സാഹിത്യസാഹ്യം/രീതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
രീതി


നൂലുകൊണ്ടു തുണി നെയ്യുമ്പോൾ എഴകൾ അകത്തിയും, അടുപ്പിച്ചും, ഒറ്റയായും, ഇരട്ടയായും, ചതുരത്തിലും, കോണിച്ചും മറ്റും ചേർക്കുന്നതുകൊണ്ടു തുണികൾക്കു തരഭേദം വരാറുണ്ടല്ലോ. അതുപോലെ പദങ്ങളെ ചേർക്കുന്നതിന്റെ മാതിരിഭേദംകൊണ്ടു കൃതികൾക്കും തരഭേദമുണ്ടാകും. ഇതിനെയാണു് രീതി എന്നു പറയുന്നതു്. ശബ്ദരചനാശക്തിവിശേഷത്താൽ പ്രത്യക്ഷീഭവിക്കുന്ന വാഗ്ദേവിയുടെ വസ്ത്രാദിബാഹ്യവേഷസാമഗ്രി എന്നും, ഗ്രന്ഥകാരന്മാരുടെ രസനാഗ്രത്തിലും തൂലികാഗ്രത്തിലും നൃത്തം ചെയ്യുന്ന ആ ദേവിയുടെ ഗതിവിലാസം എന്നും മറ്റും രീതിയെ പലവിധത്തിൽ രൂപണം ചെയ്യാറുണ്ടു്.

സംസ്കൃതാലങ്കാരികന്മാർ ദേശഭേദത്തെ അടിസ്ഥാനപ്പെടുത്തി രീതിക്കു വിഭാഗം ചെയ്തിരിക്കുന്നു. ദണ്ഡിയുടെ അഭിപ്രായത്തിൽ വൈദർഭി എന്നും ഗൌഡി എന്നും പ്രധാനമായി രീതിക്കു രണ്ടു വിഭാഗമാകുന്നു. അവ അങ്ങേ അറ്റവും ഇങ്ങേ അറ്റവും ആകയാൽ തങ്ങളിൽ വലിയ അന്തരമുണ്ടു്. ഇതുകളുടെ മദ്ധ്യേ സൂക്ഷ്മാസൂക്ഷ്മവ്യത്യാസത്തോടുകൂടി പലതരം രീതികൾ വരാം. വിദർഭദേശക്കാർക്കും ഗൌഡദേശക്കാർക്കും പ്രിയമാകയാൽ അതാതു പേരുകൾ കല്പിക്കപ്പെട്ടു. വൈദർഭിക്കു് അന്തസ്സാരം പ്രധാനം; ഗൌഡിക്കു് അക്ഷരാഡംബരം. ചിലർ ഇതിനു രണ്ടിനും മധ്യേ , ‘പാഞ്ചാലി’ എന്നൊരു രീതി കൂടി കല്പിച്ചിട്ടുണ്ടു്. മറ്റുചിലർ ‘ലാടി’ എന്നു് നാലാമതു് ഒന്നും ചേർക്കാറുണ്ടു്. ഏതായാലും അതാതുകൾക്കു പ്രചാരാധിക്യമുള്ള ദേശത്തിന്റെ പേരിൽനിന്നു വ്യുൽ‌പ്പാദിപ്പിച്ചിട്ടുള്ള ഈ പദങ്ങൾ ഭാഷയ്ക്കു യോജിക്കയില്ല.


സർവ്വഥാ രീതിസാമ്യമുള്ള രണ്ടു കൃതികൾ കാണാൻ പ്രയാസം. ആൾ തിരിച്ചു് അറിവാൻ പാടില്ലാത്തവിധം രണ്ടുമനുഷ്യർക്കു ഛായ ഒത്തുവരാറില്ലല്ലോ; അതുപോലെയാണിതിന്റെയും സ്ഥിതി. കൂടെപ്പിറന്നവർക്കു് എത്രത്തോളം ഛായ യോജിക്കുമോ അത്രത്തോളം സഹപാഠികളായ ഗ്രന്ഥകാരന്മാർക്കും രീതി യോജിക്കാം. രീതിക്കു് അസംഖ്യം ഗുണങ്ങളും ദോഷങ്ങളും പറയാറുണ്ട്; ഓരോ ഗുണത്തിനും എതിരായ ദോഷം കൂടി ഒന്നിച്ചുചേർത്തു കാണിച്ചാൽ പരഭാഗംകൊണ്ടു രണ്ടിന്റേയും സ്വഭാവം അധികം വിശദമാകുമെന്നുള്ള വിചാരത്താൽ ഗുണദോഷങ്ങളെ ജോടിചേർത്തു വിവരിക്കുന്നു.

1. (എ) ലളിതവും കഠിനവും: ആലോചിച്ചു ക്ലേശിക്കാതെ വായിക്കുന്നതോടുകൂടിത്തന്നെ അർത്ഥം മനസ്സിലാകുന്ന രീതി ലളിതം. അതിനു വിപരീതം കഠിനം. ദുർഗ്രഹമായ വിഷയവും, വിവരിക്കുന്നതിന്റെ സമ്പ്രദായഭേദത്താൽ സുഗ്രഹമായിത്തീരാം. വിഷയത്തെ വേണ്ടും വണ്ണം വിശകലനം ചെയ്തു്, തരം തിരിച്ചു ക്രമപ്പെടുത്തി, ആവശ്യപ്പെടുന്നെടത്തെല്ലാം പൂർവ്വാപരസംബന്ധം കാണിച്ചു്, ദൃഷ്ടാന്തങ്ങളെക്കൊണ്ടു് അനുഭവപ്പെടുത്തുന്നതായാൽ കാഠിന്യം എവിടെയും പരിഹരിക്കാവുന്നതാകുന്നു. ഗ്രന്ഥകാരൻ എത്ര ക്ലേശം സഹിക്കുന്നുവൊ അത്രത്തോളം വായനക്കാരനു് ക്ലേശം കുറയും. ഉദാഹരണത്തിനു് ‘വിഭക്തിവിഷയത്തിൽ മലയാളം സംസ്കൃതത്തോടു ലേശം യോജിക്കുന്നില്ല’ എന്ന സംഗതി കേരളപാണിനീയത്തിലും മധ്യമവ്യാകരണത്തിന്റെ അവതാരികയിലും പ്രതിപാദിച്ചിരിക്കുന്നതു് ഒത്തുനോക്കുക.

(ബി) അതിലളിതത്തെ കോമളം എന്നും, അതികഠിനത്തെ കർക്കശം എന്നും വ്യവഹരിക്കാം. സർവ്വസുഗമമായ വിഷയത്തെ ലളിതമായ മട്ടിൽ വർണ്ണിക്കുന്ന കൃതിയുടെ രീതി കോമളവും, ദുരൂഹമായ വിഷയത്തെ വേണ്ടിടത്തോളം വിസ്തരിക്കാതെ പ്രതിപാദിക്കുന്ന കൃതിയുടെ രീതി കർക്കശവുമായിരിക്കും. കോമളതയും കാർക്കശ്യവും പ്രതിപാദ്യവിഷയത്തെക്കൂടി സ്പർശിക്കുന്നു. ലാളിത്യത്തിലും കാഠിന്യത്തിലും വിഷയവിചാരം വേണ്ട.

2. സരസവും ശുഷ്ക്കവും : വായിച്ചാൽ മുഷിയാത്തതു സരസം, മുഷിയുന്നതു ശുഷ്ക്കം. വായനക്കാരന്റെ ഹൃദയത്തെ, ആകർഷിക്കത്തക്കവിധം പ്രതിപാദ്യവസ്തുവിനെ പ്രതിപാദിച്ചാൽ രീതി സരസമാകും. ഇല്ലെങ്കിൽ ശുഷ്ക്കമായിപ്പോകും. വായനക്കാർക്കു് രസിക്കുന്നതേതു്, രസിക്കാത്തതേതു് എന്നുള്ളതു് ഗ്രന്ഥകാരൻ ആലോചിച്ചു നിശ്ചയിക്കണം. ഗ്രന്ഥകർത്താവിന്റെ നിലയിൽ വായിച്ചുനോക്കിയാൽ സ്വത്വവ്യാമോഹമില്ലാത്തവർക്കൊക്കെയും സ്വകൃതി സരസമോ ശുഷ്ക്കമോ എന്നു നിർണ്ണയിക്കാൻ കഴിയും. ഒരു പ്രബന്ധം സരസമാകണമെങ്കിൽ അതിൽ പലവിധമായ ചമൽക്കാരമിരിക്കണം. ചമൽക്കാരം ചമയ്ക്കാനുള്ള മട്ടു് ഉപദേശിച്ചു ഗ്രഹിപ്പിക്കാവുന്നതുമല്ല. ഈയിടയിൽ മലയാളത്തിൽ തർജ്ജിമയായി ഉത്ഭവിച്ചിട്ടുള്ള പലേ പ്രബന്ധങ്ങളും ശുഷ്ക്കനങ്ങളായിപ്പോയിട്ടുണ്ടു്. അതിലേക്കു കാരണം മൂലഗ്രന്ഥത്തിലെ വാക്ചാതുര്യമെല്ലാം വിട്ടു കേവലമായ അർത്ഥം മാത്രം ഭാഷപ്പെടുത്തീട്ടുള്ളതാണു്.

ഒരു ലളിതമായ കൃതി ശുഷ്ക്കമായി എന്നും കഠിനമായ കൃതി സരസമായി എന്നും വരും. ഭഗവദ്ദൂതുനാടകത്തിന്റെ രീതി ലളിതമാണു്; എന്നാൽ അതിൽ സരസതയ്ക്കു കുറവുണ്ട്. നളചരിതം കഥകളി കഠിനമാണു്; എങ്കിലും അതു് ഒരിടത്തും ശുഷ്ക്കമല്ല. രീതിയുടെ സൽഗ്ഗുണദുർഗ്ഗുണങ്ങൾ വേറെ വേറെ ഉപാധികളെ ആശ്രയിച്ചു കൽ‌പ്പിച്ചിട്ടുള്ളവയാകയാൽ മിക്ക പ്രബന്ധങ്ങളിലും ഇതുപോലെ ഒരംശത്തിൽ ഗുണവും മറ്റൊന്നിൽ ദോഷവും കലർന്നുകാണും. എല്ലാം ഗുണമായിട്ടോ എല്ലാം ദോഷമായിട്ടോ തികഞ്ഞുവരുന്നതു് അപൂർവ്വമാണു്.

3. സരളവും വക്രവും: നേർവ്വഴിക്കുപോകുന്നതു സരളം; വളച്ചുകെട്ടുന്നതു വക്രം. ചമൽക്കാരമില്ലെങ്കിൽ കൃതിക്കു ശുഷ്ക്കതവരുമെന്നു പറഞ്ഞുവല്ലൊ, ചിലർ ഇല്ലാത്ത ചമൽക്കാരമുണ്ടാക്കാൻ‌ വേണ്ടി നേർ‌വഴിവിട്ടു വളച്ചുകെട്ടാനാരംഭിക്കും. ഈവകക്കാരുടെ രീതിയാണു് വക്രമായിത്തീരുന്നതു്.

4. പ്രസന്നവും കലുഷവും: പ്രസാദം എന്നാൽ തെളിമ. ജലാശയം എത്ര അഗാധമായിരുന്നാലും അതിലെ ജലം തെളിഞ്ഞിരുന്നാൽ അടിവരെ കാണാൻ പ്രയാസമില്ല. അതുപോലെ ക്രമപ്പെടുത്തലിന്റെ മാഹാത്മ്യത്താൽ വിഷയം മുഴുവനും ഒരു നോട്ടത്തിൽ ഗ്രഹിക്കത്തക്കവിധം സ്പഷ്ടമായ രീതി പ്രസന്നം. വാലും തലയുമില്ലാത്ത വിഷയത്തെ വ്യാകുലപ്പെടുത്തി എഴുതുന്ന രീതി കലുഷം. ഒരു ചെറിയ കണ്ണാടിയിൽ വലുതായ ഒരു കാടു മുഴുവൻ പ്രതിഫലിക്കുന്നതുപോലെ പ്രസന്നമായ ഒറ്റവാക്യത്തിൽ മഹത്തായ വിഷയം സ്പഷ്ടമായി അടങ്ങും.

5. മധുരവും പരുഷവും: കാതിനു് ഇമ്പമായുള്ളതു മധുരം; അല്ലാത്തതു പരുഷം. മോരും മുതിരയും പോലെ ചില പദങ്ങൾ എത്രതന്നെ ചേർത്താലും ചേരുകയില്ല; ചിലതു പാലും വെള്ളവും പോലെ തങ്ങളിൽ യോജിക്കും. ഇങ്ങനെ മാധുര്യവും പാരുഷ്യവും ശബ്ദത്തെ ആശ്രയിച്ച ഗുണങ്ങളാകുന്നു. അനുകൂലശ്രവണമുള്ള രീതി മധുരം; പ്രതികൂലശ്രവണമുള്ളതു പരുഷം. വെണ്മണിനമ്പൂരിമാരുടെ കൃതികൾ മാധുര്യത്തിനും, വയസ്ക്കരമൂസ്സിന്റെ കൃതികൾ പാരുഷ്യത്തിനും പ്രായേണ ഉദാഹരണങ്ങളായിരിക്കും.

6. ഗംഭീരവും വൃഥാസ്ഥൂലവും : പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം അർത്ഥപുഷ്ടിയുള്ളതു ഗംഭീരം; അർത്ഥപുഷ്ടി കുറഞ്ഞും ആഡംബരം അധികപ്പെട്ടും ഉള്ളതു വൃഥാസ്ഥൂലം. ‘ആഴമുള്ളിടത്തു് ഓളം കുറയും’ എന്ന പഴഞ്ചൊല്ലിൻപ്രകാരം ഗംഭീരമായ രീതിയിൽ ആഡംബരം കാണുകയില്ല. ഗംഭീരത പണ്ഡിതന്മാർക്കും വൃഥാസ്ഥൂലത പാമരന്മാർക്കും രസിക്കും.

7. ശാലീനവും ദീപ്രവും: ശബ്ദത്തിനു് പ്രാസാദികളും അർത്ഥത്തിനു് ഉപമാദികളുമായി പല അലങ്കാരങ്ങളും നടപ്പുണ്ടല്ലോ. അതുകളെ ചുരുക്കി ഉപയോഗിക്കുന്ന രീതി ശാലീനം; കഴിയുന്നിടത്തൊക്കെ ചേർക്കുന്നതു ദീപ്രം. പ്രകൃത്യാ സൌന്ദര്യമുള്ള ശരീരത്തിനു് ആഭരണം അണിയുന്നതിന്റെ ആവശ്യമില്ല; പ്രായേണ ബ്രഹ്മസൃഷ്ടിയിലുള്ള ന്യൂനതകളെ പരിഹരിക്കാൻ വേണ്ടിയാണു് വേഷം കെട്ടുന്നതു്. ഈ അഭിപ്രായത്തിൻ പേരിൽ ശാലീനത ഗുണവും ദീപ്രത ദോഷവുമായിത്തീരുന്നു. അലങ്കാരപ്രയോഗം അധികപ്പെടുന്നതിനേക്കാൾ ചുരുങ്ങുന്നതു് നന്നെന്നു താല്പര്യം. എഴുത്തച്ഛന്റെ രീതി ശാലീനവും ചെറുശ്ശേരിയുടേതു ദീപ്രവും ആണു്.

8. ഉജ്ജ്വലവും അലസവും: വൈചിത്ര്യംകൊണ്ടും ഫലിതംകൊണ്ടും ഉണ്ടാകുന്ന കാന്തിവിശേഷമാണു് ഉജ്ജ്വലത; തദഭാവം അലസത. വിവക്ഷിതമായ അർത്ഥം വാക്ചാതുര്യംകൊണ്ടാണു് പ്രകാശിക്കുന്നതു്, അല്ലെങ്കിൽ മങ്ങിക്കിടക്കും. വിലയേറിയ രത്നവും വെളിച്ചം തട്ടാഞ്ഞാൽ മിന്നുകയില്ല. സരസശുഷ്കങ്ങൾക്കും ഉജ്ജ്വാലലസങ്ങൾക്കും തമ്മിൽ വലിയ അന്തരമില്ല. പ്രതിപാദ്യവസ്തുവിന്റെ നിസ്സാരങ്ങളായ ചില്ലറകളിൽ പ്രവേശിച്ചാൽ രീതി ശുഷ്കമായിത്തീരും; ഉക്തിവൈചിത്ര്യങ്ങളെക്കൊണു! എത്രതന്നെ ഉജ്ജ്വലത ഉണ്ടാക്കിയാലും അതു് സരസമാകുന്നതു പ്രയാസം. ചവച്ചുതുപ്പിയ കരിമ്പുകഷണം പഞ്ചസാരവെള്ളത്തിൽ ഇട്ടാലും ചർവ്വണപൂർവ്വാവസ്ഥയിലെപ്പോലെ ആസ്വാദ്യമാവുകയില്ല. വേറെയും ഭേദമുണ്ടു്. കൃഷ്ണഗാഥയിലെ വർണ്ണനകൾ സരസങ്ങളാണെങ്കിലും അലസങ്ങളാണു്. ഒരിടത്തു വർണ്ണിച്ച തോതിൽത്തന്നെയാണു് മറ്റൊരിടത്തും കവി വർണ്ണന ആരഭിക്കുന്നത്; ഹേതുഫലോല്പ്രേക്ഷകൾതന്നെ സർവ്വത്ര പ്രധാനം. രണ്ടുമൂന്നു വർണ്ണനകൾ വായിക്കുമ്പോൾ പുതുമ ഇല്ലാത്തതിനാൽ അലസത വെളിപ്പെടും. അതിനാൽ കൃഷ്ണഗാഥയിൽ ഏകദേശവ്യാപിയായി സരസതയും സർവ്വദേശവ്യാപിയായി അലസതയും ഉള്ളതായിപ്പറയേണ്ടിയിരിക്കുന്നു.

9. സൌ‌മ്യവും ഉദ്ധതവും : ഗ്രന്ഥകാരൻ തന്റെ പാണ്ഡിത്യപ്രകടനത്തിനുവേണ്ടി ആടോപം കാണിക്കുന്നിടത്തു് ഔദ്ധത്യം; ഇല്ലാത്തിടത്തു സൌമ്യത. ഓജസ്സിനുവേണ്ടി നീണ്ട നീണ്ട സമാസങ്ങളും, ആവശ്യമില്ലാത്ത അപൂർവ്വഭാഷാന്തരപദങ്ങളും മറ്റും പ്രയോഗിക്കുന്നതു് ഔദ്ധത്യമാകുന്നു.

10. ഊർജ്ജ്വസ്വലവും ദുർബ്ബലവും : വാക്കുകൾക്കും വാചകങ്ങൾക്കും നല്ല ഉണർച്ചയുള്ളതു് ഊർജ്ജ്വസ്വലം; അതില്ലാത്തത് ദുർബലം. നിത്യകൈകാര്യംകൊണ്ടു് അലങ്കാരങ്ങളുടേയും മറ്റും പളപളപ്പു ക്ഷയിച്ചുപോകും; നവനവങ്ങളായ ഉല്ലേഖങ്ങൾകൊണ്ടു പുതപ്പിച്ചാൽ മാത്രമേ അതുകൾ തിളങ്ങുകയുള്ളു. പദപദ്മം, ഉൾപ്പൂവ് മുതലായ ആഭാസരൂപങ്ങൾ ദുർബലങ്ങളായിപ്പോയി. ‘ഗുരുനാഥന്റെ പാദപദ്മരേണുക്കൾ മലിനമായ എന്റെ ഹൃദയദർപ്പണത്തെ മാർജ്ജനം ചെയ്യട്ടെ’ , ‘താപാധിക്യത്താൽ അവന്റെ ഉൾപ്പൂവു് വാടിപ്പോയി’ ഇത്യാദ്യുല്ലേഖങ്ങളെക്കൊണ്ടു ജീവൻ കൊടുത്താൽ ഇതുകൾക്കും ഊർജ്ജ്വസ്വലത ഉണ്ടാകും.

11. പ്രൌഢവും ബാലിശവും : പ്രൌഢന്മാർക്കു രസിക്കാത്ത ഗൌരവമുള്ളതു പ്രൌഢം; ബാലോചിതമായതു ബാലിശം. വിഷയത്തിന്റെ നിസ്സാരഭാഗങ്ങളിൽ പ്രവേശിക്കാതേയും അലങ്കാരാദികളിൽ ക്ഷുദ്രങ്ങളായ ശ്ലേഷപ്രാസാദികളെ ഗണിക്കാതേയും, മിതങ്ങളും സാരങ്ങളും സഭ്യങ്ങളും ആയ പദങ്ങളെക്കൊണ്ടു് അവശ്യവക്തവ്യമായ ഭാഗത്തെ മാത്രം അന്യൂനാനതിരിക്തമായ മട്ടിൽ സ്പഷ്ടതയ്ക്കു കുറവുവരാതെ പ്രതിപാദിക്കുന്ന ശബ്ദഗുമ്ഫനമാണു് പ്രൌഢത അല്ലെങ്കിൽ പ്രൌഢി. എഴുത്തച്ഛന്റെ രീതി പ്രായേണ പ്രൌഢമാണു്; കുഞ്ചൻ നമ്പ്യാരുടേതു പലേടത്തും ബാലിശമായിട്ടുണ്ടു്. ഗൌരവമേറിയ വിഷയങ്ങളെ അല്ലാതെ പ്രൌഢരീതിയിൽ എഴുതാൻ സാധിക്കയില്ല. എന്നാൽ മഹാകവികൾക്കു ക്ഷുദ്രവിഷയവും പ്രൌഢമാക്കാൻ കഴിയും. മേഘസന്ദേശത്തിലെ വിഷയം എത്രയോ നിസ്സാരം; എങ്കിലും കാളിദാസന്റെ മുഖത്തുനിന്നു വന്നപ്പോൾ അതും പ്രൌഢമായി.

12.ധാരാവാഹിയും ക്ലിഷ്ടവും : നിരർഗ്ഗളമായ ധാടിയോടുകൂടെ ഗംഗാപ്രവാഹം പോലെ ത്സളത്സളായമാനമായിപ്പായുന്ന വാഗ്ദ്ധോരണി ധാരാവാഹി; വല്ല മൂലകളിലും കിടക്കുന്ന പദങ്ങളെ ബലാൽക്കാരേണ വലിച്ചിഴച്ചുകൂട്ടിച്ചേർക്കുന്നതു് ക്ലിഷ്ടം; വാസനയുള്ളവന്റെ വാക്കു് ധാരാവാഹിയും, ഇല്ലാത്തവന്റേതു ക്ലിഷ്ടവുമായിരിക്കും. വിഷയത്തിന്റെ പൂർണ്ണമായ ജ്ഞാനവും, ക്രമപ്പെടുത്താനുള്ള ശക്തിയും, അഭ്യാസബലവും ഉണ്ടായാൽ ക്ലിഷ്ടതകൂടാതെ കഴിക്കാം. ഒരുവന്റെ വാക്യരീതികൊണ്ടു് അവന്റെ സ്വഭാവം ഊഹിക്കാം എന്നു പറയാറുണ്ടു്. ഗ്രന്ഥകാരന്റെ മനസ്സിൽ ഉദിക്കുന്ന ആശയങ്ങളെ ആണല്ലൊ അവൻ വാക്കുകളെക്കൊണ്ടു വെളിപ്പെടുത്തുന്നതു്; ആശയങ്ങൾ വിശദമായും പൂർവ്വാപരസംബന്ധം വിടാതെ ക്രമത്തിലും ആണുദിക്കുന്നതെങ്കിൽ ആ ഗുണങ്ങൾ രീതിയിലും പ്രതിഫലിക്കും. ബിംബത്തിന്റെ സ്വഭാവം പ്രതിബിംബം കണ്ടാൽ നിശ്ചയിക്കാമല്ലോ.

13. അവഗാഹിയും മസൃണവും: വായിച്ചാലുടൻ മനസ്സിലിറങ്ങി അവിടെ പതിഞ്ഞുകിടക്കുന്നതു് അവഗാഹി; മനസ്സിൽ തട്ടാതെ ഒരു ചെവിയിൽക്കൂടി കയറി മറ്റേ ചെവിയിൽക്കൂടി വിട്ടുപോകുന്നതു് മസൃണം. പ്രകൃതിശാസ്ത്രത്തിൽ എല്ലാവസ്തുക്കൾക്കും ഗരിമകേന്ദ്രം എന്നൊരു സ്ഥാനം പറയുന്നുണ്ടു്. ഈ സ്ഥാനത്തിനു താങ്ങുകൊടുത്താൽ വസ്തുവിനു മുഴുവൻ താങ്ങു കൊടുത്ത ഫലം കിട്ടും. ഇതിന്മണ്ണം അംഗവിജ്ഞാനീയത്തിൽ മർമ്മം എന്നുപറയുന്ന ഭാഗത്തിൽ തൊട്ടാൽ മറ്റു ഭാഗങ്ങളിൽ ആഞ്ഞടിച്ച ഫലവുമുണ്ടാകും. ഇതുപോലെ സാഹിത്യകലയ്ക്കും ചില രഹസ്യങ്ങളുണ്ടു്; അതുകളിൽ സ്പർശിച്ചാൽ സ്വല്പമായ യത്നവും മഹത്തായ പ്രയോജനം ചെയ്യും. ഈവക രഹസ്യങ്ങളെ പ്രയോഗിച്ചാൽ രീതി അവഗാഹിയായിച്ചമയും. ഒരിക്കൽ വായിക്കുന്നതോടുകൂടി വിഷയത്തെ വായനക്കാരനു് അനുഭവപ്പെടുത്തിക്കൊടുക്കുന്ന രീതിധർമ്മമാണു് അവഗാഹിത്വം.

രീതിധർമ്മങ്ങളുടെ എണ്ണം ഇതിനുമേൽ വർദ്ധിപ്പിക്കാൻ വിചാരിക്കുന്നില്ല. ഇച്ചൊന്ന 13 എണ്ണത്തിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണു്. അതാതിനു ചേർന്ന ലക്ഷണത്തിലും കൂടുതൽ കുറവുകൾ ചെയ്യണമെന്നേ ഉള്ളു. അക്ഷരാർത്ഥം നോക്കുന്നതായാൽ രീതിപദം പദഗ്രഥനയുടെ പ്രകാരഭേദങ്ങളെ മാത്രമേ കുറിക്കുന്നുള്ളു. എന്നാൽ പദങ്ങളുടെ ധ്വനി മാത്രമല്ല ഗ്രന്ഥം; അതുകളുടെ അർത്ഥങ്ങളും അതുകൾ പ്രതിപാദിക്കുന്ന വിഷയവും കൂടി ഗ്രന്ഥശബ്ദാർത്ഥത്തിൽ ഉൾപ്പെടുന്നു. അതിനാൽ പദം, അർത്ഥം, വിഷയം ഈ മൂന്നിനേയും അടിസ്ഥാനപ്പെടുത്തിയാണു് ഇവിടെ രീതിധർമ്മങ്ങൾ കൽ‌പ്പിച്ചതു്. ലളിതസരസാദിവിഭാഗങ്ങൾ ചൊന്നതിൽ ഓരോന്നിൽ ഓരോന്നു് പ്രധാനമായിരിക്കും; ഇന്നതിൽ ഇന്നതു് എന്നുള്ളതു് അവിടവിടെത്തന്നെ മിക്കദിക്കിലും കാണിച്ചിട്ടുമുണ്ടു്.

