മാദഭൂമളിവകയെന്നോർത്തിടാ, തെൻകൃപാലോ,
നേരോടെന്നിൽക്കനിവു കരുതിസ്സാധ്യമാക്കിത്തരേണം. 3

ആവിർമ്മോദം പരിചയവശാൽ സഞ്ചരിപ്പാൻ ഭവാനെ-
ക്കൈവിട്ടാലും വരുമരികിലെന്നോർത്തു നിൻപാലകന്മാർ
ഹേ വിശ്വസ്തദ്വിജവര, വിടുന്നേരമക്കേരളത്തിൽ -
ക്കേൾവിപ്പെട്ടോരരിയ ശിവപേരൂർവരെപ്പോയ്‍ ‌വരേണം. 4

തൃച്ചൂരുണ്ടെൻ പുതിയ വിരഹച്ചൂടിൽ വാടിത്തളർന്നോ-
രച്ചൂതേലും മുലകൾമണിയായീടുമെൻജീവനാഡി;
മുച്ചൂടും രാപ്പകലവളുഴന്നീടു,മെന്നാൽ ഭവാൻ ചെ-
ന്നുൾച്ചൂ,ടാറ്റീട്ടുടനവളെയൊന്നാശ്വസിപ്പിച്ചിടേണം. 5

കത്തും വേർപാടഴലിലുഴലും കാന്തയാൾക്കാഴ്ചതോറും
കത്തും മറ്റും കനിവൊടു വിടാറുണ്ടു ഞാനെങ്കിലും കേൾ
സത്തുള്ളോളം വിവരമറിവുള്ളങ്ങു ദൂതോതിടും മ-
ട്ടൊത്തുള്ളാശ്വാസതനില വരി,ല്ലായതാണിത്ര ശാഠ്യം. 6

മുൻപിൽച്ചൊല്ലാർന്നൊരു ശിവപുരിക്കുള്ള മാഗ്ഗം കഥിക്കാ,-
മൻപിൽച്ചൊല്ലാമതിനുപുറമേ വേണ്ട സന്ദേശവാക്യം;
എൻപിച്ചേവം കനിവൊടഖിലം കേട്ടു മാഴ്ത്തി, സ്സഖേ, നിൻ-
പിൻപിൽച്ചേരും പിടയൊടുടനെത്തന്നെ നീ യാത്ര ചൊല്ലൂ. 7

കാന്തയ്ക്കുള്ളോരനുമതിയുടൻ വാങ്ങി മേൽപ്പോട്ടു പൊങ്ങി
സ്വാന്തപ്രീതിയ്ക്കുഴകിൽ മുഴുവൻ നോക്കുകീപ്പട്ടണത്തെ
ഞാൻ തല്ക്കാലം ചിലതു മദിരാശിയ്ക്കെഴം നന്മ വാഴ്ത്തി-
ത്താൻ തൻവാക്കെന്തിനു ചിലവഴിയ്ക്കുന്നു? കാണാം പ്രഭാവം. 8

വേഗം ചെല്ലാമവിടെ വളവില്ലാത്തൊരാർക്കോണർമാഗ്ഗം
പേകുന്നാകിൽപ്പരമതു കണക്കല്ല,തിസ്വാർത്ഥമാകും;
ലോകംതന്നിൽപ്പുകൾപെരുകിടും കാഞ്ചിതൊട്ടുള്ള നാട്ടിൻ
ഭാഗം കാണാതൊരു വഴിയൊഴിക്കുന്ന കാര്യം കടുപ്പം. 9

അന്തിക്കങ്ങുന്നഴകെഴുമെഴമ്പൂരുവണ്ടിപ്പുരയ്ക്കൽ
ചിന്തിക്കുമ്മാറണയു, കിളകും വണ്ടിയിൽ ചെന്നുകൂടാം;
എന്തിക്കാലം ചിറകുകളുലച്ചിട്ടു സാധ്യം? ജവം നൽ-
പന്തിക്കുണ്ടാം പവനനുസമം, പാർക്ക തീവണ്ടിയല്ലേ? 10

പക്ഷം നീർത്തിപ്പരിചൊടു പറക്കുന്ന പക്ഷീശ്വരന്നും
ശിക്ഷയ്ക്കൊപ്പം ചപലമലയും മാനസത്തിന്നുമോർത്താൽ
ലക്ഷ്യം വിട്ടിട്ടിളകിന കൊടുങ്കാറ്റിനും കേവലം വൈ-
ലക്ഷ്യം നൽകും ജവഗതിജയം കൊണ്ടു തീവണ്ടിയത്രേ. 11

പൊങ്ങിപ്പോകും പുക കൊടിമരം, പെട്ടിയിൽപ്പെട്ടൊതുങ്ങി-
പ്പങ്ങിപ്പാർക്കും പടുവിരുതനാം വഹിതാന്തന്നെ സൂതൻ,
മങ്ങിപ്പറ്റുടയവർകൾതൻ ചിത്തമാണുത്തമാശ്വം-
ഭംഗിപ്പെട്ടീവിധമുടയ തീവണ്ടി രണ്ടാം വിമാനം. 12

എങ്കിൽപ്പെട്ടെന്നിളകിടുമൊരീ വണ്ടി നൂനം മുഹൂർത്താൽ
ചിങ്കൽപ്പേട്ടെച്ചിതമൊടണയും നല്ല വണ്ടിപ്പുരയ്ക്കൽ;
വങ്കന്മാരായ് പൃഥുകരനയം ചെയ്യുകിൽ ശ്ശീക്ഷചെയ്താ-
പ്പങ്കം മാററിപ്പലപടി പഠിപ്പിപ്പതാദ്ദിക്കിലല്ലോ. 13

ഓരോ വണ്ടിപ്പുരയിലണകിൽത്തത്ര നാരീനരന്മാ-
രോരോ ഭോജ്യാദികൾ പലവിധം തീർത്തു വില്ക്കും തിരക്കും
പോരോതിക്കൊണ്ടവകളരികിൽ കാട്ടി ലാത്തുന്ന മട്ടും
നേരോടങ്ങയ്ക്കവിടെയുമതിന്മട്ടു കാണാമിടയ്ക്കും. 14

മുൻകാലത്തിൽപ്പുകളൊഴുകിടും കാഞ്ചിയാം രാജ്യരത്നം
നിൻ കാഴ്ചയ്ക്കാം ശകടനികടം വിട്ടു തെല്ലൊന്നു ചെന്നാൽ ;
വെൺകാന്തിക്കുള്ളൊരു വിളനിലം തന്നെയാം തിങ്കൾ ബിംബം
കൺകാണുന്നോർക്കതിനുടെ യശോമട്ടു കാട്ടീടുമപ്പോൾ. 15

വെള്ളത്തിങ്കൾപ്പുതുമൃദുനിലാവായ ദുഗ്ദ്ധാബ്ധിവീചീ-
വെള്ളത്തിങ്കൽ പ്രതിഫലിതമാമാ സ്ഥലം തൽക്ഷണം തേ
ഉള്ളത്തിൽബ്ബഹുവിശദമായച്ഛമാം ദർപ്പണത്തി-
ന്നുള്ളത്തിങ്കൽപ്പതിയുമൊരു നന്മട്ടിലായിട്ടു കാണാം. 16

കാമാക്ഷീണഭ്രമളിയിളകിദ്ദേവനെക്കാമ്രനാഥൻ
കാമാക്ഷിക്കുള്ളണിമുലയിണപ്പന്തു പുൽകും പ്രദേശം
സീമാതീതപ്രസരമുയരും ഭക്തികൈക്കൊണ്ടു കൂപ്പി,
ശ്രീമാനാകം ദ്വിജവര, ഭവാൻ ജന്മസാഫല്യമേന്തൂ. 17

ശ്രീദേവിക്കും പതീസുഖമതിന്മട്ടു ലോകം ഭരിക്കും
ഭൂദേവിക്കും സതതമുതകും വിഷ്‌ണുകാഞ്ചീസ്ഥലത്തിൽ
ശ്രീദേവന്മാരുടെ ഗുരുകുലംപോലെ രാമാനുജന്മാർ
ഭൂദേവന്മാർ വളരെയരുളും ഗ്രാമഭാഗങ്ങൾ കാണാം. 18

