ഉള്ളടക്കത്തിലേക്ക് പോവുക

സാഹിത്യമഞ്ജരി/ഒരരിപ്പിറാവ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഒരരിപ്പിറാവ്

രചന:വള്ളത്തോൾ നാരായണമേനോൻ (1936)


          
പുലർകാലമെനിക്കു പുണ്യമിന്നു,-
ജ്ജ്വല തേജസ്സെഴുമോമനപ്പിറാവേ
ഉലകിൽ പ്രിയദർശനൻ ഭവാനെൻ
നിലയോപാന്ത മലങ്കരിച്ചുവല്ലോ!

ചിറകിന്റെ ചിതപ്പെടുന്ന നാനാ-
നിറവും, തുണ്ഡ പദങ്ങൾതൻ തുടുപ്പും -
പറവാൻപണി, ഗാത്രസൗഭഗം തേ
പറവച്ചാർത്തിനു മാനഹേതു പാരം.

ഇരുകണ്ണിതു, കുങ്കു ദ്രവത്താൽ
നറുതേൻ വാണികൾ തൊട്ട പൊട്ടു പോലെ
ചുരുളിപ്പൊഴുതേ വിടർത്ത വാഴ -
ച്ചെറുകൂമ്പിൻ പടി കോമളം തവാംഗം

അലസാതൊരു സൂചി ശില്പ ദക്ഷൻ
പലവർണ്ണങ്ങളിലുള്ള പട്ടുനൂലാൽ
നലമോടിഹ തയ്ച്ചുതീർത്തതോ, നിൻ -
മലർ മെയ്യത്ര മനോഹരം പിറാവേ !

ജനിസിദ്ധ മനോജ്ഞമാർദ്ദവത്താൽ -
ത്തനിവില്ലീസ്സൊടിടഞ്ഞ താവകാംഗം
കനിവിൽത്തടവുന്നു ബാലസൂര്യൻ
പനിനീർപ്പൂ പണിയുന്ന തൻ കരത്താൽ !

സ്ഫുരതംഗ മരീചിവീചിയാലെൻ
പുരമുറ്റത്തു, പുരന്‌ധ്രിമാർ കണക്കേ,
വിരവൊടു വിചിത്ര മംഗളപ്പൂ -
നിരക്കാലത്തു വിരിച്ചിടുന്നോ നീ !

ഭുവനത്രയ ശീല്പി, ചിത്രരത്ന-
പ്രവരശ്രേണി പതിച്ചതിൻ പ്രകാശം
തവമെയ്യിലിതാ, പതിന്മടങ്ങായ്
നവസൂര്യ ക്കതിരേറ്റു മിന്നിടുന്നു.

അതിരറ്റഴകുള്ളതായ കാർവി
ല്ലതിവേഗേന മറഞ്ഞു പോകുമല്ലോ;
അതിനാൽ വിധി ചേർത്തു തീർത്തതാവാ,-
അതിനൊക്കുന്നൊളിവീശുമിക് ഖഗത്തെ!

തവ മോഹിനിയെങ്ങ്, ലോക നേത്രോ -
ത്സവമേ, താങ്കൾ തനിച്ചു പോന്നതെന്തേ?
അവൾ കൊച്ചുകിടാങ്ങൾതൻതുണയ്ക്കായ്
ഭുവനത്തിങ്കൽ വസിക്കയായിരിയ്ക്കാം!

പ്രകൃതി സ്പൃഹണീയ, നിൻ കുടുംബ -
പ്രകൃത പ്രശ്ന സമുദ്യമം വൃഥാ മേ:
പ്രകൃതീശ്വരി തന്നെ കാത്തു പോരും
സുകൃതാത്മാക്കളിലെങ്ങു സാഖ്യ ഭംഗം

അരി ഞാൻ വിതറിത്തരാം നിനക്കെ;-
ന്നരികത്തെയ്ക്കണ കൊന്നരിപ്പിറാവേ:
ശരിയായ് മമ മന്ദിരാഗതൻ നീ -
യരിമപ്പെട്ട വിരുന്നു കാരനത്രെ.

മിതമാക്കിലു, മുൾ പ്രിയത്തൊടെന്നാൽ
കൃതമാതിത്ഥ്യമിതാദരിച്ചിടാതെ,
ധൃത മൗനമൊഴിഞ്ഞു പോവതെന്താ -
ണി, തരാന്വേഷണ സക്തനാം വിധം നീ ?

അഥവാ, തവ കുറ്റമല്ലിതോർത്താൽ;
കഥമെന്നിൽ പ്രതിപത്തി തോന്നിടുംതേ ?
'കഥ'യേറുകയാൽസ്വകാര്യ മാത്ര -
പ്രഥമാനോദ്യ മനല്ലയോ മനുഷ്യൻ !