ഇനി രീതിധർമ്മങ്ങളെ ഉദാഹരിക്കാം; എന്നാൽ അതിനു സ്വല്പം ഒരു മുഖവുര കൂടി വേണ്ടിയിരിക്കുന്നു. ഒരു ഗ്രന്ഥത്തിന്റെയോ ഗ്രന്ഥഭാഗത്തിന്റെയോ രീതി നിർണ്ണയിക്കുന്നതു ഛത്രിന്യായേന ആകുന്നു; എന്നുവെച്ചാൽ, ഒരു പതിനഞ്ചു വഴിയാത്രക്കാരിൽ പത്തുപേർ കുടപിടിച്ചിട്ടുണ്ടെങ്കിൽ കുടയില്ലാത്ത അഞ്ചുപേരെ വകവെയ്ക്കാതെ കുടക്കാർ പോകുന്നു എന്നു നാം വ്യവഹരിക്കാറുള്ളതുപോലെ ഭൂയോഭാഗം പ്രമാണിച്ചു് എന്നർത്ഥം. രീതി ഇന്നതെന്നു തെളിച്ചുപറയുന്നതു മിക്കദിക്കുകളിലും അത്ര എളുതല്ല. ഒരു രീതിയിലും ചേരാതെ സർവ്വസാധാരണമായിട്ടും ഒരു മട്ടുണ്ടു്. സംഗീതത്തിൽ രാഗം നിശ്ചയിക്കുന്നതുപോലെയാണു് കൃതികളിൽ രീതി നിശ്ചയിക്കുന്നതു്. ഒരു നിപുണനായ ഗായകനു് രാഗം ഇന്നതെന്നു വെളിപ്പെടുത്താതെ ഒരു മണിക്കൂറുനേരം പാടാൻ കഴിയും; ഓരോ രാഗങ്ങൾക്കും പ്രത്യേകം ജീവനായുള്ള ഭാഗം തെളിയിക്കാതെ കരുതിയാൽ മതി. സ്വരങ്ങളുടെ ആരോഹാവരോഹക്രമം പല രാഗങ്ങൾക്കും ഒന്നുപോലെ കാണും; വേർതിരിയുന്ന ഘട്ടം ബലപ്പെടുത്തുകമാത്രം അരുതു്. ഇതുപോലെ വ്യാവർത്തകധർമ്മം വെളിപ്പെടുത്താതിരുന്നാൽ രീതിയും തെളിയുകയില്ല. നാടകം, ആഖ്യായിക, മഹാവാക്യം മുതലായ കൃതികളിൽ പാത്രങ്ങളുടെ സ്വഭാവം അനുസരിച്ചു കവിതന്നെ ബുദ്ധിപൂർവ്വമായി രീതി മാറ്റാറുണ്ടു്. ചില ഗ്രന്ഥാകാരന്മാർക്കു് അഭ്യാസബലക്കുറവുകൊണ്ടു് ഒരു രീതിയും കൈവശപ്പെടായ്കയാൽ അവരുടെ ലേഖനങ്ങൾ ഓരോ സമയം ഓരോ രീതിയിലായിപ്പോയി എന്നുവരാം. കൈയെഴുത്തുപോലെത്തന്നെ ഗ്രന്ഥമെഴുത്തും പരിചയംകൊണ്ടു് ഉറയ്ക്കേണ്ടതുണ്ടു്. ഉറച്ചാലും രണ്ടുപേരുടെ വടിവു് ഒന്നുപോലിരിക്കാറില്ലാത്തതുപോലെ ഒരേ രീതിതന്നെ രണ്ടു ഗ്രന്ഥകാരന്മാർ എഴുതിയാൽ ഒന്നുപോലിരിക്കയില്ല. ഈ സ്ഥിതിയ്ക്കു്, ഒരു ഗ്രന്ഥത്തിന്റേയോ ഗ്രന്ഥകാരന്റേയോ രീതി ഇന്നതെന്നു വ്യവഹരിക്കുന്നതു സ്ഥൂലദൃഷ്ട്യാ മാത്രമാകുന്നു. രീതിയിൽ ഈവക ദുർഘടങ്ങൾ പലതുമുള്ളതിനാൽ അതിന്റെ വകഭേദങ്ങളെ ഉദാഹരിച്ചു ഫലിപ്പിക്കുന്നതു കേവലം അസാദ്ധ്യം‌പോലെ വന്നിരിക്കുന്നു. പോരാത്തതിനു് ഗുണദോഷങ്ങളെ ജോടിചേർത്തെടുത്തു ലക്ഷണം ചെയ്കയാൽ ജോടിയിലുൾപ്പെട്ടവയുടെ ഉദാഹരണങ്ങൾക്കു വിഷയം ഒന്നായിരുന്നാൽ മാത്രമേ ഒത്തുനോക്കി ഭേദം ഗ്രഹിപ്പാൻ സൌകര്യം കാണുകയുള്ളു. അങ്ങനെ ചെയ്യുന്നതിനു് ഒന്നാമതു മലയാളത്തിൽ ഗ്രന്ഥസാമഗ്രി പോരാ. രണ്ടാമതു്, ഉള്ളിൽത്തന്നെ എല്ലാം വായിക്കുന്നതിനു് എനിക്കു് സാധിച്ചിട്ടില്ല. എന്നാലും ജോടികളുടെ ഉദാഹരണങ്ങളിൽ മിക്കദിക്കിലും വിഷയത്തിനു് ഒരു സാമ്യച്ഛായയെങ്കിലും വരുത്താൻ ശ്രമിച്ചിട്ടുണ്ടു്. ആകെക്കൂടെ ഉദാഹരണം തിരഞ്ഞെടുക്കുന്നതിൽ ചെയ്തിട്ടുള്ള ക്ലേശം ആഗ്രഹിച്ചിടത്തോളം ഫലിച്ചിട്ടില്ലെന്നുള്ള സംഗതി വെളിവായി പ്രസ്താവിച്ചുംകൊണ്ടു രീതിധർമ്മങ്ങളെ മുറയ്ക്കു് ഉദാഹരിച്ചുകൊള്ളുന്നു:

രീതിധർമ്മങ്ങൾക്കുദാഹരണം:


ലളിതത്തിനു് :


ധനം


ധനം എന്നുവെച്ചാൽ സ്വർണ്ണം വെള്ളി മുതലായ ലോഹങ്ങളോ അതുകളെക്കൊണ്ടുണ്ടാക്കിയ നാണ്യങ്ങളോ ആണെന്നാകുന്നു സാധാരണ ജനങ്ങൾ മനസ്സിലാക്കിയിട്ടുള്ളതു്. ഒരുവനു ലക്ഷം ഉറുപ്പികയ്ക്കു മുതലുണ്ടെന്നും മറ്റൊരുവനു് അഞ്ഞൂറു റുപ്പിക മുതലെടുപ്പുണ്ടെന്നും മറ്റും നാം പതിവായി പറഞ്ഞുവരുമ്പോൾ ജനങ്ങൾ ഇങ്ങനെ ധരിക്കുന്നതിനെക്കുറിച്ചു് അത്ര അത്ഭുതപ്പെടുവാനില്ല. എങ്കിലും ഈ മതം അത്ര ശരിയായിട്ടുള്ളതാണെന്നു വിചാരിക്കാൻ പാടില്ല. സൂക്ഷ്മമായി വിചാരിക്കുമ്പോൾ ഒരു ധനവാനും ദരിദ്രനും തമ്മിൽ അനുഭവത്തിൽ എന്താണു വ്യത്യാസം. ധനവാനു് തന്റെ ഉപയോഗത്തിനും സുഖവൃത്തിക്കും വേണ്ട പദാർത്ഥങ്ങൾ സ്വാധീനമാണു്. ദരിദ്രനു് തന്റെ നിത്യവൃത്തിക്കു വേണ്ടതിനുകൂടി വളരെ പ്രയാസമാണു്. എന്നിരിക്കുമ്പോൾ അവക പദാർത്ഥങ്ങളെയല്ലേ ധനമെന്നു പറയേണ്ടതു്? ഭക്ഷിപ്പാനുള്ള സാധനങ്ങൾ, ഇരിപ്പാനുള്ള ഭവനം, ഉടുപ്പാനുള്ള വസ്ത്രങ്ങൾ മുതലായതുകളെയല്ലേ യഥാർത്ഥത്തിൽ ധനമെന്നു പറയേണ്ടതു്? നാണ്യം, ആഭരണം മുതലായവയെ ഉണ്ടാക്കുന്നതിനുള്ള സ്വർണ്ണാദിലോഹങ്ങൾ നമ്മുടെ സുഖവൃത്തിക്കു് ആവശ്യമുള്ളതാകകൊണ്ടു് അതുകളേയും ഈ കൂട്ടത്തിൽ ഗണിക്കാമെന്നല്ലാതെ അതുതന്നെയാണു് ധനമെന്നു വ്യവഹരിക്കുന്നതു് അബദ്ധമായിരിക്കയില്ലേ? ഒരു രാജ്യത്തിലെ നാണ്യങ്ങളോ, അതുകൾ ഉണ്ടാക്കുന്ന ലോഹങ്ങൾ തന്നെയോ ഇല്ലെന്നുവരികിലും അവിടെയുള്ള ജനങ്ങൾക്കു് ഒരുമാതിരിയിൽ കഴിഞ്ഞുകൂടാമെന്നു നമുക്കു വിചാരിക്കാം. എന്നാൽ ഭക്ഷണസാധനം, വാസസ്ഥലം മുതലായതില്ലെങ്കിൽ അവർക്കു് ഒരുപ്രകാരത്തിലും കഴിഞ്ഞുകൂടുവാൻ പാടുള്ളതല്ലല്ലൊ. പവൻ, ഉറുപ്പിക മുതലായ നാണ്യങ്ങൾ കൈയിലുള്ളവന്നു തന്റെ ഉപയോഗത്തിനുവേണ്ട സകലതും സ്വാധീനമാണെന്നു് എല്ലാപേർക്കും അനുഭവമായിരിക്കേ ആ നാണ്യങ്ങളെ ധനമെന്നുപറയുവാൻ പാടില്ലെന്നു വ്യവഹരിക്കുന്നതു ശരിയല്ലെന്നു് ആക്ഷേപിച്ചേക്കാം. ഇതിനു സമാധാനം എന്തെന്നാൽ ഉറുപ്പിക മുതലായ നാണ്യങ്ങൾ ഉപയുക്തസാധനങ്ങളെ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൌകര്യത്തിനുവേണ്ടിമാത്രം നമ്മൾ തന്നെ സാങ്കേതികമായ വിലയോടുകൂടി ഒരു ഉപകരണമായി നിർമ്മിച്ചിട്ടുള്ളതാകകൊണ്ടു ധനം സ്വാധീനമാക്കുന്നതിനുള്ള ശക്തി അതിനു സിദ്ധിച്ചിട്ടുണ്ടെന്നല്ലാതെ അതു തന്നെയാണു് ധനമെന്നു പറയുന്നതു സാധുവാകുന്നതല്ല. ഗ്രന്ഥങ്ങൾ അറിവു സമ്പാദിക്കുന്നതിനുള്ള ഒരു ഉപകരണമാണെന്നുവെച്ചു് ആ ഗ്രന്ഥങ്ങൾ തന്നെയാണു് അറിവെന്നു പറയുന്നതു് ശരിയായിട്ടുള്ളതാണൊ? നാണ്യങ്ങളാണു് ധനമെന്നു പറയുന്നതു് ഇതുപോലെയാകുന്നു. അതുകൊണ്ടു് ഈ ശാസ്ത്രത്തിൽ ഉപയുക്തസാധനങ്ങളെ മാത്രമേ ധനമെന്നു പറയുന്നുള്ളു. ലോഹനിർമ്മിതമായ ഈ ഉപകരണത്തിനു് പണമെന്നാകുന്നു പേർ. ----ഗദ്യമാലിക (ഒന്നാം ഭാഗം).


കഠിനത്തിനു് :


സദാചാരനിയമം


ജാതിനിയമത്തിന്റെ ആവശ്യത്തിൽ ഏറ്റവും പ്രധാനമായ മറ്റൊരു ഭാഗം സദാചാരസംരക്ഷണമാണു്. മനുഷ്യർക്കും, മറ്റു ജന്തുക്കൾക്കുമുള്ള മുഖ്യഭേദം മനുഷ്യരുടെ സദാചാരനിയമം തന്നെയാകുന്നു. യുക്തായുക്തബോധം കൂടാതെ അപ്പപ്പോൾ തോന്നുന്നവിധം പ്രവർത്തിക്കാനാണു് മൃഗപ്രകൃതിയുടെ പ്രേരണ. എന്നാൽ മനുഷ്യൻ ആവക പ്രേരണകളെ നിയമനം ചെയ്തു യുക്താനുസരണം പ്രവർത്തിക്കുന്നു. മനുഷ്യസമുദായത്തെ വിട്ടു് ഇതുമാറുമ്പോൾ, മൃഗനിർവ്വിശേഷന്മാരായി കലിയുഗാവസാനത്തു സംഭവിക്കുന്നതായി ഋഷികൾ വർണ്ണിക്കുന്നതും ലോകത്തിന്റെ ശൈശവാവസ്ഥയിൽ സംഭവിച്ചിരുന്നതായി നൂതനശാസ്ത്രികൾ ഘോഷിക്കുന്നതുമായ ‘മനുഷ്യമൃഗങ്ങൾ’ ഉത്ഭവിക്കുന്നതാകുന്നു. അതുകൊണ്ടു പരിഷ്കാരത്തിൽ മുൻപിട്ടു നിൽക്കേണ്ടതും നവീനപരിഷ്കാരം ഭാഗ്യദോഷത്താൽ വിസ്മരിച്ചു തുടങ്ങിയിരിക്കുന്നതുമായ സദാചാരനിർബ്ബന്ധമാകുന്നു സർവ്വോൽകൃഷ്ടമായിരിക്കുന്നതു്. ജാതിഭേദം കൂടാതെ ഒരു സമുദായത്തിൽ സദാചാരത്തിനു വിരോധം പ്രവർത്തിച്ചു് ഒരുവനേയോ ഒരു കൂട്ടരേയോ സ്വസമുദായത്തിൽനിന്നു ബഹിഷ്കരിക്കയല്ലാതെ മറ്റെന്തുപായമാണുള്ളതു്? അവരുടെ വംശം കാലക്രമത്തിൽ വർദ്ധിച്ചുവരുമ്പോൾ അവരുമായി അന്യന്മാർ വിവാഹകാര്യാദികൾ ചെയ്തുതുടങ്ങിയാൽ മനുഷ്യർക്കു് ആ ബഹിഷ്കരണശിക്ഷയെക്കുറിച്ചു ഭയവും, സദാചാരത്തിൽ ഭക്തിയും ഉണ്ടാകുമോ? അതിനുവേണ്ടി അവരെ അകറ്റി നിർത്തുകയും അവരുമായി അടുത്തു സംസർഗ്ഗം ചെയ്യാതെ മറ്റുള്ളവർ കഴിച്ചുകൂട്ടുകയും ചെയ്യുമ്പോൾ അവർ ആദ്യം അവിഭക്തമായിരുന്ന ഒരു കുടുംബത്തിൽ ഒരു ഭിന്നശാഖയായിട്ടോ അഥവാ ഒരു ഭിന്നജാതിയായിട്ടോ തീരുന്നതും തീരേണ്ടതും അല്ലയോ? സദാചാരസംബന്ധങ്ങളായ കുറ്റങ്ങൾ പലതരത്തിലും ഗൌരവം കൂടിയും കുറഞ്ഞും ഇരിക്കാവുന്നതുകൊണ്ടു് സ്വസമുദായത്തിൽ എല്ലാത്തരം സദാചാരകുറ്റങ്ങൾക്കും ബഹിഷ്കരണസമ്പ്രദായം ഒന്നായാൽ മതിയോ? ഗൌരവമേറിയ കുറ്റത്തിനു ബഹിഷ്കരണശിക്ഷയുടെ കാഠിന്യം കൂടുതലും ഗൌരവം കുറഞ്ഞതിനു ബഹിഷ്കരണത്തിന്റെ നിഷ്ഠുരത കുറവും ആയിരിക്കേണ്ടതല്ലയോ? ഇപ്രകാരം വിവേകപൂർവ്വം തരംതിരിച്ചുവെക്കുമ്പോൾ സദാചാരത്തിന്റെ പൂർണ്ണസത്ഭാവത്തോടുകൂടിയവർ സമുദായത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു സമുദായചട്ടങ്ങളുടെ പൂർണ്ണമായ സ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായിട്ടും, മറ്റുള്ളവർ ഏറക്കുറെ ഭ്രഷ്ടരാകയാൽ സാമുദായികങ്ങളായ അവകാശങ്ങളിൽ ക്രമേണ കുറവുള്ളവരായും ഇരിക്കുന്നതു് അനീതിതന്നെയോ? ഈ വിഷയത്തിൽ മറ്റുള്ളവരെ ഒന്നോടെ ബഹിഷ്കരിക്കയും, അവരുമായി യാതൊരു സംബന്ധവും സദാചാരനിരതന്മാർക്കുണ്ടായിരിക്കയും ചെയ്യരുതു് എന്നുവെക്കുന്ന ചട്ടംകൊണ്ടു പതിതന്മാർ സമുദായത്തിനു് ഒരു നഷ്ടമായിട്ടോ പക്ഷേ, ശത്രുക്കളായിട്ടോ തീർന്നേക്കാം. അതുകൂടാതെ കഴിപ്പാനായി അവർക്കു പ്രത്യേകസ്ഥാനങ്ങൾ കൽ‌പ്പിക്കയും അവരുടെ നടപടികളാൽ സദാചാരത്തിൽ ഭംഗമില്ലാത്തവർക്കു വീണ്ടും സദാചാരനിഷ്ഠ വർദ്ധിക്കയും അസദാചാരത്തിൽ ഭയം തോന്നുകയും ചെയ്യത്തക്കവണ്ണമുള്ള ആചാരഭേദങ്ങളോടുകൂടി അവരേയും സ്വസമുദായത്തിൽക്കൂടി ചേർത്തുകൊള്ളുന്നതു് എത്രമാത്രം വിവേകമുള്ള ഒരു പ്രവൃത്തിയാണെന്നു് ധരിച്ചുകൊള്ളേണ്ടതാകുന്നു. ഇതാകുന്നു ഇൻഡ്യയിലെ ജാതികൾക്കുള്ള മറ്റൊരു ഗുണം.---- ഭാഷാപോഷിണി.


കോമളത്തിനു് :


ഒരു ഉദ്യാനത്തിലെ സന്ധ്യാകാലം


ആ പ്രാകാരത്തിന്റെ പുറവശത്തിലെ കാഴ്ച ഇതിൽനിന്നും വളരെ വ്യത്യാസപ്പെട്ടാണു്. തിങ്ങി ഞെരുങ്ങി വളർന്നിരുന്ന ചാമരങ്ങളുടെ ഇലച്ചിൽ‌പ്പടർപ്പുകൊണ്ടു് അവിടം സദാ ഇരുട്ടിനിരിപ്പിടമെന്നതുപോലെ തോന്നി. ആ മാന്തോപ്പിന്റെ നടുവിലായി ശുദ്ധജലം നിറഞ്ഞിരുന്ന ഒരു പൊയ്കയുണ്ടായിരുന്നു. അതിലെ സ്ഫടികതുല്യമായ വെള്ളത്തിൽ സമീപത്തിൽ നിൽക്കുന്ന മാങ്കൂട്ടങ്ങളുടെ പ്രതിബിംബം പരിശോഭിച്ചു. അസ്തമനമായപ്പോൾ തോട്ടത്തിൽ പകൽ മുഴുവൻ നൃത്തം ചെയ്തുകൊണ്ടിരുന്ന മയിലും, ആ ഉദ്യാനം മുഴുവൻ തന്റെ മധുരഗീതത്താൽ മുഴക്കിക്കൊണ്ടിരുന്ന കുയിലും, മരത്തിൽനിന്നു മരത്തിലേക്കു ചാടിപ്പറന്നുകൊണ്ടിരുന്ന മറ്റു പക്ഷിവൃന്ദങ്ങളും അതാതിന്റെ പാട്ടും കൂത്തും അവസാനിപ്പിച്ചു വൃക്ഷശാഖകളിലുള്ള കൂടുകളെ അവലംബിച്ചു. ഒരു ഭംഗിയുള്ള ദീപക്കാഴ്ചയെന്നപോലെ മിന്നാമിനുങ്ങുകൾ അവിടെയെല്ലാം കൂട്ടം‌കൂട്ടമായി പ്രകാശിച്ചു. തടാകതീരത്തിലുള്ള പൊത്തുകളിൽനിന്നും ചെറുകുരുവികൾ പുറപ്പെടുവിച്ച ‘ഛീൽ’ ശബ്ദം നിശാനാഥന്റെ വരവിനു സ്വാഗതം പറയുമ്പോലെ തോന്നി. --- ഭാഷാപോഷിണി.


കർക്കശത്തിനു് :


ചാരിതാർത്ഥ്യവും സന്തുഷ്ടിയും


ക്ഷമയോടും അവ്യഗ്രതയോടും ചെയ്യേണ്ട വേലയ്ക്കു സന്തുഷ്ടിയും ചാരിതാർത്ഥ്യവു ഉള്ള മനസ്സു് മുഖ്യാവശ്യമാകുന്നു. സന്തുഷ്ടിയില്ലാതെ പരിശ്രമശീലം ഉണ്ടായിരിക്കാൻപാടില്ല, എന്നുമാത്രവും അല്ല, ചരിതാർത്ഥനായ മനുഷ്യൻ സ്വയം സന്തോഷഭരിതനായിരുന്നുംകൊണ്ടു ചുറ്റും ഉള്ളവരേയും സന്തുഷ്ടന്മാരാക്കിത്തീർക്കുന്നു. സന്തുഷ്ടിയാകുന്ന േഎ ഉൽകൃഷ്ടഗുണം പ്രായേണ ശരീരസുഖത്തേയും ആരോഗ്യത്തേയും അവലംബിച്ചിരിക്കുന്നു. എങ്കിലും അതിനെ ശീലിച്ചു വർദ്ധിപ്പിക്കാവുന്നതാണെന്നു നിശ്ചയം തന്നെ. സ്മെയിൽ‌സ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “നമുക്കു നമ്മുടെ ജീവിതത്തെ എത്രയും നന്നാക്കിക്കൊള്ളുകയോ എത്രയും ചീത്തയാക്കിക്കൊള്ളുകയോ ചെയ്യാം; ഏവഞ്ച, നമ്മുടെ ജീവിതത്തിൽ നിന്നു നാം സുഖത്തേയോ ദുഃഖത്തേയോ അനുഭവിച്ചുകൊള്ളുന്നു എന്നുള്ളതു് അധികവും നമ്മെത്തന്നെ അവലംബിച്ചിരിക്കുന്നു. ജീവിതത്തിൽ സദാ രണ്ടു ഭാഗങ്ങൾ ഉണ്ടു്: ഒന്നു് പ്രകാശമായുള്ളതും മറ്റൊന്നു് അപ്രകാശമായുള്ളതും ആകുന്നു. നമുക്കു് ഇഷ്ടാനുരോധേന അവയിൽ ഏതെങ്കിലും നോക്കാം. അവയിൽ ഒന്നിനെ തിരഞ്ഞെടുക്കുന്നതിനു നമ്മുടെ ഇച്ഛാശക്തിയെ ഉപയോഗിക്കുന്നതിനാൽ സുഖിയായിട്ടോ ദുഃഖിയായിട്ടോ ഇരിക്കുന്ന ശീലത്തെ നമുക്കു വർദ്ധിപ്പിച്ചുകൊള്ളാം. വസ്തുക്കളുടെ എത്രയും ഇരുണ്ട ഭാഗത്തെ നോക്കുന്നതിനു പകരം അതിപ്രകാശമായുള്ള ഭാഗത്തെത്തന്നെ നോക്കുന്നതായ സ്വഭാവത്തെ നമുക്കു ബലപ്പെടുത്താൻ കഴിയും.’ ‘നാം കാർമേഘത്തെ നോക്കുമ്പോൾ അതിൽ ഇടകലർന്നിരിക്കുന്ന ധവളരേഖയെ നോക്കാതിരിക്കരുതു്.’ ചാണക്യൻ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ഒരു ശ്വാവിൽനിന്നുതന്നെയും അനർഘങ്ങളായ ഗുണങ്ങളെ നമുക്കു് അഭ്യസിക്കാവുന്നതാണു്. അവ, അല്പകൊണ്ടു തൃപ്തിയും ഗാഢനിദ്രയും ജാഗരൂകതയും സ്വാമിഭക്തിയും ശൌര്യവുമാകുന്നു.’ ‘ഒരു അരഞാൺ കൊണ്ടു തൃപ്തനായിരുന്നാൽ ദാരിദ്ര്യം നമ്മെ ദുഃഖിപ്പിക്കയില്ല’ എന്നു് തെലുങ്കിൽ ഒരു പഴഞ്ചൊല്ലുണ്ടു്. “ആഹാരം ശരീരത്തെ പോഷിപ്പിക്കുന്നതുപോലെ ചാരിതാർത്ഥ്യം ആത്മാവിനെ പോഷിപ്പിക്കുന്നു’ എന്നു് അറബികൾ പറയുന്നു. ‘ചരിതാർത്ഥനായിരിക്കുന്ന നീ ഒരു രാജാവായിത്തീരും’ എന്നു് ഒരു പാഴ്സി പഴഞ്ചൊല്ലുണ്ടു്. ‘ചാരിതാർത്ഥ്യത്തോടുകൂടിയ മനസ്സു് സ്വർണ്ണത്തെ ഉണ്ടാക്കുന്നു’ എന്നു് ഒരു തമിഴ് പഴഞ്ചൊല്ലും ഉണ്ടു്. സ്വപ്രയത്നം കൊണ്ടു നീക്കാവുന്ന ദോഷങ്ങളെ സഹിച്ചുംകൊണ്ടിരിക്കുന്നതു വാസ്തവമായ ചാരിതാർത്ഥ്യത്തിൽ ഉൾപ്പെടുകയില്ല. വാസ്തവമായ ചാരിതാർത്ഥ്യം കഴിയുന്നവിധത്തിൽ നമുക്കും നമ്മുടെ സ്ഥിതിക്കും പരിഷ്ക്കാരം വരുത്തിക്കൊള്ളുന്നതിലേക്കു് നമ്മെ വിരോധിക്കുന്നുമില്ല. എന്നാൽ അതു നമ്മളാൽ അനിവാര്യങ്ങളായ ദോഷങ്ങളെക്കുറിച്ചു ദുഃഖിക്കാതെ ഇരിക്കുന്നതിനും നാം അനുഭവിക്കുന്ന അനേകഗുണങ്ങൾക്കുവേണ്ടി ഈശ്വരനോടു കൃതജ്ഞന്മാരായിരിക്കുന്നതിനും നമ്മെ അഭ്യസിപ്പിക്കുന്നു. ഇതിൻ‌വണ്ണം ചാരിതാർത്ഥ്യം നമ്മുടെ ഈശ്വരഭക്തിയെ പ്രകടിപ്പിക്കുന്നതിനുള്ള സിദ്ധമായ ഒരു മാർഗ്ഗമാകുന്നു. ജെരിമിബന്ധം പറഞ്ഞിരിക്കുന്നതാവിതു് : ഇച്ഛാശക്തിയെ വിചാരങ്ങളുടെ മേൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംഗതികളിലൊക്കെയും, ആ വിചാരങ്ങളെ സുഖം വരുത്തുന്ന വഴിയിൽ പ്രവർത്തിപ്പിക്കേണ്ടതാകുന്നു. വസ്തുക്കളുടെ എത്രയും പ്രകാശമുള്ള ഭാഗത്തേക്കുതന്നെ നോക്കി സദാ അതിനു് അഭിമുഖമായിട്ടിരിക്കണം. ജീവിതകാലത്തിൽ അധികഭാഗം അവശ്യം പ്രവൃത്തിയൊന്നും കൂടാതെ പൊയ്പ്പോകുന്നു. സദാ ഭവിക്കുന്ന സഹസ്രം സംഗതികളിൽ ഒന്നിനെ ഉദാഹരിക്കാം; പകൽ മറ്റുള്ളവരെ ആശ്രയിച്ചു കാത്തുനിന്നും രാത്രിയിൽ നിദ്ര വരാതിരിക്കുമ്പോഴും നേരം വെറുതെ പോകുന്നു. ആ സമയങ്ങളിൽ സന്തോഷകരമായ ഓരോ കാര്യം വിചാരിച്ചു സുഖിച്ചുകൊണ്ടിരിക്കേണ്ടതാകുന്നു. വെളിയിൽ സഞ്ചരിക്കുമ്പോഴോ ഗൃഹത്തിൽ സ്വസ്ഥമായിട്ടിരിക്കുമ്പോഴോ മനസ്സു് വിചാരശൂന്യമായിരിക്കുന്നതല്ല. അതിന്റെ വിചാരങ്ങൾ ഉപയോഗം ഉള്ളവയോ, ഇല്ലാത്തവയോ, സുഖത്തിനു് അനുകൂലങ്ങളോ, വിരുദ്ധങ്ങളോ ആയിരിക്കാം. അവയെ നേരെ പ്രവർത്തിപ്പിക്കണം. സന്തോഷജനകങ്ങളായ വിചാരങ്ങളോടുകൂടിയിരിക്കുന്ന ശീലം മറ്റേതെങ്കിലും ശീലത്തെപ്പോലെ എളുപ്പത്തിൽ അങ്കുരിക്കും. --സന്മാർഗ്ഗപ്രദീപം.