താതാചാര്യൻ മമ ഗുരു മൃതിപ്പെട്ടൊരാപ്പണ്ഡിതർക്കും
താതാചാര്യൻ വിപുലമതിയാം തമ്പി ലക്ഷാവധാനി
സ്ഫീതാനന്ദം പരമിവർ വസിപ്പോരു ഗേഹം വിശേഷാൽ
നീതാനപ്പോൾക്കലിതവിനയം കണ്ടു കൊണ്ടാടുമല്ലോ. 19

പിന്നെക്കാഞ്ചിക്കധികമകലത്തല്ലടോ വായുകോണിൽ -
ച്ചെ,ന്നെൻ പക്ഷിപ്രവര,വെളിയിൽക്കാണണം പക്ഷിതീർത്ഥം;
തന്നെപ്പോലുള്ളമലഗുണരാം ദിവ്യപക്ഷീന്ദ്രർ തന്നാൽ-
ത്തന്നെപ്പോയിപ്പതിവൊടവിടെദ്ദൈവനൈവേദ്യമുണ്ണും. 20

അങ്ങയ്ക്കുണ്ടാം വളരെയവിടെപ്പക്ഷപാതം മനസ്സി,-
ന്നങ്ങെന്നാലും ഗമനവിധിയിൽപ്പക്ഷപാതം വിടൊല്ലേ;
ഇങ്ങപ്പോൾത്താൻ തിരിയെ വരണം, വണ്ടി നീങ്ങുന്നതായാൽ
തങ്ങൾക്കുണ്ടാം ചിറകിനു തരംകെട്ടൊരായാസദോഷം. 21

വണ്ടിക്കുൾപ്പുക്കുടനെയവിടം വിട്ടുവാങ്ങിച്ചെറിയ്ക്കായ്
വണ്ടിപ്പാതത്തിരിവുകലരും വില്വപൂർ വിട്ടശേഷം
കണ്ടീടാം തേ, വിഹഗ, കടലൂരെന്ന ദേശം; ജവം ക-
യ്ക്കൊണ്ടീടും മട്ടുടനെയണയാം തെക്കനാർക്കാടുദിക്കിൽ. 22

വർണ്ണം കൊണ്ടും മധുരിമഭരംകൊണ്ടുമങ്ങുന്നുതിർക്കും
വർണ്ണം കൊണ്ടാടിടുമൊരുതരം പഞ്ചസാരപ്രപഞ്ചം
തിണ്ണം തീക്കുന്നവിടെയുതകും യന്ത്രഭേദങ്ങൾ കണ്ട
വണ്ണം പിന്നെഗ്ഗിരിശനരുളും ക്ഷേത്രരത്നത്തിലെത്തു. 23

നാനാചിത്രപ്പുതുമകലരും ക്ഷേത്രഭാഗങ്ങൾ നോക്കി
ജ്ഞാനാകാരൻ ഗിരിശഭഗവാൻ ചില്പുമാനംബരേശൻ
സേനാനാഥൻ ഗണപതിയിവക്കർമ്മയാമംബയൊത്താ-
സ്ഥാനാഗ്രം വാണരുളുമവിടെച്ചെന്നു വന്ദിച്ചിടേണം. 24

ചിന്നും ചിത്രപ്പണികൾവിലസും ഗോപുരം, പുണ്യതീർത്ഥം,
മിന്നും പൊന്നിൻകൊടിമര, മകത്തൊക്കെയും ഭക്തവർഗ്ഗം
വന്നും പോയും വളരെ വളരും തിക്കിതൊക്കെബ്ഭവാൻ ക-
ണ്ടെന്നും പാർത്തീടണമവിടെയെന്നോർത്തീടാനാണെളപ്പം. 25

എന്നാലും മൽപ്രണയപരിരക്ഷയ്ക്കുവേണ്ടീട്ടു വേഗം
ചെന്നാലസ്യം കളക പുകവണ്ടിക്കകം പുക്കു സൗഖ്യം,
എന്നാലല്പം സമയമവിടെക്കണ്ണടയ്ക്കാം, പ്രഭാതം
വന്നാലപ്പോൾ, സുമുഖ, കണിയായ്ക്കണ്ടിടാം കുംഭകോണം. 26

ചിത്താമോദാൽ ശുചിജലമൊലിക്കുന്ന കാവേരിയാറ്റിൽ-
പ്പൊൽത്താരല്ലിപ്പുതുമധുണാളാദിമൃഷ്ടാന്നദാനം
സത്താമങ്ങയ്ക്കവിടെയനിശം കൂടിടും കൂട്ടരൊന്നി-
ചൂൾത്താപം തീവപ്പതിനതിഥിസൽക്കാരമായാചരിക്കും. 27

മാമാങ്കത്തിൻ വലിയ കുളവും, ഹംസ, കുംഭേശനാകും
സോമാങ്കൻ തൻമണിനിലയവും പാഠശാലപ്പഠിപ്പും
കാമാങ്കസ്ത്രീപുരുഷവിളയാട്ടങ്ങളും മറ്റുമെല്ലാം
കാൺമാൻ കാലം വരുമവിടെയാ വണ്ടി നില്ക്കുന്ന ലാക്കിൽ. 28

പ്രായം ചൊല്ലും പലതമവിടെക്കേവലം ദേവഭാഷാ-
പ്രായം ചൊല്ലും വിബുധർ വിളയാടുന്നതുണ്ടങ്ങുമിങ്ങും;
കായം ചൊല്ലുമ്പൊഴുതു ചെറുതെന്നാകിലും ഹൂണവാണി-
ജായം ചെല്ലം വിരുതർ തിരിയും ദിക്കിലൊക്കെസ്സുഭിക്ഷം. 29

സഞ്ചാരം ചെയ്തൊരുകുറി മുറയ്ക്കിപ്പുരം കണ്ടു വീണ്ടും
തഞ്ചാരത്തായണയുമളവിൽപ്പിന്നെയും വണ്ടിമണ്ടും;
അഞ്ചാതോടിച്ചില ചെറുതരം വണ്ടിലായം കടന്നാൽ
തഞ്ചാവൂരാം നഗരിയിലടുത്തിട്ടു തെല്ലൊന്നു നില്ക്കും. 30

സംഗീതജ്ഞൻ നൃപതിശരഭോജിക്കു പണ്ടുള്ള വിദ്യാ-
ഭംഗീതത്വപ്രതിരവസുഖക്കാറ്റു വീശുന്നപോലേ
മങ്ങീടാതെ പല തെരുവിലും ദാസിമാർ പാടു,മപ്പോ-
ളങ്ങീ നാട്ടിൽ ശ്രുതിസുഖലയഭ്രാന്തിനാലന്ധനാകം. 31

ഇന്നും പണ്ടേപ്പടി നൃപപുരേ ചട്ടവട്ടം തരക്കേ-
ടൊന്നും പറ്റാതഴകൊടു നടക്കുന്നൊരസ്സമ്പ്രദായം
ചിന്നും മോദാൽപ്പലതുമവിടെക്കണ്ടു നീരാഴിതന്നിൽ
ചെന്നുണ്മോഹം കളക കളിയാടീട്ടുതാനൊട്ടു നേരം. 32

മിന്നീടും നൽക്ഷിതിപതിഗൃഹത്തിന്റെ മട്ടം വിശേഷാൽ-
പിന്നീടോരോ തെരുവിൽ വരിയായ് മേടയും നോക്കി നോക്കി
നിന്നീടായേ കയറുകുടനേ വണ്ടിയിൽത്തന്നെ,യെന്നാൽ
ചെന്നീടാം തേ ചിതമൊടു, സഖേ, തൃച്ചിനാപ്പള്ളിനാട്ടിൽ.

