ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീമാടരാജഷഷ്ടിപൂർത്തിമംഗളം (പാന)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ശ്രീമാടക്ഷിതി പാലിച്ചരുളിടും
ശ്രീമാനാകുന്ന നമ്മുടെ തമ്പുരാൻ

ധീമാന്മാരിലും പണ്ഡിതന്മാരിലും
സാമാന്യം ലോകതന്ത്രജ്ഞന്മാരിലും

ഒന്നാംസ്ഥാനമെടുത്തി പ്രജകൾക്കും
ഒന്നാംക്ലാസ്സിലിരിക്കും നരേന്ദ്രർക്കും

നന്നായ്തൃപ്തി വരുത്തും പ്രകാരത്തിൽ
ഒന്നായ് ഭൂമിഭരിക്കുന്ന ഭാഗ്യവാൻ.

വിദ്യകൊണ്ടും ധനംകൊണ്ടും നാട്ടാർക്കു
ഹൃദ്യമാം മട്ടുയർച്ചകൊടുത്തുടൻ

സദ്യശസ്സാകം പുണ്യപ്രതിഫലം
സദ്യസ്സംഗ്രഹിച്ചീടുന്നു നീതിമാൻ.

ചക്രവത്തിക്കും രാജ്യരക്ഷാഗുണ-
വിക്രമം കൊണ്ടു തൃപ്തികൊടുത്തവൻ

ശക്രനെപ്പോലെ സന്തോഷവർഷണം
അക്രമം വിട്ടു നാട്ടിൽ നടത്തുവോൻ

രാമവർമ്മക്ഷിതിപൻ പ്രജായോഗ-
ക്ഷേമമർമ്മക്ഷതിപെടാതങ്ങിനെ

പ്രേമമോടൊത്തു നമ്മളെക്കാക്കുന്നു,
നാമതുകൊണ്ടു സന്തോഷമേൽക്കുന്നു.

മുമ്പുള്ളോർക്കേറെയോർമ്മയില്ലാതിന്നീ-
ത്തമ്പുരാനുടെ ഷഷ്ടിപൂർത്ത്യുത്സവം

വമ്പുകൂട്ടി നാമാദരിക്കേണം ഞാൻ
മുമ്പു ഞാൻ മുമ്പു നന്ദിക്കിന്നിങ്ങിനെ.

വേഷം കെട്ടുവിനെല്ലാരും വേണ്ടോളം
ഘോഷം കൂട്ടുവിനാഹ്ലാദം കാട്ടുവിൻ

തോഷം നീട്ടുവിൻ നമ്മുടെ സന്തോഷ-
പോഷം തമ്പുരാനെത്രയും സന്തോഷം.

ഈയുദാരനരേന്ദ്രനു മേൽക്കുമേ-
ലായുരാരോഗ്യ ഭാഗ്യങ്ങൾ കൂടുവാൻ

ചായും നോട്ടം വടക്കുനാഥൻ കൃപ
പായും മട്ടൊത്തു നീട്ടിയയയ്ക്കട്ടെ.