സരസത്തിനു് :


സ്വയം‌പ്രകാശമുള്ള ചില ജന്തുക്കൾ


രാത്രികാലങ്ങളിൽ ചിലപ്പോൾ വൃക്ഷങ്ങളുടേയും മറ്റും നിഴൽ നിമിത്തം ഇരുട്ടുകെട്ടിയിരിക്കുന്ന ഇടവഴിയിൽക്കൂടി സഞ്ചരിക്കുമ്പോൾ ഓരോ ചെറിയ ദീപങ്ങൾ വഹിച്ചു് നാലുപുറവും പറന്നുനടന്നുംകൊണ്ടു് നമ്മൾക്കു വഴി കാണിച്ചുതരികയും, അവിടവിടെ തലപൊക്കി നിൽക്കുന്ന പുൽക്കൊടികളുടേയും മറ്റും അഗ്രഭാഗങ്ങളിൽ പറ്റിപ്പിടിച്ചു നിന്നുംകൊണ്ടു് ചില മുസിപ്പാലിറ്റികളുടെ സ്തംഭദീപങ്ങൾ പോലെ ജ്വലിക്കുകയും വേലിയരുകിൽ നിൽക്കുന്ന ഇല്ലിപ്പട്ടിലുകളെ അനവധി നക്ഷത്രമാലകൾ കൊണ്ടലങ്കരിക്കുകയും ചെയ്യുന്ന മിന്നാമിനുങ്ങാണല്ലോ ഈ ലേഖനത്തിന്റെ തലവാചകം വായിച്ചാൽ മുമ്പിൽ നമ്മുടെ ഓർമ്മയിൽ വരുന്നതു്. വീടുകളുടെ ചുമരുകളിലും ഉത്തരങ്ങളിലും ചിലപ്പോൾ നനഞ്ഞ തീപ്പെട്ടിക്കോൽ ഉരച്ചപോലെ ഇരുട്ടത്തു് അരിച്ചുനടക്കുന്ന ‘തൊട്ടാലൊട്ടി’ എന്നു പറയുന്ന ചെവിപ്പാമ്പിനേയും സാമാന്യം വായനക്കാർ ഓർമ്മിക്കാതിരിക്കയില്ല. നമ്മുടെ മിന്നാമിനുങ്ങുകളുടെ വെളിച്ചം അവയുടെ അടിവയറ്റിൽ ഇടത്തും വലത്തുമുള്ള രണ്ടു പ്രത്യേക അവയവങ്ങളിൽനിന്നാണു ജനിക്കുന്നതു് എന്നു് അതിനെ പിടിച്ചുനോക്കീട്ടുള്ളവർ അറിഞ്ഞിരിക്കും. എന്നാൽ അമേരിക്കയിൽ മെക്സിക്കോ എന്ന ദിക്കിലെ ഒരുതരം മിന്നാമിനുങ്ങുകൾക്കു് മേൽ‌പ്രകാരം നാലു് അവയവങ്ങൾ ഉണ്ടത്രേ. ആ മിന്നാമിനുങ്ങുകൾക്കും നമ്മുടെ മിന്നാമിനുങ്ങുകളേക്കാൾ ഇരട്ടി പ്രകാശവും ഉണ്ടു്. അതുകൊണ്ടു് അമേരിക്കയിൽ ചില പ്രദേശങ്ങളിലെ ദരിദ്രന്മാർ രാത്രി വെളിച്ചത്തിനു മിന്നാമിനുങ്ങുകളെ പിടിച്ചു കുപ്പികളിലിട്ടടച്ചു വിളക്കിനുപകരം ഉപയോഗിക്കുന്നുണ്ടു്. കക്കുവാൻ വേണ്ടി വല്ല ഗൃഹത്തിന്റേയും മുറിക്കുള്ളിൽ കടന്നതിന്റെ ശേഷം ആ മുറിയുടെ സ്വഭാവവും അതിലുള്ള സാമാനങ്ങളുടെ വിവരവും അറിവാൻ വേണ്ടി ചില കള്ളന്മാർ മിന്നാമിനുങ്ങുകളെ പിടിച്ചു ശേഖരിച്ചുകൊണ്ടുപോയി പറക്കുവാൻ വിടാറുണ്ടെന്നും മറ്റും ചില കഥകൾ വളരെ ആളുകൾ കേട്ടിട്ടുണ്ടായിരിക്കണം. യൂറോപ്പിലുള്ള വേറൊരുതരം മിന്നാമിനുങ്ങിനു് അതിന്റെ മുഖത്തിൽനിന്നും കീഴ്പോട്ടു് ഒരു തുമ്പിക്കൈ പോലെ തൂങ്ങിനിൽക്കുന്ന ഒരു അവയവത്തിന്റെ അറ്റത്താണു് വെളിച്ചം. ആ പ്രാണി പറക്കുന്നതു കണ്ടാൽ ഒരു റാന്തൽ‌വിളക്കു തൂക്കിപ്പിടിച്ചു പറക്കുകയാണെന്നു തോന്നും. അതുനിമിത്തം അതിന്നു ‘റാന്തലീച്ച’ എന്നു് ആ പ്രദേശത്തുകാർ പേർ പറയുന്നു. ഈ ദിക്കിലുള്ള മിന്നാമിനുങ്ങുകളുടെ വെളിച്ചം ഒരു പച്ചവർണ്ണമാണല്ലോ. എന്നാൽ ഇറ്റലിരാജ്യത്തു കാണുന്ന ഒരുതരം മിന്നാമിനുങ്ങുകളുടെ വെളിച്ചം നീലവർണ്ണവും ‘റാന്തലീച്ച’ യുടെ വെളിച്ചം ഊതാവുവർണ്ണവും ആണു്. ഈ ജന്തുക്കളുടെ വെളിച്ചത്തിനു ദേശവ്യത്യാസമനുസരിച്ചു് അല്പമായ വർണ്ണവ്യത്യാസങ്ങൾ വേറെ പ്രകാരത്തിലും കണ്ടുവരുന്നുണ്ടു്. ശരീരത്തിന്റെ ഉടൽ‌നീളം അനേക ഖണ്ഡങ്ങളായി വേർതിരിഞ്ഞുകാണുന്നതു വർഗ്ഗസാമാന്യലക്ഷണങ്ങളായി പ്രാണിശാസ്ത്രപണ്ഡിതന്മാർ വിചാരിക്കുന്ന ഒരു ജന്തുവർഗ്ഗത്തിൽ‌പ്പെട്ടതാണു് ചെവിപ്പാമ്പ്. ഈ ജന്തുവർഗ്ഗത്തിൽത്തന്നെ അവർ ചേർത്തു തരം തിരിച്ചിട്ടുള്ളവയാണു് പഴുതാര, തേരട്ട മുതലായ ചില ജന്തുക്കൾ. ചെവിപ്പാമ്പിനും അതിനെപ്പോലെതന്നെ അതിന്റെ വർഗ്ഗത്തിൽ‌പ്പെട്ട മറ്റു സ്വയം പ്രകാശമുള്ള ജന്തുക്കൾക്കും അവയുടെ രണ്ടു പള്ളയിലും ശരീരവും കാലുകളും കൂടിച്ചേരുന്ന സന്ധികളിലായി ഓരോ അവയവങ്ങൾ ഉള്ളതിൽ നിന്നാണു് പ്രകാശം ജനിക്കുന്നതു്. ഈ വർഗ്ഗത്തിൽ സാമാന്യം വലിപ്പമുള്ള ചില ജന്തുക്കൾ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതു കണ്ടാൽ എല്ലാ മുറികളിലും വിളക്കുകൾ കൊളുത്തിവെച്ചു രാത്രി ഓടുന്ന ഒരു തീവണ്ടിയുടെ സാമ്യം ആർക്കും തോന്നിപ്പോകും. കാക്കയുടെ വർഗ്ഗത്തിൽ‌പ്പെട്ടതും രാത്രികാലങ്ങളിൽ നാക്ടിലൂക്കുകളെപ്പോലെ സമുദ്രത്തിന്റെ ഉപരിഭാഗങ്ങളിൽ കൂട്ടംകൂട്ടമായി അനേകചതുരശ്രനാഴിക സ്ഥലപ്പരപ്പിൽ ഇടതിങ്ങി സഞ്ചരിക്കുന്നതും ആയ ഒരുതരം ജന്തുക്കളെ ഉഷ്ണമേഖലയിൽ‌പ്പെട്ട സമുദ്രഭാഗങ്ങളിൽ വളരെ പ്രാവശ്യം താൻ കണ്ടിട്ടുള്ളതായും ആ വക അവസരങ്ങളിൽ ഈ ജന്തുക്കളുടെ വെളിച്ചത്താൽ കപ്പലിന്റെ തട്ടിൽ ഇരുന്നുകൊണ്ടു പുസ്തകങ്ങളും വർത്തമാനക്കടലാസുകളും പ്രയാസം കൂടാതെ തനിക്കു വായിപ്പാൻ കഴിഞ്ഞിട്ടുള്ളതായും സർ വിവിലി താംസൺ എന്ന വിദ്വാൻ താൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘സമുദ്രഗർഭപ്രദേശങ്ങൾ’ എന്ന പുസ്തകത്തിൽ പ്രസ്താവിച്ചു കാണുന്നു. കടൽജന്തുക്കളിൽ വെച്ചു് സമുദ്രത്തിൽ കാൽ നാഴികയിലധികം ആഴത്തിനടിയിൽ സ്ഥിരവാസമുള്ളവയായ ജന്തുക്കളിലാണു് സ്വയം പ്രകാശം നാനാപ്രകാരത്തിൽ കാണുന്നതു്. സമുദ്രത്തിൽ കാൽ നാഴികയിലധികം ആഴമുള്ള പ്രദേശങ്ങളിൽ സൂര്യരശ്മി ഒട്ടുംതന്നെ പ്രവേശിക്കാത്തതുകൊണ്ടു് ഏതുസമയത്തും കൂരിരുട്ടു പിടിച്ചുകിടക്കുന്ന ആവക പ്രദേശങ്ങളിലാണല്ലോ ഈവക ദീപങ്ങളുടെ പ്രയോജനവും അധികമുള്ളതു്. ആവക പ്രദേശങ്ങളിലെ ജന്തുക്കളിൽ ദേഹമാസകലം പ്രകാശമുള്ളവയും, നിരന്തരമായി പ്രകാശം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നവയും, ആവശ്യമുള്ളപ്പോൾ മാത്രം പ്രകാശം കാണിക്കുന്നവയും, വർണ്ണം മാറിമാറി പ്രകാശിക്കുന്നവയും ആയി അനവധി ജന്തുക്കളെ കണ്ടുപിടിച്ചിട്ടുണ്ടു്. സമുദ്രത്തിന്റെ അടിയിൽ ചെന്നു് ഈവക ജന്തുക്കളുടെ കാഴ്ച കണ്ടാനന്ദിപ്പാൻ ആർക്കാണു മോഹം തോന്നാതിരിക്കുന്നതു്? പൌർണ്ണമിയിലെ ചന്ദ്രബിംബത്തെ ഉടച്ചെടുത്തു മത്സ്യാകൃതിയിൽ വാർത്തു വിട്ടിട്ടുള്ളവയും, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വ്യാഴശുക്രന്മാരെ പിടിച്ചുവെച്ചിട്ടുള്ളവയും രണ്ടു പള്ളകളിലും വരിവരിയായി നക്ഷത്രങ്ങൾ പതിച്ചിട്ടുള്ളവയും ചോപ്പ്, പച്ച, നീലം മുതലായി പല നിറത്തിലുള്ള മത്താപ്പുകൾ ഇടയ്ക്കിടയ്ക്കു കത്തിക്കുന്നവയും അങ്ങോട്ടുമിങ്ങോട്ടും വെളിച്ചം വീശിക്കിക്കൊണ്ടുപോകുന്ന ചവിട്ടുവണ്ടിയുടെ വട്ടക്കണ്ണൻ‌വിളക്കു തലയിൽ വഹിക്കുന്നവയും ആയ അനവധി സൃഷ്ടിവിശേഷങ്ങൾ കൂട്ടംകൂട്ടമായും ഒറ്റഒറ്റയായും അവിടവിടെ സഞ്ചരിച്ചുകൊണ്ടു്, അപ്രകാരമല്ലെങ്കിൽ എന്നെന്നും ഗാഢാന്ധകാരത്തിൽ മുങ്ങിക്കിടപ്പാൻ സംഗതിയുള്ള ആ പ്രദേശങ്ങൾക്കു ലോകത്തിൽ മറ്റു യാതൊരു പ്രദേശത്തിനുമില്ലാത്തതായ ഒരു വിശേഷശോഭയെ ഉണ്ടാക്കത്തക്കവണ്ണം വ്യവസ്ഥകൾ ഏർപ്പെടുത്തീട്ടുള്ള ഈശ്വരന്റെ മാഹാത്മ്യം ഓർത്താൽ ആർക്കാണു് വിസ്മയം തോന്നാത്തതു്. --ഗദ്യമാലിക രണ്ടാം ഭാഗം.


ശുഷ്കത്തിനു് :


കുടുമ്മ


ധർമ്മസൂത്രങ്ങളിലും ധർമ്മശാസ്ത്രങ്ങളിലും ചൌളകർമ്മത്തിനു ക്രമാധികമായ പ്രാധാന്യം നൽകപ്പെട്ടുകാണുന്നു. ധർമ്മസൂത്രകാരന്മാരിൽ തുലോം പുരാതനനെന്നുതന്നെ പറയാവുന്ന ഗൌതമൻ കൂടി അതിനെ ഒരു സംസ്കാരത്തിന്റെ സ്ഥാനത്തിലാണു ഗണിച്ചിട്ടുള്ളതു്. ആപസ്തംബൻ ബ്രാഹ്മണർക്കും അവരവരുടെ ഋഷികളുടെ മതമനുസരിച്ചു് മൂന്നുവയസ്സിലോ മറ്റോ ചൌളകർമ്മം നടത്താവുന്നതാണെന്നു പറയുന്നു. വിഷ്ണുവും ഈ കർമ്മവിധാനത്തിനു മൂന്നാമത്തെ വയസ്സു് ഉത്തമമെന്നു പറയുന്നു. ഒരു പണ്ഡിതൻ ഇതിനെ വ്യാഖ്യാനിക്കുമ്പോൾ ഗർഭം മുതൽ കണക്കാക്കി മൂന്നുവയസ്സു കൊള്ളിക്കുന്നതിൽ വിരോധമില്ലെന്നഭിപ്രായപ്പെടുന്നു. സാംഖ്യായനൻ പ്രഥവയസ്സു കൊള്ളാമെന്നു വാദിക്കുന്നു. അഞ്ചാമത്തെ വയസ്സിൽ ഇവരാരും ഈ കർമ്മത്തെ വിധിക്കുന്നില്ല. മനു ചൌളം കൊണ്ടുള്ള ഉപയോഗത്തെ വളരെ ശ്ലാഘിക്കുന്നു. ഗർഭകാലത്തിൽ ചെയ്യപ്പെടുന്ന പുണ്യകർമ്മങ്ങൾകൊണ്ടും ശിശു ജാതമാകുമ്പോൾ നടത്തപ്പെടുന്ന കർമ്മങ്ങൾ കൊണ്ടും ചൌളോപനയനങ്ങൾകൊണ്ടും ജന്മപാപത്തെ ദുരീകരിക്കാവുന്നതാണെന്നാണു് അദ്ദേഹത്തിന്റെ മതം. ആശ്വാലായനും ആപസ്തംബനും ചൌളകർമ്മത്തെപ്പറ്റി വളരെ വിസ്തരിക്കുന്നുണ്ടു്. അവയെ ഇവിടെ എടുത്തു പറയുന്നതു് വായനക്കാർക്കു രുചിക്കുമോ എന്നു സംശയിക്കുന്നു. ഓരോ ഋഷിയുടേയും നിയമനം ഈ വിഷയത്തിൽ ഭിന്നമായിരുന്നു എന്നു ധാരാളം പ്രത്യക്ഷമാകുന്നുണ്ടു്. ചൌളം കൂടാതെ ‘കേശാന്ത’ മെന്നൊരു കർമ്മത്തെപ്പറ്റിയും സൂത്രകാരന്മാർ പ്രതിപാദിക്കുന്നു. കേശാന്തം വേദാദ്ധ്യയനാനന്തരം ചെയ്യപ്പെടേണ്ടതാണെന്നാണു് വ്യാസന്റെ മതം. വിവാഹഘട്ടത്തിൽ ‘ഭൂമികേ ശിര ആരോഹ ഭൂഷയന്തി മുഖം മമ’ ഇത്യാദിയായ ഒരു ശ്ലോകം ചൊല്ലിക്കാണുന്നുണ്ടു്. ഇതു പൂമാലയോടുള്ള സംബോധനമാണു്. പൂവു് മുഖത്തെ ഭൂഷണം ചെയ്യണമെങ്കിൽ കുടുമ്മ മുൻ‌വശത്തു തന്നെ ആയിരിക്കണമെന്നും അതിനാൽ പുരാതന ആര്യന്മാർ മുൻ‌കുടുമ്മക്കാരായിരുന്നുവെന്നും ചില പണ്ഡിതന്മാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു്. ഇതിൽ സ്വല്പം സത്യമില്ലെന്നും പറവാൻ പാടില്ല. എന്തുകൊണ്ടെന്നാൽ ബ്രാഹ്മണരിൽ ഇദം പ്രഥമമായി ദ്രാവിഡരാജ്യത്തിലേക്കു കടന്ന നമ്പൂരിമാർ, മുക്കാണിയന്മാർ, ചോഴിയന്മാർ മുതലായവർ ഇന്നും കുടുമ്മ മുമ്പിൽത്തന്നെ വച്ചുകൊണ്ടിരിക്കുന്നു. കേരളോല്പത്തിയിലും മറ്റും കേരളബ്രാഹ്മണർ ആദ്യം പുറകിൽക്കുടുമ്മക്കാരായിരുന്നു എന്നും മുൻ‌കുടുമ്മ പരശുരാമന്റെ പരിഷ്കാരമാണെന്നും കാണുന്നതു് അർത്ഥശൂന്യമായ ഒരു ഐതിഹ്യമാണെന്നു സ്റ്റ്യൂവെർട്ട് മുതലായ ഇദാനീന്തനപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതു കേവലം ധിക്കരിക്കത്തക്കതാണെന്നു തോന്നുന്നില്ല. വിഷ്ണുപുരാണത്തിൽ കുടുമയെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞുകാണുന്നുണ്ടു്. സൂര്യവംശത്തിലെ പരമപ്രസിദ്ധമായ സഗരചക്രവർത്തിയെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെപ്പേർ ഉണ്ടായിരിക്കയില്ലല്ലോ. അദ്ദേഹമാണു് വസിഷ്ഠന്റെ ഉപദേശപ്രകാരം ഓരോരു രാജ്യക്കാർക്കു് ഓരോ വിധം കുടുമ്മ വെപ്പിച്ചതെന്നു് ആ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. യവനന്മാർ തല മുഴുവൻ ക്ഷൌരം ചെയ്യുന്നതിനും ശാകന്മാർ തലയുടെ മുൻഭാഗം മാത്രം ക്ഷൌരം ചെയ്യുന്നതിന്നും പാരദന്മാർ തല ആകപ്പാടെ വളർത്തി കുടുമ്മ നീട്ടുന്നതിന്നും പാലവന്മാർ താടിവളർത്തുന്നതിന്നും അദ്ദേഹം ആജ്ഞാപിച്ചു എന്നും ആര്യന്മാരെപ്പോലെ കുടുമ്മ വെച്ചുകൊള്ളുവാൻ ഇവർക്കു നിവൃത്തിയില്ലാതെ തീർന്നതു് ഈ നിബന്ധനയാലാണെന്നും വിഷ്ണുപുരാണത്തിൽ പ്രകടമായി ഘോഷിക്കപ്പെട്ടിരിക്കുന്നു. -- രസികരഞ്ജിനി.


സരളത്തിനു് :


ഒരു സായന്തന വിഹാരം


കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സംഗതികൾ നടന്നതിന്റെ രണ്ടാംദിവസം വൈകുന്നേരം സർവ്വാനന്ദജനകമായ സന്ധ്യാരാഗം പഞ്ചമിച്ചന്ദ്രന്റെ അപൂർണ്ണരശ്മികളോടു കൂടിച്ചേർന്നു് കളിയാടിക്കൊണ്ടിരിക്കുമ്പോൾ ചേർപ്പറമ്പിന്റേയും പരിവട്ടത്തിന്റേയും മദ്ധ്യത്തിലുള്ള ശിവക്ഷേത്രത്തിൽനിന്നു് സുമാറു നാലുവിളിപ്പാടു വടക്കു് ഒരു കാട്ടിൽക്കൂടി നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പെരുവല്ലാനദിയുടെ വക്കത്തു് ഏകദേശം പതിനഞ്ചു വയസ്സു പ്രായം ചെന്ന യുവതി കൈയുടെ മുട്ടുകൾ രണ്ടും തുടകളിൽ ഊന്നിയും കവിൾത്തടങ്ങളെ കൈത്തലങ്ങളെക്കൊണ്ടു താങ്ങിയും പ്രവാഹത്തെ നോക്കിക്കൊണ്ടു ചിന്താമഗ്നയായിട്ടിരുന്നിരുന്നു. ആരെയോ കാത്തിരിക്കുന്നതുപോലെ ഇടയ്ക്കിടെ തലപൊക്കി ഇരുഭാഗത്തേക്കും തിരിഞ്ഞു ജിതേന്ദ്രിയന്മാരായ യോഗികളെക്കൂടി വശീകരിക്കുവാൻ സാമർത്ഥ്യമുള്ള ദൃഷ്ടികളെ വൃക്ഷങ്ങളുടെ പഴുതുകളിൽക്കൂടി പായിക്കുന്നുമുണ്ടായിരുന്നു. ഇങ്ങനെ അല്പനേരം കഴിഞ്ഞപ്പോൾ സന്ധ്യാരാഗം തീരെ മങ്ങി, വൃക്ഷങ്ങളുടെ നിഴലുകൾ വർദ്ധിച്ചുതുടങ്ങി. യുവതിയുടെ ദൃഷ്ടികളോടുള്ള സ്പർദ്ധകൊണ്ടോ എന്നു തോന്നുമാറു് ബാലചന്ദ്രന്റെ മന്ദരശ്മികളും അങ്ങുമിങ്ങും വൃക്ഷങ്ങളുടെ ഇടകളിൽക്കൂടി കടന്നു് കരയിലും വെള്ളത്തിലും വിളങ്ങിത്തുടങ്ങി. മനസ്സിന്റെ അസ്വാസ്ഥ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു ദീർഘനിശ്വാസത്തോടുകൂടി യുവതീരത്നം പാറപ്പുറത്തെ ഉപേക്ഷിച്ചു്, വാർദ്ധക്യാതിരേകത്താൽ ഏറെക്കുറെ നഗ്നങ്ങളായ കൊമ്പുകളുടേയും അതുകളിൽ അവിടവിടെയായി നിൽക്കുന്ന ഇലകളുടേയും നിഴലുകളും വെൺ‌നിലാവും കൂടി അതിമനോഹരമാകുംവണ്ണം ഇടകലർന്നു യോജിച്ചിട്ടുള്ളതിനാൽ ചിത്രീകൃതമായിരിക്കുന്ന ഒരു പേരാൽച്ചുവടിനെ ആശ്രയിച്ചു യൌവനത്തിലുണ്ടായിരുന്ന പരാക്രമമെല്ലാം അസ്തമിച്ചു പരലോകപ്രാപ്തിക്കൊരുങ്ങിക്കൊണ്ടിരിക്കുന്ന വയോധികൻ നിജപ്രയത്നംകൊണ്ടു പോറ്റിവളർത്തപ്പെട്ടിട്ടുള്ള തന്റെ ഇഷ്ടസന്തതികളാൽ അവസാനകാലങ്ങളിൽ കാത്തുരക്ഷിക്കപ്പെടുന്നതുപോലെ ഈ വടവൃക്ഷം ഉറപ്പുള്ള അനേക വള്ളികളാൽ ചുറ്റപ്പെട്ടിരുന്നു. ശാഖകളിൽ ചുറ്റിപ്പിണഞ്ഞു തൂങ്ങിക്കിടക്കുന്ന വള്ളികളിൽ നിലത്തുനിന്നും കുറച്ചുപൊങ്ങി ഉഴിഞ്ഞാലിന്റെ ആകൃതിയിലുള്ള ഒന്നിന്മേൽ ഇരുന്നു നമ്മുടെ സുന്ദരിയായ കന്യക നിലത്തു ചവുട്ടിക്കുതിച്ചു സാവധാനത്തിൽ ആടുവാൻ തുടങ്ങി. --ഭാസ്കരമേനവൻ.