സ്വൈരം കോട്ടസ്ഥലമതിലടുക്കുന്ന നേരത്തിറങ്ങി
ശ്രീരങ്‌ഗത്തിൽ ചിറകുകളുലച്ചൊന്നുടൻ പോയ്‍വരേണം;
പാരം മാനത്തൊടു മധുരിപുസ്വാമിതൻ ചുററുമയ്യ-
രന്മാർക്കുള്ളൊരു ലഹള കണ്ടങ്ങു പിൻവാങ്ങിടല്ലേ. 34

കാറ്റത്തോടും കരിമുകിലിലായ് മുട്ടിടുംമട്ടു തോന്നും
കൂറ്റത്തത്തോടവിടെയിരുപത്തെട്ടു വൻഗോപുരങ്ങൾ
ഏറ്റും പൊങ്ങും മണിമതിലുകൾക്കേഴിനുംകൂടിയുണ്ടേ;
മാറ്റും പറ്റാതവയുടെ നടുക്കെത്തണം സത്വരം നീ. 35

നാഗത്താർന്മാക്കൊരു തലവനാം മെത്തമേൽ യോഗനിദ്രാ-
യോഗത്താലേ സുഖമൊടു കിടക്കുന്ന ചിദ്ബ്രഹ്മരൂപം
രാഗത്താൽ ശ്രീഭഗവതിമഹീദേവിമാരൊത്തുതാൻ മുൻ-
ഭാഗത്തായി, ദ്വിജവര, ഭവാൻ കണ്ടു സിദ്ധാർത്ഥനാകും. 36

ശ്രീരാമൻ പണ്ടനവധി ദിനം ദൈവമായ്‍വെച്ചു പൂജി-
ച്ചോരാ രങ്ഗാധിപനെയവിടെസ്സേവചെയ്തിട്ടു പിന്നേ
പാരാതുച്ചം മലയിൽ വിലസും പിള്ളയാർകോവിൽ നോക്കി-
പോരാം, വണ്ടിക്കുടനെയണയാം തൃച്ചിനാപ്പള്ളിതന്നെ. 37

തെക്കോട്ടയ്ക്കാ മധുരവഴിയാ,ണങ്ങു നേരേ പടിഞ്ഞാ-
ട്ടയ്ക്കോടിക്കും ശകടവഴിയേ പോകിലീരോട്ടിലെത്തും;
ദിക്കോണന്തൊട്ടിരുളുകളവാൻ കാന്തിയന്തിത്തിരിക്കായ് -
ക്കയ്ക്കോഴപ്പാടനവധി കൊടുത്തർക്കനന്നസ്തമിക്കും.38

അന്തിക്കാലത്തരുണനിറമായ് കണ്ടിടും പത്തു ദിക്കും
പന്തിക്കായിപ്പളുപളെ വിളങ്ങുന്ന നാനാവിളക്കും
ചിന്തിക്കാലേ ചിതറിടുമിരുട്ടിന്റെ തിക്കും തിരക്കും
മുന്തിക്കാണാമവിടെ വഴിപോക്കർക്കു വായ്ക്കും കുഴക്കും. 39

പാലത്തിന്മേൽപ്പുഴയുമടിയിൽ പാതയും പിന്നെ വേറേ
പാലത്തിന്മേൽ വഴിയുമടിയിൽക്കൂടി വണ്ടിക്കടത്തും
ലോലത്തിങ്കൾക്കുളുർവെളനിലാവൊന്നുയർന്നിട്ടു വീശും
കാലത്തിങ്കൽ, ഖഗവര, ഭവാൻ കാണുമിങ്ങോട്ടു നിന്നാൽ. 40

പാരം മാനം തടവിന ഭവാൻ പോന്ന വണ്ടിക്കു കാര്യ-
ക്കാരന്മാർ വെച്ചതിരിനവിടെത്തന്നെയായീ കലാശം;
സ്വൈരം മറ്റേവഴിയെ വരുമാ വണ്ടി വന്നെത്തുവാനോ
നേരം മാറും മണി, ഖഗമണേ, പന്തിരണ്ടോടടുക്കും. 41

കീർത്തിയ്ക്കൊക്കും കുളർമതിരുചിപ്പാൽപ്പരപ്പൊന്നു കാണ്മാ-
നാത്തിപ്പെ,ട്ടെൻപ്രിയസഖ,വടക്കോട്ടുതെല്ലൊന്നുചെന്നാൽ
സ്വാർത്ഥത്തിനും മതിയിതു പരാർത്ഥോദ്യമം തേ, ഭവാനീ-
തീർത്ഥത്തിങ്കൽ തിറമൊടു കുളിച്ചൊന്നു നീന്തിക്കളിക്കാം. 42

ഓളം തള്ളിക്കരകളിലടിച്ചിട്ടു കൊട്ടും ഭവാനീ
മേളംതന്നിൽ ബഹുരസവിലാസങ്ങൾ കാട്ടുന്നമട്ടിൽ
താളം തട്ടിക്കളമൊടു കളിക്കുന്ന കാവേരി കണ്ടാൽ
താളം തെറ്റി ക്ഷണമൊരു നടീഭ്രാന്തിയേന്തും ഭവാനും. 43

ഇഷ്ടംപോലങ്ങിതിലിരുമണിക്കൂർവരെക്കൂടിയാടി-
പുഷ്ടപ്രീതിപ്രസരമഴകിൽപ്പിന്നെയീരോടണഞ്ഞാൽ
കഷ്ടപ്പാടില്ലധിക, മണയും വണ്ടിയുൾപ്പുക്കുറങ്ങാം,
ശിഷ്ട പ്രൗഢദ്യുതിപൊതിയുമാപ്പോത്തനൂർ ചെന്നുചേരാം. 44

കോയമ്പത്തുർക്കൊരു വഴി തിരിഞ്ഞീടു,മങ്ങുന്നു ലേശം
മായം പറ്റാതുടനടി പടിഞ്ഞാട്ടുതാൻ പോന്നിടേണം;
പ്രായം ചെല്ലും രജനി മുതുമുത്തശ്ശിയൂർദ്ധൻവലിക്കും
ഞായം ചൊല്ലുമ്പൊഴുതു മലയാളത്തിലെ ഛായ കാണാം. 45

അന്തിക്കാലം രുചികൾ തപനൻതങ്കലേല്പിച്ചതെല്ലാം
പന്തിക്കായിട്ടവനു തിരിയേതന്നെ നന്ദിക്കു നൽകാൻ
പൊന്തിക്കാണും മലമുടികളിൽ കാട്ടുതീ വീണവണ്ണം
ചിന്തിക്കാലത്തരുണകിരണം വീശിവീഴുന്ന കാണാം. 46

ജൃംഭിച്ചീടും കൊടുമുടികളിൽ തങ്ങിടും കാടുതോറും
ശുംഭിച്ചീടും തനുതരതടിൽത്തങ്കരേഖാക്ഷരത്തിൽ
മുമ്പിൽക്കണ്ടോരവകൾ വളരെത്താഴെയെന്നായ് പരസ്യം
മുമ്പിൽ കാണാം മലയിൽ മലയാളത്തിലെത്തുമ്പൊഴേയ്ക്കും. 47

വേഗം പായും ശകടപദവിയൊട്ടു ദൂരം വടക്കേ
ഭാഗം കാണും മലയുടെയരുക്കുള്ള വേടക്കിടാങ്ങൾ
യോഗം കൂടിച്ചില ചെറുഫലം കൊണ്ടു ദുർമ്മന്ത്രവാദോ-
ദ്യോഗം കൂടീട്ടൊടിയൊടു നടക്കുന്നതുണ്ടെന്നു കേൾപ്പൂ. 48

പാലക്കാടാ,യറിയു,കൊലവക്കോട്ടിലെത്തുമ്പോൾ വിദ്യാ-
ശീലക്കാരാം വളരെ വസുധാദേവരുള്ളഗ്രഹാരം
ലീലയ്ക്കായിച്ചിറകുകളുലച്ചീടിലങ്ങയ്ക്കു കണ്ണിൻ-
വേലയ്ക്കായിട്ടവിടെയവിടെക്കണ്ടിടാം വേണ്ടുവോളം. 49

മന്ദിക്കാതേ പറളിവഴിയേ ലക്കടിച്ചെന്നു ചേർന്നാൽ
മിന്നിക്കാണാമരിയ തിരുവില്ല്വാമലക്ഷേത്രരത്നം;
കുന്നിൽക്കേറിക്കുവലയവധൂനന്ദ്യനായ് ലക്ഷ്മണാഢ്യൻ
നന്ദിക്കുന്നുണ്ടവിടെ വിബുധാസേവ്യനാം രാമചന്ദ്രൻ. 50

ഒറ്റപ്പാലം തദനു ചെറുവണ്ണൂരുമായിപ്പുഴയ്ക്കു -
ള്ളൊറ്റപ്പാലപ്പൊലിമ നെടുനീളത്തിലായ തത്ര കാണാം;
തെറ്റിപ്പോണം വഴിയവിടെവെച്ചിട്ടു; തീവണ്ടിയോടായ്
തെറ്റിപ്പോകാതുപചിതരസം യാത്രചൊല്ലിത്തിരിയ്ക്കൂ. 51

