Jump to content

സങ്കല്പകാന്തി/ലതാഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ലതാഗീതം
[ 70 ]

ലതാഗീതം

പ്രേമത്തിൻസുരഭിലസ്വപ്നങ്ങൾ ചിന്നിച്ചിന്നി-
ക്കോമളവസന്തമേ, വന്നാലും , വന്നാലും നീ !
തിങ്ങിടും വികാരത്തിൻജൃംഭണത്തിനാലൊച്ച
പൊങ്ങിടുന്നില്ലല്ലോ, ഞാനെന്തു ചെയ്യട്ടേ നാഥാ !
അങ്ങയെ ദൂരത്തെങ്ങോ കണ്ടപ്പോഴേക്കുന്തന്നെ-
യിങ്ങിതാ , പുളകത്താൽ മൊട്ടിടാൻ തുടങ്ങീ ഞാൻ !
അവിടുന്നിനിയെങ്ങാനെന്നടുത്തെത്തിപ്പോയാ-
ലമിതോന്മദത്താലെൻകാലുറയ്ക്കാതായാലോ !

കണ്ടിട്ടുണ്ടവിടുത്തെപ്പലപ്പോഴും ഞാനിപ്പൂ-
ച്ചെണ്ടണിത്തോപ്പിൽ,ക്കൊച്ചുകുരുന്നായിരുന്നപ്പോൾ
അന്നെന്നെക്കറയറ്റ വാത്സല്യം വഴിയുന്ന
കണ്ണിനാൽ നോക്കും നോട്ടമിപ്പോഴും ഞാനൊർക്കുന്നു
കാണാറുണ്ടാ നോട്ടത്തിലെന്നും ഞാനൊരു നേർത്ത
വേണുഗാനത്തിൽപ്പൊതിഞ്ഞുള്ളതാമേതോ നാകം.
ആ നാകം സ്വാർത്ഥത്തിന്റെ ധൂമിക മൂടീടാത്ത-
താണെന്നു കാണാമാർക്കുമൊറ്റനോട്ടത്തിൽത്തന്നെ !
അപ്പൊഴൊക്കെയും , ഞാനൊരോമനത്താൽപര്യത്തിൻ-
സ്വപ്നപ്പൂഞ്ചിറകടിച്ചെങ്ങോട്ടോ പറന്നുപോം !
എന്താണെന്നറിയുവാൻ കഴിയാത്തേതോ സുഖ-
ചിന്തയിലലിഞ്ഞലിഞ്ഞിരിക്കും ഞാനെപ്പോഴും !
എന്നൊടൊട്ടനുഭാവം കാണിച്ചുകൊണ്ടന്നെല്ലാം
നിന്നിടാറുണ്ടെൻമുന്നിലാർദ്രയാം വസുമതി
പ്രാണനാ പ്രേമാമൃതമാദ്യമായ് നുകരുമ്പോൾ
കാണുന്നതെല്ലാം തോന്നും കവിതാമയമായി !

സങ്കല്പം, നേർത്ത മൂടൽമഞ്ഞിനാൽ മൂടപ്പെട്ട-
തെങ്കിലു,മെനിക്കായി മറ്റൊരുലോകം നല്കി.
അതിൽ ഞാനെന്നെത്തന്നെ നിശ്ശേഷം മറന്നേ , തോ
കൊതിതൻതുഞ്ചത്തിരുന്നെപ്പോഴുമൂഞ്ഞാലാടി !
അക്കൊതിയെന്താണെന്നുമെന്തിനാണെന്നും മറ്റും
തർക്കിക്കാനെന്നോടു ഞാനുദ്യമിച്ചീലന്നൊന്നും !

[ 71 ] <poem>

മൂകമായിരിക്കാനാണിഷ്ട,മാകയാൽപ്പക്ഷേ , ലോകത്തിൻന്യായവാദം പ്രേമത്തെത്തോല്പിച്ചേക്കാം; എന്നാലും, ജയക്കൊടി ദൂരത്തേക്കെറിഞ്ഞോ,ടി- ച്ചെന്നതിൻകവാടത്തിൽ കാത്തുനിൽക്കുന്നൂ ലോകം , വളരാനാ,നന്ദിക്കാൻ, മാപ്പേകാൻ , മറക്കുവാൻ , പുളകം പൂശാൻ , ജീവനുണരാൻ - ജീവിക്കുവാൻ !

ലോകത്തിലെൻജീവിതസിദ്ധികളെല്ലാമൊന്നി- ച്ചേകകേന്ദ്രത്തിൽ സ്വയമർപ്പിച്ചുനില്ക്കുന്നു ഞാൻ ഇനിയില്ലെന്റേതായിട്ടോതുവാനെനിക്കൊന്നും , പ്രണയം തുളുമ്പുന്നൊരെന്മനസ്സൊന്നല്ലാതെ ! അതിനെപ്പുഷ്പിപ്പിക്കാനക്കുളിർകരങ്ങളാ- ലതിപേലവമാമൊരാശ്ലേഷം മതിയല്ലോ ! സന്തത ,മാത്മാധീശ, നിർമ്മലപ്രേമാർദ്രമാം ചിന്തതൻശ്രീകോവിലിലങ്ങയെപ്പൂജിപ്പൂ ഞാൻ ! പാവനപ്രകാശത്തെപ്പുണരാൻ കൈ നീട്ടുന്ന ജീവിതസ്വപ്നത്തിന്റെ പുളകോദ്ഗമം പ്രേമം കർമ്മയോഗത്തിൻപർണ്ണശാലയിൽ, സ്വാർത്ഥത്യാഗ- നൈർമ്മല്യസിദ്ധിക്കായുള്ളാത്മാവിൻയജ്ഞം പ്രേമം ! അറിഞ്ഞിട്ടുണ്ടിത്തത്ത്വം പണ്ടേ ഞാന,തിനാലെ- ന്നകളങ്കമാം ഹൃത്തിൽ ഞാനതിന്നിടം നല്കി ! ഇന്നതിൻപരിണതസൌഭഗം നുകരുവാൻ സുന്ദരവസന്തമേ , വന്നാലും , വന്നാലും നീ ! /poem>

"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/ലതാഗീതം&oldid=37597" എന്ന താളിൽനിന്ന് ശേഖരിച്ചത്