വക്രത്തിനു്:


ഒരു രാത്രിചാരം


മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപദ്മപാംസുക്കൾ ചെമ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയെപ്പോലുള്ള മറ്റൊരു രാത്രിയിലെ ചില സംഭവങ്ങളെ ആകുന്നു ഈ അദ്ധ്യായത്തിൽ വിവരിക്കുന്നതു്. അന്നത്തെപ്പോലെതന്നെ മാരുതദേവന്റെ പടുത്വത്തോടുകൂടിയുള്ള കലാശത്താൽ തങ്ങൾ ദുസ്ഥിതരാക്കപ്പെടുമെന്നുള്ള ഭീതികൊണ്ടെന്നപോലെ താരാതതികൾ കാർമേഘമണ്ഡലത്തിനിടയിലും, ഭൂമി അന്ധകാരത്തിനിടയ്ക്കുള്ളിലും മറഞ്ഞിരിക്കുന്നു. എന്നാൽ ഇടവപ്പാതിയാകുന്ന വൃഷ്ടിദേവതയുടെ പ്രതാപം വളരെ ക്ഷയിച്ചുകാണുന്നുണ്ടു്. നടനസൂത്രങ്ങളിൽ പരിജ്ഞാനവും തങ്ങളുടെ ബുദ്ധിയിൽ മനോധർമ്മമെന്നുള്ള ഒരംശവും തുലോം കുറഞ്ഞവരായ ചില പൈതങ്ങൾ കഥാനായികമാരായി രംഗങ്ങളിൽ പ്രവേശിച്ചാൽ, ക്ഷണനേരംകൊണ്ടു നിദ്രാധീനന്മാരാകയും ഇടയ്ക്കിടെ ചേങ്ങലദണ്ഡത്താൽ പ്രോത്സാഹിക്കപ്പെടുമ്പോൾ ശൃംഗാരാദിരസങ്ങളെയഭിനയിക്കയും ചെയ്യുമ്പോലെ, പെട്ടെന്നുണർന്നു് ഒട്ടു ചാറും; പിന്നെയും തന്ദ്രിവശയാകും; ഈ വിധത്തിലായിരിക്കുന്നു വൃഷ്ടിയുടെ സ്ഥിതി. മാരിയുടെ സഹായം കൂടാതെതന്നെ ആ രാത്രിയെ അതിഭയങ്കരരാത്രിയാക്കുന്നുണ്ടു്. അതിനാൽ തിരുവനന്തപുരം രാജധാനിയിലെ പ്രധാനവീഥികൾ പോലും മനുഷ്യമൃഗാദിയായ ജീവജാലങ്ങളാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. എന്നാൽ, ഇതു സർവസാധാരണമായി പറഞ്ഞുകൂടുന്നതല്ലാതെയും ഇരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ആണ്ടിയിറക്കം ദേശത്തെ രണ്ടായി വിഭജിക്കുന്ന രാജപാതയുടെ വടക്കരുകിലായിട്ടു് ഒരു വടവൃക്ഷം നിൽക്കുന്നതിന്റെ ചുവട്ടിൽ രണ്ടുപേർ മാരുതകോപത്തേയും രജനിയുടെ ഭയന്മരസ്വഭാവത്തേയും ഗണ്യമാക്കാതെ തണുത്ത ഭൂമിയിൽത്തന്നെ സ്ഥിതിചെയ്യുന്നു. വടവൃക്ഷം, ദ്വാപരയുഗാന്തത്തേയും അനന്തരം സംഖ്യയില്ലാതുള്ള പാന്ഥപരമ്പരകളേയും കണ്ടും ‘കൊണ്ടൽതൻ നിറം പോലെ നീലയാം പത്രാവലി’ കൊണ്ടു തന്റെ അധോഭാഗത്തുള്ള ഭൂമിയെ സൂര്യകിരണങ്ങളുടെ പ്രവേശനത്തിൽ നിന്നു രക്ഷിച്ചും നിൽക്കുന്ന ഒരു മഹാമരമാണു്. വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന രണ്ടുപേരും ആയുധപാണികളാണു്. അവരുടെ വേഷം ജ്ഞാനശക്തിയില്ലാതുള്ള ആ ആയുധങ്ങളേയും നാണിപ്പിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കുചേലനോടൊ, തെക്കൻ‌ദിക്കുകളിലെ അടുക്കളക്കാരികളോടൊ തൽക്കാല ഉപയോഗത്തിനായി വാങ്ങിയതുകളായിരിക്കണം. പക്ഷേ, ഹരിശ്ചന്ദ്രമഹാരാജാവു് ചണ്ഡാളവേഷത്തെ ത്യജിച്ചപ്പോൾ ശ്മശാനത്തിൽ ഉപേക്ഷിച്ചതുകളായിരിക്കാം. വസ്ത്രങ്ങളുടെ സ്ഥിതി ഇപ്രകാരമാണെങ്കിലും, അതുകളെ ധരിച്ചിരിക്കുന്ന സമ്പ്രദായം എത്രയോ മാന്യന്മാരായ ജനങ്ങളാൽ മാതൃകയായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണു്. തിരുവനന്തപുരത്തു് ഉത്സവമഠം എന്നു പറയപ്പെടുന്ന അക്ഷയവിഭവശാലയുടെ മുമ്പിൽ അരനാഴികനേരം നിൽക്കുന്നവർക്കു് ഈ മാതൃകയുടെ ദർശനം സുലഭമാണു്. യദൃച്ഛയാ വല്ല ജനങ്ങളും തങ്ങളെ കാണുന്നതായാൽ വലുതായ ആപത്തുണ്ടാകുമെന്നുള്ള ഭയം ഈയാളുകൾക്കുണ്ടെന്നു് അവരുടെ സാവധാനത്തിൽ മന്ത്രിക്കുന്നതുപോലുള്ള സംഭാഷണത്താൽ വെളിവാകുന്നുണ്ടു്. കിഴക്കു കുറച്ചകലെനിന്നു് ഒരാൾ വരുന്നതുപോലെ തോന്നിയപ്പോൾ രണ്ടുപേരും പേടിയോടുകൂടി എഴുന്നേറ്റു വൃക്ഷത്തിന്റെ പുറകിൽ മറഞ്ഞു ശ്വാസത്തെ അടക്കിക്കൊണ്ടുനിന്നു. പാന്ഥൻ തന്റെ വഴിക്കുപോയതിന്റെ ശേഷം മേൽ‌പ്പറഞ്ഞ രണ്ടാളുകളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “നമുക്കു് ഏഴരശ്ശനിയാണു്. സംശയമില്ല. ഇതാ, ഈ പോയവനും അങ്ങനെതന്നെയാണു്.” --മാർത്താണ്ഡവർമ്മ.


പ്രസന്നത്തിനു്:


അമ്മായിപ്പഞ്ചതന്ത്രം


“അമ്മായിഅമ്മയെ അമ്മിമേൽ വച്ചിട്ടു

നല്ലോരു കല്ലോണ്ടു, നാരായണ.”

എന്റെ തറവാട്ടിൽ കുട്ടിതൊട്ടു കുമ്പിട്ടുനടക്കുന്ന മുത്തശ്ശിവരെ നിരന്തരഗാനം ചെയ്തുവരുന്ന സാമവചനമാണു് മേൽ കൊടുത്തിട്ടുള്ളതു്. വാക്കുകളുടെ വക്കും മുക്കും മാത്രം പറഞ്ഞു പ്രലപിക്കുന്ന പച്ചക്കുട്ടികളും കൂടി സ്വരപ്പിഴ വരാതെ പാടിക്കൊണ്ടു നടക്കത്തക്കവണ്ണം സർട്ടിഫിക്കറ്റ് സമ്പാദിച്ച അമ്മായിഅമ്മ ഏതാണെന്നിനിയും സംശയം തീരാത്തവരനവധിയുണ്ടു്. എന്റെ തറവാടു കുട്ടിച്ചോറായതു മരുമക്കത്തായത്തിന്നു സ്വതസിദ്ധമായ കേടുകൊണ്ടാണെന്നു് അച്ചിക്കൊതിയന്മാരായ ചിലരും അമ്മാവനും പറയുന്നുണ്ടു്. “സഖ്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കുമൊട്ടാഭിജാത്യമെന്നവരോടു വേണം” എന്നു പറഞ്ഞു് എന്റെ വീട്ടിലെ ചില കുട്ടികളുടെ നേരെ കടക്കണ്ണെറിയുന്നവരുമില്ലെന്നില്ല. അനന്തരവന്മാരെ ആശാരിക്കോൽക്കു് അഞ്ചുകോൽ ദൂരത്തു നിർത്തി കരിമുഖം മാത്രം കാണിക്കുന്നതുകൊണ്ടാണെന്നു് അനന്തരവന്മാർ മിക്കവരും പറയുന്നുണ്ടു്. ‘പള്ളയിലെ കാര്യം അണ്ണാനറിയാം’ എന്നു പറയുന്ന കൂട്ടത്തിൽ എന്റെ തറവാട്ടിൽ ഛിദ്രം വീഴാനുള്ള കാരണം അമ്മായിപ്പഞ്ചതന്ത്രത്തിന്റേയും തലയണമന്ത്രത്തിന്റേയും ഉള്ളിൽ വെച്ചിരിക്കുന്നതാണെന്നു് എനിക്കും അമ്മായിഅമ്മയ്ക്കും മാത്രമേ അറിയാവൂ. മേല്പറഞ്ഞ ശ്രുതിവാക്യം അധികം ‘നെട്ടുരു’ ചെയ്യാത്തവൻ ഞാൻ മാത്രമേയുള്ളു; ഇതിനുള്ള കാരണം അമ്മാവന്റെ പുത്രിയും സാക്ഷാൽ കാളിയുമായ ‘മദ്ദള’ത്തിനെ അമ്മ എന്റെ കഴുത്തിൽ കെട്ടിത്തൂക്കിയതുകൊണ്ടാണെന്നു വീട്ടിലുള്ളവർ പറയുന്നുണ്ടു്. അമ്മായിഅമ്മയുടെ മധുരവാക്കിലും പലഹാരത്തിലും പെട്ടു മയങ്ങീട്ടാണെന്നും കിംവദന്തി ഉണ്ടു്. അവന്റെ കുപ്പായത്തിനും പാപ്പാസിനും കാശുതട്ടിക്കാൻ കുറുക്കന്റെ കൌശലമാണെന്നു കൃഷ്ണച്ചേട്ടനും പറയുന്നുണ്ടു്. ഇങ്ങനെ ഓരോരുത്തർ പറയുന്നതിനെ ഞാൻ സമ്മതിക്കുന്നില്ല. എല്ലാവരുംകൂടി പറയുന്നതിനെ നിഷേധിക്കുന്നതുമില്ല. എന്നാൽ ഒന്നുമാത്രം പറയാം. എന്റെ മദ്ദളം ‘ശുദ്ധമദ്ദള’മാണു്. പ്രധാനമായ മിക്ക സംഭവങ്ങൾക്കും ഹേതുവായി തിരശ്ശീലയ്ക്കപ്പുറമെങ്കിലുമൊരു പെണ്ണുണ്ടാകുമെന്നുള്ളതു വിശ്വസിച്ചു പ്രവർത്തിച്ചാൽ വളരെ പിഴയ്ക്കില്ല. എന്റെ തറവാട്ടിന്റെ ധൂസരാവസ്ഥയെ സംബന്ധിച്ചു് ഞാൻ ചെയ്ത അന്വേഷണത്തിൽ എനിക്കു ശരിയായി വഴി കാണിച്ചുതന്നിട്ടുള്ളതും ഈ വിശ്വാസമാണെന്നു നിസ്സംശയം പറയാം. ഈ അന്വേഷണത്തിന്റെ ഫലപ്രാപ്തിയാണു് അമ്മായിഅമ്മയുടെ അഞ്ചുതന്ത്രങ്ങളും ഒരു തന്ത്രവും. ‘ആറു കർണ്ണങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടു’മെന്നു പ്രമാണമുള്ളവസ്ഥയ്ക്കു് നൂറു കണ്ണു കാണുന്ന രസികരഞ്ജിനിയിൽ ആ മന്ത്രത്തിനെ വെളിപ്പെടുത്താൻ വിചാരിക്കുന്നില്ല. അഞ്ചു തന്ത്രങ്ങളുടെയും പേരടങ്ങിയ ഒരു ശ്ലോകം താഴെ ചേർക്കുന്നു:

“മയക്കം മറിമായഞ്ച മോഷണം നാരദക്രിയ അഞ്ചാം പുരയ്ക്കസ്തിവാരമഞ്ചുണ്ടിങ്ങനെ തന്ത്രവും.” --- രസികരഞ്ജിനി.


കലുഷത്തിനു് :


ഹിന്ദുസ്ത്രീകളുടെ നില


സാധാരണയായി നോക്കുമ്പോൾ ഹിന്ദുസ്ത്രീകൾക്കു് ഇതിലും അധികം സ്വാതന്ത്ര്യമുണ്ടു്. ‘ഗോഷാ’ സമ്പ്രദായം ഒരു നിയമമായിട്ടു നമ്പൂരിബ്രാഹ്മണരുടെ സ്ത്രീകൾ മാത്രമേ ആചരിച്ചുപോരുന്നുള്ളു. എന്നാൽ ഇവർ ഒരു വലിയ ഓലക്കുടകൊണ്ടു മൂടി ക്ഷേത്രത്തിലും മറ്റും പോകുന്നുണ്ടു്. കൊച്ചി, തിരുവിതാം‌കൂർ രാജകുടുംബങ്ങളിൽ ഇപ്പോൾ ഈ സമ്പ്രദായം നടപ്പില്ല. ഈ രാജ്ഞിമാർ തുറന്ന വണ്ടികളിൽ സവാരി ചെയ്കയും ഗവർണ്ണർ, റസിഡണ്ടു് മുതലായ യൂറോപ്യന്മാരോടു കൂടിക്കാശ്ചകൾ ചെയ്കയും മറ്റും ചെയ്യുന്നതു സാധാരണയാണു്. തിരുവിതാം‌കൂർ രാജ്യം വാണിരുന്ന ബുദ്ധിശാലിനിയും വിദുഷിയുമായ ശ്രീലക്ഷ്മീഭായിറാണിയുടെ കാലംവരെ തിരുവിതാം‌കൂർ രാജകുടുംബത്തിൽ ഈ ഗോഷാസമ്പ്രദായം നടപ്പുണ്ടായിരുന്നു. ആ മഹാരാജ്ഞിക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഈ നടപ്പിന്റെ അർത്ഥമില്ലായ്മയേയും അതിൽനിന്നു തജ്ജന്യമായുണ്ടാകാവുന്ന ദോഷത്തേയും നല്ലവണ്ണം ഗ്രഹിച്ചു. അവർ നിസ്സാരമായ ഈ മാമൂലിനെ ഗണിച്ചില്ല. അന്നു് ബ്രിട്ടീഷ് റസിഡണ്ടായ കർണ്ണൽ മൺ‌ട്രോവിനെത്തന്നെ ദിവാനാക്കി രണ്ടുപേരും കൂടി ആലോചിച്ചു രാജ്യകാര്യങ്ങൾ നടത്തിയിരുന്നു. പബ്ലിക്ക് ഡർബാറുകളിലും മറ്റും മഹാരാജ്ഞി എഴുന്നള്ളിയിരുന്നു. അതിന്റെ ശേഷം നാടുവാണ ശ്രീപാർവ്വതീറാണിയും മാന്യയായ സഹോദരിയുടെ മാർഗ്ഗത്തെത്തന്നെ അനുവർത്തിച്ചു. തിരുവനന്തപുരത്തും അതിനടുത്ത ചില പ്രദേശങ്ങളിലും ഇപ്പോൾകൂടി ചില സ്ഥാനികളുടേയും വലിയ ഉദ്യോഗസ്ഥന്മാരുടേയും ഭവനങ്ങളിൽ മേല്പറഞ്ഞ സമ്പ്രദായം നടന്നുവരുന്നുണ്ടു്. അയൽ‌രാജ്യമായ കൊച്ചിയിൽ ശൂദ്രരുടെ ഇടയിൽ ഈ സമ്പ്രദായം തീരെ ഇല്ലാതിരിക്കുമ്പോൾ തിരുവിതാംകൂറിൽ അതു് എവിടുന്നു് ഉത്ഭവിച്ചിരിക്കാം? ഏകദേശം ഇരുന്നൂറ്റിൽ ചില്വാനം കൊല്ലത്തിനുമുമ്പു് ഒരു മുഹമ്മദീയസർദാർ തിരുവിതാംകൂർ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ ആക്രമിച്ചു കുറെക്കാലം താമസിച്ചു. അയാൾ ഏർപ്പെടുത്തിയ അനേകം മിഥ്യാവാദങ്ങൾ ഇപ്പോഴും നടന്നുവരുന്നുണ്ടു്. ഈ ‘ഗോഷാ’ സമ്പ്രദായവും ആ ഗണത്തിൽ ഒന്നായിരിക്കാമെന്നു വിചാരിക്കുവാൻ മാർഗ്ഗമുണ്ടു്. -- വിദ്യാവിനോദിനി.


മധുരത്തിനു് :


ഒരു വിചാരം


തന്റെ മുറിയിൽ ജനലിന്റെ അടുക്കൽ തനിയെ ഇരുന്നു് ഈ ഓമനപ്പെൺകിടാവു് എന്താണു ചെയ്യുന്നതു്? സന്ധ്യാസമയത്തെ അന്തരീക്ഷത്തിന്റെ ആഡംബരത്തെ സംവീക്ഷണം ചെയ്കയാണോ? അതല്ല; അവളുടെ കാന്തിയേറിയ കണ്ണുകൾ താഴത്തേക്കാണല്ലോ പോയിരിക്കുന്നതു്? അവൾ നദീജലത്തെ ആലിംഗനം ചെയ്തണയുന്ന മന്ദവായുവിന്റെ പരിമളത്തെ അനുഭവിക്കയാണോ? അതുമല്ല; അവളുടെ നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികൾ ധാരാളം പൊടിഞ്ഞുകാണുന്നുണ്ടല്ലോ. അവൾ വയലുകളിൽ മേഞ്ഞുനടക്കുന്ന കന്നുകാലികളുടെ ഗതിയെ സൂക്ഷിക്കയായിരിക്കാം. അതും ആണെന്നു തോന്നുന്നില്ല; അവ ശബ്ദിച്ചും കൊണ്ടു് തങ്ങളുടെ ഭവനങ്ങളിലേക്കു പൊയ്ക്കഴിഞ്ഞിരിക്കുന്നു. അവൾ മാവുകളിൽ ഇരുന്നു കളിക്കുന്ന കുയിലുകളുടെ മധുരഗാനത്തെ ആസ്വദിക്കയാണു്. അങ്ങനെയാണെങ്കിൽ അവളുടെ മുഖം ചിന്താക്രാന്തചിത്തതയെ സൂചിപ്പിക്കാനെന്താണു്? ഇതൊന്നുമല്ല; തിലോത്തമഈ പ്രകൃതിവിലാസത്തെ ഒന്നും കാണുന്നില്ല; ഒന്നും കേൾക്കുന്നുമില്ല; അവൾ മനസ്സിൽ അതിയായ നിർവൃതിയേയും വ്യഥയേയും ജനിപ്പിക്കുന്ന സങ്കൽ‌പരാജ്യത്തിൽ യഥേഷ്ടം വിഹരിക്കയാണു ചെയ്യുന്നതു്. --ഭാഷാപോഷിണി.


പരുഷത്തിനു്:


മാക്ബത്ത് പ്രഭ്വി


‘ഡങ്കൻ’ , ‘സ്കാട്ട്ലണ്ടി’ലെ രാജാവായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അതിബന്ധുവായ ‘ഗ്ലമിസ്’ പ്രഭു എന്ന വിശേഷനാമമുള്ള ‘മാക്ബത്ത്’ ഒരു പ്രബലസേനാനായകനായിരുന്നു. അയാൾക്കു സമാനനായ വേറൊരു സേനാനിയാണു് ‘ബാങ്കൊ’. ഇവർ ‘നാർവെ’ദേശക്കാരാൽ സഹായിക്കപ്പെട്ടിരുന്ന ഒരു ജനക്ഷോഭത്തെ അടക്കി ശത്രുസൈന്യത്തെ ഛിന്നഭിന്നമാക്കിച്ചെയ്തു് ഉത്സാഹത്തോടെ നാട്ടിലേക്കു തിരിച്ചുപോന്ന മാർഗ്ഗത്തിൽ സ്ത്രീവേഷധാരിണികളായ മൂന്നു മായാസ്വരൂപങ്ങളെ കണ്ടു. ഈ സ്വരൂപങ്ങളിൽ ആദ്യത്തേതു് ‘മാക്ബത്തി’ നെ നോക്കി ‘ഹേ! ഗ്ലമിസ് പ്രഭോ!‘ എന്നും, രണ്ടാമത്തേതു ‘കാഡർപ്രഭോ’ എന്നും വിളിച്ചു. മൂന്നാമത്തേതു് അയാൾ ആ നാട്ടിലെ നൃപനായി ശോഭിക്കുമെന്നു പറഞ്ഞു. ‘ബാങ്കോവിനോടു്’ അയാളുടെ പുത്രപൌത്രാദികൾ ‘സ്കാട്ട്ലണ്ടിലെ’ രാജാക്കന്മാരാകുമെന്നു ദീർഘദർശനം പറഞ്ഞിട്ടു് ആകാശത്തിൽ ആ സ്വരൂപങ്ങൾ അന്തർദ്ധാനം ചെയ്തു. ഈ വാക്കുകളെ ശ്രവിച്ച സേനാനികൾ രണ്ടുപേരും ഈ വിനോദസംഭവത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോൾ തനിക്കു ‘കാഡർപ്രഭു’ എന്ന സ്ഥാനം മഹാരാജാവ്‌ ദാനം ചെയ്തിരിക്കുന്നു എന്ന വർത്തമാനം ദൂതമുഖേന ‘മാക്ബത്തു്’ അറിഞ്ഞു. ഇതു് അദ്ദേഹത്തിന്റെ അത്യാഗ്രഹത്തെ വർദ്ധിപ്പിച്ചു. മൂന്നാംസ്വരൂപത്തിന്റെ ദീർഘദർശനവും സത്യമായി വരികയില്ലയോ എന്നുള്ള വിചാരം ‘മാക്ബത്തി’നുണ്ടായി. ദ്വിതീയരൂപം എന്നെപ്പറ്റി പറഞ്ഞതു വാസ്തവമായിത്തീർന്നു; ‘ബാങ്കോ’ നിങ്ങളുടെ പുത്രന്മാരും രാജാക്കന്മാരാകാനിടയുണ്ടല്ലോ? എന്നു ‘മാക്ബത്ത്’ ബാങ്കോവിനോടു പറഞ്ഞു. ഈ സ്വരൂപങ്ങളെല്ലാം നിസ്സാരങ്ങളായ കാര്യങ്ങളിൽ വാസ്തവം പറഞ്ഞു് ഒടുവിൽ വൻ‌കുഴിയിൽ ചാടിക്കും എന്നു് അയാൾ മറുപടി പറഞ്ഞു. എന്നാൽ ‘മാക്ബത്തി’നു് അങ്ങനെ അല്ല തോന്നിയതു്. ഭവനത്തിലെത്തിയപ്പോൾ തന്റെ കുടുംബിനിയെ വർത്തമാനങ്ങളെല്ലാം അറിയിച്ചു് അവൾക്കു ദുരാശയെ വർദ്ധിപ്പിച്ചു. ഏതുപ്രകാരമെങ്കിലും സിംഹാസനാരോഹണത്തിനു മാർഗ്ഗാന്വേഷണം ചെയ്തു മായാസ്വരൂപങ്ങളുടെ വാക്കുകളെ സാധൂകരിക്കണമെന്നു ഭർത്താവിനെ അവൾ അഹോരാത്രം ഉപദ്രവിച്ചുകൊണ്ടിരുന്നു. പ്രകൃത്യാ അസ്ഥിരചിത്തനായ അയാൾ കർത്തവ്യബോധമില്ലാതെ ചിന്താഗ്രസ്തനായിത്തീർന്നു. അപ്പോൾ രാജാവു് ‘മാൽക്കോം’ , ‘ഡോനാൽബി’ എന്നു രണ്ടു പുത്രന്മാരോടും പ്രഭുക്കന്മാരോടും സേവകന്മാരോടും കൂടി ‘മാക്ബത്തി’ന്റെ സൌധത്തിൽ വന്നുതാമസിക്കാൻ പോകുന്നു എന്ന വർത്തമാനം അറിഞ്ഞു് മാക്ബത്ത് പ്രഭ്വി തന്റെ ആഗ്രഹസിദ്ധിക്കു് അവസരം കിട്ടുമെന്നു വിചാരിച്ചു സന്തോഷിച്ചു. മഹാരാജാവ് അവിടെ എഴുന്നള്ളിയപ്പോൾ ശ്രദ്ധാപൂർവ്വം ആചാരോപചാരങ്ങൾ ചെയ്തു് അവൾ അദ്ദേഹത്തെ സന്തുഷ്ടനാക്കിത്തീർത്തു. യാത്രാശ്രമം തീർക്കാൻ രാജാവു നേരത്തെ ശയ്യാഗൃഹം പ്രാപിച്ചു. --പന്ത്രണ്ടു സ്ത്രീരത്നങ്ങൾ.