ദൂരേ കാണും മല, നിരെനിരെപ്പച്ചയായ് വൃക്ഷജാലം
തീരേ തിങ്ങും പുഴയുടെ പരപ്പുള്ള ദീർഘപ്രവാഹം,
പാരേ പച്ചപ്പടവുകിടയായ്പാട,മീപ്പാലനൂലിൻ-
നേരേ കണ്ണിന്നിരുവഴിയുമിക്കാഴ്ച കാണേണ്ടതത്രേ. 52

വേണ്ടും, വെള്ളക്കളിയുമവിടെപ്പൂമധുപ്രാതലൂണും
വീണ്ടും വെള്ളക്ഖഗനിരയൊടായ് നല്ല സല്ലാപമട്ടും
വേണ്ടുന്നാകിൽ, ദ്വിജവര, രസംപോലെ സാധിച്ചു മോദം
പൂണ്ടുന്നാളസ്ഫുടസരസിജം കൊക്കിലാക്കിത്തിരിക്കാം. 54

പൂജ്യത്വം പൂണ്ടതിഗുണഗണം കൂടിടുന്നോരു കൊച്ചീ-
രാജ്യത്തിങ്കൽ കയറു,കുടനേ കണ്ടിടും രാജധാനി;
രാജ്യത്തിനുടയവർ സുഖം നേടുവാൻ നീതിവിദ്യാ-
പ്രാജ്യന്മാരിൽ ചിലരവിടെയുണ്ടെങ്കിൽ നീ കണ്ടുകൊള്ളു. 54

അന്നേരത്താ നരവരനെഴും നൈത്തിയാർ കയ്ക്കലാക്കാൻ -
തന്നേ നോക്കും സരസഗതിയിൽ ഭംഗികൂടും ഭവാനെ;
വന്നേയ്ക്കാനും മതിയപകടം കയ്യിലാപ്പെട്ടുപോയാൽ ;
നിന്നേക്കൂട്ടിൽക്കുതുകമൊടിടും, പാടു നോക്കിപ്പറക്കൂ. 55

മൂടിക്കെട്ടും പഴകിയ പനമ്പായമേൽക്കൂടുമായി-
ക്കൂടിക്കെട്ടുന്നെരുതുകൾ വലിച്ചേറ്റിടും കട്ടവണ്ടി
കൂടിക്കൂട്ടായനവധി വലിഞ്ഞെത്തിടുമ്പോളവറ്റിൽ-
കൂടിക്കഷ്ടപ്പെടുമൊരുതരം പാന്ഥരെത്തത്ര കാണാം. 56

വക്കത്തൊക്കെത്തരുനിര വെയിൽച്ചൂടു തട്ടാതെ മേലേ
നില്ക്കത്തക്ക സ്ഥിതി മരവിരിപ്പന്തലാം പാതമേലേ
തക്കത്തിൽ ത്താൻ സുഖമൊടു പറന്നാലു, മങ്ങോട്ടു ചെന്നാൽ
പൊക്കത്തിൽത്താനകമലമലച്ഛായ ദൂരത്തു കാണാം. 57

ചൊല്ലാർന്നോരാ മലയുടെയടുത്തെത്തീടും മുമ്പിലായി.
ച്ചെല്ലാം മുള്ളൂർക്കരയി, ലവിടെപ്പാലിയത്തച്ഛനുണ്ടാം;
നെല്ലായ് കാറ്റിൽ കുലകളുലയും പാടവും വീടുമായി-
ട്ടെല്ലാമദ്ദിക്കതിലധികവും പാലിയം ഭൂമിയല്ലോ. 58

പൊങ്ങിക്കാണും മലയരികിലായെങ്കിൽ മാനത്തിലങ്ങും
പൊങ്ങിക്കൊള്ളു പര,മുയരുകിൽത്താഴ്ച നന്നല്ലവറ്റിൽ;
മങ്ങിപ്പോകാതവിടെ മഹിമാവൊന്നു കാട്ടേണ,മെന്നാൽ
ഭങ്ഗിപ്പെട്ടുള്ളവയുടെ മഹത്ത്വത്തിലെസ്സത്തു കാണാം. 59

വള്ളിക്കാടും വളരെ മരവും പാറയിൽത്തട്ടിമുട്ടീ-
ട്ടുള്ളിൽക്കൂടിക്കടുകടെയൊലിക്കുന്ന പൂഞ്ചോലമട്ടും
തള്ളിക്കാട്ടിൽ കരടികൾ കളിക്കുന്നതും പാർക്കിലോരോ
പുള്ളിക്കട്ടിപ്പുലിമടകളും സ്പഷ്ടമായിട്ടു കാണാം. 60

വേട്ടയ്ക്കായിപ്പലരുമണയും തോക്കുമായ്, ഞാനിറങ്ങി-
ക്കൂട്ടക്കാരൊത്തിളകിയവിടെത്താഴ്‍വരത്തട്ടിലെല്ലാം
പാട്ടിൽ കാണും പല പല മൃഗക്കൂറ്റരെക്കൊന്നു പോന്നേൻ;
വീട്ടിൽക്കാന്തയ്ക്കറിവിനവയെച്ചൊല്ലുമാറുണ്ടു വീണ്ടും. 61

കേറിക്കണ്ടീയകമല വലംവെച്ചു വേഗം വടക്കാ-
ഞ്ചേരിക്കങ്ങെത്തണ,മവിടെയാണെന്റെ സബ്രഹ്മചാരി
പാരിൽക്കൊണ്ടാടിന പുകളൊടും രാമമേനോൻ തഹശ്ശീ-
ദാരിക്കാലം, വിഹഗ, പണിനോക്കുന്നതൊക്കുന്നവണ്ണം. 62

ഉല്ലാസത്തോടുടനഥ പടിഞ്ഞാട്ടു നോക്കിപ്പറന്നാൽ -
ച്ചെല്ലാം ധന്വന്തരിയുടെ മഹാക്ഷേത്രമാംനെല്ലുവായിൽ;
വല്ലാതാർക്കും വളരുമൊരു രാഗാദിരോഗങ്ങളുണ്ടാ-
കില്ലാ ദിവ്യൗഷധിധരകൃപാശക്തിയാലാ സ്ഥലത്തിൽ. 63

പിന്നീടും നീ, പതഗ, പരിചിൽ പാറളിക്കാട്ടിലൂടേ
ചെന്നീടേണം പെരുവഴിയി,ലെന്നിട്ടു പാടേ പറന്നാൽ
മുന്നീടാകും വെളിയിൽ മുളകുന്നത്തുകാവിൽ കിഴക്കായ്
മിന്നീടുന്നോരലർശരരിപുസ്നേഹസർവ്വസ്വബിംബം. 64

അക്കാവിങ്കൽ തൊഴുതു വഴിയേ പോന്നു പിന്നീടു വിയ്യൂർ-
ദിക്കാകുമ്പോൾ, ഖഗവര, പരപ്പുള്ള പച്ചപ്പറമ്പിൽ
ശുഷ്ക്കാന്തിയ്ക്കൊത്തതുമിതുമുടൻ ചെയ്തൊരാശ്ശങ്കരയ്യൻ
പേഷ്കാർക്കുണ്ടാം ലഹരി മുഴുവൻ പാർക്കുമപ്പാർക്കു കാണാം.