നരർ മേന്മ നടിച്ചു ജന്തുഹിംസാ -
കരമാം ജീവിത സംഗരം മുതിർക്കെ;
പരപീഡ പെടാതെ നാൾ കഴിപ്പൂ,
ചിരമിസ്സാധു ഖഗങ്ങൾ ശാന്ത വൃത്ത്യാ.

ധരതൻ ദയ കൊണ്ടു വല്ലതും തെ-
ല്ലിര കിട്ടീടിലിതിന്നു തൃപ്തിയായി;
മരണം വരെയും മനുഷ്യനുണ്ടോ
ദുര മാറുന്നു, സുഖോപഭുക്തിയിങ്കൽ ?

അതി മോഹനരത്നമേട കേറി
സ്ഥിതി ചെയ്താലുമവന്നു തുഷ്ടി തോന്നാ;
ഇതിനോ, ചെറുതായ വല്ല പൊത്തും
മതി, പൈതങ്ങളുമായ് സ്സുഖിച്ചു പാർപ്പാൻ.

അവനീശത വേണമാഢ്യനുർവ്വീ -
ധവ, നാശിപ്പതു ചക്രവർത്തിയാകാൻ;
അവനോ,ഭുവനാധിപത്യ ലുബ്ധൻ;
ശിവനേ, മർത്ത്യനു തൃഷ്ണ തീരലുണ്ടോ?

ഗുരു ഗർവ്വോടു തന്റെ മേന്മ മാത്രം
കരുതും 'ബുദ്ധി വിശേഷ'മുള്ള മർത്ത്യൻ
ഒരു കോലളവൂഴി കിട്ടുവാനായ-
പ്പുരുരക്തക്കടലായിരം ചമപ്പൂ!

മുടിയും ഭുവനങ്ങളൊക്കെയെന്നാൽ
മുടിയട്ടേ; നരനത്ര ഭീരുവാണോ:
ചൊടി കൂടുമവന്നു തൻ ജയപ്പൊ -
ങ്കൊടി പൊങ്ങിയ്ക്കണമിന്ദ്ര നാട്ടിലോളം!

അതിനിഷ്ഠുര ജീവിതാ ഹവാഹ -
ങ്കൃതിയാലെത്ര ഭയങ്കരം പ്രപഞ്ചം;
അതിനൊട്ടൊരു സൗമ്യഭാവമേക-
ന്നതിനാണീ ദൃശ സത്ത്വ സൃഷ്ടി നൂനം!

മഴവില്ലു പിഴിഞ്ഞെടുത്ത സത്താ-
മഴകേ! മനുമകന്നകന്നുപോയ് നീ
അഴലിങ്ങരുളായ്ക സൗകുമാര്യ -
പ്പുഴതൻ കൊച്ചു തരംഗമേ,പിറാവേ!

ഭുവികൊക്കുകൾകൊണ്ടു കൊത്തിയും, തൻ -
പവിഴച്ചെങ്കഴൽ മെല്ലെ മെല്ലെ വച്ചും,
സവിലാസമിവന്റെ കൺകുളിർപ്പി -
ച്ചിവിടെത്തെല്ലിട കൂടിലാത്തണേ നീ;

ഇവനിൽക്കനിയാതെ തോപ്പിലുൾപ്പു -
ക്കവശം ചപ്പിലയിൽച്ചരിയ്ക്കൊലാ നീ;
തവ, പട്ടു വിരിപ്പിൽ വെച്ചിടേണ്ടു -
ന്ന വയാം കാൽകളിൽ മുള്ളു തട്ടിയാലോ!

വളരെച്ചെറു രക്തരേഖ ചേരും
ഗളമേതാനു മുയർത്തിയെന്നെ നോക്കി,
പുളകപ്രദമാം മൃദു സ്വനത്താൽ
കള കണ്‌ഠോത്തമ, യാത്ര ചൊൽവിതോ നീ

എന്നാലങ്ങനെ:-യെങ്ങു തൃപ്തി തവമെ-
        യ്യീക്ഷിപ്പവർക്കൊ!_ട്ടിട -
യ്ക്കെന്നാലും സുഖമെൻ മിഴിയ്ക്കരിയോ -
       രങ്ങയ്ക്കിതാ, വന്ദനം!
ചെന്നാശ്വാസമണയ്ക്ക, സമ്പ്രതി ഭവൽ -
       പ്രത്യാഗമം കാത്തിരി -
യ്ക്കുന്നാത്മീയ കുടുംബകത്തിനി,തുതാ-
       നത്രേ ഗൃഹസ്ഥ വ്രതം.