ശ്രീമഹാഭാഗവതം/തൃതീയസ്കന്ധം/കപിലവാസുദേവൻ ചെയ്യുന്ന ജ്ഞാനോപദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സാമോദമേവം കേട്ടു സൃഷ്ടിഭേദങ്ങൾ കേൾപ്പാൻ
മോദേന ചോദിച്ചൊരു വിദുരൻ തന്നോടപ്പോൾ
ശ്രീമൈത്രേയനും സർവസൃഷ്ടിഭേദങ്ങളെല്ലാം
സാമോദം കപിലാവതാരാന്തമരുൾ ചെയ്താൻ.
തൽ പ്രബന്ധങ്ങളെല്ലാമെങ്ങനെ പറയുന്നു?
സുപ്രബോധേന ഗ്രഹിക്കുന്നതല്ലെന്നാകിലും
കർദ്ദമൻ തപസ്സു ചെയ്തേറ്റവും പ്രസാദിപ്പി-
ച്ചുത്തമ പുരുഷാനുഗ്രഹത്തെസ്സിദ്ധിച്ചുടൻ
ചിത്ത സന്തുഷ്ട്യാ വാഴുങ്കാലത്തു മനുപുത്രി
മുഗ്ദ്ധരൂപിണിദേവഹൂതിയാം കന്യാരത്നം
തത്സമനായുള്ളോരു മർത്ത്യനു നൽകീടുവാൻ
ഇത്രി ലോകത്തിങ്കലാരുള്ളതെന്നനേകം നാൾ
നീളവേ തിരഞ്ഞു കണ്ടീടിന മുനീന്ദ്രന്നു
വ്രീളലോചന തന്നെ നൽകുവനെന്നോർത്തപ്പോൾ
ചീളെന്നു തേർ മേലേറ്റിക്കൊണ്ടു പോയങ്ങു ചെന്നു
വാളേലുമ്മിഴിയാളെക്കൊടുത്താൻ സ്വായം ഭുവൻ.
താനതിമോദം പൂണ്ടു കർദ്ദമനവളെയും
സാനന്ദം വിവാഹം ചെയ്താനന്ദിച്ചിരിക്കുന്നാൾ
ശുശ്രൂഷാദികളായ സൗജന്യഗുണങ്ങൾക-
ണ്ടച്ഛമാനസനായ കർദ്ദമൻ പ്രസാദത്താൽ
ലബ്ധമാം വിമാനമാരൗഹ്യലോകേഷുനട-
ന്നെത്രയുമാനന്ദിച്ചു ഭർത്രാ സാ മുഗ്ദാംഗിയും.
അക്കാലമവൾ പെറ്റിട്ടൊമ്പതു മകളരും
ചൊൽക്കൊണ്ട കപിലനാം മാമുനെ പ്രവരനും
പൃത്ഥ്വിയിലുളവായാരെന്നതിൽ പെണ്ണുങ്ങളെ
സത്വരം മരീചിമുഖ്യന്മാർ കൈക്കൊണ്ടീടിനാർ
ശ്രീകപിലാഖ്യൻ തപോനിഷ്ഠയാപരബ്രഹ്മ-
യോഗാനന്ദവും ചേർന്നു മേവിനാനനുദിനം
അങ്ങനെ ചെല്ലും കാലം കർദ്ദമൻ നിവൃത്തനാ-
യങ്ങതി സുഖപരമാത്മാനം ചേർന്നീടിനാൻ.
എന്നതിനനന്തരം താപസിദേവഹൂതി
ചെന്നു നന്ദനനായ കപിലാശ്രമം പുക്കാൾ.
വന്ദിച്ചു സൽകാരം ചെയ്തിരുത്തിയിരിക്കുമ്പോൾ
ചോദിച്ചാൾ മകനോടു ‘നല്ലതെന്തെനിക്കിനി-
ശ്ശോ കത്യാഗാർത്ഥം ബന്ധമോക്ഷത്തെ വരുത്തുവാൻ?
ഞാനെന്തു ചെയ്യേണ്ടുന്നതെങ്ങനെവേണ്ടൂ പര-
മാനന്ദസാദ്ധ്യം പറഞ്ഞീടുനീ മടിയാതെ.’