വിയ്യൂർപ്പാലത്തിനുമൊരു വിളിപ്പാടു തെക്കോട്ടു ചെന്നാ-
ലിയ്യുള്ളോർക്കായുഴലുമൊരു നിൻ ബുദ്ധിമുട്ടൊട്ടു തീർന്നു;
പീയൂഷാംശുക്കുളിർമുറിയണിഞ്ഞോരു ദേവന്റെ തൃക്കൺ-
പീയൂഷാംശം പെരിയ ശിവപേരൂരിലെത്തിക്കഴിഞ്ഞു. 66

രണ്ടാം ഭാഗം
വിദ്യായോഗാൽ ഗഗനവഴിയേ ചെന്നുകേറും ഭവാനേ
ഹൃദ്യാമോദം വിതറിയെതിരേറ്റീടുവാനപ്പുരത്തിൽ
ഉദ്യാനത്തിൻമലർമണമെടുത്തെത്തുമേ മന്ദവാതം
സദ്യാനത്തിൻ സരസനവനങ്ങയ്ക്കു ചങ്ങാതിയല്ലേ? 1

വെള്ളസ്സൗധ്‌ദ്യുതി വിതറിടും പക്ഷപാതത്തിനാലും
പിള്ളയപ്പേരകുട്ടികളുടെ മണിക്കാൽച്ചിലമ്പൊച്ചയാലും
കൊള്ളത്തക്കത്തരുണികൾഗതിപ്രൗഢിയാലും പുകൾന്നി-
ട്ടുള്ളസ്സാക്ഷാൽ ശിവപുരി തദാ നിർണ്ണയം നിന്നൊടൊക്കും. 2

പ്രൗഢസ്ത്രീകൾക്കവിടെ രമണന്മാർകളെപ്പാട്ടിലാക്കാൻ
ഗൂഢക്കണ്ണിൻ മുന മതി, മനോജന്റെ പൂവമ്പു വേണ്ടാ;
ഗാഢപ്രേമസ്ഥിതിയെ രതിയും കാമനും കണ്ടെടുപ്പാ-
നൂഢസ്വാം പുനരവരിലുൾപ്പുക്കു നോക്കിപ്പിടിക്കും. 3

കൂടെക്കൂടെക്കുതുകമയരും മട്ടിലായ്ക്കുക്കൂറു മുട്ടി-
ക്കൂടെക്കൂടിക്കുസുമവിശിഖക്കൂത്തരങ്ങത്തു നിത്യം
പാടെപ്പാടാം, പതികളിലഹോ കോപമില്ലെങ്കിലും താൻ
പേടപ്പെണ്മാൻ മിഴികളവിടെപ്പൗരുഷം കാട്ടുമത്രേ. 4

കാന്തത്തിങ്കൾ പ്രതിമുഖിമാർ തന്വിമാർ തത്ര മന്ദം
വ്രാന്തത്തട്ടിൽ തലമുടിയഴിച്ചിട്ടുലാത്തുന്ന നേരം,
എന്തെന്നില്ലാ; കളൂർമതിയൊടും മിന്നലും കാറുമിപ്പോ-
ളെന്തെന്നായിപ്പകലുമൊരു നോട്ടത്തിലോർക്കും ജനങ്ങൾ. 5

പൊക്കംകൂടും മണിഗൃഹമതിന്മേടയിൽ ജാലവാതിൽ -
പ്പക്കം പാറിശ്ശശിമുഖികൾ തൻകാന്തരെക്കാത്തുനില്ക്കേ
തിക്കുംവണ്ണം തിമിരമുയരും രാവിലും വെണ്ണിലാവോ-
ടൊക്കുംവണ്ണം വഴിയിലവിടെസ്സഞ്ചരിക്കും ജനങ്ങൾ. 6

മീട്ടും വീണാശ്രുതിയൊടധികം ചേർന്നിടുംമട്ടിലായി-
പാട്ടും പാടിത്തരുണികൾ നിലാവറ്റു രാവിൽച്ചിലപ്പോൾ
കൂട്ടുന്നോരാസ്സദിരിലലിയും മാനസത്തോടുകൂടി-
ക്കൂട്ടം കൂടീട്ടവിടെ വഴിയിൽ സ്തബ്ധരാം പാന്ഥരത്രേ. 7

മുഗ്ദപ്പെൺകുട്ടികളെയവിടെത്തോഴിമാർ തള്ളിയുന്തി
സ്നിഗ്ദ്ധന്മാരാം കണവരൊടടുപ്പിച്ചു മാറിക്കഴിഞ്ഞാൽ
ശുദ്ധന്മാരാം വരരുടെ സഹായത്തിനായ് കാമദേവൻ
യുദ്ധംവെട്ടിസ്സരസമവരെപ്പാട്ടിലാക്കിക്കൊടുക്കും. 8

പാരിൽത്തങ്ങൾക്കറിവിനുതകംമട്ടിലായിട്ടു കുട്ടി-
ത്താരിൽ തേൻവാണികളുടെ പഠിപ്പിന്റെ മട്ടും നടപ്പും
ചോരത്തള്ളിച്ചയുമൊരഴകും നല്ലിണക്കുത്തുമെല്ലാ-
മേറിത്താങ്കൾക്കഭിരുചി ജനിപ്പിക്കുമാപ്പട്ടണത്തിൽ. 9

സൗധംകൂടാതൊരു ഗൃഹവുമില്ലപ്പുരത്തിങ്ക,ലന്ത-
സ്സൗധത്തിങ്കൽ സ്സുഭഗകൾ വിളങ്ങാതെ വീടൊന്നുമില്ല;
ബാധയ്ക്കതും വഴി നഹി, വരൻ വേർപിരിഞ്ഞിട്ടു നിദ്രാ-
ബോധക്കേടിങ്കലുമഴലെഴും സ്ത്രീകളേറെച്ചുരുക്കം. 10

ഇപ്പോളെന്നോടിതുവിധമകന്നത്തിൽ കത്തും പ്രിയയ്ക്കു -
ങ്ങപ്പോൾ പോയി പ്രശമമുപദേശിക്കുവാൻ നോക്കിടേണ്ടാ;
കെപ്പോടൊന്നാപ്പുരി മുഴുവനും ചുററി നോക്കീട്ടു രാവാ-
മപ്പോൾപ്പോയാൽ മതി: സമയവുംകൂടി നോക്കേണ്ടതല്ലേ 11

മാടക്ഷോണീപതികൾ വളരെപ്പണ്ടുപണ്ടേ വസിക്കും
മാടക്ഷോണീധരമിളകിടും വൻകൊടിക്കൂറയാലേ
മാടിക്കൌഹലമൊടവിടെത്താങ്കളെത്താൻ വിളിക്കും:
മേടിക്കേണം വലിയ നിലയുള്ളോന്റെ സൽക്കാരമെല്ലാം 12

വണ്ടിക്കായിട്ടെരുതുകളെയും പാൽപെറും പയ്ക്കളേയും
വണ്ടിക്കാരാമിടയർ തെരുവിൽ സ്ത്രീപുമാന്മാർകളേയും
കണ്ടിക്കാർപോലരിയ തിരുവമ്പാടിയിൽ കൃഷ്ണനേയും
കണ്ടിക്കാണും നഗരി ദൃഢമമ്പാടിയെന്നോർത്തിടും നീ. 13

കള്ളന്മാരെക്കഴലിലുലയും ചങ്ങലപ്പുട്ടുമായ് മുൻ-
പുള്ളമ്മാടക്ഷിതിവരരടച്ചിട്ടിരുന്നാത്തുറുങ്കിൽ
ഉള്ളത്തിങ്കൽക്കനിവൊടു നൃപൻ ഭ്രാന്തരെ ഭ്രാന്തു മാറി-
ക്കൊള്ളത്തക്ക ക്രമമൊടു ചികിത്സിപ്പതും തത്ര കാണാം. 14

ദൂരത്തന്നേ തവ വരവിനെക്കാത്തിടും രാജധാനീ-
ദ്വാരത്തൊന്നേറണ, മുടനകം പൂക്കു മട്ടൊക്കെ നോക്കി
ചാരത്തന്നേ കൃതരസമശോകേശ്വരത്തമ്പലത്തിൽ -
താരിൽ ത്തന്വീരമണശരനാം നാഥനെക്കൈതൊഴേണം. 15

തീരത്തൊക്കെക്കുളുർമുല കുലുങ്ങീടവേ സ്ത്രീകൾ മുങ്ങി-
ക്കേറിത്തോർത്തും തലമുടി കലർന്നാനനച്ഛായ കാഞ്ചിൽ
നീരിൽത്താരിൻനിര പെരുകരിഞ്ചണ്ടികോകങ്ങളെന്നായ്
മാറിത്തോന്നൊ,ല്ലമലജലമാമാ വടക്കേച്ചിറയ്ക്കൽ. 16

ഗൗരിക്കായിപ്പുതുമലർ നിറുത്തീടുമുദ്യാനമുള്ളിൽ -
ക്കേറിക്കാണാമഴകിലവിടെ, സ്സാരസോത്തംസമേ, തേ
പാറിച്ചെന്നിട്ടവരുമിവരും പൂവറുക്കാതിരിക്കാൻ
പാരിച്ചീടും വിഷമൊടുമതിൽക്കാവൽ നാഗങ്ങളല്ലോ. 17

ചുറ്റിക്കാണും വഴിയുടെ നടുക്കൊന്നുയർന്നിട്ടു തേക്കിൻ
കുറ്റിക്കാടുള്ളൊരു വൃഷഗിരിക്കുള്ള ശൃങ്ഗത്തിലായി
പറ്റിക്കാണാം പരശിവമഹാക്ഷേത്ര, മങ്ങൊന്നു വട്ടം
ചുററിക്കാലാന്തകനഥ വലംവെച്ചു നോക്കീടവേണം. 18