ഗംഭീരത്തിനു്:


ഒരു പത്രപ്രസ്താവന


കാലത്തിന്റെ ഗതിവേഗത്തെക്കുറിച്ചു വ്യസനിക്കാത്തവർ നരലോകത്തിലുണ്ടെങ്കിൽ അതെത്രയോ ദുർലഭം. എന്നാൽ കാലദുർവ്യയം ചെയ്യാതെ കണ്ടു വല്ലവരും ഉണ്ടെങ്കിൽ അതും അത്രമാത്രം അപൂർവ്വമാകുന്നു. അതുപോലെതന്നെ പരിമിതമായ പുരുഷായുസ്സു് കാലചക്രംകൊണ്ടു കടഞ്ഞു കളയുമ്പോളുണ്ടാകാവുന്ന മനോവേദന ദിവസത്തിൽ ഒരു തവണയെങ്കിലും അനുഭവിക്കാത്തവരുണ്ടെങ്കിൽ അവർ മനുഷ്യവർഗ്ഗത്തിൽ ഉൾപ്പെട്ടവരായിരിക്കയില്ല. എന്നാൽ ഉദിച്ച സൂര്യൻ അസ്തമിക്കേണ്ടെന്നും അസ്തമിച്ച സൂര്യൻ ഉദിക്കേണ്ടെന്നും വിചാരിക്കുന്നവരുണ്ടോ? അതു കാണുന്നില്ല. ഇങ്ങനെ പരസ്പരവിരുദ്ധങ്ങളായ വികാരഭേദങ്ങൾ ജനസാമാന്യത്തിൽ പരക്കുവാൻ തക്കതായ കാരണവും ഇല്ലെന്നു പറഞ്ഞുകൂടാ. ത്രികാലമദ്ധ്യത്തിൽ ഇരുന്നുകൊണ്ടു് ഇരുപുറവും തിരിഞ്ഞുനോക്കുന്ന ഒരുവൻ കഴിഞ്ഞകാലം നന്നായിട്ടും ഉള്ള കാലം അതിനു വിപരീതമായിട്ടും വരുവാൻ പോകുന്നതു സംശയഗ്രസ്തമായിട്ടും കാണുമ്പോൾ അവന്നു ഭൂതകാലത്തിൽ പ്രേമവും വർത്തമാനകാലത്തിൽ വിരക്തിയും ഭാവിയിൽ ഉൽക്കണ്ഠയും ഒരേ സമയത്തിൽ തോന്നുന്നതിൽ അത്ഭുതമില്ല. ആശാഭംഗം കാലത്തിന്റെ ശീഘ്രഗതിയേയും ആശാബന്ധം അതിന്റെ മന്ദഗതിയേയുമാണു് ഓർമ്മപ്പെടുത്തുന്നതു്. ഉദ്ദിഷ്ടകാലത്തിനിടയ്ക്കു വിചാരിച്ചതു മുഴുവൻ സാധിക്കുവാൻ കഴിയാഞ്ഞതുകൊണ്ടു കഴിഞ്ഞകാലം ദീർഘിക്കാമായിരുന്നു എന്നും, വിചാരിക്കുന്നതു മുഴുവനും സാധിച്ചുകാണുവാനുള്ള തിടുക്കം കൊണ്ടു ദൂരത്തിൽ മങ്ങിക്കിടക്കുന്ന കാലം വേഗത്തിൽ സമീപിച്ചാൽ കൊള്ളാമെന്നും തോന്നുന്നതു് ലോകസ്വഭാവമാണല്ലൊ. ഈ വസ്തുത നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ളവർക്കു് ‘രഞ്ജിനീ’ ഭാരവാഹികളുടെ താൽക്കാലികമായ ഉൾക്ഷോഭത്തെ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ളതല്ല. രഞ്ജിനിയുടെ വളർച്ചയുടേയോ തളർച്ചയുടേയോ സാമാന്യസ്വരൂപത്തെ വർണ്ണിക്കുന്നതിനുമുമ്പു് രഞ്ജിനിയുടെ ഈ നാലാമത്തെ ജന്മമാസാവസരത്തിൽ അതിന്റെ ആവിർഭാവം മുതൽ സ്നേഹബുദ്ധിയോടുകൂടി ലേഖനപരമ്പരകൊണ്ടും മറ്റു പലവിധത്തിലും അതിനെ നിരന്തരമായി സഹായിച്ചിട്ടുള്ളവരോടു ഞങ്ങളുടെ സൌഹാർദ്ധബദ്ധയായ കൃതജ്ഞതയുടെ സ്വല്പസൂചകമായ വന്ദനം പറഞ്ഞുകൊള്ളുന്നു. അവരുടെ പേരു വിളിച്ചുപറഞ്ഞു പ്രത്യേകം അഭിനന്ദിക്കാനാണു് മനസ്സു വരുന്നത്; എങ്കിലും അതിപരിചയമുള്ള ദിക്കിൽ അല്പലൌകികം പോലും അലൌകികമായി കലാശിച്ചെങ്കിലോ എന്ന ഭയത്താൽ അതിനു ഞങ്ങൾ തുനിയുന്നില്ല. രഞ്ജിനിയുടെ ഇതേവരെയുള്ള സംഗതിവിവരപ്പട്ടിക പരിശോധിച്ചു് ആ സഹൃദയന്മാരുടെ ഊരും പേരും പ്രയത്നവും അറിഞ്ഞു് സന്തോഷിക്കുന്നവർ ഞങ്ങൾക്കു് ഒരു പ്രത്യുപകാരം ചെയ്തവരായി നന്ദിപൂർവ്വം ഗണിക്കപ്പെടുന്നതാണു്. മറുഭാഷയിൽ പ്രതിപത്തിയുള്ളവർക്കു സ്വഭാഷയിൽ വിരക്തി വേണമെന്നില്ലെന്നൊരു നിയമം സർവ്വകലാശാലയിൽനിന്നു പുറപ്പെടുകയും പത്രപ്രവർത്തകന്മാർക്കു് അവരുടെ നിരന്തരോത്സാഹംകൊണ്ടും നിർവ്യാജപ്രവൃത്തികൊണ്ടും പത്രങ്ങളുടെ ആന്തരഗുണംകൊണ്ടും പത്രബന്ധുക്കളിൽ സ്ഥിരമായ വിശ്വാസം ജനിപ്പിക്കുവാൻ സാധിക്കുകയും ചെയ്യുന്നതുവരെ പത്രാധിപന്മാർക്കും മാനേജരന്മാർക്കും ചില, അഥവാ പല കഷ്ടനഷ്ടങ്ങളും സംഭവിച്ചേക്കാം. ഈ സർവ്വാണിസങ്കടത്തിൽ രഞ്ജിനിയുടെ ഓഹരി രഞ്ജിനിക്കു കിട്ടീട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയുവാനില്ല. അതിനെ ഞങ്ങൾ വകവെയ്ക്കുന്നതുമില്ല. പത്രക്കളത്തിൽ കടന്നു കളിക്കുവാൻ കച്ചകെട്ടി പുറപ്പെടുന്നവർ തടുക്കേണ്ടവയായ വൈഷ‌മ്യങ്ങൾ കാണാതെപോയാൽ അതുകൊണ്ടുവരുന്ന ദോഷങ്ങൾക്കു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മർമ്മം കണ്ടു കൊടുക്കുവാൻ ശ്രമിക്കുന്നവർ മർമ്മം നോക്കി തടുക്കുവാനും പഠിച്ചിരിക്കണം. അതു രൂപമില്ലാത്തച്ചുകൊണ്ടു വരുന്ന പരാജയം ഭാഗ്യക്കുറവല്ല, നോട്ടക്കുറവാണു്. എന്നാൽ ‘ചാതിക്കാരം പിടിക്കേണ്ടവർ’ പക്ഷം പിടിക്കുകയും ചേരിയിൽ ചേർന്നവർക്കു് ചാഞ്ചല്യം തുടങ്ങുകയും ചെയ്യുമ്പോൾ ആലോചിക്കുവാനുള്ള കാലമായി. ഈ ഘട്ടം രഞ്ജിനിക്കു വന്നുകൂടുക കഴിഞ്ഞിട്ടില്ലെങ്കിലും മാന്യലേഖകന്മാരുടെ സംഖ്യ കറുത്തപക്ഷത്തിലെ ചന്ദ്രനെ അനുകരിച്ചുകാണുന്നതു് ശോചനീയം തന്നെ. ഈ കാര്യത്തിൽ രണ്ടാം കൊല്ലത്തിലെ പ്രായം മൂന്നാം കൊല്ലത്തിൽ രഞ്ജിനിക്കു ചെന്നിട്ടില്ലെന്നാണു് ഞങ്ങളുടെ അഭിപ്രായം. എങ്കിലും ലേഖനങ്ങളുടെ ശരാശരി ഗുണത്തെപ്പറ്റി അനുകൂലങ്ങളായ പത്രാഭിപ്രായങ്ങളും അനുമോദനക്കത്തുകളും ഇതിന്നൊരു സമാധാനമായിട്ടാണു് ഞങ്ങൾ കരുതുന്നതു്. --രസികരഞ്ജിനി.


വൃഥാസ്ഥൂലത്തിനു് :


ഒരു സായാഹ്നം


നേരം സായങ്കാലമാകാറായി. ‘അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽനിന്നും’ അരുണവർണ്ണത്തോടുകൂടിയ കിരണസമൂഹങ്ങൾ തിരുവനന്തപുരം പട്ടണത്തിലുള്ള ‘ശൃംഗാഗ്രംകൊണ്ടുപരി ഗഗനം ലേഖനം ചെയ്തു നിൽക്കും തുംഗാഗാരങ്ങളു’ ടെ താഴികക്കുടങ്ങളിലും ചന്ദ്രശാലകളിലും പ്രതിബിംബിച്ചു പ്രകാശിക്കുന്നു. പുരാതനവും കാലാനുസരണമായി ഏർപ്പെടുത്തപ്പെട്ടുപോരുന്ന ഓരോ അഭിനവനവങ്ങളായ പരിഷ്ക്കാരങ്ങളാൽ രമണീയവുമായ ഈ നഗരത്തിൽ ജാലസൂത്രം‌പോലെ വ്യാപിച്ചിരിക്കുന്ന രാജമാർഗ്ഗങ്ങൾ മുഴുവൻ ഇന്ദ്രശ്രീയുള്ള രസികലോകത്താൽ അധിഷ്ഠിതമായ ‘മന്ദ്രധ്വാനാനുകൃത ഘനനിർഘോഷമാം സ്യന്ദനൌഘത്താലും’, ‘സച്ചേലത്തെസ്സരസമരയിൽ ചേർത്തുടുത്തിട്ടുടുപ്പിട്ടച്ചേലൊത്തുള്ളൊരു വടിയുമായിത്തലക്കെട്ടു’മായി നടന്നുപോകുന്ന ജനസംഘത്താലും സമ്പൂർണ്ണങ്ങളായിരിക്കുന്നു. ഈ ചലനം എല്ലാം ഒരു കേന്ദ്രത്തെ ഉദ്ദേശിച്ചു ഗതിചെയ്യുന്നതായിട്ടാണു് കാണപ്പെടുന്നതു്. അവിടേയ്ക്കുതന്നെ അന്നു് അവിടെ അസന്നിഹിതന്മാരായിരുന്ന വായനക്കാരുടെ ഭാവനാശക്തിയെ ക്ഷണിച്ചുകൊള്ളുന്നു. --- ഭാഷാപോഷിണി.


ശാലീനത്തിനു് :


ഒരു ദുരാഗ്രഹിയുടെ നിരാശ


‘കഷ്ടം - കഷ്ടം’ വൈത്തിപ്പട്ടരു വിചാരിക്കുന്നു: ‘ഞാൻ എന്തൊരു ഭാഗ്യഹീനനാണു്. എത്രതന്നെ ശ്രമിച്ചിട്ടും അദ്ധ്വാനിച്ചിട്ടും എന്റെ ദാരിദ്ര്യം നീങ്ങുന്നില്ലല്ലോ. പത്തുവയസ്സുമുതൽ അദ്ധ്വാനിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ എനിക്കു് അറുപത്തിരണ്ടു വയസ്സായി. അമ്പത്തിരണ്ടു കൊല്ലം അദ്ധ്വാനിച്ചിട്ടും സുഖമായി അഹോവൃത്തിക്കു സമ്പാദിച്ചിട്ടില്ല. എന്റെ തലയിലെഴുത്തുതന്നെ. മറ്റെന്താണു് പറവാനുളതു്. പൂഞ്ചോലക്കര എടത്തിൽ തെക്കൻ‌ചരക്കുകച്ചോടത്തിൽ കുറെ സമ്പാദ്യമുണ്ടായിരുന്നു. ആ കച്ചോടം തന്നെ നിജമായും, സ്ഥിരമായും ചെയ്തുവന്നിരുന്നുവെങ്കിൽ നാലുകാശു കാണുമായിരുന്നു. അതിമോഹംകൊണ്ടു് അതുവിട്ടു് ആ പാപി കല്യാണിയുടെ കൂടെ ചാടിപ്പോയി മോഹങ്ങൾ ഒന്നും സാധിക്കാതെ പട്ടിയെപ്പോലെ മടങ്ങിപ്പോന്നു. കച്ചവടവും പോയി. കഞ്ഞിക്കും വകയില്ലാതായി. കല്യാണിയുടെ കൂടെപ്പോയസമയം ആലോചിച്ചിരുന്ന പ്രകാരം എല്ലാം ക്ഷണേന ധൈര്യത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്നു ഞാൻ നല്ല ഒരു ധനികനായിരിക്കുമെന്നുള്ളതിനു വാദമുണ്ടോ? എത്രയായാലും ഞാൻ പട്ടരല്ലോ. പട്ടർക്കു ധൈര്യമുണ്ടാവുമോ? കഷ്ടം അല്പം ധൈര്യവും നിശ്ചയിച്ചതു പ്രവർത്തിക്കുന്നതിൽ വ്ഗതയും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ എത്രയെളുപ്പത്തിൽ പണം സമ്പാദിക്കുമായിരുന്നു. ഇപ്പോൾ ദൈവഗത്യാ നല്ല ഒരു തരംകിട്ടിയെന്നു ഞാൻ സന്തോഷത്തോടുകൂടി കരുതിയിരുന്നു. ഇതും ഇപ്പോൾ തരാറായിട്ടാണു വരാൻ പോകുന്നതു്. അസത്തു മനസ്സേ! നിനക്കു് എന്താണു് ഒരു ഭീരുത്വം! ആഗ്രഹമുണ്ടെങ്കിൽ പ്രവർത്തിക്കു്, പ്രവർത്തിക്കു് - ഭീരുത്വത്തിന്റെ ഫലം ദാരിദ്ര്യം. ദാരിദ്ര്യത്തിൽക്കിടന്നു നശിക്കു് - അല്ലെങ്കിൽ വല്ലതും തീർച്ചയായി പ്രവർത്തിക്കു് - ഈ കണ്ണുപൊട്ടന്റെ കയ്യിൽ അൻപതറുപതോളം രൊക്കമുണ്ടു്. അതിൽ ഒരു നാലിലൊന്നു കിട്ടിയാൽ ഞാൻ കുബേരനായല്ലോ. എങ്ങനെ കിട്ടാനാണു്? ഞാൻ രാമേശ്വരത്തുവച്ചാഗ്രഹിച്ചതു സകലം നിഷ്ഫലം തന്നെ. ഇങ്ങനെ കയ്യിൽ വന്നപോലെയുള്ള കാര്യം കിട്ടാതെ പോകുന്നുവല്ലോ. ഇയ്യാളുടെ വശം അസംഖ്യം ദ്രവ്യമുണ്ടല്ലോ. ഇയ്യാളുടെ വലിയ പെട്ടിയും നോക്കിക്കൊതിച്ചുംകൊണ്ടു വൃഥാ കാലം കളയുന്നുവല്ലോ. ഇയ്യാൾ ഇനി അധികം ഇവിടെ താമസിക്കുകയില്ല. ശങ്കരൻ ഇവിടെ താമസിപ്പാൻ ഒരിക്കലും അനുവദിക്കയുമില്ല. ഇപ്പോഴും ഭീരുത്വം കാണിച്ചുനിന്നാൽ ഈ ജന്മം നമുക്കു ദാരിദ്ര്യം തന്നെ ഫലം; സംശയമില്ല. ശങ്കരൻ ആൾ മഹാവികൃതിയാണു്; ബഹുസമർത്ഥനാണു്. അവൻ ജീവിച്ചിരിക്കുമ്പോൾ രാമൻ‌മേനവന്റെ നേരെ എതിർപ്പാൻ കഴികയില്ല. നമ്മുടെ വിദ്യ യാതൊന്നും ഫലിക്കയില്ല. യാതൊരു കാര്യവും രാമൻ‌മേനവൻ എന്റെ മുഖാന്തിരം ചെയ്യുകയില്ല. വല്ലതും സമ്പാദിക്കണമെന്നുണ്ടെങ്കിൽ അതിന്റെ വഴി ഇപ്പോൾത്തന്നെ എടുക്കണം. ഈ നിമിഷം എടുക്കണം, സംശയമില്ല, സംശയമില്ല. ഇവറ്റ എന്റെ ഗൃഹത്തിൽ വന്നു താമസിക്കുന്നതു് ഇതുവരെ ആരും അറിഞ്ഞിട്ടില്ല. എന്നാൽ ശങ്കരൻ ജീവനോടെ ഇരിക്കുമ്പോൾ ഞാൻ വല്ലതും പ്രവർത്തിച്ചാൽ എന്നെ അവൻ ജയിലിൽ ആക്കുമെന്നുള്ളതിനു സംശയമില്ല. ശങ്കരൻ ആൾ അല്പനല്ല. ശങ്കരൻ ഇല്ലായിരുന്നുവെങ്കിൽ ഈ കണ്ണുപൊട്ടനും കുട്ടിയും അവരുടെ പണവും നമ്മുടെ കയ്യിൽത്തന്നെ. പിന്നെ ഞാനേ ഗതി. വേറെ യാതൊരു പരിചയക്കാരുംകൂടി ഇവർക്കില്ല. നമ്മുടെ ഇഷ്ടപ്രകാരം അറുപതു് എഴുപതിനായിരം ഉറുപ്പികകൊണ്ടു കളിക്കാം.’


ദീപ്രത്തിനു് :


അമാത്യരാക്ഷസന്റെ വിചാരം


‘അഹോ കഷ്ടം! പുരുഷന്മാരുടെ സമവിഷമദശാപരിണതികൾ അലക്ഷിതോപനിപാതങ്ങളായിരിക്കുന്നു. മുൻ‌കാലങ്ങളിൽ ഞാൻ എന്റെ ഗൃഹത്തിൽനിന്നു വെളിയിൽ സവാരിപോകുമ്പോൾ നവേന്ദുദർശനം ചെയ്‌വാൻ കൂടുന്ന ആളുകളെപ്പോലെ പുരവാസികളെന്നെ ദൂരെനിന്നു കണ്ടിട്ട്‌, എന്നെ ‘അതാ, അതാണു് രാക്ഷസാമാത്യൻ’ എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടുപോകുമായിരുന്നു. ഞാനും അങ്ങനെ സവാരി പോകുമ്പോൾ പരസ്സഹസ്രം രാജാക്കന്മാരാൽ പരിവൃതനായിരിക്കും. അങ്ങനെയിരുന്ന ഞാൻ ഇപ്പോൾ ഈ സ്ഥലത്തുതന്നെ ഭൂയോപി വന്ധ്യശ്രമൻ ആയിട്ടു തസ്കരനെപ്പോലെ ത്രാസത്തോടു വേഗത്തിൽ പ്രവേശിച്ചു. കഷ്ടം! എന്റെ രാജാക്കന്മാർ മരിച്ചുപോയല്ലോ. കഷ്ഠം! ഈ ഉദ്യാനം ഈവിധം ജീർണ്ണമായോ? ജീർണ്ണമായതിനാലുണ്ടായ അരമണീയത വാഗ്ഗോചരമല്ല. ഈ നന്ദനവനത്തിൽ പണിയിക്കപ്പെട്ടിരുന്ന സൌധം അതിനെ കെട്ടിച്ചവരായ നന്ദന്മാർ എങ്ങനെ നശിച്ചുപോയോ അതുപോലെ ഇടിഞ്ഞുവീണുകിടക്കുന്നു. സുഹൃത്തുക്കളുടെ നാശത്താലുണ്ടാകുന്ന ദുഃഖത്താൽ സാധുക്കളുടെ ഹൃദയം ശുഷ്കമാകുന്നതുപോലെ ഈ സരസ്സുകളും ശുഷ്കങ്ങളായിപ്പോയി. ഈ വൃക്ഷങ്ങൾ, വിഗുണനൃപയോഗത്താൽ നയങ്ങൾ എന്നപോലെ ഫലവിഹീനങ്ങളായി നിൽക്കുന്നു. അവിദ്വാന്റെ മതി കപടോപദേശങ്ങളാൽ എന്നപോലെ ഈ ഭൂമിയും തൃണങ്ങളാൽ ഛന്നമായിരിക്കുന്നു. എതിരെ കാണപ്പെടുന്ന ചന്ദനവൃക്ഷങ്ങളിൽനിന്നു നന്ദന്മാരുടെ കാലത്തിൽ ഒരു ഇലപോലും പറിക്കാൻ സമ്മതിക്കയില്ല. ആ വൃക്ഷങ്ങൾ ഉദഗ്രപരശുക്കളാൽ ഖണ്ഡം ഖണ്ഡമായി വെട്ടി എറിയപ്പെട്ടിരിക്കുന്നു. വെട്ടപ്പെട്ട കുറ്റികളിൽ സർപ്പങ്ങൾ ചട്ടകളെ (തൊലികളെ) കഴറ്റിയിട്ടിരിക്കുന്നു. താഴെ കപോതങ്ങൾ കൂടുകളെ കെട്ടിക്കൊണ്ടു കറകറ എന്നു ശബ്ദിക്കുന്നു. ഇവയെ ആലോചിച്ചുനോക്കുമ്പോൾ അചേതനങ്ങളായിരിക്കുന്ന ഇവയ്ക്കും അൻപ്, പ്രിയം മുതലായ ഗുണങ്ങൾ ഉണ്ടെന്നു കാണപ്പെടുന്നില്ലേ? വൃക്ഷങ്ങൾ പരശുക്കളാൽ ഏൽ‌പ്പിക്കപ്പെട്ടിട്ടുള്ള ക്ഷതങ്ങളെ സഹിക്കാതെ ആ വൃക്ഷങ്ങളിൽ കുടികൊണ്ടിരിക്കുന്ന കപോതങ്ങളാകുന്ന വാകളാൽ വെട്ടുകൾ പൊറുക്കാൻ പാടില്ലായെന്നു് ഉച്ചത്തിൽ നിലവിളിച്ചു കരയുന്നതുപോലെയും ആ കരച്ചിലിനെ സഹിക്കാതെകണ്ടു പരിചിതപരിക്ലേശകൃപയാ സർപ്പങ്ങൾ അവയുടെ ചട്ടകളാകുന്ന എണ്ണത്തുണികളെക്കൊണ്ടു മുറിവായെ കെട്ടുന്നതുപോലെയും ഇരിക്കുന്നു. ഛായാവിയോഗത്താൽ അപ്രസന്നങ്ങളായി വ്യസനത്തിൽ നിമഗ്നങ്ങളായിരിക്കുന്ന ആ തപസ്വികളായ വൃക്ഷങ്ങൾ ശ്മശാനത്തെ പ്രാപിക്കാറായതുപോലെ ആയിരിക്കുന്നു. അവയുടെ അകം ശുഷ്കമായിപ്പോയി. കടിക്ഷതത്തിൽക്കൂടി നീരൊഴുകുന്നതുകണ്ടാൽ അശ്രുജലം പൊഴിക്കയാണോ എന്നു തോന്നും. ഇങ്ങനെ വിചാരിച്ചുംകൊണ്ടിരുന്നാൽ ഫലം എന്തു്? ഭഗ്നമായ ഈ ശിലാതലത്തിൽ ഭഗ്നാശയനായ ഞാൻ ഇരുന്നു കുറെ വിശ്രമിക്കട്ടെ’, എന്നുപറഞ്ഞുകൊണ്ടു് ശിലാതലത്തിൽ രാക്ഷസാമാത്യൻ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ എന്തോ ശബ്ദം കേട്ടിട്ടു് അമാത്യം ‘ഇതു് എന്താണു്! ആകസ്മികമായിട്ടു് ശംഖപടഹമിശ്രമായ നാന്ദീനാദം കേൽക്കുന്നതു്? പടഹശംഖധ്വനികളാൽ പ്രാപ്തമഹിമയോടുകൂടിയ നാന്ദീനാദം അതിഭാരത്താൽ ശ്രോതാക്കളുടെ ശ്രവണമാർഗ്ഗത്തെ അസാരമാക്കിച്ചെയ്തിട്ടു പ്രാസാദങ്ങളാൽ ആദ്യം പരിപീതവും ബാഹുത്വത്താൽ അപ്പോൾത്തന്നെ ഉജ്ഝിതവുമായപോലെയും അഷ്ടദിക്കുകളുടെ ദൈർഘ്യത്തെ അറിയുന്നതിന്നു കുതൂഹലത്തോടുകൂടിയപോലെയും ഇരിക്കുന്നു. ഇതു മൌര്യന്റെ ജയത്തേയും മലയകേതുവിന്റെ തോൽ‌വിയേയും സൂചിപ്പിക്കുന്നു. കഷ്ടം! ഞാൻ പോകുന്നേടത്തെല്ലാം ശത്രുവിന്റെ ജയത്തെക്കുറിച്ചു കേൾക്കുന്നേയുള്ളു. വിധി ശത്രുപക്ഷമായിരിക്കുന്നു. ശത്രുക്കളുടെ ജയം കണ്ടു ദുഃഖിക്കുമാറാക്കി ദൈവം’. ഇങ്ങനെ വിചാരിച്ചുംകൊണ്ടിരുന്നപ്പോൾ ചാണക്യനാൽ പ്രേഷിതനായ ഒരു പുരുഷൻ രാക്ഷസൻ കാണത്തക്ക ഒരു സ്ഥലത്തുനിന്നു തൂങ്ങിച്ചാകാൻ ഭാവിക്കുന്നവനെപ്പോലെ ഒരു വൃക്ഷത്തിന്റെ ശാഖയിൽ കയറീട്ടു ചാകുന്നതിനു് ആരഭിച്ചു. അപ്പോൾ രാക്ഷസൻ ഓടിച്ചെന്നു് ‘ഭദ്ര! ഭദ്ര! നീയെന്തുചെയ്യുന്നു’ എന്നു ചോദിച്ചു. --മുദ്രാരാക്ഷസം.


ഉജ്ജ്വലത്തിനു് :


കാകൻ


ഒരു രാജ്യത്തും ഒരാളും ഒരിക്കലും കാണാത്ത അരയന്നത്തെപ്പറ്റി ഒരു വാക്കെങ്കിലും ഇല്ലാത്ത കവിത മലയാളഭാഷയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയിൽ വല്ല ഭാഷയിലും ഉണ്ടോ എന്നു് എനിക്കു സംശയമുണ്ടു്. പക്ഷേ ആ കാര്യം ഖണ്ഡിച്ചു പറവാൻ എനിക്കു നിവൃത്തിയില്ലാത്തതിൽ ഞാൻ വ്യസനിക്കുന്നു. സംസ്കൃതകവികൾക്കു് അരയന്നം വലിയ കാര്യമാണെന്നു പറയേണ്ടതില്ലല്ലോ. ഇങ്ങനെ നാമമാത്രമായി ജീവിക്കുന്നതോ, അഥവാ ജീവിക്കുന്നുണ്ടെങ്കിൽത്തന്നെ ബ്രഹ്മാവിനേയും വഹിച്ചുകൊണ്ടു മനുഷ്യന്നു കാണ്മാൻ സാധിക്കാത്ത വല്ല ദിക്കിലും ജീവിക്കുന്ന ഹംസങ്ങളെപ്പറ്റി ഇത്രയൊക്കെ ഘോഷിക്കയും അവയെ സംബന്ധിച്ച കാര്യങ്ങൾ ഉപമേയങ്ങളാക്കി വർണ്ണിക്കുകയും ചെയ്കയും സർവ്വസാധാരണയായി സർവ്വദിക്കിലും കാണുന്ന കാകനെപ്പറ്റി അധികം പറയാതിരിക്കയും ചെയ്യുന്നതു നമ്മുടെ കവികുഞ്ജരന്മാർക്കു സ്വാഭാവികമായ വിവരണങ്ങളെക്കൊണ്ടും ഉദാഹരണങ്ങളെക്കൊണ്ടും കാവ്യത്തിനു തന്മയത്വവും ജീവനും നൽകാൻ അറിഞ്ഞുകൂടെന്നു ദൃഷ്ടാന്തീകരിക്കുന്നതല്ലാതെ അതു നമ്മുടെ വായസശ്രേഷ്ഠന്നു് ഒരുവിധത്തിലും അപമാനകരമായിത്തീരുന്നതല്ല. കാക്കയെപ്പറ്റി കവികളാരും ഒന്നും പറഞ്ഞിട്ടില്ലെന്നില്ല.


“കാകഃ കാകഃ പികഃ കൃഷ്ണഃ കോ ഭേദഃ പികകാകയോഃ

വസന്തകാലേ സം‌പ്രാപ്തേ കാകഃ കാകഃ പികഃ പികഃ”

(കാക്കയും കറുത്തതു്, കുയിലും(പികം) കറുത്തതു്. പികവും കാകനും തമ്മിലുള്ളവ്യത്യാസം? പക്ഷേ വസന്തകാലം വരുമ്പോൾ കാക്ക കാക്കയും (ക്രാ, ക്രാ, എന്നു കർണ്ണകഠോരമായി ശബ്ദിക്കും) പികം പികവുമാകും (മനോഹരമായി പാടും). അപ്പോൾ അവയെ തിരിച്ചറിയാം.)

എന്നുള്ളതു് കാകനെ അപമാനിക്കാൻ‌വേണ്ടി ഉണ്ടാക്കിയതാണെന്നു പറയുന്നതിൽ ഞായമില്ല. ഈ ശ്ലോകാർത്ഥം ശരിയായി ധരിച്ചവർ കാകനേയോ, കുയിലിനേയോ, ആരെയാണു് കവി ചീത്തയാക്കിപ്പറഞ്ഞതെന്നു പറവാൻ ശക്തരാകുമോ? ഒരിക്കലുമില്ല, പക്ഷേ,

“മാകന്ദാഗ്രേ ചെന്നു വസിച്ചാൽ

കാകൻ നിയ്യൊരു കോകിലമാകും

കാണികൾ നിന്നെക്കുയിൽ കുയിലെന്നൊരു

നാണയമങ്ങു നടത്തിക്കോളും”


എന്നു പറഞ്ഞ കവി, കാക്കയെ നിശ്ചയമായും പരിഹസിച്ചതാണു്. ഇങ്ങനെ പറവാൻ ആ കവി ധൈര്യപ്പെട്ടതു്, കാക്ക ശിക്ഷാനിയമത്തിൽനിന്നു് ഒഴിവാക്കപ്പെട്ടതാണെന്നു നല്ലവണ്ണം മനസ്സിലാക്കീട്ടുതന്നെയാണു്. കാക്ക എന്തുതന്നെ കട്ടാലും പിടിച്ചുപറിച്ചാലും ആരും അന്യായപ്പെടാത്തതും, ആരും ഭയം കൂടാതെ കാക്കയെ ശകാരിക്കുന്നതും, പരസ്യമായി അതിനെ കൊലചെയ്‌വാനും, അതിന്റെ ശവം പോലീസുകാർ കാൺകെ കെട്ടിത്തൂക്കാനും മടിക്കാത്തതും ഇതുകൊണ്ടുതന്നെയാണു്. ഏതായാലും മറ്റു കവികളും വിദ്വാന്മാരും തത്വജ്ഞാനികളും എന്തുതന്നെ പറഞ്ഞാലും മനു കാക്കയെപ്പറ്റി ഗുണമായിട്ടേ പറഞ്ഞിട്ടുള്ളു. ഒരു ഗൃഹസ്ഥൻ കാക്കപ്പെണ്ണിനെപ്പോലെ ഇരിക്കണം എന്നുള്ളതു മനുസംഹിതയിൽ ഉള്ളതാണത്രെ. ഇതു നമ്മുടെ വായസിയമ്മയ്ക്കു് അനശ്വരമായ ഒരു കീർത്തിയാണു്, സംശയമില്ല.