മാതാവിങ്ങനെ ചോദിച്ചന്നേരം കപിലനും
പ്രീതനായതിനുടനുത്തരം ചൊല്ലീടിനാൻ:-
‘നിത്യമിശ്ശരീരസബന്ധഭാവത്താൽ ബന്ധം
തത്ര തദ്വിരക്തിവന്നാത്മാഭിരമൃത്വത്താൽ
മുക്തിയും മനോജയവുമുണ്ടെങ്കിൽ സദ്യോഗത്താൽ
ഭക്തിയും ഭവിക്കുന്നു മർത്യയോനികൾക്കെല്ലാം
നിശ്ചയം മനസ്സതിൽ കാരണമെല്ലാറ്റിനും;
സച്ചിദാത്മാനന്ദസംസിദ്ധ്യർത്ഥം പുരുഷാർത്ഥം.’
ഇത്ഥമാത്മജൻ വചനങ്ങളെ ശ്രുത്വാപി സം-
ഭക്തയാം തപസ്വിനിതാനഥ ചോദ്യം ചെയ്താൾ:-
‘ഭകതി ലക്ഷണങ്ങളും യോഗലക്ഷണങ്ങളും
ഒക്കെനീ വഴിപോലെ വിസ്തരാൽ ചൊല്ലീടണം.’
‘ചൊല്ലുവാനെങ്കിൽ ഭക്തി സാത്വികിയല്ലോ മുഖ്യ-
കല്യാണമോടു ചേർന്നു യോഗമായതു മോക്ഷം
തത്സ്വയം പ്രകൃത്യാം കാലാത്മാവാം പരമാത്മാ-
ചിത്സ്വയം ജ്യോതിർ ഭാവാനന്ദ സംരതിയാലെ
വീര്യമാശ്രയമായിട്ടുണ്ടായി മഹത്തത്ത്വം
കാര്യമായതിലഹങ്കാരമെന്നറിയണം;
വൈകാരം രാജസം താമസമെന്നേവം മൂന്നു-
ഭാഗമായ് നിൽക്കും മായാജാതങ്ങൾ ഭൂതങ്ങൾ പോൽ
അതിങ്കൽ നിന്നുണ്ടായി ചതുർ വ്വിംശതി താത്ത്വ-
മതിങ്കേന്നുളവായി ഭ്രഹ്മാണ്ഡ വിരാഡംഗം;
അതിന്നു ചൈതന്യമാകുന്നതു പരബ്രഹ്മം;
അതുമായയായോഗമാത്മസംഭിന്നങ്ങളും
അങ്ങനെ വർത്തിക്കുന്ന മായയാ ജഗത്തെല്ലാം
ഇങ്ങനെ പരിഭ്രമിച്ചീടുന്നു സംസാരാബ്ധൗ.
എന്നതിൽ മനോജയം വന്നു കൂടൂകിലപ്പോൾ
തന്നുടെ മൂലം പരമാത്മാനം പ്രാപിച്ചീടാം.
ആത്മയോഗത്തിനെളുതല്ലല്ലോ വിചാരിച്ചാ-
ലാത്മാവാം നാരായണധ്യാനത്തെച്ചൊല്ലാമല്ലോ
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹരം
ചന്ദ്രികാമൃദുസ്മിത സുന്ദര മുഖാംബുജം
കുണ്ഡലമകരസുബിംബിതവിലാസ കൃദ്-
ഗണ്ഡമണ്ഡലം നാസാതുംഗമംഗലപ്രഭം
പങ്കാജാരുണനേത്രം കൗസ്തുഭവന മാലാ-
ദ്യങ്കിത ശ്രീവത്സ വക്ഷോദേശം ചതുർബുജം
ശംഖചക്രാബ്ജഗദാദ്യായുധാദ്യലംകൃതം
പങ്കർജമകൾ നിവാസാലയം പീതാബരം
നാഭിപങ്കജം പാദപത്മമാനന്ദപ്രദം
ശോഭിതലലാടോർദ്ധ്വപുണ്ഡ്രകമളകാഭം
ഹാരകേയൂര കിരീടാംഗുലീയ കകാഞ്ചി-
ചാരുസർപ്പാലം കൃത ശോഭിത കളേബരം
ധ്യാനതൽപ്പരന്മാർക്കു നിത്യവുമകക്കാമ്പിൽ
മാനസാനന്ദം വളർന്നീടുന്നു സദാകാലം
ലോഹിതപ്രഭങ്ങളാം നേത്രരാജസ ഗുണാ-
ദീഹയാ ഭാഗവതാനുഗ്രഹം സൃഷ്ടിക്കയോ
കേവലം ചെയ്യുന്ന, തത്യാനന്ദസ്മിതമായ
ധാവ ള്യാകാര സാത്വികത്തിനാലതുതന്നെ
പാലനം ചെയ്യുന്നിതോ, സന്തതം നീലാളക-
ജാലതാമസഗുണാലന്വഹമവരുടെ
മാലെഴും പരിതാപസംഹാരം ചെയ്യുന്നിതോ?