സ്ത്രീവിദ്യാശാലയുമതുവിധം പുരുഷന്മാർക്കു വേണ്ടു-
ന്നാ വിദ്യാശാലയുമതുമിതും നോക്കി നോക്കി ക്രമത്തിൽ
ശ്രീവിദ്യാർത്ഥം വെളിയിൽ വിലസും പാറമേല്ക്കാവിലമ്മ-
യ്ക്കാവിർമോദം ചിറകുകൾ കുനിച്ചൊന്നു കുമ്പിട്ടിടേണം. 19

പുരം വന്നാലരിയ തിരുവമ്പാടിയിൽക്കൂറ്റുകാർക്കും
പാരം വയ്ബിൽപ്പൊലിമപെടുമീപ്പാറമേല്ക്കാവുകാർക്കും
സ്വൈരം തമ്മിൽത്തടവിടുമിണക്കുത്തിലെക്കമ്പമാണ-
ന്നേരം തേക്കിൻതടികളവിടെത്താങ്കൾ മുൻകണ്ടതെല്ലാം. 20

മുട്ടാതാർത്തർക്കുപശമമുദിപ്പിച്ചിടും വൈദ്യഗേഹം
വിട്ടാൽ നസ്രാണികളുടെ വിഹാരാപണശ്രേണി കാണാം;
പട്ടാളക്കാരൊരുപടി കിടക്കുന്ന കൂടാരമൊക്കും-
മട്ടായ്‍ക്കാണാം കളരിയകലെത്തെക്കിരട്ടച്ചിറയ്ക്കൽ. 21

മുന്നിൽക്കാണാം, ഖഗവര, പടിഞ്ഞാറു നല്ലച്ചുകൂടം
മിന്നിക്കാണും പല വരവധൂസൗധവീഥീവിലാസം;
പിന്നെപ്പാണ്ടിദ്വിജരുടെ ചരക്കുള്ളൊരങ്ങാടിതന്നിൽ
ച്ചെന്നെപ്പേരും പുടവകളെടുക്കുന്ന ഘോഷങ്ങൾ കാണാം. 22

നേരമ്പോക്കിൽ ബഹുവിരുതരാമുണ്ണിനമ്പൂരിമാര-
ന്നേരം പോകുന്നൊരു വഴി പടിഞ്ഞാട്ടു തെല്ലൊന്നു ചെന്നാൽ
പാരം പൊക്കംതടവിന ഗൃഹശ്രേണി കാണാമ, വറ്റിൽ
സ്വൈരം പാർക്കും യതിപരിവൃഢന്മാരെ വന്ദിച്ചിടേണം. 23

ബ്രഹ്മദ്ധ്യാനം തടവിന യതീന്ദ്രാലയത്തിൻവടക്കായ്
ബ്രഹ്മസ്വാഖ്യം മഠമതു ഭവാൻ കണ്ടിടാം മുമ്പുതന്നേ;
ബ്രഹ്മശ്രീമൽ ക്ഷിതീസുരർ മുഴക്കീടുമാ വേദശബ്ദ-
ബ്രഹ്മത്തിൻ നൽ ശ്രുതിസുഖരവം കേട്ടു സന്തുഷ്ടനാകം. 24

ഓത്തന്മാരായറിവുപഴകം വൃദ്ധനമ്പൂരിമാരെ-
പ്പാർത്തമ്മാന്യർക്കുടയ നിയമസ്താനകർമ്മങ്ങളാലേ
ശുദ്ധം കൂടും ശുചിസലിലമാമാപ്പടിഞ്ഞാർചിറയ്ക്കൽ
ബദ്ധപ്രേമം സരസിജരസം മോന്തി നീന്തിക്കളിക്കാം. 25

നിസ്സന്ദേഹം വിഫലമിഹ ലോകത്തിലൗന്നത്യമെന്നാ-
യസ്സന്ന്യാസിപ്രവരരരുളിക്കേട്ടപോലപ്പൊഴർക്കൻ
സത്സങ്ഗംകൊണ്ടൊരു രുചി കഷായാംബരത്തിങ്കലാക്കി
സ്സത്സങ്കല്പം കടലിൽ മുഴുകിസ്സംന്യസിക്കാൻ ഗമിക്കും. 26

ശുദ്ധത്തിന്നാച്ചിറയിൽ മുഴുകിത്തന്വിമാരപ്പൊഴല്പം
ബദ്ധപ്പാടായ മതിലകമതിൽത്തൃപ്പുകയ്ക്കൊത്തുപോകും;
സ്പർദ്ധയ്ക്കങ്ങുന്നവരുടെ പുരോഭാഗിയായ്‍ക്കാൽനടയ്ക്കു-
ങ്ങർദ്ധത്തിങ്കൾച്ചിടയനുടയോരമ്പലത്തിൽഗ്ഗമിക്കൂ. 27

നീ മുമ്പായിച്ചെറുതിട നടന്നിട്ടു പിന്നെ ക്രമംകൊ-
ണ്ടാ മുദ്രാക്ഷീമണികളെ രസം നോക്കി മുമ്പാക്കിവിട്ടാൽ
ശ്രീമൂലസ്ഥാനവുമതുവിധം ഗോപുരത്തിന്നകം പു-
ക്കാമൂലം മറ്റിടവുമവർ കുമ്പിട്ടു കാട്ടിത്തരും തേ. 28

കുഞ്ഞിക്കാവാമവനിവിബുധൻ സത്‌പുരാണാർത്ഥസാരം
ഭഞ്ജിക്കാതേ വിവിധവിഷയാസക്തി പോം ഭക്തിയോടെ
കുഞ്ഞിക്കാർവേണികളുമലിയും മട്ടു ചൊല്ലുന്ന കേൾക്കാം
രഞ്ജിക്കാവുന്നൊരുവിധമുടൻ ചുറ്റിനുള്ളിൽ കടന്നാൽ. 29

ഗൗരീകാന്തൻ, ഗിരിസുത, ഗണാധീശ്വരൻ, വിഷ്ണു, രുദ്ര-
ന്മാ,രീ രണ്ടീശ്വരരുമൊരു മെയ്യായി നില്ക്കുന്ന രൂപം,
പാരീരേഴും പുകൾ വിതറിടും ജാനകീജാനിയെന്നു-
ള്ളോരീ നാനാകൃതിയൊടു പരബ്രഹ്മബിംബങ്ങൾ കാണാം. 30

ആവിർഭക്ത്യാ പരമശിവനെത്തൃപ്പുകയ്ക്കു സേവി-
ച്ചീ വിശ്വത്തിൽസ്സിതകരകരം ചിന്നിമിന്നിത്തുടർന്നാൽ
നീ വിശ്വാസത്തൊടു, മമ സഖേ, കാര്യസാരം
നടത്താൻ ഭാവിച്ചാരാൽ ത്തവ സഖി വസിപ്പോരു വീട്ടിൽഗ്ഗമിക്കൂ. 31

സ്ഫീതാനന്ദം യതികളരുളും മന്ദിരത്തിൻ കിഴക്കായ് -
ശ്ശീതാംശുശ്രീയെതിർരുചിപെടും മേട കാണുന്നതാണേ
ജാതാതങ്കം ദയിതമരുവും വീ,ടതിങ്കൽപ്പടിയ്ക്കൽ -
"സ്സീതാരാമൻ തൂണയിതെഴുതിച്ചോരാ മുദ്ര കാണാം. 32

കേറുംനേരത്തിരുപുറവുമായിട്ടു മുററത്തു യോജി-
പ്പേറും ചീരച്ചെറുചെടികളാൽ ശ്ശംഖചക്രങ്ങൾകൊണ്ടും
ചേരും നാനാമലരണിലതാവേലികൊണ്ടും ഭവാന-
ന്നാരും ചൊല്ലാതതു മമ വധുഗേഹമാണെന്നു കാണും. 33

തെക്കേ മുറ്റത്തരുവിൽ വരിയായ് ചെഞ്ചെറുഞ്ചീര നേരേ
നില്ക്കേ മധ്യേ, പതഗ, പനിനീർപ്പിച്ചകപ്പുക്കൾ നോക്കി
മുക്കേ പോകും വഴി പല ലതാഗേഹഭേദങ്ങളോടൊ-
ത്തക്കേഴക്കണ്ണിയുടെ ഗൃഹോദ്യാനവും കണ്ടിടാം തേ. 34