“സ്ത്രീകൾക്കശിക്ഷിതപടുത്വമമാനുഷീഷ്വ-

പ്യാകല്യതേ പറവതെന്തിഹ മാനുഷീഷു?

ആകാശദേശഗമനത്തിനു മുമ്പപത്യം

കാകാലയേ, പികവധൂടി വളർത്തിടുന്നു.”


എന്നിങ്ങനെ കാളിദാസൻ പികത്തിന്റെ പടുത്വത്തെക്കുറിച്ചു പറഞ്ഞതിൽ, കാക്കയുടെ വിഡ്ഢിത്തം ധ്വനിപ്പിച്ചിട്ടുണ്ടു്. എന്നാൽ കാളിദാസൻ ഈ കാര്യത്തിൽ രണ്ടുവലിയ തെറ്റു ചെയ്തിട്ടുണ്ടു്. അതു മനപ്പൂർവ്വം ചെയ്തതാണെന്നതിനു തെളിവുമുണ്ടു്. ഈ ഉപമ കാളിദാസൻ ദുഷ്‌ഷന്തനെക്കൊണ്ടാണു പറയിച്ചത്. ഭാരതത്തിൽ ശകുന്തളയാണു പറയുന്നതു്. സ്ത്രീകളുടെ ദുസ്സാമർത്ഥ്യത്തെയാണു് കാളിദാസൻ ഇതുകൊണ്ടു് ഉദാഹരിക്കുന്നതു്. മറ്റുള്ളവരുടെ കുട്ടികളോടുകൂടി വാത്സല്യം കാണിക്കത്തക്കവണ്ണം കാക്കയുടെ കാരുണ്യബുദ്ധിയെയാണു് ഭാരതത്തിൽ പ്രതിപാദിക്കുന്നതു്. മൂലഗ്രന്ഥത്തിൽ ഉള്ളതിനെ ഭേദപ്പെടുത്തി അതുതന്നെ വായസിയമ്മയെ പ്രത്യക്ഷത്തിൽ അപമാനിക്കണമെന്നുള്ള അസൂയാബുദ്ധിയോടുകൂടി ഭേദപ്പെടുത്തി പറഞ്ഞതു് കവിശ്രേഷ്ഠനായ കാളിദാസന്നു് അശേഷം പറ്റിയതല്ല. കാളിദാസൻ മാത്രമല്ല ഈ കാര്യത്തിൽ തെറ്റുകാരൻ. ഇംഗ്ലീഷ് കവികളും കാക്കയെ അധിക്ഷേപിച്ചു പ്രസ്താവിച്ചിട്ടുണ്ടു്. പാശ്ചാത്യകവികൾ കാക്കയെ കള്ളനെന്നും, ചതിയനെന്നും, വൃത്തിഹീനനെന്നും മറ്റു പലവിധത്തിലും അപഹസിച്ചിട്ടുണ്ടു്. ‘ഇതൊക്കെ നിന്നെപ്പറ്റി പറഞ്ഞതല്ലേ?’എന്നു നമ്മുടെ കാക്കയോടു ചോദിച്ചാൽ താൻ തലയൊരു ഭാഗത്തേക്കു ചരിച്ചു കണ്ണൊന്നു ചിമ്മി ‘അതൊന്നും എന്നെപ്പറ്റി അല്ല’ എന്നു പറയും. ‘പിശാചുക്കളെ അന്യോന്യം ചേർക്കുന്ന ഒരു കണ്ണിയാണു് കാക്ക’ എന്നു് റാബിൻസൺ എന്ന വിദ്വാൻ പറയുന്നു. മനുഷ്യർക്കും പ്രേതങ്ങൾക്കും ഒരു മദ്ധ്യസ്ഥനായിട്ടാണു് കാക്കയുടെ സ്ഥിതിയെന്നു ഹിന്ദുക്കളും വിശ്വസിക്കുന്നുണ്ടല്ലോ. ‘ഈഹ’ എന്ന പേരിൽ പ്രകൃതിശാസ്ത്രതത്വങ്ങളെ അതിരസകരമാംവണ്ണം പ്രതിപാദിക്കുന്ന വിദ്വാൻ കാക്കയെപ്പറ്റി എന്താണു പറയുന്നതെന്നു കേൾക്കേണ്ടതാണു്: “ഇന്ത്യയിലെ കാക്കകളിൽ ഒരുവിധത്തിലും സന്തോഷജനകമായ ഒരു അവസ്ഥ ഞാൻ കണ്ടിട്ടില്ല. പുറമെയുള്ള നാട്യം നേരെ മറിച്ചാണുതാനും. വലിയ മാന്യനാണു്, ലോകപശുക്കളുടെ അഭിപ്രായം പുല്ലുവിലയാക്കീട്ടാണു്, എന്നൊക്കെ നടിച്ചു്, വലിയ കുലീനന്റെ വസ്ത്രം ധരിച്ചു് ഡംഭിച്ചിട്ടുള്ള ആ നടത്തവും സർവ്വസാധനങ്ങളേയും ഒറ്റക്കണ്ണുകൊണ്ടു് അഗണ്യമായി പരിശോധിക്കുന്ന ആ ശീലവും കാണുമ്പോൾ ആർക്കും തനിയെ ദ്വേഷ്യം പിടിക്കും. മനുഷ്യർ സാധാരണയായി അധികമായി ഉപയോഗിക്കുന്ന അവയവത്തിനു വേഗത്തിൽ പുഷ്ടിയും ബലവും ഉണ്ടാകുമെന്നുള്ള തത്വം നേരാണെങ്കിൽ കാക്കയുടെ മറ്റേ കണ്ണിനു താമസിയാതെ കണ്ണട വെയ്ക്കേണ്ടിവരും. ‘ഒരു കാക്കയെ കൊല്ലുന്നതിനു് ഈഹയ്ക്കു് അല്പമെങ്കിലും മടിയോ ശങ്കയോ ഉണ്ടാകാറില്ലത്രേ. ‘അവറ്റയുടെ കള്ളത്തരമോ, അവറ്റയുടെ മര്യാദക്കേടോ, അവറ്റയുടെ കർണ്ണകഠോരമായ കരച്ചിലോ ഇവയൊന്നുമല്ല; അതൊക്കെ എനിക്കു സഹിക്കാം. കാക്കകൾ നിസ്സഹായജീവികളെ നിഷ്കാരുണ്യം കൊന്നു ഭക്ഷിക്കുന്നതാണു് എനിക്കു സഹിച്ചുകൂടാത്തതു്. ചെറിയ പക്ഷികളെ കാക്ക വളരെ സൂക്ഷിച്ചുനോക്കും. എവിട്യാണു് അതിന്റെ കൂടെന്നു മനസ്സിലാക്കും. കുട്ടി വിരിഞ്ഞു പറക്കാവുന്ന കാലം എണ്ണിക്കഴിക്കും. തരം നോക്കി ആ കുഞ്ഞുങ്ങളെ ഓരോന്നോരോന്നായി കൊത്തിക്കൊണ്ടുപോയി വല്ല മരത്തിന്റെ കൊമ്പിന്മേലും വെച്ചു് കാലുകൾകൊണ്ടു ചവിട്ടിപ്പിടിച്ചു കൊത്തിപ്പറിച്ചു ഭക്ഷിക്കും. തള്ളപ്പക്ഷികളുടെ പരിഭ്രമവും സങ്കടവും നിലവിളിയും അശേഷം ഗണ്യമാക്കുകയില്ല. അതിനാണു് ഞാൻ കാക്കയെ ദയയില്ലാതെ വെടിവെച്ചുകൊല്ലുന്നതു്. --ഗദ്യമാലിക (രണ്ടാം ഭാഗം)


അലസത്തിനു് :


ഒരു ലേഖകന്റെ അരങ്ങേറ്റം


“കേടറ്റ നല്ല കവിതാനടികൾക്കു നൃത്ത-

മാടീടുവാൻ കവികളൊത്തു ചമച്ചു ഭംഗി-

കൂടുന്ന തദ്രസികരഞ്ജിനിയായ രംഗ-

മീടാർന്നുയർന്നു വിലസീടണമിത്തമെന്നും.


ചൊല്ലേറിടും രസികരഞ്ജിനി! നിൻ‌ഗുണങ്ങൾ

ചൊല്ലേറുമിക്ഷിതിയിലുള്ള കവീദ്രവർഗ്ഗം

ചൊല്ലി ഗ്രഹിച്ചിടുക കൊണ്ടു നമുക്കുനിന്നി-

ലുല്ലാസവും ഭ്രമവുമുണ്ടു മനസ്സിലേറ്റം


അതുകൊണ്ടിനിമേലിലുള്ള കാലം

ശ്രുതികൊണ്ടീടിന നിൻ പ്രകീർത്തി വാഴ്ത്താൻ

കൊതിപൂണ്ടൊരു ഞാനുമിന്നു നിന്നിൽ

പതിയുന്നുണ്ടു കവീന്ദ്രസാരവാണി.”


‘അല്ലയോ ബഹുമാനപ്പെട്ട മാന്യ പ്രിയ പത്രാധിപരേ! വളരെ യോഗ്യതയുള്ള ഓരോ കവിതാനടികളുടെ പുറപ്പാടിന്റെ ഘോഷങ്ങളെ കണ്ടു് ബാലയായ എന്റെ കവിതാനടിയും ക്ഷമയില്ലാതെ ചാടിപ്പുറപ്പെട്ടിരിക്കുന്നു. എന്നാൽ അതിയോഗ്യതയും, പ്രാസഭംഗിയാകുന്ന സൌന്ദര്യവും, ചമൽക്കാരമാകുന്ന രസികത്വവും, അർത്ഥപുഷ്ടിയാകുന്ന യൌവനവും, സുവൃത്തമാകുന്ന അടക്കവും, കർണ്ണാനന്ദപ്രദമാകുന്ന സൌശീല്യവും ഉള്ള ശബ്ദാലംകൃതങ്ങളായ കവിതാനടികളുടെ കൂട്ടത്തിലേക്കാണു് ആദ്യത്തെ പുറപ്പാടു്. കൂട്ടത്തിൽ കൂടാറായില്ലാ, വരട്ടെ; ക്ഷമിക്കു; എന്നും മറ്റും പറഞ്ഞുനോക്കിയിട്ടു കൂട്ടാക്കാൻ ഭാവം കാണുന്നില്ല. ‘തെളിച്ച വഴിക്കു നടന്നില്ലെങ്കിൽ നടന്ന വഴിക്കു തെളിക്ക’ എന്നുണ്ടല്ലോ. അതിനാൽ ഇവൾ ബാലയായതുകൊണ്ടു് ഒരുസമയം കഥയില്ലാതെ വല്ലതും പ്രവർത്തിച്ചാലും, അവരൊക്കെയും താങ്കളുടെ അധീനത്തിലിരിക്കുന്നവരാകകൊണ്ടു് തമ്മിൽത്തല്ലാതെ കഴിച്ചുകൂട്ടുമല്ലൊ. വിശേഷിച്ചു് കവിതക്കാരന്റെ വേഷം കെട്ടിക്കൊണ്ടു വെളിയിൽ പുറപ്പെട്ടാൽ എന്തോ ഏതോ എന്നുള്ള പരിഭ്രമംകൊണ്ടു് അണിയറയിൽ ഇരുന്നു ബുദ്ധിമുട്ടി കാലംകഴിച്ചുകൊണ്ടിരിക്കുമ്പോൾ കെട്ടിയ വേഷത്തിന്റെ ഗുണദോഷമറിവാനുള്ള തിടുക്കം നടനത്തെ പരിഭ്രമത്തിനു ശത്രുവായി പരിണമിക്കയാൽ വരുന്നതുവരട്ടെ എന്നും വെച്ചു കവിജനവദന വിനിസ്സൃതകളായിരിക്കുന്ന കവിതാനടികളുടെ രംഗസ്ഥലമായ രസികരഞ്ജിനീവനിതാരത്നത്തിന്റെ സ്വദേശത്തിൽ തിരനീക്കി പ്രവേശിപ്പാൻ തീർച്ചപ്പെടുത്തിയ ഒരു സാഹസകക്ഷിയുടെ തിരപ്പുറപ്പാടിന്റെ ഘോഷമാണിതു്. നിങ്ങളുടെ സമയം വളരെ വിലപിടിച്ചതാണെങ്കിലും കാൽക്ഷണമെങ്കിലും ഈ ഘോഷത്തിൽ ശ്രദ്ധവച്ചു് ആ രസികരഞ്ജിനീരംഗത്തിന്റെ ഒരു ഭാഗത്തു് ഈ നടിയെക്കൂടെ കുറ്റം തീർത്തു വേണ്ടതുപോലെ രംഗപ്രവേശനം ചെയ്യിച്ചു് അയപ്പാൻ അപേക്ഷ. രഞ്ജിനിയുടെ ഒരു പ്രതി എനിക്കും അയച്ചുതരുന്നതു് വളരെ സന്തോഷമാണു്. ഈ ലേഖനം രഞ്ജിനിക്കു സ്വീകാര്യയോഗ്യമല്ലാത്തപക്ഷം മടക്കി അയച്ചുതരുവാൻ അരയണയുടെ ഒരു സ്റ്റാമ്പു് ഇതോടുകൂടി അയച്ചിരിക്കുന്നു. -- രസികരഞ്ജിനി.


സൌ‌മ്യതയ്ക്കു് :


ഒരു കല്യാണം


കയ്പഞ്ചേരിയിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. മുഹൂർത്തം, ഉദിച്ചു പത്തുനാഴിക ചെല്ലുമ്പോൾ ആണു്. നേരം നാലു നാഴിക പുലർന്നപ്പോഴെയ്ക്കു തന്നെ ആളുകൾ വന്നുകൂടിത്തുടങ്ങിയിരിക്കുന്നു. പകത്സമയത്തു് സംബന്ധങ്ങൾ നടത്തുന്നതായിരുന്നു ആ കാലത്തു സാധാരണയായി പതിവു്. ഈ അടിയന്തിരം നമ്മുടെ പൂർവ്വന്മാരുടെ ഇടയിൽ വളരെ ഗൌരവമുള്ള ഒന്നായിരുന്നു. രണ്ടു കുടുംബങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ഒരു ബന്ധമായിട്ടാണു് ആ കാലങ്ങളിൽ ഇതിനെ വിചാരിച്ചുപോന്നതു്. അതുകൊണ്ടു് കഴിയുന്നിടത്തോളം പരസ്യമായിട്ടാണു് ഈ അടിയന്തിരത്തെ ആഘോഷിച്ചുവന്നതു്. കല്യാണവീട്ടിന്റെ കിഴക്കുപുറത്തു് ഒരു നെടുമ്പുര കെട്ടീട്ടുണ്ടു്. അതിനകം ഭംഗിയായി വിതാനിച്ചിരിക്കുന്നു. പുരയുടെ നടുക്കു് ഒരു കതിരുമണ്ഡപം ഉണ്ടു്. നിലത്തു് പുല്ലുപാകളും, ചൌക്കാളങ്ങളും, രത്നക്കമ്പിളികളും വിരിച്ചിരിക്കുന്നു. കിഴക്കുവശത്തുള്ള വാതിലിന്റെ രണ്ടുവശത്തുമായിട്ടു് ഈരണ്ടു കട്ടിലുകളും ഭംഗിയായി അലങ്കരിച്ചുവെച്ചിട്ടുണ്ടു്. ഇവ നാടുവാഴികളായ കുടുംബക്കാർക്കു് ഇരിക്കാനുള്ളവയായിരുന്നു. കതിരുമണ്ഡപത്തിന്റെ തെക്കുവശം സ്ത്രീകൾക്കിരിക്കുന്നതിനും വടക്കുവശം പുരുഷന്മാർക്കിരിക്കുന്നതിനുമായി നിശ്ചയിക്കപ്പെട്ടിരുന്നു. നാടുവാഴികളായ കുടുംബങ്ങൾ ഒണ്ണൂറാം വീട്ടുകാരും പാലാട്ടുവീട്ടുകാരും ആയിരുന്നു. രണ്ടു കുടുംബക്കാരും ഒന്നിച്ചു് ഒരടിയന്തിരങ്ങൾക്കും കുറേനാളായി വരാറില്ല. യദൃച്ഛയായി രണ്ടുകൂട്ടരും എത്തിയാൽ മംഗളസമയത്തെ അമംഗളമാക്കേണ്ടെന്നു വിചാരിച്ചു് ഒരു കുടുംബക്കാരെങ്കിലും പൊയ്ക്കളയുക പതിവായിരുന്നു. ചിലപ്പോൾ രണ്ടു കുടുംബക്കാരും പൊയ്ക്കളയും. ഒരു കുടുംബത്തിൽ നിന്നു സ്ത്രീകൾ മാത്രമേ വന്നിട്ടുള്ളു എങ്കിൽ രണ്ടു കുടുംബക്കാരും ഇരുന്നുവെന്നും വന്നേക്കും. ആറുനാഴിക പുലർന്നപ്പോൾ കോമൻ‌നായരും ചാപ്പൻ‌നായരും എത്തി. കോമൻ‌നായരെ കല്യാണവീട്ടുകാർ ഒരു കട്ടിലിലും, ചാപ്പൻ‌നായരെ അടുക്കൽ താഴെയും കൊണ്ടിരുത്തി. നേരത്തേ വന്നിരുന്ന ആളുകളുടെ വിനോദത്തിനായി സദിരുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോഴത്തേക്കു കതിരുമണ്ഡപത്തിന്റെ തെക്കുവശത്തായി സ്ത്രീകളും വന്നിരുന്നു തുടങ്ങി. ആ കാലത്തു സ്ത്രീപുരുഷന്മാർ തമ്മിലുള്ള സംഭാഷണത്തിലും പെരുമാറ്റത്തിലും ഇപ്പോൾ നമ്മുടെ ഇടയിലുള്ളതിലധികം സ്വാതന്ത്ര്യമുണ്ടായിരുന്നു. കുറെ പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്നു സംസാരിക്കുന്നതുകണ്ടാൽ ആരും അതിനെ ഒരു മര്യാദകേടായി വിചാരിച്ചുവന്നില്ല. ഒരു യുവാവും യുവതിയും തമ്മിൽ കുറച്ചു സംസാരിച്ചുപോയാൽ അവർ തമ്മിൽ വിഹിതമല്ലാത്ത വല്ല ഏർപ്പാടുകളും ഉണ്ടായിരിക്കുമെന്നു് ആരും ഊഹിക്കാറില്ലായിരുന്നു. ഇതൊക്കെ പിന്നെയുണ്ടായ പരിഷ്കാരങ്ങളാണു്. ഇപ്പോഴും പഴേപോലെ ആകണമെന്നാണു് എന്റെ അഭിപ്രായമെന്നു് ആരും വിചാരിച്ചുപോകരുതു്. ധൈര്യവും ശുദ്ധിയുമുള്ള മനസ്സുള്ളവർക്കു മുൻ‌വിവരിച്ച സഹവാസംകൊണ്ടു ഗുണമല്ലാതെ ദോഷമുണ്ടാകയില്ല. രണ്ടു ഗുണങ്ങളും കുറഞ്ഞതുകൊണ്ടായിരിക്കാം ഇപ്പോൾ ഈ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നതു്. ആ ഗുണങ്ങൾ കുറഞ്ഞിട്ടില്ലെങ്കിൽ പഴയ ഏർപ്പാടുപ്രകാരം നടക്കുന്നതിൽ യാതൊരു ദോഷവും ഉണ്ടെന്നു തോന്നുന്നില്ല. ----തച്ചൊള്ളിക്കഥകൾ.


ഉദ്ധതത്തിനു്:


വേഷധാരിയുടെ ചിന്ത


കുറവൻ തനിച്ചായപ്പോൾ അവൻ താഴെ പറയും പ്രകാരം വിചാരിച്ചുകൊണ്ടു് രാക്ഷസന്റെ ഭവനത്തിലേക്കായി പോയി. ഭൂപാലതിലകനായ സർവ്വാർത്ഥസിദ്ധിയുടെ കാലത്തിൽ ആപാദചൂഡം ആഭരണങ്ങൾ അണിഞ്ഞു് സകലവിധപദവികളും അനുഭവിച്ചു കാലം കഴിച്ച ഞാൻ ഇപ്പോൾ കുറവന്റെ വേഷത്തിന്നുചിതങ്ങളായവയെ ധരിച്ചു് പ്രാകൃതന്മാരാൽ‌പോലും ‘എട’, ‘പോട’ എന്നു വിളിക്കപ്പെട്ടിട്ടു് ഇതാ അങ്ങുമിങ്ങും നടന്നു കഷ്ടപ്പെടുന്നു. എന്നാൽ ഇതു് ഒരു നവീനാവസ്ഥയല്ല. പണ്ടു് ഹരിശ്ചന്ദ്രൻ, നളൻ, പാണ്ഡവർ മുതലായ പുണ്യശ്ലോകന്മാർക്കും വിധിവശാൽ ഓരോ വേഷം ധരിക്കേണ്ടിവന്നതില്ലയോ? ഈ വേഷം ഞാൻ ധരിച്ചതു് നഷ്ടമായ ഐശ്വര്യത്തെ വീണ്ടും എടുക്കുന്നതിനുതന്നെ ആണല്ലോ. ആശ്ചര്യം ചാണക്യബുദ്ധിസാഹചര്യത്തോടുകൂടിയ ചന്ദ്രഗുപ്തങ്കൽ നമ്മുടെ രാക്ഷസാമാത്യന്റെ പ്രയത്നങ്ങൾ ഫലജനനാസ‌മൃദ്ധങ്ങളായിപ്പോകുന്നു. അതിനാൽ അമാത്യന്റെ നീതികൾ വിഫലമായിപ്പോകുമെന്നു് എനിക്കു തോന്നുന്നു. എന്നാൽ മലയകേതു രാക്ഷസാമാത്യന്റെ ബുദ്ധി സാഹചര്യത്തോടുകൂടിയിരിക്കുന്നതിനാൽ ചന്ദ്രഗുപ്തങ്കൽനിന്നു് രാജ്യശ്രീയെ വേർപെടുത്തുമെന്നും തോന്നുന്നുണ്ടു്. എന്തുകൊണ്ടെന്നാൽ ചന്ദ്രഗുപ്തന്റെ രാജ്യശ്രീ കൌടില്യധീരജ്ജുനിബദ്ധമൂർത്തിയായിട്ടു ചന്ദ്രഗുപ്തങ്കൽ സ്ഥിരയായിരിക്കുന്നു എന്നും എന്നാൽ രാക്ഷസാമാത്യന്റെ സാമാദികളായ ഉപായഹസ്തങ്ങളാൽ ആ രാജ്യലക്ഷ്മി നികൃഷ്യമാണയായി ഇരിക്കുന്നുവെന്നും എനിക്കു തോന്നുന്നതിനാലത്രേ. അതിനാൽ സുനയശാലികളായ ചാണക്യരാക്ഷസന്മാർ പരസ്പരവിരോധമായി ഇരിക്കുന്ന കാലം മുഴുവനും നന്ദകുലലക്ഷ്മിയും സംശയിതയായിത്തന്നെ കാണപ്പെടുന്നു. അന്യോന്യജയത്തിന്നായി വിരോധത്തെ ആചരിച്ചുകൊണ്ടിരിക്കുന്ന മന്ത്രിമുഖ്യന്മാരായ ചാണക്യരാക്ഷസന്മാരുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവളായിരിക്കുന്ന രാജ്യലക്ഷ്മി മഹാവനത്തിൽ വനഗജയുഗ്മങ്ങളുടെ ഇടയിൽ അകപ്പെട്ട ഹസ്തിനിയെപ്പോലെ ആരു ജയിക്കുമെന്നുള്ള സംശയത്താൽ ഉണ്ടായിട്ടുള്ള ഭീതിയോടുകൂടിയിട്ടു ഗതാഗതത്തിലുള്ള പ്രയാസബാഹുല്യത്താൽ ഖേദിക്കുന്നു എന്നുതന്നെ എനിക്കു തോന്നപ്പെടുന്നു. എന്തായാലുമാകട്ടെ കാലം സർവ്വത്തേയും നിശ്ചയിക്കും. അമാത്യരാക്ഷസനെച്ചെന്നുകണ്ട്‌ പൌഷ്പപുരീവൃത്താന്തങ്ങളെ അദ്ദേഹത്തെ അറിയിച്ചു് ഇനി ചെയ്യേണ്ട കാര്യത്തേയും അറിഞ്ഞു് അതിലേക്കുദ്യുക്തനാകേണ്ടതു് എത്രയും ആവശ്യം. --- മുദ്രാരാക്ഷസം.