ലീലാകാലമേ പുനരെന്നെല്ലാം തോന്നും വണ്ണം
വേലകൾ മായാവിലാസങ്ങളെത്രയും ചിത്രം!
പാലന പാരായണനാത്മാവാം നാരായണൻ
വേദാന്തപ്പൊരുളായ ദിവ്യരൂപാംഗങ്ങളെ
പാദാദികേശാന്ത തന്മാനസമുറപ്പോളം
ശീലിച്ചുകൊള്ളെന്നാകിലെത്രയുമത്യുത്തമം;
വേലയില്ലനുഗ്രഹമുണ്ടെങ്കിലെളുതല്ലോ
ഓരോ രംഗങ്ങൾ ചിത്തതാരിംഗലുറപ്പിച്ചാൽ
പാരാതെ മറ്റേതുങ്കലാക്കുമ്പോളതുപിന്നെ
മാനസം തന്നിൽ കിടക്കായ്കിൽ മറ്റതേ പോരൂ
നേരേ പിന്നെയും മേന്മേലവ്വണ്ണം തന്നെ പോരും.
പാദപങ്കജം പീതവാസസം നാഭി പദ് മം
സൂദരബന്ധം ബ്രഹ്മാണ്ഡോദയ ജഠരാഭം
ശ്രീവത്സവക്ഷോദേശം കൗസ്തുഭവന മാലാ-
ശോഭിത ഗളസ്ഥലം പാണികൾ മുഖപദ് മം
നേത്രങ്ങളളകങ്ങൾ കുണ്ഡല ദ്വന്ദങ്ങളും
ഊർദ്ധ്വപുണ്ഡ്രവും കിരീടാന്തമിങ്ങനെതന്നെ
തന്നുടെ മനസ്സുറപ്പോളവും കൂടെക്കൂടെ
പിന്നെയും പിന്നെയും മേന്മേലനുദിനം നിത്യം
ധ്യാനിച്ചു മനക്കാമ്പിൽ പ്രത്യക്ഷമാകുന്നേരം
താനെ വന്നുറച്ചീടും ഭക്തിയുമിളകാതെ;
ഭക്തിയുണ്ടായാൽ പിന്നെ മുക്തിയും വന്നീടുന്നു.
ഭക്തിയും ചതുർവ്വിധമുണ്ടല്ലോ ചൊല്ലീടുവൻ
താമസിരജസിയും സാത്വികി ഗുണാതീത;
സാമാന്യം രണ്ടു രണ്ടു മോക്ഷദായിനികൾ പോൽ.
എന്നതിൽ ഗുണാതീത വന്നുദിച്ചീടുന്നാകിൽ
തന്നുടെ മനക്കാമ്പിലിച്ഛയില്ലെന്നാകിലും
തന്നീടും കോക്ഷം സ്വധർമ്മേണ നിസ്പൃഹന്നതു
വന്നുകൂടീടുമവൻ തന്നോടു മഹിമയും;
മറ്റൊരു പുരുഷനില്ലെന്നു ചൊല്ലുന്നു വേദം
കുറ്റമില്ലവനൊന്നുകൊണ്ടു മങ്ങൊരേടത്തും.
ഭക്തിയില്ലാത പുരുഷാധമന്മാർക്കോരോരോ
സക്തികൾ കൊണ്ടു സംസാരത്തിൻ ബന്ധവുമുണ്ടാം
അത്യന്തം ദുഃഖാത്മകം സംസാരമെന്നാകിലും
ചിത്തത്തിൽ മായാവശാലങ്ങതിലപേക്ഷിക്കും
തൃഷ്ണയും നിമിത്തമായുൾത്താരിലറിഞ്ഞീടും
തൃഷ്ണകൂടാതെയുമുണ്ടാകുന്ന കർമ്മങ്ങളാൽ
സ്വർഗ്ഗവും നരകവും വന്നുകൂടീടുന്നു പോൽ.