കന്നിസ്ഥാനേ വിമലജലമാം പൊയ്കയിൽ കാലദോഷം-
തന്നിൽ സ്ഥാനേ മമ കമനിതന്നാനനം പോലെതന്നെ
മുന്നിൽത്താനേ കമലനിര നീ കണ്ടിടും ക്ലാന്തഭാവം
ചിന്നി,ത്താനേ തവ ചൂടുചൂടെക്കണ്ണുനീർ ചാടുമപ്പോൾ. 35

വാരിക്രീഡാവിധിയിലതിൽ ഞാനെന്റെ വാമാക്ഷിയാളെ
ക്കോരിത്തുമുത്തെതിർജലകണം തൂകി മുക്കിക്കഴിഞ്ഞാൽ
നീരിൽത്താർതേൻമുഖിമണി മുദാ പൊങ്ങിടുമ്പോൾ മുഖാബ്ജം
നേരിട്ടേകും നിശി നിശി നിശേശന്നു ലജ്ജാകളങ്കം. 36

കൂട്ടം കൂട്ടിത്തിരകൾ തിരളും പൈങ്കളിർക്കാറ്റു കൊണ്ടും
വാട്ടം തീർക്കും ബിസമുറി രസാൽക്കൊത്തിയും നീർ കുടിച്ചും
കൂട്ടം കൂടാതതിലൊരു മണിക്കൂറു നേരം കളിച്ചെൻ-
കോട്ടം തട്ടും പ്രിയയുടെ സമാധാനരക്ഷയ്ക്കു നോക്കൂ. 37

താഴെക്കുട്ടം വളർമൊടു വളർന്നുള്ള തെങ്ങും കഴുങ്ങും
വാഴക്കൂട്ടങ്ങളുമിവ നിരപ്പുള്ളതും നോക്കി മെല്ലേ
കേഴക്കണ്ണാൾമണിയുടെ മണീമഞ്ജുമേടപ്പുറത്തിൻ-
കീഴെക്കണ്ണിന്നഭിരുചി പെറും ജാലമാർഗ്ഗത്തിലെത്തും38

അപ്പോഴയ്ക്കും മമ മധുമൊഴിത്തയ്യലാൾ തൃപ്പുകയ്ക്കായ്
പൊയ്പോന്നെത്തും പതിവവൾ മുടക്കുന്നതുടക്കുന്നതല്ലന്ന ശേഷം;
കെല്ലോടീടും വ്യസനമുളവായെങ്കിലോ ദൈവസേവ-
യ്ക്കിപ്പോൾ ഭവതിപ്പൊലിമ വളരെക്കൂടുമെല്ലാർക്കുമല്ലോ! 39

നിത്യം താപം തടവിടുമവൾക്കുണുതൊട്ടംഗരക്ഷാ-
കൃത്യം താനേ സഖിമൊഴിവഴിക്കൊട്ടു പേർമാത്രമത്രേ;
അത്യന്താനാദരവവയിലുണ്ടായിരിക്കും മനസ്സിൽ
കൃത്യം താൽക്കാലികമിഹ മനോരാജ്യസഞ്ചാരമല്ലോ. 40

കേശം ചിന്നിച്ചിതറിയൊരുമട്ടിട്ടുമാസ്യപ്രസാദം
ലേശം ചേരായ്കിലുമൊരു മുഖശ്രീവിലാസം വിളഞ്ഞും
മോശം ചെറ്റെങ്കിലുമഴകിനില്ലെങ്കിലും വിപ്രയോഗ-
ക്ലേശം ചേരും സ്മരജയമഹാലക്ഷ്മിയെക്കാൺക പിന്നേ. 41

ദീർഘക്കണ്ണാളവളഴകെഴും ഭിത്തിയിൽ ചേർത്തതായി-
ദ്ദീർഘം വണ്ണം നിറമിവ ശരിപ്പെട്ടൊരെൻഛായ നോക്കി
ദീർഘശ്വാസം വിടു, മതു ദൃഢസ്നേഹപാശത്തിനുള്ളാ-
ദ്ദീർഘത്വത്തിന്നുടയൊരളവാണെന്നു തോന്നും, സഖേ, തേ. 42

അയ്യോ കഷ്ടം ഹൃദി കഠിനമായപ്പൊഴെൻ വിപ്രയോഗ-
ത്തിയ്യോരാതൊന്നിളകു, മതിനാൽ ബാഷ്പമാർന്നക്ഷിയാലേ
മെയ്യോടൊക്കും വടിവുപെടുമെൻചിത്രരൂപത്തിൽ നോക്കാൻ
വയ്യോരോന്നായവയവമവൾക്കീനിലയ്ക്കിണ്ടലുണ്ടാം. 43

കണ്ണിൽ കാണാൻ വിഷമനിലയിൽക്കേഴുമാക്കേഴമാൻ നേർ-
ക്കണ്ണാൾക്കപ്പോളരികിലവിടെഗ്ഗാഢസങ്കല്പയോഗാൽ
കണ്ണാൽക്കാണാഞ്ഞവളെയകമേ നോക്കുമീയെന്നെയുള്ളം-
കണ്ണാൽ കണ്ടുള്ളൊരു രസമറിഞ്ഞീടുവാൻ യോഗമുണ്ടാം. 44

ആമോദത്താലരമിഴിയടഞ്ഞാസ്യപദ്‌മം തെളിഞ്ഞുൾ-
പ്രേമോന്മേഷാൽ തനു കളർമയിർക്കൊണ്ടു വേണ്ടുംപ്രകാരം
ആമോഹം പൂണ്ടവൾ തടവിടും ഹന്ത ചിന്താവിഷാദ-
വ്യാമോഹം പോയ് മമ സകലസങ്കല്പസംഭോഗസൗഖ്യം. 45

ധ്യാനത്താലീ വിരഹമതിലും സാധുസംയോഗയോഗ-
സ്ഥാനത്തായിട്ടൊടുവിൽ മടവാർ പിന്തിരിക്കും വരേയ്ക്കും
മൗനത്താലേ മരുവുക, സഖേ; ജാലഭാഗത്തു പിന്നെ-
ത്താനത്താർത്തേൻമൊഴിയൊടു പറഞ്ഞാലുമൊന്നിപ്രകാരം: 46

"സങ്കല്പത്താൽ പ്രിയനു വിരഹത്തിങ്കലും സൗഖ്യമേകും
തങ്കപ്പൊയ്ത്താർമുഖി, തവ സുഖക്കേടിനാശ്വാസമില്ലേ?
നിങ്കൽപ്പുത്തൻപ്രണയമുയരും വല്ലഭൻ നിന്റെ പാർശ്വ-
ത്തിങ്കൽപ്പൊയ്‍ത്തേന്മൊഴി മൊഴിയുവാൻ വിട്ടൊരാളാണെടോ ഞാൻ. 47

പാത്തീടാനീസ്സമയമിതുമട്ടെന്റെ പേർ ചൊന്ന നിന്നെ-
പ്പാർത്തീടാനായഭിമുഖമരാളാക്ഷിയാളൊന്നു നോക്കി
വാർത്തീടാക്കും വ്യസനവിനിപാതാശ്രുസമ്മിശ്രമായ്ത്താൻ
വാർത്തീടാനായ്തുടരുമുടനേ ശീതളാനന്ദബാഷ്പം. 48

അന്നത്തന്മാർക്കണിമകുടമേ, മന്ദമത്യാദരത്താൽ
തന്നത്താനേ കരസരസിജം കൊണ്ടു മെല്ലെത്തലോടി
പിന്നെത്താർത്തേൻമൊഴി മൃദുലമാം പട്ടുമെത്തപ്പുറത്തായ്
നിന്നെത്താൻ വെച്ചുടനരികിൽ മേളിച്ചു ലാളിച്ചിരുത്തും. 49

എന്നാലിന്നിപ്പറക കണവൻ ചൊന്ന സന്ദേശമെല്ലാ
'മൊന്നാലീനപ്രണയരുചിയിൽപ്പെട്ട നോട്ടത്തിനാലേ
നന്നായ നാരീമണിയവൾ, സഖേ, സൂചനം ചെയ്യു,മപ്പോൾ
ചൊന്നാലും നീ ചെവിയിണ കുളിക്കുമ്പടിക്കിപ്രകാരം : 50

