ശ്രീ നാരായണ ഗുരു/അദ്ധ്യായം അഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം അഞ്ച്

അങ്ങനെ ഇരിക്കുമ്പോഴാണ് 1063-ാമാണ്ടിടയ്ക്ക് ഒരു കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറം സ്വാമി സന്ദർശിച്ചത്. ജനവാസമില്ലാത്ത ആ സ്ഥലത്തെ മനോഹരമായ നദീപ്രവാഹം പാറകളിൽ തടഞ്ഞുണ്ടാകുന്ന ഗംഭീരമായ മുഴക്കവും, കരയിലെ പാറ ഇടുക്കുകളും, മണൽതിട്ടകളും, രണ്ടു വശത്തുള്ള ഉന്നതമായ കുന്നുകളും വൃക്ഷലതാതികൾ നിറഞ്ഞ പച്ചനിറമായ കാടുകളും ഏകാന്തപ്രിയനായ സ്വാമിയെ സാമാന്യത്തിലധികം ആകർഷിച്ചു. സ്വാമി ചില അവസരങ്ങളിൽ അവിടെയുള്ള പാറയിടുക്കുകളിൽ അനേകദിവസം തുടർന്നുകൊണ്ടു യാതൊരു ആഹാരവും കൂടാതെയും താൻ അവിടെയുള്ള വിവരം ആരും അറിയാതെയും കഴിച്ചുകൂട്ടിയിട്ടുണ്ട്. ക്രമേണ ജനങ്ങൾ സ്വാമിയുടെ അവിടെയുള്ള സഞ്ചാരത്തേയും സങ്കേതസ്ഥലങ്ങളേയും മനസിലാക്കി, ചില ഭക്തന്മാർ അടുത്ത ഗ്രാമത്തിൽ നിന്നു ചിലപ്പോഴെല്ലാം ഭക്ഷണങ്ങൾ കൊണ്ടുവന്നു കൊടുത്തുതുടങ്ങി. ഇതിനുശേഷം അരുവിപ്പുറം അധികകാലം ഒരു ഏകാന്ത സ്ഥലമായിരുന്നില്ല. പല ദിക്കുകളിൽ നിന്നും സ്വാമിയെ അന്വേഷിച്ച് ആളുകൾ അവിടെ എത്തിത്തുടങ്ങി. രോഗം ശമിപ്പിക്കുകയും ഭൂതങ്ങളെ ഒഴിക്കുകയും ഉപദേശം നൽകുകയും ശാസ്ത്രാർഥങ്ങൾ പറഞ്ഞു കൊടുക്കുകയും മറ്റു പ്രകാരത്തിൽ സാധുക്കളെ അനുഗ്രഹിക്കുകയും ചെയ്യേണ്ട ഭാരം ആ വിജനത്തിലും സ്വാമിയെ പിൻതുടർന്നു. സ്വാമിയുടെ ദൂരെദർശനം, പരഹൃദയജ്ഞാനം മുതലായ സിദ്ധികളുടെ പല ദൃഷ്ടാന്തങ്ങൾ അക്കാലത്തു ജനങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. നാനാജാതിക്കാരായ പലഭക്തന്മാർ സ്വാമിയെ സന്ദർശിപ്പാൻ അവിടെ വരികയും അവരിൽ ചിലർ സ്വാമിയുടെ ശിഷ്യന്മാരായി തീരുകയും ചെയ്തു. പല ദിക്കുകളിലുള്ള ഭക്തന്മാരായ ഗൃഹസ്ഥന്മാർ അരി മുതലായ സംഭാരങ്ങളോടുകൂടി അവിടെവന്നു സ്വാമിക്കും കൂടെയുള്ളവർക്കും സദ്യകൾ കഴിച്ചു മടങ്ങിപ്പോവുക പതിവായിരുന്നു. ഇങ്ങനെ സ്വാമിയുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ അവിടം വേഗത്തിൽ ഒരു പുണ്യസ്ഥലമായി സ്ഥലമായി പരിണമിച്ചു. സ്വാമി ഇല്ലാത്ത സമയങ്ങളിൽ കൂടിയും ജനങ്ങൾ അവിടെ വന്നു സ്നാനം ചെയ്തു തൊഴുതുപോകുവാൻ തുടങ്ങി. അതിനുശേഷം അവിടെ ഒരു ആരാധനാ സ്ഥലം ഉണ്ടായിരുന്നാൽ കൊള്ളാമെന്നു സ്വാമി ചിലരോടു പറയുകയും അങ്ങനെ എന്തെങ്കിലും ചെയ്യുന്നതിൽ തനിക്കുള്ള ആഭിമുഖ്യത്തെ പതിവായി തന്നെ വന്നുകാണുന്ന ഭക്തന്മാരായ ചില ചെറുപ്പക്കാരോടു സൂചിപ്പിക്കുകയും ചെയ്തു. 