ഒക്കെ രണ്ടിലുമങ്ങു സുഖങ്ങളിടതോറും
അപ്പൊഴോ സുഖം നിരൂപിച്ചതിലപേക്ഷിക്കും
ഉൾപ്പൂവിലതുകൊണ്ടു രാഗങ്ങൾ വർദ്ധിക്കുന്നു;
പുണ്യപാപങ്ങൾ രണ്ടും കർമ്മഭേദങ്ങളാലേ
വന്നുകൂടീടും നൂനം സംസാരഭ്രമണത്താൽ.
പാപത്താൽ മൃതികാലേ യമദണ്ഡവും മനു-
പ്രാപിക്കും നരകവും ഗർഭഗനാകുന്നവൻ
വേദനപൂണ്ടു കിടക്കുന്നേരം തത്ത്വജ്ഞാനം
സാധിച്ചു ഭഗവത്സേവാരതനാകുന്നേരം
മാസങ്ങൾ തികഞ്ഞുടൻ ജാതനായ് വരും പിന്നെ
മാതാവാലനുദിനം രക്ഷിക്കും പിതാവാലും
അങ്ങനെ ദേഹം പോഷിച്ചോരോരോ വിഷയങ്ങൾ
സംഗിച്ചു കർമ്മങ്ങളെച്ചെയ്തു ചെയ്തനുദിനം
കർമ്മനീതികൾക്കൊത്തവണ്ണമേ ഗതിഭേദം,
കർമ്മങ്ങൾ സംസാരത്തിൽ വന്നനുഭവിക്കുന്നു
എന്നെല്ലാമിരിക്കുമ്പോൾ ഭക്തികൊണ്ടൊഴിഞ്ഞുമ-
റ്റൊന്നിനാൽ പുരുഷാർത്ഥം സാധിക്കാവോന്നല്ലല്ലോ
നിർണ്ണയ” മെന്നിത്യാദി മാതാവോടരുൾ ചെയ്തു
നിർണ്ണയം വരുംവണ്ണമാത്മതത്ത്വാർത്ഥത്തെയും
തന്നിലാമ്മാറു കാട്ടിക്കൊടുത്തു തെളിയിപ്പി-
ച്ചന്യൂനാനന്ദം വളർത്തഞ്ജ്സാ രമിപ്പിച്ചാൽ
വന്നീടുന്നതു തന്നെ നിത്യവും ശീലിച്ചാത്മ-
സന്നിധൗ സർവം സമർപ്പിപ്പവനപ്പോൾ മോക്ഷം
പിന്നെയങ്ങധോഗതിവന്നു കൂടായും വണ്ണം
എന്നെല്ലാമനുനയിച്ചയച്ചാൻ മാതാവിനെ
തന്മകൻ തനിക്കാത്മജ്ഞാനാർത്ഥം ഗ്രഹിപ്പിച്ച-
തമ്മയും തെളിഞ്ഞു കണ്ടാനന്ദവിവശനായ്
നന്ദനനാശീർവാദംചെയ്തനുജ്ഞയും കൊണ്ടു
നിന്നു വന്ദിച്ചു നിജദേഹാദിഭ്രമങ്ങളും
നിർമ്മായമുപേക്ഷിച്ചു സന്മയം പരബ്രഹ്മം
അംബര സമം സർവാർത്ഥേഷു കണ്ടുണർവ്വോടെ
ലോകേഷു നീളെ നടന്നാനന്ദാത്മാനം ചേർന്നു
ശോകനാശനമായ സംസാരമോക്ഷത്തേയും
സാധിച്ചാളെന്നെല്ലാം ചൊല്ലും തൃതീയത്താലുടൻ
ബോധിപ്പിച്ചിതു സംക്ഷേപിച്ചുടൻ കിളിപ്പെണ്ണും.

ശ്രീമഹാഭാഗവതം
തൃതീയസ്കന്ധം സമാപ്തം