"ദൂരത്തിപ്പോൾ പല പല മനോരാജ്യമൂലം വസിക്കു-
ന്നോരത്വൽക്കാമുക, നയി വധുരത്നമേ, നിന്നൊടായി
മാരത്തള്ളിച്ചയിൽ മറിയുമാ മാനസത്താൽ മയങ്ങു-
ന്നേരത്തോതുന്നിതു മധുരമായെന്മുഖം കൊണ്ടിവണ്ണം: 51

"എന്നോമൽപ്പെൺകുലമണി, നമുക്കൊത്ത ദാമ്പത്യയോഗം
വന്നോരന്നാൾ മുതലഴലെഴും വിപ്രയോഗപ്രയോഗം
ഒന്നോ രണ്ടോ ദിനമിതുവരെ സ്വാദുകാണിച്ചിരിക്കാ,-
മിന്നോ പാർത്താൽ പരമവിഷമം രണ്ടു മാസം കഴിഞ്ഞു. 52

പാരാതമ്മയ്ക്കടലിനു സുഖക്കേടുകൊണ്ടെന്റെ കൂടെ-
പ്പോരാതുള്ളീ നിലയിൽ നിലയായ് നീ,യിവൻ പോന്നിടാഞ്ഞാൽ
പോരായ്മയ്ക്കുള്ളൊരു വഴിയുമാം, കഷ്ടമീമട്ടിലായി-
"തീരാത്ത വിധി, വിധി വിധിക്കുന്നതാരുണ്ടു മാറാൻ? 53

ദീനം മാറീടിലുമരിക വിട്ടങ്ങു നീയിത്ര ദൂരേ
സ്ഥാനം മാറീടുകിലിഹ മനോധൈര്യമില്ലായ്കയാലേ
നൂനം മാതാവിനിയുമഴൽ കൊണ്ടാർത്തയാ,മായതോർത്തീ
ഞാനമ്മാറീ വിരഹവിഷവും നട്ടു വേർപെട്ടിടുന്നൂ. 54

മുല്പാടീ നമ്മുടയ വിരഹത്തിന്നു ഞാനിത്രമാത്രം
കയ്പാണെന്നുള്ളൊരു കഥ വിചാരിച്ചിരുന്നില്ല ലേശം;
ഇപ്പാടാദ്യം മമ വിവരമുണ്ടെങ്കിലീ ഭാരമേല്പാൻ
നില്പാൻ നോക്കി,ല്ലൊഴികഴിവുകണ്ടൊന്നു പിന്നോട്ടു മാറും. 55

സത്താം കാര്യം കരുതിയിളകും ഭാരതക്ഷ്മാജനത്തിൻ
പത്താമത്തെസ്സഭയിവിടെവെച്ചല്ലയോ, മല്ലനേത്രേ?
എത്താറായി പല പല മഹാന്മാരുമി,ങ്ങാദരിപ്പാ-
നെത്താഞ്ഞാ,ലെന്മതിമതി, പെരുത്തിങ്ങു പോരായ്മയില്ലേ? 56

'കാര്യം വിട്ടുള്ളൊരു കളി കണക്കാകയില്ലെ'ന്നു പാരിൽ
കാര്യജ്ഞന്മാർ പറയു, മതു ഞാനോർത്തിതാ പാർത്തിടുന്നൂ;
ആര്യസ്ത്രീകൾക്കൊരു തിലകമേ, നിൻവിയോഗാഗ്നി പക്ഷേ
ധൈര്യസ്വാർത്ഥം മുഴുവനുമലിക്കുന്നു മേ വെണ്ണപോലെ. 57

എന്നാലും ഞാൻ പകൽ മുഴുവനും, വല്ലഭേ, വല്ലപാടും
നന്നായ് കാര്യങ്ങളിലുഴറിയും ചുറ്റി മാറിക്കഴിച്ചും
എന്നാലസ്യം വളരെ വെളിവാക്കാതെ നോക്കീടു,മെന്നാ-
ലെന്നാലാവില്ലിഹ നിശ, നിശാനായികാസ്യേ, സഹിപ്പാൻ. 58

കാറും കാറോടെതിർമുടി, മുഴുത്തിങ്കളും തിങ്കൾവക്ത്രേ,
കേറും മെത്തപ്പുറവുമയി മേ മെത്ത കേറുന്ന കാന്തേ,
ഓരും നേരത്തിവ സകലവും നിന്നെയോർമ്മപ്പെടുത്തി-
ച്ചേരും ചിന്താവിഷമതിൽ മയക്കുന്നതുണ്ടിന്നുമെന്നെ. 59

മുട്ടുമ്പോഴീ വിരഹവിഷമേ നിൻറെ സങ്കല്പസംഗം
കിട്ടുമ്പോഴും കിമപി, ദയിതേ, സ്വപ്നയോഗത്തിലും തേ
ഒട്ടും പോരെങ്കിലുമൊരു സുഖം തോന്നു,മെന്നാലൊടുക്കം
വെട്ടുമ്പോലുൾത്തളിർ പിളരുമാ ദുഃഖമോ ദുർഘടം മേ. 60

എട്ടോ പത്തോ ദിനമിനിയുമുണ്ടസ്സഭ, യ്ക്കായതെല്ലാ-
മൊട്ടോരോന്നായ് ദിനമനു, നിശേശാനനേ, തീർന്നശേഷം
പട്ടോടൊക്കും തവ തനുവിനെക്കാണുവാനീ പ്രദേശം
വിട്ടോടി ത്വത്സവിധമതിലേയ്ക്കുത്തുവൻ സത്വരം ഞാൻ. 61

എന്നെക്കാളും ചെറുതധികമോ, നിസ്തുലേ, തുല്യമായോ
നിന്നെക്കാമൻ, കയൽമിഴി, കലമ്പുന്നതുണ്ടായിരിക്കാം;
തന്നെക്കാളും വ്യസനികളെയോർത്തൊട്ടു നാൾ കണ്ണടയ്ക്കുക്കൂ
വന്നേയ്ക്കാം നിന്നരികിൽ മകരസ്സംക്രമത്തിന്നകം ഞാൻ. 62

ശയ്യാഗരേ നിശയിലൊരുനാൾ ചിത്രപട്ടത്തിൽ ഞാൻ നിൻ
മെയ്യാകെക്കണ്ടിളകി നിലവിട്ടൊന്നു കെട്ടിപ്പിടിക്കാൻ
കയ്യാഞ്ഞീടുമ്പൊഴുതു പുറകേ മന്ദമായ് വന്നിടും നീ-
"യയ്യാ പറ്റീ ചതി'യിതി പൂണർന്നില്ലയോ, പല്ലവാംഗി? 63

ഗൂഢക്കയ്യാമിതുമൊരടയാളത്തിനായ് ചൊല്ലിനേ,നെൻ-
ഗാഢപ്രേമപ്പുതുമൃദുലതേ, പൂണ്ണവിശ്വാസപൂർവ്വം
ഊഢസ്നേഹം മറുപടി കൊടുത്തെന്റെ ദൂതോതിയോരീ
പ്രൗഢൻ പക്ഷിപ്രവരനെയയക്കേണമേ, പ്രാണനാഥേ! 64

ഈമട്ടെല്ലാമളവളൊടു പറഞ്ഞാശ്വസിപ്പിച്ചു പിന്നീ-
ടാ മട്ടോലും മൊഴിയുടയ നല്ലുത്തരത്തോടുകൂടി,
ശ്രീമൻ, വേഗാൽ തിരിയെയിവിടെത്തന്നെ വന്നിഷ്ടമോടെൻ-
കാമം നല്കീട്ടരുളുക, സഖേ, കാന്തയോടൊത്തു സൗഖ്യം. 65

കുട്ടിക്കുംഭസ്തനികളിലതിപ്രേമമാർന്നാൽ വിവേകം
വിട്ടിക്കാണിച്ചൊരു പുരുഷനെപ്പോലെയുന്മാദമൂലം
വിഡ്ഢിത്തം പറ്റിടുമെവനുമെന്നൊന്നു കാണിക്കുവാനായ് -
ക്കെട്ടിത്തീർത്തനൊരുവിധമിതാ 'ഹംസസന്ദേശ'കാവ്യം. 65

"https://ml.wikisource.org/w/index.php?title=ഹംസസന്ദേശം&oldid=237264" എന്ന താളിൽനിന്ന് ശേഖരിച്ചത്