1063-ാമാണ്ടത്തെ ശിവരാത്രി സമീപിച്ചാണ് സ്വാമിയുടെ ഈ അഭിലാഷം പുറത്തായത്. വിഗ്രഹങ്ങൾ ഉണ്ടാക്കുവാനോ ക്ഷേത്രങ്ങളോ കെട്ടിടങ്ങളോ പണിയിക്കാനോ ആ കാട്ടുപ്രദേശത്ത് യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. സ്വാമി അതൊന്നും ആവിശ്യപ്പെട്ടുമില്ല. നദിയുടെ കിഴക്കെ തീരത്തുള്ള ഒരു പാറയെ പീഠമായി സങ്കല്പിച്ച് അതിന്മേൽ ഏതാണ്ട് ഒരു ശിവലിംഗാകൃതിയിൽ ആറ്റിൽ കിടന്ന ഒരു ശിലാഖണ്ഡം എടുത്ത് ശിവരാത്രി ദിവസം പ്രതിഷ്ഠ നടത്താനാണ് സ്വാമിയുടെ ഭാവം എന്നറിയുകയും അടുത്തുള്ള ജനങ്ങൾ തങ്ങളാൽ കഴിയുന്ന ചില ചെറിയ ഒരുക്കങ്ങൾ അതിനായി ചെയ്യുകയും ചെയ്തു. സ്വാമി ഇരിക്കുന്നതായറിഞ്ഞ് ഏതാനും വ്രതക്കാരും ഭജനക്കാരും ശിവരാത്രിനാൾ "ഉറക്കിളയ്ക്കാ"നായി അവിടെകൂടി. പ്രതിഷ്ഠയുടെ സംഭാരമായി ഉണ്ടായിരുന്നത് കുറെ പുഷ്പങ്ങളും വിളക്കുകളും നാദസ്വരവായനയും മാത്രമായിരുന്നു. പീഠമായി സങ്കൽപ്പിച്ചിരുന്ന പാറയുടെ മീതെ ഒരു ചെറിയ പന്തൽ കെട്ടിയിരുന്നു. അർദ്ധരാത്രിയോടുകൂടി സ്വാമി സ്നാനം ചെയ്തുവന്ന് അതിനകത്തു കടന്നു. പ്രതിഷ്ഠിക്കാനുള്ള ശിലയെ കൈയിൽ എടുത്തു ധ്യാനിച്ചു കൊണ്ടു രാത്രി മൂന്നുമണിവരെ ഒരേ നിലയിൽ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകൾ പ്രവഹിച്ചുകൊണ്ടിരുന്നു. കാണികൾ ഭക്തിപരവശന്മാരായി പഞ്ചാക്ഷരമന്ത്രം ഉച്ചത്തിൽ ജപിച്ച് ഏക മനസ്സോടെ ചുറ്റും നിന്നു. മൂന്നുമണിക്ക് ശിലയെ സ്വാമി പീഠത്തിൽ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു. ആ സമയത്തു ചില അൽഭുതങ്ങൾ കണ്ടിട്ടുള്ളതായി പലരും പറയുന്നു. ഇങ്ങനെയാണ് സ്വാമിയുടെ മതസംബന്ധമായ സ്ഥാപനങ്ങളിൽ ആദ്യത്തേതായ അരുവിപ്പുറം ക്ഷേത്രം ആരംഭിച്ചത്.

ഈ പ്രതിഷ്ഠയ്ക്കുശേഷം സ്വാമി മുൻപിലത്തേക്കാൾ അധികം അരുവിപ്പുറത്ത് താമസിക്കുക പതിവായി. ക്ഷേത്രത്തിന്റെ സന്നിദ്ധ്യം ക്രമേണ വർദ്ധിച്ചു. അവിടെ വരുന്ന കാണിക്കകൾ എടുത്തു മുതൽക്കൂട്ടിയും സംഭാവനകൾ പിരിച്ചും ജനങ്ങൾ പ്രതിഷ്ഠാസ്ഥാലത്ത് ഒരു ശ്രീകോവിൽ കെട്ടിച്ചു. ചില ഭക്തന്മാരായ ശിഷ്യന്മാരെ സ്വാമി ഷേത്രത്തിൽ ശാന്തിക്കാരാക്കി. പഠിപ്പുള്ള ശിഷ്യന്മാരിൽ ചിലരെക്കൊണ്ടു അവിടെ ഒരു പള്ളിക്കൂടം കെട്ടിച്ച് അടുത്തുള്ള കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഏർപ്പാടുചെയ്തു. ഇക്കാലത്താണ് സ്വാമി പ്രസിദ്ധമായ 'ശിവശതകം' എന്ന മണിപ്രവാളസ്തോത്രം നിർമ്മിച്ചത്.