ഊർജ്ജസ്വലത്തിനു്:


സമസൃഷ്ടികൾ


ജനങ്ങളുടെ ബുദ്ധിയുടെ അപകടത്തം നോക്കു. ലോകത്തിൽ എത്രയോ ജാതി സൃഷ്ടികളുണ്ടു്? പക്ഷി, മൃഗം, വൃക്ഷം, ലത, നദി, നീരദം, നാടു്, കാടു്, മല മരുഭൂമി, കായൽ, കടൽ എന്നുവേണ്ട “സൃഷ്ടിക്കൂട്ടങ്ങളിച്ചൊന്നതുമിതിലണയാതുള്ളതും’ വേണ്ടുവോളം വാരി വിതറീട്ടുള്ളപ്പോൾ അസ്മദാദികളായ മനുഷ്യർക്കുമാത്രം എന്താണാവോ വിശേഷം? ബ്രഹ്മാവു് പടച്ചുവിടുന്നതൊക്കെ ആർക്കുവേണ്ടിയാണെന്നു മാനുഷകീടങ്ങൾ സംശയിച്ചിട്ടേയില്ല. മനുഷ്യർക്കുവേണ്ടി, അവരുടെ സുഖത്തിനുമാത്രം; എന്താണതിൽ സംശയിക്കാനുള്ളതു്? ദൂരകൃഷിക്കു മോഹമുള്ളവർ കാടു വെട്ടിത്തെളിച്ചോളൂ. പുഴ നികത്തിക്കോളൂ. പാൽ വേണോ? പശുവിനെക്കറക്കുവാൻ വിരോധമില്ല. പക്ഷേ, കുട്ടിയെ തോൽ‌പ്പിച്ചിട്ടുവേണം. നടക്കാൻ വയ്യെങ്കിൽ കഴുത വേണോ കഴുത; കുതിര വേണോ കുതിര. കരി വലിക്കാൻ കഷ്ണിക്കേണ്ട കന്നാലിയുണ്ടു്, തീറ്റി കൊടുക്കേണമെന്നില്ല. എല്ലു പുറത്തേക്കു പൊട്ടിപ്പുറപ്പെടാതെ തോലു സൂക്ഷിച്ചുകൊള്ളണം. പ്രാണനെ മാത്രം അടച്ചുപിടിച്ചാൽ മതി. വെറുതെയാണോ വായ് അടച്ചുകെട്ടുന്നതു്? ഏഴുനിലമാളികയ്ക്കു മരത്തിനുവേണ്ടി ബുദ്ധിമുട്ടരുതു്. കാടുവെട്ടിത്തെളിക്കാമല്ലോ. പക്ഷികളോ മൃഗങ്ങളോ വല്ലതുമുണ്ടെങ്കിൽ എവിടെയെങ്കിലും പോയിച്ചാവട്ടെ. ആരുമറിയാതെ കാട്ടിലൊളിച്ചിരിക്കാനെന്ത്? മാംസത്തിനു രുചിയുള്ളവരൊക്കെ കാട്ടിലേക്കു കടക്കാം. സകലതും അവിടെ തെയ്യാറുണ്ടു്. ചെന്ന വിവരം വെടിപൊട്ടിച്ചറിവു കൊടുത്താൽ വേണ്ടതൊക്കെ ചാടി ഓടിവന്നു കാക്കൽ വീണുകൊള്ളും. മാൻ‌പേടയുണ്ടെങ്കിൽ വിട്ടയയ്ക്കരുതേ. കണ്ടാലും നന്നു്, തിന്നാനും കൊള്ളാം, ഉപദ്രവമൊട്ടില്ലതാനും. ആനയാണെങ്കിൽ ചേനയുടെ മാതിരിവേണം; കുഴികുത്തി മൂടണം. കൊള്ളരുതേ പണി! കാടു് മനുഷ്യരുടെ തോട്ടമോ കലവറയോ എന്നു മനസ്സിലാകുന്നില്ല; കാടുകേറാൻ പേടിയുള്ളവരോ തോക്കെടുത്തു ശീലമില്ലാത്തവരോ ഉണ്ടെങ്കിൽ അത്യാവശ്യമൊക്കെ നാട്ടിലും ശേഖരിച്ചിട്ടുണ്ടു്. പൂവൻ‌കോഴിയുടെ പൂവ് പൂജയ്ക്കു കൊള്ളില്ലെങ്കിൽ തൊപ്പിക്കായിക്കോട്ടെ. വെളുപ്പിനെഴുന്നേറ്റു് ‘കൊക്കരെക്കോൽ’ എന്നു പ്രാർത്ഥിച്ചതുകൊണ്ടായില്ല. അരക്കോൽ നീളമെങ്കിലും കൊക്കിനുണ്ടെങ്കിൽ ഒന്നു പൊരുതിക്കളയാമെന്നായിരിക്കും. അതൊന്നും പറ്റില്ല. താറാവിന്റെ കൊക്കിനു നീളം പോരാഞ്ഞിട്ടാണോ? ചിറക് ഭംഗിക്കു മാത്രമായാൽ‌ പോരാ, പറക്കാൻ ശീലം വേണം. ആടുകൾ തൊണ്ട എടറിക്കൊണ്ടു് ‘ഇൻപേ’ എന്നു നിലവിളിക്കുന്നതിന്റെ അർത്ഥം ആരെങ്കിലും ഓർക്കുന്നുണ്ടോ? സമസൃഷ്ടികളിൽ ‘ഇഷ്ടം’ വേണേ എന്നു പറയുകയാണു്. അതു് ‘ഇൻപേ എ ഏ’ ഇളമ്പെ’ എന്നു പേടിച്ചുവിറച്ചുകൊണ്ടു പഴേ ഭാഷ സംസാരിക്കാത്ത ധൈര്യത്തോടുകൂടി ‘ഇഷ്ടേ’ എന്നു പറഞ്ഞാൽ ഭേദമുണ്ടായിരുന്നു. പക്ഷേ, ഇഷ്ടം ഭക്ഷിക്കാനാകുമോ എന്നേ സംശയമുള്ളു. ചെമ്മരിയാടിനു പുറത്തു കമ്പിളിരോമംകൊണ്ടു പുതപ്പുണ്ടല്ലോ എന്നൊരു ധൈര്യമാണു്. ആ അഭിമാനം വേണ്ട. മേൽക്ഷൌരം കഴിച്ചല്ലാതെ കഴുത്തിൽ കത്തിവെയ്ക്കില്ല. പ്ലേഗുദീനത്തിനു പ്രത്യേകിച്ചൊരു പ്രത്യൌഷധം കണ്ടുപിടിച്ചിരിക്കുന്നു. എലിവധം പലവട്ടമായിട്ടു കഴിച്ചാൽ മതി. ഇതുകൊണ്ടായിരിക്കാം കൊളങ്കോരികൾക്കു് എലിച്ചാറിത്ര പഥ്യമായതു്. ‘അഹിംസാ പരമോ ധർമ്മഃ’ എന്നതു മൂക്കറ്റം ചെലുത്തിക്കഴിഞ്ഞാൽ കൂടാതെ നിവൃത്തിയില്ലെങ്കിൽ കുറച്ചുനേരം ജപിക്കാം. അമ്പ! മനുഷ്യരുടെ സ്വാർത്ഥം! അവർക്കുള്ളൊരഹംഭാവം. അല്ലയോ മൊളഞ്ഞാസനകുസൃഷ്ടികളേ! ഈ വർത്തമാനമെങ്ങാനും ബ്രഹ്മാവു കേട്ടാൽ അന്നു കഴിഞ്ഞു നിങ്ങളുടെ കഥ. കുറെ കൂർത്ത മുഖവും വാലും ബ്രഹ്മലോകത്തിൽനിന്നു വരുന്നതു കാണാം. മുഖം മാറി വാലുംവെച്ചു നാലു കാലിന്മേൽ നടക്കയേ പിന്നെ തരമുള്ളു. കുരങ്ങന്മാരിൽനിന്നാണു് മനുഷ്യരുണ്ടായതെന്നു് പറയുന്നവർക്കു മനുഷ്യർ കുരങ്ങന്മാരാകുന്നതു കാണാറാകും. കുറ്റമാണോ മനുഷ്യർ ശ്വാസം വലിക്കുമ്പോൾ കൂടി കാലൻ കോഴി വന്നിരുന്നു് ‘കുത്തിച്ചുടു കുത്തിച്ചുടു്’ എന്നുരുവിടുന്നത്. എങ്ങനെയാണു് ഇങ്ങനെയുള്ളവരുടെ നേരെ വെറുക്കാതിരിക്കുക?’ --ഗദ്യമാലിക (രണ്ടാം ഭാഗം).


ദുർബ്ബലത്തിനു്:


പണം ഭാഗ്യമല്ല


യസ്യാസ്തി വിത്തം സ നരഃ കുലീന-

സ്സപണ്ഡിതസ്സശ്രുതവാൻ ഗുണജ്ഞഃ

സ ഏവ വക്താ സ ച ദർശനീയഃ

സർവ്വേ ഗുണാഃ കാഞ്ചനമാശ്രയന്തി.”


ദ്രവ്യമുണ്ടായാൽ ഒരു മനുഷ്യനു സിദ്ധിക്കാവുന്ന സകല സംഗതികളും തികഞ്ഞുവെന്നാണു് മിക്കപേരുടെയും വിചാരം. ഇതിന്റെ സൂക്ഷ്മം ആലോചിച്ചറിയും‌തോറും ദ്രവ്യം ആവശ്യങ്ങൾക്കു മാത്രം ഉണ്ടായിരുന്നാൽ മതിയെന്നു കാണാം. സാധാരണമായി ധനവാന്മാരെ ഭാഗ്യവാന്മാരെന്നു പറയാറുണ്ടു്. എങ്കിലും ഭാഗ്യവാന്മാരെ ധനവാന്മാരെന്നു പറയാറില്ല. അതിന്നു കാരണമുണ്ടു്. ഭാഗ്യവാന്മാരുടെ ഭാഗ്യാവസ്ഥ ഏതുവിധമാണെന്നു് ആരും അത്ര അന്വേഷിച്ചറിയാറില്ല. ധനവാന്റെ ദ്രവ്യപുഷ്ടി പ്രത്യക്ഷമായതുകൊണ്ടു് ധനവാനെ ഭാഗ്യവാൻ എന്നു പറയാനും പ്രയാസമില്ല. പണ്ടു് ‘ലീഡിയാ’ എന്ന രാജ്യം ‘ക്രീസസ്സു്’ എന്ന രാജാവു വാണിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രിസ്താബ്ദത്തിനു് 557 കൊല്ലങ്ങൾക്കു മുമ്പായിരുനു. ഈ രാജാവിന്റെ ദ്രവ്യപുഷ്ടികൊണ്ടു്, ‘ക്രീസസ്സ്’ എന്ന പേരു പഴഞ്ചൊല്ലായിത്തീർന്നിട്ടുണ്ടു്. വലിയ ധനവാന്മാരെ ‘കുബേരൻ’ എന്നു നാം പറയാറില്ലേ? അതുപോലെ ആ ദിക്കുകളിലെ വലിയ സമ്പന്നന്മാർ ‘ക്രീസസ്സു്’ എന്നു വിളിക്കപ്പെട്ടു. ഏതൻസിലെ ലോകവിശ്രുതനായ ‘സോളൻ’ എന്ന ന്യായാധിപതി ഒരിക്കൽ ഈ രാജധാനിയിൽ ചെന്നിരുന്നു. അപ്പോൾ ‘സോളന്റെ’ അവസ്ഥയ്ക്കനുരൂപമായ ആചാരോപചാരങ്ങളോടുകൂടി അദ്ദേഹത്തെ എതിരേറ്റു. രാജാവു് മനോഹരമായ വസ്ത്രാദിഭൂഷണങ്ങളെക്കൊണ്ടു് അലംകൃതനായി ആസ്ഥാനമണ്ഡപത്തിൽ ഇരുന്നു് സോളനു സ്വാഗതം ചെയ്തു. രാജാവിന്റെ ഈ ആഡംബരപ്രദർശനത്തിൽ സോളൻ അതിശയമോ ബഹുമാനമോ ലേശം‌പോലും കാണിച്ചില്ല. സോളന്റെ അലക്ഷ്യഭാവം രാജാവിന്നു നീരസത്തേയും അത്ഭുതത്തേയും ഉണ്ടാക്കി. അതുകൊണ്ടു് തന്റെ ഐശ്വര്യത്തേയും സ്വർഗ്ഗസദൃശമായ മേടകളേയും വജ്രം, വൈഡൂര്യം മുതലായ രത്നങ്ങളേയും മനോഹരങ്ങളായ ചിത്രപ്പണികളേയും ആ തത്വജ്ഞാനിയെ കാണിക്കണമെന്നു രാജാവു കൽ‌പ്പിച്ചു. ഈവിധമായ മനോഹരകാഴ്ചകളെല്ലാം കണ്ടു് സോളൻ മടങ്ങിവന്നപ്പോൾ തന്നേപ്പോലെ ഇത്ര ഭാഗ്യവാനായ വേറെ ഒരുവനെ കണ്ടിട്ടുണ്ടോ എന്നു് രാജാവു ചോദിച്ചു. അപ്പോൾ സോളൻ ഇപ്രകാരം പറഞ്ഞു : ‘ഏതൻസിൽ ‘ടെല്ലസ്സു്’ എന്നു പേരോടുകൂടി പൂജ്യനായ ഒരു നാട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ ഒരിക്കലും ദാരിദ്ര്യം അനുഭവിച്ചിട്ടില്ല. അയാളുടെ സന്തോഷം സ്വന്തരാജ്യത്തിന്റെ ഔന്നത്യത്തിലായിരുന്നു. അയാളുടെ മക്കൾ വിശ്രുതന്മാരായ സ്വദേശാഭിമാനികളായിരുന്നു. അയാൾക്കു് പുത്രപൌത്രാദികളുടെ ഉൽക്കർഷം കൊണ്ടു സന്തോഷിക്കുവാൻ സംഗതിയായിട്ടുണ്ടു്. അയാൾ സ്വരാജ്യത്തിനുവേണ്ടി യുദ്ധംചെയ്തു വീര്യസ്വർഗ്ഗം പ്രാപിക്കയാണുണ്ടായിട്ടുള്ളതു്. യുദ്ധവിഷയത്തിൽ അയാൾക്കുണ്ടായിരുന്ന അഭിപ്രായം ‘വീര്യസ്വർഗ്ഗം മരിച്ചെങ്കിൽ, കാര്യസൌഖ്യം ജയിക്കുകിൽ’ എന്നായിരുന്നു. അയാൾ വളരെ ഭാഗ്യവാനായിരുന്നു. ഈ മറുപടിയിൽ ദ്രവ്യസംബന്ധമായ യാതൊന്നും പറയാതിരുന്നപ്പോൾ ഈവക വിഷയത്തിൽ സോളൻ ഒരു കിഞ്ചിജ്ഞൻ ആണെന്നു് രാജാവു തീർച്ചയാക്കി. എങ്കിലും ഭാഗ്യാവസ്ഥയിൽ താൻ രണ്ടാമനാണല്ലൊ എന്നുള്ള സമാധാനത്തോടുകൂടി ‘ടെല്ലസ്സു്’ കഴിഞ്ഞാൽ പിന്നെ അധികം ഭാഗ്യമുള്ള മറ്റാരെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നു രാജാവു വീണ്ടും ചോദിച്ചു. സോളൻ ‘ഉവ്വ്’ എന്നു പറഞ്ഞു് ഈ കഥയെ ധരിപ്പിച്ചു. ‘അറഗോസ്സു്’ എന്ന പട്ടണത്തിൽ കിയോബിസ്സു് എന്നും ബൈറ്റൻ എന്നും പേരായ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. അവർ അന്യോന്യം സഹോദരസ്നേഹത്തോടുകൂടിയാണു് വർത്തിച്ചിരുന്നതു്. ഒരു വിശേഷദിവസം അവരുടെ മാതാവിനു് ദേവാലയത്തിൽ പോകേണ്ടിവന്നു. വണ്ടിക്കാളകൾ തയ്യാറില്ലാതിരുന്നതിനാൽ വയോധികയായ പ്രിയമാതാവിനെ അവർതന്നെ വണ്ടിയിൽ ഇരുത്തി വണ്ടി വലിച്ചുകൊണ്ടുപോയി. ഇതുകണ്ടു് പാന്ഥന്മാർ ഈ സഹോദരന്മാരെ വളരെ ശ്ലാഘിക്കയും മാതാവിനു വത്സന്മാരിൽ അപാരമായ സന്തോഷം ജനിക്കയും ചെയ്തു. പുത്രന്മാരിൽ തൽക്കാലം ജനിച്ച കൃതജ്ഞതയും വാത്സല്യവുംകൊണ്ടു് മാതാവു് അവരെ കാത്തുരക്ഷിക്കണമെന്നും അവരുടെ സത്സ്വഭാവത്തിനനുരൂപമായി അവരെ അനുഗ്രഹിക്കണമെന്നും ദൈവത്തോടു് പ്രാർത്ഥിച്ചു. ദൈവം ആ ഭക്തയുടെ പ്രാർത്ഥനയെ കൈക്കൊണ്ടു. ക്ഷേത്രത്തിലെ കർമ്മങ്ങളെല്ലാം കഴിഞ്ഞപ്പോൾ ആ സഹോദരന്മാർ അല്പം വിശ്രമിക്കുവാനായി ഒരു സ്ഥലത്തു പോയി കിടക്കുകയും യാതൊരു യാതനാദുഃഖവും അനുഭവിക്കാതെ ദീർഘനിദ്രയെ പ്രാപിക്കയും ചെയ്തു. ‘എന്തു്, നിങ്ങൾ എന്നെ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഗണിക്കുന്നില്ലേ?’ എന്നു രാജാവു ചോദിച്ചു. ‘മഹാരാജാവേ! മനുഷ്യന്റെ ജീവകാലത്തിനിടയിൽ അനേകവിധമായ മാറ്റങ്ങളും അപകടങ്ങളും സംഭവിപ്പാൻ ഇടയുള്ളതിനാൽ, ഓരോ സംഗതികളിൽ അഭിമാനം നടിക്കുന്നതിനോ, അന്യന്റെ നശ്വരങ്ങളായ സുഖാനുഭോഗങ്ങളിൽ അതിശയിക്കുന്നതിനോ, തത്വജ്ഞാനം നമ്മെ സമ്മതിക്കുന്നില്ല. അന്ത്യകാലം ഈശ്വരകാരുണ്യത്താൽ അനുഗ്രഹിക്കപ്പെടാത്ത യാതൊരുവനും ഭാഗ്യവാനല്ല. വിപത്തുകൾക്കു സദാ അടിമപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ഭാഗ്യത്തെ നിർണ്ണയിക്കുന്നതു് യുദ്ധത്തിന്റെ അവസാനഫലമറിയുന്നതിനുമുമ്പായി യോധാവിനെ സമ്മാനിക്കാൻ വിചാരിക്കുന്നതുപോലെയുള്ള വ്യാമോഹമാകുന്നു’ എന്നു് സോളൻ പറഞ്ഞു. ----മലയാളം റീഡർ (പാർട്ട് ഒന്നു്)


പ്രൌഡത്തിനു്:


പടയോട്ടം


ജയശ്രീലാളിതനായ ടിപ്പുവിന്റെ ദൃഷ്ടി ഈ അവസരത്തിലാണു കേരളത്തിൽ പതിച്ചത്. മലയാളത്തിൽ പതിച്ചതു്. മലയാളത്തിലെ നായന്മാരെ മുസൽമാന്മാരാക്കണമെന്നുറച്ചു് അയാൾ ഒരു വലിയ സേനയോടുകൂടി പുറപ്പെട്ടു. ഇന്നും വൃദ്ധകേരളീയന്മാർ ഉള്ളിൽ കിടുകിടുപ്പുകൂടാതെ ടിപ്പുവിന്റെ പേർ ഉച്ചരിക്കുമോ എന്നു സംശയമാണു്. ഉദ്ധതനായ ടിപ്പുവിന്റെ യുദ്ധയാത്ര അത്രമാത്രം ഭയാവഹമായിരുന്നു. പ്രകൃത്യാ മുട്ടാളന്മാരും ഫ്രഞ്ചുകാരാൽ യഥാശാസ്ത്രം ശിക്ഷിതന്മാരുമായ തുലുക്കുഭടന്മാരെ സാധുക്കളായ നാട്ടുയോധന്മാർ സാക്ഷാൽ യമഭടന്മാർ എന്നുതന്നെ നിശ്ചയിച്ചു. പട്ടാളക്കാരുടെ അഴിമതിക്കു് യാതൊരു അതിരും യുദ്ധമര്യാദകൾ യാതൊന്നും ഇല്ലായിരുന്നു. വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതുപോലെ പ്രബലൻ ദുർബ്ബലനെ ഹിംസിക്കതന്നെ ന്യായമായിരുന്നു. ഗ്രാമങ്ങളെ ചുട്ടുകരിച്ചും ദേവാലയങ്ങളെ തട്ടിനിരത്തിയും കടകമ്പോളങ്ങളെ മരുഭൂമിയാക്കിയും സൈന്യങ്ങൾ വിനോദസുഖം അനുഭവിച്ചു. എതിരാളിയായി ആരും പുറപ്പെടാനില്ലാതിരുന്നതിനാൽ ടിപ്പുവിന്റെ സൈന്യത്തിനു് യുദ്ധശ്രമമേ ഉണ്ടായിരുന്നില്ല. തുലുക്കരുടെ ആ സൈന്യവ്യാപാരത്തിനു് ആക്രമമെന്നല്ല അക്രമമെന്നാണു് ഉചിതമായ പേരു്. ടിപ്പുവിന്റെ ഉദ്ദേശ്യത്തിലും ദിഗ്ജയത്തേക്കാൾ മതപ്രചാരമായിരുന്നു പ്രധാനം. എല്ലാ ഹിന്ദുവിന്റെ കണ്ഠവും ഒന്നുകിൽ ഗോമാംസത്തിന്റെ അല്ലെങ്കിൽ കൃപാണധാരയുടെ രസം ആസ്വദിക്കണമെന്നു് അയാൾ വരുതി കൊടുത്തു. അനേകസഹസ്രം ജനങ്ങൾ, തുലുക്കരായിട്ടു ജീവിച്ചിരിക്കുന്നതിൽ ഭേദം പ്രാണഹാനിതന്നെ എന്നു നിശ്ചയിച്ചു് ആ നിഷ്ക്കണ്ടകന്റെ കൈയാൽ പരലോകത്തെ പ്രാപിച്ചു. അവിശ്വാസികളെക്കൊണ്ടു് നരബലി കൊടുക്കുന്തോറും ‘അള്ളാ’ പ്രസാദിക്കുമെന്നു ടിപ്പു സന്തോഷിക്കയും ചെയ്തു. ‘സർവ്വാൻ ബലകൃതാനർത്ഥാ‍നകൃതാന്മനുരബ്രവീൽ* എന്ന പ്രമാണപ്രകാരം ചിലർ ഗോമാംസഗ്രാസം ചെയ്തു ജീവനെ രക്ഷിച്ചു. മറ്റു ചിലർ സർവ്വസ്വവും ഉപേക്ഷിച്ചു കാടുകളിൽ ഓടി ഒളിച്ചു. സാമൂതിരി മഹാരാജാവു്, കോലത്തിരിരാജാവു്, വേപ്പൂരുരാജാവു്, പരപ്പനാട്ടുരാജാവു് മുതലായ പ്രഭുക്കന്മാർ, അനേകം നമ്പൂരിമാർ, നായന്മാർ എന്നുവേണ്ട, തരം കിട്ടിയവർ എല്ലാം തിരുവിതാം‌കൂറിൽ ചെന്നു ശരണം പ്രാപിച്ചു. ശ്രീപദ്മനാഭദാസൻ അവരെയെല്ലാം യഥാർഹം ആദരിച്ചു് അഭയപ്രദാനവും ചെയ്തു. തന്റെ വായിൽ വന്നു വീഴാൻ പോകുന്ന കബളങ്ങളെ മഹാരാജാവു് അപഹരിച്ചതു് മൈസൂർവ്യാഘ്രം സഹിക്കില്ല. തിരുവിതാം‌കൂറിനെ ആക്രമിക്കതന്നെ എന്നു തീർച്ചപ്പെടുത്തി. സുൽത്താൻ കൊച്ചീരാജാവിനെ ഭേഷജപ്പെടുത്തിനോക്കി. അതു ഫലിച്ചില്ല. പിന്നീടു് അന്നു തിരുവിതാം‌കോട്ടുനിന്നു ഡച്ചുകാരോടു വാങ്ങിച്ചിരുന്ന കൊടുങ്ങല്ലൂർ കോട്ട തന്റെ രാജ്യത്തിൽ ഉൾപ്പെട്ടതാണെന്നു് ഒരു കാരണം കെട്ടിച്ചമച്ചുകൊണ്ടു് ടിപ്പു 964 ധനു 11‌ാം തീയതി കോട്ടയ്ക്കു സമീപം വന്നു സേനാനിവേശം ചെയ്തു. 15‌ാം തീയതി രാത്രിയിൽ കോട്ട പൊളിക്കാനുള്ള യത്നമാരംഭിച്ചു. പിറ്റേദിവസം പ്രഭാതത്തിൽ സുൽത്താന്റെ സൈന്യത്തിൽ ചിലർ കോട്ടയ്ക്കകത്തു കടന്നുവെങ്കിലും ശ്രീപദ്മനാഭകാരുണ്യത്താൽ കൊത്തളത്തിൽ ഇരുന്നിരുന്ന മഹാരാജഭടന്മാരുടെ വെടികൾ വിചാരിച്ചതിലധികം ഫലിക്കയാൽ ഒരു ആകസ്മികഭയം ശത്രുസൈന്യത്തെ ആസകലം വ്യാപിച്ചു ക്ഷോഭിപ്പിച്ചു. ഭയാക്രാന്തമായ തുലുക്കസൈന്യം പിന്തിരിഞ്ഞു പലായനം ചെയ്തു. തുലുക്കർക്കു് വലുതായ ആൾച്ചേതം വന്നതിനു പുറമെ സുൽത്താനു സ്ഥായിയായ അംഗഭംഗത്തിനും ഇടയായി. പലായനസംഭ്രമത്തിൽ പല്ലക്കിൽനിന്നും വീണു കാലൊടിഞ്ഞ ടിപ്പു സുൽത്താൻ ഉപേക്ഷിച്ച മുദ്രവാളും അനേകം ആഭരണങ്ങളും മറ്റും മഹാരാജാവിനു് ജയചിഹ്നങ്ങളായി ലഭിച്ചു. ടിപ്പു തനിക്കുണ്ടായ അപമാനത്തിനും പരാജയത്തിനും പകരംവീട്ടണമെന്നു നിശ്ചയിച്ചു്, അടുത്ത മീനത്തിൽ തക്കതായ സന്നാഹത്തോടുകൂടി വീണ്ടും ആയിക്കോട്ടയെ ഉപരോധിച്ചു. തിരുവിതാം‌കോട്ടു കടന്നു കൊള്ളചെയ്തുകൊണ്ടു് ആലുവാവരെ തെക്കോട്ടു വരികയും അപ്പോഴേക്കു മഹാരാജാവിന്റെ ബന്ധുക്കളായ കമ്പനിക്കാർ മൈസൂറിലെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തെ ആക്രമിച്ചിരിക്കുന്ന വർത്തമാനം കേട്ടു് ‘തെക്കോട്ടു പോവാനായിട്ടുതന്നെ’ വടക്കോട്ടു തിരിക്കയും ചെയ്തു. ടിപ്പുസുൽത്താന്റെ ഈ അഭിഷേണത്തിനു് ‘പടയോട്ടം’ എന്നും ‘കലാപം’ എന്നും പേരുകൾ സിദ്ധിച്ചിരിക്കുന്നു. ---- നാലാം പാഠപുസ്തകം.


ബാലിശത്തിനു് :


ടിപ്പുവിന്റെ ആക്രമണം


964-‌ാമാണ്ടു ടിപ്പുസുൽത്താൻ തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയിൽ എത്തി. കോട്ടയുടെ മുമ്പിൽ തന്റെ സൈന്യങ്ങളെ അണിയണിയായി നിറുത്തി യുദ്ധത്തിനാരംഭിക്കയും, അചിരേണ പ്രാകാരത്തെ തുറന്നു് ഒരു വഴിയുണ്ടാക്കയും, അകത്തേക്കു കടക്കാൻ ശ്രമിക്കയും ചെയ്തു. തിരുവിതാംകോട്ടു സൈന്യത്തിന്റെ സാമർത്ഥ്യംകൊണ്ടു് അവന്റെ യത്നം നിഷ്ഫലമായി. ടിപ്പു കഠിനമായി ശ്രമം ചെയ്തു മിക്ക കൊത്തളങ്ങളേയും സ്വാധീനപ്പെടുത്തി കോട്ടയുടെ പ്രധാനദ്വാരത്തിലേക്കു പുറപ്പെട്ടു. ആ സന്ദർഭത്തിൽ തിരുവിതാംകൂർ സൈന്യം ടിപ്പുവിന്റെ സൈന്യത്തിൽ ഒരു വശത്തെ ആക്രമിച്ചു് സേനാനായകനെ കൊന്നു. അപ്പോൾ മൈസൂർക്കാരായ ടിപ്പുവിന്റെ ഭടന്മാർ ആകപ്പാടെ പരിഭ്രമിച്ചു. ടിപ്പുവിന്റെ സഹായത്തിനു് കൂടുതലായി വന്ന സേനയെ കണ്ടു തിരുവിതാംകൂർ‌കാർ പരിഭ്രമിച്ചു് ഓടുന്ന സമയം അസംഖ്യം ആളുകൾ കിടങ്ങിൽ വീണു മരിച്ചു. ഈ ലഹളയ്ക്കിടയിൽ ടിപ്പുവും മേനാവിൽ നിന്നും കിടങ്ങിൽ മറിഞ്ഞുവീണു. ജീവനാശം വന്നില്ലെങ്കിലും അയാളുടെ കാലുമുറിഞ്ഞു് അസ്വാധീനനായിത്തീർന്നു. ഈ യുദ്ധത്തിൽ തിരുവിതാംകൂറുകാർക്കുണ്ടായതിലും അധികം നഷ്ടം ടിപ്പുവിന്റെ സൈന്യത്തിനാണുണ്ടായതു്. അയാളുടെ ഉദ്യോഗസ്ഥന്മാരിൽ പലരും ഈ നാട്ടിൽ തടവുകാരായി പിടിക്കപ്പെട്ടു. അയാളുടെ മേനാവും മോതിരവും മറ്റും തിരുവിതാംകൂറിലേക്കു കിട്ടി. ബധുവായ കർണ്ണാട്ടിക്കിലെ നവാബിന്റെ അപേക്ഷപ്രകാരം മഹാരാജാവു് സുൽത്താന്റെ വാൾ മുതലായവയെ തിരികെക്കൊടുത്തു. ടിപ്പു ഈ പരാജയംകൊണ്ടു് അധൈര്യപ്പെട്ടില്ല. അവൻ വലുതായ ഒരു സൈന്യത്തെ ശേഖരിച്ചു് തിരുവിതാംകൂർ രാജ്യത്തെ രണ്ടാമതും ആക്രമിക്കുന്നതിനു നിശ്ചയിച്ചു. മഹാരാജാവു് ഇംഗ്ലീഷുകാരെ ഈ വിവരം ധരിപ്പിച്ചു. ടിപ്പു ആക്രമിക്കുന്നതായാൽ സഹായിക്കാമെന്നു് അവർ മഹാരാജാവിനു് ഉറപ്പുകൊടുത്തു. എങ്കിലും മഹാരാജാവു് സ്വസ്ഥനായിരുന്നില്ല. കൊത്തളങ്ങളേയും കോട്ടകളേയും നന്നാക്കുകയും സൈന്യത്തിൽ പുത്തനായി ആളുകളെച്ചേർത്തു യുദ്ധം അഭ്യസിപ്പിക്കയും ആയുധങ്ങളും മറ്റും ശേഖരിക്കയും ചെയ്തു. രണ്ടുമാസം കഴിഞ്ഞപ്പോൾ ടിപ്പു രണ്ടാമതും വടക്കേ അതിർത്തിയിൽ എത്തി. ഒന്നരമാസക്കാലംകൊണ്ടു ടിപ്പുവിന്റെ സൈന്യം കോട്ടയുടെ ഒരുഭാഗത്തെ ഇടിച്ചുപൊളിച്ചു് അകത്തേക്കു കടന്നു. മൈസൂർക്കാരുടെ പ്രവേശത്തെ തിരുവിതാംകൂർ സൈന്യം തടുത്തുനോക്കിയെങ്കിലും അവരെ ജയിക്കാൻ പ്രയാസമെന്നു കരുതി ഓടി. ടിപ്പു കൊടുങ്ങല്ലൂർകോട്ടയേയും കുരിയാപ്പള്ളിയേയും പിടിച്ചതിൽ അവനു വളരെ തോക്കുകളും യുദ്ധസാമാനങ്ങളും കിട്ടി. ടിപ്പുവിനോടു് നേരിടുന്നതിനു് അയച്ചിരുന്ന ഇംഗ്ലീഷ്സൈന്യം യുദ്ധത്തിനു മതിയാകയില്ലെന്നു വിചാരിച്ചു് ഉദാസീനന്മാരായിരുന്നു. ഈ അവസരത്തിൽ സുൽത്താന്റെ സൈന്യം കോട്ടകളെ നിരത്തുകയും ഗ്രാമങ്ങളെ തീവച്ചു ചുടുകയും ആളുകളെ കൊല്ലുകയും ക്ഷേത്രങ്ങളെ അശുദ്ധിയാക്കുകയും മറ്റും ചെയ്‌വാൻ തുടങ്ങി. ഈ അക്രമങ്ങൾ അധികമായി നടന്നതു് ആലങ്ങാട്ടും പറവൂരുമായിരുന്നു. അനന്തരം ടിപ്പുസുൽത്താൻ തെക്കോട്ടുകടന്നു് ആലുവായിൽ എത്തി. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗ്യംകൊണ്ടു് അപ്പോൾ വർഷകാലമരംഭിച്ചതിനാൽ ആലുവാപ്പുഴ കരകവിഞ്ഞു് ഒഴുകിത്തുടങ്ങി. ആറും തോടും പാടവുമെല്ലാം മുങ്ങി. ആളുകൾക്കു് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ പാടില്ലാതായിത്തീർന്നു. പട്ടാളങ്ങൾക്കു കേറിക്കിടക്കാൻ‌പോലും ഉണങ്ങിയ സ്ഥലമില്ലാതായി. വെടിമരുന്നും മറ്റും നനഞ്ഞു. ഭക്ഷണസാധനങ്ങളെ ഒഴുക്കു കൊണ്ടുപോയി. ഇതുകൊണ്ടൊന്നും പോരാഞ്ഞതുപോലെ നടപ്പുദീനങ്ങളും ആരംഭിച്ചു. ടിപ്പുവിന്റെ ഭടന്മാരിൽ പലരും മരിച്ചു. തിരുവിതാംകൂർ രാജ്യത്തെ ടിപ്പു ആദ്യം ആക്രമിച്ചപ്പോൾത്തന്നെ ഇംഗ്ലീഷുകാർ ടിപ്പുവിനോടു യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. എങ്കിലും അപ്പോഴത്തെ മദ്രാസ് ഗവർണ്ണരുടെ ഉദാസീനതകൊണ്ടു് പ്രവൃത്തികളൊന്നും നടന്നില്ല. മിസ്റ്റർ മഢോസ് ഗവർണ്ണരായി വന്നയുടനെ നേരിട്ടു യുദ്ധം തുടങ്ങി. അയാളുടെ വരുതിപ്രകാരം ഇംഗ്ലീഷ്സൈന്യം തൃച്ചിനാപ്പള്ളിയിൽ എത്തി ടിപ്പുവിന്റെ ഭൂമിയെ ആക്രമിച്ചു. ഈ അവസരത്തിൽ സുൽത്താൻ ആലുവായിൽ കഷ്ടപ്പെടുകയായിരുന്നു. അവൻ ഇംഗ്ലീഷ്കാരുടെ ആരംഭത്തെക്കേട്ടു തന്റെ സൈന്യത്തെ രണ്ടു ഭാഗമാക്കി അന്നമനടവഴിയായും കൊടുങ്ങല്ലൂർ വഴിയായും പാലക്കാട്ടുശേരിയിൽ എത്തുന്നതിനാജ്ഞാപിച്ചു. അപ്രകാരം പുറപ്പെട്ട്‌ ടിപ്പുവിന്റെ സേന വഴിയിൽ വളരെ കഷ്ടനഷ്ടങ്ങളെ അനുഭവിക്കുകയും തിരുവിതാംകൂറിനെ ഉപേക്ഷിച്ചുപോവുകയും ചെയ്തു. ---- സർക്കാർ ഒന്നാം‌പാഠം.


ധാരാവാഹിക്കു് :


പുത്തൻ പരിഷ്കാരം


ഐഹികസ്വർഗ്ഗത്തിലേക്കു വെട്ടി വിസ്താരപ്പെടുത്തീട്ടുള്ള പാശ്ചാത്യവിദ്യാവീഥിയിൽ സഞ്ചരിക്കുന്ന പരിശ്രമശീലന്മാരായ പാന്ഥന്മാർ വഴിപിഴയ്ക്കാതെ ചെന്നു് ആ ദിവ്യപദവി അനുഭവിക്കുന്നുണ്ടെന്നുള്ളതു് തർക്കമറ്റ സംഗതിയാണു്. ഇടയ്ക്കുവെച്ചു് വഴിതെറ്റി പിൻ‌തിരിച്ചവരും യോഗ്യതാഭാവത്തിങ്കൽ ദുരാഗ്രഹികളുമായ ചില ദുരഭിമാനികളെക്കുറിച്ചു മാത്രമേ ഞാൻ ആക്ഷേപിക്കുന്നുള്ളു. ഇവർ തങ്ങൾക്കുണ്ടെന്നു നടിക്കുന്ന നാട്യവിദ്യയ്ക്കായി മാതാപിതാക്കന്മാരാകട്ടെ എന്നെപ്പോലെയുള്ള കാരണവന്മാരാകട്ടെ ചെയ്തിട്ടുള്ള ധനവ്യയത്തെ തീരെ വിസ്മരിച്ചു തോന്നിയവാസികളായിത്തീരുന്നു. ആരംഭശൂരത്വം അഹംഭാവത്തിന്റെ ലക്ഷണമാണല്ലോ. വിദ്യാമാർഗ്ഗം വെടിഞ്ഞു പുറത്തുവന്നാൽ ഇവരുടെ ആദ്യത്തെ പുറപ്പാടു് ലോകമാസകലം ഒന്നു പരിഷ്കരിക്കുന്നതിനായിരിക്കും. ആകൃതിയിൽ പ്രകൃതിഭേദം ചെയ്തു വികൃതവേഷന്മാരായതുപോലെ എളുപ്പത്തിൽ സാധിക്കുന്നതല്ല ലോകപരിഷ്കാരം എന്നറിഞ്ഞാൽ സ്വദേശങ്ങളിലെങ്കിലും ചില നവീകരണങ്ങൾ ഏർപ്പെടുത്തുവാൻ യത്നിക്കും. പരിഹാസപാത്രങ്ങളുടെ ആജ്ഞാവശന്മാരായി അന്യന്മാരാരും ഉണ്ടാവുന്നതല്ലല്ലോ. ഈ കൂട്ടരുടെ പിന്നത്തെ ചാട്ടം വീട്ടിലേക്കാണു്. കാരണവന്മാർ കായക്ലേശം ചെയ്തു സമ്പാദിച്ചിട്ടുള്ള നാലുകാശു നാനാവിധമാക്കിത്തീർക്കുന്നതാണു് ഇവർ പരിഷ്കാരമെന്നു പറയുന്നതു്. ‘ബെഡ്‌റൂം വെണ്ടിലേറ്റ്ഡല്ല, കിച്ചൻ സ്പേഷ്യസ്സല്ല, ഡ്രെസ്സ്‌റൂം പ്രത്യേകം വേണം’ എന്നെല്ലാം പറഞ്ഞു പ്ലാൻ വരച്ചു കുറിച്ചു് അടങ്കൽ കാണുമ്പോഴാണു് കൂട്ടർ അന്ധാളിച്ചുപോകുന്നതു്. ധാടിക്കൊത്ത മോടിയോടുകൂടി വീടു പണിയുന്നതായാൽ ഉറുപ്പിക ആയിരത്തിന്റെ തുകയിൽ എട്ടോ പത്തോ വേണ്ടിവരും. അതു തറവാട്ടിൽ നിന്നെടുപ്പാൻ ഇവർക്കു സ്വാതന്ത്ര്യമോ തറവാട്ടേക്കു് അതിനുതക്ക സ്ഥിതിയോ ഉണ്ടായിരിക്കയില്ല. സ്വയാർജ്ജിതം ചെലവുചെയ്യരുതേ എന്നാണെങ്കിൽ ഇവരുടെ ആയവ്യയം ഗണിക്കുന്നതായാൽ ആയത്തിന്റെ ഏകസ്ഥാനം വ്യയത്തിന്റെ ദശസ്ഥാനമല്ലാതെ കാണുന്ന ഗണിതം തെറ്റായിരിക്കും. കലാശക്കൊട്ടു കാരണവരുടെ നേർക്കായി. ഇവർ കൊട്ടുന്ന കോലത്തിനു് തുള്ളാത്ത കാരണവരെ കോർട്ടുരംഗത്തിൽ പ്രവേശിപ്പിപ്പാനുള്ള തിരശ്ശീല പിടിച്ചുകഴിയും. ഇതു സബ്രഹ്മചാരികളായ ചില വക്കീലന്മാരുടെ കോർട്ടുപുത്തരിയും കുംബനാശനാടകത്തിന്റെ നാന്ദിയുമായി പര്യവസാനിക്കും. അനുഭവത്തിനു് അനുമാനം ആവശ്യമില്ലല്ലൊ. ത്രിവിക്രമന്റെ പുറപ്പാടു് ഇതിനൊരു ദൃഷ്ടാന്തമല്ലേ. എന്റെ പണം ചെലവുചെയ്തു് അവനുണ്ടാക്കിക്കൊടുത്ത അറിവു് എനിക്കുതന്നെ ഒരു കോടാലിയായിത്തീർന്നു. ‘അമ്മായിക്കു കൌതുകം പോരാ, അമ്മാവനു മാനാപമാനമില്ലാ’ എന്നു് എല്ലാം അവൻ പറഞ്ഞുനടക്കുന്നുണ്ടു്. എന്റെ പുറപ്പാടു് തറവാടു മുടിപ്പാനാണെന്നു് ഈ കുരുത്തം കെട്ട ശപ്പൻ പറഞ്ഞതു് എന്റെ ചെവിയിൽ കേട്ടതുപോലെ തന്നെയാണു്. അധികപ്രസംഗി ഇവനാണോ ഞങ്ങളെ ശാസിപ്പാൻ? ഇവന്റെ ചൊല്പടിക്കു നടക്കേണ്ട കാലം വന്നിട്ടില്ല. ഇനി ഞാനിരിക്കുന്ന കാലംവരെ നക്കിത്തുപ്പാനൊരുപ്പിന്റെ തരിപോലും ഇവറ്റങ്ങൾക്കു കൊടുക്കില്ല. - രസികരഞ്ജിനി.


ക്ലിഷ്ടത്തിനു് :


ഒരു പ്രദർശനപ്രസംഗം


എനിക്കു് ഇന്നു് ഒരു പ്രസംഗം ചെയ്‌വാൻ കഴിയുന്നില്ല. എന്റെ സ്വദേശികളായ ഇരുഭാഗക്കാരോടും, വർണ്ണക്കാരോടും ഉണ്ടായിട്ടുള്ള രാഗാധരാഭിമാനങ്ങളാൽ എന്റെ ഹൃദയം പൂരിതമായിരിക്കുന്നു. നിങ്ങളുടെ പ്രവൃത്തിയാൽ ജനിക്കപ്പെട്ട കൃതജ്ഞതയും വിസ്മയവും എന്നെ പരവശനാക്കിയിരിക്കുന്നു. നിങ്ങളുടെ അഭ്യുന്നതി രക്ഷിതമായിരിക്കുന്നുവെന്നു് എനിക്കു ബോദ്ധ്യമായിത്തീർന്നു. ഇന്നത്തെ പ്രദർശനം ഒരു ചിത്രരൂപമായി നാടൊട്ടുക്കു സർവ്വവ്യാപ്തമായിത്തീരേണ്ടതാണു്. ഈ ചിത്രം ഭാവികാലത്തേക്കും ഭാവിജനങ്ങൾക്കുമായി സമർപ്പണം ചെയ്യപ്പെടണം. ഈ ചിത്രത്തെ ഈ ദേശത്തെ സകല ജനാഭിപ്രായവാഹികളായ പത്രങ്ങൾ രാജ്യമൊട്ടുക്കു പരത്തണം. ചിത്രമായതും ഇതത്രെ. ഒരു മൂർത്തിത്രയത്തിന്റെ പ്രതിച്ഛായയാണു്. ഈ ത്രിമൂർത്തികൾ ആരെല്ലാമാണെന്നു് അറിയണമെന്നു നിങ്ങൾക്കു് ആശയുണ്ടാകാം. എന്നാൽ പറയാം : ഒന്ന്, ഈ സഭാതലത്തിൽ ഉഥിതനായിരിക്കുന്ന അമേരിക്ക കുടിയരശിന്റെ പ്രാതിനിധ്യത്തെ സർവ്വശ്ലാഘ്യമായ രീതിയിൽ പരിപാലിക്കുന്ന ഉത്തമപുരുഷനായ സാമ്രാജ്യാധിപതി; രണ്ടു്, ഈ ദേശവിഭാഗത്തിലെ രാജ്യകാര്യനിയന്താവായ ആലബാമാ ഗവർണ്ണർ; മൂന്നു്, ഏതാനും കാലത്തിനുമുമ്പായി അടിമവേലയിൽനിന്നു വിമോചിതമാക്കപ്പെട്ട ജനസംഘത്തിന്റെ പ്രതിനിധിയും പ്രസ്തുത വിദ്യാലയത്തിലെ അദ്ധ്യക്ഷനുമായ കറുത്ത മനുഷ്യൻ; അമേരിക്കാദേശക്കാർക്കു് ഈവിധമായ കാഴ്ചയെ ശ്രദ്ധാവിഷയമാക്കിച്ചെയ്ത പ്രസിഡണ്ടിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നീഗ്രോ വംശസംബന്ധമായ വിഷയങ്ങൾക്കു് ഉത്തമരീതിയിൽ പരിണാമം ഉണ്ടാക്കുന്നതിനു ബദ്ധശ്രദ്ധമായ ആലബാമാദേശത്തിനെ സർവ്വജ്ഞൻ തുണയ്ക്കട്ടെ! വാഗ്മിപുംഗവനും സർവ്വജനഗുണകാക്ഷിയും ക്രൈസ്തവഗുരുപാദരുടെ ശിഷ്യനുമായ ബുക്കർ ടി. വാഷിംഗ്ടനെ അഖിലേശ്വരൻ അഭിനന്ദിക്കട്ടെ. -----ബുക്കർ ടി. വാഷിംഗ്ടൺ.


അവഗാഹിക്കു് :


കയ്മളച്ഛന്റെ സവാരി


ചരൽ വന്നുവീഴുന്ന ശക്തിയോടുകൂടി തുലാവർഷം തകർത്തു പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയിൽ പുഷ്പഗിരിഗ്രാമത്തിനു പടിഞ്ഞാറുവശത്തുള്ള വിശാലവയലിന്റെ നടുവിൽ കീഴുമേലായി നെടുനീളത്തിൽ കിടക്കുന്ന നാട്ടുപാതയിൽക്കൂടി കാക്കപ്പൊന്നത്തു ‘ചപ്രപ്പാണ്ടൻ’ എന്ന സ്ഥാനപ്പേരുള്ള ഇട്ടിരിക്കൂർമ്മൻ കയ്മളച്ഛൻ സവാരി നീങ്ങുകയായിരുന്നു. ‘തൊക്കും തൊണ്ടും’ എക്കിവലിഞ്ഞു്, അടികൊണ്ടു തുട തടിച്ചു്, എല്ലു പൊന്തി, കാൽ മുടന്തി, പട്ടിണി പരിചയിച്ചിട്ടുള്ള യജമാനന്റെ ശ്രുതിപ്പെട്ട ‘പോണി’ നനഞ്ഞൊലിച്ചു് ആളെ ഭേസിപ്പോകുന്നതുകണ്ടാൽ ഓജസ്സും പ്രതാപവും ക്ഷയിച്ചു പ്രഭുത്വം നടിച്ചുനിൽക്കുന്ന എടപ്രഭുക്കന്മാരിൽ ചിലരുടെ പോക്കുവരവിനുള്ള ‘നീങ്ങുക’ എന്ന ആചാരവാക്കിനെ അർത്ഥവത്താക്കിത്തീർക്കുകയാണെന്നു തോന്നും. കിഴക്കൻ‌കാറ്റിന്റെ ശക്തികൊണ്ടു പടിഞ്ഞാട്ടു നീങ്ങിപ്പോയിരുന്ന ആ ജന്തു ആറാട്ടുപുഴപ്പാലത്തിന്നടുത്തെത്തിയപ്പോൾ പാതയിൽ വിലങ്ങടിച്ചു നിലയായി. കയ്മളുടെ മഴക്കോട്ടിനു കാറ്റുപിടിച്ചുതുടങ്ങിയപ്പോൾ പോണി കൈയും കാലും ഇടയ്ക്കിടെ പൊക്കി പടിഞ്ഞാട്ടു ചായുന്നുണ്ടു്. വാറുവലിച്ചും കാലിട്ടടിച്ചും കയ്മൾ കുതിരയെ പടിഞ്ഞാട്ടു തിരിക്കുവാൻ പാടുപെടുന്നതിനിടയ്ക്കു് അതിന്റെ പള്ളയ്ക്കലാരോ വന്നു മുട്ടി. ഹൈ! ഹൈ! ഹയ്യാ! എന്നുള്ള സവാരിക്കാരുടെ വായ്ത്താരി കയ്മൾ അടിക്കടി പുറപ്പെടുവിച്ചു. കുടയും ചെരിപ്പും പിടിച്ചു കുമ്പിട്ടു ബദ്ധപ്പെട്ടു വന്നുമുട്ടിയ പാന്ഥൻ പരിഭ്രമിച്ചു് പിന്നാക്കം മാറി.

കയ്മൾ: ആരതു്? തിന്നുപുളച്ചു ലകാനൊതുങ്ങാതെ വില്ലങ്കിച്ചുനിൽക്കുന്ന പോണിയുടെ മെക്കെട്ടു വന്നുകേറി ചാകാഞ്ഞതു ഭാഗ്യം!

പാന്ഥൻ: അല്ല, യജമാനനോ? എന്നെ അന്വേഷിച്ചു നീങ്ങുകയാണെന്നുണ്ടോ? തിടുക്കം നേരിട്ടതുകൊണ്ടു വന്ന താമസം ക്ഷമിക്കണം.

കയ്മൾ: ആരു്, ശിവരാമനോ? നന്നായി! തന്റെ വരവു കാണാഞ്ഞിട്ടു് അന്വേഷിച്ചു പുറപ്പെട്ടതാണു്.

ശിവരാമൻ : വലിയ മഴ; എന്റെ വീടു് സമീപമാണു്.

കയ്മൾ : രാത്രിയല്ലേ, നമ്മെ ആരും കാണില്ല. ശിവരാമന്റെ വീട്ടിലേക്കുതന്നെ പോകാം. പോണിയെ ഒന്നു തള്ളിത്തിരിക്കു. ശിവരാമമേനോൻ കുതിരയെ തള്ളിത്തിരിക്കുവാൻ ഭാവിച്ചപ്പോൾ അതു് അവിടെ കിടന്നു. പലതും പയറ്റിനോക്കി. അതു് എണീറ്റില്ല. അവസാനം ജീനി ശിവരാമമേനോൻ ചുമക്കേണ്ടതായി വന്നു.

കഴുക്കൾ തീൻപണ്ടം വീണിട്ടുണ്ടെന്നു് അറിയുന്നതു മൂക്കു വിയർത്തിട്ടാണെന്നു ചിലർ പറയാറുണ്ടു്, ഉള്ളുകൊണ്ടു സ്വരച്ചേർച്ചയില്ലാതാകുമ്പോഴെയ്ക്കും അവിടെ നാട്ടുകാര്യസ്ഥന്മാരെത്തുന്നതെങ്ങനെയാണെന്നാരും പറയുന്നില്ല. തമ്മിൽ രാജിയാക്കുകയാണെന്നു പുറമെ ഭാവിച്ചു കടിപിടി കൂട്ടി വൈരം വർദ്ധിപ്പിച്ചു് എടത്തട്ടുകൊണ്ടു കാലക്ഷേപം ചെയ്യുന്ന നാട്ടുകാര്യസ്ഥന്മാരിൽ ഒട്ടും അപ്രധാനിഅല്ലാത്ത ഒരാളാണു് വ്യവഹാരി ശിവരാമമേനോൻ. ആളും തരവും അറിഞ്ഞുപ്രയോഗിച്ചു സ്വാർത്ഥം നേടാനതിസമർത്ഥനാ‍യ ആ വിദ്വാൻ വീട്ടിൽ ചെന്നു കയ്മൾക്കു കുത്തുകട്ടിലും തുണ്ടുതലയിണയും കൊടുത്തു സൽക്കരിച്ചു് അനുവാദപ്പടി താനും ഇരുന്നു. മേശപ്പുറത്തു കിടന്നിരുന്ന ‘രസവിലാസിനി’ എന്ന മാസികയുടെ കടലാസുകൾ അശ്രദ്ധമായി മറിച്ചുകൊണ്ടു് ‘നീങ്ങിയതു് എന്തിനാണെന്നു മനസ്സിലായില്ല’ എന്നു പറഞ്ഞു. ----കഥാരത്നമാല (രണ്ടാം ഭാഗം)


മസൃണത്തിനു്:


ഡൽഹിയിലെ ഘോഷയാത്ര


ആ ഘോഷയാത്രയ്ക്കുള്ള മാർഗ്ഗം ഏകദേശം ആറു മൈത്സു ദീർഘവും രണ്ടുവശത്തും ജനസംഘങ്ങളാൽ നിബിഡവുമായിരുന്നു. വിലയേറിയ വസ്ത്രാലങ്കാരങ്ങളോടും, സ്വർണ്ണത്തിലും വെള്ളിയിലും ഉള്ള അമ്പാരികളോടും കൂടിയ ഗജങ്ങളും, മരിച്ചുപോയ വീരന്മാരുടെ പ്രതിമകളേയും തങ്ങളുടെ പ്രത്യേക രാജചിഹ്നങ്ങളേയും വഹിച്ചിരുന്ന സകലവിധ ഉദ്യോഗസ്ഥന്മാരും, സേനകളും, ഏതദ്ദേശീയരാജാക്കന്മാരുടെ പരിവാരങ്ങളായിട്ടു് അവിടെ ഉണ്ടായിരുന്നു. ജലം നദിയുടെ തീരങ്ങളിൽ അലക്സാണ്ഡരുമായി യുദ്ധംചെയ്യുന്നതിനു് പോറസ്സ് എന്ന രാജാവു പുറപ്പെടുകയും പേഷ്‌വാറിലെ താഴ്വരസ്ഥലങ്ങളിൽ രജപുത്തുകൾ ഗസ്നിയിലെ മഹമ്മദുമായി യുദ്ധംചെയ്കയും ചെയ്ത പ്രാചീനകാലങ്ങളിലെ സ്മരണയെ ജനിപ്പിക്കുന്ന വിധത്തിൽ മഴു, കഠാരി മുതലായുള്ള സകലകാലങ്ങളിലേയും ആയുധങ്ങളെ ധരിച്ചവരും ഇരുമ്പുകൊണ്ടുള്ള കവചങ്ങളാൽ ആവൃതന്മാരുമായ ഹിന്ദുഭടന്മാർ അധിരോഹണം ചെയ്തിരുന്ന യുദ്ധഗജങ്ങൾ അന്നത്തെ കാഴ്ചകളിൽ എല്ലാറ്റിലുംവച്ചു് എത്രയും ശ്രേഷ്ഠങ്ങളായിരുന്നു. എന്നാൽ എത്രയും അപൂർവ്വമായിരുന്ന കാഴ്ച ബറോഡാവിൽ നിന്നും കൊണ്ടുവന്നിരുന്ന രണ്ടു പീരങ്കികൾ ആയിരുന്നു. അവയിൽ ഒന്നു് സ്വർണ്ണംകൊണ്ടുള്ള വണ്ടിയോടും ചക്രങ്ങളോടും കൂടി സ്വർണ്ണംകൊണ്ടുള്ളതും ആയിരുന്നു. ഇതു് അതിഭയങ്കരമായ ഒരു യുദ്ധസാധനത്തിൽ ഐശ്വര്യാഡംബരത്തിലുള്ള ആഗ്രഹത്തെ യോജിപ്പിക്കുന്നതായ ഏതദ്ദേശീയവാസനയുടെ ദൃഷ്ടാന്തമാകുന്നു. -----സർക്കാർ മൂന്നാം‌പാഠം

"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/രീതി&oldid=51475" എന്ന താളിൽനിന്ന് ശേഖരിച്ചത്